വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തട്ടിപ്പിന്‌ ഇരയാകുന്നത്‌ എങ്ങനെ തടയാം?

തട്ടിപ്പിന്‌ ഇരയാകുന്നത്‌ എങ്ങനെ തടയാം?

തട്ടിപ്പിന്‌ ഇരയാ​കു​ന്നത്‌ എങ്ങനെ തടയാം?

“സത്യസ​ന്ധ​നായ ഒരാളെ വഞ്ചിക്കാ​നാ​വില്ല” എന്ന പഴമൊ​ഴി നിങ്ങൾ ഒരുപക്ഷേ കേട്ടി​രി​ക്കും. മറ്റു പല പഴഞ്ചൊ​ല്ലു​ക​ളെ​യും പോലെ ഇതും സത്യമല്ല. പ്രതി​ദി​ന​മെ​ന്ന​വണ്ണം സത്യസ​ന്ധ​രായ ആളുകൾ വഞ്ചിക്ക​പ്പെ​ടു​ക​യാണ്‌. സത്യസ​ന്ധ​ത​കൊ​ണ്ടു മാത്രം അവർ സംരക്ഷി​ക്ക​പ്പെ​ടു​ന്നില്ല. ലോക​ത്തി​ലെ ഏറ്റവും തന്ത്രശാ​ലി​ക​ളായ ചിലർ, ആളുക​ളു​ടെ പണം തട്ടി​ച്ചെ​ടു​ക്കാൻ ചതിക്കു​ഴി​കൾ ഒരുക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നൂറി​ല​ധി​കം വർഷങ്ങൾക്കു മുമ്പ്‌ ഒരു എഴുത്തു​കാ​രൻ ഇങ്ങനെ കുറി​ക്കൊ​ണ്ടു: “ആ വഞ്ചനകൾക്ക്‌ ഇരയാ​കാ​തി​രി​ക്കു​ന്നത്‌ ഭോഷ​ത്ത​മാണ്‌ എന്നു പറയാ​നാ​കും വിധം അത്ര വിദഗ്‌ധ​മാ​യാണ്‌ ചിലർ തട്ടിപ്പു​കൾ ആസൂ​ത്രണം ചെയ്‌തു നടപ്പാ​ക്കു​ന്നത്‌.”

വഞ്ചന എന്നത്‌ ഇന്നും ഇന്നലെ​യു​മൊ​ന്നും തുടങ്ങിയ ഒരു കാര്യമല്ല. അതിന്‌ ഏദെൻ തോട്ട​ത്തോ​ളം​തന്നെ പുരാ​ത​ന​മായ ഒരു ചരി​ത്ര​മുണ്ട്‌. (ഉല്‌പത്തി 3:1-5) പഴയ തട്ടിപ്പു​കൾ പുതിയ മുഖം​മൂ​ടി​ക​ള​ണിഞ്ഞ്‌ എത്തുന്നു, എല്ലാ കാലത്തും പുതിയ തട്ടിപ്പു​കൾ ഉണ്ടാകു​ക​യും ചെയ്യുന്നു. അപ്പോൾ അവയ്‌ക്ക്‌ ഇരയാ​കാ​തെ നിങ്ങൾക്ക്‌ സ്വയം എങ്ങനെ സംരക്ഷി​ക്കാം? കുറ്റവാ​ളി​കൾ തട്ടിപ്പു നടത്തുന്ന എല്ലാ മാർഗ​ങ്ങ​ളും അന്വേ​ഷിച്ച്‌ നിങ്ങൾ തലപു​ക​യ്‌ക്കേ​ണ്ട​തില്ല. അടിസ്ഥാ​ന​പ​ര​മായ ഏതാനും മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കു​ന്നത്‌ തട്ടിപ്പിന്‌ ഇരയാ​കാ​തെ സ്വയം സംരക്ഷി​ക്കാൻ വളരെ​യ​ധി​കം സഹായ​ക​മാ​യി​രി​ക്കും.

വ്യക്തി​പ​ര​മായ വിവരങ്ങൾ പുറത്തു​പോ​കാ​തെ സൂക്ഷി​ക്കു​ക

നിങ്ങളു​ടെ ചെക്കു​ബു​ക്കോ ക്രെഡിറ്റ്‌ കാർഡോ ഒരാൾ മോഷ്ടി​ച്ചാൽ അയാൾക്ക്‌ അതുപ​യോ​ഗിച്ച്‌ സാധനങ്ങൾ വാങ്ങാൻ കഴിയും. നിങ്ങളു​ടെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങൾ മോഷ്ടി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ പേരിൽ ചെക്കുകൾ എഴുതാൻ അയാൾക്കു സാധി​ച്ചേ​ക്കും. നിങ്ങളെ കുറിച്ചു മതിയായ വിവരങ്ങൾ ലഭിച്ചാൽ അയാൾക്ക്‌ ആൾമാ​റാ​ട്ടം നടത്താ​നാ​കും. പിന്നെ, അയാൾക്ക്‌ നിങ്ങളു​ടെ ബാങ്ക്‌ അക്കൗണ്ടു​ക​ളിൽനി​ന്നു പണം പിൻവ​ലി​ക്കാ​നോ നിങ്ങളു​ടെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ വസ്‌തു​ക്കൾ വാങ്ങാ​നോ നിങ്ങളു​ടെ പേരിൽ വായ്‌പ​യെ​ടു​ക്കാ​നോ ഒക്കെ സാധി​ക്കും. a ചെയ്യാത്ത ഒരു കുറ്റത്തിന്‌ നിങ്ങൾ അറസ്റ്റി​ലാ​യെന്നു പോലും വരാം!

