ടയറുകൾ നിങ്ങളുടെ ജീവൻ അവയെ ആശ്രയിച്ചിരുന്നേക്കാം!
ടയറുകൾ നിങ്ങളുടെ ജീവൻ അവയെ ആശ്രയിച്ചിരുന്നേക്കാം!
ഉരുക്കും സ്ഫടികവും കൊണ്ടു നിർമിച്ച ഒരു ചട്ടക്കൂടിനുള്ളിൽ ആസിഡും എളുപ്പം തീപിടിക്കുന്ന തരം ദ്രാവകങ്ങളും നിറച്ച പാത്രങ്ങൾക്കു സമീപം ബന്ധിക്കപ്പെട്ട നിലയിൽ ഇരിക്കുകയാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. ഈ അപായകരമായ യന്ത്രം നിലത്തുനിന്ന് ഏതാനും സെന്റിമീറ്റർ ഉയർത്തി ഒരു സെക്കൻഡിൽ 30 മീറ്റർ വേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുക. സമാനമായ മറ്റു യന്ത്രങ്ങൾ ഇരുദിശയിലേക്കും ചാട്ടുളിപോലെ പായുന്നുമുണ്ട്!
ഒരു വാഹനത്തിനുള്ളിൽ കയറി അത് ഓടിച്ചു പോകുന്ന ഓരോ അവസരത്തിലും അതാണ് വാസ്തവത്തിൽ നിങ്ങൾ ചെയ്യുന്നത്. വാഹനം ഓടിക്കുമ്പോൾ നിയന്ത്രണം നിലനിറുത്താനും സുരക്ഷിതത്വം തോന്നാനും നിങ്ങളെ സഹായിക്കുന്നത് എന്താണ്? ഒരു വലിയ അളവോളം ടയറുകളാണ് ആ ധർമം നിർവഹിക്കുന്നത്.
ടയറുകൾ ചെയ്യുന്നത്
ടയറുകൾ പ്രധാനപ്പെട്ട പല ഉദ്ദേശ്യങ്ങളും നിറവേറ്റുന്നുണ്ട്. അവ നിങ്ങളുടെ വാഹനത്തിന്റെ ഭാരം താങ്ങുക മാത്രമല്ല, നിരപ്പല്ലാത്ത റോഡിലൂടെ ഓടുമ്പോഴും ബമ്പിൽ കയറുകയോ കുഴിയിൽ ചാടുകയോ ഒക്കെ ചെയ്യുമ്പോഴും ഉണ്ടാകുന്ന ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. ഏറെ പ്രധാനമായി റോഡിൽ നല്ല പിടിത്തം (ഘർഷണം) ഉണ്ടായിരിക്കാൻ ഇതു സഹായിക്കുന്നു. വ്യത്യസ്ത തരം റോഡുകളിൽ വേഗം കൂട്ടുകയും വണ്ടി തിരിക്കുകയും ബ്രേക്കിടുകയുമൊക്കെ ചെയ്യുമ്പോൾ വാഹനം പാളിപ്പോകാതിരിക്കാൻ ഇത് അനിവാര്യമാണ്. എന്നിരുന്നാലും ടയറിന്റെ വളരെ ചെറിയ ഒരു ഭാഗം, അതായത് ഏകദേശം ഒരു പോസ്റ്റ്കാർഡിനോളം വലുപ്പമുള്ള ഭാഗം മാത്രമേ ഏതെങ്കിലും ഒരു സമയത്ത് റോഡുമായി സമ്പർക്കത്തിൽ വരുന്നുള്ളൂ.
ടയറുകൾ എത്ര പ്രധാനമാണ് എന്നതു പരിഗണിക്കുമ്പോൾ, അവ സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കത്തക്ക വിധം സൂക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? നിങ്ങളുടെ വാഹനങ്ങൾക്ക് കൃത്യമായി ചേരുന്ന ടയറുകൾ എങ്ങനെ തിരഞ്ഞെടുക്കാനാകും? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു മുമ്പ് ടയറുകളുടെ ചരിത്രത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.
