സ്ഫടിക ദ്വീപിലേക്ക് ഒരു സന്ദർശനം
സ്ഫടിക ദ്വീപിലേക്ക് ഒരു സന്ദർശനം
ഇറ്റലിയിലെ ഉണരുക! ലേഖകൻ
നിപുണനായ ഒരു കരകൗശലപ്പണിക്കാരൻ തിളച്ചുമറിയുന്ന ചൂളയുടെ ഒരു വശത്തുള്ള ചെറിയ ദ്വാരത്തിലേക്ക് തന്റെ നീണ്ട ലോഹക്കുഴൽ കടത്തുന്നു. അയാൾ ചൂളയിൽനിന്ന് കുഴൽത്തുമ്പിൽ കോരിയെടുക്കുന്ന ഉരുകിയ ഗ്ലാസ്സ് പിണ്ഡം അസ്തമയ സൂര്യനെപ്പോലെ ജ്വലിക്കുന്നു. കോരിയെടുക്കുമ്പോൾ ചൂളയ്ക്കും ലോഹക്കുഴലിനും ഇടയിൽ ദൃശ്യമാകുന്ന തീനിറമുള്ള ഒരു നേർത്ത തന്തു പൊടുന്നനെ അപ്രത്യക്ഷമാകുന്നു. സമർഥനായ ആ കരവേലക്കാരൻ ചൂളയിൽനിന്നെടുത്ത ഉരുകിയ ഗ്ലാസ്സ് പിണ്ഡത്തെ ഒരു ലോഹമേശയിൽ വെച്ച് ഉരുട്ടുന്നു. ഇപ്പോഴിതാ ഗോളാകൃതിയിലായിരുന്ന ഉരുകിയ ഗ്ലാസ്സ് ഒരു സിലിണ്ടർ ആകൃതി കൈവരിക്കുന്നു. ലോഹക്കുഴലിലൂടെ ഒന്ന് ഊതിക്കൊണ്ട് അദ്ദേഹം അതിനെ വീർപ്പിക്കുന്നു. പിന്നെ, അത് വീണ്ടും ഉരുട്ടുന്നു, എന്നിട്ട് അത് ഉയർത്തിനോക്കി പരിശോധിച്ചിട്ട് തിരികെ ചൂളയിലേക്ക് ഇടുന്നു.
ഞങ്ങൾ ഇപ്പോൾ മുരാനോയിലാണ്. ഇറ്റലിയിലെ വെനീസിലുള്ള ഒരു കൊച്ചു കായൽദ്വീപാണിത്. ഈ ദ്വീപ് സ്ഫടിക ഉത്പന്നങ്ങൾക്കു കേൾവികേട്ടതാണ്. ഈ പ്രദേശത്ത് ഗ്ലാസ്സ് ഊതിവീർപ്പിക്കൽ പ്രക്രിയ തുടങ്ങിയിട്ട് 1,000-ത്തിലേറെ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അടുത്തുള്ള ഒരു കായൽദ്വീപായ ടോർച്ചെല്ലോയിൽ പൊതുയുഗം (പൊ.യു.) ഏഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഒരു ഗ്ലാസ്സ് ഫാക്ടറിയുടെ അവശിഷ്ടങ്ങൾ കാണാം. എന്നിരുന്നാലും, വെനീസിന്റെ സ്വന്തം സ്ഫടിക നിർമിതിയെ കുറിച്ചുള്ള ആദ്യതെളിവ് പൊ.യു. 982-ലെ ഒരു ആധാരമാണ്. “ഡൊമിനിക് എന്ന സ്ഫടിക നിർമാതാവ്” പ്രസ്തുത ആധാരത്തിൽ ഒരു സാക്ഷിയായിരുന്നു.
1224-ാം ആണ്ടോടെ വെനീസിലെ സ്ഫടിക നിർമാതാക്കൾ ഒരു തൊഴിലാളിസംഘത്തിനുതന്നെ രൂപം നൽകിയിരുന്നു. 1291-ൽ, ഗ്ലാസ്സ് ചൂളകളെല്ലാം നഗരത്തിൽനിന്നു പറിച്ചുനടാൻ വെനീസ് മഹാസഭ ഉത്തരവിട്ടു. സുരക്ഷാകാരണങ്ങൾ നിമിത്തമായിരുന്നിരിക്കാം ഇത്. ഒട്ടേറെപ്പേർ അവിടെനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള കായൽദ്വീപായ മുരാനോയിലേക്ക് കുടിയേറി, പിന്നീടുള്ള കാലം അവർ ഇവിടെത്തന്നെ തുടർന്നു.
