വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നല്ല പിതാവായിരിക്കാൻ ചെയ്യേണ്ടത്‌

ഒരു നല്ല പിതാവായിരിക്കാൻ ചെയ്യേണ്ടത്‌

ഒരു നല്ല പിതാ​വാ​യി​രി​ക്കാൻ ചെയ്യേ​ണ്ടത്‌

കുടുംബ ജീവി​ത​ത്തി​ന്റെ അധഃപ​ത​നത്തെ കുറിച്ച്‌ ഇക്കോ​ണ​മിസ്റ്റ്‌ മാസി​ക​യിൽ വന്ന ഒരു ലേഖന​ത്തി​ന്റെ ശ്രദ്ധേ​യ​മായ പ്രാരംഭ വാചകം ഇങ്ങനെ​യാ​യി​രു​ന്നു: “കുട്ടി​കളെ ജനിപ്പി​ക്കുക എളുപ്പ​മാണ്‌, ഒരു നല്ല പിതാ​വി​നെ സൃഷ്ടി​ക്കുക എളുപ്പമല്ല.”

ജീവി​ത​ത്തിൽ ദുഷ്‌ക​ര​മായ പല സംഗതി​ക​ളുണ്ട്‌. അതിൽ ഏറ്റവും ദുഷ്‌ക​ര​മായ—ഒപ്പം ഏറ്റവും പ്രധാ​ന​പ്പെട്ട—ഒന്നാണ്‌ ഒരു നല്ല പിതാവ്‌ ആയിരി​ക്കുക എന്നത്‌. ഒരു നല്ല പിതാവ്‌ ആയിരി​ക്കാൻ ഓരോ പിതാ​വും ആഗ്രഹി​ക്കേ​ണ്ട​തുണ്ട്‌. അല്ലെങ്കിൽ കുടും​ബ​ത്തി​ന്റെ ക്ഷേമവും സന്തോ​ഷ​വും ഹനിക്ക​പ്പെ​ടും.

അത്‌ എളുപ്പ​മ​ല്ലാ​ത്ത​തി​ന്റെ കാരണം

ലളിത​മാ​യി പറഞ്ഞാൽ, ഒരു നല്ല പിതാവ്‌ ആയിരി​ക്കുക എന്നത്‌ എളുപ്പ​മ​ല്ലാ​ത്ത​തി​ന്റെ കാരണം മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും കൈമാ​റി​ക്കി​ട്ടി​യി​രി​ക്കുന്ന അപൂർണ​ത​യാണ്‌. “മനുഷ്യ​ന്റെ മനോ​നി​രൂ​പണം ബാല്യം​മു​തൽ ദോഷ​മു​ള്ളതു ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:21) അതിനാൽ, “പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം​ധ​രി​ച്ചു” എന്ന്‌ ഒരു ബൈബിൾ എഴുത്തു​കാ​രൻ സമ്മതിച്ചു പറയു​ക​യു​ണ്ടാ​യി. (സങ്കീർത്തനം 51:5; റോമർ 5:12) പാരമ്പ​ര്യ​സി​ദ്ധ​മായ പാപത്തി​ന്റെ ഫലമായി ദോഷം ചെയ്യു​ന്ന​തി​നുള്ള ഒരു ചായ്‌വ്‌ ഉണ്ടാകു​ന്നു. എന്നാൽ ഇത്‌ സ്‌നേ​ഹ​വാ​നായ ഒരു പിതാ​വാ​യി​രി​ക്കു​ന്ന​തി​നു തടസ്സം നിൽക്കുന്ന ഘടകങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌.

മറ്റൊരു വലിയ തടസ്സമാണ്‌ ഈ ലോകം അഥവാ ഈ വ്യവസ്ഥി​തി. അത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ബൈബിൾ ഇപ്രകാ​രം പറയുന്നു: “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” ഈ ദുഷ്ടൻ “പിശാ​ചും സാത്താ​നും” ആയി തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു. സാത്താനെ “ഈ ലോക​ത്തി​ന്റെ ദൈവം” എന്നും ബൈബിൾ വിളി​ക്കു​ന്നു. തന്നെ​പ്പോ​ലെ തന്റെ അനുഗാ​മി​ക​ളും ‘ലൌകി​ക​ന്മാർ’ അഥവാ ഈ ലോക​ത്തി​ന്റെ ഭാഗം ആയിരി​ക്ക​രുത്‌ എന്ന്‌ യേശു പറഞ്ഞതിൽ ഒരതി​ശ​യ​വു​മില്ല!—1 യോഹ​ന്നാൻ 5:19; വെളി​പ്പാ​ടു 12:9; 2 കൊരി​ന്ത്യർ 4:4; യോഹ​ന്നാൻ 17:16.

