വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഒരു പ്രഹരത്തിന്‌ രണ്ട്‌ ആഘാതങ്ങൾ”

“ഒരു പ്രഹരത്തിന്‌ രണ്ട്‌ ആഘാതങ്ങൾ”

“ഒരു പ്രഹര​ത്തിന്‌ രണ്ട്‌ ആഘാതങ്ങൾ”

ജാക്ക്‌ മേൻസ്‌മ പറഞ്ഞ പ്രകാരം

ഫലപ്രദമായ വാക്‌സി​നു​ക​ളു​ടെ​യും ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള പ്രതി​രോധ പരിപാ​ടി​ക​ളു​ടെ​യും ഫലമായി, ബാല്യത്തെ തളർത്തി​ക്ക​ള​യുന്ന രോഗ​മായ പോളി​യോ​യെ നിർമാർജനം ചെയ്യു​ക​യെന്ന ഉദ്യമ​വു​മാ​യി ശാസ്‌ത്രം വളരെ ദൂരം പോയി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, പോളി​യോ ബാധയിൽനി​ന്നു സുഖം പ്രാപിച്ച്‌ ദശകങ്ങൾക്കു ശേഷം പോലും അതിജീ​വ​ക​രിൽ ചിലർക്ക്‌ വീണ്ടും ഒരു ആഘാതം നേരി​ടേ​ണ്ട​താ​യി വരുന്നു. ഇതിനെ പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോം (പിപി​എസ്‌) എന്നു വിളി​ക്കു​ന്നു.

നിങ്ങൾ പിപി​എസ്‌-നെ കുറിച്ച്‌ ഒരിക്ക​ലും കേട്ടി​ട്ടി​ല്ലാ​യി​രി​ക്കാം. അത്‌ എന്റെ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്ന​തു​വരെ ഞാനും അതിനെ കുറിച്ചു കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. എന്നാൽ ഈ സിൻ​ഡ്രോം എന്നെ ബാധി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നാ​യി നമുക്ക്‌ അൽപ്പം പുറ​കോട്ട്‌, 1941-ലെ ഒരു ദിനത്തി​ലേക്കു പോകാം, അന്ന്‌ എനിക്ക്‌ ഏകദേശം ഒരു വയസ്സാ​യി​രു​ന്നു.

ഉയരമുള്ള എന്റെ കസേര​യിൽ ഞാൻ തളർന്ന്‌ കൂനി​ക്കൂ​ടി ഇരിക്കു​ന്നത്‌ മമ്മി ശ്രദ്ധിച്ചു. മമ്മി എന്നെയും​കൊണ്ട്‌ ഡോക്ട​റു​ടെ അടു​ത്തേ​ക്കോ​ടി. എന്നെ പരി​ശോ​ധിച്ച ശേഷം അദ്ദേഹം മമ്മി​യോ​ടു പറഞ്ഞു: “നിങ്ങളു​ടെ മകന്‌ പിള്ളവാ​ത​മാണ്‌.” a താമസി​യാ​തെ എന്റെ അരക്കെ​ട്ടി​നു താഴോ​ട്ടു തളർന്നു​പോ​യി.

ആറുമാ​സ​ത്തി​നു ശേഷമാണ്‌ എനിക്ക്‌ ആശുപ​ത്രി​യിൽ പ്രവേ​ശനം ലഭിച്ചത്‌, കാരണം എന്റെ പേര്‌ വെയ്‌റ്റിങ്‌ ലിസ്റ്റിൽ ആയിരു​ന്നു. തുടർന്ന്‌ വർഷങ്ങ​ളോ​ളം രോഗാ​വസ്ഥ കൂടി​യും കുറഞ്ഞും ഇരുന്നു. തീവ്ര​മായ ഫിസി​യോ തെറാ​പ്പി​യി​ലൂ​ടെ എനിക്കു ക്രമേണ കാലു​ക​ളു​ടെ ബലം വീണ്ടെ​ടു​ക്കാ​നാ​യി. 14-ാം വയസ്സിൽ ഞാൻ വീണ്ടും നടന്നു​തു​ടങ്ങി. എന്നാൽ, മൂത്ര​വി​സർജനം നിയ​ന്ത്രി​ക്കാൻ കഴിയാ​ത്ത​തു​പോ​ലുള്ള പ്രശ്‌നങ്ങൾ പിന്നെ​യും തുടർന്നു. ശസ്‌ത്ര​ക്രിയ, അതിനു​ശേഷം വീൽച്ചെ​യ​റിൽ ഒതുങ്ങി​ക്കൂ​ടേ​ണ്ടി​വന്ന ഒരു കാലഘട്ടം, ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്ന​തി​നുള്ള പരിപാ​ടി​കൾ, ഈ ഒരു സംഭവ​പ​ര​മ്പ​ര​യി​ലൂ​ടെ എനിക്ക്‌ പലതവണ കടന്നു​പോ​കേ​ണ്ട​താ​യി വന്നിട്ടുണ്ട്‌. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നി​ട്ടും എന്റെ കാൽപ്പാ​ദങ്ങൾ തമ്മിൽ വലുപ്പ​വ്യ​ത്യാ​സ​മുണ്ട്‌. വലതു​കാൽപ്പാ​ദ​ത്തിന്‌ ഉപയോ​ഗി​ക്കുന്ന ഷൂസി​നെ​ക്കാൾ മൂന്ന്‌ സൈസ്‌ ചെറു​താണ്‌ എന്റെ ഇടതു​കാൽപ്പാ​ദ​ത്തിന്‌ ഉപയോ​ഗി​ക്കുന്ന ഷൂസ്‌. എന്റെ ഇടതു​കാ​ലിന്‌ വലതു​കാ​ലി​നെ​ക്കാൾ ഏകദേശം മൂന്നു സെന്റി​മീ​റ്റർ നീളക്കു​റ​വു​മുണ്ട്‌. എന്നെ അങ്ങേയറ്റം വിഷമി​പ്പി​ച്ചു​കൊ​ണ്ടി​രുന്ന മൂത്ര​വി​സർജ​ന​വു​മാ​യി ബന്ധപ്പെട്ട പ്രശ്‌നം എന്റെ 20-കളുടെ ആരംഭം വരെയു​ണ്ടാ​യി​രു​ന്നു. അതുക​ഴി​ഞ്ഞ​പ്പോൾ സംഗതി നിയ​ന്ത്ര​ണാ​ധീ​ന​മാ​യി. ഒടുവിൽ, ഞാൻ പൂർണ​മാ​യും പോളി​യോ വിമു​ക്ത​നാ​യി, അല്ലെങ്കിൽ ഞാൻ അങ്ങനെ വിചാ​രി​ച്ചു!

