വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗവിമുക്തമായ ഒരു ലോകം

രോഗവിമുക്തമായ ഒരു ലോകം

രോഗ​വി​മു​ക്ത​മായ ഒരു ലോകം

“ഏതെങ്കി​ലും ഒരു രാജ്യത്തെ ജനതയു​ടെ ആരോ​ഗ്യ​രം​ഗത്തെ നേട്ടം മറ്റെല്ലാ രാജ്യ​ങ്ങ​ളെ​യും നേരിട്ടു ബാധി​ക്കു​ന്ന​തും അവയ്‌ക്കു പ്രയോ​ജ​ന​ക​ര​വും ആയതി​നാൽ, എല്ലാ രാജ്യ​ങ്ങ​ളും മുഴു ജനതയ്‌ക്കും വേണ്ടി​യുള്ള അടിസ്ഥാന ആരോഗ്യ പരിപാ​ലനം ഉറപ്പാ​ക്കു​ന്ന​തിൽ സേവന​ത്തി​ന്റെ​യും സഹകര​ണ​ത്തി​ന്റെ​യും ആത്മാവിൽ ഒറ്റക്കെ​ട്ടാ​യി​രി​ക്കണം.” —അൽമാ-അറ്റാ പ്രഖ്യാ​പനം, 1978 സെപ്‌റ്റം​ബർ 12.

ഇരുപ​ത്തി​യഞ്ച്‌ വർഷം മുമ്പ്‌, ഭൂമു​ഖ​ത്തുള്ള സകലർക്കും പ്രാഥ​മിക ആരോഗ്യ പരിപാ​ലനം ലഭ്യമാ​ക്കുക എന്നത്‌ കൈവ​രി​ക്കാ​നാ​കുന്ന ഒരു ലക്ഷ്യമാ​യി ചിലർക്കു തോന്നി​യി​രു​ന്നു. പ്രാഥ​മിക ആരോഗ്യ പരിപാ​ല​നത്തെ കുറി​ച്ചുള്ള അന്താരാ​ഷ്‌ട്ര കോൺഫ​റൻസിൽ പങ്കെടു​ക്കു​ന്ന​തിന്‌ പ്രതി​നി​ധി​കൾ ഇന്നത്തെ കസാഖ്‌സ്ഥാ​നിൽ സ്ഥിതി​ചെ​യ്യുന്ന അൽമാ-അറ്റായിൽ കൂടി​വന്നു. അവി​ടെ​വെച്ച്‌, 2000-മാണ്ടോ​ടെ മുഴു മാനവ​രാ​ശി​യെ​യും പ്രമുഖ സാം​ക്ര​മിക രോഗ​ങ്ങൾക്കെ​തി​രെ പ്രതി​രോ​ധ​ശേഷി ആർജി​ച്ച​വ​രാ​ക്കി​ത്തീർക്കാ​നുള്ള തീരു​മാ​നം അവർ കൈ​ക്കൊ​ണ്ടു. രണ്ടായി​രാ​മാ​ണ്ടിൽത്തന്നെ ഭൂമു​ഖത്ത്‌ വസിക്കുന്ന ഓരോ​രു​ത്തർക്കും അടിസ്ഥാന മാലി​ന്യ​നിർമാർജന സൗകര്യ​വും കുടി​വെ​ള്ള​വും ലഭ്യമാ​ക്കാൻ കഴിയു​മെ​ന്നും അവർ പ്രത്യാ​ശി​ച്ചു. ലോകാ​രോ​ഗ്യ സംഘട​ന​യി​ലെ ഓരോ അംഗരാ​ഷ്‌ട്ര​വും ഈ പ്രഖ്യാ​പ​ന​ത്തിൽ ഒപ്പു​വെച്ചു.