ഒരു നല്ല പിതാ​വാ​യി​രി​ക്കാൻ, നമുക്കു കൈമാ​റി​ക്കി​ട്ടിയ അപൂർണ​ത​യെ​യും പിശാ​ചായ സാത്താ​നെ​യും അവന്റെ കാൽക്കീ​ഴിൽ ആയിരി​ക്കുന്ന ഈ ലോക​ത്തെ​യും കുറിച്ചു ബോധ​മു​ള്ളവർ ആയിരി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ഈ തടസ്സങ്ങ​ളൊ​ന്നും വെറും സങ്കൽപ്പമല്ല. അവ തികച്ചും യഥാർഥ​മാണ്‌! എന്നാൽ ഈ പ്രതി​ബ​ന്ധ​ങ്ങളെ മറിക​ട​ക്കാൻ എന്തു ചെയ്യണ​മെ​ന്നും ഒരു നല്ല പിതാവ്‌ ആയിത്തീ​രാൻ എങ്ങനെ കഴിയു​മെ​ന്നും ഒരാൾക്ക്‌ എങ്ങനെ അറിയാൻ കഴിയും?

ദിവ്യ ദൃഷ്ടാ​ന്ത​ങ്ങൾ

മേൽപ്പറഞ്ഞ തടസ്സങ്ങളെ മറിക​ട​ക്കു​ന്ന​തി​നുള്ള സഹായ​ത്തി​നാ​യി ഒരു പിതാ​വിന്‌ ബൈബി​ളി​ലേക്കു നോക്കാൻ കഴിയും. അനുക​രി​ക്കാൻ പറ്റിയ വിസ്‌മ​യ​ക​ര​മായ ദൃഷ്ടാ​ന്തങ്ങൾ അതിലുണ്ട്‌. തന്റെ അനുഗാ​മി​കളെ പ്രാർഥി​ക്കാൻ പഠിപ്പി​ക്കവേ “സ്വർഗ്ഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ” എന്നു സംബോ​ധന ചെയ്‌തു​കൊണ്ട്‌ ഏറ്റവും സ്‌നേ​ഹ​ധ​ന​നായ പിതാ​വി​നെ യേശു തിരി​ച്ച​റി​യി​ക്കു​ക​യു​ണ്ടാ​യി. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) നമ്മുടെ സ്വർഗീയ പിതാ​വി​നെ വർണി​ച്ചു​കൊണ്ട്‌ ബൈബിൾ പറയു​ന്നതു ശ്രദ്ധി​ക്കുക: “ദൈവം സ്‌നേഹം തന്നേ.” സ്‌നേ​ഹ​നി​ധി​യായ ഈ പിതാവ്‌ വെക്കുന്ന ദൃഷ്ടാ​ന്ത​ത്തോട്‌ ഒരു മാനുഷ പിതാവ്‌ എങ്ങനെ പ്രതി​ക​രി​ക്കണം? “ദൈവത്തെ അനുക​രി​പ്പിൻ” എന്നും “സ്‌നേ​ഹ​ത്തിൽ നടപ്പിൻ” എന്നും അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി.—മത്തായി 6:9, 10; 1 യോഹ​ന്നാൻ 4:8; എഫെസ്യർ 5:1, 2.

നിങ്ങൾ ഒരു പിതാ​വാ​ണെ​ങ്കിൽ, ദൈവം തന്റെ പുത്ര​നായ യേശു​വി​നോട്‌ ഇടപെട്ട ഒരൊറ്റ സന്ദർഭ​ത്തിൽനി​ന്നു​തന്നെ നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയു​മെന്നു ചിന്തി​ക്കുക. യേശു വെള്ളത്തിൽ സ്‌നാ​പ​ന​മേറ്റ സമയത്ത്‌ സ്വർഗ​ത്തിൽനിന്ന്‌ ദൈവ​ത്തി​ന്റെ ശബ്ദം ഇങ്ങനെ പറഞ്ഞതാ​യി മത്തായി 3:17-ൽ കാണുന്നു: “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാ​നാ​കും?

ഒന്നാമ​താ​യി, ഒരു പിതാവ്‌ തന്റെ കുട്ടിയെ ചൂണ്ടി​ക്കാ​ട്ടി അഭിമാ​ന​പൂർവം മറ്റാ​രോ​ടെ​ങ്കി​ലും ‘ഇവൻ എന്റെ മോനാണ്‌’ അല്ലെങ്കിൽ ‘ഇവൾ എന്റെ മോളാണ്‌’ എന്നു പറയു​മ്പോൾ ആ കുട്ടി​ക്കു​ണ്ടാ​കുന്ന വികാ​രത്തെ കുറിച്ച്‌ ഒന്നു ചിന്തി​ക്കുക. അച്ഛന്റെ​യോ അമ്മയു​ടെ​യോ ശ്രദ്ധ പിടി​ച്ചു​പ​റ്റു​മ്പോൾ, പ്രത്യേ​കി​ച്ചും അവരുടെ അനു​മോ​ദ​ന​ത്തി​നു പാത്ര​മാ​കു​മ്പോൾ കൊച്ചു​കു​ട്ടി​ക​ളു​ടെ മനസ്സിൽ അഭിമാ​ന​വും എന്തെന്നി​ല്ലാത്ത ആഹ്ലാദ​വും നിറഞ്ഞു തുളു​മ്പും. പിന്നെ സാധ്യ​ത​യ​നു​സ​രിച്ച്‌ എന്നും ആ അംഗീ​കാ​ര​ത്തി​ന്റെ മധുരം നുണയാൻ കുട്ടി എല്ലായ്‌പോ​ഴും കിണഞ്ഞു ശ്രമി​ക്കും.

