ദൈവം യഥാർഥത്തിൽ കുട്ടികളെ കുറിച്ച് കരുതലുള്ളവനാണോ?
ബൈബിളിന്റെ വീക്ഷണം
ദൈവം യഥാർഥത്തിൽ കുട്ടികളെ കുറിച്ച് കരുതലുള്ളവനാണോ?
ഓരോ വർഷവും ദശലക്ഷക്കണക്കിനു കുട്ടികൾ ചൂഷണത്തിനും മൃഗീയമായ ആക്രമണങ്ങൾക്കും ദുഷ്പെരുമാറ്റത്തിനും ഇരയാകുന്നു. അനേകരും അപകടം നിറഞ്ഞ ചുറ്റുപാടുകളിൽ അടിമകളെ പോലെ പണിയെടുക്കുന്നു. മറ്റു ചിലരെ തട്ടിക്കൊണ്ടുപോയി യോദ്ധാക്കളോ ബാലവേശ്യകളോ ആക്കിത്തീർക്കുന്നു. കൂടാതെ, അടുത്ത ബന്ധുക്കളിൽനിന്നുള്ള ലൈംഗിക പീഡനങ്ങളും ഹീനമായ മറ്റു ചെയ്തികളും അനേകം കുട്ടികളുടെ ജീവിതത്തിൽ കനൽ കോരിയിട്ടിട്ടുണ്ട്.
കുട്ടികളുടെ ഈ ദുരവസ്ഥ, ആത്മാർഥതയും കരുതലും ഉള്ള വ്യക്തികളെ അസ്വസ്ഥരാക്കുന്നതിൽ അതിശയിക്കാനില്ല. ഇത്തരം ദുഷ്പെരുമാറ്റത്തിന്റെ പ്രധാന കാരണം അത്യാഗ്രഹവും സാന്മാർഗിക അധഃപതനവുമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സ്നേഹവാനായ ഒരു ദൈവം ഇത്തരം അനീതി അനുവദിക്കുന്നത് എന്തുകൊണ്ടെന്നു ചിലർ പിന്നെയും ആശ്ചര്യപ്പെടുന്നു. ദൈവം ഈ കുട്ടികളെ കൈവിട്ടിരിക്കുകയാണെന്നും അവരെ കുറിച്ച് അവൻ ചിന്തിക്കുന്നില്ലെന്നും അവർക്കു തോന്നിയേക്കാം. അതു സത്യമാണോ? കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു എന്ന ദുഃഖസത്യം ദൈവത്തിന് അവരെ കുറിച്ചു കരുതലില്ല എന്ന് അർഥമാക്കുന്നുണ്ടോ? ബൈബിൾ എന്താണു പറയുന്നത്?
അതിക്രമികളെ ദൈവം കുറ്റം വിധിക്കുന്നു
കുട്ടികൾ നികൃഷ്ടരായ മുതിർന്നവരാൽ ചൂഷണം ചെയ്യപ്പെടണമെന്നു യഹോവയാം ദൈവം ഒരിക്കലും ഉദ്ദേശിച്ചില്ല. മനുഷ്യജാതി ഏദെൻ തോട്ടത്തിൽ ദൈവത്തോടു ഉല്പത്തി 3:11-13, 16; സഭാപ്രസംഗി 8:9.
മത്സരിച്ചതിന്റെ അതിദാരുണമായ പരിണതഫലങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേർക്കുള്ള ഇത്തരം അതിക്രമം. ദൈവത്തിന്റെ പരമാധികാരം അപ്രകാരം തള്ളിക്കളഞ്ഞതായിരുന്നു മനുഷ്യർ സഹമനുഷ്യരാൽ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നതിനു വഴിവെച്ചത്.—ബലഹീനരെയും നിസ്സഹായരെയും മുതലെടുക്കുന്നവരെ ദൈവം കുറ്റം വിധിക്കുന്നു. യഹോവയെ സേവിക്കാതിരുന്ന പ്രാചീന ജനതകളിൽ പലതും ശിശുബലി നടത്തിയിരുന്നെങ്കിലും ‘അത് താൻ കല്പിച്ചതോ തന്റെ മനസ്സിൽ തോന്നിയതോ അല്ല’ എന്ന് അവൻ പറഞ്ഞു. (യിരെമ്യാവു 7:31) ദൈവം തന്റെ പുരാതന ജനത്തിന് ഈ മുന്നറിയിപ്പു നൽകി: “അവരെ [അനാഥക്കുട്ടികളെ] വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും”—പുറപ്പാടു 22:22-24.
യഹോവ കുട്ടികളെ സ്നേഹിക്കുന്നു
മാനുഷ മാതാപിതാക്കൾക്കു ദൈവം നൽകുന്ന ജ്ഞാനപൂർവകമായ നിർദേശങ്ങളിൽ കുട്ടികളോടുള്ള അവന്റെ കരുതൽ പ്രകടമാണ്. ഭദ്രതയുള്ള ഒരു കുടുംബത്തിൽ വളർന്നുവരുന്ന കുട്ടികൾ മുതിർന്നുകഴിയുമ്പോൾ പക്വതയും പ്രാപ്തിയും ഉള്ളവരായിത്തീരുന്നതിന് കൂടുതൽ സാധ്യതയുണ്ട്. അതുകൊണ്ട് അവൻ വിവാഹം എന്ന ഒരു ആജീവനാന്ത ക്രമീകരണം ഏർപ്പെടുത്തി, അതനുസരിച്ച് ‘പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പററിച്ചേരുകയും അവർ ഏകദേഹമായി തീരു’കയും ചെയ്യുമായിരുന്നു. (ഉല്പത്തി 2:24) ബൈബിൾപ്രകാരം, വിവാഹത്തിനുള്ളിൽ മാത്രമാണ് ലൈംഗികബന്ധത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത്. ജനിക്കുന്ന കുട്ടികൾ സുസ്ഥിരമായ സാഹചര്യങ്ങളിൽ സംരക്ഷിക്കപ്പെടുമെന്ന് ഈ ക്രമീകരണം ഉറപ്പുവരുത്തുന്നു.—എബ്രായർ 13:4.