റബ്ബർ ഉപയോഗത്തിലെ അഗ്രഗാമികൾ
വണ്ടിച്ചക്രങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ഉപയോഗത്തിൽ ഉണ്ടെങ്കിലും തടിയോ ഉരുക്കോ കൊണ്ടു നിർമിച്ച ചക്രത്തിന്റെ റിമ്മിനുമീതെ റബ്ബർ ചുറ്റുക എന്നത് താരതമ്യേന പുതിയ ഒരു സംഗതിയാണ്. 1800-കളുടെ ആദ്യപാദത്തിലായിരുന്നു ഇതിന്റെ തുടക്കം. ഇതിന് സ്വാഭാവിക റബ്ബറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അതു പെട്ടെന്നുതന്നെ തേഞ്ഞുപോകുമായിരുന്നു. അതുകൊണ്ട് അവയുടെ ഭാവി അത്ര ശോഭനമായി കാണപ്പെട്ടില്ല. എന്നാൽ ഐക്യനാടുകളിലെ കണെറ്റിക്കട്ടിൽ നിന്നുള്ള ചാൾസ് ഗുഡ്ഇയർ എന്ന ദൃഢചിത്തനായ ഒരു വ്യക്തിയുടെ കണ്ടുപിടിത്തം ഈ സ്ഥിതിവിശേഷം മാറ്റിമറിച്ചു. ഉയർന്ന മർദത്തിൽ റബ്ബറിനെ ഗന്ധകം ചേർത്ത് ചൂടാക്കുന്ന വൾക്കനൈസേഷൻ എന്ന പ്രക്രിയ 1839-ൽ ഗുഡ്ഇയർ ആവിഷ്കരിച്ചു. ഈ പ്രക്രിയ റബ്ബറിനെ ആവശ്യമായ വിധത്തിൽ രൂപപ്പെടുത്തിയെടുക്കുക എളുപ്പമാക്കിത്തീർത്തു, കൂടാതെ തേയ്മാനം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇതുമൂലം സാധിച്ചു. കട്ടിയുള്ള റബ്ബർ ടയറുകൾ
കൂടുതൽ പ്രചാരം നേടി. പക്ഷേ, അവ ഉപയോഗിച്ചുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല.1845-ൽ സ്കോട്ടിഷ് എൻജിനീയറായ റോബർട്ട് ഡബ്ലിയു. തോംസൺ വായു നിറച്ച ആദ്യത്തെ (ന്യൂമാറ്റിക്) ടയറുകൾക്കുള്ള പേറ്റന്റ് (നിർമാണാവകാശം) നേടിയെങ്കിലും സ്കോട്ട്ലൻഡിൽനിന്നു തന്നെയുള്ള ജോൺ ബോയിഡ് ഡൺലപ് തന്റെ മകന്റെ സൈക്കിളിന്റെ സഞ്ചാരസുഖം മെച്ചപ്പെടുത്തുന്നതിന് ഇറങ്ങിത്തിരിക്കുന്നതുവരെ അവ വ്യാവസായിക വിജയം നേടിയിരുന്നില്ല. ഡൺലപ് 1888-ൽ തന്റെ പുതിയ ടയറിനു നിർമാണാവകാശം നേടുകയും സ്വന്തം കമ്പനി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ടയറുകളുടെ വികസനപാതയിൽ ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ടായിരുന്നു.
1891-ൽ ഒരു ദിവസം ഫ്രാൻസിലെ ഒരു സൈക്കിൾ യാത്രക്കാരന്റെ ടയറിന്റെ കാറ്റുപോയി. എന്നാൽ ടയർ ചക്രത്തിൽനിന്ന് ഊരിയെടുക്കാൻ കഴിയാത്തവിധം ഘടിപ്പിച്ചിരുന്നതിനാൽ അതു നന്നാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹം, വൾക്കനൈസ് ചെയ്ത റബ്ബർ കൊണ്ടുള്ള ജോലികളിൽ പ്രാവീണ്യം നേടിയിരുന്ന സ്വന്തം നാട്ടുകാരനായ ഏഡ്വാർ മിഷലിന്റെ സഹായം തേടി. ആ ടയർ നന്നാക്കാൻ മിഷലിൻ ഒമ്പതു മണിക്കൂർ എടുത്തു. ആ അനുഭവം, എളുപ്പത്തിൽ നന്നാക്കാൻ കഴിയുംവിധം ചക്രത്തിൽനിന്ന് ഊരി മാറ്റാവുന്ന തരത്തിലുള്ള ന്യൂമാറ്റിക് ടയർ നിർമിക്കാൻ മിഷലിനു പ്രചോദനമായി.
