ഏകാന്തതയെ തരണംചെയ്യൽ
ഏകാന്തതയെ തരണംചെയ്യൽ
ഏകാന്തതയെ തരണംചെയ്യുക എന്നത് അത്ര എളുപ്പമല്ല. കാരണം അതിൽ ഉൾപ്പെട്ടിരിക്കുന്നത് ശക്തമായ വികാരങ്ങളാണ്. ഒരു വ്യക്തിക്ക് ഏകാന്തതയെ എങ്ങനെ കൈകാര്യം ചെയ്യാം? തീവ്രതയേറിയ ഈ വികാരത്തെ തരണംചെയ്യാൻ ചിലർ എന്താണു ചെയ്തിരിക്കുന്നത്?
ഏകാന്തതയെ തരണംചെയ്യൽ
ചില തീരുമാനങ്ങൾ എടുക്കുമ്പോൾ ഒറ്റയ്ക്കായിരിക്കാൻ ഹെലന് a ഇഷ്ടമാണ്. എന്നാൽ ഏകാന്തതയ്ക്ക് അപകടകരം ആയിരിക്കാൻ കഴിയുമെന്നാണ് ഹെലനു തോന്നുന്നത്. കുട്ടിയായിരുന്നപ്പോൾ അവൾക്ക് മാതാപിതാക്കളുമായി ആശയവിനിമയം തീരെ ഇല്ലായിരുന്നു. മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ എന്തു ചെയ്യണമെന്നറിയാതെയായപ്പോൾ അവൾ മുഴുസമയവും തന്റെ മുറിയിൽ കയറി കതകടച്ച് ഇരിപ്പായി. അവൾ പറയുന്നു: “എനിക്ക് ഭക്ഷണക്രമക്കേടുകൾ ഉണ്ടാകാൻ തുടങ്ങി. ഞാൻ വിഷാദത്തിന്റെ പടുകുഴിയിലായി. ‘എന്റെ പ്രശ്നത്തെ കുറിച്ച് മാതാപിതാക്കൾക്കു ചിന്തയില്ലാത്ത സ്ഥിതിക്ക് ഞാനെന്തിന് അവരുടെ പ്രശ്നങ്ങളെ കുറിച്ചു വേവലാതിപ്പെടണം’ എന്നു ഞാൻ സ്വയം ചോദിക്കുമായിരുന്നു. വിവാഹത്തിന് ഒരുപക്ഷേ ഞാൻ അനുഭവിക്കുന്ന ഏകാന്തതയിൽനിന്ന് മോചനം നേടിത്തരാൻ കഴിഞ്ഞേക്കുമെന്നു ഞാൻ ചിന്തിച്ചു. രക്ഷപ്പെടാനുള്ള ഒരു പഴുത് എന്ന നിലയിലാണ് ഞാൻ വിവാഹത്തെ കണ്ടത്. പക്ഷേ പിന്നെ തോന്നി: ‘വെറുതെ എന്തിന് മറ്റൊരാളുടെ ജീവിതവും കൂടി നശിപ്പിക്കണം? ആദ്യം സ്വന്തം ചിന്താഗതി നേരെയാക്കിയിട്ടു മതി മറ്റു കാര്യങ്ങൾ!’ പ്രാർഥനയിൽ ഞാൻ യഹോവയുടെ സഹായംതേടി, അവന്റെ മുമ്പിൽ ഞാൻ എന്റെ മനോവ്യഥകളെല്ലാം പകർന്നു.
