വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മേഘരാ​ജ​ന്മാ​രും ഗജരാ​ജ​ന്മാ​രും

ഒരു മേഘത്തിന്‌ എന്തു ഭാരം വരും? ഒരു കുമു​ലസ്‌ അഥവാ കൂമ്പാര മേഘത്തിന്‌ ഏകദേശം 550 ടൺ വെള്ളം ഉൾക്കൊ​ള്ളാൻ കഴിയു​മെന്ന്‌ എബിസി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. “അതായത്‌ കുറച്ചു​കൂ​ടി മനസ്സി​ലാ​കുന്ന വിധത്തിൽ പറഞ്ഞാൽ . . . ആനകളെ മനസ്സിൽ കാണുക” എന്ന്‌ പെഗ്ഗി ലെമോൺ എന്ന അന്തരീക്ഷ ശാസ്‌ത്രജ്ഞ പറയുന്നു. ഒരു ആനയുടെ ഭാരം ഏകദേശം ആറു ടൺ ആണെന്ന്‌ നാം കണക്കാ​ക്കു​ന്നെ​ങ്കിൽ ഒരു സാധാരണ കൂമ്പാര മേഘത്തി​ലെ വെള്ളത്തി​ന്റെ ഭാരം ഏതാണ്ട്‌ 100 ആനകളു​ടെ ഭാരത്തി​നു തുല്യ​മാ​യി​രി​ക്കും. ഭൂമി​യിൽനി​ന്നും ഉയരുന്ന ചൂടുള്ള വായു​വി​ലൂ​ടെ ഒഴുകി​ന​ട​ക്കുന്ന ചെറിയ ജലകണ​ങ്ങ​ളാ​യി ഈ വെള്ളമ​ത്ര​യും അന്തരീ​ക്ഷ​ത്തിൽ തങ്ങിനിൽക്കു​ന്നു. പഞ്ഞി​ക്കെട്ടു പോലെ കാണ​പ്പെ​ടുന്ന കൂമ്പാര മേഘങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, കൊടു​ങ്കാ​റ്റി​നും പേമാ​രി​ക്കും ഇടയാ​ക്കുന്ന ഒരു ഭീമാ​കാര മേഘത്തിന്‌ 2,00,000 ആനകളു​ടെ ഭാരം വരുന്ന​ത്ര​യും ജലം ഉൾക്കൊ​ള്ളാൻ കഴി​ഞ്ഞേ​ക്കും. ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം രൂപം കൊള്ളുന്ന ഭീമാ​കാര മേഘത്തി​ന്റെ ഭാരമോ? ലെമോൺ, അതിന്റെ ഒരു ഘനമീറ്റർ ഭാഗത്തു കണ്ടേക്കാ​വുന്ന വെള്ളത്തി​ന്റെ ഭാരം കണക്കു​കൂ​ട്ടി​യിട്ട്‌ അതിനെ മേഘത്തി​ന്റെ മൊത്തം വ്യാപ്‌തം കൊണ്ടു ഗുണിച്ചു. ഉത്തരം എന്തായി​രു​ന്നു? നാലു​കോ​ടി ആനകളു​ടെ അത്രയും ഭാരം. “അതിന്റെ അർഥം ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​നൊ​പ്പം രൂപം കൊള്ളുന്ന ഭീമാ​കാര മേഘത്തി​ലെ വെള്ളത്തി​ന്റെ ഭാരം ഈ ഭൂഗ്ര​ഹ​ത്തിൽ ഉള്ള മൊത്തം ആനകളു​ടെ ഭാര​ത്തെ​ക്കാൾ കൂടു​ത​ലാണ്‌ എന്നാണ്‌” എന്ന്‌ റിപ്പോർട്ടു പറയുന്നു. “ഒരുപക്ഷേ ഇതുവരെ ഈ ഭൂമി​യിൽ ജീവി​ച്ചി​ട്ടുള്ള മൊത്തം ആനകളു​ടെ ഭാരത്തി​ലും അധികം.” (g04 7/22)

പല്ലു​തേ​ക്കേ​ണ്ടത്‌ എപ്പോൾ?

