വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശ്വാനകുടുംബത്തിലെ ഇത്തിരിക്കുഞ്ഞൻ

ശ്വാനകുടുംബത്തിലെ ഇത്തിരിക്കുഞ്ഞൻ

ശ്വാന​കു​ടും​ബ​ത്തി​ലെ ഇത്തിരി​ക്കു​ഞ്ഞൻ

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

നിങ്ങൾ ഒരു ചങ്ങാതി​യെ തേടു​ക​യാ​ണോ? സൗഹൃദ സ്വഭാ​വ​വും പ്രസരി​പ്പു​മുള്ള, നിങ്ങളു​ടെ മടിയി​ലെ ചൂടു​പറ്റി പതുങ്ങി​ക്കി​ട​ക്കാൻ ഇഷ്ടപ്പെ​ടുന്ന, നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ വന്ന്‌ അരികു​പറ്റി കിടക്കുന്ന ഒരു ചങ്ങാതി​യെ? അൽപ്പം ആഹാര​വും ഇത്തിരി സ്ഥലവും മാത്രം മതിയാ​കുന്ന, വ്യായാ​മ​ത്തിന്‌ എന്നും പുറത്തു കൊണ്ടു​പോ​കേ​ണ്ട​തി​ല്ലാത്ത ഒരു ചങ്ങാതി​യെ? എങ്കിൽ നിങ്ങൾക്ക്‌ ഒരു ഷിവാ​വയെ കിട്ടി​യാൽ ബഹുസ​ന്തോ​ഷ​മാ​യി​രി​ക്കും. ലോക​ത്തി​ലെ ഏറ്റവും ചെറിയ ശ്വാന​ജ​നു​സ്സാണ്‌ ഈ ഇത്തിരി​ക്കു​ഞ്ഞൻ. a

അപകടം മണക്കുന്ന ഉടനെ കുരച്ച്‌ യജമാ​നനു മുന്നറി​യി​പ്പു കൊടു​ക്കാൻ കഴിവുള്ള ഒന്നാന്തരം കാവൽനാ​യ്‌ക്ക​ളാണ്‌ ഷിവാ​വകൾ. ഇക്കൂട്ടർ നല്ല ധൈര്യ​ശാ​ലി​ക​ളു​മാണ്‌. നായ്‌ക്കു​ടും​ബ​ത്തി​ലെ വല്യേ​ട്ട​ന്മാ​രെ​യൊ​ന്നും ഇവർക്ക്‌ യാതൊ​രു പേടി​യു​മില്ല.

ഉരുണ്ട തലയും തിളങ്ങുന്ന വലിയ കണ്ണുക​ളും കൗതു​ക​വും കുസൃ​തി​യും നിഴലി​ക്കുന്ന പ്രസന്ന​ഭാ​വ​വും ഇവരുടെ സവി​ശേ​ഷ​ത​ക​ളാണ്‌. വിശ്ര​മി​ക്കു​മ്പോൾ, എഴുന്നു നിൽക്കുന്ന ചെവികൾ രണ്ടുവ​ശ​ത്തേ​ക്കും അനങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നതു കാണാം. നീളം കുറഞ്ഞു പഞ്ഞി​പോ​ലെ മാർദ​വ​മാ​യ​തോ നീണ്ട്‌ പട്ടു​പോ​ലെ മിനു​ത്ത​തോ ആയ രോമ​ക്കു​പ്പാ​യ​മാണ്‌ ഇവരു​ടേത്‌. നിറമോ? ചുവപ്പ്‌, സ്വർണ​നി​റം, നീല, ചോക്ക​ലേറ്റ്‌ നിറം എന്നിങ്ങനെ പല നിറത്തി​ലുള്ള ഷിവാ​വകൾ ഉണ്ട്‌. ഒറ്റനി​റ​മു​ള്ള​വ​യും രോമ​ക്കു​പ്പാ​യ​ത്തിൽ ചില ഡി​സൈ​നു​ക​ളോ വ്യത്യസ്‌ത നിറങ്ങ​ളി​ലുള്ള പാണ്ടോ പുള്ളി​യോ ഒക്കെ ഉള്ളവയും ധാരാളം. മിക്ക ഷിവാ​വ​ക്കു​ഞ്ഞു​ങ്ങൾക്കും ഒരു സവി​ശേ​ഷ​ത​യുണ്ട്‌. അവയുടെ നെറു​ക​യിൽ നവജാത മനുഷ്യ ശിശു​ക്കൾക്കു​ള്ളതു പോലെ ലോല​മായ ഒരു ഭാഗം ഉള്ളതായി കാണാം.