അങ്ങനെ​യി​രി​ക്കെ, 45-ാം വയസ്സിൽ എനിക്ക്‌ കാലു​ക​ളിൽ വേദന​യും തുടർന്ന്‌ കടുത്ത ക്ഷീണവും അനുഭ​വ​പ്പെട്ടു തുടങ്ങി. മാത്രമല്ല, എന്റെ കാലിലെ പേശികൾ രാത്രി​യിൽ യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാ​തെ ചലിക്കു​മാ​യി​രു​ന്നു. ഇതുമൂ​ലം എനിക്ക്‌ ഉറങ്ങാൻ വളരെ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെട്ടു. ഈ ലക്ഷണങ്ങൾക്ക്‌ യാതൊ​രു കുറവും കണ്ടില്ല, മറിച്ച്‌ അതു വഷളാ​കു​ക​യാ​ണു ചെയ്‌തത്‌. എന്നിൽ പോളി​യോ​യു​ടെ ആദ്യല​ക്ഷണം മമ്മി കണ്ടതിന്‌ 44 വർഷത്തി​നു ശേഷം എനിക്ക്‌ പിപി​എസ്‌ ആണെന്നു കണ്ടുപി​ടി​ച്ച​പ്പോൾ എനിക്കു​ണ്ടായ അമ്പരപ്പ്‌ നിങ്ങൾക്ക്‌ ഊഹി​ക്കാ​മ​ല്ലോ.

എന്താണ്‌ പോളി​യോ?

വളരെ വേഗം പകരുന്ന ഒരു രോഗ​മാ​ണു പോളി​യോ. രോഗ​കാ​രി​യായ വൈറസ്‌ വായി​ലൂ​ടെ ശരീര​ത്തി​നു​ള്ളിൽ പ്രവേ​ശി​ക്കു​ക​യും കുടലിൽവെച്ചു പെറ്റു​പെ​രു​കു​ക​യും ചെയ്യുന്നു. നാഡീ​വ്യ​വ​സ്ഥയെ ആക്രമി​ച്ചു​ക​ഴി​ഞ്ഞാൽപ്പി​ന്നെ ഈ വൈറ​സിന്‌ പൊടു​ന്നനെ ശരീരത്തെ പൂർണ​മാ​യും തളർത്തി​ക്ക​ള​യാൻ കഴിയും. ഈ വൈറസ്‌ തലച്ചോ​റി​ലേ​ക്കും പിന്നീട്‌ സുഷു​മ്‌നാ നാഡി​യി​ലേ​ക്കും പോകു​മ്പോൾ പ്രാരംഭ ലക്ഷണങ്ങൾ എന്നനി​ല​യിൽ പനി, തളർച്ച, തലവേദന, ഛർദി, പിടലി അനക്കാൻ വയ്യാതെ വരുക, കൈകാ​ലു​ക​ളിൽ വേദന എന്നിവ ഉണ്ടാകു​ന്നു. മിക്ക നാഡി​ക​ളും ഇതോടെ പ്രവർത്ത​ന​ര​ഹി​ത​മാ​കു​ന്നു, കൈകാ​ലു​കൾ, നെഞ്ച്‌ എന്നിവി​ട​ങ്ങ​ളി​ലെ ചില പേശികൾ ഇതുമൂ​ലം തളർന്നു​പോ​കു​ന്നു.

എന്നാൽ ആരോ​ഗ്യം വീണ്ടെ​ടു​ക്കാ​നുള്ള ശരീര​ത്തി​ന്റെ പ്രാപ്‌തി വിസ്‌മ​യാ​വ​ഹ​മാണ്‌. നാഡികൾ പ്രവർത്ത​ന​ര​ഹി​തം ആയതു​മൂ​ലം ഒറ്റപ്പെ​ട്ടു​പോയ പേശീ​കോ​ശ​ങ്ങ​ളു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ വൈറസ്‌ ബാധ​യേൽക്കാത്ത നാഡികൾ പുതിയ ശാഖകൾ വളരാ​നി​ട​യാ​ക്കു​ന്നു. കൂടുതൽ ടെലി​ഫോൺ ലൈനു​കൾ സ്ഥാപി​ക്കു​ന്ന​തു​പോ​ലെ​യാ​ണിത്‌. ചില​പ്പോൾ സുഷു​മ്‌നാ നാഡി​യി​ലെ ഒരൊറ്റ പ്രേരക നാഡീ​കോ​ശ​ത്തി​ന്റെ അഥവാ മോ​ട്ടോർ ന്യൂ​റോ​ണി​ന്റെ ആക്‌സോൺ അഗ്രത്തിൽനി​ന്നും പുതിയ ശാഖകൾ ‘പൊട്ടി​മു​ള​ച്ചേ​ക്കാം.’ അങ്ങനെ ആ നാഡീ​കോ​ശ​ത്തിന്‌ മുമ്പ​ത്തേ​തി​നെ​ക്കാൾ കൂടുതൽ പേശീ​കോ​ശ​ങ്ങ​ളു​മാ​യി ബന്ധം സ്ഥാപി​ക്കാൻ കഴിയു​ന്നു. മുമ്പ്‌ 1,000 പേശീ​കോ​ശ​ങ്ങളെ ഉത്തേജി​പ്പി​ച്ചി​രുന്ന ഒരു പ്രേരക നാഡീ​കോ​ശം ഈ പുതിയ മുകു​ളങ്ങൾ മുഖേന 5,000-ത്തിനും 10,000-ത്തിനും ഇടയ്‌ക്ക്‌ കോശ​ങ്ങ​ളു​മാ​യി ബന്ധം സ്ഥാപിച്ച്‌ അവയെ ഉത്തേജി​പ്പി​ച്ചേ​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ എന്റെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ ഇതാണ്‌. അതു​കൊ​ണ്ടാണ്‌ എനിക്കു വീണ്ടും നടക്കാൻ കഴിഞ്ഞത്‌.

എന്നിരു​ന്നാ​ലും, 15 മുതൽ 40 വരെ വർഷത്തെ ദീർഘ​കാല പ്രവർത്ത​ന​ത്തി​നു ശേഷം പേശീ​കോ​ശ​ങ്ങ​ളും ന്യൂ​റോ​ണു​ക​ളും ചേർന്ന ഈ യൂണിറ്റ്‌ അമിതാ​ധ്വാ​നം മൂലം തളർച്ച​യു​ടെ ലക്ഷണങ്ങൾ കാണി​ക്കാ​നി​ട​യു​ണ്ടെന്ന്‌ ഇപ്പോൾ വിദഗ്‌ധർ കരുതു​ന്നു. ദശകങ്ങൾക്കു മുമ്പ്‌ പോളി​യോ ബാധയിൽനി​ന്നു സുഖം​പ്രാ​പിച്ച വ്യക്തി​ക​ളിൽ വീണ്ടും ലക്ഷണങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടാൻ ഇടയാ​ക്കുന്ന അവസ്ഥയാണ്‌ പിപി​എസ്‌. പല രോഗി​ക​ളി​ലും പേശി​ക​ളു​ടെ ബലക്ഷയം, കടുത്ത ക്ഷീണം, സന്ധികൾക്കും പേശി​കൾക്കും വേദന, ശ്വാസ​ത​ടസ്സം എന്നിവ കണ്ടുവ​രു​ന്നു. അതു​പോ​ലെ തണുപ്പു സഹിക്കാൻ കഴിയാ​തെ​യും വന്നേക്കാം. ലോക​മൊ​ട്ടാ​കെ​യുള്ള പോളി​യോ അതിജീ​വ​ക​രു​ടെ എണ്ണം കൃത്യ​മാ​യി പറയുക ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും അത്‌ രണ്ടു​കോ​ടി​യോ​ളം വരു​മെന്ന്‌ ലോകാ​രോ​ഗ്യ സംഘടന കണക്കാ​ക്കു​ന്നു. സമീപ​കാ​ലത്തെ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌ അവരിൽ 25 മുതൽ 50 വരെ ശതമാനം പേർക്കും പിപി​എസ്‌ ഉണ്ടാകു​ന്നു എന്നാണ്‌.