മാതാപിതാക്കൾ നൽകേണ്ട പരിശീലനത്തിന്റെ പ്രാധാന്യവും തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നു. “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ” എന്ന് അതു പറയുന്നു. (സങ്കീർത്തനം 127:3, 4) ദൈവം നൽകുന്ന ഒരു വിലയേറിയ സമ്മാനമാണ് മക്കൾ, അവർ നന്നായി വരാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അസ്ത്രങ്ങൾ എയ്യുമ്പോൾ ഒരു വില്ലാളി ശ്രദ്ധാപൂർവം ഉന്നം പിടിക്കുന്നതു പോലെ, തങ്ങളുടെ മക്കൾക്കു ജീവിതത്തിൽ ശരിയായ മാർഗനിർദേശം നൽകാൻ ദൈവം മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്നു. “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ” എന്ന് ദൈവവചനം പ്രബോധിപ്പിക്കുന്നു—എഫെസ്യർ 6:4.
വിനാശകാരികളിൽനിന്നു തങ്ങളുടെ മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കളെ പഠിപ്പിച്ചുകൊണ്ടും യഹോവ കുട്ടികളോടുള്ള സ്നേഹം പ്രകടമാക്കുന്നു. പുരാതന ഇസ്രായേലിന്റെ നാളിൽ, ഉചിതവും അനുചിതവുമായ ലൈംഗിക നടത്തയെ സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെട്ടിരുന്ന ന്യായപ്രമാണത്തിനു ശ്രദ്ധ കൊടുക്കാൻ ‘കുട്ടികളോടു’ പോലും കൽപ്പിക്കപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 31:12; ലേവ്യപുസ്തകം 18:6-24) തങ്ങളുടെ മക്കളെ ചൂഷണം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയിൽനിന്നും അവരെ സംരക്ഷിക്കുന്നതിനു മാതാപിതാക്കൾ പരമാവധി പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
കുട്ടികൾക്കു പ്രത്യാശ
തന്റെ പിതാവിന്റെ വ്യക്തിത്വത്തെ പരിപൂർണമായി പ്രതിഫലിപ്പിക്കുന്ന യേശുക്രിസ്തു കുട്ടികളോടുള്ള യഹോവയുടെ നിലയ്ക്കാത്ത സ്നേഹത്തെ മനോഹരമായി പ്രകടിപ്പിച്ചു. (യോഹന്നാൻ 5:19) ഒരിക്കൽ, ഏതാനും പേർ തങ്ങളുടെ കുഞ്ഞുങ്ങളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിന്റെ അപ്പൊസ്തലന്മാർ അവന് അതൊരു ബുദ്ധിമുട്ടായിരിക്കുമെന്നു തെറ്റായി വിചാരിച്ചുകൊണ്ട് ആ മാതാപിതാക്കളെ തടയാൻ ശ്രമിച്ചു. എന്നാൽ യേശു അപ്പൊസ്തലന്മാരെ ശാസിക്കുകയാണുണ്ടായത്. “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ” എന്നു പറഞ്ഞശേഷം “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ് 10:13-16) അതേ, യഹോവയാം ദൈവത്തിന്റെയോ അവന്റെ പുത്രന്റെയോ വീക്ഷണത്തിൽ കുട്ടികൾ പ്രാധാന്യം കുറഞ്ഞവരല്ല.
യഥാർഥത്തിൽ, ദുഷ്പെരുമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കുട്ടികളെ വിടുവിക്കാൻ തന്റെ നിയമിത രാജാവായ യേശുക്രിസ്തുവിലൂടെ ദൈവം ഉടൻ പ്രവർത്തിക്കും. ഈ ലോകത്തിലെ ആർത്തിപൂണ്ട ചൂഷകരും കാപാലികരും എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും. (സങ്കീർത്തനം 37:10, 11) യഹോവയിൽ ആശ്രയിക്കുന്ന സൗമ്യരെ കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.
അതിനുമുമ്പായി, ദുഷ്പെരുമാറ്റത്തിനും അതിക്രമത്തിനും വിധേയരാകുന്ന സകലർക്കും ആത്മീയവും വൈകാരികവുമായ സഹായം നൽകിക്കൊണ്ട് ദൈവം ഇപ്പോൾത്തന്നെ തന്റെ സ്നേഹം കാണിക്കുന്നു. “കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും” എന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (യെഹെസ്കേൽ 34:16) ചവിട്ടിമെതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളെ യഹോവ, തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും ക്രിസ്തീയ സഭയിലൂടെയും ആശ്വസിപ്പിക്കുന്നു. ഇപ്പോഴും ഭാവിയിലും, ‘മനസ്സലിവുള്ള പിതാവായ സർവ്വാശ്വാസവും നല്കുന്ന ദൈവം നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്നു’ എന്നറിയുന്നത് എത്ര സന്തോഷപ്രദമാണ്!—2 കൊരിന്ത്യർ 1:3, 4. (g04 8/8)
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Mikkel Ostergaard /Panos Pictures