ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പള്ളിപ്രസംഗങ്ങൾ വിൽപ്പനയ്ക്ക്
“ജോലിഭാരം നിമിത്തം പ്രസംഗങ്ങൾ തയ്യാറാകാൻ ബുദ്ധിമുട്ടിയിരുന്ന പുരോഹിതന്മാരുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയിരിക്കുന്നു: ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പള്ളി ഉപദേശി എല്ലാ അവസരങ്ങൾക്കും ഇണങ്ങുന്ന പള്ളിപ്രസംഗങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു,” ലണ്ടനിലെ ദ ഡെയ്ലി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഈ വെബ്സൈറ്റ് തുറന്ന ബോബ് ഓസ്റ്റിൻ പറയുന്നു: “ഇക്കാലത്ത് പുരോഹിതന്മാർക്ക് തിരക്കോടുതിരക്കാണ്. അതുകൊണ്ട് പള്ളിപ്രസംഗങ്ങൾ പലപ്പോഴും ഒരു കോണിൽ തള്ളപ്പെടുന്നു.” താൻ തയ്യാറാക്കിയിട്ടുള്ള പ്രസംഗങ്ങൾ തികച്ചും “അർഥവത്തും ചിന്തോദ്ദീപകവും പ്രചോദനാത്മകവും വിജ്ഞാനപരവും ആണ്” എന്ന് അദ്ദേഹം അവകാശപ്പെടുന്നു. “‘പ്രസംഗപീഠത്തിൽ പരിശോധിക്കപ്പെട്ട,’ വ്യത്യസ്ത ബൈബിൾ ഭാഗങ്ങളെയും വിഷയങ്ങളെയും ആധാരമാക്കിയുള്ള 50-ൽ അധികം പ്രഭാഷണങ്ങൾ ഇപ്പോൾ വെബ്സൈറ്റിൽ ഉണ്ട്.” എന്നാൽ വിപ്ലവാത്മകമോ ഉപദേശപരമായ വിവാദമുയർത്തുന്നതോ ആയ വീക്ഷണങ്ങൾ അവ ഒഴിവാക്കുന്നു എന്ന് വർത്തമാനപത്രം വിശദീകരിക്കുന്നു. “സഭയിലുള്ളവർക്ക് ഗ്രഹിക്കാൻ എളുപ്പമുള്ളവ” ആണെന്നു പറയപ്പെടുന്ന, “10-12 മിനിട്ടു നേരത്തേക്കുള്ള” ഈ പ്രഭാഷണങ്ങൾക്ക് ഒരെണ്ണത്തിന് 13 ഡോളറാണ് വില. (g04 6/8)
‘ജനസംഖ്യാ നിയന്ത്രണം’—മൃഗശാലകൾ പ്രതിസന്ധിയിൽ
“ഗർഭനിരോധന മാർഗങ്ങൾ അവലംബിക്കാതെ ഒരു മൃഗശാലയ്ക്കും പിടിച്ചു നിൽക്കാനാവില്ല,” മ്യൂണിക്കിലെ ഹെലാബ്രുൺ മൃഗശാലയിലെ മുഖ്യ ജന്തുശാസ്ത്രജ്ഞനായ ഹെനിങ് വീസ്ന പറയുന്നു. മൃഗശാലകളിലെ ജന്തുക്കൾ സ്വാഭാവിക പരിസ്ഥിതിയിലുള്ളവയെ അപേക്ഷിച്ച് കൂടുതൽ പുനരുത്പാദനം നടത്തുകയും കൂടുതൽ കാലം ജീവിച്ചിരിക്കുകയും ചെയ്യുന്നു. അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളാണെങ്കിൽ നല്ല ആരോഗ്യം ഉള്ളവയുമാണ്. എന്നാൽ മൃഗശാലയ്ക്കു പരിമിതമായ സ്ഥലം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് ഗർഭനിരോധനം ആവശ്യമായി വന്നിരിക്കുന്നത്. എന്നാൽ “മൃഗശാലയിലെ ജനനനിയന്ത്രണത്തിന് ഒരു തടസ്സമുണ്ട്; മൃഗങ്ങൾക്ക് അത് ഇഷ്ടമല്ല,” ജർമൻ മാസികയായ ഫോക്കസ് പറയുന്നു. ഉദാഹരണത്തിന് കരടികൾ, തീറ്റയിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗർഭനിരോധന ഗുളികകളുടെ മണം തിരിച്ചറിഞ്ഞ് അവ നീക്കംചെയ്യുന്നു. മാത്രമല്ല ഗർഭനിരോധന ഗുളികകൾ ചില