സഹായി​ക്കാൻ എന്തു ചെയ്യാ​നാ​കും?

ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ, വർഷങ്ങ​ളോ​ളം അമിതാ​ധ്വാ​നം ചെയ്‌ത പഴയ മോ​ട്ടോർ ന്യൂ​റോ​ണു​കൾ തീർത്തും തളർന്നു​പോ​കു​ക​യും ആവേഗങ്ങൾ കൈമാ​റുന്ന അവയുടെ അഗ്രഭാ​ഗ​ങ്ങ​ളിൽ ചിലത്‌ നിർജീ​വ​മാ​കു​ക​യും ചെയ്യും. അങ്ങനെ അനേകം പേശീ​ത​ന്തു​ക്കൾ വീണ്ടും ഒറ്റപ്പെ​ട്ടു​പോ​കു​ന്നു. ഈ പ്രക്രി​യ​യു​ടെ ഗതി​വേഗം കുറയ്‌ക്കു​ന്ന​തിന്‌ പോളി​യോ അതിജീ​വകർ അസുഖം ബാധിച്ച പേശി​ക​ളു​ടെ ഉപയോ​ഗം കുറയ്‌ക്കേ​ണ്ട​തുണ്ട്‌. അതിന്‌ ചില ചികി​ത്സകർ രോഗി​ക​ളു​ടെ സഹായ​ത്തി​നു ചില ഉപകര​ണങ്ങൾ നിർദേ​ശി​ക്കു​ന്നു: ഊന്നു​വ​ടി​കൾ, ബ്രെയ്‌സസ്‌ (വൈക​ല്യം ബാധി​ച്ച​വ​രു​ടെ ശരീരാ​വ​യ​വങ്ങൾ ഉറപ്പി​ച്ചു​നി​റു​ത്താൻ സഹായി​ക്കുന്ന ബന്ധകങ്ങൾ), ക്രച്ചസ്‌, വീൽച്ചെ​യ​റു​കൾ, സ്‌കൂ​ട്ട​റു​കൾ എന്നിവ. എന്റെ കാര്യ​ത്തിൽ, എന്റെ രണ്ടും കാലി​ലും പാദങ്ങ​ളി​ലും ബ്രെയ്‌സസ്‌ ധരി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വന്നു. അതു​പോ​ലെ എനിക്കു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കിയ ഷൂസുകൾ ഉണ്ട്‌. അവ എന്റെ കണങ്കാ​ലി​നു താങ്ങായി വർത്തി​ക്കു​ക​യും വീഴാ​തി​രി​ക്കാൻ എന്നെ സഹായി​ക്കു​ക​യും ചെയ്യുന്നു.

രോഗി​യു​ടെ അവസ്ഥയ​നു​സ​രിച്ച്‌, മിതമായ വ്യായാ​മം ചെയ്യേ​ണ്ട​തും പേശി​കൾക്ക്‌ അയവു​വ​രു​ത്തേ​ണ്ട​തും ഉണ്ടായി​രി​ക്കാം. നീന്തൽ, ചെറു-ചൂടു​വെള്ളം നിറച്ച കുളത്തിൽ വെച്ചുള്ള ചികിത്സ എന്നിവ പേശി​കളെ അമിത​മാ​യി ആയാസ​പ്പെ​ടു​ത്താ​തെ ഹൃദയ​ത്തി​ന്റെ​യും രക്തക്കു​ഴ​ലു​ക​ളു​ടെ​യും പ്രവർത്തനം മെച്ച​പ്പെ​ടു​ത്താൻ അത്യു​ത്ത​മ​മാണ്‌. ഏതു വ്യായാമ പരിപാ​ടി​ക​ളി​ലും ഡോക്ടർമാ​രോട്‌ അഥവാ ചികി​ത്സ​ക​രോട്‌ രോഗി സഹകരി​ച്ചു പ്രവർത്തി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌.

പോളി​യോ അതിജീ​വ​ക​രിൽ, ന്യൂ​റോ​ണു​ക​ളു​ടെ അമിത​മായ ഉപയോ​ഗം ചില പേശീ​ത​ന്തു​ക്ക​ളു​ടെ പ്രവർത്ത​നത്തെ ക്രമേണ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. തത്‌ഫ​ല​മാ​യി അവരുടെ ശക്തി ക്ഷയിക്കു​ക​യോ കടുത്ത ക്ഷീണം അനുഭ​വ​പ്പെ​ടു​ക​യോ ചെയ്യുന്നു. ഇതുകൂ​ടാ​തെ വേദന​യും ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​ന്റെ തിരി​ച്ചു​വ​രവ്‌ സൃഷ്ടി​ക്കുന്ന സമ്മർദ​വും ശക്തിക്ഷ​യ​ത്തി​ലേക്കു നയി​ച്ചേ​ക്കാം. പകൽസ​മ​യത്ത്‌ ഇടയ്‌ക്കൊ​ക്കെ കുറച്ചു​നേരം വിശ്ര​മി​ക്കു​ന്നത്‌ തളർച്ച വിട്ടു​മാ​റാൻ എന്നെ സഹായി​ക്കു​ന്നു എന്നു ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു. ദൈനം​ദിന പ്രവൃ​ത്തി​കൾ തിരക്കി​ട്ടു നിർവ​ഹിച്ച്‌ തളർന്ന​വ​ശ​രാ​കാ​തെ എല്ലാം സാവധാ​നം ചെയ്യാൻ അനേകം ഡോക്ടർമാ​രും തങ്ങളുടെ രോഗി​ക​ളോ​ടു നിഷ്‌കർഷി​ക്കാ​റുണ്ട്‌.

എന്റെ കാര്യ​ത്തിൽ, സന്ധികൾക്കും പേശി​കൾക്കും ഉള്ള സ്ഥിരമായ വേദന​യാണ്‌ ഏറ്റവും ദുഷ്‌ക​ര​മാ​യി എനിക്കു തോന്നി​യി​ട്ടുള്ള ഒരു സംഗതി. ചിലർക്ക്‌ തങ്ങളുടെ ദൈനം​ദിന പ്രവർത്ത​ന​ങ്ങ​ളിൽ ഏറ്റവും ആയാസ​പ്പെ​ടു​ത്തേ​ണ്ടി​വ​രുന്ന പേശി​കൾക്കാ​യി​രി​ക്കും വേദന അനുഭ​വ​പ്പെ​ടുക. ചിലർക്കു വല്ലാത്ത തളർച്ച തോന്നു​ക​യും ഫ്‌ളൂ ബാധി​ക്കു​മ്പോ​ഴെ​ന്ന​പോ​ലെ ശരീര​ത്തി​ലെ എല്ലാ പേശി​ക​ളി​ലും വേദന ഉണ്ടാകു​ക​യും ചെയ്യുന്നു.