ലക്ഷ്യം തികച്ചും ശ്ലാഘനീ​യ​മാ​യി​രു​ന്നു. എന്നാൽ അതേത്തു​ടർന്നുള്ള സംഭവ​വി​കാ​സങ്ങൾ നിരാ​ശാ​ജ​ന​ക​മെന്നു തെളിഞ്ഞു. പ്രാഥ​മിക ആരോഗ്യ പരിപാ​ലനം ഇന്നു സകലർക്കും ലഭ്യമാ​ണെന്ന്‌ ഒരു തരത്തി​ലും പറയാ​നാ​കില്ല. അതു​പോ​ലെ, സാം​ക്ര​മിക രോഗങ്ങൾ ഭൂമു​ഖത്തെ ജനകോ​ടി​ക​ളു​ടെ ആരോ​ഗ്യ​ത്തി​നു ഭീഷണി​യാ​യി തുടരു​ന്നു. ഈ കൊല​യാ​ളി രോഗങ്ങൾ കുട്ടി​ക​ളെ​യും മുതിർന്ന​വ​രെ​യും പലപ്പോ​ഴും അവരുടെ ജീവി​ത​ത്തി​ന്റെ വസന്തത്തിൽത്തന്നെ മരണത്തി​ലേക്കു മാടി​വി​ളി​ക്കു​ന്നു.

എയ്‌ഡ്‌സ്‌, ക്ഷയരോ​ഗം, മലമ്പനി എന്നീ മൂവർസം​ഘ​ത്തി​ന്റെ ഭീഷണി​പോ​ലും ‘സഹകര​ണ​ത്തി​ന്റെ ആത്മാവിൽ ഒറ്റക്കെ​ട്ടാ​യി​രി​ക്കാൻ’ രാജ്യ​ങ്ങളെ പ്രേരി​പ്പി​ച്ചി​ട്ടില്ല. എയ്‌ഡ്‌സ്‌, ക്ഷയരോ​ഗം, മലമ്പനി എന്നിവ​യോ​ടു പടവെ​ട്ടാൻ അടുത്ത​കാ​ലത്തു രൂപീ​ക​രിച്ച ആഗോള നിധി, ഈ പകർച്ച​വ്യാ​ധി​കൾക്കു കടിഞ്ഞാ​ണി​ടാ​നുള്ള പിൻബ​ല​ത്തി​നാ​യി 61,000 കോടി രൂപയാണ്‌ ഗവൺമെ​ന്റു​ക​ളോട്‌ ആവശ്യ​പ്പെ​ട്ടത്‌. പക്ഷേ, 2002 വേനൽക്കാ​ലം ആയപ്പോ​ഴേ​ക്കും വെറും 9,400 കോടി രൂപയാണ്‌ സമാഹ​രി​ക്ക​പ്പെ​ട്ടത്‌. എന്നാൽ ആ വർഷം സൈനിക ആവശ്യ​ങ്ങൾക്കു ചെലവ​ഴി​ച്ച​തോ, 32,90,000 കോടി രൂപയും! ഖേദക​ര​മെന്നു പറയട്ടെ, ഇന്നത്തെ വിഭജിത ലോക​ത്തിൽ മിക്ക ഭീഷണി​ക​ളും പൊതു​ജന നന്മയ്‌ക്കാ​യി പ്രവർത്തി​ക്കാൻ സകല രാഷ്‌ട്ര​ങ്ങ​ളെ​യും ഒരുമി​പ്പി​ക്കു​ന്നില്ല.

ഏറ്റവും നല്ല ഉദ്ദേശ്യ​ങ്ങ​ളോ​ടെ പ്രവർത്തി​ക്കുന്ന ആരോഗ്യ പരിപാ​ലന അധികൃ​തർപോ​ലും സാം​ക്ര​മിക രോഗ​ങ്ങ​ളു​മാ​യുള്ള പോരാ​ട്ട​ത്തിൽ തങ്ങൾക്കു ചെയ്യാ​വുന്ന കാര്യങ്ങൾ അങ്ങേയറ്റം പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കണ്ടെത്തു​ന്നു. ഗവൺമെ​ന്റു​കൾ വേണ്ടത്ര പണം ചില​പ്പോൾ നൽകാ​തി​രു​ന്നേ​ക്കാം. അതു​പോ​ലെ, മിക്ക മരുന്നു​ക​ളോ​ടും പ്രതി​രോ​ധ​ശേഷി ആർജി​ച്ചെ​ടുത്ത സൂക്ഷ്‌മാ​ണു​ക്ക​ളും പെട്ടെന്നു രോഗ​ബാ​ധി​ത​രാ​യി​ത്തീ​രാൻ ഇടയാ​ക്കു​ന്ന​തരം ജീവിതം നയിക്കാൻ പ്രിയ​പ്പെ​ട്ടേ​ക്കാ​വുന്ന ജനങ്ങളും വെല്ലു​വി​ളി ഉയർത്തു​ന്നു. മാത്രമല്ല, ചില പ്രദേ​ശ​ങ്ങ​ളിൽ രൂക്ഷമാ​യി​രി​ക്കുന്ന ദാരി​ദ്ര്യം, യുദ്ധം, ക്ഷാമം എന്നിവ കോടി​ക്ക​ണ​ക്കി​നു മനുഷ്യ​രെ നിഷ്‌പ്ര​യാ​സം രോഗ​ബാ​ധി​ത​രാ​ക്കാൻ രോഗാ​ണു​ക്കൾക്ക്‌ അനുകൂല സാഹച​ര്യം ഒരുക്കു​ന്നു.

