ഏകാന്തതയുടെ തടവിൽ എന്തുകൊണ്ട് ഇത്രയേറെ പേർ?
ഏകാന്തതയുടെ തടവിൽ എന്തുകൊണ്ട് ഇത്രയേറെ പേർ?
ഏകാന്തതയുടെ പിടിയിലമരുന്ന ഒട്ടനവധി പേർ ഇന്നത്തെ സമൂഹത്തിലുണ്ട്. ഇത് എല്ലാ പ്രായത്തിലും വർഗത്തിലും സാമൂഹിക നിലയിലും മത പശ്ചാത്തലത്തിലും ഉള്ളവരെ ബാധിക്കുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങൾ ഇപ്പോൾ ഏകാന്തതയുടെ പിടിയിലാണോ? കൂട്ടിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്, നമ്മുടെ ഹൃദയം പകരാനാകുന്ന, നമ്മുടെ ഉള്ളുതൊട്ടറിയുന്ന, വികാരവിചാരങ്ങളുടെ തീവ്രത ഉൾക്കൊള്ളാനാകുന്ന, നമ്മുടെ ആകുലതകളിൽ ഒരു നനുത്ത സാന്ത്വനമാകുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന് നാമെല്ലാം ഏതെങ്കിലുമൊരു സമയത്ത് അദമ്യമായി ആഗ്രഹിച്ചിട്ടുണ്ട്. അതേ, നമ്മുടെ മനോവികാരങ്ങൾക്കു വിലകൽപ്പിക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ്.
എന്നാൽ ഒറ്റയ്ക്കാണ് എന്നതുകൊണ്ട് നാം അവശ്യം ഏകാന്തത അനുഭവിക്കുന്നു എന്ന് അർഥമില്ല. ചിലർക്ക് തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ആസ്വദിച്ചുകൊണ്ട് തെല്ലും ഏകാന്തത അനുഭവപ്പെടാതെ കുറെയേറെ നേരത്തേക്ക് തനിച്ചായിരിക്കാൻ കഴിയും. നേരെ മറിച്ച്, അൽപ്പനേരത്തേക്കു പോലും തനിച്ചായിരിക്കാൻ കഴിയാത്തവരും ഉണ്ട്. ദി അമേരിക്കൻ ഹെറിറ്റേജ് ഡിക്ഷണറി ഇപ്രകാരം പറയുന്നു: “ഒറ്റയ്ക്ക് ആയിരിക്കുക എന്നത് മറ്റുള്ളവരിൽനിന്ന് അകന്നിരിക്കുന്നതിനെ അർഥമാക്കുന്നു. പക്ഷേ അത്തരമൊരു അവസ്ഥയിൽ ഒരാൾ അസന്തുഷ്ടൻ ആയിരിക്കണമെന്നില്ല. . . . എന്നാൽ ഏകാന്തത അനുഭവിക്കുക എന്നു പറയുമ്പോൾ ഒറ്റയ്ക്കായിരിക്കുന്നതിൽ ആ വ്യക്തി ദുഃഖിതനാണ് എന്ന ആശയമാണ് ലഭിക്കുന്നത്.” താൻ തനിച്ചാണല്ലോ എന്ന വ്യഥിതചിന്തയിൽനിന്ന്, ആരെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്ന അദമ്യമായ ആഗ്രഹത്തിൽനിന്ന് ഉടലെടുക്കുന്നതാണ് അത്. ഏകാന്തത അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് ആശ്വാസം പകരാൻ, അയാളെ ദുഃഖത്തിൽനിന്ന് കരകയറ്റാൻ ആത്മാർഥതയും സ്നേഹവും ഉള്ള ഒരു വ്യക്തിയുടെ സാമീപ്യത്തിനു മാത്രമേ കഴിയൂ. എന്നാൽ ഈ അവസ്ഥ എല്ലായ്പോഴും അയാളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ആയിരിക്കണമെന്നില്ല, സ്വയം ഒറ്റപ്പെടുത്തിക്കൊണ്ട് ചിലപ്പോൾ അയാൾതന്നെ അതിന് ഇടയാക്കിയേക്കാം.
ഏകാന്തത വളരെ തീവ്രമായ ഒരു വികാരമാണ്. അതിന് വളരെയേറെ വേദനാജനകം ആയിരിക്കാൻ കഴിയും. ഒരുതരം ശൂന്യതാബോധം, മറ്റു മനുഷ്യരിൽനിന്നെല്ലാം വേർപെടുത്തപ്പെട്ടവനാണ് എന്ന ചിന്ത അതിൽ ഉൾപ്പെട്ടിരിക്കുന്നു. നാം വൈകാരികമായി തീർത്തുംതളർന്നുപോകുകയോ ഭയവിഹ്വലരാകുകയോ ചെയ്തേക്കാം. നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ? ഏകാന്തത അനുഭവപ്പെടാൻ ഇടയാക്കുന്നത് എന്താണ്?