മിഷലിന്റെ ടയർ ഒരു വൻ വിജയമായിരുന്നു. പിറ്റേ വർഷം ആയപ്പോഴേക്കും 10,000 സൈക്കിൾയാത്രക്കാർ തങ്ങളുടെ സൈക്കിളുകളിൽ ഈ ടയർ ഉപയോഗിച്ചുതുടങ്ങിയിരുന്നു. അധികംതാമസിയാതെ പാരീസിൽ കുതിരവണ്ടികളിൽ ന്യൂമാറ്റിക് ടയറുകൾ ഘടിപ്പിച്ചു തുടങ്ങി. യാത്രക്കാർ ഈ മാറ്റത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 1895-ൽ ഏഡ്വാറും സഹോദരനായ ആന്ദ്രേയും ന്യൂമാറ്റിക് ടയറുകൾ മോട്ടോർ വാഹനങ്ങളിലും ഉപയോഗിക്കാം എന്നു കാണിക്കുന്നതിനു വേണ്ടി മത്സരയോട്ടത്തിൽ പങ്കെടുത്ത ഒരു കാറിൽ അവ ഘടിപ്പിച്ചു. കാർ അവസാനമാണ് എത്തിയതെങ്കിലും ഈ അസാധാരണ ടയറുകൾ കണ്ട് കാണികൾ അത്ഭുതംകൂറി. മിഷലിൻ സഹോദരന്മാർ അതിനുള്ളിൽ എന്താണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് അറിയാൻ അവർ അതു മുറിച്ചു നോക്കാൻ പോലും ശ്രമിച്ചു!
1930-40 കാലഘട്ടത്തിൽ എളുപ്പം നശിച്ചുപോകുന്ന പരുത്തി, സ്വാഭാവിക റബ്ബർ തുടങ്ങിയ വസ്തുക്കൾക്കു പകരം റയോൺ, നൈലോൺ, പോളിയെസ്റ്റർ തുടങ്ങിയ ഈടുനിൽക്കുന്ന പദാർഥങ്ങൾ രംഗത്തെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്, ഒരു ട്യൂബ് ഉപയോഗിച്ചാണ് ടയറിനുള്ളിൽ വായു നിലനിറുത്തിയിരുന്നത്. എന്നാൽ പിൽക്കാലത്ത് ട്യൂബ് ഇല്ലാതെതന്നെ വായു പുറത്തു പോകാത്ത വിധം ഒരു സീൽ നിർമിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. പിന്നീട് അവ കൂടുതലായി മെച്ചപ്പെടുത്തി.
ഇന്ന് ടയർ നിർമാണത്തിൽ 200-ലധികം അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ചില ടയറുകൾ 1,30,000 കിലോമീറ്ററോ അതിൽ കൂടുതലോ ഓടിക്കാം. മത്സരയോട്ട കാറുകളിൽ ഉപയോഗിക്കുന്ന ഇനം ടയറിന് മണിക്കൂറിൽ നൂറുകണക്കിന് കിലോമീറ്റർ വേഗം താങ്ങാൻ കഴിയുന്നു. ഇക്കാലമത്രയും ടയറുകളുടെ വില കുറഞ്ഞുകൊണ്ടിരിക്കുകയും ഇപ്പോൾ സാധാരണ ഉപഭോക്താവിന് താങ്ങാൻ കഴിയുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.
ടയറുകൾ തിരഞ്ഞെടുക്കൽ
നിങ്ങൾക്ക് ഒരു മോട്ടോർ വാഹനം ഉണ്ടെങ്കിൽ പുതിയ ടയറുകൾ തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളി നിങ്ങൾ അഭിമുഖീകരിക്കാനുള്ള സാധ്യതയുണ്ട്. ടയറുകൾ മാറ്റേണ്ട സമയമായെന്ന് എങ്ങനെയാണ് നിങ്ങൾ മനസ്സിലാക്കുന്നത്? തേയ്മാനമോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് ക്രമമായി പരിശോധിക്കുന്നതിനാൽ. a ടയർ ഉത്പാദകർ, ടയറിന്റെ കാലാവധി തീർന്നു എന്നു സൂചിപ്പിക്കുന്ന അന്തർനിർമിത തേയ്മാന സൂചകങ്ങൾ (വെയർ ബാറുകൾ) നൽകുന്നു. ട്രെഡിന്റെ (കട്ട) അടിയിൽ കുറുകെയുള്ള റബ്ബർ പട്ടകളായാണ് അവ കാണപ്പെടുന്നത്. ട്രെഡ് എവിടെയെങ്കിലും വിട്ടിരിപ്പുണ്ടോ, വയറുകളോ സൈഡ്വാളോ എവിടെയെങ്കിലും ഉന്തിനിൽപ്പുണ്ടോ, മറ്റ് ക്രമക്കേടുകൾ എന്തെങ്കിലും ഉണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് നന്നായിരിക്കും. എന്തെങ്കിലും കുഴപ്പം ഉള്ളതായി കണ്ടെത്തുന്നെങ്കിൽ ടയർ നന്നാക്കുകയോ മാറ്റിയിടുകയോ ചെയ്യാതെ വാഹനം ഓടിക്കരുത്. പുതിയ ടയറുകൾക്കാണു കേടുപാടു കണ്ടെത്തുന്നതെങ്കിൽ, വാറന്റിയുള്ള പക്ഷം, ചില്ലറ വിൽപ്പനക്കാരൻ മുഴുവൻ വില ഈടാക്കാതെതന്നെ പുതിയൊരു ടയർ തന്നേക്കാം.
