രോഗവുമായുള്ള പോരാട്ടത്തിലെ ജയാപജയങ്ങൾ
രോഗവുമായുള്ള പോരാട്ടത്തിലെ ജയാപജയങ്ങൾ
രോഗി മരിക്കാറായെന്ന് ഡോ. അലക്സാണ്ടർ ഫ്ളെമിംഗിനു മനസ്സിലായി. 1942 ആഗസ്റ്റ് 5-നായിരുന്നു ഇത്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ആ 52-കാരന് സ്പൈനൽ മെനിൻജൈറ്റിസ് പിടിപെട്ടിരുന്നു. ഫ്ളെമിംഗ് കിണഞ്ഞു ശ്രമിച്ചിട്ടും അയാൾ അബോധാവസ്ഥയിലായി.
അതിനു പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ പരീക്ഷണങ്ങൾക്കിടെ ഫ്ളെമിംഗ് അവിചാരിതമായി, ഒരു സവിശേഷ വസ്തു കണ്ടെത്തുകയുണ്ടായി, നീലിമകലർന്ന പച്ചനിറമുള്ള ഒരുതരം പൂപ്പലായിരുന്നു അതിനെ ഉത്പാദിപ്പിച്ചത്. അദ്ദേഹം അതിനെ പെനിസിലിൻ എന്നു വിളിച്ചു. അതിനു ബാക്ടീരിയയെ കൊല്ലാനുള്ള ശക്തിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. എന്നാൽ പെനിസിലിനെ മാത്രമായി വേർതിരിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല, ഒരു അണുനാശിനി എന്ന രീതിയിൽ മാത്രമാണ് അദ്ദേഹം അതു പരീക്ഷിച്ചത്. എന്നാൽ, 1938-ൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഹോവാർഡ് ഫ്ളോറിയും സംഘവും മനുഷ്യരിൽ പരീക്ഷിക്കുന്നതിനായി വേണ്ടത്ര പെനിസിലിൻ ഉത്പാദിപ്പിക്കാനുള്ള ഒരു വെല്ലുവിളി ഏറ്റെടുത്തിരുന്നു. ഫ്ളെമിംഗ്, ഫ്ളോറിയെ ഫോണിൽ വിളിച്ചു, കൈവശമുള്ള പെനിസിലിൻ മുഴുവനും എത്തിച്ചുതരാമെന്ന് ഫ്ളോറി സമ്മതിച്ചു. തന്റെ സുഹൃത്തിനെ രക്ഷിക്കാനുള്ള ഫ്ളെമിംഗിന്റെ അവസാന ശ്രമമായിരുന്നു ഇത്.
പേശികളിലൂടെ നൽകിയ കുത്തിവെപ്പ് ഫലകരമല്ലെന്നു തെളിഞ്ഞു. അതുകൊണ്ട് അദ്ദേഹം നട്ടെല്ലിലേക്കു നേരിട്ട് പെനിസിലിൻ കുത്തിവെച്ചു. അതു ഫലം കണ്ടു, പെനിസിലിൻ സൂക്ഷ്മാണുക്കളെ നശിപ്പിച്ചു, ഒരാഴ്ചയും ഏതാനും ദിവസവുംകൊണ്ട് ഫ്ളെമിംഗിന്റെ രോഗി പൂർണമായും രോഗവിമുക്തനായി ആശുപത്രി വിട്ടു. അങ്ങനെ, ആന്റിബയോട്ടിക്കുകളുടെ പുതുയുഗം പിറന്നു. രോഗങ്ങളുമായുള്ള മാനവരാശിയുടെ പോരാട്ടത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്.
ആന്റിബയോട്ടിക്കുകളുടെ യുഗം
ആന്റിബയോട്ടിക്കുകൾ രംഗപ്രവേശം ചെയ്ത സമയത്ത് അവയെ അത്ഭുത മരുന്നുകളായി കരുതിയിരുന്നു. അന്നുവരെ ചികിത്സിച്ചു ഭേദമാക്കുക സാധ്യമല്ലാതിരുന്ന ബാക്ടീരിയ, ഫംഗസ്, മറ്റു സൂക്ഷ്മാണുക്കൾ എന്നിവ മൂലമുണ്ടാകുന്ന രോഗബാധയെ ഇനി വിജയകരമായി ചികിത്സിക്കാൻ കഴിയുമെന്നായി. മെനിൻജൈറ്റിസ്, ന്യൂമോണിയ, സ്കാർലറ്റ് പനി തുടങ്ങിയവ മൂലമുണ്ടാകുന്ന മരണങ്ങൾ അതിശയകരമാംവിധം കുറയ്ക്കാൻ പുതിയ മരുന്നുകൾ കാരണമായി. ആശുപത്രിയിൽ വെച്ച് ഉണ്ടാകുന്ന അണുബാധ മുമ്പൊക്കെ മരണകരം ആയിരുന്നെങ്കിൽ പുതിയ മരുന്നുകളുടെ ആവിർഭാവത്തോടെ ഏതാനും ദിവസങ്ങൾകൊണ്ട് അതു ഭേദമാക്കാൻ കഴിഞ്ഞു.