നമ്മുടെ ആരോ​ഗ്യ​ത്തിൽ ദൈവ​ത്തി​നുള്ള താത്‌പ​ര്യം

രോഗ​ത്തിന്‌ ഒരു പരിഹാ​ര​മുണ്ട്‌. യഹോ​വ​യാം ദൈവം മനുഷ്യ​ന്റെ ആരോ​ഗ്യ​ത്തിൽ അതീവ തത്‌പ​ര​നാണ്‌ എന്നതിനു നമുക്കു വ്യക്തമായ തെളി​വു​ക​ളുണ്ട്‌. ഈ കരുത​ലി​ന്റെ ഒരു ശ്രദ്ധേയ സാക്ഷ്യ​മാണ്‌ നമ്മുടെ പ്രതി​രോ​ധ​വ്യ​വസ്ഥ. യഹോവ പുരാതന ഇസ്രാ​യേൽ ജനതയ്‌ക്ക്‌ നൽകിയ ഒട്ടനവധി നിയമങ്ങൾ അവരെ സാം​ക്ര​മിക രോഗ​ബാ​ധ​യിൽനി​ന്നു സംരക്ഷി​ക്കാ​നുള്ള അവന്റെ അദമ്യ​മായ ആഗ്രഹ​ത്തി​ന്റെ പ്രതി​ഫ​ല​ന​മാ​യി​രു​ന്നു. a

തന്റെ സ്വർഗീയ പിതാ​വി​ന്റെ വ്യക്തി​ത്വ​ത്തെ പ്രതി​ഫ​ലി​പ്പി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നും രോഗി​ക​ളോ​ടു സഹാനു​ഭൂ​തി തോന്നു​ന്നു. കുഷ്‌ഠ​രോ​ഗി​യാ​യി​രുന്ന ഒരു മനുഷ്യ​നെ അവൻ കാണാ​നി​ട​യാ​യ​തി​നെ കുറിച്ച്‌ മർക്കൊ​സി​ന്റെ സുവി​ശേഷം വിവരി​ക്കു​ന്നുണ്ട്‌. “നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധമാ​ക്കു​വാൻ കഴിയും” എന്ന്‌ കുഷ്‌ഠ​രോ​ഗി പറഞ്ഞു. ഇതു​കേട്ട്‌ മനസ്സലിഞ്ഞ യേശു ആ മനുഷ്യൻ സഹിക്കുന്ന കഷ്ടപ്പാ​ടും വേദന​യും തിരി​ച്ച​റിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: ‘മനസ്സുണ്ട്‌, ശുദ്ധമാ​കുക.’—മർക്കൊസ്‌ 1:40-42.

യേശു​വി​ന്റെ അത്ഭുത രോഗ​ശാ​ന്തി ഏതാനും വ്യക്തി​ക​ളിൽ മാത്രം ഒതുങ്ങി​നി​ന്നില്ല. സുവി​ശേഷ എഴുത്തു​കാ​ര​നായ മത്തായി പറയുന്ന പ്രകാരം യേശു “ഗലീല​യിൽ ഒക്കെയും ചുററി സഞ്ചരി​ച്ചു​കൊ​ണ്ടു . . . ഉപദേ​ശി​ക്ക​യും രാജ്യ​ത്തി​ന്റെ സുവി​ശേഷം പ്രസം​ഗി​ക്ക​യും ജനത്തി​ലുള്ള സകലദീ​ന​ത്തെ​യും വ്യാധി​യെ​യും സൌഖ്യ​മാ​ക്കു​ക​യും ചെയ്‌തു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (മത്തായി 4:23) അവന്റെ സൗഖ്യ​മാ​ക്ക​ലു​കൾ യഹൂദ്യ​യി​ലും ഗലീല​യി​ലും ഉള്ള രോഗി​കൾക്ക്‌ ആശ്വാസം നൽകുക മാത്രമല്ല ചെയ്‌തത്‌. യേശു പ്രസം​ഗിച്ച ദൈവ​രാ​ജ്യം മനുഷ്യ​വർഗ​ത്തി​ന്മേൽ എതിരാ​ളി​ക​ളി​ല്ലാ​തെ ഭരണം നടത്തു​മ്പോൾ എല്ലാത്തരം രോഗ​ങ്ങ​ളും ഒടുവിൽ ഉന്മൂലനം ചെയ്യ​പ്പെ​ടും എന്നുള്ള​തി​ന്റെ ഒരു പൂർവ​വീ​ക്ഷണം അവ നമുക്കു നൽകുന്നു.

