വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധകാല ദുരിതങ്ങൾ പിന്നീടുള്ള ജീവിതത്തിനായി എന്നെ ഒരുക്കി

യുദ്ധകാല ദുരിതങ്ങൾ പിന്നീടുള്ള ജീവിതത്തിനായി എന്നെ ഒരുക്കി

യുദ്ധകാല ദുരി​തങ്ങൾ പിന്നീ​ടുള്ള ജീവി​ത​ത്തി​നാ​യി എന്നെ ഒരുക്കി

ഏണസ്റ്റ്‌ ക്രോമർ പറഞ്ഞ​പ്ര​കാ​രം

“ഇതാണ്‌ നിങ്ങളു​ടെ മുറി.” എന്നെയും സുഹൃ​ത്തി​നെ​യും പശ്ചിമാ​ഫ്രി​ക്ക​യി​ലെ ഗാബോ​ണി​ലേക്കു സ്വാഗതം ചെയ്‌തു​കൊ​ണ്ടുള്ള വാക്കു​ക​ളാ​യി​രു​ന്നു അവ. കഷ്ടിച്ച്‌ ഒരു മെത്തയി​ടാ​നുള്ള വലുപ്പമേ ആ മുറിക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ഞങ്ങൾ അതിന​കത്ത്‌ ആറുമാ​സം താമസി​ച്ചു.

ഒരു കൃഷി​യി​ട​ത്തി​ലാണ്‌ ഞാൻ വളർത്ത​പ്പെ​ട്ടത്‌, രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌. ഇത്‌ പിന്നീ​ടു​വന്ന വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ ജീവി​ക്കാൻ എന്നെ ഒരുക്കി. 1939-ൽ യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ട ഉടൻതന്നെ പോളണ്ട്‌ നാസി​ജർമ​നി​യു​ടെ അധീന​ത​യി​ലാ​യി. എനിക്കന്ന്‌ നാലു വയസ്സാ​യി​രു​ന്നു. മാതാ​പി​താ​ക്ക​ളും എന്റെ അനുജ​നും അനുജ​ത്തി​യും രണ്ടു ചേച്ചി​മാ​രും ഉൾപ്പെ​ട്ട​താ​യി​രു​ന്നു ഞങ്ങളുടെ കുടും​ബം. യുദ്ധത്തിൽ ജർമനി തോൽക്കു​ന്നെ​ങ്കിൽ ഉണ്ടാ​യേ​ക്കാ​വുന്ന ദുഷ്‌ക​ര​മായ നാളു​കൾക്കാ​യി തയ്യാ​റെ​ടു​പ്പോ​ടെ​യി​രി​ക്കാൻ ഡാഡി ഞങ്ങളോ​ടു കാലേ​കൂ​ട്ടി പറഞ്ഞി​രു​ന്നു.

തെക്കൻ സൈലി​ഷ്യ​യി​ലുള്ള ഒരു കൊച്ചു ജർമൻ ഗ്രാമ​മായ ലോ​വെൻ​സ്റ്റൈ​നി​ലാണ്‌ ഞങ്ങൾ താമസി​ച്ചി​രു​ന്നത്‌. ഇന്ന്‌ അത്‌ പോള​ണ്ടി​ന്റെ ഭാഗമാണ്‌. ഏകദേശം 60 ഏക്കർ വരുന്ന കൃഷി​യി​ട​ത്തിൽ ഞങ്ങൾ ധാന്യം കൃഷി ചെയ്യു​ക​യും കന്നുകാ​ലി​കളെ വളർത്തു​ക​യും ചെയ്‌തി​രു​ന്നു. ആ പ്രദേ​ശ​ത്തുള്ള എല്ലാ കർഷക​രു​ടെ​യും മേൽനോ​ട്ടം ഡാഡി​ക്കാ​യി​രു​ന്നു. നാസികൾ അവിടം പിടി​ച്ചെ​ടു​ത്ത​പ്പോൾ, യുദ്ധത്തിൽ തങ്ങൾക്കു പിന്തുണ നൽകാൻ കൃഷി​ക്കാ​രെ സംഘടി​പ്പി​ക്കാൻ അവർ ഡാഡിയെ ഉപയോ​ഗി​ച്ചു.

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ഡാഡി കുതി​ര​പ്പ​ട്ടാ​ള​ത്തിൽ സേവി​ച്ചി​രു​ന്നു. എന്നാലി​പ്പോൾ നാസി ഭരണകൂ​ട​ത്തിൻ കീഴിൽ ജോലി​നോ​ക്കു​ക​യാ​യി​രു​ന്ന​തി​നാൽ നിർബ​ന്ധിത സൈനിക സേവന​ത്തിൽനിന്ന്‌ അവർ അദ്ദേഹത്തെ ഒഴിവാ​ക്കി. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ പുരോ​ഹി​ത​വർഗ​ത്തി​ന്റെ ചെയ്‌തി​ക​ളിൽ ഭഗ്നാശ​രാ​യി, ഏറെ മുമ്പേ​തന്നെ എന്റെ മാതാ​പി​താ​ക്കൾ പള്ളിയിൽനി​ന്നു രാജി​വെ​ച്ചി​രു​ന്നു. അതു​കൊണ്ട്‌ മതത്തിൽ യാതൊ​രു താത്‌പ​ര്യ​വു​മി​ല്ലാ​തെ​യാണ്‌ ഞാൻ വളർന്നു​വ​ന്നത്‌.

1941-ൽ ഞാൻ സ്‌കൂ​ളിൽ പോകാൻ തുടങ്ങി. പക്ഷേ എനിക്കത്‌ തീരെ ഇഷ്ടമി​ല്ലാ​യി​രു​ന്നു. ഇവി​ടെ​യി​ങ്ങനെ ബോർഡിൽ നോക്കി​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ രസകര​മായ എത്രയോ കാര്യങ്ങൾ വേറെ ചെയ്യാ​നുണ്ട്‌ എന്നായി​രു​ന്നു എന്റെ ചിന്ത. അങ്ങനെ​യി​രി​ക്കെ, 1945-ന്റെ ആരംഭ​ത്തിൽ, യുദ്ധം അവസാ​നി​ക്കു​ന്ന​തിന്‌ ഏതാനും മാസം മുമ്പ്‌ തെക്കൻ സൈലി​ഷ്യ​യു​ടെ തലസ്ഥാ​ന​മായ ബ്രെസ്‌ലൗ (ഇന്ന്‌ വ്രോ​ട്ട്‌സ്‌ളാവ്‌) റഷ്യക്കാ​രു​ടെ ആക്രമ​ണ​ത്തിന്‌ ഇരയായി. ഏകദേശം 50 കിലോ​മീ​റ്റർ അകലെ​യുള്ള ആ പട്ടണം ഒരു ശനിയാഴ്‌ച രാത്രി പീരങ്കി ആക്രമ​ണ​ത്തി​ന്റെ ഫലമാ​യും വിമാ​ന​ങ്ങ​ളിൽനി​ന്നു വർഷി​ക്കുന്ന ബോം​ബു​കൾ പൊട്ടി​ത്തെ​റി​ച്ചും കത്തി​യെ​രി​യു​ന്നതു ഞങ്ങൾ കണ്ടു. പെട്ടെ​ന്നു​തന്നെ ഞങ്ങൾ പർവത​പ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ ഓടി​പ്പോ​യി. യുദ്ധം അവസാ​നി​ച്ച​പ്പോൾ ഞങ്ങൾ ലോ​വെൻ​സ്റ്റൈ​നി​ലെ ഞങ്ങളുടെ വീട്ടി​ലേക്കു തിരി​ച്ചു​വന്നു.