പഴുപ്പും വീക്കവും നീക്കാ​നു​ള്ള​തോ മറ്റേ​തെ​ങ്കി​ലു​മോ മരുന്ന്‌ ഉപയോ​ഗിച്ച്‌ വേദന കുറയ്‌ക്കാൻ കഴി​ഞ്ഞേ​ക്കും. പക്ഷേ എന്തൊക്കെ ചികി​ത്സ​യു​ണ്ടെ​ങ്കി​ലും പോളി​യോ അതിജീ​വ​ക​രിൽ മിക്കവർക്കും വിട്ടു​മാ​റാത്ത കടുത്ത വേദന അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. ഫിസി​യോ തെറാ​പ്പി​യും ഒപ്പം ചൂട്‌ ഏൽപ്പി​ക്കു​ന്ന​തും പേശി​കൾക്ക്‌ അയവു​വ​രുന്ന രീതി​യി​ലുള്ള വ്യായാ​മങ്ങൾ ചെയ്യു​ന്ന​തും സഹായ​ക​മാ​യി​രു​ന്നേ​ക്കാം. ഇത്തര​മൊ​രു അവസ്ഥ സഹി​ക്കേ​ണ്ടി​വ​ന്ന​തി​നാൽ, ഒരു അനസ്‌തേ​ഷ്യാ വിദഗ്‌ധ​യാ​യി ജോലി​നോ​ക്കി​യി​രു​ന്നെ​ങ്കി​ലും അത്‌ ഉപേക്ഷിച്ച ഒരു സ്‌ത്രീ എന്നോട്‌ പറഞ്ഞു: “വേണ​മെ​ന്നു​വെ​ച്ചാൽ എനിക്ക്‌ ഈ വീൽച്ചെ​യ​റിൽനിന്ന്‌ എഴു​ന്നേറ്റ്‌ മുറി​ക്കു​ള്ളി​ലൂ​ടെ നടക്കാം. പക്ഷേ വേദന അസഹനീ​യ​മാണ്‌. എന്തിനാണ്‌ അത്രയും കഷ്ടപ്പെ​ടു​ന്നത്‌?” ഇപ്പോൾ നടത്തുന്ന ചികിത്സ സഹായ​ക​മാ​ണെ​ങ്കി​ലും എനിക്കു പലപ്പോ​ഴും വീൽച്ചെ​യ​റി​നെ​ത്തന്നെ ആശ്രയി​ക്കേ​ണ്ടി​വ​രു​ന്നു.

പേശീ​ക​ല​ക​ളിൽ ആവശ്യ​ത്തി​നു ചൂടു നിലനി​റു​ത്തു​ന്ന​തിന്‌ ശരീരം ത്വക്കിൽനി​ന്നു രക്തത്തെ പലവഴി​ക്കു തിരി​ച്ചു​വി​ടു​ന്നു. എന്നാൽ പോളി​യോ അതിജീ​വ​ക​രിൽ ചിലർക്ക്‌ ഈ കഴിവു നഷ്ടപ്പെ​ടു​ന്നു. ഈ കഴിവി​ല്ലാ​തെ​പോ​യാൽ, പോളി​യോ ബാധിത അവയവ​ത്തിൽനി​ന്നു കൂടുതൽ ചൂട്‌ നഷ്ടപ്പെ​ടാൻ ഇടയാ​കു​ക​യും അതു തണുക്കു​ക​യും ചെയ്യും. പേശികൾ തണുക്കു​മ്പോൾ മോ​ട്ടോർ ന്യൂ​റോ​ണു​ക​ളും പേശി​ക​ളും തമ്മിലുള്ള ആശയവി​നി​മയം ദുർബ​ല​മാ​വു​ക​യും പേശികൾ വേണ്ടവി​ധം പ്രവർത്തി​ക്കാ​താ​കു​ക​യും ചെയ്യും. അതിനാൽ കൂടുതൽ വസ്‌ത്രം ധരിച്ചു​കൊ​ണ്ടോ മറ്റോ പോളി​യോ ബാധിത പേശി​ക​ളി​ലെ ചൂടു നിലനി​റു​ത്തു​ന്നതു പ്രധാ​ന​മാണ്‌. തണുപ്പുള്ള രാത്രി​ക​ളിൽ ചിലർ ഒരു വൈദ്യു​ത കമ്പിളി​യോ ഹോട്ട്‌-വാട്ടർ ബാഗോ ഉപയോ​ഗി​ക്കു​ന്നു. തണുപ്പുള്ള കാലാ​വ​സ്ഥ​യിൽനി​ന്നു ശരീരത്തെ സംരക്ഷി​ക്കു​ന്നതു സഹായ​ക​മാ​യി​രി​ക്കും. തണുപ്പ്‌ കുറഞ്ഞ ഒരു പ്രദേ​ശ​ത്തേക്ക്‌ എനിക്കു മാറി​ത്താ​മ​സി​ക്കേ​ണ്ടി​വന്നു.

ശ്വാസ​ത​ട​സ്സം ഒരു സാധാരണ പ്രശ്‌ന​മാണ്‌. പ്രത്യേ​കിച്ച്‌ ബൾബർ പോളി​യോ ബാധി​ച്ചി​ട്ടു​ള്ള​വർക്ക്‌. കഴുത്തി​ന്റെ മുകൾഭാ​ഗ​ത്തുള്ള സുഷു​മ്‌നാ നാഡിയെ ബാധി​ക്കുന്ന ഒരുതരം പോളി​യോ ആണിത്‌. തത്‌ഫ​ല​മാ​യി ശ്വസന പേശി​കൾക്കു ബലക്ഷയം സംഭവി​ക്കു​ന്നു. കഴിഞ്ഞ കാലങ്ങ​ളിൽ ഇത്തരം പോളി​യോ ബാധിച്ച അനേകർക്കും ഒരു അയൺ ലങ്ങ്‌ ഉപയോ​ഗി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ബലക്ഷയം സംഭവിച്ച ശ്വാസ​കോശ പേശി​കളെ സഹായി​ക്കു​ന്ന​തിന്‌ ഇന്ന്‌ ഒരു വെന്റി​ലേറ്റർ ഉപയോ​ഗി​ക്കാൻ കഴി​ഞ്ഞേ​ക്കും. എന്റെ കാര്യ​ത്തിൽ, ആയാസ​പ്പെട്ട്‌ എന്തെങ്കി​ലും പണി​ചെ​യ്‌തു കഴിഞ്ഞാൽ പിന്നെ ശ്വസി​ക്കാൻ എനിക്കു വളരെ ബുദ്ധി​മു​ട്ടാണ്‌. അതു​കൊണ്ട്‌, എല്ലാ ദിവസ​വും ഒരു ചെറിയ ഉപകരണം ഉപയോ​ഗിച്ച്‌ എന്റെ ശ്വാസ​കോശ പേശി​കൾക്കു ഞാൻ വ്യായാ​മം നൽകുന്നു.