ആഗോള ആരോ​ഗ്യം ഒരു പാഴ്‌കി​നാ​വല്ല

എല്ലാവർക്കും ആരോ​ഗ്യം എന്നത്‌ ഒരു പാഴ്‌കി​നാ​വ​ല്ലെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. ‘മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം’ ഉള്ള കാലത്തെ കുറിച്ച്‌ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ദർശനം കാണു​ക​യു​ണ്ടാ​യി. ദൈവ​ത്തി​ന്റെ ഭാഗത്തു​നി​ന്നുള്ള ഈ നടപടി​യു​ടെ ഫലമായി, “ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” വെറു​മൊ​രു സുന്ദര സ്വപ്‌ന​മാ​ണോ ഇത്‌? തുടർന്നു​വ​രുന്ന വാക്യ​ത്തിൽ ദൈവം​തന്നെ ഇപ്രകാ​രം പ്രഖ്യാ​പി​ക്കു​ന്നു: “ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു.”—വെളി​പ്പാ​ടു 21:3-5.

രോഗത്തെ ഉന്മൂലനം ചെയ്യണ​മെ​ങ്കിൽ ദാരി​ദ്ര്യം, ക്ഷാമം, യുദ്ധം എന്നിവ​യ്‌ക്കും അറുതി വരു​ത്തേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. കാരണം, ഈ ദുരന്തങ്ങൾ മിക്ക​പ്പോ​ഴും സാം​ക്ര​മി​ക​രോ​ഗം പരത്തുന്ന സൂക്ഷ്‌മ​ജീ​വി​ക​ളോട്‌ തോ​ളോ​ടു​തോൾചേർന്നു പ്രവർത്തി​ക്കു​ന്നു. അതു​കൊണ്ട്‌, ഈ ബൃഹത്തായ ദൗത്യം നിർവ​ഹി​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്നത്‌ ക്രിസ്‌തു​വി​ന്റെ കൈക​ളി​ലെ സ്വർഗീയ ഗവൺമെ​ന്റായ ദൈവ​രാ​ജ്യ​ത്തെ​യാണ്‌. ലക്ഷോ​പ​ല​ക്ഷ​ങ്ങ​ളു​ടെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരമാ​യി ഈ രാജ്യം വരിക​യും ദൈ​വേഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യും.—മത്തായി 6:9, 10.

ദൈവ​രാ​ജ്യം എപ്പോൾ വരു​മെന്ന്‌ നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയും? ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകവേ, രാജ്യം പെട്ടെ​ന്നു​തന്നെ നടപടി​യെ​ടു​ക്കും എന്നതിനെ സൂചി​പ്പി​ക്കുന്ന സുപ്ര​ധാന സംഭവ​വി​കാ​സ​ങ്ങ​ളു​ടെ ഒരു പരമ്പര​തന്നെ ഉൾപ്പെ​ടുന്ന ഒരു അടയാളം ലോക​ത്തി​നു ദൃശ്യ​മാ​കും എന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞു. ‘മഹാവ്യാ​ധി​കൾ അവിട​വി​ടെ’ പൊട്ടി​പ്പു​റ​പ്പെ​ടു​ന്നത്‌ യേശു പറഞ്ഞ ഈ സവിശേഷ സംഭവ​ങ്ങ​ളിൽ ഒന്നാണ്‌. (ലൂക്കൊസ്‌ 21:10, 11; മത്തായി 24:3, 7) “മഹാവ്യാ​ധി​കൾ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന​തി​ന്റെ ഗ്രീക്ക്‌ പദം “മരണക​ര​മായ ഏതു സാം​ക്ര​മിക രോഗ”ത്തെയും കുറി​ക്കു​ന്നു. വൈദ്യ​ശാ​സ്‌ത്ര​ത്തി​ന്റെ വിജയ​ഗാ​ഥ​കൾക്കി​ട​യി​ലും 20-ാം നൂറ്റാണ്ട്‌ അത്തരം ഭീതി​ദ​മായ പകർച്ച​വ്യാ​ധി​ക​ളു​ടെ പടപ്പു​റ​പ്പാ​ടി​നു സാക്ഷ്യം വഹിച്ചി​രി​ക്കു​ന്നു.—“പകർച്ച​വ്യാ​ധി​ക​ളാ​ലുള്ള മരണം, 1914 മുതൽ” എന്ന ചതുരം കാണുക.