ഇത്തരം തട്ടിപ്പിൽനി​ന്നു സ്വയം സംരക്ഷി​ക്കു​ന്ന​തിന്‌ ബാങ്ക്‌ ബാലൻസ്‌ സംബന്ധിച്ച വിവരങ്ങൾ, ചെക്ക്‌ ബുക്ക്‌, ഡ്രൈ​വിങ്‌ ലൈസൻസ്‌, തിരി​ച്ച​റി​യൽ കാർഡ്‌ തുടങ്ങി നിങ്ങളെ സംബന്ധി​ക്കുന്ന വ്യക്തി​പ​ര​മായ എല്ലാ രേഖക​ളും സൂക്ഷി​ച്ചു​വെ​ക്കു​ന്നതു സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക. ന്യായ​മായ കാരണ​മി​ല്ലാ​തെ വ്യക്തി​പ​ര​മോ സാമ്പത്തി​ക​മോ ആയ വിവരങ്ങൾ ആർക്കും കൊടു​ക്കാ​തി​രി​ക്കുക. ക്രെഡിറ്റ്‌ കാർഡ്‌ നമ്പറു​ക​ളു​ടെ​യും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവര​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ഇതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. നിങ്ങൾക്ക്‌ എന്തെങ്കി​ലും വാങ്ങേ​ണ്ട​തു​ള്ള​പ്പോൾ മാത്രമേ നിങ്ങളു​ടെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ ആരെ​യെ​ങ്കി​ലും അറിയി​ക്കേ​ണ്ട​തു​ള്ളൂ.

ഇത്തരം വിവര​ങ്ങൾക്കു വേണ്ടി ചപ്പുച​വ​റു​കൾക്കി​ട​യിൽ പരതുക പോലും ചെയ്യുന്ന ചില വിരു​ത​ന്മാ​രുണ്ട്‌. അതു​കൊണ്ട്‌ വ്യക്തി​പ​ര​മായ വിവരങ്ങൾ ഉൾക്കൊ​ള്ളുന്ന പേപ്പറു​കൾ ആവശ്യ​മി​ല്ലാ​ത്ത​പക്ഷം അലക്ഷ്യ​മാ​യി വലി​ച്ചെ​റി​യാ​തെ, തുണ്ടു​തു​ണ്ടാ​യി കീറി​ക്ക​ള​യു​ക​യോ കത്തിച്ചു​ക​ള​യു​ക​യോ ചെയ്യുക. ഉപയോ​ഗിച്ച ചെക്കുകൾ, ബാങ്കും ബ്രോ​ക്ക​റേ​ജും സംബന്ധിച്ച വിവരങ്ങൾ, പഴയ ക്രെഡിറ്റ്‌ കാർഡു​കൾ, കാലാ​വധി കഴിഞ്ഞ ഡ്രൈ​വിങ്‌ ലൈസൻസു​കൾ, പാസ്‌പോർട്ടു​കൾ എന്നിവ​യു​ടെ കാര്യ​ത്തി​ലും അതുതന്നെ ചെയ്യുക. ആവശ്യ​പ്പെ​ടാ​തെ ലഭിക്കുന്ന ക്രെഡിറ്റ്‌ കാർഡ്‌ അപേക്ഷ​ക​ളും നശിപ്പി​ച്ചു​ക​ള​യുക. അവയി​ലും ദുരു​പ​യോ​ഗം ചെയ്യാ​വുന്ന നിങ്ങളു​ടെ ചില വ്യക്തി​പ​ര​മായ വിവരങ്ങൾ കണ്ടേക്കാം.

സാമാ​ന്യ​ബു​ദ്ധി ഉപയോ​ഗി​ക്കു​ക

പല തട്ടിപ്പു​ക​ളു​ടെ​യും അടിസ്ഥാ​നം നിക്ഷേ​പ​ങ്ങൾക്കു വാഗ്‌ദാ​നം ചെയ്യ​പ്പെ​ടുന്ന അസാധാ​ണ​മാം​വി​ധം ഉയർന്ന ലാഭമാണ്‌. പെട്ടെന്നു പണമു​ണ്ടാ​ക്കൽ വാഗ്‌ദാ​നം ചെയ്യുന്ന ഒരു സാധാരണ തട്ടിപ്പു പദ്ധതി​യാണ്‌ പിരമിഡ്‌ പദ്ധതി. ഈ പദ്ധതിക്കു പല രൂപങ്ങ​ളു​ണ്ടെ​ങ്കി​ലും കമ്മീഷൻ വ്യവസ്ഥ​യിൽ മറ്റു നിക്ഷേ​പ​കരെ കണ്ടെത്താൻ നിക്ഷേ​പകർ പ്രവർത്തി​ക്കുന്ന രീതി​യാണ്‌ പൊതു​വേ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. b പിരമിഡ്‌ പദ്ധതി​യു​ടെ മറ്റൊരു രൂപമാണ്‌

ശൃംഖലാ കത്തുകൾ. (Chain letters) ഒരു ലിസ്റ്റിൽ ആദ്യം കൊടു​ത്തി​ട്ടുള്ള ആളുക​ളു​ടെ പേരിൽ പണം അയയ്‌ക്കാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ നിങ്ങൾക്കു കത്തു കിട്ടുന്നു. നിങ്ങളു​ടെ പേർ ലിസ്റ്റിന്റെ മുകളിൽ എത്തു​മ്പോൾ ലക്ഷങ്ങൾ ലഭിക്കും എന്നതാണ്‌ നിങ്ങൾക്കുള്ള വാഗ്‌ദാ​നം.

