വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൈലിനിന്‌ ഒരു പുതിയ മുഖം

മൈലിനിന്‌ ഒരു പുതിയ മുഖം

മൈലി​നിന്‌ ഒരു പുതിയ മുഖം

മൈലിനിന്റെ അമ്മ പറഞ്ഞ പ്രകാരം

പതിനൊന്നു വയസ്സുള്ള എന്റെ പൊന്നു​മോൾ മൈലി​നിന്‌ ഒരു പുതിയ മുഖം വേണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌? ഞാൻ അതു നിങ്ങ​ളോ​ടു പറയട്ടെ.

മൈലിൻ എന്റെ രണ്ടു പെൺമ​ക്ക​ളിൽ ഇളയവ​ളാണ്‌. 1992 ആഗസ്റ്റ്‌ 5-ന്‌ ക്യൂബ​യി​ലെ ഹോൾ-ഗ്വിനി​ലാണ്‌ അവൾ ജനിച്ചത്‌. അവളുടെ ഡാഡി​യും ചേച്ചി​യും ഞാനും അവളുടെ വരവി​നാ​യി കാത്തു​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. പക്ഷേ ഞങ്ങളുടെ സന്തോഷം പൊടു​ന്നനെ അസ്‌ത​മി​ച്ചു. അവൾ ജനിച്ച്‌ ഏതാനും ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ എനിക്കു ചിക്കൻപോ​ക്‌സ്‌ പിടി​പെട്ടു. ഒരു മാസത്തി​നു ശേഷം മൈലി​നി​നും അതു പകർന്നു.

ആദ്യ​മൊ​ക്കെ, അവളുടെ അവസ്ഥ അത്ര ഗുരു​ത​ര​മ​ല്ലാ​ത്ത​തു​പോ​ലെ തോന്നി. എന്നാൽ പിന്നീട്‌ അതു വളരെ വഷളായി, അവളെ ആശുപ​ത്രി​യിൽ കിട​ത്തേ​ണ്ടി​വന്നു. മൈലി​നിന്‌ വളരെ നല്ല വൈദ്യ​പ​രി​ച​രണം ലഭിച്ചു. പക്ഷേ അവളുടെ പ്രതി​രോ​ധ​വ്യ​വസ്ഥ തികച്ചും ദുർബ​ല​മാ​യി​ത്തീർന്നി​രു​ന്ന​തി​നാൽ അവൾക്ക്‌ ഒരുതരം അണുബാ​ധ​യു​ണ്ടാ​യി. അവളുടെ കുഞ്ഞു​മൂ​ക്കി​ന്റെ ഒരു വശത്തായി അസാധാ​ര​ണ​മായ ഒരു ചുവപ്പു​നി​റം എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ വിരള​മാ​യി കാണ​പ്പെ​ടുന്ന ആക്രമ​ണ​കാ​രി​യായ ഒരു ബാക്ടീ​രി​യ​മാണ്‌ അതിന്റെ കാരണ​മെന്ന്‌ ഡോക്ടർമാർ തിരി​ച്ച​റി​ഞ്ഞു.

ഉടൻതന്നെ ആന്റിബ​യോ​ട്ടി​ക്കു​കൾകൊ​ണ്ടുള്ള ചികിത്സ തുടങ്ങി​യെ​ങ്കി​ലും ഏതാനും ദിവസ​ങ്ങൾക്കു​ള്ളിൽ ബാക്ടീ​രിയ അവളുടെ മുഖം വികൃ​ത​മാ​ക്കാൻ തുടങ്ങി. അണുബാധ വരുതി​യിൽ നിറു​ത്താൻ ഡോക്ടർമാർക്കു കഴിഞ്ഞ​പ്പോ​ഴേ​ക്കും മൈലി​നി​ന്റെ മൂക്കും ചുണ്ടു​ക​ളും ഏതാണ്ടു പൂർണ​മാ​യും, മോണ, താടി എന്നിവ ഭാഗി​ക​മാ​യും അതു കാർന്നെ​ടു​ത്തി​രു​ന്നു. അവളുടെ ഒരു കണ്ണിന്റെ വശത്തായി സുഷി​ര​ങ്ങ​ളും വീണി​രു​ന്നു.