ഷിവാ​വ​യു​ടെ ഉത്ഭവം

ഷിവാ​വകൾ ഒരു ഇനമായി ഉത്ഭവി​ച്ച​തി​നെ കുറിച്ച്‌ വ്യത്യസ്‌ത അഭി​പ്രാ​യങ്ങൾ നിലവി​ലു​ണ്ടെ​ങ്കി​ലും ടെചിചി എന്ന ഒരിനം ചെറിയ നായ്‌ക്ക​ളു​ടെ പിൻഗാ​മി​ക​ളാണ്‌ ഇവ എന്നു തോന്നു​ന്നു. മെക്‌സി​ക്കോ​യിൽ പൊതു​യു​ഗം ഒമ്പതാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ടോൽടെക്‌ ജനത ഈ ഇനം നായ്‌ക്കളെ വളർത്തി​യി​രു​ന്നു. ഈ ഉത്ഭവം സംബന്ധിച്ച തെളിവ്‌ ചോലൂ​ലാ പട്ടണത്തി​ലെ പിരമി​ഡു​ക​ളിൽനിന്ന്‌ എടുത്ത കല്ലുകൾ ഉപയോ​ഗിച്ച്‌ ഫ്രാൻസി​സ്‌കൻ സന്ന്യാ​സി​മാർ വെഹോ​ട്‌സിം​ഗോ​യിൽ പണിക​ഴി​പ്പിച്ച ഒരു ആശ്രമ​ത്തിൽ കാണാ​വു​ന്ന​താണ്‌. കല്ലുക​ളി​ലെ പുരാതന കൊത്തു​പ​ണി​ക​ളിൽ ഇന്നത്തെ ഷിവാ​വ​യോട്‌ അടുത്ത സാമ്യം പുലർത്തുന്ന നായ്‌ക്ക​ളു​ടെ രൂപങ്ങൾ കാണാം.

പിന്നീട്‌, ആസ്‌ടെ​ക്കു​കാർ ടോൽടെക്‌ ജനതയെ തോൽപ്പി​ച്ച​പ്പോൾ ഈ കൊച്ചു​നാ​യ്‌ക്കൾ, പ്രത്യേ​കിച്ച്‌ നീലനി​റ​മു​ള്ളവ, ആസ്‌ടെക്ക്‌ കുലീ​ന​വർഗ​ത്തി​ന്റെ ആരാധ​നാ​പാ​ത്ര​ങ്ങ​ളാ​യി മാറി. ഇവയ്‌ക്ക്‌ മരിച്ച​വ​രു​ടെ ആത്മാക്കളെ പാതാ​ള​ലോ​ക​ത്തി​ലൂ​ടെ​യുള്ള യാത്ര​യിൽ വഴിന​യി​ക്കാൻ കഴിയു​മെന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു. ആസ്‌ടെ​ക്കു​കാ​രു​ടെ ഒടുവി​ലത്തെ ചക്രവർത്തി​യാ​യി​രുന്ന മോൺടെ​സൂമ രണ്ടാമന്‌ ഷിവാ​വകൾ ഒരു ഹരമാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ ഇത്തരം നൂറു​ക​ണ​ക്കി​നു നായ്‌ക്ക​ളും ഓരോ​ന്നി​നും ഓരോ പരിചാ​ര​ക​രും ഉണ്ടായി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഐക്യ​നാ​ടു​കൾക്കും മെക്‌സി​ക്കോ​യ്‌ക്കും ഇടയി​ലുള്ള അതിർത്തി​പ്ര​ദേ​ശത്ത്‌ മനുഷ്യ​രു​ടെ കുഴി​മാ​ട​ങ്ങ​ളിൽനിന്ന്‌ ഷിവാ​വ​യു​ടെ അസ്ഥിപ​ഞ്‌ജ​രങ്ങൾ കണ്ടെടു​ത്തി​ട്ടുണ്ട്‌.

