വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാന്തതയുടെ തടവറയിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കുമായി

ഏകാന്തതയുടെ തടവറയിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കുമായി

ഏകാന്ത​ത​യു​ടെ തടവറ​യിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കു​മാ​യി

ആദ്യ മനുഷ്യ​ന്റെ സൃഷ്ടി​യോ​ടുള്ള ബന്ധത്തിൽ ഉല്‌പത്തി 2:18 ഇപ്രകാ​രം പറയുന്നു: “അനന്തരം യഹോ​വ​യായ ദൈവം: മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ ഉണ്ടാക്കി​ക്കൊ​ടു​ക്കും എന്നു അരുളി​ച്ചെ​യ്‌തു.” അതേ, തനിയെ ആയിരി​ക്കാ​നല്ല, മറിച്ച്‌ മറ്റു മനുഷ്യ​രോ​ടൊ​പ്പം ആയിരി​ക്കാ​നും അവരെ ആശ്രയിച്ച്‌ ജീവി​ക്കാ​നും സൃഷ്ടി​ക്ക​പ്പെ​ട്ട​വ​രാ​ണു മനുഷ്യർ.

നമുക്ക്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​തിൽ വെച്ച്‌ ഏറ്റവും ഉത്തമ സുഹൃത്ത്‌ യഹോ​വ​യാം ദൈവ​മാണ്‌. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ യഹോ​വയെ കുറിച്ച്‌ ‘മനസ്സലി​വുള്ള പിതാ​വും സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ​വു​മാ​യി . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും ഞങ്ങളെ ആശ്വസി​പ്പി​ക്കു​ന്നവൻ’ എന്നു പറയു​ക​യു​ണ്ടാ​യി. (2 കൊരി​ന്ത്യർ 1:3, 4) തന്റെ ദാസന്മാ​രിൽ ആരെങ്കി​ലും ദുരിതം അനുഭ​വി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതിൽ യഹോ​വ​യ്‌ക്കു ദുഃഖം തോന്നു​ന്നു. അവൻ സമാനു​ഭാ​വ​മുള്ള ദൈവ​മാണ്‌. ‘അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.’ (സങ്കീർത്തനം 103:14) യഹോ​വ​യാം ദൈവ​ത്തോ​ടു നിങ്ങൾക്ക്‌ അടുപ്പം തോന്നു​ന്നി​ല്ലേ? സ്‌നേ​ഹ​ത്തോ​ടും ദയയോ​ടും സഹാനു​ഭൂ​തി​യോ​ടും കൂടെ അവൻ കാണി​ക്കുന്ന പരിഗ​ണ​ന​യ്‌ക്ക്‌ നിങ്ങൾ നന്ദിയു​ള്ള​വ​രല്ലേ?

ഏകാന്തത അനുഭ​വി​ക്കു​ന്ന​വരെ യഹോവ താങ്ങുന്നു

കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ അനവധി ദൈവ​ദാ​സ​ന്മാർക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ട്ടി​ട്ടുണ്ട്‌. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം യഹോ​വ​യാ​യി​രു​ന്നു അവരുടെ പിന്തു​ണ​യും ആശ്വാ​സ​വു​മെ​ല്ലാം. ഉദാഹ​ര​ണ​ത്തിന്‌, വളരെ ചെറു​പ്പ​ത്തിൽത്തന്നെ ഒരു പ്രവാ​ച​ക​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട യിരെ​മ്യാ​വി​നെ കുറിച്ചു ചിന്തി​ക്കുക. തിരു​വെ​ഴു​ത്തു​കൾ രേഖ​പ്പെ​ടു​ത്തു​ന്ന​തിൽ പങ്കുവ​ഹിച്ച 40 പേരിൽ വ്യക്തി​പ​ര​മായ വികാ​രങ്ങൾ ഏറെ പ്രകടി​പ്പി​ച്ചത്‌ യിരെ​മ്യാ​വാ​ണെന്നു തോന്നു​ന്നു. ദൈവ​ത്തിൽനി​ന്നുള്ള ആദ്യ നിയമനം കിട്ടി​യ​പ്പോൾ അവന്‌ അപര്യാ​പ്‌ത​താ​ബോ​ധ​വും പേടി​യും തോന്നി. (യിരെ​മ്യാ​വു 1:6) ആ നിയമനം നിർവ​ഹി​ക്കാൻ അവൻ പൂർണ​മാ​യി യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ “ഒരു മഹാവീ​ര​നെ​പ്പോ​ലെ” യഹോവ അവനോ​ടു​കൂ​ടെ ഉണ്ടെന്നു തെളിഞ്ഞു.—യിരെ​മ്യാ​വു 1:18, 19; 20:11.