രണ്ടാമ​താ​യി, യേശു​വി​നെ “പ്രിയ​പു​ത്രൻ” എന്നു വിളി​ക്കു​ക​വഴി താൻ അവനെ എങ്ങനെ കരുതു​ന്നു​വെന്ന്‌ ദൈവം പ്രകട​മാ​ക്കി. തന്റെ പിതാ​വിൽനി​ന്നുള്ള അതീവ വാത്സല്യ​ത്തി​ന്റേ​തായ ആ വാക്കുകൾ യേശു​വി​ന്റെ ഹൃദയത്തെ എത്ര ആനന്ദഭ​രി​ത​മാ​ക്കി​യി​രി​ക്കണം. അതു​പോ​ലെ, മക്കളെ അകമഴി​ഞ്ഞു സ്‌നേ​ഹി​ക്കു​ന്നു​വെന്നു നിങ്ങളു​ടെ വാക്കു​ക​ളി​ലൂ​ടെ​യും അവർക്കു സമയവും ശ്രദ്ധയും നൽകി​ക്കൊ​ണ്ടും അവരിൽ താത്‌പ​ര്യ​മെ​ടു​ത്തു​കൊ​ണ്ടും നിങ്ങൾ പ്രകട​മാ​ക്കു​ന്നെ​ങ്കിൽ അവരുടെ മനസ്സും ആനന്ദം​കൊ​ണ്ടു നിറയും.

മൂന്നാ​മ​താ​യി, തന്റെ പുത്ര​നോട്‌ “നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു ദൈവം പറയു​ക​യു​ണ്ടാ​യി. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (മർക്കൊസ്‌ 1:11) മക്കളെ പ്രതി തനിക്കുള്ള സന്തോ​ഷ​വും സംതൃ​പ്‌തി​യും വാക്കു​ക​ളി​ലൂ​ടെ അവരെ അറിയി​ക്കുക, ഒരു പിതാ​വിന്‌ തന്റെ മക്കളോ​ടു പറയാൻ കഴിയുന്ന ഒരു പ്രധാ​ന​പ്പെട്ട സംഗതി​യാണ്‌ അത്‌. ഒരു കുട്ടി പലപ്പോ​ഴും തെറ്റുകൾ ചെയ്യാ​റുണ്ട്‌ എന്നതു ശരിതന്നെ. നാമെ​ല്ലാം തെറ്റു ചെയ്യു​ന്ന​വ​രാണ്‌. എന്നാൽ ഒരു പിതാ​വെന്ന നിലയിൽ നിങ്ങൾ നിങ്ങളു​ടെ കുട്ടികൾ ചെയ്യു​ന്ന​തോ പറയു​ന്ന​തോ ആയ നല്ല കാര്യങ്ങൾ കണ്ടെത്തി അവരെ അനു​മോ​ദി​ക്കാൻ അവസരങ്ങൾ അന്വേ​ഷി​ക്കു​ന്നു​ണ്ടോ?

യേശു തന്റെ സ്വർഗീയ പിതാ​വിൽനിന്ന്‌ ഒരുപാ​ടു കാര്യങ്ങൾ പഠിച്ചു. അവൻ ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ, ഭൗമിക മക്കളെ തന്റെ സ്വർഗീയ പിതാവ്‌ എങ്ങനെ​യാണ്‌ കരുതു​ന്ന​തെന്ന്‌ വാക്കി​നാ​ലും തന്റെതന്നെ മാതൃ​ക​യാ​ലും അവൻ പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 14:9) തിരക്കും വളരെ​യ​ധി​കം സമ്മർദ​വും ഉണ്ടായി​രു​ന്നി​ട്ടും കുട്ടി​ക​ളോ​ടൊ​പ്പ​മി​രുന്ന്‌ അവരോ​ടു സംസാ​രി​ക്കാൻ അവൻ സമയം ചെലവ​ഴി​ച്ചു. “ശിശു​ക്കളെ എന്റെ അടുക്കൽ വിടു​വിൻ, അവരെ തടുക്ക​രുത്‌” എന്ന്‌ അവൻ തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (മർക്കൊസ്‌ 10:14) പിതാ​ക്ക​ന്മാ​രായ നിങ്ങൾക്ക്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും അവന്റെ പുത്ര​ന്റെ​യും ദൃഷ്ടാ​ന്തത്തെ കൂടുതൽ പൂർണ​മാ​യി പിൻപ​റ്റാ​നാ​കു​മോ?

