ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സമുദ്രസഞ്ചാരം നടത്തുന്ന പ്ലാസ്റ്റിക് താറാവുകൾ
1992 ജനുവരിയിൽ ഹോങ്കോങ്ങിൽനിന്ന് അമേരിക്കൻ ഐക്യനാടുകളിലേക്കു പോവുകയായിരുന്ന ഒരു കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് 29,000 പ്ലാസ്റ്റിക് താറാവുകളടങ്ങിയ ചരക്ക് കപ്പലിൽനിന്നു നഷ്ടപ്പെട്ടതായി ജർമനിയിലെ ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന റ്റ്സൈറ്റുങ് വിശദീകരിക്കുന്നു. 1992 നവംബറിൽ അലാസ്കയിലെ ബാരണോഫ് ദ്വീപിലാണ് ഈ താറാവുകളിൽ ചിലതിനെ ആദ്യമായി കണ്ടത്. അപകടമുണ്ടായി രണ്ടു വർഷത്തിനുശേഷം ബെറിങ് കടലിടുക്കിനു വടക്കായി പൊന്തിക്കിടക്കുന്ന ഹിമശകലങ്ങളിൽ ഇവയിൽ ചിലതിനെ കണ്ടെത്തി. അസാധാരണമാംവിധം ഉറപ്പുള്ള ഈ കളിപ്പാട്ടങ്ങൾ വടക്കേ അമേരിക്കയുടെ ന്യൂ ഇംഗ്ലണ്ട് തീരത്തും എത്തിച്ചേരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. രസകരമെന്നു പറയട്ടെ, ഈ അപകടം ശാസ്ത്രജ്ഞർക്ക് സഹായകമായി ഭവിച്ചു. “സമുദ്രജലം പസിഫിക്കിൽനിന്നു നേരെ ആർട്ടിക് സമുദ്രത്തിലേക്കും അറ്റ്ലാന്റിക്കിലേക്കും ഒഴുകുന്നു” എന്ന സിദ്ധാന്തത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാൻ അത് സഹായകമായി എന്നു പത്രം പറയുന്നു.(g04 5/8)
നിക്കോട്ടിൻ ആസക്തി—ദ്രുതഗതിയിൽ
“ഒരു പ്രാവശ്യം ഉള്ളിലേക്കെടുക്കുന്ന സിഗററ്റു പുക മാത്രം മതി ഒരു കൗമാരക്കാരനിൽ ആസക്തി ഉളവാക്കാൻ” എന്ന് കാനഡയിലെ നാഷണൽ പോസ്റ്റ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “നിരവധി വർഷത്തെ നിരന്തര ഉപയോഗത്തിനുശേഷം സാവധാനം മാത്രമേ നിക്കോട്ടിൻ ആസക്തി ഉണ്ടാകൂ എന്ന നിലവിലുള്ള ധാരണയെ തകിടം മറിക്കുന്നതാണ് ഈ അസാധാരണ കണ്ടെത്തൽ.” 1,200 കൗമാരക്കാരിൽ ഏകദേശം ആറു വർഷം പഠനം നടത്തിയതിനുശേഷം “അപൂർവമായി മാത്രം പുകവലിച്ചിട്ടുള്ളവരിൽ പോലും ജഡിക ആസക്തിയാണ് സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തെക്കാൾ ഏറെ ശക്തമായ സ്വാധീനമെന്ന് ഗവേഷകർ കണ്ടെത്തി,” പത്രം പറയുന്നു. “പുകവലിക്കുന്ന മിക്ക ചെറുപ്പക്കാരിലും ആദ്യമായി പുകവലിക്കുന്നതിനും ദിവസേനയുള്ള പുകവലി തുടങ്ങുന്നതിനും ഇടയിലുള്ള കാലയളവിൽ നിക്കോട്ടിൻ ആസക്തിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു” എന്നു പഠനം വെളിപ്പെടുത്തി. പുകവലിക്കാനുള്ള സമ്മർദത്തെ നേരിടാൻ ചെറുപ്പക്കാരെ സഹായിക്കാൻ മാത്രമല്ല, പുകവലിച്ചിട്ടുള്ളവരെ നിക്കോട്ടിൻ ആസക്തിയിൽനിന്നു മോചനം നേടാൻ സഹായിക്കാനും പുകവലിവിരുദ്ധ പ്രചാരണ പരിപാടികൾ ലക്ഷ്യം വെക്കേണ്ടതുണ്ടെന്ന് ഗവേഷകർ നിർദേശിച്ചു.(g04 5/22)