മൃഗങ്ങൾക്ക് സ്തനാർബുദം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. മറ്റ് ഉപാധികൾ വൃഷണമുടയ്ക്കലോ വന്ധ്യംകരണമോ ആണ്. എന്നാൽ അവ മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഭാവിയിൽ ഒരിക്കലും അവയ്ക്കു സന്തതികളെ ഉത്പാദിപ്പിക്കാനാകില്ല എന്നതാണ് ഒരു സംഗതി. രണ്ടാമത്, ഈ ഉപാധികൾക്കു വിധേയരാകുന്ന മൃഗങ്ങൾ മേലാൽ ലൈംഗിക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ല. അത് സ്വന്തം കൂട്ടത്തിലെ അവയുടെ സ്ഥാനത്തെ ബാധിച്ചേക്കാം. അവശേഷിക്കുന്ന ഒരു മാർഗം ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ കൊന്നുകളയുക എന്നതാണ്. എന്നാൽ അത് മൃഗസ്നേഹികളെയും മൃഗസംരക്ഷണ സംഘടനകളെയും രോഷാകുലരാക്കുന്നു. അങ്ങനെ മൃഗശാലകളിലെ പ്രതിസന്ധി തുടരുന്നു. (g04 6/22)
മനുഷ്യന് പശുവിന്റെ വില പോലുമില്ലേ?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ലോകത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷംകൊണ്ട് ലോകത്തിലെ ആകെ വാണിജ്യത്തിൽ തീർത്തും അവികസിതമായ രാജ്യങ്ങളുടെ (70 കോടി ജനങ്ങൾ) പങ്ക് 1 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായി കുറഞ്ഞിരിക്കുന്നു. “ആഫ്രിക്കയിലെ കറുത്ത വർഗക്കാരിൽ ഭൂരിഭാഗവും കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് കൂടുതൽ ദാരിദ്ര്യത്തിലാണ്,” ഷലാൻഷ് മാസികയിൽ ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനായ ഫീലീപ് യുവേർഗൻസൻ എഴുതുന്നു. ഉദാഹരണത്തിന് ലക്സംബർഗിൽ 4,00,000 പേർക്കു ലഭിക്കുന്ന വിഭവങ്ങളുടെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് എത്യോപ്യയിൽ 6.7 കോടി ആളുകൾക്കു ലഭിക്കുന്നത്. യൂറോപ്പിലെ കൃഷിക്കാർക്ക് ഒരു പശുവിന് 150 രൂപ നിരക്കിൽ പ്രതിദിന സാമ്പത്തിക സഹായം ലഭിക്കുമ്പോൾ, ഏതാണ്ട് 250 കോടി ആളുകളുടെ പ്രതിദിന വരുമാനം അതിൽ കുറവാണെന്ന് യുവേർഗൻസൻ നിരീക്ഷിക്കുന്നു. ചുരുക്കത്തിൽ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും “ദരിദ്രന് ഒരു പശുവിന്റെ വിലപോലും ഇല്ല,” അദ്ദേഹം പറയുന്നു. (g04 6/8)
സംഗീതവും അക്രമാസക്തിയും
ഐയൊവ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ടെക്സസ് ഡിപ്പാർട്ടുമെന്റ് ഓഫ് ഹ്യൂമൻ സർവീസസ് (ഐക്യനാടുകൾ) എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ, അക്രമാസക്ത സംഗീതത്തിന്റെ ഫലങ്ങൾ പരിശോധിക്കുന്നതിന് 500-ലധികം കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ചു പരീക്ഷണങ്ങളുടെ ഒരു പരമ്പര