യുദ്ധാ​ന​ന്ത​രം

യുദ്ധാ​ന​ന്ത​ര​മുള്ള അവസ്ഥകൾ ഭീകര​മാ​യി​രു​ന്നു. സ്‌ത്രീ​കൾ ബലാത്സം​ഗം ചെയ്യ​പ്പെട്ടു, കൊള്ള​യും മോഷ​ണ​വും നിത്യ​സം​ഭ​വ​ങ്ങ​ളാ​യി മാറി. ഞങ്ങളുടെ കന്നുകാ​ലി​ക​ളിൽ മിക്കതും മോഷണം പോയി.

1945 ജൂ​ലൈ​യിൽ ഡാഡി അറസ്റ്റി​ലാ​യി. ഏഴു രാത്രി നീണ്ടു​നിന്ന കിരാ​ത​മായ ചോദ്യം ചെയ്യലി​നു​ശേഷം അദ്ദേഹത്തെ വിട്ടയച്ചു. മൂന്നു മാസം കഴിഞ്ഞ്‌ വീണ്ടും അദ്ദേഹത്തെ അറസ്റ്റു​ചെ​യ്‌തു കൊണ്ടു​പോ​യി. പിന്നീ​ടൊ​രി​ക്ക​ലും ഞങ്ങൾ ഡാഡിയെ കണ്ടിട്ടില്ല. പോള​ണ്ടു​കാ​രായ രണ്ടുപേർ ഞങ്ങളുടെ കൃഷി​യി​ടം കൈവ​ശ​പ്പെ​ടു​ത്തു​ക​യും ഉടമക​ളാ​യി സ്വയം പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. 1946 ഏപ്രി​ലിൽ ഒരു ഉത്തരവു​വന്നു. ഗ്രാമ​ത്തി​ലെ മുഴു ജർമൻകാ​രോ​ടും, കൈയി​ലൊ​തു​ങ്ങുന്ന സാധന​ങ്ങ​ളു​മെ​ടു​ത്തു സ്ഥലം വിടാൻ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌.

മമ്മി ഇതിനാ​യി മുന്നമേ തയ്യാറാ​യി​രു​ന്ന​തി​നാൽ ഞങ്ങൾക്ക്‌ സംഭ്രമം ഒന്നും ഉണ്ടായില്ല. ചക്രം ഘടിപ്പിച്ച ഒരു വലിയ കൂടയിൽ മമ്മി കിടക്ക​വി​രി​ക​ളും കമ്പിളി​ക​ളും എടുത്തു​വെ​ച്ചി​രു​ന്നു. ഞങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും അത്യാ​വ​ശ്യം വേണ്ട സാധനങ്ങൾ നിറച്ച്‌ പുറത്തി​ട്ടു​കൊ​ണ്ടു​പോ​കാ​വുന്ന ഓരോ ബാഗും ഉണ്ടായി​രു​ന്നു. പോളിഷ്‌ അർധ​സൈ​നി​കർ ജർമൻകാ​രായ ഞങ്ങളെ കന്നുകാ​ലി​കളെ കൊണ്ടു​പോ​കാൻ ഉപയോ​ഗി​ക്കുന്ന ട്രെയിൻ ബോഗി​ക​ളിൽ കയറ്റി. ഒരു ബോഗി​യിൽ 30 പേർ വീതം. രണ്ട്‌ ആഴ്‌ച​യ്‌ക്കു ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാ​ന​മായ വടക്കു​പ​ടി​ഞ്ഞാ​റൻ ജർമനി​യിൽ എത്തി​ച്ചേർന്നു. നെതർലൻഡ്‌സി​നോട്‌ അടുത്താ​യി​രു​ന്നു ഇത്‌.

ഞങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളും ബന്ധുക്ക​ളു​മാ​യി ഉണ്ടായി​രു​ന്ന​വ​രെ​യെ​ല്ലാം—19 പേരെ​യുംഗവൺമെന്റ്‌ രണ്ടു മുറി​ക​ളി​ലാ​യി താമസി​പ്പി​ച്ചു. ക്വാ​ക്കെൻബ്രൂ​ക്കിൽനിന്ന്‌ ഏതാണ്ട്‌ എട്ടു കിലോ​മീ​റ്റർ അകലെ​യുള്ള ഒരു കൃഷി​യി​ട​ത്തി​ലാ​യി​രു​ന്നു ഇത്‌. പിന്നീട്‌, ഞങ്ങളുടെ ചില ബന്ധുക്കൾക്ക്‌ മറ്റു കൃഷി​ക്കാ​രോ​ടൊ​പ്പം താമസ​സൗ​ക​ര്യം ശരിയാ​യി. അപ്പോൾ മുറി​യി​ലെ തിരക്ക്‌ ഒന്നു കുറഞ്ഞു.

മമ്മി ഞങ്ങൾക്കു​വേണ്ടി ഒരുപാ​ടു ത്യാഗങ്ങൾ ചെയ്‌തു. ഞങ്ങൾക്ക്‌ ആഹാരം ഉണ്ടായി​രി​ക്കാൻ വേണ്ടി മമ്മി പലപ്പോ​ഴും കഴിക്കാ​തി​രി​ക്കു​മാ​യി​രു​ന്നു. ഞങ്ങളുടെ ആദ്യ​ശൈ​ത്യ​കാ​ലത്ത്‌ ആവശ്യ​ത്തി​നു വിറക്‌ ഇല്ലായി​രു​ന്നു. മുറി​ക​ളു​ടെ ഭിത്തി​ക​ളും സീലി​ങ്ങും കനത്ത ഹിമപാ​ളി​കൾ പൊതി​ഞ്ഞി​രു​ന്നു. ഞങ്ങളുടെ മുറി കണ്ടാൽ ഒരു ഹിമ ഗുഹയാ​ണെന്നു തോന്നു​മാ​യി​രു​ന്നു. എന്നാൽ ഞങ്ങളുടെ പക്കൽ ചൂടുള്ള കിടക്ക​വി​രി​ക​ളും പുതപ്പു​ക​ളും ഉണ്ടായി​രു​ന്ന​തി​നാൽ ഞങ്ങൾ അതിജീ​വി​ച്ചു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യുള്ള സമ്പർക്കം

