എന്നോടുള്ള ഈ മോശമായ പെരുമാറ്റം എങ്ങനെ തടയാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
എന്നോടുള്ള ഈ മോശമായ പെരുമാറ്റം എങ്ങനെ തടയാം?
“ഇന്ന് ആദ്യമായി അദ്ദേഹം എന്നെ അടിച്ചു. അതിന് എന്നോടു മാപ്പു പറയുകയും ചെയ്തു, ഇപ്പോൾ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.”—സ്റ്റെല്ല. a
“വിദ്യാർഥിനികളിൽ ഏതാണ്ട് അഞ്ചിൽ ഒരാൾ വീതം അവരുടെ ഡേറ്റിങ് പങ്കാളിയിൽനിന്ന് ശാരീരികമോ ലൈംഗികമോ ആയ, അല്ലെങ്കിൽ രണ്ടു തരത്തിലുമുള്ള, പീഡനം അനുഭവിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു”വെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിലെ ഒരു ലേഖനം പറയുന്നു. തങ്ങൾക്ക് ഇഷ്ടമല്ലായിരിക്കെ, ബലപ്രയോഗം നടത്തിയോ വാചികമായ സമ്മർദം ചെലുത്തിയോ മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം നൽകിയോ പ്രണയിതാക്കൾ തങ്ങളെ ലൈംഗികമായി കീഴ്പെടുത്തിയതായി ജർമനിയിൽ 17-നും 20-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളെ ഉൾക്കൊള്ളിച്ചു നടത്തിയ ഒരു സർവേയിൽ കാൽ ഭാഗത്തിലധികം പെൺകുട്ടികൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 40 ശതമാനം കൗമാരപ്രായക്കാരും സഹപാഠികൾ അവരുടെ “ഡേറ്റിങ് പങ്കാളിയെ നിർദയമായി അധിക്ഷേപിച്ച”തിനു സാക്ഷ്യം വഹിച്ചിട്ടുള്ളതായി പറഞ്ഞു. b
നിങ്ങളെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ നിങ്ങളുടെ നേരെ ആക്രോശിക്കുകയോ ചെയ്യുന്ന, നിങ്ങളെ പിടിച്ചുതള്ളുകയോ അടിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെയാണോ നിങ്ങൾ ജീവിതപങ്കാളിയാക്കാൻ ഉദ്ദേശിക്കുന്നത്? ഇത്തരം ഉപദ്രവങ്ങൾ ആശങ്കജനകമാംവിധം വ്യാപകമായിരിക്കുന്നതായി ഈ പരമ്പരയിലെ കഴിഞ്ഞ ലേഖനത്തിൽ കാണിച്ചിരുന്നു. c കൂടാതെ, ഇങ്ങനെയുള്ള പ്രവണതകൾ യഹോവയാം ദൈവത്തിനു സ്വീകാര്യമല്ലെന്നും ദുഷ്പെരുമാറ്റത്തിന് ഇരകളാകുന്നവർ അതിനെ സ്വാഭാവിക സംഗതിയായി കണക്കാക്കുകയോ സ്വന്തം കുറ്റമായി വീക്ഷിക്കുകയോ ചെയ്യരുതെന്നും ആ ലേഖനത്തിൽ പറഞ്ഞിരുന്നു. (എഫെസ്യർ 4:31) എന്നിരുന്നാലും, ഇങ്ങനെയൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് തീരുമാനിക്കുക എളുപ്പമല്ല. നിങ്ങൾ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തിയെ അയാളുടെ പെരുമാറ്റം ഗണ്യമാക്കാതെ നിങ്ങൾ ആഴമായി സ്നേഹിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ, അയാളെ വിമർശിച്ചാലുള്ള പ്രതികരണം എന്തായിരിക്കും എന്നോർത്ത് നിങ്ങൾക്കു പേടിയുണ്ടാകാം. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
സാഹചര്യം വിലയിരുത്തുക
ആദ്യമായി, സംഭവിച്ചത് എന്താണെന്ന് നിങ്ങൾ ശാന്തമായും വസ്തുനിഷ്ഠമായും വിലയിരുത്തേണ്ടതുണ്ട്. (സഭാപ്രസംഗി 2:14) നിങ്ങൾ ശരിക്കും അധിക്ഷേപിക്കപ്പെടുകയായിരുന്നോ? മനഃപൂർവം നിങ്ങളെ മുറിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ അയാൾ പ്രവർത്തിക്കുകയായിരുന്നോ അതോ വേണ്ടത്ര ‘ചിന്തിക്കാതെ’ സംസാരിച്ചു എന്നേയുള്ളോ? (സദൃശവാക്യങ്ങൾ 12:18, NW) എത്ര തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്? ഒരിക്കൽ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളോ, അങ്ങനെയെങ്കിൽ നിങ്ങൾക്ക് അത് അവഗണിക്കാൻ കഴിയുമോ? അതോ നിങ്ങളെ അധിക്ഷേപിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന വിധത്തിൽ സംസാരിക്കുന്നത് അയാൾ ഒരു പതിവാക്കിയിരിക്കുകയാണോ?