പുതിയ അംഗങ്ങളെ ചേർത്തു​കൊ​ണ്ടേ​യി​രി​ക്കുക എന്നതു സാധ്യ​മ​ല്ലാ​തെ വരുന്ന​തു​കൊണ്ട്‌ പിരമിഡ്‌ പദ്ധതികൾ എല്ലായ്‌പോ​ഴും പരാജ​യ​പ്പെ​ടു​ന്നു. ഇതു പരിചി​ന്തി​ക്കുക: അഞ്ച്‌ ആളുകൾ ചേർന്ന്‌ ഒരു പിരമിഡ്‌ തുടങ്ങു​ന്നു. ഓരോ​രു​ത്ത​രും അഞ്ചു പേരെ വീതം ചേർക്കു​ന്നു. അപ്പോൾ പുതിയ അംഗങ്ങ​ളു​ടെ എണ്ണം 25 ആകും. അവർ ഓരോ​രു​ത്ത​രും 5 പേരെ കൂടി ചേർക്കു​മ്പോൾ പുതിയ അംഗങ്ങൾ ആകെ 125 ആകുന്നു. അങ്ങനെ ഒമ്പതാം ഘട്ടത്തിൽ എത്തു​മ്പോൾ 90 ലക്ഷത്തി​ല​ധി​കം ആളുകളെ ചേർക്കേ​ണ്ട​താ​യി​ട്ടുള്ള 20 ലക്ഷത്തോ​ളം ആളുകൾ പദ്ധതി​യിൽ ഉണ്ടായി​രി​ക്കും! പദ്ധതിക്ക്‌ എത്തി​ച്ചേ​രാ​വുന്ന ഒരു പരമാ​വധി തലം ഉണ്ടെന്ന്‌ ഈ പരിപാ​ടി​യു​ടെ പ്രാ​യോ​ജ​കർക്ക്‌ നന്നായി അറിയാം. അത്‌ അടുത്തു​വെന്നു തോന്നു​മ്പോൾ കിട്ടിയ പണവു​മാ​യി അവർ മുങ്ങുന്നു. നിങ്ങൾക്ക്‌ മിക്കവാ​റും സ്വന്തം പണം നഷ്ടപ്പെ​ട്ടേ​ക്കാം. നിങ്ങൾ അംഗങ്ങ​ളാ​യി ചേർത്തവർ നഷ്ടപ്പെട്ട പണം നിങ്ങളിൽനിന്ന്‌ ഈടാ​ക്കാൻ ശ്രമം തുടങ്ങു​ക​യും ചെയ്യും. ഓർക്കുക, ഒരു പിരമിഡ്‌ പദ്ധതി​യിൽ നിങ്ങൾക്കു പണം കിട്ടാൻ വേറൊ​രാൾ പണം നഷ്ടപ്പെ​ടു​ത്തേ​ണ്ടി​വ​രും.

എളുപ്പ​ത്തിൽ പണം ഉണ്ടാക്കാ​നുള്ള പദ്ധതികൾ ആരെങ്കി​ലും നിങ്ങൾക്കു ശുപാർശ ചെയ്യു​ന്നു​ണ്ടോ, അല്ലെങ്കിൽ നിക്ഷേ​പ​ത്തിന്‌ വൻലാഭം വാഗ്‌ദാ​നം ചെയ്യു​ന്നു​ണ്ടോ? സൂക്ഷി​ക്കുക: ഒരു വാഗ്‌ദാ​നം വിശ്വ​സി​ക്കാ​നാ​വാ​ത്തത്ര നല്ലതായി തോന്നു​ന്നെ​ങ്കിൽ അതിൽ എന്തോ കള്ളക്കളി ഉണ്ടായി​രി​ക്കാ​നാ​ണു സാധ്യത. പരസ്യ​പ്ര​ചാ​ര​ണ​ങ്ങ​ളോ സാക്ഷ്യ​ങ്ങ​ളോ കണ്ണടച്ച്‌ വിശ്വ​സി​ക്ക​രുത്‌. “ഇതു മറ്റുള്ള​വയെ പോ​ലൊ​ന്നു​മല്ല” എന്ന്‌ പെട്ടെ​ന്നൊ​രു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​ക​യു​മ​രുത്‌. ആളുകൾ ബിസി​നസ്‌ ചെയ്യു​ന്നത്‌ മറ്റുള്ള​വർക്കു ലാഭമു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നോ പണമു​ണ്ടാ​ക്കു​ന്ന​തി​ന്റെ രഹസ്യം നിങ്ങളു​മാ​യി പങ്കു​വെ​ക്കാ​നോ അല്ല എന്നതു മനസ്സിൽ പിടി​ക്കുക. നിങ്ങളെ സമ്പന്നനാ​ക്കാൻ പോന്ന ബിസി​നസ്‌ രഹസ്യം അറിയാം എന്ന്‌ ഒരാൾ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കിൽ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘അങ്ങനെ​യെ​ങ്കിൽ ആ വിദ്യ ഉപയോ​ഗിച്ച്‌ അയാൾ ധനിക​നാ​കാ​ത്ത​തെന്ത്‌? എനിക്ക്‌ അത്‌ ഉപദേ​ശി​ച്ചു തരാൻ അയാൾ എന്തിനു സമയം പാഴാ​ക്കണം?’

നിങ്ങൾ ഒരു മത്സരത്തിൽ വിജയി​ച്ചെ​ന്നോ നിങ്ങൾക്ക്‌ ഒരു സമ്മാനം ഉണ്ടെന്നോ ആരെങ്കി​ലും നിങ്ങളെ അറിയി​ക്കു​ന്നെ​ങ്കി​ലോ? ആവേശം കൊള്ളാൻ വരട്ടെ, അത്‌ മറ്റു പലരെ​യും കെണി​യിൽ വീഴ്‌ത്തി​യി​ട്ടുള്ള ഒരു തട്ടിപ്പ്‌ ആയിരി​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, ഇംഗ്ലണ്ടി​ലുള്ള ഒരു സ്‌ത്രീക്ക്‌ അവർ ഒരു സമ്മാന​ത്തിന്‌ അർഹയാ​യി​രി​ക്കു​ന്നെ​ന്നും അത്‌ അയച്ചു​കൊ​ടു​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചെലവു​കൾക്കാ​യി 25 ഡോളർ അയയ്‌ക്ക​ണ​മെ​ന്നും അറിയി​ച്ചു​കൊണ്ട്‌ കാനഡ​യിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. പണം അയച്ചു കഴിഞ്ഞ്‌ കാനഡ​യിൽനിന്ന്‌ അവർക്കു കിട്ടിയ ഒരു ടെലി​ഫോൺ സന്ദേശ​ത്തിൽ ഒരു നറു​ക്കെ​ടു​പ്പിൽ അവർക്ക്‌ 2,45,000 ഡോളർ സമ്മാനം ലഭിച്ചി​ട്ടു​ണ്ടെ​ന്നും കൂടു​ത​ലായ ചെലവു​കൾക്കു വേണ്ടി സമ്മാന​ത്തു​ക​യു​ടെ ഒരു നിശ്ചിത ശതമാനം അയച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും അറിയി​ച്ചു. അവർ 2,450 ഡോളർ അയച്ചെ​ങ്കി​ലും തിരി​ച്ചൊ​ന്നും കിട്ടി​യില്ല. ഒരു “സൗജന്യ സമ്മാന​ത്തി​നു” പണം കൊടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ സംശയി​ക്കേണ്ട, അതൊരു തട്ടിപ്പാണ്‌. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ പേരു​കൊ​ടു​ക്കു​ക​യോ പങ്കെടു​ക്കു​ക​യോ ചെയ്യാത്ത ഒരു മത്സരത്തിൽ എനിക്ക്‌ എങ്ങനെ​യാ​ണു സമ്മാനം കിട്ടുക?’