ഞാനും ഭർത്താ​വും അവളെ കണ്ടപ്പോൾ പൊട്ടി​ക്ക​ര​ഞ്ഞു​പോ​യി. ഞങ്ങളുടെ കുഞ്ഞു​മ​കൾക്ക്‌ ഇതെങ്ങനെ സംഭവി​ച്ചു? മൈലിൻ ദിവസ​ങ്ങ​ളോ​ളം തീവ്ര​പ​രി​ചരണ വിഭാ​ഗ​ത്തി​ലാ​യി​രു​ന്നു. അവൾ രക്ഷപ്പെ​ടി​ല്ലെ​ന്നു​തന്നെ ഡോക്ടർമാർ കരുതി. ഭർത്താവ്‌ എന്നോട്‌ ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടി​രു​ന്നു, “ധൈര്യ​മാ​യി​രി​ക്കണം, മോളെ നമുക്കു കിട്ടു​മെന്നു തോന്നു​ന്നില്ല.” എന്നിരു​ന്നാ​ലും, അവളുടെ കുഞ്ഞി​ക്കൈ​യിൽ പിടി​ക്കാ​നാ​യി ഞാൻ കൈ ഇൻകു​ബേ​റ്റ​റിൽ ഇടു​മ്പോൾ അവൾ എന്റെ കൈയിൽ ഇറുക്കി പിടി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൾ അതിജീ​വി​ക്കു​മെ​ന്നു​തന്നെ ഞാൻ വിശ്വ​സി​ച്ചു. ഞാൻ ഭർത്താ​വി​നോ​ടു പറഞ്ഞു: “നമ്മുടെ മോൾ മരിക്കില്ല, പക്ഷേ ഈ അവസ്ഥയിൽ മുന്നോ​ട്ടുള്ള അവളുടെ ജീവിതം എങ്ങനെ​യാ​യി​രി​ക്കും?” ഓരോ പ്രഭാ​ത​ത്തി​ലും ഉണർന്നെ​ണീ​ക്കു​മ്പോൾ, ഇതൊരു ദുഃസ്വ​പ്‌ന​മാ​യി​രു​ന്നെ​ങ്കിൽ എന്നു ഞങ്ങൾ ആശിച്ചു​പോ​യി.

ഞങ്ങൾ ആശുപ​ത്രി​യിൽ ആയിരു​ന്ന​പ്പോൾ ഞങ്ങളുടെ മൂത്തമകൾ ആറുവ​യ​സ്സു​കാ​രി മൈ​ഡെ​ലിസ്‌ എന്റെ മാതാ​പി​താ​ക്ക​ളു​ടെ കൂടെ​യാ​യി​രു​ന്നു. തന്റെ കുഞ്ഞനു​ജത്തി വീട്ടി​ലേക്കു മടങ്ങി​വ​രു​ന്ന​തും കാത്ത്‌ അക്ഷമ​യോ​ടെ ഇരിക്കു​ക​യാ​യി​രു​ന്നു അവൾ. വലിയ നീല കണ്ണുക​ളുള്ള ഒരു സുന്ദരി​ക്കു​ട്ടി​യാ​യി മൈലിൻ വീട്ടിൽനി​ന്നും പോകു​ന്ന​താണ്‌ മൈ​ഡെ​ലിൻ കണ്ടത്‌. എന്നാൽ, അവൾ പിന്നീടു കണ്ടത്‌ പേടി​പ്പെ​ടു​ത്തുന്ന ഒരു രൂപമാ​യി​രു​ന്നു.

‘എന്റെ കുഞ്ഞ്‌ ഇത്ര​യെ​ല്ലാം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’

ഒന്നര മാസം കഴിഞ്ഞ​പ്പോൾ മൈലി​നി​നെ ആശുപ​ത്രി​യിൽനി​ന്നു വിട്ടു. നഗരത്തി​ലുള്ള ഞങ്ങളുടെ വീട്ടി​ലേക്കു ഞങ്ങൾ തിരികെ പോയില്ല, കാരണം ആരും അവളെ കാണാൻ ഞങ്ങൾ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ നാട്ടിൻപു​റത്ത്‌ എന്റെ മാതാ​പി​താ​ക്ക​ളു​ടെ കൃഷി​യി​ട​ത്തി​ന​ടു​ത്തുള്ള ഒറ്റപ്പെട്ട ഒരു കൊച്ചു​വീ​ട്ടിൽ ഞങ്ങൾ താമസം തുടങ്ങി.