പ്രശ്നങ്ങൾ, സാഹചര്യങ്ങൾ, പരിതസ്ഥിതികൾ എന്നിവ ആളുകളെ വ്യത്യസ്ത വിധത്തിലാണ് ബാധിക്കുന്നത്. ഒരുപക്ഷേ, നിങ്ങളുടെ ആകാരം, വർഗം, മതം എന്നിവ നിമിത്തം സമപ്രായക്കാർ നിങ്ങളെ കൂടെക്കൂട്ടാൻ ആഗ്രഹിക്കാത്തതായി നിങ്ങൾക്കു തോന്നിയേക്കാം. സാഹചര്യങ്ങളിൽ വരുന്ന മാറ്റം—സ്കൂൾ മാറുന്നതോ, ഒരു ജോലിയിൽ പുതുതായി പ്രവേശിക്കുന്നതോ മറ്റൊരു സ്ഥലത്തേക്കോ നഗരത്തിലേക്കോ രാജ്യത്തേക്കോ താമസം മാറ്റുന്നതോ—നിങ്ങൾക്ക് ഏകാന്തത തോന്നാൻ ഇടയാക്കിയേക്കാം. കാരണം നിങ്ങളുടെ പഴയ സുഹൃത്തുക്കളുടെയെല്ലാം അടുത്തുനിന്ന് നിങ്ങൾ പറിച്ചുനടപ്പെടുകയാണ്. ഇനി, മാതാവിന്റെയോ പിതാവിന്റെയോ വിവാഹ ഇണയുടെയോ നഷ്ടം നിങ്ങളെ ഏകാന്തതയുടെ തടവറയിലാക്കിയേക്കാം, ഒരുപക്ഷേ വർഷങ്ങളോളം. മാത്രമല്ല, പ്രായം ചെല്ലുമ്പോൾ, നമ്മുടെ പരിചയക്കാരും മിത്രങ്ങളും അടങ്ങിയ ചുറ്റുപാടിനു മാറ്റം വരുന്നു, ചിലപ്പോൾ അവരുടെ എണ്ണം കുറയുകയോ പരിചയക്കാർ എന്നു പറയാൻപോലും ആരുമില്ലാത്ത ഒരു അവസ്ഥ സംജാതമാകുകയോ ചെയ്തേക്കാം.
വിവാഹം എല്ലായ്പോഴും ഏകാന്തതയ്ക്ക് ഒരു പരിഹാരമല്ല. ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണകളും യോജിച്ചുപോകുന്നതിലെ പരാജയവും മറ്റും കടുത്ത സമ്മർദത്തിന് ഇടയാക്കിയേക്കാം. അത് അനിശ്ചിതത്വത്തിലേക്കും ചിലപ്പോൾ ഇണയിൽനിന്നും കുട്ടികളിൽനിന്നും ഒറ്റപ്പെട്ടു കഴിയേണ്ട ഒരു സ്ഥിതിവിശേഷത്തിലേക്കും നയിച്ചേക്കാം. എന്നാൽ, പ്രിയപ്പെട്ട ഒരാളുടെ മരണം, വിവാഹമോചനം, ശാരീരികമോ വൈകാരികമോ ആയ ഒറ്റപ്പെടൽ എന്നിവ മൂലം ഉണ്ടാകുന്ന ഏകാന്തതയ്ക്കു പുറമേ നമ്മെ ആഴത്തിൽ ബാധിച്ചേക്കാവുന്ന മറ്റൊരുതരം ഏകാന്തതയുണ്ട്. ഇത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് ഉലച്ചിൽതട്ടിയിട്ട് നാം അവനിൽനിന്ന് അകന്നുപോയിരിക്കുന്നു എന്ന തോന്നലിൽനിന്ന് ഉണ്ടാകുന്നതാണ്.
മേൽപ്പറഞ്ഞ ഏതെങ്കിലും സാഹചര്യത്തെ നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടോ? ഏകാന്തതയെ വിജയകരമായി തരണംചെയ്യുക സാധ്യമാണോ? (g04 6/8)
[4-ാം പേജിലെ ചിത്രങ്ങൾ]
ജീവിതത്തിലെ മാറ്റങ്ങൾ, പുതിയ ഒരു സ്കൂളിൽ പ്രവേശിക്കുന്നത് മുതൽ ഇണയുടെ മരണം വരെയുള്ള സംഗതികൾ, ഏകാന്തതയ്ക്ക് ഇടയാക്കിയേക്കാം