അറിയ​പ്പെ​ടുന്ന ആളുക​ളു​മാ​യി മാത്രം ബിസി​ന​സ്സിൽ ഏർപ്പെ​ടു​ക

സത്യസ​ന്ധ​ര​ല്ലാത്ത ആളുകളെ തിരി​ച്ച​റി​യാ​നുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഉണ്ടെന്നു നിങ്ങൾ കരുതു​ന്നു​ണ്ടോ? ജാഗ്രത പുലർത്തുക! മറ്റുള്ള​വ​രു​ടെ വിശ്വാ​സം എങ്ങനെ ആർജി​ക്കാ​മെന്നു നന്നായി അറിയാ​വു​ന്ന​വ​രാണ്‌ തട്ടിപ്പു​കാർ. ഇരകൾ തങ്ങളിൽ വിശ്വാ​സം അർപ്പി​ക്കത്തക്ക വിധത്തിൽ കരുക്കൾ നീക്കു​ന്ന​തിൽ വിദഗ്‌ധ​രാണ്‌ അവർ. ആളുകൾ സാധനങ്ങൾ വാങ്ങണ​മെ​ങ്കിൽ തങ്ങളുടെ വിശ്വാ​സ്യത തെളി​യി​ക്കേ​ണ്ട​തു​ണ്ടെന്നു നന്നായി അറിയാ​വു​ന്ന​വ​രാണ്‌ കച്ചവട​ക്കാർ, അവർ സത്യസ​ന്ധ​രാ​യാ​ലും അല്ലെങ്കി​ലും. ഇതിന്റെ അർഥം നിങ്ങൾ ആരെയും വിശ്വ​സി​ക്ക​രുത്‌ എന്നല്ല മറിച്ച്‌, സ്വയം തട്ടിപ്പിൽനി​ന്നു രക്ഷിക്കാൻ ന്യായ​യു​ക്ത​മായ ഒരള​വോ​ളം ജാഗ്രത ആവശ്യ​മാണ്‌ എന്നാണ്‌. സത്യസ​ന്ധ​ന​ല്ലാത്ത ഒരു വ്യക്തിയെ കണ്ടാല​റി​യാം എന്നു വിചാ​രി​ക്കു​ന്ന​തി​നു പകരം പല തട്ടിപ്പു​ക​ളും തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന രണ്ടു സുനി​ശ്ചിത സൂചക​ങ്ങൾക്കാ​യി നോക്കുക: ഒന്നാമത്‌, വാഗ്‌ദാ​നം അവിശ്വ​സ​നീ​യ​മാം​വി​ധം നല്ലതായി തോന്നു​ന്നു​ണ്ടോ, രണ്ടാമ​താ​യി തിടു​ക്ക​ത്തിൽ തീരു​മാ​ന​മെ​ടു​ക്കാൻ നിങ്ങളു​ടെ​മേൽ അയാൾ സമ്മർദം ചെലു​ത്തു​ന്നു​ണ്ടോ?

അവിശ്വ​സ​നീ​യ​മാം​വി​ധം നല്ലതെന്നു തോന്നി​ക്കുന്ന ധാരാളം വാഗ്‌ദാ​നങ്ങൾ ഇന്റർനെ​റ്റിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. ഇന്റർനെറ്റ്‌ ധാരാളം സേവനം ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും ദ്രുത​ഗ​തി​യിൽ, തങ്ങളെ കുറിച്ച്‌ ഒന്നും വെളി​പ്പെ​ടു​ത്താ​തെ ഇരകളെ കെണി​യി​ലാ​ക്കാൻ അത്‌ തട്ടിപ്പു​കാർക്കു സഹായ​ക​മാണ്‌. നിങ്ങൾക്ക്‌ ഒരു ഇ-മെയിൽ അക്കൗണ്ട്‌ ഉണ്ടോ? ഉണ്ടെങ്കിൽ ആവശ്യ​പ്പെ​ടാ​തെ തന്നെ വാണി​ജ്യ​സം​ബ​ന്ധ​മായ ധാരാളം ഇ-മെയിൽ സന്ദേശങ്ങൾ നിങ്ങൾക്കു കിട്ടു​ന്നു​ണ്ടാ​വണം. എണ്ണമറ്റ സാധന​ങ്ങ​ളും സേവന​ങ്ങ​ളും അതിലൂ​ടെ വാഗ്‌ദാ​നം ചെയ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അതിൽ പലതും തട്ടിപ്പാണ്‌. അത്തരം പരസ്യങ്ങൾ കണ്ട്‌ എന്തെങ്കി​ലും സാധന​ത്തി​നോ സേവന​ത്തി​നോ പണം അയച്ചാൽ മിക്കവാ​റും തിരിച്ച്‌ ഒന്നും കിട്ടാൻ പോകു​ന്നില്ല. ഇനി എന്തെങ്കി​ലും കിട്ടി​യാൽത്തന്നെ നിങ്ങൾ അയച്ച പണത്തി​നുള്ള മൂല്യം അതിന്‌ ഉണ്ടായി​രി​ക്കാ​നും സാധ്യ​ത​യില്ല. അത്തരക്കാ​രിൽനിന്ന്‌ ഒന്നും വാങ്ങാ​തി​രി​ക്കുക എന്നതാണ്‌ ഏറ്റവും നല്ല നയം.