ഫ്ളെമിംഗിന്റെ കാലം മുതൽ ഇങ്ങോട്ട് ഗവേഷകർ ഒട്ടനവധി ആന്റിബയോട്ടിക്കുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു, പുതിയവയ്ക്കു വേണ്ടിയുള്ള ഗവേഷണം തുടരുകയും ചെയ്യുന്നു. കഴിഞ്ഞ 60 വർഷക്കാലമായി രോഗവുമായുള്ള പോരാട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത ആയുധമായി ആന്റിബയോട്ടിക്കുകൾ മാറിയിരിക്കുന്നു. ജോർജ് വാഷിങ്ടൺ ഇന്നാണു ജീവിച്ചിരുന്നതെങ്കിൽ ഡോക്ടർമാർ നിസ്സംശയമായും അദ്ദേഹത്തിന്റെ തൊണ്ടവേദനയ്ക്ക് ആന്റിബയോട്ടിക്ക് നൽകുമായിരുന്നു. ഏതാണ്ട് ഒരാഴ്ചകൊണ്ട് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തേനെ. നാം എല്ലാവരുംതന്നെ ഏതെങ്കിലും വിധത്തിലുള്ള രോഗബാധയിൽനിന്നു മോചനം നേടാൻ ആന്റിബയോട്ടിക്കുകളുടെ സഹായം സ്വീകരിച്ചിട്ടുള്ളവരാണ്. എന്നിരുന്നാലും, ഈ മരുന്നുകൾക്ക് ചില പോരായ്മകളും ഉണ്ടെന്നുള്ള കാര്യം വ്യക്തമായിരിക്കുന്നു.
ആന്റിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സ വൈറസുകൾ മൂലമുണ്ടാകുന്ന എയ്ഡ്സ്, ഇൻഫ്ളുവൻസ എന്നിവ പോലുള്ള രോഗങ്ങൾക്ക് ഫലപ്രദമല്ല. അതുമാത്രമല്ല, ചിലർക്ക് ചില ആന്റിബയോട്ടിക്കുകളോട് അലർജിയുമുണ്ട്.
അതുപോലെ പലതരം സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഉപകാരികളായ സൂക്ഷ്മജീവികളെയും ഇല്ലാതാക്കാൻ ഇടയാക്കിയേക്കാം. എന്നാൽ ആന്റിബയോട്ടിക്കുകളോടു ബന്ധപ്പെട്ടുള്ള ഏറ്റവും ഗുരുതരമായ പ്രശ്നം അവ വേണ്ടത്ര അളവിൽ ഉപയോഗിക്കാതിരിക്കുകയോ അമിതമായി ഉപയോഗിക്കുകയോ ചെയ്യുന്നതാണ് എന്നു തോന്നുന്നു.രോഗശമനം ഉണ്ടാകുന്നതുകൊണ്ടോ ചികിത്സ ദീർഘിച്ചത് ആയതിനാലോ തുടർന്നു മരുന്നു കഴിക്കാതിരുന്നുകൊണ്ട് ഡോക്ടർ നിർദേശിച്ച ആന്റിബയോട്ടിക് ചികിത്സ രോഗി പൂർത്തിയാക്കാതിരുന്നേക്കാം. ഇങ്ങനെ വരുമ്പോൾ ആന്റിബയോട്ടിക്കുകൾ വേണ്ടത്ര അളവിൽ രോഗിയുടെ ഉള്ളിലേക്കു ചെല്ലുന്നില്ല. ഫലമോ? ആക്രമണകാരികളായ ബാക്ടീരിയയെ പൂർണമായി നശിപ്പിക്കാൻ ആന്റിബയോട്ടിക്കിനു കഴിഞ്ഞെന്നുവരില്ല. ഇതേത്തുടർന്ന്, ശരീരത്തിലുള്ള രോഗകാരികൾ പ്രതിരോധശേഷി ആർജിക്കാനും പെരുകാനും അതു കളമൊരുക്കുന്നു. ക്ഷയരോഗത്തിനുള്ള ചികിത്സയിൽ പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
