ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കുഞ്ഞുങ്ങൾക്കും തിരുമ്മുചികിത്സ
കൊച്ചുകുട്ടികൾക്കു തിരുമ്മുചികിത്സ നൽകുന്ന ആരോഗ്യസ്നാന കേന്ദ്രങ്ങൾ ജർമനിയിലും മറ്റിടങ്ങളിലും കൂണുപോലെ മുളയ്ക്കുകയാണെന്ന് ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന സോന്റാഗ്സ്റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ഇവിടെ നാലു വയസ്സുള്ള കുട്ടികളെ പോലും ഇളം ചൂടുള്ള കുഴമ്പു തേച്ചു തിരുമ്മുന്നു. ബാഹു-നഖ പരിചരണം പോലുള്ള മറ്റുതരം ശുശ്രൂഷകൾക്കും ഈ കേന്ദ്രങ്ങളിൽ യാതൊരു പഞ്ഞവുമില്ല. കുട്ടികളെ ബലിഷ്ഠരാക്കുന്നതിലുപരി പണമുണ്ടാക്കലാണ് ഇതിന്റെയെല്ലാം പിന്നിലെന്നു ചില വിദഗ്ധർ വിശ്വസിക്കുന്നു. ലാഭം കൊയ്യാനായി “കുട്ടികളെ മുതിർന്നവരുടെ ലോകത്തേക്കു തള്ളിവിടുകയാണ്” എന്ന് പുത്തൻ പ്രവണതകളെ അവലോകനം ചെയ്യുന്ന, ഹാംബർഗിലെ ഓഫീസിന്റെ ഡയറക്ടറായ പീറ്റർ വിപ്പമാൻ പറയുന്നു. മെയിൻസ് യൂണിവേഴ്സിറ്റിയിലെ ശിശുരോഗ കേന്ദ്രത്തിന്റെ തലവനായ ഡോ. ക്രിസ്റ്റോഫ് കാംപ്മാൻ പറയുന്നതനുസരിച്ച് “ഇതു കുട്ടികളെ, തങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നവരും മേലാളത്ത മനോഭാവമുള്ള സ്വതന്ത്രഗതിക്കാരും ആക്കിത്തീർക്കും” എന്നതാണ് ഒരു പ്രശ്നം. സാധാരണമായ ബാല്യകാല അസ്വാസ്ഥ്യങ്ങൾക്ക് തിരുമ്മുചികിത്സ തേടുന്നതിനു പകരം, “കുട്ടികൾ ഓടിക്കളിക്കുകയും മരത്തിൽ കയറുകയും ഒക്കെയാണു വേണ്ടത്. ഇതു നിശ്ചയമായും ശരീരനിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തടയുകയും വിശപ്പുണ്ടാക്കുകയും സുഖനിദ്ര സമ്മാനിക്കുകയും ചെയ്യും,” റിപ്പോർട്ടു ചൂണ്ടിക്കാട്ടി. (g04 8/8)
കൂടുതൽ ഉപഗ്രഹങ്ങൾ കണ്ടെത്തപ്പെടുന്നു
പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളുടെ ഫലമായി നമ്മുടെ സൗരയൂഥത്തിൽ ഉള്ളതായി അറിയപ്പെട്ടിരുന്ന ഉപഗ്രഹങ്ങളുടെ എണ്ണം വെറും ആറു വർഷത്തിനുള്ളിൽ ഇരട്ടിച്ചിരിക്കുന്നു എന്ന് മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയുടെ ശാസ്ത്ര മാസികയായ കോമോ വേസ് പറയുന്നു. 2003-ന്റെ അവസാനത്തോടെ, 136 ഉപഗ്രഹങ്ങൾ നമ്മുടെ ഗ്രഹങ്ങളിൽ ഏഴെണ്ണത്തെ ചുറ്റുന്നതായി അറിയപ്പെട്ടിരുന്നു, ബുധനും ശുക്രനും മാത്രം ഉപഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയും കൂടുതൽ ഉപഗ്രഹങ്ങളെ കണ്ടുപിടിക്കാനാകുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളതായി അറിയപ്പെടുന്നത് വ്യാഴത്തിനാണ്, 61 എണ്ണം. ശനിക്ക് 31-ഉം യുറാനസിന് 27-ഉം നെപ്റ്റ്യൂണിന് 13-ഉം ചൊവ്വയ്ക്ക് 2-ഉം ഉപഗ്രഹങ്ങൾ വീതം ഉണ്ട്. പ്ളൂട്ടോക്കും ഭൂമിക്കുമാകട്ടെ ഓരോന്നു വീതവും. (g04 8/8)
തളർച്ച—ഹൃദയാഘാതത്തിന്റെ സൂചനയോ?
