വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ എന്താണ് തെറ്റ്?
യുവജനങ്ങൾ ചോദിക്കുന്നു . . .
വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ എന്താണ് തെറ്റ്?
“വിവാഹത്തിനു മുമ്പുള്ള സെക്സിന് ഈ പറയുന്നത്ര കുഴപ്പമുണ്ടോ എന്നു ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. പ്രത്യേകിച്ച്, ഇതുവരെയും ഞാൻ സെക്സിൽ ഏർപ്പെട്ടിട്ടില്ലാത്തത് എനിക്കു വിചിത്രമായി തോന്നുമ്പോൾ.”—ജോർഡൻ. a
“സെക്സ് പരീക്ഷിച്ചുനോക്കാൻ എനിക്കു സമ്മർദം തോന്നാറുണ്ട്. അതിനുള്ള സ്വാഭാവിക ചായ്വ് നമുക്കെല്ലാം ഉണ്ടെന്ന് എനിക്കു തോന്നുന്നു,” കെല്ലി പറയുന്നു. “എങ്ങോട്ടു തിരിഞ്ഞാലും, എല്ലായിടത്തും സെക്സിനെ ചുറ്റിപ്പറ്റിയുള്ള സംഗതികളേ ഉള്ളൂ!” അവൾ തുടരുന്നു.
ജോർഡന്റെയും കെല്ലിയുടെയും പോലുള്ള വികാരങ്ങളാണോ നിങ്ങൾക്കും ഉള്ളത്? ഒരിക്കൽ വിവാഹത്തിനു മുമ്പുള്ള ലൈംഗികതയ്ക്കു വിലക്ക് ഏർപ്പെടുത്തിയിരുന്ന പരമ്പരാഗത ആചാരങ്ങളും മൂല്യങ്ങളുമെല്ലാം ഇന്നു കേവലം പഴങ്കഥയായി മാറിയിരിക്കുകയാണല്ലോ. (എബ്രായർ 13:4) ഒരു ഏഷ്യൻ രാജ്യത്ത് 15 മുതൽ 24 വരെ വയസ്സുള്ള യുവാക്കളിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയത്, അവരിൽ ഭൂരിപക്ഷവും വിവാഹപൂർവ ലൈംഗികബന്ധം സ്വീകാര്യമാണെന്നു മാത്രമല്ല, തങ്ങളിൽനിന്ന് അതു പ്രതീക്ഷിക്കുകയും ചെയ്യുന്നതായി കരുതുന്നുവെന്നാണ്. അപ്പോൾ, ലോകമെമ്പാടുമുള്ള യുവജനങ്ങളിൽ മിക്കവരും 19 വയസ്സ് ആകുന്നതിനു മുമ്പുതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു എന്നതിൽ അതിശയിക്കാനില്ല.
എന്നാൽ ചില യുവജനങ്ങൾ സ്വാഭാവിക ലൈംഗികബന്ധങ്ങളിൽ ഏർപ്പെടാതെ പരസ്പരം ലൈംഗിക അവയവങ്ങളിൽ തലോടുന്നതുപോലെയുള്ള (ചിലപ്പോൾ പരസ്പരമുള്ള ഹസ്തമൈഥുനം എന്നും അറിയപ്പെടുന്നു), ലൈംഗിക ബദൽ രീതികൾ എന്നു വിളിക്കപ്പെടുന്ന, സംഗതികളിൽ ഏർപ്പെടുന്നു. ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്ത അലോസരപ്പെടുത്തുന്ന ഒരു വാർത്ത ശ്രദ്ധിക്കുക: “അധരസംഭോഗം ലൈംഗികതയിലേക്കുള്ള ചവിട്ടുപടി എന്നനിലയിൽ സാധാരണമായിത്തീർന്നിരിക്കുന്നു. സ്വാഭാവിക ലൈംഗികബന്ധത്തെക്കാൾ അപകടം കുറഞ്ഞതും അത്ര ശാരീരിക അടുപ്പം ആവശ്യമില്ലാത്തതും ആയ ഒന്നായി അനേകം യുവജനങ്ങൾ അതിനെ കണക്കാക്കുന്നു . . . [കൂടാതെ] ഗർഭധാരണം ഒഴിവാക്കാനും തങ്ങളുടെ കന്യകാത്വം സംരക്ഷിക്കാനുമുള്ള ഒരു മാർഗമായും അവർ ഇതിനെ കാണുന്നു.”