ആദ്യ​മൊ​ക്കെ കുറച്ചു​നാൾ, മൈലി​നി​ന്റെ വായ്‌ ഉണ്ടായി​രുന്ന ഭാഗത്തുള്ള ഒരു ദ്വാര​ത്തി​ലൂ​ടെ ഞാൻ കുറേശ്ശേ മുലപ്പാൽ നൽകു​മാ​യി​രു​ന്നു. പക്ഷേ അവൾക്കു വലിച്ചു കുടി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ, മുഖത്തെ വടുക്കൾ ഉണങ്ങാൻ തുടങ്ങി​യ​പ്പോൾ ആ ദ്വാര​വും ഏതാണ്ട്‌ അടയാ​റാ​യി. ഒരു കുപ്പി​യിൽ ദ്രവരൂ​പ​ത്തി​ലുള്ള ആഹാരം നൽകാൻ മാത്രമേ പിന്നെ എനിക്കു കഴിഞ്ഞു​ള്ളൂ. അവൾക്ക്‌ ഒരു വയസ്സ്‌ ആയപ്പോൾ ഞങ്ങൾ ഹോൾ-ഗ്വിനി​ലേക്കു മടങ്ങി, അവിടെ മുഖത്തെ ദ്വാരം വലുതാ​ക്കാൻ ഡോക്ടർമാർ നാലു ശസ്‌ത്ര​ക്രി​യകൾ നടത്തി.

ഈ സമയ​ത്തെ​ല്ലാം ഞാൻ സ്വയം ചോദി​ക്കു​മാ​യി​രു​ന്നു, ‘എന്റെ കുഞ്ഞ്‌ ഇത്ര​യെ​ല്ലാം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ ഉത്തരം തേടി ഞാൻ ആത്മവി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളിൽ പോകു​ക​യും എന്റെ ദേവബിം​ബ​ങ്ങ​ളോ​ടു പ്രാർഥി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നാൽ ഇതൊ​ന്നും എനി​ക്കൊ​രു സാന്ത്വ​ന​വും പകർന്നില്ല. ചില ബന്ധുക്ക​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും മുറി​പ്പെ​ടു​ത്തുന്ന വാക്കുകൾ എന്നെ കൂടുതൽ കുഴക്കി. ചിലർ പറഞ്ഞു, “ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കാൻ അനുവ​ദി​ച്ച​തിന്‌ ദൈവ​ത്തി​നു തക്കതായ കാരണം കാണും.” മറ്റു ചിലർ പറഞ്ഞു, “ഇതു ദൈവ​ശി​ക്ഷ​യാ​ണെന്ന്‌ ഉറപ്പാണ്‌.” മൈലിൻ വളരു​മ്പോൾ അവളോട്‌ എന്തു പറയു​മെ​ന്നോർത്ത്‌ ഞാൻ ഒരുപാട്‌ ആകുല​പ്പെ​ട്ടി​രു​ന്നു. കുഞ്ഞാ​യി​രു​ന്ന​പ്പോൾ അവൾ ഒരിക്കൽ ഡാഡി​യോ​ടു ചോദി​ച്ചു, “എല്ലാവർക്കും മൂക്ക്‌ ഉണ്ടല്ലോ ഡാഡി, എനിക്കു മാത്രം എന്താ ഇല്ലാത്തത്‌?” അതിന്‌ ഉത്തരം നൽകാൻ കഴിയാ​തെ അദ്ദേഹം പുറത്തു​പോ​യി പൊട്ടി​ക്ക​രഞ്ഞു. എന്താണു സംഭവി​ച്ച​തെന്ന്‌ അവളോ​ടു വിശദീ​ക​രി​ക്കാൻ ഞാൻ ശ്രമിച്ചു. അവളുടെ മൂക്കും വായു​മൊ​ക്കെ ഒരു പൂച്ചി തിന്നു​ക​ള​ഞ്ഞ​താ​ണെന്ന്‌ ഞാൻ അവളോ​ടു പറഞ്ഞി​രു​ന്നത്‌ അവൾ ഇപ്പോ​ഴും ഓർക്കു​ന്നു.