നടത്തുകയുണ്ടായി. ഒരേ ഗായകൻതന്നെ പാടിയ അക്രമാസക്തവും അല്ലാത്തതുമായ ഗാനങ്ങൾ കേട്ടതിനുശേഷം തങ്ങളുടെ അക്രമാസക്ത വികാരങ്ങളുടെ നില നിർണയിക്കുന്നതിനു പര്യാപ്തമായ പരീക്ഷണങ്ങൾക്ക് വിദ്യാർഥികൾ വിധേയരായി. ജേർണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് അക്രമാസക്ത സംഗീതം, പ്രകോപനമില്ലാതെതന്നെ ശത്രുതാപരമായ വികാരങ്ങളും അക്രമാസക്ത ചിന്തകളും വർധിപ്പിച്ചേക്കാം. “ഈ പഠനത്തിൽനിന്നും അക്രമാസക്ത വിനോദ മാധ്യമങ്ങളെ സംബന്ധിച്ച മറ്റു ഗവേഷണങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ഒരു പ്രധാനപ്പെട്ട നിഗമനം, വരികൾക്ക് സ്വാധീനം ചെലുത്താൻ കഴിയും എന്നതാണ്” എന്ന് ഗവേഷണസംഘത്തെ നയിച്ച ക്രേഗ് ആൻഡേഴ്സൺ പറഞ്ഞു. “ഈ സന്ദേശം എല്ലാ ഉപഭോക്താക്കൾക്കും പ്രാധാന്യമുള്ളതാണ്, വിശേഷിച്ച് കൊച്ചുകുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാതാപിതാക്കൾക്ക്,” അദ്ദേഹം കൂട്ടിച്ചേർത്തു. (g04 6/8)
ഉന്മത്തരായ കുട്ടികൾ
“ആറു വയസ്സുള്ള കുട്ടികളെ പോലും അമിതമായി കുടിച്ച നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളതായി” ബ്രിട്ടനിലെ 50 ആശുപത്രികളിലെ അപകട, അത്യാഹിത വിഭാഗങ്ങളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു എന്ന് ലണ്ടനിലെ ദ ഡെയ്ലി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഒരു ആശുപത്രിയിൽ വേനൽ അവധിക്കാലത്ത്, മദ്യപിച്ചു ലക്കുകെട്ട 100-ഓളം കുട്ടികളെ ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സിച്ചതായി ഡോക്ടർമാരും നഴ്സുമാരും പറയുന്നു. “മദ്യത്തിന്റെ ദുരുപയോഗം നിമിത്തം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ പ്രായപരിധി കുറഞ്ഞുവരുന്നതായി 70 ശതമാനത്തിലധികം ആശുപത്രി ജീവനക്കാർ കരുതുന്നു,” പത്രം പറയുന്നു. കൂടാതെ ഒരു ഗവൺമെന്റ് റിപ്പോർട്ട് അനുസരിച്ച് മദ്യപാനത്തോടു ബന്ധപ്പെട്ട മരണം ബ്രിട്ടനിൽ 20 വർഷം കൊണ്ട് മൂന്നു മടങ്ങ് വർധിച്ചിരിക്കുകയാണ്. (g04 6/8)
ഉറുമ്പുകളും ആന്റിബയോട്ടിക്കുകളും
“തങ്ങളുടെ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നതിനു വേണ്ടി ചില ഉറുമ്പുകൾ കൂൺ കൃഷി ചെയ്യുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ‘കീടനാശിനികളായി’ അവ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക പോലും ചെയ്യുന്നു,” ദ മിയാമി ഹെറാൾഡിന്റെ അന്താരാഷ്ട്ര പതിപ്പ് പറയുന്നു. ഇലമുറിയൻ ഉറുമ്പുകൾ എന്ന് അറിയപ്പെടുന്ന ഇവ ഒരു കൃഷിക്കാരൻ ചെയ്യുന്നതുപോലെ പറിച്ചുനടുകയും ശിഖരം