യിരെ​മ്യാ​വി​ന്റെ കാലത്തിന്‌ ഏകദേശം 300 വർഷത്തി​നു​മുമ്പ്‌ ഈസബേൽ രാജ്ഞി ഏലീയാ​വി​നെ കൊന്നു​ക​ള​യു​മെന്നു ശപഥം ചെയ്‌തു. തന്റെ ദേവനായ ബാലിന്റെ പ്രവാ​ച​ക​ന്മാർ കൊല്ല​പ്പെ​ട്ടെന്നു കേട്ടതി​നെ തുടർന്നാ​യി​രു​ന്നു ഇത്‌. ഏലീയാവ്‌ ഇതു​കേട്ട്‌ പ്രാണ​ര​ക്ഷാർഥം 450 കിലോ​മീ​റ്റർ അകലെ സീനായ്‌ ഉപദ്വീ​പി​ലുള്ള ഹോ​രേ​ബി​ലേക്ക്‌ ഓടി​പ്പോ​യി. രാപാർക്കാ​നാ​യി അവൻ അവിടെ ഒരു ഗുഹയിൽ കടന്നു. അപ്പോൾ യഹോവ അവനോട്‌ ഇപ്രകാ​രം ചോദി​ച്ചു: ‘ഏലീയാ​വേ, ഇവിടെ നിനക്കു എന്തു കാര്യം?’ യഹോ​വ​യു​ടെ ആരാധ​ക​നാ​യി യിസ്രാ​യേ​ലിൽ ശേഷി​ച്ചി​രി​ക്കു​ന്നതു താൻ മാത്ര​മാ​ണെന്നു തോന്നു​ന്നെ​ന്നും ദൈവ​സേ​വ​ന​ത്തിൽ ശുഷ്‌കാ​ന്തി​യോ​ടെ പ്രവർത്തിച്ച പ്രവാ​ച​ക​ന്മാ​രിൽ താനൊ​ഴി​കെ വേറെ​യാ​രും ശേഷി​ക്കു​ന്നി​ല്ലെ​ന്നും അവൻ യഹോ​വ​യോ​ടു പറഞ്ഞു. എന്നാൽ അവൻ ഒറ്റയ്‌ക്കല്ല എന്ന്‌ യഹോവ അവന്‌ ഉറപ്പു​നൽകി. യഹോവ അവനോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. മാത്രമല്ല, ഏലീയാ​വിന്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവനെ​പ്പോ​ലെ വിശ്വ​സ്‌ത​രായ 7,000 സഹ ഇസ്രാ​യേ​ല്യ​രും അവനോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. യഹോവ അവനെ സമാധാ​നി​പ്പി​ക്കു​ക​യും സാന്ത്വ​ന​പ്പെ​ടു​ത്തു​ക​യും അവന്റെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. യഹോവ അവന്റെ ഹൃദയത്തെ പ്രചോ​ദി​പ്പി​ച്ചു, തന്റെ നിയമനം ഇട്ടെറി​ഞ്ഞു പോകാ​തി​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 രാജാ​ക്ക​ന്മാർ 19:4, 9-12, 15-18) ഏലീയാ​വി​നെ​പ്പോ​ലെ നമുക്കും എപ്പോ​ഴെ​ങ്കി​ലും ഏകാന്തത അനുഭ​വ​പ്പെ​ടു​ക​യും വില​കെ​ട്ട​വ​നാ​ണെന്ന തോന്നൽ ഉണ്ടാകു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയും. അതു​പോ​ലെ, വിവേചന ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ വിശ്വ​സ്‌ത​രായ ആളുകളെ ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളു​ടെ നിവൃ​ത്തി​യിൽ അവരുടെ പങ്ക്‌ എന്താ​ണെന്നു കാണാൻ സഹായി​ച്ചു​കൊണ്ട്‌ ആശ്വാസം പകരുന്ന വിധത്തിൽ സംസാ​രി​ക്കാ​നാ​കും.—1 തെസ്സ​ലൊ​നീ​ക്യർ 5:14.