പോളി​യോ അതിജീ​വകർ, സംഭവി​ച്ചേ​ക്കാ​വുന്ന മറ്റൊരു പ്രശ്‌നത്തെ കുറി​ച്ചും ബോധ​വാ​ന്മാർ ആയിരി​ക്കേ​ണ്ട​തുണ്ട്‌. ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​കു​ന്നവർ അതേ ദിവസം​തന്നെ വീട്ടി​ലേക്കു തിരി​ച്ചു​പോ​കു​ന്നതു നന്നല്ല. ‘പുനര​ധി​വാ​സ​ത്തി​നാ​യുള്ള കെസ്സ്‌ലർ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ’ ഡോക്ടർ റിച്ചാർഡ്‌ എൽ. ബ്രൂണോ ഇപ്രകാ​രം പറയുന്നു: “ശസ്‌ത്ര​ക്രിയ നടത്തുന്ന അന്നുതന്നെ വീട്ടി​ലേക്കു മടങ്ങാൻ യാതൊ​രു കാരണ​വ​ശാ​ലും പോളി​യോ അതിജീ​വ​ക​രിൽ ആരെയും അനുവ​ദി​ക്കാൻ പാടു​ള്ളതല്ല, ലോക്കൽ അനസ്‌തേഷ്യ മാത്രം വേണ്ടി​വ​രുന്ന തീർത്തും നിസ്സാര കേസു​ക​ളി​ലൊ​ഴി​കെ.” ഏതുരൂ​പ​ത്തി​ലുള്ള അനസ്‌തേ​ഷ്യ​യിൽനി​ന്നും പൂർണ മുക്തി പ്രാപി​ക്കാൻ പോളി​യോ അതിജീ​വ​കർക്കു സാധാ​ര​ണ​യി​ലും ഇരട്ടി സമയം ആവശ്യ​മാണ്‌, അതു​പോ​ലെ കൂടുതൽ വേദന സംഹാ​രി​ക​ളും ആവശ്യ​മാ​യി വന്നേക്കാം എന്നും അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. സാധാരണ മറ്റു രോഗി​ക​ളെ​ക്കാൾ കൂടുതൽ സമയം അവർക്ക്‌ ആശുപ​ത്രി​യിൽ കഴി​യേ​ണ്ട​തുണ്ട്‌. ഈ വസ്‌തുത എനിക്ക്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ അടുത്ത​കാ​ലത്ത്‌ നടത്തിയ ഒരു ചെറിയ ശസ്‌ത്ര​ക്രി​യയെ തുടർന്ന്‌ എനിക്കു പിടി​പെട്ട ന്യൂ​മോ​ണിയ ഒഴിവാ​ക്കാ​മാ​യി​രു​ന്നെന്നു തോന്നു​ന്നു. ശസ്‌ത്ര​ക്രി​യ​യ്‌ക്കു മുമ്പ്‌ ഇങ്ങനെ​യുള്ള കാര്യ​ങ്ങ​ളെ​ല്ലാം സർജ​നോ​ടും അനസ്‌തേ​ഷ്യാ വിദഗ്‌ധ​നോ​ടും ചർച്ച ചെയ്യു​ന്നതു ബുദ്ധി​യാ​യി​രി​ക്കും.

എന്റെ ജീവിതം ഇന്ന്‌

14-ാമത്തെ വയസ്സിൽ ഞാൻ വീണ്ടും നടക്കാൻ തുടങ്ങി​യ​പ്പോൾ എന്റെ പ്രശ്‌നങ്ങൾ അവസാ​നി​ക്കു​ക​യാണ്‌ എന്നു ഞാൻ ആശ്വസി​ച്ചു. എന്നിരു​ന്നാ​ലും, കുറെ​യേറെ വർഷങ്ങൾക്കു ശേഷം ഞാൻ അതേ പ്രശ്‌നങ്ങൾ വീണ്ടും അനുഭ​വി​ക്കു​ക​യാണ്‌. “ഒരു പ്രഹര​ത്തിന്‌ രണ്ട്‌ ആഘാതങ്ങൾ” എന്ന്‌ ഒരു എഴുത്തു​കാ​രി പറഞ്ഞത്‌ പിപി​എസ്‌ ആക്രമണം ഉണ്ടാകുന്ന എന്നെ​പ്പോ​ലെ​യുള്ള പോളി​യോ അതിജീ​വ​ക​രു​ടെ കാര്യ​ത്തിൽ സത്യമാണ്‌. ചില​പ്പോ​ഴൊ​ക്കെ നിരു​ത്സാ​ഹം തോന്നുക തികച്ചും സ്വാഭാ​വി​ക​മാണ്‌. എന്നിരു​ന്നാ​ലും, എനിക്ക്‌ നടക്കാ​നും എന്റെ കാര്യങ്ങൾ സ്വയം ചെയ്യാ​നും ഇപ്പോ​ഴും കഴിയു​ന്നുണ്ട്‌. മാറി​വ​രുന്ന സാഹര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടു​ക​യും എനിക്ക്‌ ഇപ്പോ​ഴും ചെയ്യാൻ കഴിയുന്ന സംഗതി​കളെ വിലമ​തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഒരു ക്രിയാ​ത്മക മനോ​ഭാ​വം ഉണ്ടായി​രി​ക്കുക എന്നതാണ്‌ ഏറ്റവും ഫലപ്ര​ദ​മായ മരുന്ന്‌ എന്നു ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ഏകദേശം പത്തു വർഷം മുമ്പ്‌ ഞാൻ ക്രിസ്‌തീയ മുഴു​സമയ ശുശ്രൂഷ തുടങ്ങി​യ​പ്പോൾ നടക്കാൻ എനിക്ക്‌ ഇന്നത്തെ​യത്ര പ്രയാസം ഉണ്ടായി​രു​ന്നില്ല. ക്ഷീണി​ക്കാ​തെ​യും അധികം വേദന തോന്നാ​തെ​യും ഗണ്യമായ ദൂരം നടക്കാൻ എനിക്കു കഴിഞ്ഞി​രു​ന്നു. എന്നാൽ ഇപ്പോൾ എനിക്കു വളരെ കുറച്ചു ദൂരമേ നടക്കാൻ കഴിയു​ന്നു​ള്ളൂ. എന്റെ ഊർജം നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കാൻ, കോവ​ണി​പ്പ​ടി​കൾ കയറു​ന്ന​തും കുന്നു കയറു​ന്ന​തും ഞാൻ കഴിവ​തും ഒഴിവാ​ക്കും. സാധ്യ​മാ​കുന്ന സമയ​ത്തൊ​ക്കെ ഞാൻ എന്റെ വീൽച്ചെയർ ഉപയോ​ഗി​ക്കും. എന്റെ ശുശ്രൂ​ഷയെ അവസര​ത്തി​ന​നു​സ​രിച്ച്‌ വഴക്കമു​ള്ള​താ​ക്കി നിറു​ത്തു​ന്ന​തി​നാൽ ഞാൻ അതു വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു, മാത്രമല്ല അത്‌ ഒരു ചികി​ത്സ​യാ​യി​പ്പോ​ലും വർത്തി​ക്കു​ന്നു.