1949-നോട​ടുത്ത്‌ എന്റെ ഒരു ആന്റിയിൽനി​ന്നും മമ്മിക്ക്‌ വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ ഒരു പ്രതി കിട്ടി. അതിലെ ഒരു ലേഖനം വായി​ച്ച​പ്പോൾ, യുദ്ധകാ​ലത്ത്‌ ജർമനി​യു​ടെ പതനത്തെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞ ‘ഒരു കൂട്ടരെ’ കുറ്റം​വി​ധി​ച്ചു​കൊ​ണ്ടുള്ള ഹിറ്റ്‌ല​റു​ടെ വാക്കുകൾ റേഡി​യോ​യി​ലൂ​ടെ കേട്ടി​രു​ന്നത്‌ മമ്മി ഓർത്തു. ഈ ആളുകൾ ആരായി​രി​ക്കു​മെന്ന്‌ മമ്മി ചിന്തി​ച്ചി​രു​ന്നു. അവർ യഹോ​വ​യു​ടെ സാക്ഷികൾ ആയിരു​ന്നെന്ന്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ താളു​ക​ളി​ലൂ​ടെ തിരി​ച്ച​റി​ഞ്ഞ​പ്പോൾ മമ്മിയു​ടെ താത്‌പ​ര്യം ഉണർന്നു, അവരോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ മമ്മി തീരു​മാ​നി​ച്ചു.

ഒരു ദിവസം, മമ്മിയെ ബൈബിൾ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സാക്ഷി​ദ​മ്പ​തി​കളെ ഒരു അധ്യയ​ന​സ​മ​യത്ത്‌ ഞാൻ കാണാ​നി​ട​യാ​യി. 1954 ഏപ്രി​ലിൽ ആയിരു​ന്നു ഇത്‌. അധ്യയനം കഴിഞ്ഞ​പ്പോൾ, ഞാൻ നിങ്ങൾക്കു ഭൂമി​യിൽ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയു​മോ? (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​ക​വും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വരിസം​ഖ്യ​യും സ്വീക​രി​ച്ചു. ആ ചെറു​പു​സ്‌തകം വായി​ച്ച​പ്പോൾ, സത്യം കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി എനിക്കു ബോധ്യ​മാ​യി. അതു​കൊണ്ട്‌ ഞാനത്‌ ഞാൻ ജോലി​ചെ​യ്‌തി​രുന്ന കൃഷി​യി​ട​ത്തി​ന്റെ ഉടമയ്‌ക്കു വായി​ക്കാൻ കൊടു​ത്തു. വായി​ച്ച​തി​നെ കുറിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു​വെന്ന്‌ ഞാൻ അവരോ​ടു ചോദി​ച്ച​പ്പോൾ, “കാര്യ​മൊ​ക്കെ കൊള്ളാം. പക്ഷേ ഇതൊക്കെ എവിടെ നടക്കാനാ, ഇതു വിശ്വ​സി​ക്കാൻ എനിക്കാ​വില്ല” എന്ന്‌ അവർ മറുപടി നൽകി.

“പക്ഷേ, ഇതു സത്യമാ​ണെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌,” ഞാൻ അവരോ​ടു പറഞ്ഞു. “ഞാൻ ഇതു പിൻപ​റ്റു​ക​യും ചെയ്യും.” ഇതു​കേട്ട്‌ തലകു​ലു​ക്കി​ക്കൊണ്ട്‌ അവർ പറഞ്ഞു: “ഈ സന്ദേശം വളരെ സൗമ്യ​നായ ഒരു വ്യക്തി​ക്കു​ള്ള​താണ്‌, നിന്നെ​പ്പോ​ലു​ള്ള​വർക്കൊ​ന്നും പറ്റിയതല്ല.” പക്ഷേ ഞാൻ എന്റെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി.

ആ പ്രദേ​ശത്ത്‌ സാക്ഷികൾ ആരും ഇല്ലായി​രു​ന്നെ​ങ്കി​ലും ഞാൻ തന്നെത്താൻ പഠിക്കു​ക​യും ഏകദേശം പത്തു കിലോ​മീ​റ്റർ സൈക്കിൾ ചവിട്ടി ആഴ്‌ച​തോ​റും അവരുടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ പോകു​ക​യും ചെയ്‌തി​രു​ന്നു. അതിനു​ശേഷം ഞാൻ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ സംബന്ധി​ച്ചു; നിരവധി സഭകളി​ലെ സാക്ഷികൾ ആരാധ​ന​യ്‌ക്കാ​യി ഒത്തുകൂ​ടിയ ഒരു സന്ദർഭ​മാ​യി​രു​ന്നു അത്‌. അവി​ടെ​വെച്ച്‌ ഞാൻ ആദ്യമാ​യി പരസ്യ​മാ​യുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അവരോ​ടൊ​പ്പം ചേർന്നു. താമസി​യാ​തെ ഞാൻ പ്രസം​ഗ​വേ​ല​യിൽ ക്രമമാ​യി ഏർപ്പെ​ടാൻ തുടങ്ങി. 1954 ജൂലൈ 14-ന്‌ മമ്മിയും ഞാനും സ്‌നാ​പ​ന​മേറ്റു. പിന്നീട്‌, 80 വയസ്സുള്ള എന്റെ വല്യമ്മ​യും ഒരു സാക്ഷി​യാ​യി​ത്തീർന്നു.

കൃഷി​യി​ട​ത്തി​ലെ ജോലി എന്റെ സമയത്തി​ലേ​റെ​യും അപഹരി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ അത്‌ ഉപേക്ഷിച്ച്‌ വനസം​ര​ക്ഷ​ണ​വ​കു​പ്പിൽ ജോലി​നേടി. അതിനു​ശേഷം ഞങ്ങളുടെ കുടും​ബം ഷ്‌റ്റു​ട്ട്‌ഗാർട്ടി​ന​ടു​ത്തുള്ള ഒരു കൊച്ചു​പ​ട്ട​ണ​മായ റോയ്‌റ്റ്‌ലിം​ഗെ​നി​ലേക്കു താമസം മാറി. ഇവി​ടെ​യാ​യി​രു​ന്ന​പ്പോ​ഴാണ്‌ എന്റെ ഇളയ പെങ്ങൾ ഇൻഗ്രിഡ്‌ ഒരു സാക്ഷി​യാ​യത്‌. കൂടപ്പി​റ​പ്പു​ക​ളിൽ അവൾ മാത്രമേ സാക്ഷി​യാ​യി​ത്തീർന്നു​ള്ളൂ.