ഇതു സംബന്ധിച്ച് നിങ്ങൾക്കുള്ള വികാരം എന്താണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിൽ കാര്യങ്ങൾ ആരെങ്കിലുമായി—സമപ്രായക്കാരുമായല്ല, പകരം നിങ്ങളെക്കാൾ അറിവും പക്വതയുമുള്ള ഒരു വ്യക്തിയുമായി—ചർച്ച ചെയ്യുക. ഒരുപക്ഷേ നിങ്ങൾക്ക് മാതാപിതാക്കളോടോ പക്വതയുള്ള ഒരു സഹക്രിസ്ത്യാനിയോടോ എല്ലാം തുറന്നുപറയാൻ
കഴിഞ്ഞേക്കും. നിങ്ങൾ അതിരുകടന്നു പ്രതികരിക്കുന്നതാണോ അതോ ഗൗരവാവഹമായ ഒരു പ്രശ്നം വാസ്തവത്തിൽ നിലനിൽക്കുന്നുണ്ടോ എന്നു നിർണയിക്കാൻ അത്തരമൊരു ചർച്ച നിങ്ങളെ സഹായിക്കും.നിങ്ങളുടെ നേരെ ഉപദ്രവമൊന്നും ഉണ്ടാവുകയില്ലെന്നു തോന്നുന്നെങ്കിൽ ബോയ്ഫ്രണ്ടുമായി ഇതു സംബന്ധിച്ചു സംസാരിക്കാൻ ക്രമീകരണം ചെയ്യുക. (സദൃശവാക്യങ്ങൾ 25:9) അയാളുടെ പെരുമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ശാന്തമായി വിവരിക്കുക. നിങ്ങൾ നീരസപ്പെടാനുണ്ടായ കാരണം എന്താണെന്ന് അയാളോടു പറയുക. നിങ്ങൾക്ക് അംഗീകരിക്കാനാവാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുക. അയാൾ എങ്ങനെയാണു പ്രതികരിക്കുന്നത്? നിങ്ങൾ പറയുന്ന കാര്യങ്ങൾ അയാൾ നിസ്സാരമാക്കി തള്ളിക്കളയുകയാണോ? അല്ലെങ്കിൽ കൂടുതൽ ദേഷ്യത്തോടെ പൊട്ടിത്തെറിക്കുന്നുണ്ടോ? അയാൾ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.
എന്നാൽ അയാൾ ദൈവിക താഴ്മയും യഥാർഥ പശ്ചാത്താപവും പ്രകടമാക്കുന്നെങ്കിലോ? എങ്കിൽ ഒരുപക്ഷേ ബന്ധം മുറിഞ്ഞുപോകാതെ നോക്കാൻ കഴിഞ്ഞേക്കും. എങ്കിലും ശ്രദ്ധിക്കുക! മറ്റുള്ളവരെ വാക്കാൽ ആക്രമിക്കുന്നവർ പലപ്പോഴും, ആരെയെങ്കിലും മുറിപ്പെടുത്തിയശേഷം സുചിന്തിതമായ പശ്ചാത്താപപ്രകടനങ്ങൾ നടത്താറുണ്ട്. എന്നിട്ട് ദേഷ്യം വരുമ്പോൾ പഴയ പല്ലവി ആവർത്തിക്കുകയും ചെയ്യും. അയാൾക്ക് എത്രമാത്രം ആത്മാർഥത ഉണ്ടെന്നു വ്യക്തമാകാൻ സമയമെടുക്കും. ക്രിസ്തീയ മൂപ്പന്മാരിൽനിന്ന് സഹായം സ്വീകരിക്കാനുള്ള മനസ്സൊരുക്കം, മാറ്റം വരുത്താൻ അയാൾ എത്ര ആഗ്രഹിക്കുന്നു എന്നതിന്റെ നല്ല സൂചന ആയിരിക്കും.—യാക്കോബ് 5:14-16.
“എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർ”ന്നിരിക്കുകയാണ് എന്ന വസ്തുത തിരിച്ചറിയുക. (റോമർ 3:23) പൂർണനായ ഒരാളെ നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല. എല്ലാ വിവാഹിത ദമ്പതികൾക്കും അപൂർണത നിമിത്തം ‘ജഡത്തിലെ കഷ്ടത’ കുറച്ചെങ്കിലും അനുഭവിക്കേണ്ടി വരും. (1 കൊരിന്ത്യർ 7:28) ആത്യന്തികമായി നിങ്ങൾ തീരുമാനിക്കേണ്ട സംഗതി, നിങ്ങൾക്ക് സന്തോഷത്തോടെ സഹിക്കാൻ പറ്റുന്ന തരത്തിലുള്ളവയാണോ അയാളുടെ കുറവുകൾ എന്നതാണ്. ഇക്കാര്യത്തിലും, തീരുമാനം എടുക്കുന്നതിനു മുമ്പ് സമയം കടന്നു പോകാൻ അനുവദിക്കുന്നതാണു നല്ലത്.
അക്രമം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ
വാചികമായ ഉപദ്രവത്തിൽ അസഭ്യവാക്കുകളോ അക്രമ ഭീഷണികളോ അടങ്ങിയിട്ടുണ്ടെങ്കിൽ, ശാരീരികമായ ഉപദ്രവത്തിന് നിങ്ങൾ ഇരയാകുന്നുണ്ടെങ്കിൽ—അതായത്, ബോയ്ഫ്രണ്ട് നിങ്ങളെ പിടിച്ചുതള്ളുകയോ അടിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ—കാര്യങ്ങൾ വ്യത്യസ്തമാണ്. ഇത് തികഞ്ഞ ആത്മനിയന്ത്രണമില്ലായ്മയെ സൂചിപ്പിക്കുന്നു. അപകടകരമായ ഒരു സ്ഥിതിവിശേഷമാണത്. കാരണം കൂടുതൽ ഗൗരവമേറിയ അക്രമപ്രവൃത്തികളിലേക്ക് ഇതു നയിച്ചേക്കാം.
ആദ്യംതന്നെ, അവിവാഹിത ജോഡികൾ മറ്റുള്ളവരിൽനിന്ന് അകന്ന് ഒരുമിച്ചായിരിക്കുന്നത് ഒഴിവാക്കുന്നതു നന്നായിരിക്കും. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ, അക്രമസ്വഭാവമുള്ള ഡേറ്റിങ് പങ്കാളിയോടൊപ്പം തനിച്ചായിരിക്കേണ്ടി വന്നാൽ ‘തിന്മക്കു പകരം, തിന്മ ചെയ്യാതിരിക്കാൻ’ ശ്രദ്ധിക്കുക. (റോമർ 12:17) “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു” എന്ന വസ്തുത ഓർത്തിരിക്കുക. (സദൃശവാക്യങ്ങൾ 15:1) ശാന്തത കൈവിടാതിരിക്കുക. നിങ്ങളെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ അയാളോടു പറയുക. ആവശ്യമായി വരുന്നെങ്കിൽ മെല്ലെ അവിടെനിന്നു പോകുക, അല്ലെങ്കിൽ ഓടിരക്ഷപ്പെടുക!