അമ്ലാം​ശ​മുള്ള പാനീ​യങ്ങൾ കുടി​ച്ച​തി​നു​ശേ​ഷ​മോ ആഹാരം കഴിച്ച​തി​നു ശേഷമോ ഉടൻതന്നെ പല്ലു​തേ​ക്കു​ന്നത്‌ പല്ലിന്റെ ഇനാമ​ലി​നു കേടാ​യി​രി​ക്കാ​മെന്ന്‌ മെക്‌സി​ക്കോ നഗരത്തി​ലെ പത്രമായ മിലെ​നി​യോ റിപ്പോർട്ടു ചെയ്യുന്നു. അമ്ലാം​ശ​മുള്ള ആഹാരം “പല്ലിന്റെ ഇനാമ​ലി​നെ കുറച്ചു​നേ​ര​ത്തേക്കു ദുർബ​ല​മാ​ക്കു​ന്നു” എന്ന്‌ ഗോട്ടി​ങ്‌ഗെ​നി​ലെ ജർമൻ സർവക​ലാ​ശാല നടത്തിയ ഒരു പഠനത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ വർത്തമാ​ന​പ​ത്രം മുന്നറി​യി​പ്പു നൽകു​ക​യു​ണ്ടാ​യി. അതിനാൽ, ഭക്ഷണം കഴിച്ച​യു​ട​നെ​യുള്ള പല്ലു​തേപ്പ്‌ ഹാനി​ക​ര​മാ​യി​രു​ന്നേ​ക്കാം. പകരം, “പല്ല്‌ അതിന്റെ ശക്തി വീണ്ടെ​ടു​ത്തു കഴിയു​ന്ന​തു​വരെ ഏതാനും മിനിട്ട്‌ കാത്തി​രി​ക്കു​ന്ന​താണ്‌ അഭികാ​മ്യം.” (g04 7/22)

ചൂതാ​ടുന്ന കൗമാരം

“കാനഡ​യി​ലെ, 12-നും 17-നും ഇടയ്‌ക്കുള്ള കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ പകുതി​യി​ലേ​റെ​യും ഒരു രസത്തി​നു​വേണ്ടി ചൂതാട്ടം നടത്തു​ന്ന​വ​രാണ്‌. ഇവരിൽ 10 മുതൽ 15 വരെ ശതമാനം ഗുരു​ത​ര​മായ ചൂതാ​ട്ട​ത്തി​ലേക്കു തിരി​യാ​നുള്ള അപകട​സാ​ധ്യ​ത​യുണ്ട്‌. 4 മുതൽ 6 വരെ ശതമാനം ഇപ്പോൾത്തന്നെ ‘അത്യാ​സ​ക്ത​രാണ്‌’” എന്നൊക്കെ മെഗിൽ സർവക​ലാ​ശാ​ല​യി​ലെ യുവജന ചൂതാട്ടം സംബന്ധിച്ച്‌ പഠനം നടത്തുന്ന അന്താരാ​ഷ്‌ട്ര കേന്ദ്രം ചൂണ്ടി​ക്കാ​ണി​ക്കു​ന്ന​താ​യി ടൊ​റൊ​ന്റോ​യു​ടെ നാഷണൽ പോസ്റ്റ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഇവർക്ക്‌ ഇതി​നോ​ടുള്ള ആകർഷ​ക​ത്വം പലപ്പോ​ഴും കുട്ടി​ക്കാ​ല​ത്തു​തന്നെ തുടങ്ങു​ന്നു. ചില കുട്ടി​കൾക്കു സമ്മാന​മാ​യി ലോട്ടറി ടിക്കറ്റു​കൾ കിട്ടു​മ്പോ​ഴോ, ഓൺ-ലൈൻ പന്തയത്തി​നാ​യി ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​മ്പോ​ഴോ ഒക്കെ. തത്‌ഫ​ല​മാ​യി, കാനഡ​യിൽ ഇപ്പോൾ പുകവലി, മയക്കു​മ​രു​ന്നു​പ​യോ​ഗം എന്നിങ്ങ​നെ​യുള്ള ആസക്തി​ക​ളിൽ ഉൾപ്പെ​ടു​ന്ന​തി​നെ​ക്കാൾ കൂടുതൽ കൗമാ​ര​പ്രാ​യ​ക്കാർ ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടു​ന്നു​വെന്നു ഗവേഷകർ ചൂണ്ടി​ക്കാ​ട്ടു​ന്നു. കൗമാ​ര​പ്രാ​യ​ക്കാ​രെ ചൂതാ​ട്ട​ത്തിൽനി​ന്നു പിന്തി​രി​പ്പി​ക്കാ​നാ​യി കാനഡ​യി​ലെ ഹൈസ്‌കൂ​ളു​ക​ളിൽ നടത്തി​വ​രുന്ന പ്രചാ​ര​ണ​പ​രി​പാ​ടിക്ക്‌ ഈ പ്രശ്‌ന​ത്തി​നു തടയി​ടാ​നാ​കു​മെന്നു വിദ്യാ​ഭ്യാ​സ വിചക്ഷണർ പ്രത്യാ​ശി​ക്കു​ന്നു. (g04 7/8)