സുവി​ശേഷ വിവര​ണ​ങ്ങ​ളി​ലെ യേശു​വി​ന്റെ വാക്കു​ക​ളോ​ടു സമാനത പുലർത്തുന്ന ഒരു പ്രവചനം വെളി​പ്പാ​ടു പുസ്‌ത​ക​ത്തി​ലുണ്ട്‌. സ്വർഗ​ത്തിൽ രാജ്യാ​ധി​കാ​രം ഏറ്റെടു​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ അനുഗ​മി​ക്കുന്ന പല കുതി​ര​ക്കാ​രെ കുറിച്ച്‌ അതു വിവരി​ക്കു​ന്നു. അതിൽ നാലാ​മത്തെ കുതി​ര​ക്കാ​രൻ “മഞ്ഞനി​റ​മു​ള്ളോ​രു” കുതി​ര​പ്പു​റ​ത്താണ്‌ സഞ്ചരി​ക്കു​ന്നത്‌. അവൻ തന്റെ മാർഗ​മ​ധ്യേ ‘മഹാവ്യാ​ധി​കൾ’ വിതയ്‌ക്കു​ന്നു. (വെളി​പ്പാ​ടു 6:2, 4, 5, 8) 1914 മുതൽ, ചില പ്രമുഖ സാം​ക്ര​മിക രോഗങ്ങൾ കൊ​ന്നൊ​ടു​ക്കി​യ​വ​രു​ടെ എണ്ണം പരി​ശോ​ധി​ക്കു​മ്പോൾ ഈ ആലങ്കാ​രിക കുതി​ര​ക്കാ​രൻ സവാരി നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നുള്ള​തിന്‌ ഉറപ്പു ലഭിക്കു​ന്നു. ലോക​മൊ​ട്ടാ​കെ​യുള്ള, “മഹാവ്യാ​ധി”കളുടെ തേർവാഴ്‌ച ദൈവ​രാ​ജ്യം ആസന്നമാ​യി​രി​ക്കു​ന്നു എന്നതിന്റെ കൂടു​ത​ലായ തെളിവ്‌ പ്രദാനം ചെയ്യുന്നു. bമർക്കൊസ്‌ 13:29.

ഏതാനും ദശകങ്ങ​ളി​ലേക്ക്‌ സാം​ക്ര​മിക രോഗ​ത്തി​ന്റെ വേലി​യേ​റ്റത്തെ വരുതി​യിൽ നിറു​ത്താൻ വൈദ്യ​ശാ​സ്‌ത്ര​ത്തി​നു കഴി​ഞ്ഞെ​ന്നു​വ​രി​കി​ലും നമു​ക്കെ​തി​രെ വീണ്ടും അതു പോർവി​ളി തുടങ്ങി​യി​രി​ക്കു​ന്നു. അതേ, ഈ പ്രശ്‌ന​ങ്ങളെ എന്നെ​ന്നേ​ക്കു​മാ​യി കുഴി​ച്ചു​മൂ​ടാൻ മനുഷ്യാ​തീ​ത​മായ ഒരു പരിഹാ​ര​മാർഗം നമുക്ക്‌ ആവശ്യ​മാണ്‌. അതുത​ന്നെ​യാണ്‌ നമ്മുടെ സ്രഷ്ടാവ്‌ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന​തും. ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ, “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല” എന്ന്‌ പ്രവാ​ച​ക​നായ യെശയ്യാവ്‌ ഉറപ്പു​നൽകു​ന്നു. മാത്രമല്ല, “അവൻ [ദൈവം] മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ള​യും; യഹോ​വ​യായ കർത്താവു സകലമു​ഖ​ങ്ങ​ളി​ലും​നി​ന്നു കണ്ണുനീർ തുടെ​ക്ക​യും” ചെയ്യും. (യെശയ്യാ​വു 25:8; 33:22, 24) ആ പൊൻപു​ലരി വിടരു​മ്പോൾ രോഗം എന്നെ​ന്നേ​ക്കു​മാ​യി അടിയ​റവു പറഞ്ഞി​രി​ക്കും. (g04 5/22)