ഫോണി​ലൂ​ടെ​യുള്ള കച്ചവട​ത്തി​നും ഇതു ബാധക​മാണ്‌. ടെലി​ഫോ​ണി​ലൂ​ടെ​യുള്ള ബിസി​നസ്‌ ഏറെയും നിയമാ​നു​സൃ​ത​മാ​ണെ​ങ്കി​ലും ടെലി​ഫോ​ണി​ലൂ​ടെ​യുള്ള കച്ചവട​ത്ത​ട്ടി​പ്പി​ലൂ​ടെ ഓരോ വർഷവും കോടി​ക്ക​ണ​ക്കി​നു രൂപയാണ്‌ അപഹരി​ക്ക​പ്പെ​ടു​ന്നത്‌. നിങ്ങളെ ഫോണിൽ വിളി​ക്കുന്ന വ്യക്തി​യു​മാ​യുള്ള സംഭാ​ഷ​ണ​ത്തിൽനി​ന്നു മാത്രം, കേട്ട കാര്യം വിശ്വ​സ​നീ​യ​മാ​ണോ എന്നു തിരി​ച്ച​റി​യുക സാധ്യമല്ല. ഒരു ബാങ്ക്‌ പ്രതി​നി​ധി​യാ​യോ ക്രെഡിറ്റ്‌ കാർഡ്‌ സംരക്ഷണ ഏജൻസി​യു​ടെ ഏജന്റാ​യോ പോലും ഒരു തട്ടിപ്പു​കാ​രൻ നടി​ച്ചേ​ക്കാം. നിങ്ങൾക്ക്‌ അക്കൗണ്ടുള്ള ബാങ്കി​ലെ​യോ കമ്പനി​യി​ലെ​യോ ആളുകൾ എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നവർ, അവർ അപ്പോൾത്തന്നെ അറിഞ്ഞി​രി​ക്കേണ്ട വിവരങ്ങൾ നിങ്ങ​ളോ​ടു ഫോണിൽ ചോദി​ക്കു​ന്നെ​ങ്കിൽ സംശയി​ക്കു​ന്ന​തി​നു മതിയായ കാരണ​മുണ്ട്‌. അങ്ങനെ സംഭവി​ക്കു​ന്നെ​ങ്കിൽ ആ വ്യക്തി​യു​ടെ ഫോൺ നമ്പർ ചോദി​ക്കാൻ കഴി​ഞ്ഞേ​ക്കും. അത്‌ ബാങ്കി​ന്റെ​യോ ഏജൻസി​യു​ടെ​യോ നമ്പർ ആണെന്ന്‌ ഉറപ്പു​വ​രു​ത്തി​യിട്ട്‌ അയാളെ തിരികെ വിളി​ക്കുക.

നിങ്ങളെ വിളി​ക്കുന്ന അപരി​ചി​തർക്ക്‌ നിങ്ങളു​ടെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പറോ മറ്റേ​തെ​ങ്കി​ലും വ്യക്തി​പ​ര​മായ വിവര​മോ കൊടു​ക്കാ​തി​രി​ക്കുക എന്നതാണ്‌ ഒരു നല്ല നയം. നിങ്ങൾക്ക്‌ യഥാർഥ​ത്തിൽ ആവശ്യ​മി​ല്ലാത്ത എന്തെങ്കി​ലും വിൽക്കാ​നാ​യി ആരെങ്കി​ലും നിങ്ങളെ വിളി​ച്ചാൽ മര്യാ​ദ​യോ​ടെ ഇങ്ങനെ പറയാൻ കഴിയും, “ക്ഷമിക്കണം, എനിക്കു പരിച​യ​മി​ല്ലാ​ത്ത​വ​രു​മാ​യി ഞാൻ ടെലി​ഫോ​ണി​ലൂ​ടെ ബിസി​നസ്‌ ഇടപാ​ടു​കൾ നടത്താ​റില്ല.” എന്നിട്ട്‌ സംഭാ​ഷണം അവസാ​നി​പ്പി​ക്കുക. ഒരുപക്ഷേ നിങ്ങളെ കബളി​പ്പി​ക്കാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നേ​ക്കാ​വുന്ന ഒരു അപരി​ചി​ത​നു​മാ​യി സംഭാ​ഷണം നീട്ടി​ക്കൊ​ണ്ടു​പോ​കേണ്ട യാതൊ​രു ആവശ്യ​വു​മില്ല.

നന്നായി അറിയ​പ്പെ​ടുന്ന വ്യക്തി​ക​ളും സ്ഥാപന​ങ്ങ​ളു​മാ​യി മാത്രം ഇടപാ​ടു​കൾ നടത്തുക. ഫോണി​ലൂ​ടെ​യോ ഇന്റർനെ​റ്റി​ലൂ​ടെ​യോ സുരക്ഷി​ത​മാ​യി ബിസി​നസ്‌ ചെയ്യാ​വുന്ന നിയമാ​നു​സൃ​ത​മാ​യി പ്രവർത്തി​ക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്‌. സാധ്യ​മെ​ങ്കിൽ ഒരു സ്വതന്ത്ര ഏജൻസി​യി​ലൂ​ടെ വിൽപ്പ​ന​ക്കാ​രെ കുറി​ച്ചും കമ്പനി, നിക്ഷേപം എന്നിവയെ കുറി​ച്ചും അന്വേ​ഷണം നടത്തുക. നിക്ഷേ​പത്തെ കുറി​ച്ചുള്ള വിവരങ്ങൾ ആവശ്യ​പ്പെ​ടുക, ശ്രദ്ധാ​പൂർവം വായിച്ച്‌ അതു നിയമ​പ​ര​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. തിടു​ക്ക​ത്തി​ലോ സമ്മർദ​ത്തി​നു വഴങ്ങി​യോ തീരു​മാ​ന​മെ​ടു​ക്ക​രുത്‌.

അത്‌ രേഖാ​മൂ​ലം ചെയ്യുക

എല്ലാ തട്ടിപ്പു​ക​ളും തുടക്ക​ത്തിൽ അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. സത്യസ​ന്ധ​മാ​യി നടത്തുന്ന ബിസി​ന​സും പരാജ​യ​പ്പെ​ടാം. അങ്ങനെ സംഭവി​ക്കു​മ്പോൾ ബിസി​നസ്‌ നടത്തു​ന്നവർ പരി​ഭ്രാ​ന്ത​രാ​കു​ക​യും നഷ്ടം നികത്തു​ന്ന​തി​നു​വേണ്ടി തട്ടിപ്പു പദ്ധതികൾ അവലം​ബി​ക്കു​ക​യും ചെയ്‌തേ​ക്കാം. വരുമാ​നത്തെ കുറി​ച്ചും ലാഭത്തെ കുറി​ച്ചും വ്യാജ​പ്ര​സ്‌താ​വ​നകൾ നടത്തു​ക​യും ഒടുവിൽ ബിസി​നസ്‌ പൊളി​ഞ്ഞ​പ്പോൾ ബാക്കി​യുള്ള പണവും കൊണ്ട്‌ മുങ്ങു​ക​യും ചെയ്‌ത ബിസി​നസ്‌ എക്‌സി​ക്യു​ട്ടീ​വു​കളെ കുറിച്ച്‌ നിങ്ങൾ കേട്ടി​രി​ക്കു​മ​ല്ലോ.