ഒരു പുരുഷൻ ഒരു സ്ത്രീയെ ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിക്കുന്നെങ്കിലോ? കോർട്ടിങ്ങിന്റെ ആരംഭത്തിൽത്തന്നെ ഇരു വ്യക്തികളും തങ്ങളുടെ സ്നേഹപ്രകടനങ്ങൾക്ക് വ്യക്തമായ പരിധികൾ വെക്കുന്നത് തീർച്ചയായും നന്നായിരിക്കും. (1 തെസ്സലൊനീക്യർ 4:3-5) ഒരു യുവാവ് ഒരു യുവതിയെ ബൈബിൾ തത്ത്വങ്ങൾ ലംഘിക്കാൻ നിർബന്ധിക്കുന്നെങ്കിൽ യാതൊരു പ്രകാരത്തിലും താൻ അതിനു വഴങ്ങില്ലെന്ന് അവൾ ദൃഢതയോടെ വ്യക്തമാക്കേണ്ടതാണ്. (ഉല്പത്തി 39:7-13) “ഒരിക്കലും വഴങ്ങിക്കൊടുക്കരുത്,” ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള നിർബന്ധത്തിനു വഴങ്ങിയ ആൻ അഭ്യർഥിക്കുന്നു. “ആത്മാഭിമാനം ഉള്ളവർ ആയിരിക്കുക, നിങ്ങൾ അയാളെ എത്രതന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരിക്കലും ആ തെറ്റു ചെയ്യാതിരിക്കുക!” നിങ്ങളുടെ വിസമ്മതത്തെ അയാൾ അവഗണിക്കുന്നെങ്കിൽ ഇനി അയാൾ എന്തിനെങ്കിലും മുതിരുന്നപക്ഷം അതിനെ നിങ്ങൾ ഒരു മാനഭംഗശ്രമമായി കണക്കാക്കുമെന്നു പറയുക. എന്നിട്ടും അയാൾ പിന്മാറുന്നില്ലെങ്കിൽ സഹായത്തിനായി ഉറക്കെ നിലവിളിക്കുക, ഒരു ബലാത്സംഗക്കാരനെ എന്ന പോലെ അയാളെ ചെറുക്കുക. d
മേൽപ്പറഞ്ഞ രണ്ടു സാഹചര്യങ്ങളിലും സദൃശവാക്യങ്ങൾ 22:24-ലെ ബൈബിൾ ബുദ്ധിയുപദേശം ഉചിതമാണ്: “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.” ശാരീരികവും മാനസികവുമായി നിങ്ങൾക്ക് ഹാനി വരുത്തിയേക്കാവുന്ന ഒരു ബന്ധം തുടർന്നുകൊണ്ടുപോകാൻ നിങ്ങൾക്ക് യാതൊരു കടപ്പാടുമില്ല. അക്രമസ്വഭാവക്കാരനായ ഒരു വ്യക്തിയോട് അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോകുകയാണെന്നു പറയാൻ നിങ്ങൾ ഇരുവരും മാത്രമുള്ള ഒരു സാഹചര്യം തിരഞ്ഞെടുക്കുന്നത് ബുദ്ധിശൂന്യമായ ഒരു സാഹസികത ആയിരിക്കും. ഒരുപക്ഷേ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി സംഭവത്തെ കുറിച്ച് നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കുകയാണ്. നിങ്ങൾ ഉപദ്രവം സഹിക്കേണ്ടി വന്നതിനെ കുറിച്ചു കേൾക്കുമ്പോൾ സ്വാഭാവികമായും അവർക്ക് ദേഷ്യവും സങ്കടവും തോന്നും. എങ്കിലും അടുത്തതായി സ്വീകരിക്കേണ്ട പടികൾ എന്തൊക്കെയാണെന്നു തീരുമാനിക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ അവർക്കു കഴിയും. e
അയാളെ മാറ്റിയെടുക്കാനുള്ള ശ്രമം
നിങ്ങളുടെ ബോയ്ഫ്രണ്ടിനെ മാറ്റിയെടുക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമേ അല്ല. ഇറേന എന്ന പെൺകുട്ടി ഇങ്ങനെ പറയുന്നു: “‘ഞാൻ അയാളെ സ്നേഹിക്കുന്നുണ്ട്, എനിക്ക് ഈ പ്രശ്നം കൈകാര്യം ചെയ്യാനാവും, അയാളെ സഹായിക്കാൻ എനിക്കു കഴിയും’ എന്നൊക്കെ നമ്മൾ വിചാരിച്ചേക്കാം. പക്ഷേ അതു നടക്കില്ലെന്നതാണ് സത്യം.” നേഡിന എന്ന പെൺകുട്ടി പറയുന്നു: “അദ്ദേഹത്തെ മാറ്റിയെടുക്കാൻ എനിക്കു കഴിയുമെന്ന് ഞാൻ എല്ലായ്പോഴും വിചാരിക്കും.” പക്ഷേ, ‘മനസ്സു പുതുക്കി’ രൂപാന്തരപ്പെടാൻ ആ വ്യക്തി സ്വയം വിചാരിക്കണം എന്നതാണു സത്യം. (റോമർ 12:2) അതാകട്ടെ നീണ്ട, ദുഷ്കരമായ ഒരു പ്രക്രിയയാണുതാനും.