[അടിക്കു​റി​പ്പു​കൾ]

a മോശൈക ന്യായ​പ്ര​മാ​ണ​ത്തിൽ മാലിന്യ നിർമാർജനം, ശുചീ​കരണ നടപടി​കൾ, ശുചി​ത്വം, മാറ്റി​പ്പാർപ്പി​ക്കൽ എന്നിവയെ കുറി​ച്ചുള്ള നിർദേ​ശങ്ങൾ അടങ്ങി​യി​രു​ന്നു. “ലൈം​ഗിക ബന്ധങ്ങളും പുനരു​ത്‌പാ​ദ​ന​വും, രോഗ​നിർണയം, ചികിത്സ, പ്രതി​രോധ നടപടി​കൾ, എന്നിവ സംബന്ധി​ച്ചു ബൈബി​ളിൽ നൽകി​യി​രി​ക്കുന്ന വസ്‌തു​തകൾ ഹിപ്പോ​ക്രാ​റ്റ​സി​ന്റെ സിദ്ധാ​ന്ത​ങ്ങ​ളെ​ക്കാൾ വളരെ പുരോ​ഗ​മി​ച്ച​തും ആശ്രയ​യോ​ഗ്യ​വു​മാണ്‌” എന്ന്‌ ഡോ. എച്ച്‌. ഒ. ഫിലി​പ്‌സ്‌ നിരീ​ക്ഷി​ക്കു​ന്നു.

b ദൈവരാജ്യം ആസന്നമാണ്‌ എന്നുള്ള​തി​ന്റെ കൂടു​ത​ലായ തെളി​വു​കൾ പരിചി​ന്തി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തി​ലെ 11-ാം അധ്യായം കാണുക.

[12-ാം പേജിലെ ചതുരം]

പകർച്ചവ്യാധികളാലുള്ള മരണം, 1914 മുതൽ

ഇത്‌ ഏകദേശ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കാണ്‌. എന്നിരു​ന്നാ​ലും, 1914 മുതൽ പകർച്ച​വ്യാ​ധി​കൾ മനുഷ്യ​കു​ലത്തെ എത്ര​ത്തോ​ളം വേട്ടയാ​ടി​യി​രി​ക്കു​ന്നു​വെന്ന്‌ ഈ കണക്കുകൾ കാണി​ക്കു​ന്നു.

വസൂരി (30 കോടി​ക്കും 50 കോടി​ക്കും ഇടയ്‌ക്ക്‌) വസൂരിക്ക്‌ ഫലപ്ര​ദ​മായ ചികിത്സ കണ്ടുപി​ടി​ക്ക​പ്പെ​ട്ടില്ല. ഒരു ബൃഹത്തായ അന്താരാ​ഷ്‌ട്ര വാക്‌സി​നേഷൻ പരിപാ​ടി​യി​ലൂ​ടെ ഒടുവിൽ 1980-ഓടെ ഈ രോഗത്തെ ഉന്മൂലനം ചെയ്യു​ന്ന​തിൽ വിജയി​ച്ചു.

ക്ഷയം (10 കോടി​ക്കും 15 കോടി​ക്കും ഇടയ്‌ക്ക്‌) ക്ഷയരോ​ഗം വർഷം​തോ​റും ഏകദേശം 20 ലക്ഷം ആളുകളെ കൊ​ന്നൊ​ടു​ക്കു​ന്നു. ഭൂമു​ഖത്തെ ഓരോ മൂന്നു​പേ​രി​ലും ഏതാണ്ട്‌ ഒരാൾ വീതം ക്ഷയരോ​ഗ​ത്തി​നു കാരണ​മായ ബാക്ടീ​രി​യ​ത്തി​ന്റെ വാഹക​നാണ്‌.