തട്ടിപ്പു​ക​ളിൽനി​ന്നും തെറ്റി​ദ്ധാ​ര​ണ​ക​ളിൽനി​ന്നും നിങ്ങളെ സംരക്ഷി​ക്കു​ന്ന​തിന്‌ ഏതു പ്രധാ​ന​പ്പെട്ട നിക്ഷേ​പ​വും നടത്തു​ന്ന​തി​നു മുമ്പ്‌ അതു സംബന്ധിച്ച വിവരങ്ങൾ രേഖാ​മൂ​ലം നിങ്ങൾക്കു കിട്ടു​ന്നു​വെന്ന്‌ ഉറപ്പു വരുത്തുക. നിങ്ങൾ ഒപ്പു​വെ​ക്കുന്ന ഏത്‌ ഉടമ്പടി​യി​ലും നിക്ഷേ​പ​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളും സംബന്ധിച്ച എല്ലാ വ്യവസ്ഥ​ക​ളും എഴുതി​ച്ചേർത്തി​രി​ക്കണം. എത്ര സുരക്ഷി​ത​മാ​യി തോന്നുന്ന നിക്ഷേ​പ​ത്തി​ന്റെ കാര്യ​ത്തി​ലും എല്ലാം പ്രതീ​ക്ഷ​യ്‌ക്ക​നു​സ​രി​ച്ചു പോകു​മെന്ന്‌ ഉറപ്പില്ല. (സഭാ​പ്ര​സം​ഗി 9:11, NW) വാസ്‌ത​വ​ത്തിൽ അപകട​ര​ഹി​ത​മായ നിക്ഷേപം എന്നൊന്ന്‌ ഇല്ല. അപ്പോൾ ഏതെങ്കി​ലും സാഹച​ര്യ​ത്തിൽ ബിസി​നസ്‌ പരാജ​യ​പ്പെ​ടാൻ ഇടയാ​യാൽ ഓരോ വ്യക്തി​യു​ടെ​യും ചുമത​ല​ക​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും എന്തൊ​ക്കെ​യാ​യി​രി​ക്കും എന്ന്‌ ഉടമ്പടി​യിൽ വ്യക്തമാ​ക്കി​യി​രി​ക്കണം.

നാം ഹ്രസ്വ​മാ​യി പരിചി​ന്തിച്ച അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞി​രി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ തട്ടിപ്പിന്‌ ഇരയാ​കാ​നുള്ള സാധ്യത കുറയ്‌ക്കു​ക​യാ​ണു നിങ്ങൾ ചെയ്യു​ന്നത്‌. ഒരു പുരാതന ബൈബിൾ സദൃശ​വാ​ക്യം നൽകുന്ന വിലപ്പെട്ട ബുദ്ധി​യു​പ​ദേശം ഇതാണ്‌: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 14:15) തങ്ങളുടെ വാക്കുകൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാൻ സാധ്യ​ത​യുള്ള ആളുക​ളെ​യാണ്‌ തട്ടിപ്പു​കാർ തിരഞ്ഞ​ടു​ക്കാ​റു​ള്ളത്‌. സങ്കടക​ര​മെന്നു പറയട്ടെ, തട്ടിപ്പു​കൾക്കെ​തി​രെ യാതൊ​രു മുൻക​രു​ത​ലും എടുക്കാ​ത്ത​വ​രാണ്‌ പല ആളുക​ളും. (g04 7/22)

[അടിക്കു​റി​പ്പു​കൾ]

a 2001 മാർച്ച്‌ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 19-21 പേജുകൾ കാണുക.

b “മറ്റുള്ള​വരെ ചേർക്കാൻ സന്നദ്ധത​യുള്ള ആളുകളെ തങ്ങളോ​ടൊ​പ്പം ചേർക്കു​ന്ന​തിന്‌ പ്രവേശന ഫീസ്‌ നൽകി ആളുകൾ അംഗങ്ങ​ളാ​കുന്ന പല തട്ടുക​ളുള്ള ഒരു മാർക്ക​റ്റിങ്‌ പരിപാ​ടി” എന്നാണ്‌ പിരമിഡ്‌ പദ്ധതി നിർവ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. സാധാ​ര​ണ​ഗ​തി​യിൽ അവർ സാധന​ങ്ങ​ളോ സേവന​ങ്ങ​ളോ ലഭ്യമാ​ക്കു​ന്നില്ല.

[7-ാം പേജിലെ ആകർഷക വാക്യം]

ഒരു വാഗ്‌ദാ​നം വിശ്വ​സി​ക്കാ​നാ​വാ​ത്തത്ര നല്ലതായി തോന്നു​ന്നെ​ങ്കിൽ അതിൽ എന്തോ കള്ളക്കളി ഉണ്ടായി​രി​ക്കാ​നാ​ണു സാധ്യത

[6-ാം പേജിലെ ചതുരം/ചിത്രം]

തട്ടിപ്പിന്‌ ഇരയാ​യ​വർക്കുള്ള ബുദ്ധി​യു​പ​ദേ​ശം

തട്ടിപ്പിന്‌ ഇരയാ​യ​വർക്കു നാണ​ക്കേ​ടും കുറ്റ​ബോ​ധ​വും ജാള്യ​വും തന്നോ​ടു​തന്നെ ദേഷ്യ​വു​മൊ​ക്കെ തോന്നുക സ്വാഭാ​വി​കം മാത്രം. സ്വയം പഴിക്ക​രുത്‌. നിങ്ങൾ തട്ടിപ്പി​ന്റെ ഇര മാത്ര​മാണ്‌. പഴിക്ക​പ്പെ​ടേ​ണ്ടത്‌ നിങ്ങളെ കബളി​പ്പി​ച്ച​വ​നാണ്‌. നിങ്ങൾക്ക്‌ ഒരു തെറ്റു​പ​റ്റി​യെ​ങ്കിൽ അത്‌ അംഗീ​ക​രി​ക്കുക, പിന്നെ മുന്നോ​ട്ടുള്ള ജീവി​ത​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. നിങ്ങൾ ഒന്നിനും കൊള്ളാ​ത്ത​വ​നാണ്‌ എന്നു നിഗമനം ചെയ്യരുത്‌. രാഷ്‌ട്ര​ത്ത​ല​വ​ന്മാർ, ബാങ്ക്‌ മാനേ​ജർമാർ, എക്‌സി​ക്യു​ട്ടീ​വു​കൾ, ഫൈനാൻസ്‌ മാനേ​ജർമാർ, അഭിഭാ​ഷകർ തുടങ്ങി അതിബു​ദ്ധി​മാ​ന്മാ​രായ ആളുകളെ തട്ടിപ്പു​കാർ വിജയ​ക​ര​മാ​യി കബളി​പ്പി​ച്ചി​ട്ടുണ്ട്‌ എന്നോർക്കുക.