അങ്ങനെയെങ്കിൽ വിവാഹപൂർവ ലൈംഗികതയെ ഒരു ക്രിസ്ത്യാനി എങ്ങനെ വീക്ഷിക്കണം? ബദൽ രീതികൾ എന്നു വിളിക്കപ്പെടുന്ന, സ്വാഭാവിക ലൈംഗികബന്ധത്തിനു പകരമുള്ള രീതികൾ സംബന്ധിച്ചെന്ത്? അവ ദൈവത്തിനു സ്വീകാര്യമാണോ? അവ സുരക്ഷിതമാണോ? അവ വാസ്തവത്തിൽ ഒരു വ്യക്തിയുടെ കന്യകാത്വം b സംരക്ഷിക്കുന്നുണ്ടോ?
പരസംഗത്തിൽ ഉൾപ്പെടുന്നത്
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഒരു ആധികാരിക ഉത്തരം നൽകാൻ കഴിയുന്നത് നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മാത്രമാണ്. അവന്റെ വചനമായ ബൈബിളിൽ “ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടുവിൻ” എന്ന് അവൻ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 6:18) യഥാർഥത്തിൽ എന്താണ് അതിന്റെ അർഥം? “പരസംഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന്റെ അർഥം ലൈംഗികബന്ധത്തിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നില്ല, മറിച്ച് അതിൽ പലതരം ലൈംഗിക ദുർവൃത്തികൾ ഉൾപ്പെടുന്നു. അതുകൊണ്ട്, വിവാഹിതരല്ലാത്ത രണ്ടു വ്യക്തികൾ അധരസംഭോഗത്തിലോ പരസ്പരം പുനരുത്പാദനാവയവങ്ങൾ തലോടുന്നതിലോ ഏർപ്പെടുന്നെങ്കിൽ അവർ പരസംഗം സംബന്ധിച്ചു കുറ്റക്കാരാണ്.
എന്നാൽ അവർ അപ്പോഴും കന്യകാത്വമുള്ളവരായി കാണപ്പെടുമോ—അതായത്, ദൈവത്തിന്റെ ദൃഷ്ടിയിൽ? ബൈബിളിൽ “കന്യക” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ധാർമിക നൈർമല്യത്തെ കുറിക്കുന്നതിനാണ്. (2 കൊരിന്ത്യർ 11:2-6) എന്നാൽ അത് ശാരീരികമായ അർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. റിബെക്കാ എന്നു പേരുള്ള ഒരു യുവതിയെ കുറിച്ച് ബൈബിൾ പറയുന്നു. അവൾ “പുരുഷൻ തൊടാത്ത കന്യക” ആയിരുന്നെന്ന് അതു പറയുന്നു. (ഉല്പത്തി 24:16) തെളിവനുസരിച്ച്, മൂല എബ്രായയിൽ ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം സ്വാഭാവിക സ്ത്രീ-പുരുഷ ലൈംഗികബന്ധത്തെ കൂടാതെ മറ്റു നടപടികളെയും അർഥമാക്കുന്ന ഒന്നായിരുന്നു. (ഉല്പത്തി 19:5) അതുകൊണ്ട്, ബൈബിൾ അനുസരിച്ച്, ഒരു യുവവ്യക്തി ഏതെങ്കിലും രൂപത്തിലുള്ള പരസംഗത്തിൽ ഏർപ്പെടുന്നെങ്കിൽ അവനെയോ അവളെയോ ‘കന്യകാത്വം’ ഉള്ളയാളായി കണക്കാക്കാൻ കഴിയില്ല.
പരസംഗത്തിൽനിന്നു മാത്രമല്ല, അതിലേക്കു നയിച്ചേക്കാവുന്ന എല്ലാത്തരം അശുദ്ധ നടത്തയിൽനിന്നും ഓടിയകലാനാണ് ബൈബിൾ ക്രിസ്ത്യാനികളോടു പറയുന്നത്. c (കൊലൊസ്സ്യർ 3:5) അത്തരമൊരു നിലപാടു സ്വീകരിക്കുമ്പോൾ, മറ്റുള്ളവർ നിങ്ങളെ പരിഹസിച്ചേക്കാം. “‘നീ നഷ്ടപ്പെടുത്തുന്നത് എന്താണെന്നു നിനക്കറിയില്ല!’ ഹൈസ്കൂളിലായിരുന്ന സമയത്തെല്ലാം എനിക്ക് ഇതു കേൾക്കേണ്ടിവന്നു,” ഒരു ക്രിസ്തീയ യുവതിയായ കെല്ലി പറയുന്നു. എന്നിരുന്നാലും, വിവാഹപൂർവ ലൈംഗികത “പാപത്തിന്റെ തല്ക്കാലഭോഗ”മല്ലാതെ മറ്റൊന്നുമല്ല. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (എബ്രായർ 11:24) അതിനു ഭാവിയിലേക്കു നീളുന്ന ശാരീരികവും വൈകാരികവും ആത്മീയവുമായ ഹാനികൾ വരുത്തിവെക്കാൻ കഴിയും.