പുതുതായി രംഗപ്രവേശം ചെയ്ത ഈ മരുന്നുകളുടെ അമിത ഉപയോഗത്തിന് പല ഡോക്ടർമാരും കർഷകരും കുറ്റക്കാരാണ്. “ഐക്യനാടുകളിൽ ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക്കുകൾ കുറിച്ചുകൊടുക്കാറുണ്ട്. മറ്റ് അനേകം രാജ്യങ്ങളിൽ ഇതിലും വിവേചനാരഹിതമായി അവ ഉപയോഗിച്ചുവരുന്നു,” മനുഷ്യനും സൂക്ഷ്മാണുക്കളും എന്ന പുസ്തകം വിശദീകരിക്കുന്നു. “ഈ മരുന്നുകൾ ഭീമമായ അളവിൽ കന്നുകാലികളെ തീറ്റിക്കുന്നു, അവയുടെ രോഗം ഭേദമാക്കാനല്ല മറിച്ച് വളർച്ചയെ ത്വരിതപ്പെടുത്താൻവേണ്ടി. സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി ആർജിച്ചെടുക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ് ഇത്.” ഫലമോ? “നമ്മുടെ പക്കൽ പുതിയ പുതിയ ആന്റിബയോട്ടിക്കുകൾ
എല്ലായ്പോഴും ഉണ്ടായിരിക്കണമെന്നില്ല” എന്ന് പ്രസ്തുത പുസ്തകം മുന്നറിയിപ്പു നൽകുന്നു.എന്നാൽ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന രോഗാണുക്കളെ കുറിച്ചുള്ള ഭയാശങ്കകൾ ഒഴിച്ചുനിറുത്തിയാൽ 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വൈദ്യശാസ്ത്രത്തിന്റെ വിജയഗാഥകളുടെ കാലമായിരുന്നു. ഏതാണ്ട് എല്ലാത്തരം രോഗങ്ങളോടും പൊരുതാനുള്ള ഔഷധങ്ങൾ കണ്ടെത്താൻ വൈദ്യശാസ്ത്ര ഗവേഷകർ പ്രാപ്തരായിരിക്കുന്നതുപോലെ കാണപ്പെട്ടു. വാക്സിനുകൾ ആവിഷ്കരിക്കപ്പെട്ടതോടെ രോഗം വരാതെ തടയാൻ കഴിയുമെന്ന അവസ്ഥയും സംജാതമായി.
വൈദ്യശാസ്ത്രത്തിന്റെ വിജയഗാഥകൾ
“പൊതുജനാരോഗ്യത്തിന്റെ ചരിത്രത്തിൽ നേടാൻ കഴിഞ്ഞിട്ടുള്ള ഏറ്റവും വലിയ വിജയമാണ് രോഗപ്രതിരോധം” എന്ന് ലോകാരോഗ്യ റിപ്പോർട്ട് 1999 (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു. ലോകമൊട്ടാകെയുള്ള ബൃഹത്തായ രോഗപ്രതിരോധ പ്രചാരണ പരിപാടികൾ, ഇപ്പോൾത്തന്നെ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു. ഗോളമെമ്പാടുമുള്ള പ്രതിരോധ കുത്തിവെപ്പു പരിപാടി വസൂരിയെ ഉന്മൂലനം ചെയ്തിരിക്കുന്നു—20-ാം നൂറ്റാണ്ടിലെ എല്ലാ യുദ്ധങ്ങളിലുംകൂടെ പൊലിഞ്ഞതിനെക്കാൾ കൂടുതൽ മനുഷ്യജീവൻ അപഹരിച്ച മാരകരോഗമാണിത്. ഇതുപോലെയുള്ള ഒരു പ്രചാരണ പരിപാടിയിലൂടെ പോളിയോയും ഏതാണ്ട് നിർമാർജനം ചെയ്യപ്പെട്ടിരിക്കുന്നു. (“വസൂരിക്കും പോളിയോയ്ക്കും എതിരെ വിജയംവരിക്കുന്നു” എന്ന ചതുരം കാണുക.) ജീവാപായം വരുത്തുന്ന നിരവധി സാധാരണ രോഗങ്ങളിൽനിന്നുള്ള സംരക്ഷണാർഥം ഒട്ടനവധി കുട്ടികൾക്ക് ഇന്നു പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നുണ്ട്.