മേൽപ്പ​റ​ഞ്ഞ​തു​പോ​ലുള്ള ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ ഏകാന്തത അനുഭ​വി​ക്കു​ന്ന​വരെ പിന്താ​ങ്ങാ​നും സ്‌നേ​ഹ​പൂർവം ആശ്വസി​പ്പി​ക്കാ​നും യഹോവ കാണി​ക്കുന്ന മനസ്സൊ​രു​ക്കത്തെ നമുക്കു വിലമ​തി​ക്കാൻ കഴിയും. അതേ, “യഹോവ പീഡി​തന്നു ഒരു അഭയസ്ഥാ​നം; കഷ്ടകാ​ലത്തു ഒരഭയ​സ്ഥാ​നം തന്നേ” എന്നു തെളി​യും.—സങ്കീർത്തനം 9:9; 46:1; നഹൂം 1:7.

ആഴമായ വികാ​ര​ങ്ങ​ളും സഹാനു​ഭൂ​തി​യും ഉണ്ടായി​രുന്ന ഒരു മനുഷ്യൻ

യഹോ​വയെ അപ്പാടെ അനുക​രി​ച്ചു​കൊണ്ട്‌ വികാ​ര​ങ്ങ​ളിൽ സമ്പൂർണ സമനില പ്രകട​മാ​ക്കി​യ​തി​ന്റെ ഒരു ആദരണീയ ദൃഷ്ടാന്തം യേശു​ക്രി​സ്‌തു വെച്ചു. അവിചാ​രി​ത​മാ​യി, നയീൻ പട്ടണത്തി​ലെ ഒരു ശവസം​സ്‌കാര യാത്ര കാണാൻ ഇടയാ​യ​പ്പോ​ഴു​ണ്ടായ യേശു​വി​ന്റെ പ്രതി​ക​രണം ലൂക്കൊസ്‌ ഇപ്രകാ​രം വിവരി​ക്കു​ന്നു: “അവൻ പട്ടണത്തി​ന്റെ വാതി​ലോ​ടു അടുത്ത​പ്പോൾ മരിച്ചു​പോയ ഒരുത്തനെ പുറത്തു കൊണ്ടു​വ​രു​ന്നു; അവൻ അമ്മെക്കു ഏകജാ​ത​നായ മകൻ. . . . അവളെ കണ്ടിട്ടു കർത്താവു മനസ്സലി​ഞ്ഞു അവളോ​ടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കു​ന്നവർ നിന്നു. ബാല്യ​ക്കാ​രാ എഴു​ന്നേല്‌ക്ക എന്നു ഞാൻ നിന്നോ​ടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴു​ന്നേ​ററു ഇരുന്നു സംസാ​രി​പ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പി​ച്ചു​കൊ​ടു​ത്തു.” (ലൂക്കൊസ്‌ 7:12-15) യേശു അതു ചെയ്യാൻ അത്യധി​കം പ്രചോ​ദി​ത​നാ​യി. അവൻ ആർദ്രാ​നു​കമ്പ ഉള്ളവനാ​യി​രു​ന്നു. ആ ചെറു​പ്പ​ക്കാ​രനെ ഉയർപ്പി​ക്കു​ക​വഴി, തനിച്ചാ​യി​പ്പോയ ആ വിധവ​യു​ടെ ജീവി​ത​ത്തിൽ യേശു പകർന്ന അതിരറ്റ ആഹ്ലാദത്തെ കുറിച്ചു സങ്കൽപ്പി​ക്കുക! ഏകാന്ത​ത​യു​ടെ തടവറ​യിൽനിന്ന്‌ അവൻ അവളെ മോചി​പ്പി​ച്ചു.

“നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം [അല്ലെങ്കിൽ സഹാനു​ഭൂ​തി] കാണി​പ്പാൻ” കഴിയു​ന്ന​വ​നാണ്‌ യേശു എന്ന ഉറപ്പ്‌ നമുക്കു ലഭിച്ചി​രി​ക്കു​ന്നു. ഏകാന്തത അനുഭ​വി​ക്കുന്ന നീതി​മാ​ന്മാ​രായ ആളുക​ളോട്‌ തീർച്ച​യാ​യും അവന്‌ സഹാനു​ഭൂ​തി തോന്നു​ന്നു. അതേ, അവനി​ലൂ​ടെ ‘കരുണ ലഭിപ്പാ​നും തത്സമയത്തു സഹായ​ത്തി​ന്നുള്ള കൃപ പ്രാപി​പ്പാ​നും’ കഴിയും. (എബ്രായർ 4:15, 16) യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ സങ്കടവും ദുരി​ത​വും ഏകാന്ത​ത​യും അനുഭ​വി​ക്കു​ന്ന​വ​രോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയും. അങ്ങനെ മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ നാം ഏകാന്ത​ത​യു​ടെ പിടി​യിൽ അമരാ​നുള്ള സാധ്യത കുറയു​ക​യാണ്‌. എന്നാൽ ഏകാന്ത​ത​യിൽനിന്ന്‌ ഉരുത്തി​രി​യുന്ന നിഷേ​ധാ​ത്മക ചിന്തകളെ തരണം​ചെ​യ്യാൻ സഹായം പ്രദാനം ചെയ്യുന്ന മറ്റൊരു സംഗതി​കൂ​ടെ ഉണ്ട്‌.