നല്ല ദൃഷ്ടാന്തം വെക്കേ​ണ്ടതു പ്രധാനം

മക്കൾക്ക്‌ നിങ്ങൾ ഒരു നല്ല ദൃഷ്ടാന്തം വെക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എത്ര പറഞ്ഞാ​ലും അധിക​മാ​വില്ല. നിങ്ങൾ സ്വയം ദൈവിക ശിക്ഷണ​ത്തി​നു കീഴ്‌പെ​ടു​ക​യും നിങ്ങളു​ടെ ജീവി​തത്തെ ക്രമ​പ്പെ​ടു​ത്താൻ അതിനെ അനുവ​ദി​ക്കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ, കുട്ടി​കളെ “കർത്താ​വി​ന്റെ ബാലശി​ക്ഷ​യി​ലും പത്ഥ്യോ​പ​ദേ​ശ​ത്തി​ലും പോററി വളർത്തു”ന്നതിനുള്ള നിങ്ങളു​ടെ ശ്രമം പാഴാ​യി​പ്പോ​യേ​ക്കാം. (എഫെസ്യർ 6:4) എന്നാൽ, നിങ്ങളു​ടെ കുട്ടി​ക​ളു​ടെ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നുള്ള ദൈവിക കൽപ്പന നിവർത്തി​ക്കാൻ തടസ്സം നിൽക്കുന്ന സംഗതി​കൾ തരണം ചെയ്യാൻ ദൈവ​ത്തി​ന്റെ സഹായ​ത്താൽ നിങ്ങൾക്കു സാധി​ക്കും.

മുൻ സോവി​യറ്റ്‌ യൂണി​യ​നിൽനി​ന്നുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ വിക്ടർ ഗുട്ട്‌ഷ്‌മി​റ്റി​ന്റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. തന്റെ വിശ്വാ​സത്തെ കുറിച്ചു സംസാ​രി​ച്ച​തി​ന്റെ പേരിൽ 1957 ഒക്ടോ​ബ​റിൽ അദ്ദേഹത്തെ പത്തു വർഷത്തെ തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. വീട്ടിൽ അദ്ദേഹ​ത്തി​ന്റെ ഭാര്യ പലീന​യും രണ്ടു കൊച്ചു പെൺകു​ഞ്ഞു​ങ്ങ​ളും തനിച്ചാ​യി. ജയിലിൽ ആയിരു​ന്ന​പ്പോൾ കുടും​ബ​ത്തിന്‌ കത്തെഴു​താൻ അദ്ദേഹത്തെ അനുവ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ദൈവ​ത്തെ​യോ മതത്തെ​യോ കുറി​ച്ചുള്ള എന്തെങ്കി​ലും കാര്യങ്ങൾ അതിൽ ഉൾപ്പെ​ടു​ത്തു​ന്നത്‌ കർശന​മാ​യി വിലക്കി​യി​രു​ന്നു. ക്ലേശക​ര​മായ ഈ അവസ്ഥയി​ലും വിക്ടർ ഒരു നല്ല പിതാ​വാ​യി​രി​ക്കാൻ തീരു​മാ​നി​ച്ചു. ദൈവത്തെ കുറിച്ച്‌ തന്റെ കുഞ്ഞു​ങ്ങളെ പഠിപ്പി​ക്കു​ന്നത്‌ അതി​പ്ര​ധാ​ന​മാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അതിന്‌ അദ്ദേഹം എന്താണു ചെയ്‌തത്‌?

“സോവി​യറ്റ്‌ മാസി​ക​ക​ളായ യങ്‌ നാച്ച്വ​റ​ലിസ്റ്റ്‌, നേച്ചർ എന്നിവ​യിൽ ചില വിഷയങ്ങൾ ഞാൻ കണ്ടെത്തി,” വിക്ടർ പറയുന്നു. “പോസ്റ്റ്‌ കാർഡു​ക​ളിൽ ഞാൻ മൃഗങ്ങ​ളു​ടെ​യും മനുഷ്യ​രു​ടെ​യും ചിത്രങ്ങൾ വരച്ച്‌ ഒരു കഥയോ പ്രകൃ​തി​യെ കുറി​ച്ചുള്ള എന്തെങ്കി​ലും വിവര​മോ ഉൾപ്പെ​ടു​ത്തു​മാ​യി​രു​ന്നു.”

പലീന ഇപ്രകാ​രം പറയുന്നു: “ഈ പോസ്റ്റ്‌ കാർഡു​കൾ കിട്ടുന്ന മാത്ര​യിൽത്തന്നെ, ഞങ്ങൾ അത്‌ ബൈബിൾ വിഷയ​ങ്ങ​ളു​മാ​യി ബന്ധിപ്പി​ക്കു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പോസ്റ്റ്‌ കാർഡി​ലെ ചിത്രം പ്രകൃതി സൗന്ദര്യ​മോ വനങ്ങളോ നദിക​ളോ ഒക്കെയാ​ണെ​ങ്കിൽ ഞാൻ യെശയ്യാ​വു 65-ാം അധ്യായം വായി​ക്കും.” ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റാ​നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങളെ കുറി​ച്ചാണ്‌ അവിടെ പറയു​ന്നത്‌.