ഇനി, ഇവയുടെ ഉത്ഭവത്തെ കുറി​ച്ചുള്ള മറ്റൊരു അഭി​പ്രാ​യം അടുത്ത​കാ​ലത്ത്‌ അന്തരിച്ച ഒരു ചരി​ത്ര​കാ​രി​യും ഷിവാ​വയെ കുറിച്ച്‌ ആധികാ​രി​ക​മാ​യി പറയാൻ കഴിയുന്ന ഒരു ഗവേഷ​ക​യും ആയിരുന്ന തെൽമാ ഗ്രേയു​ടേ​താണ്‌. ആസ്‌ടെ​ക്കു​കാ​രു​ടെ നാടൻ നായ്‌ക്കളെ സ്‌പാ​നീഷ്‌ ജേതാക്കൾ അവി​ടേക്കു കൊണ്ടു​വന്ന ചെറിയ ഇനം ടെറിയർ നായ്‌ക്ക​ളു​മാ​യി സങ്കര​പ്ര​ജ​നനം നടത്തി​യാണ്‌ ഈ വർഗത്തെ ഉത്‌പാ​ദി​പ്പി​ച്ച​തെന്ന്‌ അവർ നിഗമനം ചെയ്‌തു. അങ്ങനെ, അന്നത്തേ​തി​ലും വലുപ്പം കുറഞ്ഞ ഇന്നുള്ള ഷിവാ​വ​യു​ടെ ഉത്ഭവത്തി​ന്റെ വേരു​തേ​ടി​യുള്ള അന്വേ​ഷ​ണ​ത്തിന്‌ ഒരു അടിസ്ഥാ​നം കിട്ടി. ഇനി ഇവയ്‌ക്ക്‌ എങ്ങനെ​യാണ്‌ ഈ പേരു​കി​ട്ടി​യത്‌ എന്നറി​യണ്ടേ? 1800-കളുടെ മധ്യത്തിൽ മെക്‌സി​ക്കോ​യി​ലെ​ത്തിയ അമേരി​ക്കൻ സഞ്ചാരി​കൾ ഷിവാവ സംസ്ഥാ​ന​ത്താണ്‌ ഈ ഇനത്തെ കണ്ടെത്തി​യത്‌. ഇവയിൽ ചിലതി​നെ അവർ ഐക്യ​നാ​ടു​ക​ളി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തു. ഏതാണ്ട്‌ അതേ സമയത്തു​തന്നെ, മെക്‌സി​ക്കോ​യി​ലെ ചക്രവർത്തി മാക്‌സി​മി​ലി​യന്റെ ഭാര്യ കാർലോ​ട്ടാ ഈ ഇനത്തെ യൂറോ​പ്പി​ലേക്കു കൊണ്ടു​പോ​യി. ഈ കൊച്ചു​കൂ​ട്ടു​കാ​രെ ലോകം അറിയാൻ ഇടയാ​യത്‌ അങ്ങനെ​യാണ്‌.

ഒരു ഷിവാ​വയെ വളർത്തി​യാ​ലോ?