പ്രത്യാ​ശ​യ്‌ക്കുള്ള ഒരു അടിസ്ഥാ​നം

എനിക്ക്‌ അങ്ങേയ​റ്റത്തെ നിരാശ തോന്നിയ ഒരു സമയത്ത്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ എന്റെ അയൽക്കാ​രി​യെ കുറിച്ചു ഞാൻ ഓർത്തു. എന്റെ കുഞ്ഞ്‌ ഇത്രമാ​ത്രം ദുരിതം അനുഭ​വി​ക്കാൻ ദൈവം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ബൈബി​ളിൽനി​ന്നു കാണി​ച്ചു​ത​രാൻ ഞാൻ അവരോട്‌ ആവശ്യ​പ്പെട്ടു. ഞാൻ ഇങ്ങനെ​യും ചോദി​ച്ചു, “ഈ രോഗം, ഞാൻ ചെയ്‌ത എന്തെങ്കി​ലും പ്രവൃ​ത്തിക്ക്‌ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണെ​ങ്കിൽ അതിനു മൈലി​നി​നെ ശിക്ഷി​ക്കു​ന്നത്‌ എന്തിനാണ്‌?”

എന്റെ അയൽക്കാ​രി, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും a എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ എന്നോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. മൈലി​നി​നു സംഭവിച്ച കാര്യ​ങ്ങ​ളു​ടെ ഉത്തരവാ​ദി ദൈവ​മ​ല്ലെ​ന്നും അവൻ ഞങ്ങൾക്കു വേണ്ടി യഥാർഥ​ത്തിൽ കരുതു​ന്നു​വെ​ന്നും ക്രമേണ ഞാൻ മനസ്സി​ലാ​ക്കി​ത്തു​ടങ്ങി. (യാക്കോബ്‌ 1:13; 1 പത്രൊസ്‌ 5:7) യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലെ സ്വർഗീയ രാജ്യ​ഭ​രണം എല്ലാവിധ കഷ്ടതക​ളെ​യും ഉന്മൂലനം ചെയ്യു​മെ​ന്നുള്ള വിസ്‌മ​യ​ക​ര​മായ പ്രത്യാ​ശയെ ഞാൻ നിധി​പോ​ലെ കരുതാൻ തുടങ്ങി. (മത്തായി 6:9, 10; വെളി​പ്പാ​ടു 21:3-5) ഈ അറിവ്‌ എന്നെ ബലപ്പെ​ടു​ത്തു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കാൻ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്‌തു. ആദ്യ​മൊ​ക്കെ, എന്റെ ഈ പുതിയ ആത്മീയ താത്‌പ​ര്യം ഭർത്താ​വിന്‌ ഇഷ്ടമാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും, ബൈബിൾ പഠിക്കു​ന്ന​തിൽനിന്ന്‌ അദ്ദേഹം എന്നെ തടഞ്ഞില്ല. കാരണം ഞങ്ങൾ നേരി​ടുന്ന ദുരന്തം താങ്ങാൻ എനിക്ക്‌ അതു സഹായ​ക​മാ​യി​രു​ന്നു.

വിദേ​ശ​ത്തു​നി​ന്നുള്ള സഹായം

മൈലി​നിന്‌ രണ്ടു വയസ്സാ​യ​പ്പോൾ, മെക്‌സി​ക്കോ​യി​ലുള്ള ഒരു പ്രശസ്‌ത​നായ പ്ലാസ്റ്റിക്‌ സർജൻ അവളുടെ കേസിനെ കുറിച്ച്‌ അറിയാ​നി​ട​യാ​കു​ക​യും അവൾക്ക്‌ സൗജന്യ ചികിത്സ നൽകാ​മെന്ന്‌ ഏൽക്കു​ക​യും ചെയ്‌തു. ആദ്യത്തെ ശസ്‌ത്ര​ക്രി​യകൾ നടന്നത്‌ 1994-ൽ ആയിരു​ന്നു. ഞാനും മൈലി​നി​നും മെക്‌സി​ക്കോ​യിൽ ഏതാണ്ട്‌ ഒരു വർഷം താമസി​ച്ചു. തുടക്ക​ത്തിൽ ഞങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടാ​നാ​യില്ല, അതിനാൽ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കാൻ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നില്ല. ഇത്‌ എന്നെ ആത്മീയ​മാ​യി ഏറെ ദുർബ​ല​പ്പെ​ടു​ത്തി. അങ്ങനെ​യി​രി​ക്കെ, അവിടത്തെ ഒരു സാക്ഷി ഞങ്ങളു​മാ​യി സമ്പർക്ക​ത്തിൽ വന്നു, തുടർന്ന്‌ സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം ഞങ്ങൾ സഹവി​ശ്വാ​സി​ക​ളു​മാ​യി സഹവസി​ക്കാൻ തുടങ്ങി. ക്യൂബ​യി​ലേക്കു തിരി​ച്ചു​വന്നു കഴിഞ്ഞു ഞാൻ ബൈബി​ള​ധ്യ​യനം തുടരു​ക​യും ആത്മീയ​മാ​യി ഉന്മേഷം വീണ്ടെ​ടു​ക്കു​ക​യും ചെയ്‌തു.