ഇത്രയും ഒച്ചപ്പാടും ബഹളവുമൊന്നും ഇല്ലാതെതന്നെ മറ്റു ചില രോഗങ്ങളെയും വരുതിയിൽ കൊണ്ടുവന്നിട്ടുണ്ട്. ആവശ്യത്തിനു മാലിന്യനിർമാർജന സൗകര്യങ്ങളും സുരക്ഷിതമായ ജലവിതരണവും ഉള്ള സ്ഥലങ്ങളിൽ വെള്ളത്തിലൂടെ പകരുന്ന കോളറ പ്രശ്നം സൃഷ്ടിക്കുന്നതു വിരളമാണ്. അനേകം ദേശങ്ങളിലും ഡോക്ടർമാരും ആശുപത്രികളും കൂടുതലായി ലഭ്യമായതിനാൽ മിക്ക രോഗങ്ങളും കണ്ടുപിടിക്കുന്നതിനും അവ മാരകമാകുന്നതിനു മുമ്പുതന്നെ ചികിത്സിക്കുന്നതിനും കഴിയുന്നു. മെച്ചപ്പെട്ട ആഹാര ക്രമവും ജീവിത സാഹചര്യങ്ങളും, അതോടൊപ്പം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനു വഴിതെളിച്ചിരിക്കുന്നു.
സാംക്രമിക രോഗങ്ങളുടെ കാരണം ശാസ്ത്രജ്ഞർ ഒരിക്കൽ കണ്ടുപിടിച്ചാൽ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾത്തന്നെ അതിനു തടയിടുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കാൻ ആരോഗ്യ അധികൃതർക്ക് സാധിക്കുന്നു. ഒരു ഉദാഹരണം പരിചിന്തിക്കുക. 1907-ൽ സാൻ ഫ്രാൻസിസ്കോയിൽ പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിനാൽ വളരെ കുറച്ചുപേർക്കേ ജീവഹാനി സംഭവിച്ചുള്ളൂ. കാരണം രോഗം പരത്തുന്ന ചെള്ളുകളെ വഹിക്കുന്ന എലികളെ ഉന്മൂലനം ചെയ്യാനുള്ള വ്യാപകമായ നടപടി നഗരം ഉടനടി കൈക്കൊണ്ടു. നേരെ മറിച്ച്, 1896-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഇതേ രോഗം തുടർന്നുവന്ന 12 വർഷംകൊണ്ട് കൊന്നൊടുക്കിയത് ഒരുകോടി ആളുകളെ ആയിരുന്നു. ഈ ബാധയുടെ അടിസ്ഥാന കാരണം തിരിച്ചറിയാതെ പോയതു നിമിത്തമായിരുന്നു അത്.
രോഗത്തോടുള്ള പോരാട്ടത്തിലെ പരാജയങ്ങൾ
ഈ പോരാട്ടത്തിൽ നിർണായക വിജയങ്ങൾ നേടിയിട്ടുണ്ട് എന്നതു വ്യക്തമാണ്. എന്നാൽ, പൊതുജനാരോഗ്യം പരിരക്ഷിക്കുന്നതിൽ നേടിയിട്ടുള്ള ചില വിജയങ്ങൾ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളുടേതു മാത്രമാണ്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗങ്ങൾ, ദരിദ്ര രാജ്യങ്ങളിൽ വേണ്ടത്ര ഫണ്ട് ഇല്ല എന്ന കാരണത്താൽ മാത്രം ഇന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നു. വികസ്വര രാജ്യങ്ങളിൽ അനേകർക്കും മതിയായ മാലിന്യനിർമാർജന സൗകര്യമോ ആരോഗ്യപരിചരണമോ ശുദ്ധജലമോ ഇപ്പോഴും ലഭിക്കുന്നില്ല. വികസ്വര രാജ്യങ്ങളിലെ നാട്ടിൻപുറങ്ങളിൽനിന്ന് മഹാനഗരങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഈ അടിസ്ഥാന ആവശ്യങ്ങൾ പോലും ഏർപ്പെടുത്തിക്കൊടുക്കുക എന്നത് കൂടുതൽ ദുഷ്കരം ആക്കിത്തീർത്തിരിക്കുന്നു. ഈ ഘടകങ്ങൾ ഒത്തുചേരുമ്പോൾ ലോകാരോഗ്യ സംഘടനയുടെ വാക്കുകളിൽ പറഞ്ഞാൽ ലോകത്തിലെ ദരിദ്രജനത, “രോഗങ്ങളുടെ അമിത ദുരിതഭാരം പേറേണ്ടിവരുന്നു.”
