ഉത്കണ്ഠ വിശ്വാസരാഹിത്യത്തിന്റെ ലക്ഷണമാണോ?
ബൈബിളിന്റെ വീക്ഷണം
ഉത്കണ്ഠ വിശ്വാസരാഹിത്യത്തിന്റെ ലക്ഷണമാണോ?
“ഉത്കണ്ഠ വിലക്കപ്പെട്ടിരിക്കുന്നു” എന്ന ശീർഷകത്തിലുള്ള ഒരു ലേഖനത്തിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ഒരു പാസ്റ്റർ എഴുതി, ഭൗതിക കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ തെറ്റാണെന്നു മാത്രമല്ല “ഗൗരവമുള്ള ഒരു പാപവുമാണ്.” ആകുലതയെയും ഉത്കണ്ഠയെയും തരണംചെയ്യൽ എന്ന വിഷയത്തെ അധികരിച്ച് അടുത്ത കാലത്ത് ഒരു ഭാഷ്യകാരൻ ഇങ്ങനെ എഴുതി: “നാം ആകുലപ്പെടുമ്പോൾ, ദൈവത്തിൽ ആശ്രയിക്കുന്നില്ല എന്നു പ്രഖ്യാപിക്കുകയാണ്.”
ഈ രണ്ടു പ്രസ്താവനകളും യേശുവിന്റെ ഒരു പ്രസ്താവനയെ ആസ്പദമാക്കിയുള്ളതാണ്. ഗിരിപ്രഭാഷണത്തിൽ അവൻ പറഞ്ഞു: ‘നിങ്ങൾ വിചാരപ്പെടരുത്.’ (മത്തായി 6:25) ഇന്ന് നിരവധി ആളുകൾ ഉത്കണ്ഠകളാൽ വലയുമ്പോൾ നാം ഇങ്ങനെ ചോദിച്ചേക്കാം: ഉത്കണ്ഠപ്പെടുന്നതു സംബന്ധിച്ച് ഒരു ക്രിസ്ത്യാനിക്കു കുറ്റബോധം തോന്നേണ്ടതുണ്ടോ? ഉത്കണ്ഠ അനുഭവപ്പെടുന്നത് വിശ്വാസരാഹിത്യത്തിന്റെ ലക്ഷണമാണോ?
ദൈവം നമ്മുടെ അപൂർണതകൾ മനസ്സിലാക്കുന്നു
ഉത്കണ്ഠയുടെ കാരണം എല്ലായ്പോഴും വിശ്വാസരാഹിത്യമാണ് എന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. ‘ദുർഘടസമയങ്ങളിലാണ്’ നാം ജീവിക്കുന്നത് എന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠകൾ നമുക്ക് ഉണ്ടാകുക സ്വാഭാവികമാണ്. (2 തിമൊഥെയൊസ് 3:1) മോശമായ ആരോഗ്യം, വാർധക്യം, സാമ്പത്തിക സമ്മർദങ്ങൾ, കുടുംബ പ്രശ്നങ്ങൾ, കുറ്റകൃത്യം തുടങ്ങിയവ നിമിത്തം ഉണ്ടാകുന്ന ദൈനംദിന ഉത്കണ്ഠകളെ വിശ്വസ്ത ക്രിസ്ത്യാനികൾ നേരിടുന്നു. പുരാതന കാലത്തെ ദൈവദാസർക്കും ഭീതിയും ആകുലതകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
ലോത്തിനെ സംബന്ധിച്ച ബൈബിൾ വൃത്താന്തം പരിചിന്തിക്കുക. സൊദോമിന്റെയും ഗൊമോരയുടെയും നാശത്തിൽ പെട്ടുപോകാതിരിക്കാൻ പർവതത്തിലേക്ക് ഓടിപ്പോകാൻ ദൈവം അവനോടു നിർദേശിച്ചു. എന്നാൽ ലോത്ത് ഉത്കണ്ഠാകുലനായി. ഉല്പത്തി 19:18-22.