അപ്പോ​ഴും എന്റെ ഭർത്താവ്‌ ബൈബി​ളിൽ തത്‌പ​ര​നാ​യി​രു​ന്നില്ല. അദ്ദേഹ​ത്തി​ന്റെ താത്‌പ​ര്യം ഉണർത്തുക എന്ന ഉദ്യമ​ത്തി​ന്റെ ഭാഗമാ​യി, എനിക്കു കൂറേ​ക്കൂ​ടി നന്നായി മനസ്സി​ലാ​കാൻ വേണ്ടി, ചില ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്നെ വായി​ച്ചു​കേൾപ്പി​ക്കാൻ ഞാൻ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ടാൻ തുടങ്ങി. കാല​ക്ര​മേണ അദ്ദേഹം ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ക്കാൻ പ്രചോ​ദി​ത​നാ​യി. കാരണം മെക്‌സി​ക്കോ​യി​ലേക്ക്‌ ആവർത്തി​ച്ചുള്ള ദീർഘ​യാ​ത്രകൾ ഞങ്ങളുടെ കുടും​ബ​ബന്ധം ശിഥി​ല​മാ​ക്കു​മോ എന്നൊരു ഭയാശങ്ക അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ആത്മീയ​മാ​യി ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ വേർപി​രി​ഞ്ഞു നിൽക്കേണ്ടി വരുന്ന സമയത്തു സഹിച്ചു​നിൽക്കാൻ ഞങ്ങളെ കൂടുതൽ സഹായി​ക്കു​മെന്ന്‌ അദ്ദേഹം വിചാ​രി​ച്ചു. അത്‌ ശരിയാ​യി​രു​ന്നു. എന്റെ ഭർത്താ​വും മൂത്ത മകളും ഞാനും 1997-ൽ സ്‌നാ​പ​ന​മേറ്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു.

പൂച്ചി തിന്നു​ക​ള​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഡാഡി​യെ​യും ചേച്ചി​യെ​യും വിട്ടിട്ട്‌ ഇവിടെ വന്നുനിൽക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു എന്ന്‌ മെക്‌സി​ക്കോ​യിൽ പോയി താമസി​ക്കു​മ്പോൾ ആദ്യ​മൊ​ക്കെ മൈലിൻ പറയു​മാ​യി​രു​ന്നു. ഇത്ര ദീർഘ​മായ സമയ​ത്തേക്ക്‌ കുടും​ബാം​ഗങ്ങൾ വേർപി​രി​ഞ്ഞു താമസി​ക്കേ​ണ്ടി​വ​രു​ന്നത്‌ ഹൃദയ​ഭേ​ദ​ക​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മെക്‌സി​ക്കോ​യി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ അഥവാ ബെഥേൽ സന്ദർശി​ച്ചത്‌ ഞാൻ വിശേ​ഷാൽ സ്‌മരി​ക്കു​ന്നു. ഞങ്ങൾക്ക്‌ ഏറെ പ്രോ​ത്സാ​ഹനം പകർന്ന ഒന്നായി​രു​ന്നു അത്‌. ഇനി ശസ്‌ത്ര​ക്രിയ വേണ്ടെന്ന്‌ മൈലിൻ ആവർത്തി​ച്ചു പറയു​ന്നു​ണ്ടാ​യി​രു​ന്നു—ആ പ്രാവ​ശ്യ​ത്തെ വരവിൽ നടത്തുന്ന അഞ്ചാമത്തെ ശസ്‌ത്ര​ക്രി​യ​യാ​യി​രു​ന്നു അത്‌—കാരണം സുഖം പ്രാപി​ക്കൽ പ്രക്രിയ വളരെ വേദനാ​ജ​ന​ക​മാ​യി​രു​ന്നു. എന്നാൽ അവൾ ധൈര്യ​മാ​യി​രി​ക്കു​ക​യും ശസ്‌ത്ര​ക്രിയ നടത്താൻ അനുവ​ദി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ ആശുപ​ത്രി​യിൽനി​ന്നു വരു​മ്പോൾ അവൾക്കു വേണ്ടി ഒരു പാർട്ടി നടത്താ​മെന്ന്‌ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കുന്ന ചില സാക്ഷികൾ അവളോ​ടു പറഞ്ഞു. അങ്ങനെ അവൾ ശസ്‌ത്ര​ക്രി​യ​യ്‌ക്കു സമ്മതിച്ചു.

