ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ
ഏറ്റവും നല്ല കളിപ്പാട്ടങ്ങൾ
എന്റെ കുഞ്ഞിനുവേണ്ടി ഏതുതരം കളിപ്പാട്ടങ്ങളാണു വാങ്ങേണ്ടത്? അതിനായി ഞാൻ എത്ര പണം ചെലവഴിക്കണം? ഒരു കുട്ടിയുണ്ടെങ്കിൽ നിങ്ങൾ ഈ ചോദ്യങ്ങൾ പലവട്ടം ചോദിച്ചിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഏറ്റവും വില കുറഞ്ഞ കളിക്കോപ്പുകൾ ആയിരിക്കാം ഏറ്റവും നല്ലത്.
“വെറുതെ നോക്കിയിരിക്കുന്നതിനെക്കാൾ, ക്രിയാത്മകമായ ഉൾപ്പെടലിൽനിന്നും സൂക്ഷ്മ നിരീക്ഷണത്തിൽനിന്നും കുട്ടികൾ ഏറെ പ്രയോജനം നേടുന്നു. ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന മിന്നിപ്രകാശിക്കുന്ന കാറുകളും സംസാരിക്കുന്ന പാവകളും കുട്ടികൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇട നൽകാത്തതിനാൽ അവയ്ക്കു പകരം, ഭാവന ഉണർത്താൻ പോന്ന ലളിതമായ കളിക്കോപ്പുകളാണ് ഉത്തമം,” പ്രചോദിത മനസ്സുകൾ—മക്കളെ പഠിക്കാൻ താത്പര്യമുള്ളവരായി വളർത്തിക്കൊണ്ടുവരൽ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആദ്യം പറഞ്ഞ കൂട്ടത്തിൽപ്പെട്ടവ “ആദ്യമൊക്കെ രസകരം ആയിരുന്നേക്കാം, എന്നാൽ അവ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനോ സർഗാത്മകത വളർത്തുന്നതിനോ പര്യാപ്തമല്ലാത്തതിനാൽ മിക്കപ്പോഴും പെട്ടെന്നുതന്നെ കുട്ടികൾക്ക് അവയിലുള്ള താത്പര്യം നഷ്ടപ്പെടുന്നു.”
കുട്ടിയുടെ പ്രായമനുസരിച്ച് മനസ്സിനെ ഉത്തേജിപ്പിക്കുന്നതരം കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കണം; ചതുരക്കട്ടകൾ, കാലിപ്പെട്ടികൾ, കടലാസ്, ചിത്രരചനയ്ക്കുള്ള സാമഗ്രികൾ എന്നിവ പോലെയുള്ള ലളിതമായ സംഗതികളും മണ്ണും വെള്ളവും പോലും അവയിൽ ഉൾപ്പെടുന്നു. “വളർത്തുമൃഗങ്ങളുടേതുപോലുള്ള ചെറിയ കളിക്കോപ്പുകൾ, ഇനം തിരിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും തുടർന്ന് കഥകൾ ഉണ്ടാക്കിക്കൊണ്ട് ഭാഷാവൈഭവം മെച്ചപ്പെടുത്തുന്നതിനും ഒരു കുട്ടിക്ക് അവസരം നൽകും” എന്ന് പ്രചോദിത മനസ്സുകൾ പ്രസ്താവിച്ചു. സ്വരങ്ങളെയും അവയുടെ വിന്യാസത്തെയും പരീക്ഷിച്ചറിയാൻ കുട്ടികളെ അനുവദിക്കുന്ന ലളിതമായ സംഗീതോപകരണങ്ങളുടെ ഉപയോഗവും—അവരുടെ പാട്ടുകച്ചേരി നിങ്ങൾക്കു സഹിക്കാൻ കഴിയുമെങ്കിൽ—പുസ്തകം ശുപാർശ ചെയ്യുന്നു.
കുട്ടികളുടെ ഭാവനാശക്തി വളരെ സജീവമാണ്, പഠിക്കുന്നതിലും കളിക്കുന്നതിലും അവർ ഉത്സുകരുമാണ്. അതുകൊണ്ട് കളിപ്പാട്ടങ്ങൾ ബുദ്ധിപൂർവം തിരഞ്ഞെടുത്തുകൊണ്ട് ഈ മൂന്നു മേഖലകളിലും നിങ്ങൾ മക്കളെ സഹായിക്കുമല്ലോ. (g04 8/8)