കബളി​പ്പി​ക്ക​പ്പെ​ടു​ന്ന​വർക്ക്‌ പണമോ സമ്പത്തോ മാത്രമല്ല, ആത്മ​ധൈ​ര്യ​വും ആത്മാഭി​മാ​ന​വും കൈ​മോ​ശം വരുന്നു. ഒരു “സുഹൃത്തി”നാൽ ചതിക്ക​പ്പെ​ടു​മ്പോൾ അത്‌ വിശ്വാ​സ​ലം​ഘ​ന​മാണ്‌. തട്ടിപ്പിന്‌ ഇരയാ​കു​ന്നത്‌ വേദനി​പ്പി​ക്കുന്ന അനുഭ​വ​മാണ്‌. ദുഃഖം അടിച്ച​മർത്താ​തി​രി​ക്കുക. നിങ്ങൾക്ക്‌ വിശ്വ​സി​ക്കാ​വുന്ന ആരോ​ടെ​ങ്കി​ലും അതേക്കു​റി​ച്ചു തുറന്നു സംസാ​രി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും സഹായ​ക​മാണ്‌. പ്രാർഥ​ന​യും വളരെ ആശ്വാസം പ്രദാനം ചെയ്യും. (ഫിലി​പ്പി​യർ 4:6-8) എന്നാൽ ഒരു പരിധി കഴിഞ്ഞാൽപ്പി​ന്നെ അക്കാര്യം വിട്ടു​ക​ള​യേ​ണ്ട​തു​ണ്ടെന്ന്‌ ഓർക്കുക. വേദനാ​ക​ര​മായ ആ കാര്യത്തെ കുറിച്ചു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നിട്ട്‌ എന്തു പ്രയോ​ജനം? ക്രിയാ​ത്മ​ക​മായ ലാക്കുകൾ വെച്ച്‌ അവ നേടാൻ പ്രയത്‌നി​ക്കുക.

പണം വീണ്ടെ​ടു​ത്തു തരാം എന്നു പറഞ്ഞു തട്ടിപ്പു നടത്തു​ന്ന​വർക്കെ​തി​രെ ജാഗ്രത പുലർത്തുക. നഷ്ടപ്പെട്ട പണം വീണ്ടെ​ടു​ക്കു​ന്ന​തി​നു സഹായം വാഗ്‌ദാ​നം ചെയ്‌തു​കൊണ്ട്‌ തട്ടിപ്പു​കാർ നിങ്ങളെ ഫോണിൽ വിളി​ച്ചേ​ക്കാം. നിങ്ങളെ വീണ്ടും കബളി​പ്പി​ക്ക​ലാണ്‌ അവരുടെ ലക്ഷ്യം.

[8, 9 പേജു​ക​ളി​ലെ ചതുരം/ചിത്രം]

സർവസാധാരണമായ ആറ്‌ ഇന്റർനെറ്റ്‌ തട്ടിപ്പു പദ്ധതികൾ

1. പിരമിഡ്‌ പദ്ധതികൾ: കുറഞ്ഞ അധ്വാ​ന​വും പരിമി​ത​മായ മുതൽമു​ട​ക്കും​കൊണ്ട്‌ ധാരാളം പണം ഉണ്ടാക്കാ​നുള്ള അവസരം നൽകു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നു. ഈ പദ്ധതി പ്രകാരം ഒരു ക്ലബ്ബിൽ ചേരു​ന്ന​തി​നു പണം മുടക്കു​ക​യും മറ്റ്‌ അംഗങ്ങളെ അതിൽ ചേർക്കു​ക​യും ചെയ്യു​ന്ന​തി​നു കമ്പ്യൂ​ട്ട​റോ മറ്റെ​ന്തെ​ങ്കി​ലും ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​മോ വാഗ്‌ദാ​നം ചെയ്യുന്നു. ഇതിന്റെ മറ്റൊരു രൂപമാണ്‌ ശൃംഖലാ കത്തുകൾ. മിക്ക​പ്പോ​ഴും ഇതു നിയമ​വി​രു​ദ്ധ​മാണ്‌. ഇതിൽ പണം നിക്ഷേ​പി​ക്കു​ന്ന​വർക്ക്‌ അതു നഷ്ടപ്പെ​ടു​ക​യാ​ണു പതിവ്‌.

2. വീട്ടിൽവെച്ച്‌ ചെയ്യാ​വുന്ന ജോലി​കൾ: ആഭരണങ്ങൾ, കളിപ്പാ​ട്ടങ്ങൾ, ക്രാഫ്‌റ്റ്‌ കിറ്റുകൾ എന്നിവ​യു​ടെ ഭാഗങ്ങൾ യോജി​പ്പി​ക്കുന്ന ജോലി വാഗ്‌ദാ​നം ചെയ്യുന്നു. നിങ്ങൾ പണം മുടക്കി സാധനങ്ങൾ വാങ്ങി ജോലി ചെയ്യണം. ഉത്‌പ​ന്നങ്ങൾ അവർ വാങ്ങി​ക്കൊ​ള്ളും എന്നതാണു വാഗ്‌ദാ​നം. പക്ഷേ ഒടുവിൽ ഉത്‌പ​ന്ന​ങ്ങൾക്കു നിലവാ​രം പോ​രെന്നു പറഞ്ഞ്‌ അവർ കൈക​ഴു​കും.