ഇനി മൈലിൻ അവളുടെ വികാ​രങ്ങൾ പങ്കു​വെ​ക്കട്ടെ: “ബെഥേ​ലിൽ ഒരു പാർട്ടി വെക്കു​ന്ന​തി​നെ കുറിച്ച്‌ ഓർത്ത​പ്പോൾ ഞാൻ സന്തോ​ഷം​കൊ​ണ്ടു തുള്ളി​ച്ചാ​ടി. അതു​കൊണ്ട്‌ ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്ത്‌ ഞാൻ ധൈര്യ​മാ​യി​ട്ടി​രു​ന്നു. പാർട്ടി നല്ല രസമാ​യി​രു​ന്നു. ഒരുപാട്‌ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ഉണ്ടായി​രു​ന്നു. അവർ എനിക്ക്‌ ഒത്തിരി കാർഡു​കൾ തന്നു, അതെല്ലാം എന്റെ കൈയിൽ ഇപ്പോ​ഴു​മുണ്ട്‌. അവി​ടെ​നി​ന്നും കിട്ടിയ പ്രോ​ത്സാ​ഹ​നങ്ങൾ പിന്നീ​ടുള്ള ശസ്‌ത്ര​ക്രി​യ​കൾക്കു വിധേ​യ​യാ​കാൻ എനിക്കു ധൈര്യം​തന്നു.”

പുരോ​ഗ​മ​ന​വും സഹിച്ചു​നിൽക്കാ​നുള്ള സഹായ​വും

മൈലി​നിന്‌ ഇപ്പോൾ 11 വയസ്സുണ്ട്‌. അവളുടെ മുഖത്തി​ന്റെ രൂപം വീണ്ടെ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ ഇതുവരെ 20 ശസ്‌ത്ര​ക്രി​യകൾ ചെയ്‌തി​ട്ടുണ്ട്‌. ഇതെല്ലാം അവൾക്കു വളരെ സഹായ​ക​മാ​യി​രു​ന്നെ​ങ്കി​ലും ഇപ്പോ​ഴും അവൾക്ക്‌ വായ്‌ മുഴുവൻ തുറക്കാൻ കഴിയില്ല. എന്നിരു​ന്നാ​ലും, ധൈര്യ​വും ക്രിയാ​ത്മ​ക​ത​യും നിഴലി​ക്കുന്ന ഒരു മനോ​ഭാ​വ​മാണ്‌ അവൾക്ക്‌ എല്ലായ്‌പോ​ഴും ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌. ആത്മീയ കാര്യ​ങ്ങ​ളോ​ടും അവൾ വളരെ​യ​ധി​കം വിലമ​തി​പ്പു കാണി​ച്ചി​രി​ക്കു​ന്നു. ആറു വയസ്സു മുതൽ അവൾ ഞങ്ങളുടെ പ്രാ​ദേ​ശിക സഭയിലെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേർ ചാർത്തി​യി​രു​ന്നു. 2003 ഏപ്രിൽ 27-ന്‌ അവൾ സ്‌നാ​പ​ന​മേറ്റു. ഒരുസ​മ​യത്ത്‌ അവൾ മൂന്നു ബൈബി​ള​ധ്യ​യ​നങ്ങൾ വരെ നടത്തി​യി​ട്ടുണ്ട്‌. ഒരിക്കൽ, മെക്‌സി​ക്കോ​യിൽ വെച്ച്‌ അവൾ ഒരാ​ളോ​ടു സംസാ​രി​ക്കു​ക​യും അദ്ദേഹം അവളോ​ടൊത്ത്‌ ബൈബിൾ പഠിക്കാ​മെന്നു സമ്മതി​ക്കു​ക​യും ചെയ്‌തു. മൈലിൻ അദ്ദേഹത്തെ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തി​നും മറ്റു സഭാ​യോ​ഗ​ങ്ങൾക്കും ക്ഷണിച്ച​പ്പോൾ അദ്ദേഹം വന്ന്‌ അതീവ താത്‌പ​ര്യ​ത്തോ​ടെ സംബന്ധി​ക്കു​ക​യും ചെയ്‌തു.