വിക്ടറി​ന്റെ പുത്രി യൂലിയ പറയു​ന്നതു ശ്രദ്ധി​ക്കുക: “മമ്മ എന്നിട്ട്‌ ഞങ്ങളോ​ടൊ​ത്തി​രു​ന്നു പ്രാർഥി​ക്കും, ഞങ്ങൾ എല്ലാവ​രും കരയും. ഞങ്ങളുടെ പരിശീ​ല​ന​ത്തിൽ ഈ കാർഡു​കൾക്കു വലിയ ഒരു പങ്കുണ്ട്‌.” അതിന്റെ ഫലത്തെ കുറിച്ച്‌ പലീന പറയുന്നു: “ഈ കുട്ടികൾ തീരെ ചെറു​പ്പ​ത്തിൽത്തന്നെ ദൈവത്തെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചു​തു​ടങ്ങി.” ഇന്ന്‌ ആ കുടും​ബ​ത്തി​ന്റെ അവസ്ഥയോ?

വിക്ടർ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ഇപ്പോൾ എന്റെ പുത്രി​മാർ രണ്ടു​പേ​രും ക്രിസ്‌തീയ മൂപ്പന്മാ​രെ വിവാഹം കഴിച്ചി​രി​ക്കു​ന്നു. രണ്ടു പേരു​ടെ​യും കുടും​ബങ്ങൾ ആത്മീയ​മാ​യി കരുത്തു​റ്റ​താണ്‌, അവരുടെ മക്കൾ വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.”

ഒരു നല്ല ദൃഷ്ടാന്തം വെക്കു​ന്ന​തിന്‌ പലപ്പോ​ഴും പ്രാപ്‌തി മാത്രമല്ല നല്ല പ്രയത്‌ന​വും ആവശ്യ​മാണ്‌. നല്ല ദൃഷ്ടാന്തം വെക്കാൻ പിതാവ്‌ സകല ശ്രമവും ചെയ്യു​ന്നുണ്ട്‌ എന്നു കുട്ടികൾ കാണു​മ്പോൾ അത്‌ അവരുടെ ഹൃദയത്തെ സ്‌പർശി​ക്കാ​നി​ട​യുണ്ട്‌. മുഴു​സമയ ശുശ്രൂ​ഷ​യിൽ അനേകം വർഷങ്ങൾ ചെലവ​ഴിച്ച ഒരു മകൻ തന്റെ പിതാ​വി​നെ വിലമ​തി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഡാഡി ചില​പ്പോ​ഴൊ​ക്കെ ജോലി​ക​ഴി​ഞ്ഞു വളരെ ക്ഷീണി​ത​നാ​യാണ്‌ എത്തുക, കുടുംബ അധ്യയന സമയത്ത്‌ ഉറങ്ങാ​തി​രി​ക്കാൻ ഡാഡി നന്നേ പാടു​പെ​ട്ടി​രു​ന്നു. പക്ഷേ എന്തുവ​ന്നാ​ലും വാരം​തോ​റു​മുള്ള ഞങ്ങളുടെ കുടുംബ അധ്യയ​ന​ത്തി​നു യാതൊ​രു മുടക്ക​വും വന്നില്ല. ബൈബി​ള​ധ്യ​യ​ന​ത്തി​ന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ അതു ഞങ്ങളെ സഹായി​ച്ചു.”

അതേ, ഒരു നല്ല പിതാ​വാ​യി​രി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രധാന ഘടകമാണ്‌ വാക്കി​ലും പ്രവൃ​ത്തി​യി​ലും നല്ല ദൃഷ്ടാന്തം വെക്കുക എന്നത്‌. ഒരു ബൈബിൾ പഴമൊ​ഴി​യു​ടെ സത്യത അനുഭ​വി​ച്ച​റി​യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ അങ്ങനെ ചെയ്യേ​ണ്ട​തുണ്ട്‌. അത്‌ ഇപ്രകാ​ര​മാണ്‌: “ബാലൻ നടക്കേ​ണ്ടുന്ന വഴിയിൽ അവനെ അഭ്യസി​പ്പിക്ക; അവൻ വൃദ്ധനാ​യാ​ലും അതു വിട്ടു​മാ​റു​ക​യില്ല.”—സദൃശ​വാ​ക്യ​ങ്ങൾ 22:6.

അതു​കൊണ്ട്‌, നിങ്ങൾ പറയുന്ന സംഗതി​കൾക്കു മാത്രമല്ല ശ്രദ്ധ നൽകേ​ണ്ടത്‌ എന്നു മനസ്സിൽ പിടി​ക്കുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ, അതായത്‌ നിങ്ങൾ വെക്കുന്ന ദൃഷ്ടാന്തം ആണ്‌ കാതലായ സംഗതി. തീരെ ചെറു​പ്പ​ത്തിൽത്തന്നെ കുട്ടി​കൾക്കു വിദ്യാ​ഭ്യാ​സം നൽകേ​ണ്ട​തി​ന്റെ ആവശ്യ​ക​തയെ കുറിച്ചു പഠിക്കുന്ന ഒരു കനേഡി​യൻ വിദഗ്‌ധൻ എഴുതു​ന്നു: “നമ്മുടെ കുട്ടി​കളെ [നാം ആഗ്രഹി​ക്കു​ന്നതു പോലെ] പെരു​മാ​റാൻ പഠിപ്പി​ക്കു​ന്ന​തി​നുള്ള ഏറ്റവും മികച്ച മാർഗം നാം തന്നെ അത്തരത്തി​ലുള്ള പെരു​മാ​റ്റം കാഴ്‌ച​വെ​ക്കു​ന്ന​താണ്‌.” അതേ, നിങ്ങളു​ടെ കുട്ടികൾ ആത്മീയ കാര്യങ്ങൾ വിലമ​തി​ക്ക​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആദ്യം നിങ്ങൾതന്നെ അങ്ങനെ ചെയ്യുക.