സ്വാർഥതയുടെ ഫലമായുള്ള ദീർഘവീക്ഷണമില്ലായ്മയാണ് ആരോഗ്യരംഗത്തെ ഈ അസന്തുലിതാവസ്ഥയുടെ നാരായവേര്. “ലോകത്തിലെ ഏറ്റവും നികൃഷ്ട കൊലയാളികളായ ചില സാംക്രമിക രോഗങ്ങൾ വളരെ വിദൂരത്തായിരിക്കുന്നതു പോലെ തോന്നുന്നു” എന്ന് മനുഷ്യനും സൂക്ഷ്മാണുക്കളും എന്ന പുസ്തകം പറയുന്നു. “ഇവയിൽ ചിലത് പൂർണമായോ പ്രധാനമായോ ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലുമുള്ള ദരിദ്ര പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നു.” നേരിട്ടു ലാഭം കൊയ്യാൻ കഴിയാതിരുന്നേക്കാം എന്ന കാരണത്താൽ സമ്പന്നരായ വികസിത രാജ്യങ്ങളും മരുന്നു കമ്പനികളും ഈ രോഗങ്ങൾക്കുള്ള ചികിത്സാർഥം ഫണ്ടു നീക്കിവെക്കാൻ വൈമനസ്യം കാണിക്കുന്നു.
ഉത്തരവാദിത്വബോധം ഇല്ലാതെയുള്ള മനുഷ്യന്റെ പെരുമാറ്റവും വ്യാധികളുടെ വ്യാപനത്തിനു വഴിതെളിക്കുന്നു. ദുഃഖകരമായ ഈ യാഥാർഥ്യത്തിന്റെ മകുടോദാഹരണമാണ് മനുഷ്യന്റെ ശരീരദ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കു സംക്രമിക്കുന്ന എയ്ഡ്സ് വൈറസിന്റെ വ്യാപനം. കുറച്ചു വർഷങ്ങൾക്കുള്ളിൽ ഈ സമസ്ത വ്യാപക പകർച്ചവ്യാധി ഗോളത്തിന്റെ നാനാദിക്കിലേക്കും പടർന്നിരിക്കുന്നു. (“എയ്ഡ്സ്—നമ്മുടെ കാലത്തെ കൊടുംവിപത്ത്” എന്ന ചതുരം കാണുക.) “ഈ മഹാവ്യാധിയുടെ കാരണക്കാരൻ മനുഷ്യൻ തന്നെയാണ്” എന്ന് സാംക്രമികരോഗ ശാസ്ത്രജ്ഞനായ ജോ മക്കോർമിക് തീർത്തു പറയുന്നു. “ഇത് ആളുകളുടെ ധാർമിക നിലവാരത്തെ വിമർശിക്കാനല്ല, ഇതാണ് യഥാർഥ വസ്തുത.”
എങ്ങനെയാണ് മനുഷ്യൻ ബോധപൂർവമല്ലെങ്കിലും എയ്ഡ്സ് വൈറസ് സംക്രമിപ്പിക്കുന്നതിനു കാരണമായിത്തീർന്നത്? ദ കമിങ് പ്ലേഗ് എന്ന പുസ്തകം പിൻവരുന്ന ഘടകങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു: സാമൂഹിക മാറ്റങ്ങൾ—വിശേഷാൽ ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളത്—ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ഒരു വൻതരംഗംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇത്, വൈറസിനു താവളമുറപ്പിക്കുന്നത് എളുപ്പമാക്കിത്തീർക്കുകയും രോഗബാധയുള്ള ഒരു വ്യക്തിയിൽനിന്നു മറ്റു പല വ്യക്തികളിലേക്കും രോഗം പകരുന്നതിന് ഇടയാക്കുകയും ചെയ്തു. വികസ്വര രാജ്യങ്ങളിൽ മരുന്നുകൾ കുത്തിവെക്കുന്നതിന് മറ്റൊരാൾക്ക് ഉപയോഗിച്ച, മലിനമായ സൂചികൾ വ്യാപകമായി
ഉപയോഗിച്ചുവരുന്നതും മയക്കുമരുന്നുകൾ കുത്തിവെക്കുന്നതിന് ഇത്തരത്തിലുള്ള സൂചികൾ ഉപയോഗിക്കുന്നതും മേൽപ്പറഞ്ഞ അതേ ഫലം ഉളവാക്കിയിരിക്കുന്നു. ഗോളവ്യാപകമായി നടക്കുന്ന കോടിക്കണക്കിനു ഡോളറിന്റെ രക്തവ്യവസായവും എയ്ഡ്സ് വൈറസ് ഒരൊറ്റ ദാതാവിൽനിന്ന് അനവധി സ്വീകർത്താക്കളിലേക്കു പകരാൻ വഴിതെളിച്ചിരിക്കുന്നു.