മുഴു​സമയ പ്രസം​ഗ​പ്ര​വർത്തനം

വളരെ കാലത്തെ ശ്രമത്തി​നു​ശേഷം 1957-ൽ ഡാഡി​യു​ടെ മരണം ഔദ്യോ​ഗി​ക​മാ​യി സ്ഥിരീ​ക​രി​ക്കാൻ മമ്മിക്കു കഴിഞ്ഞു. അതിനു​ശേഷം, മമ്മിക്ക്‌ പെൻഷൻ കിട്ടാൻ തുടങ്ങി. അപ്പോൾ എന്റെ സഹായ​മി​ല്ലാ​തെ​തന്നെ മമ്മിക്കു കഴിയാ​മെ​ന്നാ​യി. മേലാൽ അത്തരത്തി​ലുള്ള കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ ഒന്നും ഇല്ലായി​രു​ന്ന​തി​നാൽ ഞാൻ അംശകാല ജോലി തിര​ഞ്ഞെ​ടുത്ത്‌ 1957 ഏപ്രി​ലിൽ ഒരു പയനി​യ​റാ​യി മുഴു​സമയ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി. പിന്നീട്‌, ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കാൻ എനിക്കു നിയമനം ലഭിച്ചു. എന്റെ നിയമ​നത്തെ കുറിച്ച്‌ അറിഞ്ഞ ഒരു സഹസാക്ഷി എന്നെ അദ്ദേഹ​ത്തി​ന്റെ ഓഫീ​സി​ലേക്കു വിളി​ച്ചു​കൊ​ണ്ടു​പോ​യിട്ട്‌, “ഇതു വെച്ചോ, ആവശ്യം വരും” എന്നു പറഞ്ഞ്‌ 500 ഡോയിഷ്‌ മാർക്ക്‌ എന്റെ കൈയിൽ തന്നു. ആ പണം കൊണ്ട്‌ ഞാൻ എനിക്കാ​വ​ശ്യ​മുള്ള വസ്‌ത്ര​ങ്ങ​ളെ​ല്ലാം വാങ്ങി. എന്നിട്ടും 200 മാർക്ക്‌ മിച്ചമു​ണ്ടാ​യി​രു​ന്നു.

1960-ൽ, ഓസ്‌ട്രി​യ​യിൽ സേവി​ക്കാൻ ഞാൻ സ്വമേ​ധയാ തയ്യാറാ​യി. എനിക്ക്‌ അവിടെ ഷൈപ്‌സ്‌ എന്ന കൊച്ചു​ഗ്രാ​മ​ത്തി​ലും കുറച്ചു​കാ​ലം ലിൻസ്‌ നഗരത്തി​ലും പ്രസം​ഗ​വേല ആസ്വദി​ക്കാൻ കഴിഞ്ഞു. എന്നാൽ ആ വർഷം അവസാനം എനിക്ക്‌ ഗുരു​ത​ര​മായ ഒരു മോ​ട്ടോർ സൈക്കിൾ അപകട​മു​ണ്ടാ​യി, എന്റെ വലതു കാലിന്‌ ഒടിവു​പറ്റി. കുറെ ശസ്‌ത്ര​ക്രി​യ​കൾക്കു​ശേഷം എനിക്ക്‌ നിയമ​ന​ത്തിൽ തുടരാൻ കഴിഞ്ഞു. എന്നിരു​ന്നാ​ലും, 1962-ൽ കുടി​യേ​റ്റ​വു​മാ​യി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ എനിക്ക്‌ റോയ്‌റ്റ്‌ലിം​ഗെ​നി​ലേക്കു തിരി​ച്ചു​പോ​കേ​ണ്ടി​വന്നു. അവി​ടെ​വെച്ച്‌, എന്റെ കാലിൽ വെച്ചി​രുന്ന ഒരു സ്റ്റീൽ റോഡ്‌ നീക്കം ചെയ്യാൻ എനിക്കു മറ്റൊരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​കേ​ണ്ടി​വന്നു. എന്റെ ചികിത്സാ ചെലവി​നുള്ള പണം കണ്ടെത്തു​ന്ന​തിന്‌ ആറുമാ​സം ഞാൻ പയനി​യ​റിങ്‌ നിറുത്തി.

അങ്ങനെ​യി​രി​ക്കെ, ജർമനി​യി​ലെ വീസ്‌ബാ​ഡെ​നിൽ സ്ഥിതി​ചെ​യ്യുന്ന, സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കു​ന്ന​തിന്‌ അപേക്ഷ അയയ്‌ക്കാൻ ഞങ്ങളുടെ സഭ സന്ദർശിച്ച ഒരു സഞ്ചാര​മേൽവി​ചാ​രകൻ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഞാൻ അങ്ങനെ ചെയ്‌തു. രണ്ട്‌ ആഴ്‌ച കഴിഞ്ഞ​പ്പോൾ, കഴിയു​ന്നത്ര വേഗം എത്തി​ച്ചേ​രാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ എനി​ക്കൊ​രു ടെല​ഗ്രാം കിട്ടി. ഒരാഴ്‌ച​യ്‌ക്കു ശേഷം, 1963 മേയ്‌ മാസത്തിൽ ഞാൻ ബെഥേൽ എന്നു വിളി​ക്കുന്ന ജർമനി ബ്രാഞ്ചി​ലെ റോട്ടറി പ്രസ്സിൽ മാസി​കകൾ അച്ചടി​ക്കാൻ തുടങ്ങി.

ശുഷ്‌കാ​ന്തി​യോ​ടെ പഠിക്കു​ന്നു

ഞാൻ താമസി​ച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മെച്ചമായ സ്ഥലമാ​യി​രു​ന്നു ബെഥേൽ. അവിടത്തെ കഠിനാ​ധ്വാ​ന​വു​മാ​യി ഞാൻ പെട്ടെ​ന്നു​തന്നെ പൊരു​ത്ത​പ്പെട്ടു. 1965-ൽ ഞാൻ സ്‌പെ​യിൻ സന്ദർശി​ച്ചു. അന്ന്‌ അവിടെ പ്രസം​ഗ​വേല നിരോ​ധ​ന​ത്തിൻ കീഴിൽ ആയിരു​ന്ന​തി​നാൽ ഞാൻ ബൈബിൾ സാഹി​ത്യ​ങ്ങൾ ഒളിച്ചു​ക​ടത്തി. ആ സന്ദർശനം മറ്റൊരു ഭാഷ പഠിക്കാ​നുള്ള ആഗ്രഹം എന്നിലു​ണർത്തി. ഞാൻ ഇംഗ്ലീഷ്‌ തിര​ഞ്ഞെ​ടു​ത്തു. പഠിക്കാ​നുള്ള എല്ലാ അവസര​ങ്ങ​ളും ഞാൻ ഉപയോ​ഗ​പ്പെ​ടു​ത്തി. ഈ സമയത്താ​യി​രു​ന്നു ജർമനി​യി​ലെ ആദ്യത്തെ ഇംഗ്ലീഷ്‌ ഗ്രൂപ്പ്‌ രൂപം​കൊ​ള്ളു​ന്നത്‌, ഞാൻ അവരോ​ടൊ​പ്പം ചേർന്നു. ഒരു വീക്ഷാ​ഗോ​പു​രം ലേഖനം ഇംഗ്ലീ​ഷിൽ പഠിക്കാൻ ആദ്യതവണ ഞാൻ ഏഴു മണിക്കൂ​റാണ്‌ എടുത്തത്‌. രണ്ടാമത്തെ പ്രാവ​ശ്യം അഞ്ചുമ​ണി​ക്കൂ​റേ എടുത്തു​ള്ളൂ, അപ്പോൾ ഞാൻ പുരോ​ഗതി വരുത്തു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി.