ഇവ വീടി​നു​ള്ളിൽ വളർത്തു​ന്ന​തരം നായ്‌ക്ക​ളാണ്‌. ഫ്‌ളാ​റ്റു​ക​ളിൽ താമസി​ക്കു​ന്ന​വർക്കും പ്രായ​മാ​യ​വർക്കും അംഗ​വൈ​ക​ല്യം സംഭവി​ച്ച​വർക്കും വീടി​നു​ള്ളിൽത്തന്നെ കഴി​യേ​ണ്ടി​വ​രു​ന്ന​വർക്കു​മെ​ല്ലാം നല്ലൊരു കൂട്ടാ​യി​രി​ക്കും ഈ ചങ്ങാതി. മനുഷ്യ​ന്റെ സാമീ​പ്യ​വും ശ്രദ്ധയും കിട്ടി​യാൽ ഇവയ്‌ക്കു നല്ല പ്രസരി​പ്പാണ്‌. പക്ഷേ, ഇവയ്‌ക്ക്‌ വലുപ്പം തീരെ കുറവാ​യ​തി​നാൽ നല്ല ശ്രദ്ധ​വേണം കേട്ടോ. അല്ലാത്ത​പക്ഷം ഇവയ്‌ക്ക്‌ ഗുരു​ത​ര​മാ​യി പരി​ക്കേൽക്കാ​നോ ഇവ ചത്തു​പോ​കാ​നോ ഉള്ള സാധ്യത ഏറെയാണ്‌, കാരണം കണ്ണിൽപ്പെ​ടാ​നുള്ള വലുപ്പ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ നാം അറിയാ​തെ അതിനെ ചവിട്ടു​ക​യോ അതി​ന്റെ​മേൽ ഇരിക്കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. വാത്സല്യം കൂടു​മ്പോൾ പിടിച്ച്‌ അമുക്കു​ക​യോ ഞെക്കു​ക​യോ ചെയ്യു​ന്ന​തും സൂക്ഷി​ച്ചു​വേണം. കട്ടിലോ സോഫ​യോ പോലെ ഉയർന്ന സ്ഥലങ്ങളിൽ ഇവരെ തനിയെ നിറു​ത്തി​യി​ട്ടു പോക​രുത്‌. ഉയരത്തെ കുറിച്ച്‌ യാതൊ​രു പിടി​പാ​ടു​മി​ല്ലാ​ത്ത​തി​നാൽ മുകളിൽനിന്ന്‌ അറിയാ​തെ എടുത്തു​ചാ​ടി ഈ പാവത്താ​ന്മാ​രു​ടെ എല്ലൊ​ടി​യാ​നും ഇടയുണ്ട്‌. ഇക്കാര​ണ​ങ്ങ​ളാൽ ഷിവാ​വയെ കൊച്ചു​കു​ട്ടി​ക​ളു​ടെ കളി​ത്തോ​ഴ​രാ​യി നൽകാൻ ശുപാർശ ചെയ്യു​ന്നില്ല.

എന്നിരു​ന്നാ​ലും, ഇവ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കരുത്ത​രാണ്‌. ആയുസ്സ്‌ ഏറ്റവും അധിക​മുള്ള ഇനത്തിൽ പെട്ടവ​യാ​ണിവ. 13-മുതൽ 19-വരെ വർഷം ജീവി​ക്കും. ഊർജ​സ്വ​ല​ത​യു​ടെ നിറകു​ട​മാ​ണിത്‌. എപ്പോ​ഴും കളിപ്പാ​ട്ടങ്ങൾ തട്ടിക്ക​ളി​ച്ചു നടക്കുന്ന ഈ കൊച്ചു​ച​ങ്ങാ​തിക്ക്‌ അതു​കൊ​ണ്ടു​തന്നെ പ്രത്യേ​കം വ്യായാ​മം വേണ്ടെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. എന്നിരു​ന്നാ​ലും ഷിവാ​വ​യ്‌ക്ക്‌ ഹൈ​പ്പോ​ഗ്ലൈ​സീ​മിയ (രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവു സാധാ​ര​ണ​യി​ലും കുറഞ്ഞു​പോ​കുന്ന അവസ്ഥ) പിടി​പെ​ടാൻ സാധ്യ​ത​യുണ്ട്‌. കാരണം വലിയ ഇനങ്ങളെ അപേക്ഷിച്ച്‌, സദാ ഓടി​ച്ചാ​ടി നടക്കുന്ന ഇവയുടെ ശരീരം കലോറി വേഗത്തിൽ കത്തിച്ചു​ക​ള​യു​ന്നു. മാത്രമല്ല ഇവയുടെ ദഹനവ്യ​വസ്ഥ തീരെ ചെറു​തു​മാണ്‌. അതിനാൽ ഇഷ്ടന്‌ വിശപ്പ​ക​റ്റാൻ ഇടയ്‌ക്കി​ടെ എന്തെങ്കി​ലും കിട്ടി​ക്കൊ​ണ്ടി​രി​ക്കണം, പോരാഞ്ഞ്‌ നല്ല വിശ്ര​മ​വും വേണം. വിറയൽ ഈ ഇനത്തിന്റെ ഒരു പ്രത്യേ​ക​ത​യാണ്‌. തണുപ്പത്തു മാത്രമല്ല, പരി​ഭ്ര​മ​വും സങ്കടവും അതൃപ്‌തി​യും പേടി​യും ഉണ്ടാകു​മ്പോ​ഴും ഇവർക്കു വിറയൽ വരും.