ഗുരുതരമായ ഭീഷണികൾ
വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിലേക്കു വഴിപിഴപ്പിക്കപ്പെടുന്ന ഒരു യുവാവിനെ ഒരിക്കൽ ശലോമോൻ രാജാവു നിരീക്ഷിച്ചതിനെ കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. ശലോമോൻ ആ യുവാവിനെ, ‘അറുക്കുന്നേടത്തേക്കു പോകുന്ന കാള’യോട് ഉപമിച്ചു. അറുക്കാൻ കൊണ്ടുപോകുന്ന ഒരു കാളയ്ക്ക് അതിനെന്തു സംഭവിക്കാൻ പോകുന്നു എന്നതിനെ കുറിച്ച് ഒന്നുമറിയില്ല. വിവാഹപൂർവ ലൈംഗികതയിൽ ഏർപ്പെടുന്ന യുവതീയുവാക്കളെ സംബന്ധിച്ചും പലപ്പോഴും ഇതുതന്നെയാണ് സത്യം. തങ്ങളുടെ പ്രവൃത്തികളുടെ ഗുരുതരമായ പരിണതഫലങ്ങൾ സംബന്ധിച്ച് അവർ ഒട്ടുംതന്നെ ബോധവാന്മാർ അല്ലാത്തതായി തോന്നുന്നു! താൻ കാണാനിടയായ യുവാവിനെ കുറിച്ചു ശലോമോൻ പറഞ്ഞു, അതു തന്റെ “ജീവഹാനിക്കു” കാരണമാകുമെന്ന് അയാൾ അറിയുന്നില്ല എന്ന്. (സദൃശവാക്യങ്ങൾ 7:22, 23) അതേ, നിങ്ങളുടെ ‘ജീവൻ’ ആണ് അപകടത്തിൽ ആയിരിക്കുന്നത്.
ഉദാഹരണത്തിന്, വർഷംതോറും ലക്ഷക്കണക്കിനു യുവജനങ്ങൾക്കാണ് ലൈംഗികമായി പകരുന്ന രോഗങ്ങൾ പിടിപെടുന്നത്. “എനിക്ക് ഹെർപ്പിസ് പിടിപെട്ടിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കിയപ്പോൾ എവിടേക്കെങ്കിലും പൊയ്ക്കളഞ്ഞാൽ മതിയെന്നായി എനിക്ക്,” ലിഡിയ പറയുന്നു. “വേദനാകരമായ ഒരു തീരാവ്യാധിയാണ് ഇത്” എന്ന് അവൾ ദുഃഖത്തോടെ പറയുന്നു. ലോകവ്യാപകമായി പുതുതായി എച്ച്ഐവി ബാധയ്ക്ക് ഇരകളാകുന്നവരിൽ പകുതിയിലേറെയും (ദിവസേന 6,000 പേർ) 15-നും 24-നും ഇടയ്ക്കു പ്രായമുള്ളവരാണ്.
സ്ത്രീകൾ വിവാഹപൂർവ ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രശ്നങ്ങൾക്ക് ഇരയാകാനുള്ള സാധ്യത പ്രത്യേകിച്ചും കൂടുതലാണ്. വാസ്തവത്തിൽ, ലൈംഗികമായി പകരുന്ന രോഗങ്ങളുടെ (എയ്ഡ്സ് ഉൾപ്പെടെ) ഭീഷണി പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണുള്ളത്. ഒരു ചെറിയ പെൺകുട്ടി ഗർഭിണിയാകുന്നെങ്കിൽ അവൾ അവളെത്തന്നെയും അവളുടെ അജാതശിശുവിനെയും കൂടുതലായ ഒരു അപകടസ്ഥിതിയിൽ ആക്കിവെക്കുന്നു. എന്തുകൊണ്ട്? കാരണം ഒരു ശിശുവിനു സുരക്ഷിതമായി ജന്മം നൽകാൻ പറ്റിയ വിധത്തിൽ അപ്പോൾ അവളുടെ ശരീരം വളർച്ച പ്രാപിച്ചിട്ടുണ്ടായിരിക്കില്ല.