ഏകാന്ത​തയെ തരണം​ചെ​യ്യാൻ ദൈവ​വ​ച​ന​ത്തി​നു നമ്മെ സഹായി​ക്കാ​നാ​കും

‘തിരു​വെ​ഴു​ത്തു​ക​ളാൽ . . . ആശ്വാ​സ​വും പ്രത്യാ​ശ​യും’ ഉളവാ​കു​ന്നു​വെന്ന്‌ അനേക​രും കണ്ടെത്തി​യി​ട്ടുണ്ട്‌. ഏകാന്ത​തയെ തരണം​ചെ​യ്യാൻ സഹായി​ക്കുന്ന പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേ​ശ​ങ്ങൾകൊണ്ട്‌ സമ്പുഷ്ട​മാണ്‌ ദൈവ​വ​ചനം. (റോമർ 15:4; സങ്കീർത്തനം 32:8) ഉദാഹ​ര​ണ​ത്തിന്‌, “ഭാവി​ക്കേ​ണ്ട​തി​ന്നു മീതെ ഭാവി​ച്ചു​യ​രാ​തെ”യിരി​ക്കാൻ ദൈവ​വ​ചനം നമ്മോട്‌ ആഹ്വാനം ചെയ്യുന്നു. (റോമർ 12:3) ഈ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കു​ന്ന​തിന്‌ നാം നമ്മുടെ ചിന്താ​രീ​തി​യിൽ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. താഴ്‌മ​യും പരിമി​തി​കളെ കുറി​ച്ചുള്ള അവബോ​ധ​മായ എളിമ​യും ഉണ്ടായി​രി​ക്കു​ന്നത്‌ സമനി​ല​യോ​ടും ന്യായ​ബോ​ധ​ത്തോ​ടും കൂടെ​യുള്ള പ്രതീ​ക്ഷകൾ നട്ടുവ​ളർത്താൻ നമ്മെ തീർച്ച​യാ​യും സഹായി​ക്കും. മറ്റുള്ള​വ​രിൽ ആത്മാർഥ താത്‌പ​ര്യം വികസി​പ്പി​ച്ചെ​ടു​ക്കാ​നും ദൈവ​വ​ചനം നമ്മെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:4) മറ്റുള്ള​വർക്കു നിങ്ങൾ നൽകു​മ്പോൾ അവരിൽനി​ന്നു നിങ്ങൾക്കു ലഭിക്കു​ക​യും ചെയ്യും. ഈ നല്ല സഹവർത്തി​ത്വം നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ശൂന്യത നികത്തു​ക​യും ജീവി​ത​ത്തിന്‌ അർഥം പകരു​ക​യും ചെയ്യും.

ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നാം ‘നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ’തിരി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എബ്രായർ 10:24, 25) അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങ​ളിൽ ക്രമമാ​യി പങ്കെടു​ക്കു​ന്ന​തു​പോ​ലുള്ള കെട്ടു​പണി ചെയ്യുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടുക. ക്രിസ്‌തീയ യോഗങ്ങൾ നമ്മുടെ ആത്മീയ​വും വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ ക്ഷേമത്തിന്‌ സംഭാവന ചെയ്യും എന്നതിന്‌ യാതൊ​രു സംശയ​വു​മില്ല. ദൈവ​രാ​ജ്യ സുവാർത്ത മറ്റുള്ള​വ​രോ​ടു പറയു​ന്നത്‌ ആരോ​ഗ്യ​ക​ര​മായ പ്രവർത്ത​ന​ങ്ങൾകൊണ്ട്‌ നമ്മുടെ ജീവിതം സമ്പുഷ്ട​മാ​ക്കു​ന്ന​തി​നുള്ള ഒരു മാർഗ​മാണ്‌. ഇത്‌ നമ്മുടെ മനസ്സിനെ ശരിയായ ദിശയിൽ കേന്ദ്രീ​ക​രി​ച്ചു നിറു​ത്തു​ന്നു, നമ്മുടെ വിശ്വാ​സത്തെ ഊട്ടി​യു​റ​പ്പി​ക്കു​ന്നു, നമ്മുടെ പ്രത്യാ​ശയെ പരിര​ക്ഷി​ക്കു​ന്നു.—എഫെസ്യർ 6:14-17.

