ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പൂർണതാവാദം “യുവജനങ്ങൾ ചോദിക്കുന്നു . . . ചെയ്യുന്നതെന്തും പരിപൂർണം ആയിരിക്കണമെന്ന് എനിക്കു തോന്നുന്നത് എന്തുകൊണ്ട്?” “പരിപൂർണതയ്ക്കായുള്ള ശ്രമം എനിക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?” എന്നീ ലേഖനങ്ങൾക്കായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (2003 ആഗസ്റ്റ് 8; 2003 സെപ്റ്റംബർ 8) എല്ലാ കാര്യങ്ങളും പിഴവു കൂടാതെ ചെയ്യണമെന്ന, അതിരുകടന്ന നിഷ്ഠ എനിക്ക് താങ്ങാനാവാത്ത ഒരു ചുമടായിത്തീർന്നിരുന്നു; അത് എന്റെ സന്തോഷം കവർന്നുകളഞ്ഞു. പറയുന്നത് തെറ്റിപ്പോയാലോ എന്നോർത്ത് ക്രിസ്തീയ യോഗങ്ങളിൽ ഉത്തരം പറയാൻ പോലും ഞാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ ലേഖനങ്ങൾക്കായി യഹോവയോട് എനിക്കു പറഞ്ഞറിയിക്കാനാവാത്തത്ര നന്ദിയുണ്ട്. എന്റെ നിഷേധാത്മക ചിന്തകളെ വരുതിയിൽ നിറുത്താൻ അവ എന്നെ സഹായിക്കുന്നു.
എസ്. എം., ഇറ്റലി (g04 6/8)
കഴിഞ്ഞ 50 വർഷമായി അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നത്തെ കൈകാര്യം ചെയ്യാൻ എന്നെ സഹായിക്കുന്നതിന് എഴുതപ്പെട്ടതുതന്നെയാണ് ആ ലേഖനങ്ങൾ. പരിപൂർണതയ്ക്കായി ശ്രമിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും യഹോവയ്ക്ക് ഏറ്റവും നല്ലത് നൽകാനുള്ള പ്രയത്നം മാത്രമാണതെന്നും ഞാൻ കരുതി. മക്കളോടും സഹപ്രവർത്തകരോടും ക്രിസ്തീയ സഹോദരങ്ങളോടും മറ്റും ഒത്തുപോകാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത് എന്തുകൊണ്ടാണെന്നു ഞാൻ ചിന്തിച്ചിരുന്നു. എന്റെ ചില കാഴ്ചപ്പാടുകൾ സമനിലയില്ലാത്തതും യഹോവയുടെ വീക്ഷണവുമായി യോജിക്കാത്തതും ആണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ‘അതിനീതിമാനെ’ കുറിച്ചുള്ള തിരുവെഴുത്തു പ്രസ്താവന എന്റെ കാര്യത്തിൽ വളരെ ശരിയായിരുന്നു. അതു നിമിത്തം ഞാൻ എനിക്കും മറ്റുള്ളവർക്കും വലിയ മനോദുഃഖം ഉളവാക്കിയിരിക്കുന്നു. (സഭാപ്രസംഗി 7:16) ഈ പ്രശ്നത്തെ മറികടക്കുക അത്ര എളുപ്പമല്ലെങ്കിലും യഹോവയുടെ സഹായത്താൽ അതിനായി ശ്രമിക്കാൻ ഞാൻ ഒരുക്കമാണ്.
സി. എച്ച്., ഐക്യനാടുകൾ (g04 6/8)
പരിപൂർണതയ്ക്കായുള്ള ശ്രമം ഒരു വ്യക്തിയുടെ മേൽ കൂച്ചുവിലങ്ങിടുമെന്നു പറഞ്ഞതു വളരെ ശരിയാണ്! ചെയ്യാൻ അതിയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നു ചിന്തിച്ച് വർഷങ്ങളായി നിരാശപ്പെട്ടു കഴിയുകയായിരുന്നു ഞാൻ. സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയില്ലാത്തതിനെ കുറിച്ചു പറഞ്ഞതും ശരിയാണ്. പലപ്പോഴും, എന്നോടൊപ്പമായിരിക്കാൻ ആരും ഇഷ്ടപ്പെടാത്തതുപോലെ തോന്നുന്നു. അതിന്റെ കാരണം എന്താണെന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഒരു നീണ്ട, കടുത്ത പോരാട്ടം മുന്നിലുള്ളതായി ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എങ്കിലും യഹോവ എന്നെ സഹായിക്കുമെന്ന് എനിക്കറിയാം.