1966-ൽ, എനിക്ക്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 43-ാമത്തെ ക്ലാസ്സിൽ പങ്കെടു​ക്കാ​നുള്ള ക്ഷണം ലഭിച്ചു. ഐക്യ​നാ​ടു​ക​ളിൽ വെച്ചു നടത്തുന്ന ഈ സ്‌കൂൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷ​കർക്ക്‌ മിഷന​റി​വേ​ല​യ്‌ക്കു​വേണ്ടി പരിശീ​ലനം നൽകുന്നു. 1967 ഏപ്രി​ലിൽ ബിരു​ദ​ദാ​ന​ത്തി​നു ശേഷം, ഗുൺട്ടർ റെഷ്‌കെ​യെ​യും എന്നെയും പശ്ചിമാ​ഫ്രി​ക്ക​യി​ലെ ഗാബോ​ണി​ലേക്ക്‌ നിയമി​ച്ചു. ഗാബോ​ണി​ന്റെ തലസ്ഥാ​ന​മായ ലി​ബ്രെർവി​ല്ലിൽ എത്തിയ​പ്പോൾ ഞങ്ങൾ തുടക്ക​ത്തിൽ പരാമർശിച്ച ആ കൊച്ചു​മു​റി​യി​ലാണ്‌ താമസി​ച്ചത്‌, വസ്‌ത്രങ്ങൾ ഞങ്ങൾ ഭക്ഷണമു​റി​യിൽ തൂക്കി​യി​ട്ടു. ആറു മാസത്തി​നു​ശേഷം ഞങ്ങൾ മറ്റൊരു മിഷന​റി​ഭ​വ​ന​ത്തി​ലേക്കു മാറി.

ഗാബോ​ണിൽ എന്റെ ഏറ്റവും വലിയ ബുദ്ധി​മുട്ട്‌ ഫ്രഞ്ച്‌ പഠിക്കുക എന്നതാ​യി​രു​ന്നു. തീവ്ര​മായ പരി​ശ്ര​മ​ങ്ങൾക്കൊ​ടു​വിൽ എനിക്ക്‌ ഫ്രഞ്ച്‌ തരക്കേ​ടി​ല്ലാ​തെ സംസാ​രി​ക്കാ​മെ​ന്നാ​യി. എന്നാൽ, 1970-ൽ പെട്ടെന്ന്‌ ഗാബോ​ണിൽ ഞങ്ങളുടെ പ്രസം​ഗ​വേല നിരോ​ധി​ച്ചു. മിഷന​റി​മാ​രായ ഞങ്ങളോട്‌ രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ രാജ്യം​വി​ടാൻ ആവശ്യ​പ്പെട്ടു.

മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കി​ലേക്ക്‌

മറ്റു മിഷന​റി​മാ​രോ​ടൊ​പ്പം എന്നെ മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കി​ലേക്കു നിയമി​ച്ചു. രാജ്യത്തെ ഔദ്യോ​ഗിക ഭാഷ ഫ്രഞ്ച്‌ ആയിരു​ന്നു, എന്നാൽ ഭൂരി​ഭാ​ഗം ആളുക​ളോ​ടും സംസാ​രി​ക്ക​ണ​മെ​ങ്കിൽ ഞങ്ങൾക്കു സാംഗോ പഠി​ക്കേ​ണ്ടി​യി​രു​ന്നു. തലസ്ഥാ​ന​മായ ബാംഗ്വി​യിൽനിന്ന്‌ ഏതാണ്ട്‌ 300 കിലോ​മീ​റ്റർ അകലെ​യുള്ള ബാംബാ​രി പട്ടണത്തിൽ ഒരു മിഷനറി ഭവനം സ്ഥാപി​ക്കാൻ ഞങ്ങളെ നിയോ​ഗി​ച്ചു. അവിടെ വൈദ്യു​തി​യോ പൈപ്പ്‌ വെള്ളമോ ഇല്ലായി​രു​ന്നു. പക്ഷേ, ബാംബാ​രി​യി​ലെ രണ്ടു സഭകൾക്ക്‌ ഞങ്ങളുടെ സഹായം ആവശ്യ​മാ​യി​രു​ന്നു. യൂറോ​പ്പി​ലെ എന്റെ യുദ്ധകാല അനുഭ​വങ്ങൾ ബാംബാ​രി​യി​ലെ​യും തുടർന്നു​വന്ന സ്ഥലങ്ങളി​ലെ​യും ജീവിത സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എനിക്ക്‌ ഏറെ സഹായ​ക​മാ​യി.

ബാംബാ​രി​യിൽ രണ്ടുവർഷം സേവി​ച്ച​തി​നു​ശേഷം ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സഭകൾ സന്ദർശി​ക്കാൻ എനിക്കു നിയമനം ലഭിച്ചു. രാജ്യത്ത്‌ ഏകദേശം 40 സഭകൾ ഉണ്ടായി​രു​ന്നു. എനിക്കു നിയമി​ച്ചു തന്ന സഭക​ളോ​ടൊ​ത്തു ഞാൻ ഓരോ ആഴ്‌ച വീതം ചെലവ​ഴി​ച്ചു. എനിക്ക്‌ ഒരു ചെറിയ കാർ ഉണ്ടായി​രു​ന്നു. എന്നാൽ ടാറി​ടാത്ത റോഡ്‌ വളരെ മോശ​മാ​കു​മ്പോൾ ഞാൻ പൊതു​വാ​ഹ​ന​ങ്ങളെ ആശ്രയി​ച്ചി​രു​ന്നു.

ആ രാജ്യത്ത്‌ വാഹനങ്ങൾ നന്നാക്കി കൊടു​ക്കുന്ന ഒരേ​യൊ​രു സ്ഥലമേ ഉണ്ടായി​രു​ന്നു​ള്ളൂ, ബാംഗ്വി. എന്റെ ശുശ്രൂ​ഷ​യിൽ ധാരാളം യാത്ര ഉൾപ്പെ​ട്ടി​രു​ന്ന​തി​നാൽ, വാഹനങ്ങൾ എങ്ങനെ നന്നാക്കാം എന്നതിനെ കുറിച്ചു പ്രതി​പാ​ദി​ക്കുന്ന ചില പുസ്‌ത​ക​ങ്ങ​ളും അതിനുള്ള ചില ഉപകര​ണ​ങ്ങ​ളും ഞാൻ വാങ്ങി, മിക്ക​പ്പോ​ഴും കാറിന്റെ അറ്റകു​റ്റ​പ്പ​ണി​കൾ ഞാൻ സ്വന്തമാ​യാണ്‌ ചെയ്‌തി​രു​ന്നത്‌. ഒരിക്കൽ ഡ്രൈവ്‌ ഷാഫ്‌റ്റി​ലെ യൂണി​വേ​ഴ്‌സൽ ജോയി​ന്റി​ന്റെ മൂടി പൊട്ടി​പ്പോ​യി, വണ്ടി മുന്നോ​ട്ടു നീങ്ങു​ന്നില്ല. മനുഷ്യ​വാ​സ​മു​ള്ളി​ടത്തു ചെല്ലണ​മെ​ങ്കിൽ ഏതാണ്ട്‌ 60 കിലോ​മീ​റ്റർ പോകു​ക​യും വേണം. ഞാൻ വനത്തി​ലേക്കു ചെന്ന്‌ കടുപ്പ​മുള്ള ഒരു തടിക്ക​ഷണം മുറി​ച്ചെ​ടുത്ത്‌ ചെത്തി​മി​നു​ക്കി ഒരു മൂടി ആക്കി. കുറെ​യേറെ ഗ്രീസ്‌ പുരട്ടി അതിനെ ഡ്രൈവ്‌ ഷാഫ്‌റ്റി​നോ​ടു ചേർത്തു കമ്പി ഉപയോ​ഗി​ച്ചു ഭദ്രമാ​യി കെട്ടി, അങ്ങനെ എനിക്കു യാത്ര തുടരാൻ കഴിഞ്ഞു.