അതുകൊണ്ട് നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക, നിങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യാനുള്ള അയാളുടെ ശ്രമങ്ങൾക്ക് യാതൊരു ശ്രദ്ധയും കൊടുക്കാതിരിക്കുക. അയാളിൽനിന്ന് പരമാവധി അകലം പാലിക്കാൻ—ശാരീരികമായും വൈകാരികമായും—ശ്രമിക്കുക. നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ കെഞ്ചിയപേക്ഷിച്ചോ ഒക്കെ വീണ്ടും നിങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അയാളെ അനുവദിക്കരുത്. അക്രമസ്വഭാവക്കാരനായ ബോയ്ഫ്രണ്ടുമായുള്ള ബന്ധം ഇറേന അവസാനിപ്പിച്ചപ്പോൾ താൻ ജീവനൊടുക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. വ്യക്തമായും അങ്ങനെയൊരാൾക്ക് സഹായം ആവശ്യമാണ്, പക്ഷേ നിങ്ങളുടെ സഹായമല്ല. ക്രിസ്തീയമല്ലാത്ത സ്വഭാവത്തിനെതിരെ ഒരു നിലപാടു സ്വീകരിക്കുന്നതാണ് നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സഹായം. മാറ്റം വരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ സഹായം തേടാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്.
എന്നിരുന്നാലും, വിവാഹം പ്രശ്നം പരിഹരിക്കുമെന്ന് ചിലർ കരുതുന്നു. ഒരു ഗവേഷകൻ പറയുന്നു: “അക്രമസ്വഭാവക്കാരായ ബോയ്ഫ്രണ്ടുകളെ വിവാഹം ചെയ്യുന്ന സ്ത്രീകളും അത്തരം സ്വഭാവമുള്ള ഗേൾഫ്രണ്ടുകളെ വിവാഹം ചെയ്യുന്ന പുരുഷന്മാരും വിവാഹശേഷവും ഈ സ്വഭാവത്തിനു മാറ്റമൊന്നും വരുന്നില്ലെന്നു കണ്ട് അത്ഭുതപ്പെടാറുണ്ട്. വിവാഹക്കരാറിൽ ഒപ്പുവെച്ചുകഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങളൊക്കെ അപ്രത്യക്ഷമാകുമെന്ന കെട്ടുകഥ പലരും വിശ്വസിക്കുന്നു. അതു വിശ്വസിക്കരുത്.” കോർട്ടിങ്ങിന്റെ സമയത്ത് ആരംഭിക്കുന്ന ശാരീരിക ഉപദ്രവം മിക്കപ്പോഴും വിവാഹശേഷവും തുടരുന്നതായാണു കാണുന്നത്.
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:3) നിങ്ങൾ പ്രിയപ്പെടുന്ന ഒരു വ്യക്തിയുമായുള്ള ബന്ധം വിച്ഛേദിക്കുക പ്രയാസകരമാണ്. എന്നാൽ ഉപദ്രവം സഹിച്ചുകൊണ്ട് ഒരു ദാമ്പത്യത്തിൽ കുരുങ്ങിക്കിടക്കേണ്ടി വരുന്നത് അതിലും പ്രയാസകരമായിരിക്കും. അനുയോജ്യനായ ഒരു പങ്കാളിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താനാവില്ല എന്നു ഭയപ്പെടേണ്ട ആവശ്യവും ഇല്ല. കാര്യങ്ങളെ കുറേക്കൂടെ മെച്ചമായി വിലയിരുത്താനുള്ള പ്രാപ്തി നേടിയിരിക്കുന്നതുകൊണ്ട് സൗമ്യനും ദയാലുവും ആത്മനിയന്ത്രണം ഉള്ളവനുമായ ഒരു വ്യക്തിയെ ആയിരിക്കും പിന്നെ നിങ്ങൾ അന്വേഷിക്കുക.