പോകാനുള്ള വിമുഖതയോടെ അവൻ പറഞ്ഞു: “അങ്ങനെയല്ല കർത്താവേ . . . പർവതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.” പർവതത്തിലേക്കു പോകാൻ ലോത്ത് ഭയപ്പെട്ടതെന്തിന് എന്ന ചോദ്യത്തിന് ബൈബിൾ ഉത്തരം നൽകുന്നില്ല. കാരണം എന്തുതന്നെ ആയിരുന്നാലും ലോത്തിന് വല്ലാത്ത ഭയം തോന്നി. ദൈവം എങ്ങനെയാണു പ്രതികരിച്ചത്? വിശ്വാസരാഹിത്യത്തിനോ ദൈവത്തിലുള്ള ആശ്രയത്വം പ്രകടമാക്കാതിരുന്നതിനോ ലോത്തിനെ ശിക്ഷിച്ചോ? ഇല്ല. നേരെ മറിച്ച്, സമീപത്തുള്ള ഒരു പട്ടണത്തിലേക്ക് ഓടിപ്പോകാൻ അനുവദിച്ചുകൊണ്ട് യഹോവ അവനോടു പരിഗണന കാണിച്ചു.—ചില സന്ദർഭങ്ങളിൽ അങ്ങേയറ്റം ഉത്കണ്ഠാകുലരായിത്തീർന്ന മറ്റു വിശ്വസ്ത ആരാധകരുടെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. വധഭീഷണി ഉണ്ടായതിനെ തുടർന്ന് ഏലീയാ പ്രവാചകൻ ഭയപ്പെട്ട് ഓടിപ്പോയി. (1 രാജാക്കന്മാർ 19:1-4) മോശെ, ഹന്നാ, ദാവീദ്, ഹബക്കൂക്, പൗലൊസ് എന്നിവരും ശക്തമായ വിശ്വാസമുണ്ടായിരുന്ന മറ്റു വിശ്വസ്ത സ്ത്രീപുരുഷന്മാരും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. (പുറപ്പാടു 4:10; 1 ശമൂവേൽ 1:6; സങ്കീർത്തനം 55:5; ഹബക്കൂക് 1:2, 3; 2 കൊരിന്ത്യർ 11:28) എന്നാൽ ദൈവം അവരോടൊക്കെ അനുകമ്പ കാട്ടുകയും തന്റെ സേവനത്തിൽ അവരെ തുടർന്നും ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ അപൂർണ മനുഷ്യരുടെ പ്രകൃതം സംബന്ധിച്ച യഥാർഥ ഗ്രാഹ്യം അവൻ പ്രകടമാക്കി.
‘മുറുകെ പറ്റുന്ന പാപം’
എന്നിരുന്നാലും തുടർച്ചയായ ഉത്കണ്ഠ നമ്മെ തളർത്തിക്കളയുകയും ദൈവത്തിലുള്ള ആശ്രയത്വം നഷ്ടമാകാൻ ഇടയാക്കുകയും ചെയ്തേക്കാം. അപ്പൊസ്തലനായ പൗലൊസ് വിശ്വാസരാഹിത്യത്തെ ‘മുറുകെ പറ്റുന്ന പാപം’ എന്നു പരാമർശിച്ചു. (എബ്രായർ 12:1) ഇവിടെ, തന്നെയുംകൂടെ ഉൾപ്പെടുത്തിക്കൊണ്ടാണ് പൗലൊസ് സംസാരിച്ചതെന്ന് സന്ദർഭം വ്യക്തമാക്കുന്നു. അങ്ങനെ, ‘പാപം മുറുകെപ്പറ്റിച്ചേർന്നിരിക്കുന്നതിനാൽ’ നൈമിഷികമായിട്ടാണെങ്കിലും ഇടയ്ക്കൊക്കെ വിശ്വാസം ദുർബലമാകാനുള്ള സാധ്യതയിൽനിന്ന് താനും ഒഴിവുള്ളവനല്ല എന്ന് അവൻ പ്രകടമാക്കി.
ഒരുപക്ഷേ സെഖര്യാവിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. അവന്റെ ഭാര്യ ഗർഭംധരിക്കും എന്നു ദൂതൻ പറഞ്ഞപ്പോൾ അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. യേശുവിന്റെ അപ്പൊസ്തലന്മാരുടെ കാര്യത്തിലാണെങ്കിൽ ഒരവസരത്തിൽ “അല്പവിശ്വാസം” നിമിത്തം ഒരു സൗഖ്യമാക്കൽ നടത്താൻ അവർക്കു കഴിഞ്ഞില്ല. എന്നിരുന്നാലും ഈ വ്യക്തികൾക്കെല്ലാം തുടർന്നും ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരുന്നു.—മത്തായി 17:18-20; ലൂക്കൊസ് 1:18, 20, 67; യോഹന്നാൻ 17:26.