കൗമാരപ്രായക്കാരിയായ ഒരു അമ്മയ്ക്ക് ആരോഗ്യത്തോടു ബന്ധപ്പെട്ട കടുത്ത ഭവിഷ്യത്തുകളിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞാൽ പോലും മാതാവ് ആയിരിക്കുന്നതിന്റെ ഗുരുതരമായ ഉത്തരവാദിത്വങ്ങൾ അപ്പോഴും അവൾക്കു മുന്നിലുണ്ട്. സ്വന്തം കാര്യം നോക്കുന്നതോടൊപ്പം ഒരു നവജാത ശിശുവിനെയും കൂടെ പോറ്റേണ്ടിവരുന്നത് തങ്ങൾ വിചാരിച്ചതിനെക്കാൾ
വളരെയേറെ ദുഷ്കരമാണെന്ന് അനേകം പെൺകുട്ടികളും കണ്ടെത്തുന്നു.അതിനു പുറമേ, ആത്മീയവും വൈകാരികവുമായ പരിണതഫലങ്ങളുമുണ്ട്. ദാവീദ് രാജാവിന്റെ ലൈംഗിക പാപം ദൈവവുമായുള്ള അവന്റെ സുഹൃദ്ബന്ധത്തെ അപകടത്തിലാക്കുകയും അവനെ ആത്മീയ തകർച്ചയുടെ വക്കിൽ കൊണ്ടെത്തിക്കുകയും ചെയ്തു. (51-ാം സങ്കീർത്തനം) എന്നാൽ പിന്നീട് അവൻ ആത്മീയമായി സുഖം പ്രാപിച്ചെങ്കിലും തന്റെ പാപത്തിന്റെ അനന്തര ഫലങ്ങൾ ജീവിതകാലത്തെല്ലാം അവനെ വിടാതെ പിന്തുടർന്നു.
ഇന്നു യുവജനങ്ങൾ അതുപോലെയുള്ള ദുരിതങ്ങളിൽപ്പെട്ട് ഉഴലാൻ ഇടവന്നേക്കാം. ഉദാഹരണത്തിന്, 17 വയസ്സു മാത്രമുള്ളപ്പോൾ ഷെറി ഒരു ആൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. അവൻ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അവൾ കരുതി. വർഷങ്ങൾക്കു ശേഷവും അവൾ തന്റെ പ്രവൃത്തിയെ കുറിച്ച് ഓർത്തു ദുഃഖിക്കുന്നു. “ബൈബിൾ സത്യങ്ങളെ ഞാൻ നിസ്സാരമായിത്തള്ളി. അതിന്റെ ഫലം എനിക്ക് അനുഭവിക്കേണ്ടിവന്നു. എനിക്ക് യഹോവയുടെ പ്രീതി നഷ്ടപ്പെട്ടു, അത് എന്നെ തകർത്തുകളയുന്നതായിരുന്നു,” അവൾ വേദനയോടെ പറയുന്നു. അതുപോലെ, ട്രിഷ് എന്ന യുവതിയും ഇപ്രകാരം സമ്മതിക്കുന്നു: “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിശക് ഞാൻ വിവാഹത്തിനു മുമ്പുള്ള സെക്സിൽ ഏർപ്പെട്ടതായിരുന്നു. കന്യകാത്വം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആഗ്രഹിക്കുന്നെന്നോ.” അതേ, സമ്മർദത്തിനും ഹൃദയവേദനയ്ക്കും ഇടയാക്കിക്കൊണ്ട് വൈകാരിക മുറിവുകൾ വർഷങ്ങളോളം നീണ്ടുനിന്നേക്കാം.