നേരത്തേ കണ്ടുകഴിഞ്ഞതുപോലെ, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും അവ വേണ്ടത്ര ഉപയോഗിക്കാത്തതും പ്രതിരോധശേഷി ആർജിച്ച സൂക്ഷ്മാണുക്കളുടെ രംഗപ്രവേശത്തിനു കാരണമായിട്ടുണ്ട്. ഈ പ്രശ്നം ഗുരുതരമാണ്, അത് ഒന്നിനൊന്നു വഷളാകുകയും ചെയ്യുന്നു. മുറിവുകളിൽ രോഗബാധയുണ്ടാക്കുന്ന സ്റ്റാഫിലോകോക്കസ് ബാക്ടീരിയയെ പെനിസിലിനിൽനിന്നു വേർതിരിച്ചെടുത്ത ഘടകങ്ങൾകൊണ്ട് മുമ്പ് എളുപ്പം നിർമാർജനം ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ഈ പഴയ ആന്റിബയോട്ടിക്കുകൾ പലപ്പോഴും ഫലരഹിതമെന്നു തെളിയുന്നു. അതുകൊണ്ട്, ഡോക്ടർമാർ പുതിയ, വിലകൂടിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു. ഇതിന്റെ ചെലവാകട്ടെ, പൊതുവെ വികസ്വര രാജ്യങ്ങളിലെ ആശുപത്രികൾക്കു താങ്ങാൻ പറ്റാത്തതാണുതാനും. ഇനി, ഏറ്റവും പുതിയ ആന്റിബയോട്ടിക്കുകൾക്കു പോലും ചില സൂക്ഷ്മാണുക്കളുടെ മുന്നിൽ അടിയറവു പറയേണ്ടിവന്നേക്കാം. ഇതുമൂലം, ആശുപത്രിയിൽനിന്നു പകരുന്ന രോഗബാധ കൂടുതൽ സാധാരണവും മാരകവുമായി മാറാനിടയുണ്ട്. ‘അലർജിക്കും സാംക്രമിക രോഗത്തിനുമുള്ള യു.എസ്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടി’ലെ മുൻ ഡയറക്ടറായ ഡോ. റിച്ചാർഡ് ക്രൗസെ ഇന്നു നാം “സൂക്ഷ്മാണുക്കളുടെ പ്രതിരോധശേഷിയാകുന്ന മഹാമാരി”യെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് തുറന്നു പറയുകയുണ്ടായി.
“ഇന്നു സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവോ?”
ഇന്ന്, 21-ാം നൂറ്റാണ്ടിന്റെ ഉദയത്തിൽ, രോഗങ്ങൾ ഉയർത്തുന്ന ഭീഷണി അപ്രത്യക്ഷമായിട്ടില്ല എന്നു വ്യക്തമായിരിക്കുന്നു. എയ്ഡ്സിന്റെ തീവ്ര വ്യാപനം, ഔഷധ-പ്രതിരോധ ശക്തിയുള്ള രോഗകാരികളുടെ രംഗപ്രവേശം, ക്ഷയം, മലമ്പനി തുടങ്ങിയ പഴയ കൊലയാളി രോഗങ്ങളുടെ തിരിച്ചുവരവ് എന്നിവ വെളിച്ചത്തുകൊണ്ടുവരുന്നത് രോഗവുമായുള്ള പോരാട്ടത്തിൽ നാം വിജയം വരിച്ചിട്ടില്ല എന്നുതന്നെയാണ്.
“ഒരു നൂറ്റാണ്ടുമുമ്പ് നാം ആയിരുന്നതിനെക്കാൾ ഇന്നു സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവോ?” എന്ന് നോബൽ സമ്മാനിതനായ ജോഷ്വാ ലെഡർബെർഗ് ചോദിക്കുകയുണ്ടായി. “മിക്ക സംഗതിയിലും നമ്മുടെ സ്ഥിതി വഷളായിരിക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. “നാം സൂക്ഷ്മാണുക്കളുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചു. ആ അശ്രദ്ധയുടെ ഫലം ഇപ്പോൾ ഒഴിയാബാധ പോലെ നമ്മെ പിന്തുടരുകയാണ്.” വൈദ്യശാസ്ത്രവും ലോകരാഷ്ട്രങ്ങളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയാൽ ഇപ്പോഴത്തെ തിരിച്ചടികളെ തരണം ചെയ്യാനാകുമോ? വസൂരി നിർമാർജനം ചെയ്തതുപോലെ ഇന്നത്തെ മുഖ്യ സാംക്രമിക രോഗങ്ങളെ ക്രമേണ ഉന്മൂലനം ചെയ്യാനാകുമോ? ഞങ്ങളുടെ ലേഖന പരമ്പരയിലെ അവസാന ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (g04 5/22)
[8-ാം പേജിലെ ചതുരം/ചിത്രം]
വസൂരിക്കും പോളിയോയ്ക്കും എതിരെ വിജയംവരിക്കുന്നു
സ്വാഭാവിക സംക്രമണത്തിലൂടെ പിടിപെട്ട വസൂരി ലോകാരോഗ്യ സംഘടന അവസാനമായി കണ്ടെത്തിയത് 1977 ഒക്ടോബർ അവസാനത്തിലാണ്. സൊമാലിയയിലുള്ള ഒരു ആശുപത്രിയിലെ പാചകക്കാരനായിരുന്ന അലി മൗ മാലിനായിരുന്നു രോഗം പിടിപെട്ടത്, പക്ഷേ അത് ഗുരുതരമായിരുന്നില്ല, ഏതാനും ആഴ്ചയ്ക്കുള്ളിൽ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവർക്കെല്ലാം വാക്സിൻ നൽകിയിരുന്നു.