പ്രാർഥ​ന​യിൽ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലുക. ദാവീദ്‌ ഇപ്രകാ​രം ഉദ്‌ബോ​ധി​പ്പി​ച്ചു: “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) ദൈവ​വ​ചനം പഠിച്ചു​കൊണ്ട്‌ നിങ്ങൾക്കു സന്തുഷ്ട​നാ​യി​രി​ക്കാൻ കഴിയും. (സങ്കീർത്തനം 1:1-3) ഏകാന്തത നിങ്ങളെ വരിഞ്ഞു​മു​റു​ക്കു​ന്നെ​ങ്കിൽ, യഹോ​വ​യു​ടെ വചനത്തിൽ തെളി​ഞ്ഞു​കാ​ണുന്ന അവന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുത​ലി​നെ കുറിച്ചു ധ്യാനി​ക്കുക. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “എന്റെ പ്രാണൻ പൊടി​യോ​ടു പററി​യി​രി​ക്കു​ന്നു; തിരു​വ​ച​ന​പ്ര​കാ​രം എന്നെ ജീവി​പ്പി​ക്കേ​ണമേ.”—സങ്കീർത്തനം 119:25.

“എനിക്ക്‌ ആരുമില്ല” എന്ന്‌ ആരും പറയു​ക​യി​ല്ലാത്ത ഒരു കാലം

ഉത്‌കണ്‌ഠ, നിരാശ, നിഷേ​ധാ​ത്മക ചിന്തകൾ ഇവയിൽനി​ന്നെ​ല്ലാം വിമു​ക്ത​മായ ഒരു പുതി​യ​ലോ​കം യഹോ​വ​യാം ദൈവം നമുക്കു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ബൈബിൾ ഇപ്രകാ​രം പറയുന്നു: “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” (വെളി​പ്പാ​ടു 21:4, 5) അതേ, പൊയ്‌പ്പോ​കുന്ന ആ സംഗതി​ക​ളിൽ ഇന്നു നാം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വു​മായ വേദന​ക​ളും ഉൾപ്പെ​ടു​ന്നു.

നമ്മുടെ ജീവിതം ധന്യമാ​ക്കുന്ന സുഹൃ​ത്തു​ക്ക​ളെ​ക്കൊണ്ട്‌ അന്നു ഭൂമി നിറഞ്ഞി​രി​ക്കും. യഹോവ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലെ ദൈവ​രാ​ജ്യം മുഖേന നമ്മെ ഏകാന്ത​ത​യു​ടെ തടവറ​യിൽനിന്ന്‌ എന്നേക്കു​മാ​യി മോചി​പ്പി​ക്കും. നമുക്കു ചെയ്യാൻ വിസ്‌മ​യ​ക​ര​മായ പുതിയ കാര്യങ്ങൾ അവൻ ഭൗമിക പറുദീ​സ​യിൽ ഒരുക്കി​യി​രി​ക്കും. “എനിക്ക്‌ ആരുമില്ല” എന്ന്‌ നമ്മിൽ ആരും ഒരിക്ക​ലും പറയു​ക​യി​ല്ലാത്ത ആ കാലം ഉടൻ ആഗതമാ​കും. (g04 6/8)

[8, 9 പേജു​ക​ളി​ലെ ചിത്രം]

തനിച്ച്‌ ആയിരി​ക്കു​മ്പോൾ പോലും ഏകാന്തത അനുഭ​വ​പ്പെ​ടാ​തി​രി​ക്കാൻ നമ്മെ സഹായി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും

[10-ാം പേജിലെ ചിത്രങ്ങൾ]

യിരെമ്യാവിനെയും ഏലീയാ​വി​നെ​യും കുറി​ച്ചുള്ള ബൈബിൾ വിവര​ണങ്ങൾ നമ്മെ എന്താണു പഠിപ്പി​ക്കു​ന്നത്‌?