ആത്മനിയന്ത്രണം പഠിക്കൽ
ഷാൻഡാ എന്ന യുവതി ഒരു സുപ്രധാന ചോദ്യം ഉന്നയിക്കുന്നു, “വിവാഹം വരെ തങ്ങളുടെ ലൈംഗിക പ്രാപ്തികൾ ഉപയോഗിക്കാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാണ് ദൈവം യുവജനങ്ങൾക്കു ലൈംഗിക മോഹങ്ങൾ നൽകിയത്?” ലൈംഗിക മോഹങ്ങൾ “നവയൗവനത്തിൽ” വിശേഷാൽ ശക്തമായിരിക്കും എന്നതു ശരിയാണ്. (1 കൊരിന്ത്യർ 7:36, NW) കൗമാരപ്രായത്തിലുള്ളവർക്ക് പ്രത്യക്ഷത്തിൽ യാതൊരു കാരണവുമില്ലാതെ പെട്ടെന്നു ലൈംഗിക ഉത്തേജനം അനുഭവപ്പെടാനിടയുണ്ട്. ഇത് മോശമായ ഒരു സംഗതിയല്ല. പുനരുത്പാദന അവയവങ്ങൾ വളർച്ചപ്രാപിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്നതാണ്. d
ലൈംഗികബന്ധങ്ങൾ ആസ്വാദ്യമായിരിക്കത്തക്ക വിധത്തിലാണ് യഹോവ അതു ക്രമീകരിച്ചിരിക്കുന്നത് എന്നതും ശരിയാണ്. ഭൂമി ജനവാസമുള്ളതാക്കി നിറയ്ക്കാനുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ആയിരുന്നു അത്. (ഉല്പത്തി 1:28) എന്നിരുന്നാലും, നമ്മുടെ പുനരുത്പാദന പ്രാപ്തികൾ നാം ദുരുപയോഗം ചെയ്യാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചില്ല. “ഓരോരുത്തൻ . . . വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ” എന്നു ബൈബിൾ പറയുന്നു. (1 തെസ്സലൊനീക്യർ 4:4, 5) നിങ്ങൾക്കുണ്ടാകുന്ന ഓരോ ലൈംഗിക ആഗ്രഹത്തെയും തൃപ്തിപ്പെടുത്തുന്നത്, ഒരർഥത്തിൽ ദേഷ്യം വരുന്ന ഓരോ സന്ദർഭത്തിലും നിങ്ങൾ ആരെയെങ്കിലും പ്രഹരിക്കുന്നതുപോലെ ബുദ്ധിശൂന്യമായിരിക്കും.
ലൈംഗികബന്ധങ്ങൾ ആസ്വദിക്കാനുള്ള പ്രാപ്തി ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്, ഉചിതമായ സമയത്ത്, അതായത് വിവാഹത്തിനു ശേഷം ആസ്വദിക്കേണ്ട ഒന്ന്. വിവാഹം കഴിക്കാതെ നാം ലൈംഗികബന്ധങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ദൈവത്തിന് എന്താണു തോന്നുക? നിങ്ങളുടെ ഒരു സുഹൃത്തിന് നിങ്ങൾ ഒരു സമ്മാനം വാങ്ങിയെന്നിരിക്കട്ടെ. നിങ്ങൾ അത് ആ സുഹൃത്തിനു കൊടുക്കുന്നതിനു മുമ്പേ അവനോ അവളോ അതു മോഷ്ടിക്കുന്നെങ്കിലോ? നിങ്ങൾക്ക് വളരെ വിഷമം തോന്നുകയില്ലേ? അങ്ങനെയെങ്കിൽ വിവാഹപൂർവ ലൈംഗികതയിൽ ഏർപ്പെട്ടുകൊണ്ട് ഒരു വ്യക്തി ദൈവം നൽകിയിരിക്കുന്ന സമ്മാനം ദുരുപയോഗം ചെയ്യുമ്പോൾ ദൈവത്തിനു തോന്നുന്ന വികാരത്തെ കുറിച്ചു ചിന്തിക്കുക.