കത്തോ​ലിക്ക വൈദി​ക​രും ബൈബിൾ പരിജ്ഞാ​ന​വും

“വൈദി​ക​ന്മാർക്ക്‌ ബൈബിൾപ​ര​മാ​യി എത്ര​ത്തോ​ളം അറിവുണ്ട്‌?” ഒരു വൈദി​ക​നും ‘വേദപാഠ പഠനത്തി​നാ​യുള്ള ടൂറിൻ ഇടവക ഓഫീസി’ന്റെ ഡയറക്ട​റു​മായ ആൻഡ്രി​യാ ഫൊൺടാ​ന​യാണ്‌ ഈ ചോദ്യം ഉന്നയി​ച്ചത്‌. “ഇടവക​യിൽ ഏതെങ്കി​ലും തരത്തി​ലുള്ള ബൈബിൾ പഠന പദ്ധതി ഉണ്ടോ എന്ന്‌ ഒരു അൽമായൻ [അദ്ദേഹ​ത്തോ​ടു] ചോദി​ച്ച​പ്പോ​ഴാണ്‌” ഈ ചോദ്യം മനസ്സി​ലേക്കു വന്നത്‌ എന്ന്‌ ഇറ്റലി​യി​ലെ കത്തോ​ലി​ക്കാ പത്രമായ ആവെനി​രെ​യിൽ എഴുതവേ അദ്ദേഹം പറഞ്ഞു. ആ അൽമായൻ പോകുന്ന പള്ളിയിൽ “വിശുദ്ധ തിരു​വെ​ഴു​ത്തു​കളെ കുറിച്ച്‌ ഒരിക്ക​ലും പറയു​മാ​യി​രു​ന്നില്ല.” മേൽപ്പറഞ്ഞ ചോദ്യ​ത്തിന്‌ ഉത്തരമാ​യി ഫൊൺടാന ഇപ്രകാ​രം എഴുതി: “സത്യം പറഞ്ഞാൽ, സെമി​നാ​രി പഠനം പൂർത്തി​യാ​ക്കി​ക്ക​ഴിഞ്ഞ്‌ ബൈബിൾ പഠനം തുടരുന്ന [വൈദി​കർ] കുറവാണ്‌, ഇതു ഖേദക​ര​മാണ്‌. . .  ബൈബി​ളി​നെ കുറിച്ച്‌ എന്തെങ്കി​ലും കേൾക്കാ​നോ അതി​നോ​ടു താത്‌പ​ര്യം വളർത്തി​യെ​ടു​ക്കാ​നോ വിശ്വാ​സി​കൾക്ക്‌ ആകെക്കൂ​ടെ കിട്ടു​ന്നത്‌ ഞായറാ​ഴ്‌ചത്തെ പ്രഭാ​ഷ​ണ​സ​മയം മാത്ര​മാണ്‌.” “കൂടുതൽ പഠിക്കാൻ താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സഹവസി​ക്കു​ന്നുണ്ട്‌” എന്ന്‌ ആ അൽമായൻ പറഞ്ഞതാ​യും അദ്ദേഹം കൂട്ടി​ച്ചേർത്തു. (g04 7/8)

“ചാവു​കടൽ ചാവുന്നു”