അവർക്കു​വേണ്ടി സമയം കണ്ടെത്തുക!

നിങ്ങളു​ടെ കുട്ടികൾ നിങ്ങൾ വെക്കുന്ന നല്ല ദൃഷ്ടാന്തം നേരിൽ കാണണം. അതിന്റെ അർഥം നിങ്ങൾ അവരു​മാ​യി സമയം ചെലവ​ഴി​ക്കണം എന്നാണ്‌. എപ്പോ​ഴെ​ങ്കി​ലും പോയി ഒന്ന്‌ എത്തി​നോ​ക്കി​യാൽ പോരാ, മറിച്ച്‌ ഒരുപാ​ടു സമയം നിങ്ങൾ മക്കളോ​ടൊ​പ്പം ചെലവി​ടണം. “സമയം തക്കത്തിൽ ഉപയോ​ഗി​ച്ചു​കൊൾവിൻ” എന്ന ബൈബി​ളി​ന്റെ ജ്ഞാനപൂർവ​മായ ഉപദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കുക. (എഫെസ്യർ 5:15, 16) അതായത്‌ കുട്ടി​ക​ളോ​ടൊ​പ്പം ആയിരി​ക്കാൻ പ്രാധാ​ന്യം കുറഞ്ഞ സംഗതി​ക​ളിൽനി​ന്നു സമയം വിലയ്‌ക്കു വാങ്ങുക. അതേ, നിങ്ങളു​ടെ കുട്ടി​ക​ളെ​ക്കാൾ പ്രധാ​ന​പ്പെ​ട്ട​താ​യി നിങ്ങൾക്ക്‌ എന്താണു​ള്ളത്‌? ടിവി പരിപാ​ടി​ക​ളോ, വിനോ​ദ​ങ്ങ​ളോ, മനോ​ഹ​ര​മായ ഒരു വീടോ, ജോലി​യോ?

“സൂക്ഷി​ച്ചാൽ ദുഃഖി​ക്കേണ്ട” എന്ന ചൊല്ല്‌ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. മക്കൾ തീരെ ചെറുപ്പം ആയിരി​ക്കു​മ്പോൾ പിതാ​ക്ക​ന്മാർ അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നി​ല്ലെ​ങ്കിൽ, അതിന്റെ തിക്തഫ​ലങ്ങൾ പിതാ​ക്ക​ന്മാർ പിന്നീട്‌ അനുഭ​വി​ക്കേ​ണ്ടി​വ​രും. കുട്ടി​ക​ളു​ടെ അപഥസ​ഞ്ചാ​ര​വും ആത്മീയ മൂല്യങ്ങൾ കാറ്റിൽപ്പ​റ​ത്തി​യുള്ള ജീവി​ത​രീ​തി​യും കണ്ട്‌ മനം​നൊന്ത പിതാ​ക്ക​ന്മാർ പലപ്പോ​ഴും അഗാധ​മായ പശ്ചാത്താ​പം കാണി​ച്ചി​ട്ടുണ്ട്‌. പിതാ​വി​ന്റെ സാമീ​പ്യം മക്കൾ ഏറെ കൊതി​ച്ചി​രുന്ന കുട്ടി​ക്കാ​ലത്ത്‌ അവരോ​ടൊ​പ്പം ആയിരി​ക്കാൻ കഴിയാ​തി​രു​ന്ന​തിൽ പിന്നീട്‌ അവർ അതീവ ദുഃഖം പ്രകടി​പ്പി​ക്കു​ന്നു.

ഒരു കാര്യം മനസ്സിൽ പിടി​ക്കുക: നിങ്ങളു​ടെ കുട്ടികൾ തീരെ ചെറു​പ്പ​മാ​യി​രി​ക്കു​മ്പോ​ഴാണ്‌ നിങ്ങളു​ടെ തിര​ഞ്ഞെ​ടു​പ്പി​ന്റെ അനന്തര​ഫ​ലത്തെ കുറിച്ചു ചിന്തി​ക്കാ​നുള്ള പറ്റിയ സമയം. ബൈബിൾ നിങ്ങളു​ടെ കുട്ടി​കളെ “യഹോവ നല്‌കുന്ന അവകാശ”മെന്നു വിളി​ക്കു​ന്നു, സൂക്ഷി​ക്കാ​നാ​യി ദൈവം നിങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഒന്ന്‌. (സങ്കീർത്തനം 127:3) അതു​കൊണ്ട്‌ അവരെ പ്രതി നിങ്ങൾ ദൈവ​ത്തോ​ടു കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​രാണ്‌ എന്ന യാഥാർഥ്യം ഒരിക്ക​ലും മറക്കരുത്‌!