ഒരു പഠനമനുസരിച്ച്, “അസാധാരണമായ ക്ഷീണവും ഉറക്കമില്ലായ്മയും സ്ത്രീകളുടെ കാര്യത്തിൽ ഹൃദയാഘാതത്തിന്റെ നേരത്തേയുള്ള സൂചനകൾ ആയിരിക്കാം” എന്ന് ദ മിയാമി ഹെറാൾഡിന്റെ സാർവദേശീയ പതിപ്പ് റിപ്പോർട്ടു ചെയ്യുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ വെറും 30 ശതമാനമാണ് ആഘാതത്തിന്റെ കാലേകൂട്ടിയുള്ള ലക്ഷണം നെഞ്ചുവേദന ആയിരുന്നു എന്ന് റിപ്പോർട്ടു ചെയ്തത്. എന്നാൽ ഒരു മാസത്തിനും ഏറെ മുമ്പായി വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നതായി 71 ശതമാനം പറഞ്ഞു. “വിശദീകരിക്കാനാവാത്തതും അസാധാരണവുമാണ് ഈ തളർച്ച” എന്ന് അർക്കൻസാസ് വൈദ്യശാസ്ത്ര യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജീൻ മക്സ്വിനി പറയുന്നു. “ചിലരുടെ കാര്യത്തിൽ, വിരിപ്പുകൾ വിരിക്കുന്നതിനിടയിൽ അൽപ്പം വിശ്രമിക്കാതെ കിടക്ക തയ്യാറാക്കാൻ കഴിയാത്തവണ്ണം അത് അത്രയ്ക്കും തീവ്രമാണ്. . . . ഹൃദ്രോഗമാണ് സ്ത്രീകളുടെ ഒന്നാം നമ്പർ കൊലയാളി” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. “ലക്ഷണങ്ങൾ മുമ്പേകൂട്ടി സ്വയം തിരിച്ചറിയുന്നതിനു സ്ത്രീകളെ പഠിപ്പിക്കാൻ നമുക്കു കഴിഞ്ഞാൽ അവർക്ക് സമയത്തിനു ചികിത്സ നൽകാനും അങ്ങനെ ഹൃദയാഘാതത്തെ തടയാനും അല്ലെങ്കിൽ നീട്ടിവെക്കാനും നമുക്കു കഴിയും” എന്നും അവർ അഭിപ്രായപ്പെടുന്നു. (g04 8/8)
കൃത്യനിഷ്ഠ പഠിപ്പിക്കാനുള്ള ശ്രമം
ഇക്വഡോറിൽ ഒരു സമയനിഷ്ഠ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നു. ഇക്കോണമിസ്റ്റ് മാസിക പറയുന്നതനുസരിച്ച് കൃത്യനിഷ്ഠയില്ലായ്മ, മറ്റ് അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനു പുറമേ ഇക്വഡോറിനു പ്രതിവർഷം 74.2 കോടി ഡോളറിന്റെ—രാഷ്ട്രത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ 4.3 ശതമാനത്തിന്റെ—നഷ്ടമുണ്ടാക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. “പൊതുപരിപാടികളിൽ പകുതിയിലധികവും വൈകിയാണു തുടങ്ങുന്നത്,” റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു. കൃത്യനിഷ്ഠ പ്രചാരണ പരിപാടി കുറെയൊക്കെ നേട്ടം കൈവരിക്കുന്നുണ്ട്. “യോഗങ്ങളിൽ വൈകിയെത്തുന്നവർക്കു പ്രവേശനം നിഷേധിക്കുകയും പരിപാടികൾക്കു താമസിച്ചെത്തുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പേരുകൾ ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു” എന്ന് ദി ഇക്കോണമിസ്റ്റ് പറയുന്നു. (g04 8/22)