കാട്ടു​പ്ര​ദേ​ശ​ത്തോ കുഗ്രാ​മ​ങ്ങ​ളി​ലോ സേവി​ക്കു​ന്നത്‌ ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. കാരണം എഴുത്തും വായന​യും അറിയാ​വു​ന്നവർ ചുരു​ക്ക​മാ​യി​രു​ന്നു. ഒരു സഭയി​ലാ​ണെ​ങ്കിൽ, ഒരാൾക്കേ വായി​ക്കാൻ അറിയാ​മാ​യി​രു​ന്നു​ള്ളൂ, അയാൾക്കാ​ണെ​ങ്കിൽ സംസാ​ര​വൈ​ക​ല്യ​വും ഉണ്ടായി​രു​ന്നു. വീക്ഷാ​ഗോ​പുര അധ്യയനം വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ ചർച്ച ചെയ്യ​പ്പെ​ടുന്ന ആശയങ്ങൾ ഗ്രഹി​ക്കാൻ സഭ ആത്മാർഥ ശ്രമം ചെലു​ത്തു​ന്നതു കാണു​ന്നത്‌ വിശ്വാ​സത്തെ തികച്ചും ബലിഷ്‌ഠ​മാ​ക്കു​ന്ന​താ​യി​രു​ന്നു.

മുഴു​വ​നാ​യി മനസ്സി​ലാ​കാ​തി​രുന്ന അധ്യയ​ന​ത്തി​ലൂ​ടെ എന്തു പ്രയോ​ജ​ന​മാ​ണു കിട്ടു​ന്ന​തെന്ന്‌ പിന്നെ ഞാൻ സഹോ​ദ​ര​ങ്ങ​ളോ​ടു ചോദി​ച്ചു. അതിന്‌ അവർ മനോ​ഹ​ര​മായ ഒരു മറുപടി നൽകി: “ഞങ്ങൾക്ക്‌ പരസ്‌പരം പ്രോ​ത്സാ​ഹനം ലഭിക്കു​ന്നു.”—എബ്രായർ 10:23-25.

എന്റെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളിൽ അനേക​രും നിരക്ഷ​ര​രാ​യി​രു​ന്നെ​ങ്കി​ലും ജീവി​ത​ത്തെ​യും ജീവി​ക്കേണ്ട വിധ​ത്തെ​യും കുറിച്ച്‌ അവർ എന്നെ വളരെ​യേറെ കാര്യങ്ങൾ പഠിപ്പി​ച്ചു. “മററു​ള്ള​വനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണി​ക്കൊൾവിൻ” എന്ന തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ മൂല്യം വിലമ​തി​ക്കാൻ ഞാൻ പഠിച്ചു. (ഫിലി​പ്പി​യർ 2:3) എന്റെ ആഫ്രിക്കൻ സഹോ​ദ​രങ്ങൾ സ്‌നേഹം, ദയ, ആതിഥ്യ​മ​ര്യാ​ദ എന്നിവയെ കുറി​ച്ചും ആ കാട്ടു​പ്ര​ദേ​ശത്ത്‌ എങ്ങനെ ജീവി​ക്കാം എന്നതിനെ കുറി​ച്ചും ഏറെ കാര്യങ്ങൾ എന്നെ പഠിപ്പി​ച്ചു. എന്റെ ഗിലെ​യാദ്‌ ബിരു​ദ​ദാ​ന​ച​ട​ങ്ങിൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ പ്രസി​ഡ​ന്റായ നേഥൻ നോർ സഹോ​ദ​രന്റെ ഉപസം​ഹാര പ്രസം​ഗ​ത്തിൽ പറഞ്ഞ ചില കാര്യ​ങ്ങൾക്ക്‌ എന്നെ സംബന്ധിച്ച്‌ ഇപ്പോൾ ഒരുപാട്‌ അർഥമു​ണ്ടെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം പറഞ്ഞതി​താണ്‌: “താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക, എല്ലാം നമുക്ക്‌ അറിയാ​മെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. നമുക്ക്‌ എല്ലാം അറിയില്ല. ഒരുപാ​ടു കാര്യങ്ങൾ നമുക്കു പഠിക്കാ​നുണ്ട്‌.”

ആഫ്രിക്കൻ കാടു​ക​ളി​ലെ ജീവിതം

ഓരോ സഭ സന്ദർശി​ക്കു​മ്പോ​ഴും ഞാൻ ആ പ്രദേ​ശത്തെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​യി​രു​ന്നു താമസി​ച്ചി​രു​ന്നത്‌. സന്ദർശന വാരം സാധാ​ര​ണ​ഗ​തി​യിൽ അവിടെ ഒരു ഉത്സവമാ​യി​രു​ന്നു, പ്രത്യേ​കിച്ച്‌ കുട്ടി​കൾക്ക്‌. കാരണം ആതിഥേയ സഭ വേട്ടയാ​ടാ​നും മീൻപി​ടി​ക്കാ​നു​മൊ​ക്കെ പോയി എല്ലാവർക്കും ആവശ്യ​ത്തി​നുള്ള ഭക്ഷണം ഒരുക്കാ​നാ​യി ഒരു പ്രത്യേക ശ്രമം തന്നെ ചെയ്യു​മാ​യി​രു​ന്നു.

സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കുടി​ലു​ക​ളിൽ താമസിച്ച ആ സമയത്ത്‌ ഞാൻ എല്ലാത്തരം ആഹാര​വും കഴിച്ചു. ചിതൽ മുതൽ ആനയി​റ​ച്ചി​വരെ. എന്നും തന്നെ കുരങ്ങി​റച്ചി ഉണ്ടായി​രു​ന്നു. കാട്ടു​പ​ന്നി​യു​ടെ​യും മുള്ളൻപ​ന്നി​യു​ടെ​യും ഇറച്ചിക്ക്‌ വളരെ സ്വാദാ​യി​രു​ന്നു. എന്നാൽ എല്ലാ ദിവസ​വും ഇങ്ങനെ വിരുന്ന്‌ ആയിരു​ന്നില്ല കേട്ടോ. ഈ ഭക്ഷണരീ​തി​ക​ളോ​ടു പൊരു​ത്ത​പ്പെ​ടാൻ എന്റെ ശരീരം കുറച്ചു നാളെ​ടു​ത്തു. എന്നാൽ പിന്നെ​പ്പി​ന്നെ കിട്ടു​ന്ന​തെ​ന്തും എന്റെ വയറിന്‌ ദഹിക്കു​മെ​ന്നാ​യി. കപ്പളങ്ങ കുരു​സ​ഹി​തം തിന്നു​ന്നത്‌ വയറിനു നല്ലതാ​ണെ​ന്നുള്ള കാര്യ​വും ഞാൻ പഠിച്ചു.