3. ആരോ​ഗ്യ​ത്തോ​ടും തൂക്കം കുറയ്‌ക്കു​ന്ന​തി​നോ​ടും ബന്ധപ്പെട്ട തട്ടിപ്പു​കൾ: വ്യായാ​മ​മോ ഭക്ഷണനി​യ​ന്ത്ര​ണ​മോ കൂടാതെ തൂക്കം കുറയ്‌ക്കാൻ സഹായി​ക്കുന്ന ഗുളി​കകൾ, ലൈം​ഗിക ശേഷി​ക്കു​റ​വി​നുള്ള മരുന്നു​കൾ, മുടി​കൊ​ഴി​ച്ചിൽ ചെറു​ക്കാ​നുള്ള ഔഷധങ്ങൾ എന്നിവയെ കുറി​ച്ചുള്ള പരസ്യ​ങ്ങ​ളു​ടെ പ്രളയ​മാണ്‌ ഇന്റർനെ​റ്റിൽ. ചില​പ്പോൾ ഫലം സിദ്ധി​ച്ചി​ട്ടുള്ള ഉപഭോ​ക്താ​ക്ക​ളു​ടെ സാക്ഷ്യ​പ്പെ​ടു​ത്തൽ സഹിത​മാ​യി​രി​ക്കും പരസ്യം. “ശാസ്‌ത്ര​ത്തി​ന്റെ കുതി​ച്ചു​ചാ​ട്ടം,” “അത്ഭുത​ക​ര​മായ രോഗ​സൗ​ഖ്യം,” “രഹസ്യ ഫോർമുല,” “പുരാതന ഔഷധ​ക്കൂട്ട്‌” തുടങ്ങിയ വിശേ​ഷ​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ ആയിരി​ക്കും അത്തരം പരസ്യങ്ങൾ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌. ഈ ഉത്‌പ​ന്ന​ങ്ങ​ളിൽ അധിക​വും ഫലപ്ര​ദമല്ല എന്നതാണു വാസ്‌തവം.

4. നിക്ഷേപ പദ്ധതികൾ: പണം നഷ്ടപ്പെ​ടാ​നുള്ള സാധ്യത ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വളരെ കുറവ്‌; പലിശ​യോ വളരെ ഉയർന്നത്‌—ഇതാണ്‌ ഇത്തരം പദ്ധതി​ക​ളു​ടെ വാഗ്‌ദാ​നം. ഒരു വിദേശ ബാങ്കിൽ നിക്ഷേ​പി​ക്ക​ലാണ്‌ ഈ പദ്ധതി​യിൽ പലപ്പോ​ഴും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പണം കൈകാ​ര്യം ചെയ്യു​ന്നവർ സാമ്പത്തിക രംഗത്ത്‌ ഉന്നത സ്വാധീ​ന​മുള്ള വമ്പന്മാ​രാ​ണെ​ന്നും അവർക്ക്‌ ആ രംഗത്തെ രഹസ്യ വിവരങ്ങൾ പോലും അറിയാ​മെ​ന്നും ഒക്കെയുള്ള ഉറപ്പു​ക​ളിൽ നിക്ഷേ​പകർ മയങ്ങി​പ്പോ​കു​ന്നു.

5. ക്രെഡിറ്റ്‌ റിപ്പയർ: നിങ്ങൾക്ക്‌ ഒരു ക്രെഡിറ്റ്‌ കാർഡോ വാഹന​ത്തി​നുള്ള വായ്‌പ​യോ ജോലി​യോ കിട്ടത്ത​ക്ക​വണ്ണം, നിങ്ങളു​ടെ മുൻ ഇടപാ​ടു​കൾ സംബന്ധിച്ച പ്രതി​കൂല പരാമർശങ്ങൾ നിങ്ങളു​ടെ ക്രെഡിറ്റ്‌ ഫയലിൽനി​ന്നു മാറ്റി​ത്ത​രും എന്നതാണ്‌ വാഗ്‌ദാ​നം. വാഗ്‌ദാ​നം പ്രാവർത്തി​ക​മാ​കാൻ പോകു​ന്നില്ല.

6. അവധി​ക്കാല സമ്മാനങ്ങൾ: വളരെ കുറഞ്ഞ മുതൽമു​ട​ക്കിൽ ഒരു അവധി​ക്കാ​ലം ചെലവ​ഴി​ക്കാ​നുള്ള സമ്മാനം നേടി​യ​തിൽ അഭിന​ന്ദി​ച്ചു​കൊ​ണ്ടുള്ള ഒരു ഇ-മെയിൽ സന്ദേശം നിങ്ങളെ തേടി​വ​ന്നേ​ക്കാം. നിങ്ങളെ പ്രത്യേക പരിഗ​ണ​ന​യിൽ തിര​ഞ്ഞെ​ടു​ത്ത​താ​ണെന്നു ചിലർ പറഞ്ഞേ​ക്കാം. എന്നാൽ ഇതേ സന്ദേശം ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ അയച്ചി​ട്ടു​ണ്ടാ​കാം എന്നതു മനസ്സിൽ പിടി​ക്കുക. മാത്രമല്ല പരസ്യ​ത്തിൽ പറയു​ന്ന​തി​നെ അപേക്ഷിച്ച്‌ വളരെ നിലവാ​രം കുറഞ്ഞ താമസ​സൗ​ക​ര്യ​വും ഭക്ഷണവും മറ്റു സേവന​ങ്ങ​ളും ആയിരി​ക്കും നിങ്ങൾക്കു ലഭിക്കു​ന്നത്‌.

[കടപ്പാട്‌]

ഉറവിടം: യു.എസ്‌. ഫെഡറൽ ട്രേഡ്‌ കമ്മീഷൻ

[7-ാം പേജിലെ ചിത്രം]

പിരമിഡ്‌ പദ്ധതികൾ എല്ലായ്‌പോ​ഴും തകരുന്നു

[9-ാം പേജിലെ ചിത്രം]

നിങ്ങൾ ഒപ്പു​വെ​ക്കുന്ന ഏത്‌ ഉടമ്പടി​യി​ലും നിക്ഷേ​പ​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളും സംബന്ധിച്ച എല്ലാ വ്യവസ്ഥ​ക​ളും എഴുതി​ച്ചേർത്തി​രി​ക്കണം