തുടർന്നുവന്ന രണ്ടുവർഷം ഡോക്ടർമാർ മുൾമുനയിലായിരുന്നു. “സജീവമായ വസൂരി”യുടെ തെളിയിക്കപ്പെട്ട ഒരു കേസ് റിപ്പോർട്ടു ചെയ്യുന്നവർക്ക് 50,000 രൂപ സമ്മാനത്തുക പ്രഖ്യാപിക്കുകയുണ്ടായി. സമ്മാനത്തുക ആർക്കും നേടാനായില്ല. അങ്ങനെ 1980 മേയ് 8-ന്, “ഭൂലോകവും അതിലെ നിവാസികളും വസൂരിയുടെ പിടിയിൽനിന്നു മോചിതരായിരിക്കുന്നു” എന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. വെറും ഒരു ദശകം മുമ്പ് വർഷംതോറും വസൂരി അപഹരിച്ചുകൊണ്ടിരുന്നത് ഏകദേശം 20 ലക്ഷം മനുഷ്യജീവനായിരുന്നു. ചരിത്രത്തിൽ ആദ്യമായി, ഒരു കൊലയാളി സാംക്രമിക രോഗം വേരോടെ പിഴുതെറിയപ്പെട്ടു. a
കുട്ടികൾക്ക് ബലക്ഷയം വരുത്തുന്ന പോളിയോ അഥവാ പോളിയോമൈലറ്റിസ് എന്ന രോഗത്തെയും പടിക്കു പുറത്താക്കാൻ കഴിയും എന്നതിന്റെ ശുഭസൂചനകൾ തെളിഞ്ഞു. 1955-ൽ യൊനാസ് സൾക്ക് പോളിയോയ്ക്ക് ഒരു ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചു. പോളിയോയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രചാരണ പരിപാടിക്ക് ഐക്യനാടുകളിലും മറ്റു രാജ്യങ്ങളിലും തുടക്കം കുറിച്ചു. പിന്നീട് ഒരു തുള്ളിമരുന്ന് വികസിപ്പിച്ചെടുക്കുകയുണ്ടായി. പോളിയോ നിർമാർജനത്തിനായുള്ള ഒരു ലോകവ്യാപക സംരംഭത്തിന് 1988-ൽ ലോകാരോഗ്യ സംഘടന സമാരംഭം കുറിച്ചു.
“പോളിയോ നിർമാർജന പരിപാടിക്ക് നാം 1988-ൽ തുടക്കമിട്ട സമയത്ത്, ഓരോ ദിവസവും പോളിയോ ബാധിച്ചു തളരുന്ന കുട്ടികളുടെ എണ്ണം 1,000-ത്തിലേറെ ആയിരുന്നു” എന്ന് ലോകാരോഗ്യ സംഘടനയുടെ അന്നത്തെ ഡയറക്ടർ ജനറലായിരുന്ന ഡോ. ഗ്രോ ഹാർലെം ബ്രൺഡ്ലാൻഡ് റിപ്പോർട്ടു ചെയ്യുന്നു. “2001 എന്ന വർഷത്തിൽ ആകെമൊത്തം 1,000-ത്തിൽ താഴെ പോളിയോ കേസുകളേ ഉണ്ടായിരുന്നുള്ളൂ.” ഇന്ന് പോളിയോ ബാധയുള്ള രാജ്യങ്ങളുടെ എണ്ണം വെറും പത്തിൽ താഴെയാണ്. എന്നിരുന്നാലും, പോളിയോയെ നിശ്ശേഷം ഇല്ലാതാക്കണമെങ്കിൽ ഈ രാജ്യങ്ങൾക്ക് കൂടുതൽ ഫണ്ട് വേണ്ടിവരും.