ടയർ മാറ്റിയിടുമ്പോൾ ജോഡികളായി അതായത് ഒരേ ആക്സിലിലെ അഥവാ അച്ചുതണ്ടിലെ രണ്ടെണ്ണവും ഒരുമിച്ചു മാറ്റുന്നതാണ് ഏറ്റവും നല്ലത്. ഒരു ടയർ മാത്രമേ പുതിയത് ഇടുന്നുള്ളുവെങ്കിൽ, ബ്രേക്കു ചെയ്യുമ്പോൾ രണ്ടു വശത്തെയും ടയറുകളുടെ ഘർഷണത്തിന്റെ അളവ് ഏതാണ്ട് ഒരുപോലെ ആയിരിക്കുന്നതിന് കൂടുതൽ ട്രെഡ് ഉള്ള ടയർ പുതിയ ടയറിന്റെ അതേ ആക്സിലിൽ ഇടുക.
വ്യത്യസ്ത തരത്തിലും, വലുപ്പത്തിലും, മോഡലുകളിലും ഉള്ള ടയറുകൾ തിരഞ്ഞെടുക്കുന്നത് കുഴപ്പിക്കുന്ന ഒരു സംഗതി തന്നെയായിരിക്കാം. എന്നാൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾക്കു ശ്രദ്ധ നൽകുന്നത് നിങ്ങളുടെ ജോലി കൂടുതൽ എളുപ്പമാക്കും. നിങ്ങളുടെ വാഹനത്തിനു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന ടയറിന്റെയും ചക്രത്തിന്റെയും വലുപ്പം, വാഹനത്തിന്റെ ബോഡിയുടെ അടിവശവും റോഡും തമ്മിൽ ഉണ്ടായിരിക്കേണ്ട ഇടദൂരം (ground clearance), വാഹനം വഹിക്കാൻ പ്രതീക്ഷിക്കുന്ന പരമാവധി ഭാരം എന്നിവ സംബന്ധിച്ച നിർമാതാവിന്റെ നിർദേശങ്ങൾ ആദ്യം പരിശോധിക്കുക. നിങ്ങളുടെ വാഹനത്തിന്റെ രൂപകൽപ്പനയും കണക്കിലെടുക്കുന്നതു പ്രധാനമാണ്. ആന്റിലോക്ക് ബ്രേക്ക് സംവിധാനം, ഘർഷണ നിയന്ത്രണം, ഓൾ വീൽ ഡ്രൈവ് അഥവാ ചതുർചക്രചാലന സംവിധാനം എന്നിവയുള്ള ആധുനിക വാഹനങ്ങൾ, പ്രത്യേക പ്രവർത്തന സവിശേഷതകളുള്ള ടയറുകൾ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. സാധാരണഗതിയിൽ ടയർ സംബന്ധിച്ച വ്യവസ്ഥകൾ വാഹനത്തിന്റെ മാന്വലിൽ കൊടുക്കാറുണ്ട്.