വിഖ്യാതമായിരിക്കുന്നത് എന്തുകൊണ്ട്?
പൗരാണിക കാലം മുതൽക്കേ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗ്ലാസ്സ് നിർമിച്ചുപോരുന്ന സ്ഥിതിക്ക് മുരാനോ ഗ്ലാസ്സിനെ അഥവാ വെനീഷ്യൻ ഗ്ലാസ്സിനെ ഇത്ര വിശ്രുതമാക്കുന്നത് എന്താണ്? ഈജിപ്ത്, ഫിനീഷ്യ, സിറിയ, ഒരു ബൈസാന്റിയൻ പ്രവിശ്യയായിരുന്ന കൊരിന്ത് എന്നീ പ്രദേശങ്ങളുമായി വെനീസ് പതിവായി സമ്പർക്കത്തിൽ വന്നിരുന്നു. ഈ പ്രദേശങ്ങൾക്കാകട്ടെ ഗ്ലാസ്സ് ഊതിവീർപ്പിക്കൽ പ്രക്രിയയിൽ ദീർഘകാലത്തെ പാരമ്പര്യമുണ്ടായിരുന്നു. തത്ഫലമായി വെനീസിലെ സ്ഫടിക നിർമാതാക്കൾക്ക് തങ്ങളുടെ കലാനൈപുണ്യം ഒന്നിനൊന്നു സ്ഫുടം ചെയ്തെടുക്കുന്നതിനു കഴിഞ്ഞെന്നു വിശ്വസിക്കപ്പെടുന്നു. വാസ്തവത്തിൽ, അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും പഴയ വെനീഷ്യൻ ഫാക്ടറികളിലെ സ്ഫടികനിർമാണ രീതിക്കും ഉത്പന്നങ്ങൾക്കും അവർ പൗരസ്ത്യ സ്ഫടിക നിർമാതാക്കളോടു വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നു. സ്ഫടിക നിർമാണത്തിൽ മുരാനോ അവലംബിച്ച രീതികൾ ഈ ദ്വീപിനെ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ ഒരുപക്ഷേ യൂറോപ്പിലെ മറ്റു
സ്ഫടികനിർമാണ കേന്ദ്രങ്ങൾക്ക് ഒരിക്കലും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ലാത്ത ഉയരങ്ങളിലെത്തിച്ചു.13-ഉം 14-ഉം നൂറ്റാണ്ടുകളിലെ യൂറോപ്പിൽ, “ഊതിവീർപ്പിക്കൽ പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഗ്ലാസ്സിൽ ‘കലാസൃഷ്ടി’ നടത്താൻ കഴിഞ്ഞിരുന്ന ഒരേയൊരു സ്ഫടികനിർമാണ കേന്ദ്രം” വെനീസ് ആയിരുന്നു എന്ന് മുരാനോയിലെ ഗ്ലാസ്സ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വെനീഷ്യൻ ഉത്പന്നങ്ങൾ വിപുലവ്യാപകമായി—പൂർവ മെഡിറ്ററേനിയനിലേക്കും ഉത്തര യൂറോപ്പിലേക്കും മറ്റും—കയറ്റുമതി ചെയ്തിരുന്നു. 1399-ൽ ഇംഗ്ലണ്ടിലെ റിച്ചാർഡ് രണ്ടാമൻ രാജാവ്, സ്ഫടികവസ്തുക്കളുടെ വിൽപ്പനയ്ക്കായി ലണ്ടൻ തുറമുഖത്തു നങ്കൂരമിടാൻ രണ്ടു വെനീഷ്യൻ കപ്പലുകൾക്ക് അനുവാദം നൽകുകയുണ്ടായി. ആ കാലയളവിൽ, ഫ്രഞ്ച് കുലീനരുടെ സ്വത്തുവകകളിൽ വെനീഷ്യൻ ഗ്ലാസ്സ് ഉത്പന്നങ്ങളും ഉണ്ടായിരുന്നു. കാലക്രമേണ കണ്ണാടികൾ, ബഹുശാഖാവിളക്കുകൾ, നിറമുള്ള സ്ഫടികവസ്തുക്കൾ, സ്വർണവും ഇനാമലും കൊണ്ടുള്ള അലങ്കാരപ്പണികൾ, പളുങ്ക്, കൃത്രിമ രത്നക്കല്ലുകൾ, അതിസൂക്ഷ്മമായ പണികൾ ചെയ്ത തണ്ടുകളോടുകൂടിയ പാനപാത്രങ്ങൾ, അതുപോലെ കമനീയ രൂപമാതൃകകളിലുള്ള മറ്റു വസ്തുക്കൾ എന്നിവയ്ക്കെല്ലാം മുരാനോ കീർത്തിയാർജിച്ചു.
മറ്റിടങ്ങളിലെ ഫാക്ടറികൾ ഇത്ര ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമിക്കാതിരിക്കാനായി കച്ചവട രഹസ്യങ്ങൾ അതീവ ജാഗ്രതയോടെ വെനീസ് കാത്തുസൂക്ഷിച്ചു. 13-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ, മറ്റു പ്രദേശങ്ങളിലേക്കു പോകുന്നതിൽനിന്ന് സ്ഫടിക നിർമാതാക്കൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. സുരക്ഷാനടപടികൾ കൂടുതൽ കർശനമാക്കി. തികഞ്ഞ മുരാനോ പൗരത്വം ഉണ്ടെങ്കിൽ മാത്രമേ സ്ഫടിക നിർമാതാവോ തൊഴിൽപരിശീലനം നേടുന്നവനോ ആയി ജോലിചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. ഒരിക്കൽ, ആ പ്രദേശത്തുനിന്നും പലായനം ചെയ്ത സ്ഫടിക നിർമാതാക്കളെ പിടികൂടുകയും കനത്ത പിഴ ചുമത്തി, കാലിൽ ചങ്ങലയിട്ട് അഞ്ചുവർഷം കപ്പൽത്തുഴക്കാരായി പണിയെടുപ്പിക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെ ആയിരുന്നിട്ടും, സ്ഫടിക നിർമാതാക്കൾ നിയമവിരുദ്ധമായി ഇറ്റലിയിലും യൂറോപ്പിലും ആകമാനം കുടിയേറുകയും മുരാനോയിലെ അതേ നിർമാണരീതികൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിച്ച് മുരാനോയോടു കിടപിടിക്കുകയും ചെയ്തു. പലപ്പോഴും മുരാനോയുടെ ഉത്പന്നങ്ങളിൽനിന്ന് ഇവയെ തിരിച്ചറിയാനേ കഴിയില്ലായിരുന്നു. ആ ലാ ഫാസൊൺ ഡെ വെനീസ് അഥവാ വെനീഷ്യൻ സ്റ്റൈൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
വെനീഷ്യൻ കലാവിരുത് അതിന്റെ കൊടുമുടിയിൽ എത്തിയത് 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ ആയിരുന്നു. മുരാനോ അതിന്റെ, അതിസൂക്ഷ്മതയോടെ സ്ഫുടം ചെയ്തെടുത്ത പളുങ്ക്, ഇനാമൽ പണിചെയ്ത ഉത്പന്നങ്ങൾ, അതാര്യമായ ലാറ്റിമോ (പാൽനിറമുള്ള ഗ്ലാസ്സ്), റെറ്റിചെല്ലോ (ലേസ്പണികളുള്ള ഗ്ലാസ്സ്) എന്നിങ്ങനെ വിശേഷതരമായ ഉത്പന്നങ്ങളാൽ—ഇവ ചിലതുമാത്രം—വിപണി അടക്കിവാഴുകയും ഈ ഉത്പന്നങ്ങൾ രാജാക്കന്മാരുടെ വിരുന്നുമേശകൾ അലങ്കരിക്കുകയും ചെയ്തു.
“ചൂളകൾ സജീവമായശേഷം, കായലിൽ എത്തുന്ന കുതുകിയായ ഒരു സഞ്ചാരിപോലും അവ സന്ദർശിക്കാതിരിക്കുമായിരുന്നില്ല” എന്ന് ഒരു സ്ഫടിക-കലാ ചരിത്രകാരി പറയുന്നു. ഞങ്ങളും അവ സന്ദർശിക്കാൻ തീരുമാനിച്ചു. ഈ വൈകുന്നേരം ഞങ്ങൾ, വപോറെറ്റോ എന്നറിയപ്പെടുന്ന, ഒരു കനാൽ ബസ്സിൽ ഗ്രാൻഡ് കനാലിൽനിന്ന് മുരാനോയിലേക്കു പോവുകയാണ്. നിങ്ങളും ഞങ്ങളോടൊപ്പം കൂടിക്കോളൂ.
ചൂളകളും ഷോറൂമുകളും
മുരാനോയിലെ ആദ്യ സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾത്തന്നെ ആളുകൾ ഏറ്റവും അടുത്ത ഗ്ലാസ്സ് ഫാക്ടറികളിലേക്കുള്ള വഴി കാണിച്ചുതരുന്നു. അവിടെ സ്ഫടിക നിർമാതാവിന്റെ കരവിരുതിന്റെ സൗജന്യ പ്രകടനങ്ങൾ കാണാൻ കഴിയും. ഒരു കരകൗശലപ്പണിക്കാരൻ ഉരുകിയ ഗ്ലാസ്സ് പിണ്ഡം തന്റെ കുഴലിൽ കോരിയെടുത്ത് ഊതിവീർപ്പിക്കുകയും ചുഴറ്റുകയും ചെയ്യുമ്പോൾ കുഴലിന്റെ അറ്റത്ത് അതു നീണ്ട ഒരു കുമിളയായി രൂപപ്പെടുന്നു. എന്നിട്ട്, വിദഗ്ധമായി അയാൾ കൊടിലുകളും കത്രികകളും ഉപയോഗിച്ച് രൂപരഹിതമായ ആ പിണ്ഡത്തെ വലിക്കുകയും മുറിക്കുകയും അമർത്തുകയും ചെയ്ത് തലയും കാലുകളും വാലും ഒക്കെയുള്ള കുതിച്ചുപായുന്ന ഒരു കുതിരയായി രൂപപ്പെടുത്തുന്നു.
ആദ്യത്തെ ഫാക്ടറിയിൽനിന്നു പുറത്തിറങ്ങി സ്ഫടിക നിർമാതാക്കളുടെ കേന്ദ്രമായ പ്രശാന്തമായ റിയോ ഡെയി വെറ്റ്രാ എന്ന കനാലിന്റെ സമീപത്തുകൂടെ ഒന്ന് ഉലാത്തുമ്പോൾ വെനീസിലെ മിക്കഭാഗങ്ങളിലെയുംപോലെ ആളുകൾ നടപ്പാതയിലൂടെ പോകുന്നതും ബോട്ടിൽ യാത്ര ചെയ്യുന്നതും നമുക്കു കാണാം. ഇതല്ലാതെ വേറെ വാഹനങ്ങളൊന്നും അവിടെ കാണാനില്ല. മുരാനോയിൽ അസംഖ്യം പണിപ്പുരകളും ഷോറൂമുകളും ഉണ്ടെന്ന് ഇവിടെ നിന്നാൽ മനസ്സിലാകും. ചായസത്കാരത്തിനുള്ള സെറ്റുകൾ, വിളക്കുതണ്ടുകൾ, നമ്മെ ആശ്ചര്യഭരിതരാക്കുന്ന, അകംപൊള്ളയല്ലാത്ത ശിൽപ്പവേലകൾ എന്നിങ്ങനെ നിസ്സംശയമായും അപാര വൈദഗ്ധ്യവും ശ്രദ്ധയും ആവശ്യമായ കമനീയവും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ ചിലയിടത്തു പ്രദർശിപ്പിച്ചിരിക്കുന്നു. മറ്റു