ഇതിൽനിന്നു വ്യത്യസ്തമായി, ദൈവത്തിലുള്ള ആശ്രയത്വം നഷ്ടപ്പെട്ടതിനാൽ ഗൗരവതരമായ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവന്ന വ്യക്തികളുടെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, ഈജിപ്തിൽ നിന്നു പുറപ്പെട്ടുപോന്ന പല ഇസ്രായേല്യർക്കും വിശ്വാസരാഹിത്യം നിമിത്തം വാഗ്ദത്തനാട്ടിൽ പ്രവേശിക്കാനായില്ല. ഒരവസരത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് ജനം നേരിട്ടു ദൈവത്തിന്നു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന്നു . . . ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല.” തന്റെ അപ്രീതി പ്രകടിപ്പിച്ചുകൊണ്ട്, അവരെ ശിക്ഷിക്കേണ്ടതിന് യഹോവ ജനത്തിന്റെ ഇടയിൽ വിഷസർപ്പങ്ങളെ അയച്ചു.—സംഖ്യാപുസ്തകം 21:5, 6.
യേശുവിന്റെ നാടായ നസറെത്തിന് വിശ്വാസരാഹിത്യം നിമിത്തം കൂടുതൽ അത്ഭുതങ്ങൾ കാണാനുള്ള പദവി നഷ്ടപ്പെട്ടു. തന്നെയുമല്ല, അന്നത്തെ ദുഷ്ടതലമുറയെ വിശ്വാസരാഹിത്യം മൂലം യേശു കഠിനമായി കുറ്റംവിധിക്കുകയും ചെയ്തു. (മത്തായി 13:58; 17:17; എബ്രായർ 3:19) ഉചിതമായി അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.”—എബ്രായർ 3:12.
അങ്ങേയറ്റത്തെ ചില കേസുകളിൽ വിശ്വാസരാഹിത്യത്തിന്റെ കാരണം ഒരു ദുഷ്ടഹൃദയമാകാം. എന്നാൽ മുമ്പ് പരാമർശിച്ച ദൃഷ്ടാന്തങ്ങളിൽ സെഖര്യാവിന്റെയും യേശുവിന്റെ അപ്പൊസ്തലന്മാരുടെയും കാര്യത്തിൽ സംഭവിച്ചത് അതായിരുന്നില്ല. അവരുടെ വിശ്വാസരാഹിത്യം നൈമിഷികമായ ദൗർബല്യം നിമിത്തം ഉണ്ടായതാണ്. അവർ “ഹൃദയശുദ്ധിയുള്ളവർ” ആയിരുന്നു എന്നാണ് അവരുടെ ജീവിത വിവരണങ്ങളുടെ ആകമാന പരിശോധന കാണിക്കുന്നത്.—മത്തായി 5:8.
നമ്മുടെ ആവശ്യങ്ങൾ ദൈവം അറിയുന്നു
തിരുവെഴുത്തുകൾ, ദൈനംദിനം ഉണ്ടാകുന്ന സാധാരണ ഉത്കണ്ഠകളും പാപകരമായ വിശ്വാസരാഹിത്യവും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. അനുദിന ജീവിതത്തിന്റെ ഭാഗമായ ഉത്കണ്ഠകളെയോ മാനുഷിക ദൗർബല്യം നിമിത്തമുള്ള നൈമിഷികമായ വിശ്വാസരാഹിത്യത്തെയോ പോലും, ദുഷ്ടവും പ്രതികരണരഹിതവുമായ ഒരു ഹൃദയം നിമിത്തം ഉണ്ടാകുന്ന ദൈവത്തിലുള്ള ആശ്രയത്വത്തിന്റെ സമ്പൂർണ നഷ്ടവുമായി കൂട്ടിക്കുഴയ്ക്കാൻ പാടില്ല. അതുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് ഇടയ്ക്കിടെ ഉത്കണ്ഠകൾ ഉണ്ടാകുന്നു എന്നതിനാൽ കുറ്റബോധം തോന്നേണ്ടതില്ല.
എന്നാൽ ഉത്കണ്ഠ വർധിച്ച് അത് നമ്മുടെ ജീവിതത്തെ ഭരിക്കാൻ ഇടയാകാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് “എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുത്” എന്ന് ജ്ഞാനപൂർവം യേശു പറഞ്ഞത്. തുടർന്ന് അവൻ ഈ ആശ്വാസവചനം നൽകി: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:25-33. (g04 6/8)
[12-ാം പേജിലെ ചിത്രം]
അപ്പൊസ്തലനായ പൗലൊസിന് ഉത്കണ്ഠകൾ ഉണ്ടായിരുന്നു