റോഡിന്റെ അവസ്ഥയാണ് മറ്റൊരു ഘടകം. നിങ്ങളുടെ വാഹനം കൂടുതൽ സമയവും മൺപാതകളിലൂടെയാണോ ഓടുന്നത് അതോ, ടാർ ചെയ്ത റോഡുകളിലൂടെയാണോ? നിങ്ങൾ വാഹനം ഓടിക്കുന്നത് ഏറെയും മഴയത്താണോ അതോ ഉണങ്ങിയ റോഡുകളിലൂടെയാണോ? ഒരുപക്ഷേ ഇങ്ങനെ ഏതെങ്കിലും ഒരു സാഹചര്യം എടുത്തുപറയുക പ്രയാസമായിരിക്കാം, വ്യത്യസ്ത സാഹചര്യങ്ങളിലായിരിക്കാം നിങ്ങൾ വാഹനം ഓടിക്കുന്നത്. അങ്ങനെയാണെങ്കിൽ ഏതു സാഹചര്യത്തിലും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ടയർ ആണ് നിങ്ങൾക്ക് ആവശ്യം.
ടയറിന്റെ ആയുർദൈർഘ്യവും ഘർഷണ നിലവാരവും പരിഗണിക്കേണ്ടത് പ്രധാനമാണ്. പൊതുവേ, ട്രെഡിന്റെ കടുപ്പം കുറയുന്നതനുസരിച്ച് ടയറിന്റെ ഘർഷണം കൂടും. പക്ഷേ അതിനു തേയ്മാനം കൂടുതൽ ആയിരിക്കും. ട്രെഡ് ആപേക്ഷികമായി കടുപ്പം ഉള്ളത് ആണെങ്കിൽ ടയറിന്റെ ഘർഷണം കുറയും. എന്നാൽ ഈടുനിൽക്കാനുള്ള സാധ്യത കൂടും. ഘർഷണ നിലവാരം സംബന്ധിച്ച വിവരം സാധാരണഗതിയിൽ ടയർ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാണ്. എന്നാൽ വ്യത്യസ്ത ഉത്പാദകർ നൽകുന്ന ഘർഷണ നിലവാരം വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക.
ഭൂരിഭാഗം കാര്യങ്ങളിലും തീരുമാനം എടുത്തു കഴിഞ്ഞാൽപ്പിന്നെ, അന്തിമ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു സംഗതിയേ ഉള്ളൂ—വില. അറിയപ്പെടുന്ന ഉത്പാദകർ മിക്കപ്പോഴും മെച്ചപ്പെട്ട ഗുണമേന്മയും വാറന്റിയും ഉറപ്പു നൽകുന്നു.
ടയർ നല്ല അവസ്ഥയിൽ നിലനിറുത്തൽ
ടയർ നന്നായി സൂക്ഷിക്കുന്നതിൽ മൂന്നു കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു: കൃത്യമായ വായുമർദം നിലനിറുത്തൽ, ക്രമമായ അടിസ്ഥാനത്തിൽ ടയർ മാറ്റിയിടൽ, ടയറിന്റെ ബാലൻസും അലൈൻമെന്റും തെറ്റാതെ സൂക്ഷിക്കൽ. കൃത്യമായ വായുമർദം നിലനിറുത്തുന്നതു വളരെ പ്രധാനമാണ്. ടയറിൽ കാറ്റ് കൂടുതലാണെങ്കിൽ നിശ്ചിത കാലത്തിനു മുമ്പുതന്നെ ട്രെഡിന്റെ മധ്യഭാഗം തേഞ്ഞുപോകും. മറിച്ച് വായുമർദം വളരെ കുറഞ്ഞാൽ ടയറിന്റെ വക്കുകൾക്കു തേയ്മാനം സംഭവിക്കുകയും ഇന്ധനക്ഷമത കുറയുകയും ചെയ്യും.