എൽ. ആർ., ഐക്യനാടുകൾ (g04 6/8)
ചെയ്യുന്ന കാര്യങ്ങളിൽ പൂർണത കൈവരിക്കാൻ ആർക്കും കഴിയില്ലെന്ന് അറിയാമെങ്കിലും അതിനുവേണ്ടി കഠിനമായി യത്നിക്കാൻ എന്റെ വികാരങ്ങൾ എന്നെ നിർബന്ധിക്കുന്നു. യഹോവ നമ്മിൽനിന്നു പൂർണത പ്രതീക്ഷിക്കുന്നില്ലെന്നും അവൻ മൂല്യവത്തായി കണക്കാക്കുന്നത് നമ്മുടെ ഹൃദയനിലയാണെന്നും വായിച്ചപ്പോൾ എനിക്കു വളരെ പ്രോത്സാഹനം തോന്നി. ഈ ലേഖനങ്ങൾക്കായി നന്ദി.
പരാജയഭീതി കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിച്ചിരുന്നു. പരിപൂർണതാവാദിയായിരിക്കുന്നത് എപ്പോഴുമുള്ള ദേഷ്യം, നിഷേധാത്മക ചിന്ത, വിഷാദം, ആത്മാഭിമാനമില്ലായ്മ എന്നിവയിലേക്കു നയിക്കുമെന്ന് മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ പ്രശ്നം പൂർണമായി പരിഹരിക്കാൻ എനിക്കു സാധിച്ചിട്ടില്ല. എങ്കിലും എന്റെ പിഴവുകളോർത്തു ചിരിക്കാൻ സാധിക്കുന്ന ഒരവസ്ഥയിൽ എത്തണമെന്ന് എനിക്കിപ്പോൾ അറിയാം.
എ. ഐ., ജപ്പാൻ (g04 6/8)
കടുത്ത മാനസിക സമ്മർദവും ഉത്കണ്ഠയും ഞാൻ അനുഭവിച്ചിട്ടുണ്ട്. “ഒന്നിനും കൊള്ളാത്തവളാണു ഞാൻ” എന്നു പറഞ്ഞുകൊണ്ട് ഞാൻ എന്നെത്തന്നെ കുറ്റം വിധിക്കുമായിരുന്നു. നിങ്ങളുടെ ലേഖനങ്ങൾ സഹായകമായ വീക്ഷണവും ഊഷ്മളമായ പ്രോത്സാഹനവും പ്രദാനം ചെയ്തു. എന്റെ ഹൃദയത്തിലെ ഭാരത്തിന്—പൂർണത കൈവരിക്കണമെന്ന തോന്നലിന്—അയവു വന്നിട്ടുണ്ട്. എന്റെ മനോഭാവത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താനും ആരോഗ്യാവഹമായ കാഴ്ചപ്പാട് വളർത്തിയെടുക്കാനും തിരുവെഴുത്തുകൾ എന്നെ സഹായിച്ചിരിക്കുന്നു.
എം. എൻ., ജപ്പാൻ (g04 6/8)
സെന്റ് പീറ്റേഴ്സ്ബർഗ് “സെന്റ് പീറ്റേഴ്സ്ബർഗ്—റഷ്യയുടെ യൂറോപ്പിലേക്കുള്ള വാതായനം” എന്ന ലേഖനത്തിനായി ഞങ്ങൾ നന്ദി പറയുന്നു. (2003 സെപ്റ്റംബർ 8) രണ്ടാഴ്ചത്തെ മധുവിധു കാലത്ത് സെന്റ് പീറ്റേഴ്സ്ബർഗിലെ ചരിത്രപ്രധാന ദൃശ്യങ്ങൾ നേരിട്ടു കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ്, മാരിൻസ്കി തീയേറ്റർ, ഹെർമിറ്റാഷ് ദേശീയ മ്യൂസിയം എന്നിവയും പീറ്റർഹോഫ് എന്ന സ്ഥലവും ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകുകയില്ലാത്ത ഒരനുഭവമായിരിക്കും അത്. ഈ ലേഖനത്തിനായി വളരെ നന്ദി, പ്രൗഢഗംഭീരമായ ഈ നഗരം സന്ദർശിക്കവേ അതു ഞങ്ങൾക്ക് ഒരു വഴികാട്ടിയായി ഉതകി!
എ. & ഒ. എസ്., റഷ്യ (g04 6/8)