ചില കടകളിൽ നമ്മുടെ മടിശ്ശീലയ്ക്കൊതുങ്ങുന്ന സാധനങ്ങൾ ഉണ്ട്. മാലയിൽ കോർക്കാനുള്ള പളുങ്കുമണികൾ, പൂപ്പാത്രങ്ങൾ പലനിറത്തിലുള്ള പേപ്പർവെയിറ്റുകൾ തുടങ്ങിയവ. അതിമനോഹരമാണു മിക്കവയും. എല്ലാം കരവേലയാണ്.ഓരോ ഇനവും ഉണ്ടാക്കുന്നവിധം നിരീക്ഷിക്കുമ്പോൾ നാം ശരിക്കും വിസ്മയിച്ചുപോകും. 70 ശതമാനം മണലും 30 ശതമാനം സോഡാക്കാരം, ചുണ്ണാമ്പുകല്ല്, നൈട്രേറ്റ്, ആഴ്സെനിക് എന്നിവയും ചേർത്താണ് മുരാനോ ഗ്ലാസ്സ് ഉണ്ടാക്കുന്നത്. ഇത് 1,400 ഡിഗ്രി സെൽഷ്യസിൽ ദ്രാവകമാകുകയും ഏകദേശം 500 ഡിഗ്രി സെൽഷ്യസിൽ തണുത്തുറയുകയും ചെയ്യുന്നു. ഇതിനിടയിലുള്ള അനുയോജ്യമായ താപനിലയിൽ ഗ്ലാസ്സ് മൃദുവും രൂപഭേദം വരുത്താവുന്നതുമാണ്. അതുകൊണ്ട് സ്ഫടികം ഊതിവീർപ്പിക്കുകയോ ആകൃതിപ്പെടുത്തുകയോ ചെയ്യുമ്പോൾ അതിന്റെ മാർദവം നിലനിറുത്താനായി വീണ്ടും വീണ്ടും ചൂളയിലേക്കിടേണ്ടതുണ്ട്. കരകൗശലപ്പണിക്കാർ തങ്ങളുടെ ഇരിപ്പിടത്തിന് ഇരുവശത്തുമുള്ള തിരശ്ചീനമായിട്ടുള്ള താങ്ങുകളിൽ ലോഹക്കുഴൽ വെക്കുകയും അവ ആവശ്യാനുസരണം ഉരുട്ടുകയും ചെയ്യുന്നു. ഒരു കൈകൊണ്ട് അവർ കുഴൽ തിരിക്കുമ്പോൾ ഉരുകിയ ഗ്ലാസ്സ് പിണ്ഡത്തെ രൂപപ്പെടുത്താൻ മറുകൈയിൽ ഒരു ഉപകരണമോ അല്ലെങ്കിൽ പെയർമരത്തിന്റെ, വെള്ളത്തിൽ കുതിർത്തെടുത്ത ഒരു അച്ചോ കാണും, ഇതിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടായിരിക്കും.
നോക്കൂ, ഒരു കരവേലക്കാരൻ ഒരു ഗ്ലാസ്സ് കുമിള, വെട്ടുകളുള്ള ഒരു മൂശയിലേക്ക് ഊതിക്കയറ്റുന്നു. കുമിളയുടെ ഒരറ്റം അയാളുടെ സഹായി മുറിച്ചുമാറ്റുന്നു. തുടർന്ന് അയാൾ തന്റെ ലോഹദണ്ഡ് കുത്തനെ പിടിച്ചു ചുഴറ്റുന്നു, ആ കുമിളയെ ഒരു പൂമൊട്ട് വിടരുന്നതുപോലെ വിടർത്താനാണിത്. വീണ്ടും ചൂടാക്കുകയും ആകൃതിവരുത്തുകയും ചെയ്യുന്നതോടൊപ്പം അരിക് അമർത്തി അതിന്റെ കനംകുറയ്ക്കുക കൂടെ ചെയ്തുകഴിയുമ്പോൾ ലില്ലിപ്പൂവിന്റെ ആകൃതിയിലുള്ള, വിളക്കു തയ്യാർ. ഇത്തരം പല വിളക്കുകൾ ചേർത്ത് ഒരു ബഹുശാഖാദീപിക നിർമിക്കുന്നു.