സഹായം ലഭ്യമാണ്‌

തന്റെ കുട്ടി​കൾക്കു പ്രയോ​ജനം ചെയ്യുന്ന എന്തു സഹായ​വും സ്വീക​രി​ക്കാൻ ഒരു നല്ല പിതാ​വിന്‌ യാതൊ​രു വിമു​ഖ​ത​യും ഉണ്ടായി​രി​ക്കില്ല. മനോ​ഹ​യു​ടെ ഭാര്യ​യോട്‌ അവൾ ഗർഭം ധരിക്കും എന്ന്‌ ഒരു ദൂതൻ പറഞ്ഞ​പ്പോൾ മനോഹ ദൈവ​ത്തോട്‌ ഇപ്രകാ​രം പ്രാർഥി​ച്ചു: “കർത്താവേ, നീ അയച്ച ദൈവ​പു​രു​ഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാ​നി​രി​ക്കുന്ന ബാലന്റെ കാര്യ​ത്തിൽ ഞങ്ങൾക്കു ഉപദേ​ശി​ച്ചു​ത​രു​മാ​റാ​കട്ടെ.” (ന്യായാ​ധി​പ​ന്മാർ 13:8, 9) ഇന്നത്തെ മാതാ​പി​താ​ക്കളെ പോലെ മനോ​ഹ​യ്‌ക്ക്‌ എന്തു സഹായ​മാ​യി​രു​ന്നു വേണ്ടി​യി​രു​ന്നത്‌? നമുക്കു നോക്കാം.

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കേപ്‌ടൗൺ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ഒരു അധ്യാ​പ​ക​നായ ബ്രെന്റ്‌ ബർഗോൺ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “ഒരു കുട്ടിക്കു നൽകാ​വുന്ന ഏറ്റവും വിലപ്പെട്ട സമ്മാന​ങ്ങ​ളി​ലൊന്ന്‌ അവനെ അല്ലെങ്കിൽ അവളെ മൂല്യ​സം​ഹിത പഠിപ്പി​ച്ചു​കൊ​ടു​ക്കുക എന്നതാണ്‌.” തത്ത്വങ്ങ​ളും നിലവാ​ര​ങ്ങ​ളും ഒക്കെ അടങ്ങുന്ന മൂല്യ​സം​ഹിത കുട്ടി​കളെ പഠിപ്പി​ച്ചു​കൊ​ടു​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌ എന്ന്‌ ജപ്പാന്റെ ഡെയ്‌ലി യോമി​യൂ​രി​യിൽ വന്ന പിൻവ​രുന്ന റിപ്പോർട്ട്‌ തെളി​യി​ക്കു​ന്നു: “നുണ പറയരു​തെന്ന്‌ അച്ഛന്മാർ ഒരിക്കൽ പോലും തങ്ങളോ​ടു പറഞ്ഞി​ട്ടി​ല്ലെന്ന്‌ ജപ്പാനി​ലെ 71 ശതമാനം കുട്ടി​ക​ളും പറഞ്ഞതാ​യി [ഒരു] സർവേ കാണി​ക്കു​ന്നു.” ഇത്‌ വളരെ പരിതാ​പ​ക​ര​മായ ഒരു അവസ്ഥയല്ലേ?

എന്നാൽ ആശ്രയ​യോ​ഗ്യ​മായ ഒരു മൂല്യ​സം​ഹിത പ്രദാനം ചെയ്യാൻ ആർക്കു കഴിയും? മനോ​ഹ​യ്‌ക്കു സഹായം നൽകിയ അതേ ഉറവിനു തന്നേ—അതേ, ദൈവ​ത്തിന്‌! സഹായം പ്രദാനം ചെയ്യാൻ ദൈവം തന്റെ പ്രിയ​പു​ത്ര​നായ യേശു​വി​നെ അധ്യാ​പ​ക​നാ​യി അയയ്‌ക്കു​ക​യു​ണ്ടാ​യി. അവൻ അധ്യാ​പകൻ അഥവാ ഗുരു എന്നാണ്‌ പൊതു​വേ അറിയ​പ്പെ​ട്ടി​രു​ന്ന​തും. ഇന്ന്‌ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒരു സഹായി പല ഭാഷക​ളിൽ ലഭ്യമാണ്‌. യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ അടർത്തി​യെ​ടുത്ത പാഠങ്ങൾ ഉൾക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള, മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​മാണ്‌ അത്‌.

മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌ത​ക​ത്തിൽ ദൈവ​വ​ച​ന​ത്തിൽ അധിഷ്‌ഠി​ത​മായ മൂല്യങ്ങൾ പ്രതി​പാ​ദി​ക്കുക മാത്രമല്ല പാഠങ്ങ​ളോ​ടൊ​പ്പം കുറി​ക്കു​കൊ​ള്ളുന്ന ചോദ്യ​ങ്ങൾ അനുബ​ന്ധ​മാ​യി കൊടു​ത്തി​രി​ക്കുന്ന 160-ലധികം വിശദീ​കരണ ചിത്ര​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ‘നാം നുണ പറയരു​താ​ത്ത​തി​ന്റെ കാരണം’ എന്ന 22-ാം അധ്യാ​യ​ത്തിൽ ഈ മാസി​ക​യു​ടെ 32-ാം പേജിൽ കാണി​ച്ചി​രി​ക്കുന്ന ചിത്രം ഉണ്ട്‌. ഈ ചിത്രം കൊടു​ത്തി​രി​ക്കുന്ന പേജിലെ പാഠഭാ​ഗം ഇപ്രകാ​രം പറയുന്നു: “ഒരു കുട്ടി തന്റെ പിതാ​വി​നോട്‌, ‘ഇല്ല, ഞാൻ വീടി​നു​ള്ളി​ലേക്കു പന്തടി​ച്ചില്ല’ എന്നു പറയുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലോ? പന്തടി​ച്ചില്ല എന്നു പറയു​ന്നത്‌ തെറ്റാ​യി​രി​ക്കി​ല്ലേ?”