അപ്രതീ​ക്ഷി​ത​മാ​യ പലതും കാട്ടു​പ്ര​ദേ​ശത്തു സംഭവി​ക്കാം. ഒരിക്കൽ എന്നെ ആളുകൾ ഒരു മാമി-വാട്ടർ ആയി തെറ്റി​ദ്ധ​രി​ച്ചു. മരിച്ചു​പോയ ഒരാളു​ടേ​താ​യി പറയ​പ്പെ​ടുന്ന, വെള്ളത്തിൽ ജീവി​ക്കുന്ന വെളുത്ത പ്രേത​ത്തെ​യാണ്‌ മാമി-വാട്ടർ എന്ന്‌ അവർ വിളി​ക്കു​ന്നത്‌. അതിന്‌ ഒരാളെ വെള്ളത്തി​ലേക്കു വലിച്ചു​കൊ​ണ്ടു​പോ​യി മുക്കി​ക്കൊ​ല്ലാൻ കഴിയു​മെ​ന്നും ആളുകൾ വിശ്വ​സി​ച്ചി​രു​ന്നു. ഒരു ദിവസം ഞാൻ ഒരു അരുവി​യിൽനി​ന്നു കുളിച്ചു കയറവേ, വെള്ളം എടുക്കാൻ വന്ന ഒരു പെൺകു​ട്ടി എന്നെ കണ്ട്‌ ഉച്ചത്തിൽ നിലവി​ളി​ച്ചു​കൊ​ണ്ടോ​ടി. ഞാൻ ഒരു പ്രേത​മ​ല്ലെ​ന്നും അവിടം സന്ദർശി​ക്കാൻ എത്തിയ ഒരു സുവി​ശേഷ പ്രസം​ഗ​ക​നാ​ണെ​ന്നും ഒക്കെ എന്റെ കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദരൻ പറഞ്ഞി​ട്ടും ആളുകൾക്കു വിശ്വാ​സം വരുന്നി​ല്ലാ​യി​രു​ന്നു. “ഒരു വെള്ളക്കാ​രൻ ഈ കാട്ടി​ലേക്ക്‌ ഒരിക്ക​ലും വരില്ല” എന്നായി​രു​ന്നു അവരുടെ വാദം.

നല്ല ശുദ്ധമായ വായു ഉള്ളതി​നാൽ ഞാൻ മിക്ക​പ്പോ​ഴും വെളി​യി​ലാണ്‌ ഉറങ്ങി​യി​രു​ന്നത്‌. എപ്പോ​ഴും ഒരു കൊതു​കു​വല ഞാൻ കൂടെ കരുതു​മാ​യി​രു​ന്നു. കാരണം പാമ്പുകൾ, തേളുകൾ, എലികൾ, മറ്റു കീടങ്ങൾ എന്നിവ​യിൽനിന്ന്‌ ഈ വല എന്നെ സംരക്ഷി​ച്ചി​രു​ന്നു. പല സന്ദർഭ​ങ്ങ​ളിൽ ഞാൻ പട്ടാള ഉറുമ്പു​ക​ളു​ടെ അധിനി​വേ​ശ​ത്തിന്‌ ഇരയാ​യി​ട്ടുണ്ട്‌. അപ്പോ​ഴൊ​ക്കെ എന്നെ സംരക്ഷി​ച്ചത്‌ കൊതു​കു​വ​ല​യാണ്‌. ഒരു രാത്രി, ഞാൻ ടോർച്ച​ടി​ച്ചു​നോ​ക്കി​യ​പ്പോൾ പട്ടാള ഉറുമ്പു​കൾ വല പൊതി​ഞ്ഞി​രി​ക്കു​ന്നതു കണ്ടു. ഞാൻ പ്രാണ​നും കൊ​ണ്ടോ​ടി, കാരണം ഇത്തിരി​ക്കു​ഞ്ഞ​ന്മാ​രാ​ണെ​ങ്കി​ലും സിംഹത്തെ വരെ വകവരു​ത്താൻ പോന്ന​വ​യാണ്‌ ഇവറ്റകൾ.

കോം​ഗോ നദിക്ക​ടുത്ത്‌ മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കിൽ ആയിരു​ന്ന​പ്പോൾ ഞാൻ കാടിന്റെ മക്കളായ പിഗ്മി​ക​ളോ​ടും രാജ്യ​സു​വാർത്ത അറിയി​ക്കു​ക​യു​ണ്ടാ​യി. അവർ മിടു​ക്ക​രായ വേട്ടക്കാ​രാണ്‌, തിന്നാൻ പറ്റുന്ന​തും പറ്റാത്ത​തും എന്താ​ണെന്ന്‌ അവർക്കു നല്ല നിശ്ചയ​മാണ്‌. ചിലർ സാംഗോ ഭാഷ സംസാ​രി​ക്കും, ബൈബിൾ സന്ദേശം അവർ സന്തോ​ഷ​ത്തോ​ടെ ശ്രദ്ധി​ക്കും, മടക്കസ​ന്ദർശ​ന​ത്തി​നും സമ്മതി​ക്കും. പക്ഷേ നമ്മൾ മടങ്ങി​ച്ചെ​ല്ലു​മ്പോൾ അവർ മറ്റെവി​ടേ​ക്കെ​ങ്കി​ലും താമസം മാറ്റി​യി​ട്ടു​ണ്ടാ​കും. ആ സമയത്ത്‌ അവരിൽ ആരും സാക്ഷി​ക​ളാ​യി​ത്തീർന്നില്ല. എന്നാൽ കോം​ഗോ റിപ്പബ്ലി​ക്കിൽ ചില പിഗ്മികൾ സാക്ഷി​ക​ളാ​യ​താ​യി പിന്നീട്‌ ഞാൻ അറിഞ്ഞു.

അഞ്ചുവർഷം മധ്യാ​ഫ്രി​ക്കൻ റിപ്പബ്ലി​ക്കിൽ ഞാൻ സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. രാജ്യ​മൊ​ട്ടാ​കെ ഞാൻ സഞ്ചരിച്ചു, കൂടു​ത​ലും കാട്ടു​പ്ര​ദേ​ശ​ത്തുള്ള സഭകളാ​ണു സന്ദർശി​ച്ചത്‌.