അപ്പോൾപ്പിന്നെ, നിങ്ങളുടെ ലൈംഗിക വികാരങ്ങൾ സംബന്ധിച്ചു നിങ്ങൾ എന്താണു ചെയ്യേണ്ടത്? ലളിതമായി പറഞ്ഞാൽ, അവയെ നിയന്ത്രിക്കാൻ പഠിക്കുക. “നേരോടെ നടക്കുന്നവർക്കു അവൻ [യഹോവ] ഒരു നന്മയും മുടക്കുകയില്ല” എന്ന വസ്തുത സ്വയം ഓർമിപ്പിച്ചുകൊണ്ടിരിക്കുക. (സങ്കീർത്തനം 84:11) “വിവാഹത്തിനു മുമ്പുള്ള സെക്സ് അത്രയ്ക്കു തെറ്റൊന്നുമല്ല എന്ന ചിന്ത എന്നിൽ ഉടലെടുക്കാൻ തുടങ്ങുമ്പോൾ, ഞാൻ അതിന്റെ മോശമായ ആത്മീയ പരിണതഫലങ്ങളെ കുറിച്ചു ചിന്തിക്കും. യഹോവയുമായുള്ള എന്റെ ബന്ധം നഷ്ടപ്പെടുത്തുന്നതിനെ ന്യായീകരിക്കത്തക്ക ആസ്വാദ്യതയുള്ള ഒരു പാപവുമില്ലെന്ന് ഞാൻ തിരിച്ചറിയും,” ഗോർഡൻ എന്ന യുവാവു പറയുന്നു. ആത്മനിയന്ത്രണം പാലിക്കുക എന്നത് എളുപ്പമല്ലായിരിക്കാം. എന്നാൽ ആത്മനിയന്ത്രണത്തെ കുറിച്ച് യുവാവായ ഏഡ്രിയൻ നമ്മെ ഓർമിപ്പിക്കുന്നതു ശ്രദ്ധിക്കുക: “അതു നമുക്ക് ഒരു ശുദ്ധ മനസ്സാക്ഷിയും യഹോവയുമായുള്ള ഒരു നല്ല ബന്ധവും നൽകുന്നതോടൊപ്പം കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തക്കവിധത്തിൽ നമ്മുടെ പാതയെ തടസ്സങ്ങൾ ഇല്ലാത്തതാക്കുകയും ചെയ്യും. കഴിഞ്ഞ കാലത്തു ചെയ്തുപോയതിനെ കുറിച്ചു കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ തോന്നേണ്ടിവരുകയുമില്ല.”—സങ്കീർത്തനം 16:11.
‘ദുർന്നടപ്പിന്റെ’ അതായത് പരസംഗത്തിന്റെ എല്ലാ രൂപങ്ങളിൽനിന്നും “വിട്ടൊഴിഞ്ഞു” നിൽക്കുന്നതിന് ഒട്ടനവധി നല്ല കാരണങ്ങൾ ഉണ്ട്. (1 തെസ്സലൊനീക്യർ 4:3) എന്നാൽ എല്ലായ്പോഴും അത് എളുപ്പമല്ല എന്നതു ശരിതന്നെ. നിങ്ങളെത്തെന്നെ ‘നിർമ്മലനായി കാത്തുകൊള്ളാൻ’ ആവശ്യമായ പ്രായോഗിക മാർഗങ്ങളെ കുറിച്ച് ഒരു ഭാവി ലേഖനം ചർച്ച ചെയ്യുന്നതായിരിക്കും.—1 തിമൊഥെയൊസ് 5:22. (g04 7/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b “കന്യകാത്വം” എന്ന പദം ഈ ലേഖനത്തിൽ പുരുഷനും ബാധകമാകുന്നു.
c പരസംഗം, അശുദ്ധി, അഴിഞ്ഞ നടത്ത എന്നിവയെ കുറിച്ചുള്ള വിവരങ്ങൾക്ക് 1994 ഫെബ്രുവരി 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ‘പരിധിക്കപ്പുറം,’ എന്നാൽ എത്രത്തോളം?” എന്ന ലേഖനം കാണുക.
d 1992 ജനുവരി 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ ശരീരത്തിന് ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ആകർഷക വാക്യം]
ഒരു യുവവ്യക്തി പരസംഗത്തിന്റെ ഏതെങ്കിലും രൂപത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അവനോ അവളോ ദൈവദൃഷ്ടിയിൽ ‘കന്യകാത്വം’ ഉള്ളയാളായി കണക്കാക്കപ്പെടുമോ?
[13-ാം പേജിലെ ചിത്രം]
വിവാഹപൂർവ ലൈംഗികതയ്ക്ക് ദൈവഭക്തരായ യുവജനങ്ങളുടെ മനസ്സാക്ഷിക്കു മുറിവേൽപ്പിക്കാൻ കഴിയും
[14-ാം പേജിലെ ചിത്രം]
വിവാഹപൂർവ ലൈംഗികതയിൽ ഏർപ്പെടുന്നവർ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ അപകടത്തിലാണ്