യെശയ്യാവു 41:10-ലേതു പോലെ, വളരെ ആശ്വാസദായകമായ ചില വാക്കുകൾ ഞാൻ കണ്ടു, ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.’ ഈ വാക്കുകൾ എനിക്ക് ഒരുപാട് സാന്ത്വനം നൽകി, കാരണം ഒരു പിതാവില്ലാത്തതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ ഞാൻ ക്രമമായി ബൈബിൾ വായിക്കുകയും എന്റെ സ്വർഗീയ പിതാവിനോടു പ്രാർഥിക്കുകയും ചെയ്യുന്നു. എന്റെ ഏകാന്തതയെ കീഴടക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”
“ബൈബിളിൽ,പ്രിയപ്പെട്ട ഒരാളെ മരണം തട്ടിയെടുക്കുമ്പോൾ ഉണ്ടാകുന്ന ദുഃഖത്തിന് ഏകാന്തതയിലേക്കു നയിക്കാൻ കഴിയും. 16 വയസ്സുള്ള ലൂയിസാ തന്റെ കഠിനമായ മനോവ്യഥയെ കുറിച്ചു വിവരിക്കുന്നു: “എനിക്ക് അഞ്ചുവയസ്സുള്ളപ്പോൾ എന്റെ അച്ഛൻ കൊല്ലപ്പെട്ടു. ആശ്വാസത്തിനായി ഞാൻ എന്റെ വല്യമ്മയിലേക്കു തിരിഞ്ഞു. പക്ഷേ വല്യമ്മയിൽനിന്ന് എനിക്കൊരിക്കലും സ്നേഹം കിട്ടിയിരുന്നില്ല. എന്റെ കുട്ടിക്കാലത്ത്, എനിക്ക് സ്നേഹവും വാത്സല്യവും ഏറ്റവും ആവശ്യമായിരുന്ന സമയത്ത്, എനിക്കത് വേണ്ടത്ര ലഭിച്ചില്ല. എനിക്കും മൂന്നു ചേച്ചിമാർക്കും നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നതിന് എന്റെ അമ്മ വളരെ കഷ്ടപ്പെടുകയായിരുന്നു. അതുകൊണ്ട് ഞാൻ ജീവനൊടുക്കുന്നതാണ് കുടുംബത്തിനു നല്ലതെന്നു ഞാൻ വിചാരിച്ചു, എട്ടും ഒമ്പതും വയസ്സിനിടയ്ക്ക് മൂന്നു പ്രാവശ്യം ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. അങ്ങനെയിരിക്കെയാണ് ഞങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കാൻ തുടങ്ങിയത്. ഒരു യുവ ദമ്പതികൾ എന്റെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമെടുത്തു. അവർ എന്നോടു പറയുമായിരുന്നു: ‘നീ ഞങ്ങൾക്ക് എത്ര വേണ്ടപ്പെട്ടവളാണെന്നോ!’ ‘നീ ഞങ്ങൾക്കു വേണ്ടപ്പെട്ടവളാണ്’ എന്ന വാക്കുകൾ എനിക്ക് ഒരുപാടു ശക്തിപകർന്നു. ചിലപ്പോൾ എനിക്ക് എന്റെ വികാരങ്ങൾ മറ്റൊരാളോടു തുറന്നു പ്രകടിപ്പിക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ ലേഖനങ്ങൾ വായിക്കുമ്പോൾ ഈ പ്രസിദ്ധീകരണങ്ങളിലൂടെ യഹോവയുടെ സ്നേഹം അനുഭവിച്ചറിയാൻ കഴിഞ്ഞതിന് ഞാൻ അവനു നന്ദിപറയുന്നു. ഇപ്പോൾ ഞാൻ വളരെ മാറിയിട്ടുണ്ട്. ഇന്നെനിക്ക് പുഞ്ചിരിക്കാനാകുന്നു, എന്റെ സങ്കടങ്ങളും സന്തോഷവും അമ്മയുമായി പങ്കുവെക്കാനും കഴിയുന്നു. ചിലപ്പോഴൊക്കെ കഴിഞ്ഞകാലത്തെ അസുഖകരമായ ഓർമകൾ മനസ്സിലേക്കു തികട്ടി വരാറുണ്ട്. എന്നാൽ അത് മുമ്പത്തെപ്പോലെ—അതായത് ഞാൻ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞപ്പോഴത്തെയും എന്റെ വീട്ടുകാരോടു സംസാരിക്കാതെ ഇരുന്നപ്പോഴത്തെയുംപോലെ—എന്റെ മനസ്സിനെ ബാധിക്കുന്നില്ല. സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞത് ഞാൻ എല്ലായ്പോഴും ഓർക്കുന്നു: ‘എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.’”—സങ്കീർത്തനം 122:8.