മൈലിൻ വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ ചിലർ അവളുടെ മുഖ​ത്തേക്കു നോക്കി​യിട്ട്‌ പൊള്ള​ലേ​റ്റ​താ​ണോ എന്നു ചോദി​ക്കാ​റുണ്ട്‌. വരാനി​രി​ക്കുന്ന പറുദീ​സ​യിൽ യഹോ​വ​യാം ദൈവം അവൾക്ക്‌ ഒരു പുതിയ മുഖം നൽകു​മെ​ന്നുള്ള ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ ആളുക​ളു​മാ​യി പങ്കു​വെ​ക്കാൻ അവൾ ഈ അവസരം ഉപയോ​ഗി​ക്കു​ന്നു.—ലൂക്കൊസ്‌ 23:43.

ശസ്‌ത്ര​ക്രി​യ​കൾ മൂലം അവൾ അനുഭ​വിച്ച വേദന​യും മറ്റു കുട്ടി​ക​ളിൽനിന്ന്‌ അവൾക്കു സഹി​ക്കേ​ണ്ടി​വന്ന പരിഹാ​സ​ത്തി​ന്റെ നൊമ്പ​ര​ങ്ങ​ളും വിവരി​ക്കാൻ വാക്കു​ക​ളില്ല. ആ സമയ​ത്തെ​ല്ലാം സഹിച്ചു​നിൽക്കാൻ അവളെ സഹായി​ച്ചത്‌ എന്താണ്‌? പൂർണ ഉറപ്പോ​ടെ മൈലിൻ പറയുന്നു: “യഹോവ എനിക്ക്‌ എത്ര യാഥാർഥ്യ​മാ​ണെ​ന്നോ! സഹിച്ചു​നിൽക്കാ​നുള്ള ശക്തിയും ധൈര്യ​വും ഒക്കെ അവൻ എനിക്കു തരുന്നുണ്ട്‌. എനിക്ക്‌ ഇനി ശസ്‌ത്ര​ക്രി​യകൾ ഒന്നും വേണ്ട. കാരണം എനിക്കു​വേണ്ടി ഇനി കാര്യ​മാ​യി​ട്ടൊ​ന്നും ചെയ്യാൻ ഡോക്ടർമാർക്ക്‌ കഴിയില്ല. ഞാൻ ജനിച്ച​പ്പോൾ ആയിരു​ന്ന​തു​പോ​ലെ എന്നെ മാറ്റി​യെ​ടു​ക്കാൻ അവർക്ക്‌ ഏതായാ​ലും കഴിയി​ല്ല​ല്ലോ. പക്ഷേ യഹോവ പുതിയ ലോക​ത്തിൽ എനി​ക്കൊ​രു പുതിയ മുഖം തരാൻ പോകു​ക​യാ​ണെന്ന്‌ എനിക്ക​റി​യാം, അപ്പോൾ ഞാൻ വീണ്ടു​മൊ​രു സുന്ദരി​ക്കു​ട്ടി​യാ​യി മാറും.” (g04 5/22)

[അടിക്കു​റിപ്പ്‌]

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[26-ാം പേജിലെ ആകർഷക വാക്യം]

‘യഹോവ പുതിയ ലോക​ത്തിൽ എനി​ക്കൊ​രു പുതിയ മുഖം തരാൻ പോകു​ക​യാണ്‌’

[27-ാം പേജിലെ ആകർഷക വാക്യം]

ദൈവമല്ല കുറ്റക്കാ​രൻ എന്നു ക്രമേണ ഞാൻ മനസ്സി​ലാ​ക്കി​ത്തു​ടങ്ങി