“ചാവു​കടൽ ചാവു​ക​യാണ്‌, അതിനെ രക്ഷിക്കാൻ അതിബൃ​ഹ​ത്തായ ഒരു എഞ്ചിനീ​യ​റിങ്‌ സംരം​ഭ​ത്തി​നേ കഴിയൂ” എന്ന്‌ ഒരു അസോ​സി​യേ​റ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു പറയുന്നു. ചാവു​കടൽ—ഉപ്പിന്റെ ഉയർന്ന അളവ്‌ നിമിത്തം ജലജീ​വി​കൾക്ക്‌ ഇതിൽ ജീവി​ക്കുക സാധ്യ​മ​ല്ലാ​ത്ത​തി​നാ​ലാണ്‌ അങ്ങനെ വിളി​ക്കു​ന്നത്‌—ഭൂമി​യിൽ സമു​ദ്ര​നി​ര​പ്പിൽനി​ന്നും ഏറ്റവും താഴ്‌ന്നു സ്ഥിതി​ചെ​യ്യുന്ന ജലനി​ര​പ്പാണ്‌, ഏതാണ്ട്‌ 400 മീറ്റർ താഴെ. ഇതിന്‌ ഏകദേശം 80 കിലോ​മീ​റ്റർ നീളവും 18 കിലോ​മീ​റ്റർ വീതി​യു​മുണ്ട്‌. “ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ചാവു​ക​ട​ലി​ലെ വെള്ളത്തി​ന്റെ സന്തുലി​താ​വസ്ഥ [ഉയർന്ന ബാഷ്‌പീ​ക​ര​ണ​തോ​തും അതി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന വെള്ളത്തി​ന്റെ അളവും] അതിന്റെ [മുഖ്യ] ജല​സ്രോ​ത​സ്സായ ജോർദാൻ നദി നിലനി​റു​ത്തി​ക്കൊ​ണ്ടു പോകു​ക​യാ​യി​രു​ന്നു” എന്നു ലേഖനം പറയുന്നു. “എന്നാൽ, അടുത്ത ദശകങ്ങ​ളിൽ ഇസ്രാ​യേ​ലും ജോർദാ​നും, ഇരു രാജ്യ​ങ്ങ​ളെ​യും വേർതി​രി​ക്കുന്ന ഇടുങ്ങിയ നദിയു​ടെ തീരത്തുള്ള തങ്ങളുടെ വിശാ​ല​മായ കൃഷി​സ്ഥ​ല​ങ്ങ​ളിൽ ജലസേ​ചനം നടത്തു​ന്ന​തിന്‌, സാധാ​ര​ണ​ഗ​തി​യിൽ ചാവു​ക​ട​ലി​ലേക്ക്‌ ഒഴുകി​പ്പോ​കു​മാ​യി​രുന്ന വെള്ളം ഉപയോ​ഗി​ച്ചു​വ​ന്നി​രി​ക്കു​ന്നു.” ഇതു സംബന്ധിച്ച്‌ ഒന്നും ചെയ്‌തി​ല്ലെ​ങ്കിൽ, വർഷം​തോ​റും ഏതാണ്ട്‌ ഒരു മീറ്റർ എന്ന കണക്കിൽ ജലനി​രപ്പു താണു​കൊ​ണ്ടി​രി​ക്കും. ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളിൽ അതിന്റെ പരിണ​ത​ഫലം മാരക​മാ​യി​രി​ക്കും, അവി​ടെ​യുള്ള വന്യജീ​വി​ക​ളെ​യും സസ്യല​താ​ദി​ക​ളെ​യും ഇതു പ്രതി​കൂ​ല​മാ​യി ബാധി​ക്കും എന്ന്‌ ഇസ്രാ​യേ​ലിൽ നടത്തിയ ഒരു പഠനം വ്യക്തമാ​ക്കു​ന്നു. അഞ്ചുവർഷത്തെ ഒരു വരൾച്ച ചാവു​ക​ട​ലി​ന്റെ സ്ഥിതി ഒന്നുകൂ​ടെ വഷളാ​ക്കി​യി​രി​ക്കു​ക​യാണ്‌. (g04 7/8)

കട്ടിങ്‌ ബോർഡു​കൾ വൃത്തി​യാ​യി സൂക്ഷി​ക്കുക!