മാർത്ത വിവാഹമോചനം നേടിയിട്ട് 22 വർഷമായി. ഈ കാലയളവിൽ അവൾ ഒരു കുഞ്ഞിനെയും വളർത്തിവലുതാക്കി. “[വിവാഹ ജീവിതത്തിൽ] ഞാൻ ഒരു പരാജയമായിരുന്നല്ലോ എന്നോർക്കുമ്പോഴൊക്കെ ഞാൻ വിലകെട്ടവളാണെന്നുള്ള തോന്നലും ഏകാന്തതയും മനസ്സിൽ പൊന്തിവരാൻ തുടങ്ങും,” അവൾ പറയുന്നു. ഈ വികാരങ്ങളെ അവൾ തരണംചെയ്യുന്നത് എങ്ങനെയാണ്? മാർത്ത ഇപ്രകാരം പറയുന്നു: “അപ്പോൾത്തന്നെ അതേക്കുറിച്ച് യഹോവയാം ദൈവത്തോടു
സംസാരിക്കുന്നതാണ് അതിനെ നേരിടാനുള്ള ഏറ്റവും മെച്ചമായ മാർഗമായി ഞാൻ കണ്ടെത്തിയിരിക്കുന്നത്. പ്രാർഥിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാം. എന്നെ ഞാൻ മനസ്സിലാക്കുന്നതിലും മെച്ചമായി യഹോവ മനസ്സിലാക്കുന്നു. മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം കാണിക്കുന്നതിനുള്ള അവസരങ്ങളും ഞാൻ തേടുന്നു. നിഷേധാത്മക വികാരങ്ങളോടു പൊരുതുന്നതിനുള്ള വളരെ ശക്തമായ ആയുധമാണ് എന്റെ മുഴുസമയ ശുശ്രൂഷ. നിങ്ങൾ മറ്റുള്ളവരോടു ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചു സംസാരിക്കുമ്പോൾ, യാതൊരു പ്രത്യാശയുമില്ലാതെ, തങ്ങളുടെ പ്രശ്നങ്ങളിൽനിന്ന് ഒരു മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ കഴിയുന്നവരാണ് അവർ എന്നു നിങ്ങൾ കാണുന്നു. ജീവിക്കണമെന്ന ആഗ്രഹം വളർത്തിയെടുക്കാനും മനസ്സിടിച്ചുകളയുന്ന കാര്യങ്ങളോടു പൊരുതിക്കൊണ്ടിരിക്കാനുമുള്ള എത്ര ശക്തമായ കാരണമാണ് നിങ്ങൾക്കുള്ളതെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു.”93 വയസ്സുള്ള എൽബായുടെ കാര്യം പരിചിന്തിക്കുക. എൽബായുടെ ഏക മകൾ മറ്റൊരു രാജ്യത്തു മിഷനറിയായി സേവിക്കുകയാണ്. താൻ ഏകാന്തതയെ എങ്ങനെയാണ് തരണംചെയ്യുന്നതെന്ന് എൽബാ പറയുന്നു: “എന്റെ മോൾക്കും ഭർത്താവിനും വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കാനുള്ള ക്ഷണം വന്നപ്പോൾ അവരുടെ മുഖം സന്തോഷംകൊണ്ടു തിളങ്ങുന്നതു ഞാൻ കണ്ടു. ഞാനും അവരോടൊപ്പം സന്തോഷിച്ചു. എന്നാൽ പിന്നീട് അവർക്ക് മറ്റൊരു രാജ്യത്തേക്ക് മിഷനറി നിയമനം ലഭിച്ചപ്പോൾ, ഞാൻ അൽപ്പം സ്വാർഥയാകാൻ തുടങ്ങി. ഇനി അവർ എന്റെ അടുത്തുണ്ടായിരിക്കില്ലല്ലോ എന്നോർത്തപ്പോൾ എനിക്കു സങ്കടം വന്നു. ന്യായാധിപന്മാർ 11-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന, യിഫ്താഹിന്റെയും അവന്റെ ഏക പുത്രിയുടെയും സാഹചര്യം പോലെയാണിത് എന്ന് എനിക്കുതോന്നി. ക്ഷമയ്ക്കായി ഞാൻ കണ്ണീരോടെ യഹോവയോട് അപേക്ഷിച്ചു. എന്റെ മോളും മോനും എല്ലായ്പോഴും ഞാനുമായി സമ്പർക്കത്തിലാണ്. അവർക്ക് വളരെ തിരക്കാണെന്ന് എനിക്കറിയാം. എന്നാൽ എവിടെയായിരുന്നാലും എനിക്ക് കത്തെഴുതുന്നത് അവർ മുടക്കാറില്ല, വയൽശുശ്രൂഷയിലെ അനുഭവങ്ങളും മറ്റും ക്രമമായി അവർ എന്നെ എഴുതി അറിയിക്കുന്നു. ഞാൻ അവരുടെ കത്തുകൾ വീണ്ടും വീണ്ടും വായിക്കും. ഓരോ ആഴ്ചയും അവർ എന്നോടു സംസാരിക്കുന്നതുപോലെയാണിത്. എനിക്ക് അതിന് ഒരുപാടു നന്ദിയുണ്ട്. മാത്രമല്ല, സഭയിലെ ക്രിസ്തീയ മൂപ്പന്മാർ പ്രായാധിക്യവും ശാരീരികവൈകല്യവും ഉള്ളവരുടെ ആവശ്യങ്ങൾ വേണ്ടവിധം നോക്കി നടത്തുകയും ഞങ്ങൾക്ക് സഭായോഗങ്ങളിൽ സംബന്ധിക്കാൻ വാഹനസൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും മറ്റ് ആവശ്യങ്ങൾ നടത്തിത്തരികയും ചെയ്യുന്നു. എന്റെ ആത്മീയ സഹോദരീസഹോദരന്മാരെ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു.”
നിങ്ങൾക്കും ഏകാന്തതയെ തരണംചെയ്യാൻ കഴിയും
നിങ്ങൾ യുവപ്രായത്തിലുള്ളയാളോ പ്രായംചെന്ന വ്യക്തിയോ, വിവാഹിതനോ അവിവാഹിതനോ, മാതാപിതാക്കളുള്ള കുട്ടിയോ അനാഥനോ, പ്രിയപ്പെട്ട ആരെയെങ്കിലും മരണത്തിൽ നഷ്ടപ്പെട്ടയാളോ മറ്റേതെങ്കിലും തരത്തിലുള്ള ഏകാന്തത അനുഭവിക്കുന്നയാളോ ആണെങ്കിൽ നിങ്ങളുടെ വികാരങ്ങളുടെമേൽ ജയംനേടാൻ വഴികളുണ്ട്. 18 വയസ്സുള്ള ഹോക്കാബെദ് എന്ന പെൺകുട്ടിയുടെ കാര്യം ചിന്തിക്കുക. അവളുടെ പിതാവ് ആറംഗങ്ങളുള്ള കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്കു പോയി. അവൾ പറയുന്നു: “തുറന്നു സംസാരിക്കുക! നമ്മുടെ ഉള്ളിലുള്ള കാര്യങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നത് പ്രധാനമാണ്. ഇല്ലെങ്കിൽ ആരും നമ്മെ മനസ്സിലാക്കാൻ പോകുന്നില്ല.” അവൾ ഇപ്രകാരം ഒരു നിർദേശം മുന്നോട്ടു വെക്കുന്നു: “നിങ്ങളെ കുറിച്ചുതന്നെ ഒരുപാട് ചിന്തിച്ചുകൂട്ടുന്നത് നിറുത്തുക. പക്വതയുള്ളവരിൽനിന്നു സഹായം തേടുക, അല്ലാതെ മറ്റു ചെറുപ്പക്കാരിൽനിന്നല്ല. അവർ ചിലപ്പോൾ നിങ്ങളെക്കാൾ ശോചനീയമായ സ്ഥിതിയിലായിരുന്നേക്കാം.” മുമ്പു പരാമർശിച്ച ലൂയിസാ ഇങ്ങനെ പറയുന്നു: “മുന്നിലെ സകല വഴികളും അടഞ്ഞ്, വഴിമുട്ടി നിൽക്കുന്ന ഒരു സാഹചര്യത്തിൽ യഹോവയോടുള്ള ഹൃദയംഗമമായ പ്രാർഥനകൾ രക്ഷപ്പെടാനുള്ള സഹായം പ്രദാനം ചെയ്യുന്നു.” ഭാര്യയെ മരണത്തിൽ നഷ്ടമായ ഹോർഹെ എന്നയാൾ താൻ ഏകാന്തതയെ എങ്ങനെ നേരിടുന്നുവെന്നു പറയുന്നു: “സ്ഥിരമായ ശ്രമം ആവശ്യമാണ്. മറ്റുള്ളവരിൽ താത്പര്യം കാണിക്കുന്നത് എന്നെ വളരെയേറെ സഹായിക്കുന്നു. മറ്റുള്ളവരോടു സംസാരിക്കുമ്പോൾ ‘സഹതാപം’ അല്ലെങ്കിൽ സമാനുഭാവം കാണിക്കുന്നത് നമ്മുടെ സംഭാഷണം അർഥവത്താക്കുകയും മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിന് നമ്മെ സഹായിച്ചേക്കും.”—1 പത്രൊസ് 3:8.
ഏകാന്തതയോടു പോരാടാൻ അനേകം കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ മേലാൽ ഏകാന്തത അനുഭവിക്കേണ്ടിവരില്ലാത്ത ഒരുകാലം എന്നെങ്കിലും വരുമോ? എങ്കിൽ, അതെങ്ങനെ സംഭവിക്കും? തുടർന്നുവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. (g04 6/8)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[8-ാം പേജിലെ ആകർഷക വാക്യം]
“മുന്നിലെ സകല വഴികളും അടഞ്ഞ്, വഴിമുട്ടി നിൽക്കുന്ന ഒരു സാഹചര്യത്തിൽ യഹോവയോടുള്ള ഹൃദയംഗമമായ പ്രാർഥനകൾരക്ഷപ്പെടാനുള്ള സഹായം പ്രദാനം ചെയ്യുന്നു.”—ലൂയിസ
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഏകാന്തതയെ തരണംചെയ്യാനുള്ള വഴികൾ
◼ രക്ഷപ്പെടാൻ യാതൊരു പഴുതും ഇല്ല എന്നു വിചാരിക്കരുത്, നിങ്ങളുടെ സാഹചര്യം മാറ്റം വരുത്താവുന്നതാണെന്നും മറ്റു പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും ഓർക്കുക.
◼ നിങ്ങളിൽനിന്ന് സ്വന്തം കഴിവിനും അപ്പുറത്തുള്ള കാര്യങ്ങൾ പ്രതീക്ഷിക്കാതിരിക്കുക.
◼ പൊതുവിൽ ആത്മസംതൃപ്തി വളർത്തിയെടുക്കുക.
◼ ഭക്ഷണകാര്യങ്ങൾ, വ്യായാമം എന്നിവയിൽ നല്ല ശീലങ്ങൾ വളർത്തുക, നന്നായി ഉറങ്ങുക.