തെരുവിൽ അലയുന്ന കൗമാരം
“മാഡ്രിഡിലെ തെരുവുകളിൽ ജീവിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം വർധിക്കുകയാണ്,” സ്പാനിഷ് വർത്തമാനപത്രമായ എൽ പായിസിന്റെ ഇംഗ്ലീഷ് പതിപ്പ് റിപ്പോർട്ടു ചെയ്യുന്നു. ഒരു സർവകലാശാല നടത്തിയ പഠനമനുസരിച്ച് “മാഡ്രിഡിലെ 5,000 ഭവനരഹിതരിൽ ഏകദേശം 1,250 പേർ 20-ൽ താഴെ പ്രായമുള്ളപ്പോൾ തെരുവിൽ എത്തിയവരാണ്.” “ഭവനരഹിതരായ ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷവും തകർന്ന കുടുംബങ്ങളിൽനിന്നുള്ളവർ ആണെന്നും അത് ഉളവാക്കിയ വൈകാരിക പീഡയുടെ ഇരകളാണെന്നും” ഗവേഷണം വെളിപ്പെടുത്തി. വാസ്തവത്തിൽ “മൂന്നിൽ രണ്ടു കുട്ടികളുടെയും മാതാപിതാക്കൾ മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളായിരുന്നു, സമാനമായ എണ്ണം കുടുംബാംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു.” “മെഡിറ്ററേനിയൻ സംസ്കാരങ്ങളുടെ മുഖമുദ്രയായ കെട്ടുറപ്പുള്ള പരമ്പരാഗത കുടുംബബന്ധങ്ങൾക്ക് ഇളക്കംതട്ടിത്തുടങ്ങിയിരിക്കുന്നു,” ഈ റിപ്പോർട്ടിന്റെ എഴുത്തുകാരിൽ ഒരാളായ മാൻവെൽ മൂന്യോസ് പറഞ്ഞു. (g04 5/8)
തടിയുള്ളവർക്കായി ഒരു കടൽത്തീരം
വണ്ണം കുറഞ്ഞ ആളുകൾ നിറഞ്ഞ കടൽത്തീരത്തു പോകാൻ മടിക്കുന്ന ആളുകൾക്കുവേണ്ടി മെക്സിക്കോയിലെ ഒരു ഹോട്ടലിൽ ഒരു ഭാഗം നീക്കിവെച്ചിരിക്കുന്നു എന്ന് എൽ ഇക്കൊണോമിസ്റ്റ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “വണ്ണമുള്ളവരായിരിക്കുക, സന്തുഷ്ടരായിരിക്കുക” എന്നതാണ് കാൺകൂണിലെ കടൽത്തീരത്തിനടുത്തുള്ള ഈ ഹോട്ടൽ സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം. “തങ്ങളുടെ അമിതവണ്ണം നിമിത്തം സ്നാനവസ്ത്രം ധരിച്ച് കടൽത്തീരത്തു പോകാൻ മടിയുള്ളവരെ ആകർഷിക്കുക”യാണ് ഹോട്ടലിന്റെ ലക്ഷ്യം. “നിത്യജീവിതത്തിൽ, അല്ലാതെതന്നെ വലിയ വിവേചനം നേരിടുന്ന” ഇക്കൂട്ടർ അവധിക്കാലം ചെലവഴിക്കാൻ എത്തുമ്പോൾ യാതൊരു വിവേചനവും കൂടാതെ അവരോടു പെരുമാറാൻ ഹോട്ടൽ ജീവനക്കാർക്കു (ഇതിൽ വണ്ണം ഉള്ളവരും ഇല്ലാത്തവരും പെടും) പരിശീലനം നൽകുന്നുവെന്ന് റിപ്പോർട്ടു പറയുന്നു. (g04 5/8)
മെഡിറ്ററേനിയൻ സമുദ്രത്തിനു ചൂടുകൂടുന്നു