റബ്ബറിലൂടെ വായു നിർഗമിക്കുന്നതു കൊണ്ട് ഒരു മാസത്തിൽ സാധാരണമായി അര കിലോഗ്രാമോ അതിൽ കൂടുതലോ മർദം കുറയുന്നു. അതുകൊണ്ട് ടയറിന്റെ ആകൃതിയിലുള്ള മാറ്റം കണ്ട് മർദനഷ്ടം തീരുമാനിക്കാം എന്നു വിചാരിക്കരുത്. റബ്ബർ ഉത്പാദക സംഘടനയുടെ അഭിപ്രായത്തിൽ,
“ഒരു ടയറിന്റെ പകുതി വായുമർദം കുറഞ്ഞാലും അത് മനസ്സിലാക്കാൻ പറ്റാതെ വന്നേക്കാം!” അതുകൊണ്ട് ഒരു മർദമാപിനി ഉപയോഗിച്ച് ടയറിന്റെ മർദം അളക്കുക; അതു മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യുക. സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി പല വാഹന ഉടമകളും മർദമാപിനി, ഡാഷ് ബോർഡിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അറയായ ഗ്ലവ് ബോക്സിൽ വെക്കുന്നു. നിങ്ങളുടെ വാഹനത്തിന്റെ എൻജിൻ ഓയിൽ മാറ്റുമ്പോഴെല്ലാം ടയർ പരിശോധിക്കുക. അപ്പോൾ ടയർ തണുത്തിരിക്കണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ വാഹനം ഓട്ടം നിറുത്തിയിട്ട് കുറഞ്ഞത് മൂന്നു മണിക്കൂർ ആയിരിക്കണം അല്ലെങ്കിൽ 1.5 കിലോമീറ്ററിൽ താഴെയേ ഓടിയിരിക്കാവൂ. ടയർമർദത്തെ കുറിച്ചുള്ള വിവരങ്ങൾ വണ്ടിയുടെ മാന്വലിലോ ഡ്രൈവറുടെ വാതിലിനരികിൽ ഒരു ലേബലിലോ ഗ്ലവ് ബോക്സിലോ ഇന്ധന ടാങ്കിന്റെ സമീപത്തോ ഉണ്ടായിരിക്കും. ഒരു അസുഖകരമായ യാത്ര ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ടയറുകളിൽ പരമാവധി കാറ്റു നിറയ്ക്കരുത്. ഓരോ ടയറിലും എത്രത്തോളം കാറ്റു നിറയ്ക്കാം എന്ന് സൈഡ് വാളിൽ മോൾഡ് ചെയ്തിരിക്കും.ക്രമമായ അടിസ്ഥാനത്തിൽ ടയറുകൾ സ്ഥാനം മാറ്റിയിട്ടാൽ അവ കൂടുതൽ കാലം ഉപയോഗിക്കാം; അവയുടെ തേയ്മാനം ഒരു പോലെയായിരിക്കുകയും ചെയ്യും. നിങ്ങളുടെ വാഹനം നിർമിച്ച കമ്പനി മറിച്ചു ശുപാർശ ചെയ്യുന്നില്ലെങ്കിൽ ഓരോ 10,000 കിലോമീറ്ററിനും 13,000 കിലോമീറ്ററിനും ഇടയ്ക്ക് ടയർ സ്ഥാനം മാറ്റിയിടുന്നതു നന്നായിരിക്കും. വീണ്ടും, നിർദേശിച്ചിരിക്കുന്ന രീതി ഏതെന്നു കാണാൻ മാന്വൽ കാണുക.
ഇനി, ഓരോ വർഷവും നിങ്ങളുടെ വാഹനത്തിന്റെ ടയർ അലൈൻമെന്റ് പരിശോധിപ്പിക്കുക; നിങ്ങളുടെ വാഹനത്തിന്റെ സ്റ്റിയറിംഗിന് പതിവില്ലാത്ത കമ്പനമോ അസാധാരണമായ എന്തെങ്കിലും പ്രശ്നമോ തോന്നുന്ന ഏതു സന്ദർഭത്തിലും ഇതു ചെയ്യുക. ഭാരത്തിലുള്ള വ്യതിയാനം പേറുന്നതിന് അനുയോജ്യമായ വിധത്തിലാണ് നിങ്ങളുടെ വാഹനത്തിന്റെ സസ്പെൻഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും പതിവു തേയ്മാനം ഇടയ്ക്കിടെ ടയർ വീണ്ടും അലൈൻ ചെയ്യേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. സസ്പെൻഷനിലും ടയർ അലൈൻമെന്റിലും യോഗ്യതയുള്ള ഒരു മെക്കാനിക്കിന് നിങ്ങളുടെ വാഹനത്തിന്റെ അലൈൻമെന്റ് കൃത്യമാക്കിക്കൊണ്ട് ടയറിന്റെ ആയുർദൈർഘ്യവും യാത്രാസുഖവും വർധിപ്പിക്കാൻ കഴിയും.