നിറമില്ലാത്ത ഒരു സ്ഫടികപിണ്ഡത്തിന് നിറം കൊടുക്കുന്നതിന് കരവേലക്കാരൻ അതിൽ, ഉരുകിച്ചേരുന്ന വർണ്ണപ്പൊടികൾ തൂവുന്നു. ഗ്ലാസ്സിൽ പുഷ്പ ഡിസൈനുകൾ ഉണ്ടാക്കുന്നതിന് മുറീനെ എന്ന ഒരു രീതി ഉപയോഗിക്കുന്നു. അതായത്, വിവിധവർണങ്ങളിലുള്ള ഡിസൈനുകളിൽ തയ്യാറാക്കിയിരിക്കുന്ന കനം കുറഞ്ഞ ഗ്ലാസ്സ് ദണ്ഡുകൾ നാണയത്തിന്റെ ആകൃതിയിൽ മുറിച്ച് ചേർക്കുന്നു. ഒരു ലോഹപ്രതലത്തിൽ നിരത്തിവെച്ചിരിക്കുന്ന ഗ്ലാസ്സ് ദണ്ഡുകളുടെയോ അവയിൽനിന്നു മുറിച്ചെടുത്ത കഷണങ്ങളുടെയോ മുകളിലൂടെ ഉരുട്ടിയാൽ സിലിണ്ടർ ആകൃതിയിലുള്ള ഒരു ഗ്ലാസ്സ് പിണ്ഡത്തിന്റെ പുറത്ത് അവ പറ്റിപ്പിടിക്കും. പിന്നീട് ഇതിനെ ചൂളയിലേക്കിടുമ്പോൾ ഈ ഗ്ലാസ്സ് ദണ്ഡുകൾ—വിവിധ വർണങ്ങളിലുള്ളതോ ലേസുപോലെയിരിക്കുന്നതോ സർപ്പിളാകൃതി ഉള്ളതോ—പിണ്ഡത്തിൽ ഉരുകിച്ചേരുന്നു. ഇനി അതിനെ ഒരു പൂപ്പാത്രമോ, വിളക്കോ മറ്റെന്തെങ്കിലും ആകർഷണീയമായ വസ്തുവോ ആക്കി രൂപപ്പെടുത്തിയെടുക്കുകയേ വേണ്ടൂ. പല അടുക്കുകളും കട്ടിയുമുള്ള, വ്യത്യസ്ത നിറങ്ങളിലുള്ളതോ അല്ലാത്തതോ ആയ സ്ഫടികവസ്തുക്കൾ നിർമിക്കുന്നതിന് വസ്തുവിനെ സ്ഫടികം ഉരുക്കിവെച്ചിരിക്കുന്ന പല പാത്രങ്ങളിൽ മുക്കുന്നു.
അതേ, രൂപംകൊള്ളുന്ന ഓരോ സ്ഫടികവസ്തുവിനും പിന്നിൽ വ്യതിരിക്തമായ ഒരു പാരമ്പര്യവും നിർമാണരീതിയും നിഴലിക്കുന്നതായി കാണാം. അവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്ഫടികനിർമാണ പാരമ്പര്യത്തിന്റെ ഫലമായി, വെനീസിലെ ചരിത്രപ്രസിദ്ധമായ ദ്വീപിലെ സ്ഫടിക നിർമാതാക്കൾക്ക് മണൽത്തരികളെ അഗ്നിയിലിട്ട് പകിട്ടേറിയ, പ്രഭവിതറുന്ന സൃഷ്ടികളാക്കി രൂപപ്പെടുത്താനാകും. (g04 5/22)
[22-ാം പേജിലെ ചിത്രം]
ഇറ്റലിയിലെ മുരാനോയിലുള്ള റിയോ ഡെയി വെറ്റ്രായ്
[23-ാം പേജിലെ ചിത്രം]
15-ാം നൂറ്റാണ്ടിലെ ഒരു “ബരോവിയർ പാനപാത്രം”
[23-ാം പേജിലെ ചിത്രം]
വജ്രമുനയാൽ കൊത്തുപണി ചെയ്ത 16-ാം നൂറ്റാണ്ടിലെ ഒരു പാനപാത്രം
[24-ാം പേജിലെ ചിത്രങ്ങൾ]
1. തീച്ചൂളയുടെ ദ്വാരം
2. കരകൗശലപ്പണിക്കാരൻ ഒരു ഗ്ലാസ്സ് പിണ്ഡത്തെ രൂപപ്പെടുത്തുന്നു
3. മാർദവം കിട്ടുന്നതിനായി ഗ്ലാസ്സിനെ വീണ്ടും ചൂടാക്കുന്നു
4. കൊടിലുകളും കത്രികകളും ഉപയോഗിച്ച് കരവേലക്കാരൻ കുതിച്ചുപായുന്ന കുതിരയ്ക്ക് കാൽപ്പാദം രൂപപ്പെടുത്തുന്നു
5. പണിപൂർത്തിയായ ഉത്പന്നം
[കടപ്പാട്]
Photos courtesy http://philip.greenspun.com