ഷിവാവ വിശ്വ​സ്‌ത​നാണ്‌, ഇവയെ അനായാ​സം പരിശീ​ലി​പ്പി​ക്കാ​നു​മാ​കും. യജമാ​നരെ സന്തോ​ഷി​പ്പി​ക്കാൻ ഇവയ്‌ക്ക്‌ വലിയ ഉത്സാഹ​മാണ്‌. എ ന്യൂ ഓണേ​ഴ്‌സ്‌ ഗൈഡ്‌ റ്റു ഷിവാവ എന്ന പുസ്‌തകം പറയു​ന്നത്‌ അനുസ​രിച്ച്‌, “ഒരു ഷിവാ​വ​യ്‌ക്ക്‌ ആവശ്യ​മാ​യ​തൊ​ക്കെ നൽകാൻ നിങ്ങൾ സന്നദ്ധനാ​ണെ​ങ്കിൽ അവയെ​പ്പോ​ലെ നാനാ​തരം സവി​ശേ​ഷ​ത​ക​ളു​ള്ള​തും ശാന്തശീ​ല​രും ഇണക്കമു​ള്ള​തു​മായ അധികം ഇനങ്ങൾ വേറെ ഇല്ലെന്നു നിങ്ങൾ കണ്ടെത്തും.” അതേ, ഷിവാ​വകൾ അനേക​രു​ടെ​യും മനസ്സി​നി​ണ​ങ്ങുന്ന കൊച്ചു​ച​ങ്ങാ​തി​മാ​രാ​യി മാറി​യി​രി​ക്കു​ന്നു. (g04 8/22)

[അടിക്കു​റിപ്പ്‌]

a വീടുകളിൽ ഓമന​മൃ​ഗ​ങ്ങ​ളാ​യി വളർത്തുന്ന തീരെ ചെറിയ നായ്‌ക്ക​ളി​ലെ (toy breed) “സ്വാഭാവിക” ഇനം ഷിവാ​വകൾ മാത്ര​മാണ്‌. അതായത്‌, മറ്റിന​ങ്ങ​ളെ​യെ​ല്ലാം ഒരേ ഇനത്തിൽപ്പെട്ട വലുപ്പ​മുള്ള നായ്‌ക്ക​ളിൽ നിർധാ​രണ പ്രജനനം നടത്തി ഉത്‌പാ​ദി​പ്പി​ച്ചെ​ടു​ക്കു​ന്ന​താണ്‌.

[15-ാം പേജിലെ ചിത്രം]

ഒരു പൂച്ചക്കു​ട്ടി​യും ഒരു ഷിവാവ നായ്‌ക്കു​ട്ടി​യും

[കടപ്പാട്‌]

© Tim Davis/CORBIS

[15-ാം പേജിലെ ചിത്രം]

വളർച്ചയെത്തിയ ഷിവാവ