വൈകാരികക്ഷതങ്ങൾ സൗഖ്യമാക്കാൻ
വാചികമായോ ശാരീരികമായോ ഉള്ള ഉപദ്രവത്തിന് ഇരയാകുന്നത് ഒരു വ്യക്തിയെ തകർത്തുകളഞ്ഞേക്കാം. അതിന് ഇരയായിട്ടുള്ള മേരി നൽകുന്ന ഉപദേശം ശ്രദ്ധിക്കുക: “സഹായം സ്വീകരിക്കുക—എത്രയും പെട്ടെന്ന് കാര്യങ്ങളെല്ലാം ആരോടെങ്കിലും പറയുക. പ്രശ്നം തന്നെത്താൻ പരിഹരിക്കാമെന്നാണു ഞാൻ കരുതിയത്, എന്നാൽ ആളുകളോടു സംസാരിച്ചത് എന്നെ സഹായിച്ചിരിക്കുന്നു.” നിങ്ങളുടെ മാതാപിതാക്കളോടോ പക്വതയുള്ള വിശ്വസ്ത സുഹൃത്തിനോടോ ഒരു ക്രിസ്തീയ മൂപ്പനോടോ പ്രശ്നം തുറന്നുപറയുക. f
ആരോഗ്യാവഹമായ വായനയിലോ കായിക വിനോദങ്ങളിലോ എന്തെങ്കിലും ഹോബികളിലോ ഏർപ്പെട്ടുകൊണ്ട് തിരക്കുള്ളവരായിരിക്കുന്നതും സഹായകമാണെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. “ഏറ്റവും വലിയ സഹായം ബൈബിൾ പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതുമായിരുന്നു,” ഇറേന അനുസ്മരിക്കുന്നു.
വാക്കാലോ പ്രവൃത്തിയാലോ ഉള്ള ആക്രമണങ്ങൾ യഹോവ അംഗീകരിക്കുന്നില്ല എന്നു വ്യക്തമാണ്. അവന്റെ സഹായത്താൽ ദുഷ്പെരുമാറ്റത്തിൽനിന്ന് നിങ്ങൾക്കു നിങ്ങളെത്തന്നെ സംരക്ഷിക്കാനാകും. (g04 6/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b വാചികവും ശാരീരികവുമായ ഉപദ്രവത്തിന് ഇരുലിംഗവർഗത്തിൽപ്പെട്ടവരും ഇരകളാകാറുണ്ടെങ്കിലും “ആൺകുട്ടികളെ അപേക്ഷിച്ച് ഗണ്യമായ ഉപദ്രവം സഹിക്കുന്നത് പെൺകുട്ടികളാണ്” എന്ന് യു.എസ്. രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങൾ അഭിപ്രായപ്പെടുന്നു. അത് എന്തായിരുന്നാലും എളുപ്പത്തിനുവേണ്ടി ഈ ലേഖനത്തിൽ, ഉപദ്രവിക്കുന്ന വ്യക്തിയെ പുല്ലിംഗത്തിലായിരിക്കും ഞങ്ങൾ പരാമർശിക്കുന്നത്.
c 2004 ജൂൺ 8 ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഇത്ര മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
d ബലാത്സംഗശ്രമത്തെ ചെറുക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച വിവരങ്ങൾ 1993 ജൂൺ 8 ലക്കം ഉണരുക!-യിൽ ഉണ്ട്.
e ബലാത്സംഗശ്രമം പോലുള്ള ചില കേസുകളിൽ കാര്യങ്ങൾ പോലീസിൽ റിപ്പോർട്ടു ചെയ്യാൻ നിങ്ങളുടെ മാതാപിതാക്കൾ തീരുമാനിച്ചേക്കാം. മറ്റു പെൺകുട്ടികൾക്ക് ഇത്തരം ദാരുണമായ അനുഭവങ്ങൾ ഉണ്ടാകുന്നതു തടയാൻ ഇതു സഹായിച്ചേക്കാം.
f മാനസികമോ ശാരീരികമോ ആയ കടുത്ത ആഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ ചിലർ ഒരു ഡോക്ടറെയോ ഒരു അംഗീകൃത മാനസികാരോഗ്യ ചികിത്സകനെയോ സമീപിക്കാൻ തീരുമാനിച്ചേക്കാം.
[24-ാം പേജിലെ ചിത്രം]
കോർട്ടിങ്ങിന്റെ സമയത്തുള്ള ദുഷ്പെരുമാറ്റം മിക്കപ്പോഴും വിവാഹശേഷവും തുടരും
[25-ാം പേജിലെ ചിത്രം]
അനുചിതമായ പ്രേമപ്രകടനങ്ങളിൽ ഏർപ്പെടാനുള്ള സമ്മർദത്തിനു വഴങ്ങരുത്