“പത്തു വർഷമായി മെഡിറ്ററേനിയനിലെ താപവർധന . . . ഞങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്,” ഇറ്റലിയിലെ ജനോവ സർവകലാശാലയിലെ സമുദ്ര ജീവശാസ്ത്രജ്ഞനായ മൗറിറ്റ്സ്യോ വുയീർറ്റ്സ് പറയുന്നു. ചൂടു കൂടുതലുള്ള വെള്ളം പുതിയ ജലസസ്യങ്ങളെയും ജന്തുക്കളെയും ആകർഷിക്കുന്നു എന്ന് ഇറ്റലിയിലെ ലാ റേപൂബ്ലികാ വർത്തമാനപത്രത്തിലെ റിപ്പോർട്ട് വിശദീകരിക്കുന്നു. “വ്യത്യസ്ത ജീവിവർഗങ്ങൾ ധാരാളമായി ആഫ്രിക്കൻ തീരത്തുനിന്ന് മെഡിറ്ററേനിയന്റെ വടക്കു ഭാഗത്തേക്കു നീങ്ങുകയാണ്,” വുയീർറ്റ്സ് തുടരുന്നു. ഈ കുടിയേറ്റക്കാരിൽ ഉഷ്ണമേഖലാ ജലാശയങ്ങളിൽ നിന്നുള്ള തത്തമത്സ്യം, അറ്റ്ലാന്റിക്കിലെ ഉഷ്ണമേഖലയിൽ നിന്നുള്ള ഡാംസെൽമത്സ്യം, സാധാരണമായി ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് സമുദ്രത്തിലും ജീവിക്കുന്ന ട്രിഗർമത്സ്യം, സൂയസ് കനാലിലൂടെ മെഡിറ്ററേനിയനിലേക്കു വന്നിട്ടുള്ള ഒരു ആൽഗ എന്നിവയെല്ലാം ഉൾപ്പെടുന്നു. (g04 5/8)
വിപത്കരമായ ഉപദേശം
“1970-കൾ വരെ ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും [ഇന്ത്യ] ജനങ്ങൾ വെള്ളം ശേഖരിച്ചിരുന്നത് ആഴം കുറഞ്ഞ കിണറുകൾ, കുളങ്ങൾ, നദികൾ എന്നിവിടങ്ങളിൽ നിന്നാണ്. കോളറയും അതിസാരവും മറ്റു ജലജന്യ രോഗങ്ങളും ഇവിടെ തുടർക്കഥയായിരുന്നു,” ദ ഗാർഡിയൻ വീക്ക്ലി പറയുന്നു. “ശുദ്ധവും രോഗാണുമുക്തവുമായ വെള്ളം കിട്ടാൻ ജലഭരങ്ങളിൽ (അധികം സുഷിരങ്ങൾ ഉള്ള ജലവാഹികളായ പാറകളുടെ കൂട്ടം) കുഴൽ കിണർ നിർമിക്കാൻ ഐക്യരാഷ്ട്രങ്ങൾ ജനങ്ങളെ ഉപദേശിച്ചു.” ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, ബർമ (ഇപ്പോൾ മ്യാൻമാർ), തായ്ലൻഡ്, നേപ്പാൾ, ചൈന, പാകിസ്ഥാൻ, കംബോഡിയ എന്നിവിടങ്ങളിലും പശ്ചിമ ബംഗാളിലുമായി രണ്ടു കോടിയോളം കുഴൽ കിണറുകളാണ് നിർമിക്കപ്പെട്ടത്. എന്നാൽ, മിക്ക കിണറുകളും ഉപരിതലത്തിൽനിന്നു വളരെ ആഴത്തിൽ ആഴ്സനിക് അടങ്ങിയ ഊറൽ നിക്ഷേപങ്ങളോളം ചെന്നെത്തി. “ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിഷബാധ” എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വ്യാപകമായ ആഴ്സനിക് വിഷബാധയായിരുന്നു ഫലം. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏകദേശം 15 കോടി ആളുകളാണ് വിഷലിപ്തമായ ജലം കുടിച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിൽ മാത്രം ഗുരുതരമായ ആഴ്സനിക് വിഷബാധയുടെ 15,000 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സംഘങ്ങളും ഗവൺമെന്റുകളും ഐക്യരാഷ്ട്രങ്ങളുമെല്ലാം പല ഉപാധികളും പരിഗണിക്കുന്നുണ്ട്. എന്നാൽ ഒരു പ്രായോഗിക പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ല. (g04 5/22)
കുട്ടികളുടെ ആത്മഹത്യാപ്രവണതയ്ക്ക് എതിരെ ജാഗ്രത