നൈജീ​രിയ ബ്രാഞ്ചി​ലെ സേവനം

1977 മേയ്‌ മാസത്തിൽ നൈജീ​രി​യ​യി​ലെ ലാഗോ​സി​ലുള്ള, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കാൻ എന്നെ ക്ഷണിച്ചു. ആഫ്രി​ക്ക​യി​ലെ ഏറ്റവും ജനപ്പെ​രു​പ്പ​മുള്ള ഈ രാജ്യത്ത്‌ അപ്പോൾത്തന്നെ ഒരു ലക്ഷത്തി​നോ​ട​ടുത്ത്‌ സാക്ഷികൾ ഉണ്ടായി​രു​ന്നു. ബ്രാഞ്ചിൽ സേവി​ച്ചി​രു​ന്നവർ ഏകദേശം 80 പേരാ​യി​രു​ന്നു. എന്നെ ഗരാജിൽ നിയമി​ച്ചു, അതിൽ വാഹന​ങ്ങ​ളു​ടെ കേടു​പോ​ക്ക​ലും പരിച​ര​ണ​വും ഒക്കെ ഉൾപ്പെ​ട്ടി​രു​ന്നു.

1979-ൽ എന്നെ കൃഷി​യി​ട​ത്തി​ലേക്കു നിയമി​ച്ചു. അങ്ങനെ, ഞാൻ ഒരു യുവാ​വാ​യി വളർന്നു​വ​രവേ യൂറോ​പ്പിൽ വെച്ച്‌ ചെയ്‌തു ശീലിച്ച ജോലി​യി​ലേ​ക്കു​തന്നെ മടങ്ങി. കൃഷി​യി​ടം ലാഗോ​സിൽനിന്ന്‌ ഏകദേശം 80 കിലോ​മീ​റ്റർ അകലെ​യുള്ള ഇലാ​റോ​യി​ലാ​യി​രു​ന്നു. ബ്രാഞ്ച്‌ അംഗങ്ങൾക്കുള്ള ഭക്ഷ്യവ​സ്‌തു​ക്കൾ ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നത്‌ ഇവി​ടെ​യാ​യി​രു​ന്നു. ഉഷ്‌ണ​മേഖല മഴവന​ങ്ങ​ളി​ലെ കൃഷി​യും യൂറോ​പ്പി​ലെ കൃഷി​യും വ്യത്യാ​സ​മു​ണ്ടെന്ന്‌ അവി​ടെ​വെച്ച്‌ എനിക്കു മനസ്സി​ലാ​യി. മൂന്നര​വർഷം ഞാൻ അവിടെ ജോലി​ചെ​യ്‌തു. പിന്നെ ലാഗോ​സി​ലെ ഗരാജി​ലേ​ക്കു​തന്നെ എന്നെ വീണ്ടും നിയമി​ച്ചു.

1986-ൽ, പുതി​യ​താ​യി നിർമി​ക്കു​ക​യാ​യി​രുന്ന വലിയ ബ്രാഞ്ച്‌ സമുച്ച​യ​മുള്ള ഇഗേഡൂ​മാ​യി​ലേക്ക്‌ എനിക്കു മാറ്റം കിട്ടി. ലാഗോ​സിൽനിന്ന്‌ ഏകദേശം 360 കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു ഇത്‌. 1990 ജനുവ​രി​യിൽ ഈ ബ്രാഞ്ചി​ന്റെ സമർപ്പണം നടന്നു. പ്രിന്ററി, ഒരു ചെറിയ കൃഷി​യി​ടം, 500-ലധികം പേർക്കു താമസി​ക്കാ​നുള്ള പാർപ്പിട സൗകര്യ​ങ്ങൾ എന്നിവ ഇതിൽ ഉൾപ്പെ​ടു​ന്നു. രണ്ടു മീറ്റ​റോ​ളം ഉയരത്തിൽ ചുറ്റും മതിലു​കെ​ട്ടിയ 140 ഏക്കർ സ്ഥലത്താണ്‌ ഇതു പണിതി​രി​ക്കു​ന്നത്‌. ഇപ്പോൾ, ഇവിടത്തെ കൃഷി​യി​ട​വും താമസ​സൗ​ക​ര്യ​ങ്ങ​ളു​ടെ പരിസ​ര​ങ്ങ​ളും പരിപാ​ലി​ക്കുന്ന 35 പേരട​ങ്ങുന്ന ഒരു കൂട്ടത്തി​ന്റെ മേൽനോ​ട്ട​മാണ്‌ എനിക്കു​ള്ളത്‌.

ഞാൻ നൈജീ​രി​യ​യിൽ താമസ​മാ​ക്കി​യിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ 27 വർഷമാ​യി. ഈ ബ്രാഞ്ചി​ലെ വ്യത്യസ്‌ത നിയമ​നങ്ങൾ ഞാൻ തികച്ചും ആസ്വദി​ച്ചി​രി​ക്കു​ന്നു. എന്റെ മമ്മി യഹോ​വ​യോ​ടു വിശ്വ​സ്‌ത​യാ​യി തുടർന്നി​രി​ക്കു​ന്ന​തിൽ ഞാൻ സന്തുഷ്ട​നാണ്‌. എന്റെ അനുജത്തി ഇൻഗ്രിഡ്‌ 14 വർഷം ഒരു പ്രത്യേക പയനി​യ​റാ​യി സേവിച്ചു, ഭർത്താ​വി​നോ​ടൊ​പ്പം അവൾ ഇപ്പോ​ഴും യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്നു.

എനിക്കു വെല്ലു​വി​ളി​കൾ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിട്ടു​ണ്ടെ​ങ്കി​ലും യഹോ​വ​യെ​യും പശ്ചിമാ​ഫ്രി​ക്ക​യി​ലെ എന്റെ ആത്മീയ സഹോ​ദ​ര​ങ്ങ​ളെ​യും സേവി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്ന​തിൽ ഞാൻ തികച്ചും സന്തുഷ്ട​നാണ്‌. ഇന്നുവരെ ഞാൻ ആസ്വദി​ക്കുന്ന നല്ല ആരോ​ഗ്യ​ത്തി​നു ഞാൻ നന്ദിപ​റ​യു​ക​യും അതു നിലനി​റു​ത്താൻ സഹായി​ക്ക​ണ​മെന്നു പ്രാർഥി​ക്കു​ക​യും ചെയ്യുന്നു, നമ്മുടെ മഹാ​ദൈ​വ​മായ യഹോ​വയെ തുടർന്നും സജീവ​മാ​യി സേവി​ക്കു​ന്ന​തി​നു​വേണ്ടി. (g04 6/22)

[21-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

നൈജീരിയ

മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്‌

ഗാബോൺ

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[18-ാം പേജിലെ ചിത്രം]

എന്റെ മമ്മി ഗെർട്രൂ​റ്റി​നോ​ടും പെങ്ങൾ ഇൻഗ്രി​ഡി​നോ​ടു​മൊ​പ്പം, 1939

[20-ാം പേജിലെ ചിത്രം]

ഗാബോണിൽ ഒരു മിഷന​റി​യാ​യി സേവി​ക്കു​ന്നു

[20-ാം പേജിലെ ചിത്രം]

മധ്യാഫ്രിക്കൻ റിപ്പബ്ലി​ക്കിൽ ഇതു​പോ​ലുള്ള ഗ്രാമ​ങ്ങ​ളി​ലാണ്‌ ഞാൻ താമസി​ച്ചത്‌