◼ നിങ്ങൾ തനിയെ ആയിരിക്കുമ്പോൾ സർഗാത്മകത ആവശ്യമായ എന്തെങ്കിലും ചെയ്യുകയോ പുതിയ വൈദഗ്ധ്യങ്ങൾ പഠിച്ചെടുക്കുകയോ ചെയ്യുക.
◼ നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളെ കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിധിക്കാതിരിക്കുക.
◼ നിങ്ങളുടെ സുഹൃത്തുക്കളെയും അവരുടെ സവിശേഷ ഗുണങ്ങളെയും വിലമതിക്കുക. നല്ല ഒരു സുഹൃദ്വലയം രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുക. പ്രായവും അനുഭവപരിചയവുമുള്ളവരോട് നിർദേശങ്ങൾ ആരായുക.
◼ മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുക—ഒന്നു പുഞ്ചിരിക്കാനോ ഒരു ദയാവാക്ക് പറയാനോ അവരുമായി ബൈബിളിൽനിന്നൊരു ആശയം പങ്കുവെക്കാനോ കഴിയും. മറ്റുള്ളവർക്ക് നിങ്ങളെ ആവശ്യമുണ്ട് എന്ന തിരിച്ചറിവ് ഏകാന്തതയ്ക്കുള്ള ഒരു മറുമരുന്നാണ്.
◼ സിനിമ, ടെലിവിഷൻ, ഇന്റർനെറ്റ്, ലിഖിതമാധ്യമങ്ങൾ എന്നിവയിലെ വ്യക്തികളെ കുറിച്ചും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചുമൊക്കെ ദിവാസ്വപ്നം കാണുന്നത് ഒഴിവാക്കുക.
◼ വിവാഹം കഴിച്ച വ്യക്തിയാണു നിങ്ങളെങ്കിൽ നിങ്ങളുടെ മുഴുവൈകാരിക ആവശ്യങ്ങളും ഇണ നിറവേറ്റാൻ പ്രതീക്ഷിക്കരുത്. സഹകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും സഹായിക്കാനും പരസ്പരം പിന്തുണയ്ക്കാനും പഠിക്കുക.
◼ മറ്റുള്ളവരോടു സംസാരിക്കാൻ പഠിക്കുക, നല്ല ഒരു ശ്രോതാവ് ആയിരിക്കുക. മറ്റുള്ളവരിലും അവരുടെ താത്പര്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുക. സമാനുഭാവം പ്രകടമാക്കുക.
◼ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നു തിരിച്ചറിഞ്ഞ്, നിങ്ങൾക്കു വിശ്വസിക്കാവുന്ന, പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുക. എല്ലാം നിശ്ശബ്ദം സഹിക്കരുത്.
◼ അമിതകുടി ഒഴിവാക്കുക. അല്ലെങ്കിൽ ഒട്ടും കുടിക്കാതിരിക്കുക. നിങ്ങളുടെ പ്രശ്നങ്ങളെ മദ്യത്തിൽ മുക്കിത്താഴ്ത്താൻ സാധിക്കുകയില്ല. അൽപ്പനേരത്തിനുശേഷം പ്രശ്നങ്ങൾ പിന്നെയും പൊന്തിവരും.
◼ ദുരഭിമാനം ഒഴിവാക്കുക. നിങ്ങളെ വ്രണപ്പെടുത്തുന്നവരോടു ക്ഷമിക്കുകയും അവരുമായുള്ള ബന്ധം വിളക്കിച്ചേർക്കുകയും ചെയ്യുക. എല്ലാവരെയും സംശയത്തോടെ വീക്ഷിക്കാനുള്ള പ്രവണത ഒഴിവാക്കുക.
[6-ാം പേജിലെ ചിത്രം]
ഒരു വ്യക്തിക്ക് ഏകാന്തതയെ എങ്ങനെ തരണംചെയ്യാൻ കഴിയും?