‘അനുസ​രണം നിങ്ങളെ സംരക്ഷി​ക്കു​ന്നു,’ ‘നാം പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കേ​ണ്ട​തുണ്ട്‌,’ ‘ദയയു​ള്ളവർ ആയിരി​ക്കേ​ണ്ട​തി​നെ കുറിച്ച്‌ ഒരു പാഠം,’ ‘ഒരിക്ക​ലും ഒരു കള്ളൻ ആകരുത്‌!’ ‘എല്ലാ ആഘോ​ഷ​വേ​ള​ക​ളും ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്നു​ണ്ടോ?,’ ‘ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​വുന്ന വിധം,’ ‘നാം ജോലി ചെയ്യേ​ണ്ട​തി​ന്റെ കാരണം’ തുടങ്ങി​യവ ഈ പുസ്‌ത​ക​ത്തി​ലെ സദുപ​ദേ​ശങ്ങൾ ഉൾക്കൊ​ള്ളുന്ന അധ്യാ​യ​ങ്ങ​ളിൽ ചിലതാണ്‌. മൊത്തം 48 അധ്യാ​യ​ങ്ങ​ളാണ്‌ ഈ പുസ്‌ത​ക​ത്തിൽ ഉള്ളത്‌.

ഈ പുസ്‌ത​ക​ത്തി​ന്റെ ആമുഖം ഇപ്രകാ​രം ഉപസം​ഹ​രി​ക്കു​ന്നു: ‘കുട്ടി​കളെ സകല ജ്ഞാനത്തി​ന്റെ​യും ഉറവി​ട​മായ, നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യാം ദൈവ​ത്തി​ലേക്കു നയി​ക്കേ​ണ്ടത്‌ വിശേ​ഷാൽ അനിവാ​ര്യ​മാണ്‌. മഹാനായ അധ്യാ​പ​ക​നാ​യി​രുന്ന യേശു എല്ലായ്‌പോ​ഴും അതാണു ചെയ്‌തത്‌. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യും അങ്ങനെ നിത്യ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രി​ക​യും ചെയ്യു​മാറ്‌, ജീവി​തത്തെ രൂപ​പ്പെ​ടു​ത്താൻ നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബ​ത്തെ​യും ഈ പുസ്‌തകം സഹായി​ക്കു​മെന്ന്‌ ഞങ്ങൾ ആത്മാർഥ​മാ​യി പ്രത്യാ​ശി​ക്കു​ന്നു.’ a

അതേ, ഒരു നല്ല പിതാവ്‌ ആയിരി​ക്കു​ന്ന​തിൽ കുട്ടി​കൾക്കാ​യി നിങ്ങൾ ഒരു ഉത്തമ ദൃഷ്ടാന്തം വെക്കു​ന്ന​തും അവരോ​ടൊ​പ്പം ധാരാളം സമയം ചെലവി​ടു​ന്ന​തും ദൈവം തന്റെ വചനത്തി​ലൂ​ടെ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (g04 8/22)

[അടിക്കു​റിപ്പ്‌]

a എന്റെ ബൈബിൾ കഥാ പുസ്‌തകം, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്നിവ കുടും​ബ​ങ്ങളെ സഹായി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച മറ്റുചില പുസ്‌ത​ക​ങ്ങ​ളാണ്‌.

[8-ാം പേജിലെ ചിത്രം]

തടവറയിൽ ആയിരു​ന്നി​ട്ടും വിക്ടർ ഗുട്ട്‌ഷ്‌മി​റ്റിന്‌ ഒരു നല്ല പിതാ​വാ​യി​രി​ക്കാൻ കഴിഞ്ഞു

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

തന്റെ വിശ്വാ​സ​ത്തെ​പ്രതി തടവി​ലാ​ക്ക​പ്പെ​ട്ട​പ്പോൾ, തന്റെ കുട്ടി​കളെ പഠിപ്പി​ക്കാ​നാ​യി വിക്ടർ വരച്ച ചിത്ര​ങ്ങ​ളാണ്‌ ഇവ

[9-ാം പേജിലെ ചിത്രം]

വിക്ടറിന്റെ പുത്രി​മാർ 1965-ൽ

[10-ാം പേജിലെ ചിത്രം]

കുട്ടികളെ പഠിപ്പി​ക്കു​ന്ന​തിൽ പിതാ​ക്ക​ന്മാർ ശുഷ്‌കാ​ന്തി​യോ​ടെ ഉൾപ്പെ​ട​ണം