ഏതാണു സുരക്ഷി​തം—തടി​കൊ​ണ്ടുള്ള കട്ടിങ്‌ ബോർഡോ പ്ലാസ്റ്റി​ക്കു​കൊ​ണ്ടു​ള്ള​തോ? “നിങ്ങൾ വളരെ വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നി​ട​ത്തോ​ളം ഏതായാ​ലും കുഴപ്പ​മില്ല” എന്ന്‌ യുസി ബെർക്കെലി വെൽനെസ്സ്‌ ലെറ്റർ പറയുന്നു. “പച്ചമാം​സം മുറി​ക്കാൻ നിങ്ങൾ തടി​കൊ​ണ്ടു​ള്ള​തോ പ്ലാസ്റ്റി​ക്കു​കൊ​ണ്ടു​ള്ള​തോ ഉപയോ​ഗി​ച്ചാ​ലും ഉപയോ​ഗ​ശേഷം കട്ടിങ്‌ ബോർഡ്‌ ചൂടുള്ള സോപ്പു​വെ​ള്ള​ത്തിൽ നന്നായി തേച്ചു​ക​ഴു​കുക.” ബോർഡിൽ വെട്ടു വീണ വലിയ പാടോ കൊഴു​പ്പോ ഉണ്ടെങ്കിൽ കൂടുതൽ ശ്രമം ചെയ്‌ത്‌ അതു പൂർണ​മാ​യി വൃത്തി​യാ​ക്കുക. “ബോർഡ്‌ ബ്ലീച്ച്‌ ലായനി​യിൽ (ഒരു ലിറ്റർ വെള്ളത്തിൽ ഏതാണ്ട്‌ 5 മില്ലി​ലി​റ്റർ ബ്ലീച്ച്‌) കഴുകി അണുവി​മു​ക്ത​മാ​ക്കി​യെ​ടു​ക്കാൻ കഴിയും” എന്ന്‌ വെൽനെസ്സ്‌ ലെറ്റർ പറയുന്നു. അതു​പോ​ലെ കൈക​ളും കത്തിക​ളും നന്നായി കഴുകി ഉണക്കേ​ണ്ട​തു​മാണ്‌. (g04 7/22)

ടെലി​വി​ഷൻ—“ശക്തി​യേ​റിയ ഒരു മയക്കു​മ​രുന്ന്‌”

“ദിവസം രണ്ടു മണിക്കൂ​റിൽ കൂടുതൽ സമയം ടെലി​വി​ഷൻ കാണുന്ന കുട്ടികൾ പഠന കാര്യ​ങ്ങ​ളിൽ പിന്നി​ലാണ്‌” എന്ന്‌ സ്‌പാ​നിഷ്‌ വർത്തമാ​ന​പ​ത്ര​മായ ലാ വാൻഗ്വാർഡ്യാ റിപ്പോർട്ടു ചെയ്യുന്നു. ശിശു​രോ​ഗ​വി​ദ​ഗ്‌ധ​നായ ഫ്രാൻതി​സ്‌കോ മൂന്യോസ്‌, ടിവി വളരെ ശക്തമായ വിദ്യാ​ഭ്യാ​സ സഹായി ആയിരു​ന്നേ​ക്കാം എന്നു വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അതിന്റെ ദ്രോ​ഹ​ക​ര​മായ ഫലങ്ങൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. കടുത്ത ടിവി ആസക്തരു​ടെ താരത​മ്യേന മോശ​മായ പ്രകട​ന​ത്തി​നു കാരണം, “പക്വത​യി​ലെ​ത്തു​ന്ന​തി​നു താമസം നേരി​ടു​ന്ന​തും ചിന്താ​പ്രാ​പ്‌തിക്ക്‌ നേരി​ടുന്ന തകരാ​റു​മാണ്‌.” മാത്രമല്ല, “കൗമാ​ര​പ്രാ​യ​ക്കാർ ചില പ്രത്യേക പരിപാ​ടി​കൾ, പരസ്യങ്ങൾ, മ്യൂസിക്‌ വീഡി​യോ​കൾ എന്നിവ കാണു​ന്ന​തും മദ്യം, പുകയില, മയക്കു​മ​രു​ന്നു​കൾ എന്നിവ ഉപയോ​ഗി​ക്കു​ന്ന​തും തമ്മിൽ വ്യക്തമായ ബന്ധമു​ണ്ടെ​ന്നും” അദ്ദേഹം നിരീ​ക്ഷി​ക്കു​ന്നു. ടിവി കാണുന്ന എല്ലാ യുവജ​ന​ങ്ങ​ളും അതിലെ മോശ​മായ പെരു​മാ​റ്റം അനുക​രി​ക്കു​ക​യില്ല എന്നുള്ള വസ്‌തുത തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​തന്നെ കുട്ടി​ക​ളു​ടെ മനോ​രോ​ഗ​വി​ദ​ഗ്‌ധ​നായ പൗളി​നോ കാസ്റ്റെൽസ്‌ ടെലി​വി​ഷനെ “കടുത്ത ആസക്തി” എന്നു വിളിച്ചു, “തീർത്തും ലോല​മായ മനസ്സു​ക​ളിൽ അതു ചെലു​ത്തുന്ന വിനാ​ശ​ക​മായ ഫലം നിമിത്തം.” (g04 7/22)