“ബുദ്ധിശക്തിയുള്ള” ടയറുകൾ
കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ചില കാറുകൾ, ടയറിലെ വായുമർദം സുരക്ഷിതമായ അളവിൽനിന്നു കുറയുമ്പോൾ ഡ്രൈവർക്കു മുന്നറിയിപ്പു നൽകുന്നു. ചില ടയറുകൾക്ക് വായുമർദം ഇല്ലെങ്കിലും കുറച്ചു ദൂരം അപായരഹിതമായി സഞ്ചരിക്കാൻ കഴിയും. മറ്റു ചിലതാകട്ടെ, ടയർ പഞ്ചറായാൽ സ്വയം അത് ഒട്ടിക്കാൻ പര്യാപ്തമായ വിധത്തിലാണു നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ നാനാവിധത്തിലുള്ള, സദാ വിപുലമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന ടയറുകൾ എൻജിനീയർമാർ രൂപകൽപ്പന ചെയ്തുകൊണ്ടിരിക്കുകയാണ്.
നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ, ട്രെഡിന്റെ മാതൃക, സസ്പെൻഷൻ, സ്റ്റിയറിങ്, ബ്രേക്കിങ് സംവിധാനങ്ങൾ എന്നിവ ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ ആധുനിക വാഹനങ്ങളിൽ ടയറുകൾ, യാത്ര കൂടുതൽ സുഖകരം മാത്രമല്ല സുരക്ഷിതവും ആക്കിത്തീർക്കുന്നു. (g04 6/8)
[അടിക്കുറിപ്പുകൾ]
a ടയറുകൾ പരിശോധിക്കാൻ സഹായകമായ, 17-ാം പേജിലെ ചാർട്ട് കാണുക.
[17-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ടയർ പരിചരണത്തിനുള്ള ചെക്ക്ലിസ്റ്റ്
ദൃശ്യ പരിശോധന:
◻ സൈഡ്വാൾ തള്ളിനിൽക്കുന്നുണ്ടോ?
◻ ട്രെഡിന്റെ ഉപരിതലത്തിൽ വയറുകൾ ദൃശ്യമാണോ?
◻ ട്രെഡിന് സുരക്ഷിതമായ അളവിൽ കനമുണ്ടോ, അതോ വെയർ ബാറുകൾ പുറത്തു കാണുന്നുണ്ടോ?
ഇവയും പരിഗണിക്കുക:
◻ ടയറിന്റെ മർദം വാഹന നിർമാതാവ് നിർദേശിച്ചിരിക്കുന്ന അളവിൽത്തന്നെയാണോ?
◻ ടയറുകൾ മാറ്റിയിടാൻ സമയമായോ? (എത്ര ദൂരം ഓടിയതിനു ശേഷം മാറ്റിയിടണം, ഏതു ക്രമത്തിൽ വേണം എന്നിവ സംബന്ധിച്ച് വാഹന നിർമാതാവിന്റെ നിർദേശം അനുസരിക്കുക.)
◻ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ച് ടയർ മാറ്റേണ്ടതുണ്ടോ?
[ചിത്രം]
വെയർ ബാർ
[16-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ടയറിന്റെ ഭാഗങ്ങൾ
ട്രെഡ് ഘർഷണവും വാഹനം തിരിക്കുമ്പോൾ റോഡിൽ നല്ല പിടിത്തവും പ്രദാനം ചെയ്യുന്നു
ബെൽറ്റുകൾ ട്രെഡിന് ഉറപ്പും ശക്തിയും നൽകുന്നു
സൈഡ്വാൾ റോഡിലോ റോഡരികിലോ ഉള്ള എന്തിലെങ്കിലും തട്ടി ടയറിന്റെ വശത്തിനു കേടുപറ്റാതിരിക്കാൻ സഹായിക്കുന്നു
ബോഡി പ്ലൈ ടയറിന് ബലവും വഴക്കവും നൽകുന്നു
അകത്തെ പാളി ടയറിന്റെ ഉള്ളിൽ വായു നിലനിറുത്തുന്നു
ബീഡ് വായുകടക്കാൻ പോലും സ്ഥലമില്ലാത്തവിധം ടയർ ചക്രത്തിൽ ഉറപ്പിക്കുന്നു
[15-ാം പേജിലെ ചിത്രങ്ങൾ]
വായു നിറയ്ക്കാവുന്ന ടയറുകളോടു കൂടിയ ആദ്യകാല സൈക്കിളും കാറും; ഒരു ആദ്യകാല ടയർ ഫാക്ടറിയിലെ തൊഴിലാളികൾ
[കടപ്പാട്]
The Goodyear Tire & Rubber Company