“ആത്മഹത്യ ചെയ്യുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന കുട്ടികളിൽ എൺപതു ശതമാനവും ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുമ്പേ അതേക്കുറിച്ചു പറയുകയോ എഴുതുകയോ ചെയ്യാറുണ്ട്,” മെക്സിക്കോ നഗരത്തിലെ ഒരു വർത്തമാനപത്രമായ മിലെന്യോ റിപ്പോർട്ടു ചെയ്യുന്നു. ജീവൻ വെടിയാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ശാരീരികമോ വാചികമോ വൈകാരികമോ ആയ ദുഷ്പെരുമാറ്റം, ലൈംഗിക പീഡനം, കുടുംബത്തകർച്ച, സ്കൂളിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ ആകാം. മെക്സിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റിയിലെ മനശ്ശാസ്ത്ര വിദഗ്ധനായ ഹോസേ ലൂയിസ് ബാസ്ക്കെസിന്റെ അഭിപ്രായത്തിൽ ടെലിവിഷൻ, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ മരണം ഒരു നിത്യസംഭവമായി കുട്ടികളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ജീവിതത്തിന്റെ മൂല്യം സംബന്ധിച്ച് അവർക്ക് തികച്ചും തെറ്റായ ധാരണയാണുള്ളത്. എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള 100 കുട്ടികളിൽ 15 പേരും ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്നുവെന്നും അവരിൽ അഞ്ചു ശതമാനം ജീവനൊടുക്കുന്നതിൽ വിജയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കുട്ടികൾ ആത്മഹത്യയെ കുറിച്ചു സംസാരിക്കുന്നെങ്കിൽ കേവലം ഭീഷണിയായോ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമായോ വീക്ഷിക്കാതെ ജാഗ്രതയോടെയിരിക്കാൻ പത്രം നിർദേശിക്കുന്നു. അത് ഇങ്ങനെ തുടരുന്നു: “മാതാപിതാക്കൾ കുട്ടികളോടൊത്തു സമയം ചെലവിടുകയും അവരോടൊത്തു കളിക്കുകയും വേണം. സദാ സ്നേഹം പ്രകടിപ്പിക്കുകയും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യണം.” (g04 5/22)
കോപിക്കുന്നത് നിങ്ങൾക്കു നന്നല്ല
ഇറ്റലിയിലെ പാജുവ സർവകലാശാലയിലെ ഒരു മനശ്ശാസ്ത്ര അധ്യാപികയായ വാലാന്റീനാ ഡൂർസോ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കോപം നമ്മുടെ സമൂഹത്തിൽ എന്നും വർധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പക്ഷേ അതു ശരീരത്തിൽ ഉളവാക്കുന്ന ഫലം തികച്ചും ദോഷകരമാണ്.” പേശികൾക്കുണ്ടാകുന്ന പിരിമുറുക്കം, വർധിച്ച ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും, ശരീരത്തിന് അനുഭവപ്പെടുന്ന സംഘർഷം എന്നിവ അവയിൽ ചിലതാണ്. ന്യായയുക്തത പ്രകടിപ്പിക്കാനും തന്റെ പ്രവൃത്തികളെ നിയന്ത്രിക്കാനുമുള്ള ഒരുവന്റെ പ്രാപ്തിയെ കോപം തകരാറിലാക്കും. “കോപം ഇളക്കിവിടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടിക്കാണുക . . . ‘ഞാൻ യോജിക്കുന്നില്ല’ എന്നു ശാന്തമായി തുറന്നുപറയുക, അതു ജീവിതം മെച്ചപ്പെടുത്തും,” ഡൂർസോ നിർദേശിക്കുന്നു. (g04 5/22)