പിപി​എസ്‌ എന്റെ ജീവി​തത്തെ ബാധി​ക്കു​ന്നുണ്ട്‌ എന്നതു ശരിയാണ്‌. എന്റെ ആരോ​ഗ്യം ഇനിയും വഷളാ​കാ​നുള്ള സാധ്യ​ത​യും കുറവല്ല. എന്നാൽ എല്ലാവ​രും യുവ​പ്രാ​യ​ത്തി​ലേക്കു തിരി​ച്ചു​വ​രു​ക​യും പൂർണ ആരോ​ഗ്യ​വും ഓജസ്സും പ്രാപി​ക്കു​ക​യും ചെയ്യുന്ന ഒരു പുതി​യ​ലോ​കത്തെ കുറി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തിൽ ഞാൻ അതിയായ ആശ്വാസം കണ്ടെത്തു​ന്നു. ഈ വർഷങ്ങ​ളിൽ ഉടനീളം മിക്ക​പ്പോ​ഴും യെശയ്യാ​വു 41:10-ലെ വാക്കുകൾ എനിക്കു പ്രോ​ത്സാ​ഹനം പകർന്നി​ട്ടുണ്ട്‌: “നീ ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു; ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീക​രി​ക്കും; ഞാൻ നിന്നെ സഹായി​ക്കും.” പിപി​എസ്‌ കാലയ​വ​നി​ക​യ്‌ക്കു​ള്ളിൽ എന്നേക്കു​മാ​യി മറയ്‌ക്ക​പ്പെ​ടു​ന്ന​തു​വരെ ദൈവ​സ​ഹാ​യ​ത്താൽ അതുമാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ ഞാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു. (g04 7/22)

[അടിക്കു​റിപ്പ്‌]

a പോളിയോമൈലിറ്റിസ്‌ അഥവാ പോളി​യോ എന്നും വിളി​ക്കു​ന്നു.

[16-ാം പേജിലെ ചതുരം]

‘എനിക്ക്‌ പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോം ഉണ്ടായി​രി​ക്കു​മോ?’

താഴെ​പ്പ​റ​യുന്ന ഒന്നില​ധി​കം ഘടകങ്ങൾ ഒത്തുവ​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ മിക്ക വിദഗ്‌ധ​രും ഒരു വ്യക്തിക്ക്‌ പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോം ഉണ്ടോ എന്നു നിർണ​യി​ക്കു​ന്നത്‌.

◼ കഴിഞ്ഞ കാലത്ത്‌ അംഗച​ലനം ഇല്ലാതാ​ക്കു​ന്ന​തരം പോളി​യോ ബാധി​ച്ചി​ട്ടു​ണ്ടെന്ന സ്ഥിരീ​ക​ര​ണം

◼ പോളി​യോ ബാധയെ തുടർന്ന്‌ ഭാഗി​ക​മാ​യോ മുഴു​വ​നാ​യോ പ്രവർത്ത​ന​ക്ഷമത വീണ്ടെ​ടു​ത്ത​ശേഷം നാഡീ​വ്യ​വസ്ഥ കുഴപ്പ​മൊ​ന്നും കൂടാതെ പ്രവർത്തി​ക്കുന്ന കുറഞ്ഞത്‌ 15 വർഷത്തെ ഒരു ഇടവേള

◼ പേശി​ക​ളു​ടെ ബലക്ഷയം, കടുത്ത ക്ഷീണം, പേശീ​ശോ​ഷണം, പേശി​കൾക്കും സന്ധികൾക്കും വേദന ഇവയെ​ല്ലാം ക്രമേ​ണ​യോ പൊടു​ന്ന​നെ​യോ തുടങ്ങുക

◼ ശ്വസി​ക്കു​ന്ന​തി​നും വിഴു​ങ്ങു​ന്ന​തി​നും ഉള്ള ബുദ്ധി​മുട്ട്‌

◼ കുറഞ്ഞത്‌ ഒരു വർഷം നീണ്ടു​നിൽക്കുന്ന ലക്ഷണങ്ങൾ

◼ ഇവയൊ​ഴി​കെ നാഡീ​സം​ബ​ന്ധ​മോ അസ്ഥിസം​ബ​ന്ധ​മോ ആരോ​ഗ്യ​സം​ബ​ന്ധ​മോ ആയ മറ്റു പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതി​രി​ക്കു​ക

പോളി​യോ അതിജീ​വ​ക​രാ​യി​ട്ടുള്ള എല്ലാവ​രി​ലും പിപി​എസ്‌ ഉണ്ടാക​ണ​മെ​ന്നില്ല. എന്നാൽ അമിതാ​ധ്വാ​നം ചെയ്യേ​ണ്ടി​വന്ന നാഡീ-പേശി യൂണിറ്റ്‌ സ്വാഭാ​വി​ക​മാ​യി​ട്ടും കാലത്തി​നു മുമ്പേ തളർച്ച​യും പ്രായ​മാ​കു​ന്ന​തി​ന്റെ ലക്ഷണങ്ങ​ളും കാണിച്ചു തുടങ്ങു​ന്നു. പുതിയ ലക്ഷണങ്ങ​ളു​മാ​യി ഡോക്ടറെ സമീപി​ക്കുന്ന പോളി​യോ അതിജീ​വ​ക​രിൽ പകുതി​യി​ലേറെ പേർക്കും പിപി​എസ്‌ ഇല്ല. ഒരു വിദഗ്‌ധ​യു​ടെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “പുതിയ രോഗ​ല​ക്ഷ​ണങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടുന്ന പോളി​യോ അതിജീ​വ​ക​രിൽ അറുപതു ശതമാ​ന​ത്തി​നും പോളി​യോ​യു​മാ​യി ബന്ധമി​ല്ലാത്ത നാഡീ​സം​ബ​ന്ധ​മായ തകരാ​റോ മറ്റെ​ന്തെ​ങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌ന​മോ ആയിരി​ക്കും ഉള്ളത്‌. അതു ചികി​ത്സി​ച്ചു ഭേദമാ​ക്കാ​നും കഴി​ഞ്ഞേ​ക്കാം. പിന്നെ​യുള്ള രോഗി​ക​ളിൽ പകുതി പേർക്ക്‌ മുൻ പോളി​യോ ബാധയു​മാ​യി ബന്ധപ്പെട്ട അസ്ഥിസം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ട്‌.”