കോതുകയും കളകൾ പറിച്ചുകളയുകയും ഒക്കെ ചെയ്യുന്നു. ഉറുമ്പിന്റെ വിളയെ അണുബാധയ്ക്കിടയാക്കുന്ന പൂപ്പലിൽനിന്നു സംരക്ഷിക്കുന്ന ആന്റിബയോട്ടിക് ഉത്പാദിപ്പിക്കുന്നത്, ഇലമുറിയൻ ഉറുമ്പിന്റെ ത്വക്കിന്റെ പുറത്തു ജീവിക്കുന്ന സ്ട്രെപ്റ്റോമൈസീറ്റ് കുടുംബത്തിൽപ്പെട്ട ഒരു ബാക്ടീരിയയാണ്. രോഗപ്രതിരോധശേഷിയുള്ള രോഗാണുക്കളെ ചെറുക്കുന്നതിനു വേണ്ടി മനുഷ്യന് നിരന്തരം പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കേണ്ടിവരുമ്പോൾ എണ്ണമറ്റ വർഷങ്ങളായി ഇലമുറിയൻ ഉറുമ്പുകൾ ഒരേ ആന്റിബയോട്ടിക് തന്നെ വിജയകരമായി ഉപയോഗിക്കുന്നു എന്ന് വാഷിങ്ടൺ ഡി.സി.-യിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ പ്രാണിവിദഗ്ധനായ ടെഡ് ഷുൾട്സ് നിരീക്ഷിക്കുന്നു. ഉറുമ്പിന്റെ ആ രഹസ്യം മനസ്സിലാക്കുന്നത് “മനുഷ്യന്റെ അതിജീവനവുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നേക്കാം,” അദ്ദേഹം പ്രസ്താവിക്കുന്നു. (g04 6/22)
ഒരു ആഗോള ആരോഗ്യവിപത്ത്
പ്രമേഹത്തിന്റെ വൻതോതിലുള്ള വർധന, ആരോഗ്യരംഗം “ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വിപത്തുകളിൽ ഒന്നി”ലേക്കാണ് ലോകത്തെ നയിക്കുന്നതെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ പ്രസിഡന്റായ ബ്രിട്ടനിൽനിന്നുള്ള പ്രൊഫസർ സർ ജോർജ് അൽബർട്ടീ മുന്നറിയിപ്പു നൽകുന്നു. ഫെഡറേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 30 കോടിയോളം ആളുകളിൽ ഗ്ലൂക്കോസ് ഉപാപചയത്തിലുണ്ടാകുന്ന ക്രമക്കേട് കണ്ടുവരുന്നു. ഇത് മിക്കപ്പോഴും പ്രമേഹത്തിന് ഇടയാക്കുന്നു എന്ന് ബ്രിട്ടനിലെ ഗാർഡിയൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. മുമ്പ് പ്രധാനമായും പ്രായമായവരെ മാത്രം പിടികൂടിയിരുന്ന ടൈപ്പ് 2 പ്രമേഹം ഇപ്പോൾ ബ്രിട്ടനിലെ ചെറുപ്പക്കാരിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. പോഷകഗുണം കുറഞ്ഞ, എന്നാൽ കലോറി കൂടുതലുള്ള ഭക്ഷണവും വ്യായാമത്തിന്റെ അഭാവവും നിമിത്തമുള്ള അമിതവണ്ണമാണ് ഇതിനു കാരണം. “ഏറ്റവും സങ്കടകരമായ സംഗതി ഒരുവന്റെ ജീവിതരീതിയിലും ശീലങ്ങളിലും ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് ഇതിനെ [പ്രമേഹത്തെയും അതിന്റെ ഫലങ്ങളെയും] പ്രതിരോധിക്കാമായിരുന്നു എന്നതാണ്,” അൽബർട്ടീ പറയുന്നു. “വികസിത രാജ്യങ്ങളിലെ അനാരോഗ്യകരമായ ഭക്ഷണക്രമവും നാഗരിക ജീവിതരീതിയും അനുകരിക്കുമ്പോൾ വികസ്വര രാജ്യങ്ങളിലും പ്രമേഹം തേർവാഴ്ച നടത്താൻ തുടങ്ങിയേക്കാം,” ഗാർഡിയൻ അഭിപ്രായപ്പെടുന്നു. (g04 6/22)