പുതിയ പക്ഷിവർഗ​ത്തി​ന്റെ കണ്ടെത്തൽ ആവാസ വ്യവസ്ഥ​യു​ടെ നാശത്തി​നു ശേഷം

വെനെ​സ്വേ​ല​യി​ലെ കാരൊ​നി നദിയി​ലെ ജനവാ​സ​മി​ല്ലാത്ത ഒരു ദ്വീപാണ്‌ കാരെ​സ്സാൽ. ഒരു പുതിയ അണക്കെ​ട്ടി​ന്റെ നിർമാ​ണ​ത്തി​നാ​യി അവി​ടെ​യുള്ള വനം വെട്ടി​ത്തെ​ളി​ച്ച​പ്പോൾ മുമ്പ്‌ അറിയ​പ്പെ​ടാത്ത ഒരു പക്ഷിയെ കണ്ടെത്തി​യ​താ​യി കരാക്ക​സി​ലെ ഡെയ്‌ലി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. വനം നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ അവി​ടെ​നിന്ന്‌ പിടിച്ച പക്ഷിക​ളു​ടെ കൂട്ടത്തിൽ പാട്ടു പാടുന്ന, നീല പൊട്ടു​ക​ളുള്ള ഒരു ചെറിയ പക്ഷി ഉള്ളതായി പിന്നീട്‌ നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. ആർക്കും കടന്നു ചെല്ലാ​നാ​വാ​ത്തത്ര നിബി​ഡ​മായ ദ്വീപി​ലെ മുളങ്കാ​ടു​ക​ളാ​യി​രു​ന്നു ഈ പക്ഷിയു​ടെ ഭവനം. അടുത്തുള്ള മറ്റ്‌ പ്രദേ​ശ​ങ്ങ​ളിൽ ഈ പുതിയ വർഗത്തിൽപ്പെട്ട കൂടുതൽ പക്ഷികളെ കണ്ടെത്താ​നാ​കു​മെന്ന പ്രതീ​ക്ഷ​യി​ലാണ്‌ പ്രകൃ​തി​ശാ​സ്‌ത്രജ്ഞർ. എന്നാൽ “കാരെ​സ്സാൽ സീഡീറ്റർ . . . ഇത്രയും കാലം നമ്മുടെ കണ്ണു​വെ​ട്ടിച്ച്‌ ഒളിച്ചി​രുന്ന സ്ഥലം നാം നശിപ്പി​ച്ചി​രി​ക്കു​ന്നു എന്ന അറിവ്‌ അതിന്റെ കണ്ടെത്തൽ ഉളവാ​ക്കി​യി​രി​ക്കുന്ന ആഹ്ലാദ​ത്തിന്‌ മങ്ങലേൽപ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഗവേഷ​ക​നായ റോബിൻ റെസ്റ്റൊൾ പറയുന്നു. (g04 7/22)