[17-ാം പേജിലെ ചതുരം]

പ്രതിവിധിയുണ്ടോ?

ഇത്‌ ഉണ്ടാകു​ന്ന​തിന്‌ എന്തെങ്കി​ലും ഒരു കാരണം എടുത്തു​പ​റ​യാ​നോ ഏതെങ്കി​ലും ഒരു ലബോ​റ​ട്ടറി പരി​ശോ​ധന ശുപാർശ ചെയ്യാ​നോ കഴിയാ​ത്ത​തു​പോ​ലെ​തന്നെ പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോ​മിന്‌ സുനി​ശ്ചി​ത​മായ ഏതെങ്കി​ലും പ്രതി​വി​ധി​യും ഇപ്പോ​ഴില്ല. എന്നിരു​ന്നാ​ലും, മൂന്ന്‌ ശാഖക​ളാ​യി തിരി​ക്കാ​വുന്ന പുനര​ധി​വാസ പ്രക്രിയ ഉൾപ്പെട്ട ചികി​ത്സാ​രീ​തി ലഭ്യമാണ്‌. ഒരു വിദഗ്‌ധ ഇപ്രകാ​രം പറയുന്നു: “പിപി​എസ്‌ രോഗി​ക​ളാ​യ​വ​രിൽ 80 ശതമാ​ന​ത്തി​ല​ധി​കം പേർക്കും ‘പുനര​ധി​വാസ’ പ്രക്രി​യ​യിൽനി​ന്നു പ്രയോ​ജനം നേടാൻ കഴിയും.”

മൂന്നു ശാഖകൾ:

1. ജീവി​ത​രീ​തി​യിൽ വരുത്തുന്ന മാറ്റങ്ങൾ

◼ ഊർജ സംരക്ഷണം

◼ സഹായക ഉപകര​ണ​ങ്ങൾ

◼ തളർന്നു​പോ​കാ​ത്ത​വി​ധം ചെയ്യുന്ന വ്യായാ​മം

◼ ശരീരം ചൂടാക്കി നിറുത്തൽ

2. മരുന്നു​ക​ളും പോഷക വർധക​ങ്ങ​ളും

പല മരുന്നു​ക​ളും ഡോക്ടർമാ​രു​ടെ കുറിപ്പു പ്രകാ​ര​മു​ള്ള​തോ പ്രകൃ​തി​ജ​ന്യ​മോ ആയ പോഷക വർധക​ങ്ങ​ളും ഒക്കെ പരീക്ഷി​ച്ചു നോക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒന്നും സഹായ​ക​മെന്നു തെളി​ഞ്ഞി​ട്ടില്ല. എന്നാൽ രോഗി​യു​ടെ സ്ഥിതി മെച്ച​പ്പെ​ട്ടി​ട്ടുണ്ട്‌ എന്നതിന്‌ പറഞ്ഞു​കേട്ട ധാരാളം റിപ്പോർട്ടു​കൾ ഉണ്ട്‌. പക്ഷേ അതു സ്ഥിരീ​ക​രി​ക്കു​ന്ന​തിന്‌ തുടർന്നുള്ള പഠനം ആവശ്യ​മാണ്‌. എന്നാൽ ഒരു കാര്യം ഓർക്കുക. ഡോക്ട​റു​ടെ കുറിപ്പു പ്രകാ​ര​മുള്ള മരുന്നും പച്ചമരു​ന്നു​ക​ളും തമ്മിൽ ചേരാതെ വരാൻ സാധ്യ​ത​യുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾ എന്തു മരുന്നു കഴിക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ എല്ലായ്‌പോ​ഴും നിങ്ങളു​ടെ ഡോക്ടറെ അറിയി​ക്കുക.

3. ജീവി​ത​ത്തി​ന്റെ ഗുണമേന്മ

“ഒരു ഡോക്ടർക്ക്‌ ഒരു പിപി​എസ്‌ രോഗി​ക്കു നൽകാൻ കഴിയുന്ന ഏറ്റവും ഫലപ്ര​ദ​മായ പ്രതി​വി​ധി​യാണ്‌ പ്രോ​ത്സാ​ഹ​ന​വും ആ രോഗത്തെ കുറി​ച്ചുള്ള ബോധ​വ​ത്‌ക​ര​ണ​വും.  . . ജീവി​ത​രീ​തി​ക്കു മാറ്റം വരുത്താൻ കഴിയു​ന്നവർ (പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള മെച്ചപ്പെട്ട കഴിവു​ക​ളു​ള്ളവർ, തങ്ങളുടെ പ്രത്യേക ശാരീ​രി​കാ​വ​ശ്യ​ത്തി​നു പറ്റിയ ചുറ്റു​പാ​ടു​കൾ ലഭ്യമാ​യി​രി​ക്കു​ന്നവർ, നല്ല പിന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ലഭിക്കു​ന്നവർ, സഹായക ഉപകര​ണങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ മനസ്സു​ള്ളവർ) തങ്ങളുടെ ദൈനം​ദിന പ്രവർത്ത​ന​ങ്ങ​ളു​മാ​യി ഏറെ മെച്ചമാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നു.”—ഡോ. സൂസൻ പേൾമാൻ.

[18-ാം പേജിലെ ചതുരം]

വ്യായാമം സംബന്ധി​ച്ചെന്ത്‌?

മുമ്പൊ​ക്കെ പോളി​യോ ബാധയിൽനി​ന്നു സുഖം പ്രാപി​ക്കു​ന്ന​വ​രോട്‌ “വേദനി​ക്കും​വരെ” വ്യായാ​മം ചെയ്യാൻ നിർദേ​ശി​ച്ചി​രു​ന്നു. എന്നാൽ 1980-കളിൽ, വ്യായാ​മ​ത്തി​ന്റെ അപകട​ങ്ങളെ കുറിച്ച്‌, പ്രത്യേ​കിച്ച്‌ തങ്ങളുടെ പ്രവർത്ത​ന​ക്ഷ​മ​മായ പേശീ​ക​ലകൾ “ഉപയോ​ഗി​ച്ചു തീർക്കു​ന്ന​തിന്‌” എതിരെ അവർക്ക്‌ മുന്നറി​യി​പ്പു നൽകു​ക​യു​ണ്ടാ​യി.