[അടിക്കുറിപ്പ്]
a ഒരു അന്താരാഷ്ട്ര വാക്സിനേഷൻ പ്രചാരണ പരിപാടിയിലൂടെ പ്രതിരോധിക്കാൻ പറ്റിയ രോഗമായിരുന്നു വസൂരി. കാരണം, ഇത് എലികൾ, പ്രാണികൾ മുതലായ കുഴപ്പക്കാരായ രോഗവാഹകർ പരത്തുന്ന ഒരു രോഗമല്ല. വസൂരി വൈറസിന്റെ താവളം മനുഷ്യ ശരീരത്തിനുള്ളിലാണ്.
[ചിത്രം]
എത്യോപ്യയിലെ ഒരു ആൺകുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നു
[കടപ്പാട്]
© WHO/P. Virot
[10-ാം പേജിലെ ചതുരം/ചിത്രം]
എയ്ഡ്സ്—നമ്മുടെ കാലത്തെ കൊടുംവിപത്ത്
ഭൂഗോളത്തെ മഥിക്കുന്ന ഒരു പുതിയ ഭീഷണിയാണ് എയ്ഡ്സ്. ഇതു കണ്ടുപിടിച്ച് ഏതാണ്ട് 20 വർഷങ്ങൾക്കുള്ളിൽത്തന്നെ ആറുകോടിയിൽ അധികം പേർ രോഗബാധിതരായിരിക്കുന്നു. എയ്ഡ്സ് എന്ന സമസ്ത വ്യാപക പകർച്ചവ്യാധി ഇപ്പോഴും അതിന്റെ “ശൈശവ ദശയിലാണെന്ന്” ആരോഗ്യ അധികൃതർ മുന്നറിയിപ്പു തരുന്നു. രോഗസംക്രമണ നിരക്ക് “മുമ്പു വിചാരിച്ചിരുന്നതിനെക്കാൾ കുതിച്ചുയർന്നിരിക്കുന്നു.” ഈ മഹാവ്യാധി തേർവാഴ്ച നടത്തിയിട്ടുള്ള പ്രദേശങ്ങളിലെ സ്ഥിതി അതിദാരുണമാണ്.
“ലോകവ്യാപകമായി എച്ച്ഐവി/എയ്ഡ്സ് ബാധിതരായ ആളുകളുടെ വലിയ ഒരു പങ്ക് കാര്യക്ഷമതയോടെ തൊഴിൽ ചെയ്യാവുന്ന പ്രായക്കാരാണ്” എന്ന് ഒരു ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട് പറയുന്നു. ഫലമോ? തെക്കൻ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾക്ക് തൊഴിൽ ചെയ്യാൻ പ്രാപ്തരായവരുടെ 10 മുതൽ 20 വരെ ശതമാനത്തെ 2005-ാം ആണ്ടോടെ നഷ്ടമാകും എന്നു കരുതപ്പെടുന്നു. “സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 47 വർഷമാണ്. എന്നാൽ എയ്ഡ്സ് ഇല്ലായിരുന്നെങ്കിൽ അത് 62 വർഷം ആയിരിക്കുമായിരുന്നു.”
ഇതിന് ഒരു വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളെല്ലാം ഇതുവരെ നിഷ്ഫലമെന്നു തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല, വികസ്വര രാജ്യങ്ങളിലെ 60 ലക്ഷം എയ്ഡ്സ് ബാധിതരിൽ വെറും 4 ശതമാനത്തിനാണ് ചികിത്സ ലഭിക്കുന്നത്. ഇതുവരെ എയ്ഡ്സിന് യാതൊരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. ഇപ്പോൾ വൈറസ് ബാധിതരായ മിക്കവരെയും ക്രമേണ ഈ മഹാവ്യാധി ഗ്രസിക്കും എന്നു ഡോക്ടർമാർ വിശ്വസിക്കുന്നു.
[ചിത്രം]
എച്ച്ഐവി വൈറസ് ബാധിച്ച റ്റി ലിംഫോസൈറ്റ് കോശങ്ങൾ
[കടപ്പാട്]
Godo-Foto
[7-ാം പേജിലെ ചിത്രം]
കീഴ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഒരിനം വൈറസിനെ പരിശോധിക്കുന്ന ഒരു ലാബ് ജോലിക്കാരൻ
[കടപ്പാട്]
CDC/Anthony Sanchez