മലമ്പനി (8 കോടി​ക്കും 12 കോടി​ക്കും ഇടയ്‌ക്ക്‌) 20-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യപ​കു​തി​യിൽ മലമ്പനി​യു​ടെ മരണനൃ​ത്തം വർഷം​തോ​റും ഏകദേശം 20 ലക്ഷം ജീവൻ അപഹരി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇന്ന്‌ മലമ്പനി നിമി​ത്ത​മുള്ള ഏറ്റവു​മ​ധി​കം മരണങ്ങൾ നടക്കു​ന്നത്‌ സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ നാടു​ക​ളി​ലാണ്‌. അവിടെ ഇപ്പോ​ഴും ഈ മഹാവ്യാ​ധി വർഷം​തോ​റും പത്തുല​ക്ഷ​ത്തി​ല​ധി​കം​പേരെ മരണത്തി​ലേക്കു തള്ളിവി​ടു​ന്നു.

സ്‌പാ​നീഷ്‌ ഇൻഫ്‌ളു​വൻസ (2 കോടി​ക്കും 3 കോടി​ക്കും ഇടയ്‌ക്ക്‌) മരണസം​ഖ്യ അതിലും വളരെ ഉയർന്ന​താ​യി​രു​ന്നെന്ന്‌ ചില ചരി​ത്ര​കാ​ര​ന്മാർ പറയുന്നു. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ചുവടു​പി​ടി​ച്ചെ​ത്തിയ ഈ മാരക​വ്യാ​ധി 1918, 1919 കാലയ​ള​വിൽ ലോക​മെ​മ്പാ​ടും ആഞ്ഞടിച്ചു. “ബ്യൂ​ബോ​ണിക്‌ പ്ലേഗ്‌ പോലും ഇത്രയ​ധി​കം പേരെ ഇത്ര​വേഗം വകവരു​ത്തി​യില്ല” എന്ന്‌ മനുഷ്യ​രും സൂക്ഷ്‌മാ​ണു​ക്ക​ളും എന്ന പുസ്‌തകം പറയുന്നു.

ടൈഫസ്‌ (ഏകദേശം രണ്ടു കോടി) പലപ്പോ​ഴും യുദ്ധത്തി​ന്റെ കൂടപ്പി​റ​പ്പാ​യി എത്തിയി​ട്ടുള്ള പകർച്ച​വ്യാ​ധി​യാണ്‌ ടൈഫസ്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധം ആളിക്ക​ത്തിച്ച ഒരു ടൈഫസ്‌ പ്ലേഗ്‌ പൂർവ യൂറോ​പ്പി​ലുള്ള രാജ്യ​ങ്ങ​ളിൽ വിനാശം വിതച്ചു.

എയ്‌ഡ്‌സ്‌ (രണ്ടു​കോ​ടി​യി​ല​ധി​കം) ആധുനിക ലോകത്തെ ഗ്രസി​ച്ചി​രി​ക്കുന്ന ഈ വിപത്ത്‌ ഇപ്പോൾ വർഷം​തോ​റും വകവരു​ത്തു​ന്നത്‌ 30 ലക്ഷം പേരെ​യാണ്‌. ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ എയ്‌ഡ്‌സ്‌ പരിപാ​ടി​യു​ടെ ഇപ്പോ​ഴത്തെ കണക്കനു​സ​രിച്ച്‌, “പ്രതി​രോ​ധ​ത്തി​നും ചികി​ത്സ​യ്‌ക്കു​മാ​യുള്ള വളരെ വ്യാപ​ക​മായ ശ്രമങ്ങ​ളു​ടെ അഭാവ​ത്തിൽ 2000-നും 2020-നും ഇടയിൽ . . . 6.8 കോടി ആളുകൾക്ക്‌ ജീവഹാ​നി സംഭവി​ക്കും.”

[11-ാം പേജിലെ ചിത്രങ്ങൾ]

ദൈവരാജ്യത്തിൻ കീഴിൽ ഇത്തരം രോഗ​ങ്ങ​ളൊ​ന്നും മേലാൽ ഭീഷണി ഉയർത്തു​ക​യി​ല്ല

എയ്‌ഡ്‌സ്‌

മലമ്പനി

ക്ഷയം

[കടപ്പാട്‌]

എയ്‌ഡ്‌സ്‌: CDC; മലമ്പനി: CDC/Dr. Melvin; ക്ഷയം: © 2003 Dennis Kunkel Microscopy, Inc.

[13-ാം പേജിലെ ചിത്രം]

യേശു സകലവിധ രോഗ​വും വൈക​ല്യ​ങ്ങ​ളും സൗഖ്യ​മാ​ക്കി