എന്നാൽ ഇന്ന്‌, അങ്ങേയ​റ്റത്തെ ഈ രണ്ട്‌ രീതി​കൾക്കും ഇടയ്‌ക്കുള്ള ഒന്നാണ്‌ വിദഗ്‌ധർ ശുപാർശ ചെയ്യു​ന്നത്‌. ‘അമിത​മാ​ക​രുത്‌, എന്നാൽ നിഷ്‌ക്രി​യ​ത​യ്‌ക്കെ​തി​രെ​യും ജാഗ്രത പുലർത്തുക,’ ഇതാണ്‌ അവരുടെ ഇന്നത്തെ നിർദേശം. ദ നാഷണൽ സെന്റർ ഓൺ ഫിസിക്കൽ ആക്‌റ്റി​വി​റ്റി ആൻഡ്‌ ഡിസെ​ബി​ലി​റ്റി പറയു​ന്നത്‌, “പുതിയ അറിവ്‌ അനുസ​രിച്ച്‌, നമ്മുടെ ശാരീ​രിക വൈക​ല്യം എത്ര​ത്തോ​ള​മാ​ണെ​ങ്കി​ലും ശരി നാം വ്യായാ​മ​ത്തി​ന്റെ മൂല്യം മനസ്സി​ലാ​ക്കു​ക​യും നമ്മുടെ സാഹച​ര്യ​ങ്ങൾക്കു തികച്ചും അനുസൃ​ത​മാ​യി ഒരു വ്യായാമ പരിപാ​ടി രൂപ​പ്പെ​ടു​ത്തു​ക​യും വേണം. നല്ല പ്രയോ​ജ​നങ്ങൾ നേടു​ന്ന​തിന്‌ അതി​നോ​ടു പറ്റിനിൽക്കാ​നുള്ള മനസ്സൊ​രു​ക്ക​വും ഉണ്ടായി​രി​ക്കണം.”

ചുരു​ക്ക​ത്തിൽ, വ്യക്തി​പ​ര​മായ ഒരു വ്യായാമ പരിപാ​ടി​യിൽ പിൻവ​രുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ നൽകേ​ണ്ട​താണ്‌:

◼ കാര്യങ്ങൾ സംബന്ധിച്ച്‌ നല്ല അറിവുള്ള ഒരു ഡോക്ട​റു​ടെ​യോ ഫിസി​യോ തെറാ​പ്പി​സ്റ്റി​ന്റെ​യോ നിർദേ​ശാ​നു​സ​രണം തയ്യാറാ​ക്കു​ക

◼ വളരെ മിതമായ തോതിൽ ആരംഭിച്ച്‌ ക്രമേണ കൂട്ടി​ക്കൊ​ണ്ടു​വ​രിക

◼ വ്യായാ​മ​ത്തി​ന്റെ വേഗം സാവധാ​നം വർധി​പ്പി​ക്കു​ക​യും സാവധാ​നം കുറച്ചു​കൊ​ണ്ടു​വ​രു​ക​യും ചെയ്യുക

◼ പേശി​കൾക്ക്‌ അയവു​വ​രു​ത്തുന്ന വ്യായാ​മങ്ങൾ, സാധാരണ എയ്‌റോ​ബി​ക്‌സ്‌ വ്യായാ​മങ്ങൾ എന്നിവ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക

◼ സാധ്യ​മെ​ങ്കിൽ ചെറു-ചൂടു​വെള്ളം നിറച്ച കുളത്തിൽ വെച്ചുള്ള വ്യായാ​മ​ങ്ങ​ളും ഉൾപ്പെ​ടു​ത്തു​ക

ദ ജോൺസ്‌ ഹോപ്‌കിൻസ്‌ മെഡിക്കൽ ലെറ്ററിൽ ഒരു വിദഗ്‌ധൻ ഇപ്രകാ​രം പറയുന്നു: “ഒരു മണിക്കൂർ കഴിഞ്ഞും ക്ഷീണവും വേദന​യും തുടരു​ന്നെ​ങ്കിൽ, പേശികൾ അമിത​മാ​യി ഉപയോ​ഗി​ക്ക​പ്പെട്ടു എന്നതിന്റെ സൂചന​യാണ്‌ അത്‌.” അതു​കൊണ്ട്‌, നിങ്ങളു​ടെ ശാരീ​രിക ലക്ഷണങ്ങൾക്കു ശ്രദ്ധ നൽകു​ക​യും വേദന, കടുത്ത ക്ഷീണം, തളർച്ച എന്നിവ​യ്‌ക്ക്‌ ഇടയാ​ക്കുന്ന വ്യായാ​മം ഒഴിവാ​ക്കു​ക​യും ചെയ്യുക.

[19-ാം പേജിലെ ചതുരം]

പിപി​എസ്‌ സാധ്യത വർധി​പ്പി​ക്കുന്ന ഘടകങ്ങൾ ഏവ?

ഓരോ കേസും വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും, പിൻവ​രുന്ന ഘടകങ്ങൾ ഒരിക്കൽ പോളി​യോ ബാധിച്ച ഒരു വ്യക്തിക്ക്‌ പോസ്റ്റ്‌-പോളി​യോ സിൻ​ഡ്രോം ഉണ്ടാകാ​നുള്ള സാധ്യത വർധി​പ്പി​ച്ചേ​ക്കാം:

ആദ്യ പോളി​യോ​ബാധ എത്ര ഗുരു​ത​ര​മാ​യി​രു​ന്നു എന്ന വസ്‌തുത. പൊതു​വേ പറഞ്ഞാൽ, ആദ്യത്തെ പോളി​യോ​ബാധ എത്ര ഗുരു​ത​ര​മാ​യി​രു​ന്നു​വോ പിപി​എസ്‌ സാധ്യ​ത​യും അത്രമേൽ കൂടു​ത​ലാ​യി​രി​ക്കും.

ആദ്യമാ​യി പോളി​യോ ബാധി​ച്ച​പ്പോ​ഴത്തെ പ്രായം. തീരെ ചെറു​പ്പ​ത്തിൽ പോളി​യോ ബാധി​ച്ച​വർക്ക്‌ പിപി​എസ്‌ സാധ്യത താരത​മ്യേന കുറവാണ്‌.

സുഖം പ്രാപി​ക്കൽ. അതിശ​യ​മെന്നു പറയട്ടെ, ആദ്യ പോളി​യോ ബാധയിൽനി​ന്നു വളരെ പെട്ടെ​ന്നും കൂടുതൽ പൂർണ​മാ​യും സുഖം പ്രാപി​ക്കു​ന്ന​വർക്ക്‌ ക്രമേണ പിപി​എസ്‌ ബാധി​ക്കാ​നുള്ള കൂടുതൽ സാധ്യ​ത​യുണ്ട്‌.

കായിക പ്രവർത്ത​നങ്ങൾ. പോളി​യോ ബാധിച്ച ഒരാൾക്ക്‌ വർഷങ്ങ​ളാ​യി, ക്ഷീണം ബാധി​ക്കു​ന്ന​തു​വരെ വ്യായാമ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടുന്ന ശീലമു​ണ്ടാ​യി​രു​ന്നെ​ങ്കിൽ പിപി​എസ്‌ സാധ്യത കൂടു​ത​ലാ​യി​രു​ന്നേ​ക്കാം.

[15-ാം പേജിലെ ചിത്രം]

എനിക്ക്‌ 11 വയസ്സു​ള്ള​പ്പോൾ, ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷം സുഖം പ്രാപി​ക്കാൻ എന്നെ ഒരു നഴ്‌സ്‌ സഹായി​ക്കു​ന്നു

[19-ാം പേജിലെ ചിത്രം]

ഇന്ന്‌, ഭാര്യ​യോ​ടൊ​പ്പം മുഴു​സമയ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