എന്താണ് വെള്ളപ്പാണ്ട്?
എന്താണ് വെള്ളപ്പാണ്ട്?
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
◼ സിബോങ്കിലി ചിലപ്പോഴൊക്കെ തമാശയായി പറയാറുണ്ട്: “ഞാൻ കറുത്തവളായിട്ടാണു ജനിച്ചത്. പക്ഷേ പിന്നെ ഞാൻ വെള്ളക്കാരിയായി. ഇപ്പോൾ എനിക്കൊരു സംശയം ഞാൻ ഏതു വർഗക്കാരിയാണെന്ന്.” വെള്ളപ്പാണ്ടാണ് അവളുടെ പ്രശ്നം.
ത്വക്കിനു നിറം നൽകുന്ന കോശങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ടാണ് വെള്ളപ്പാണ്ട് അഥവാ ല്യൂകൊഡെർമ ഉണ്ടാകുന്നത്. തത്ഫലമായി, ശരീരത്തിൽ വെള്ളപ്പുള്ളികളും പാടുകളും രൂപംകൊള്ളുന്നു. ചിലരിൽ ഒരു പുള്ളിയോ പാണ്ടോ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ അത് ഒരിക്കലും പടരുകയില്ല. എന്നാൽ മറ്റു ചിലരിൽ അത് പെട്ടെന്നുതന്നെ ശരീരമാസകലം വ്യാപിക്കുന്നു. എന്നാൽ വേറെ ചിലരിൽ സാവധാനം വ്യാപിക്കുന്ന ഒരു തരം വെള്ളപ്പാണ്ട് ഉണ്ടാകുന്നു. വളരെ വർഷങ്ങൾകൊണ്ടാണ് അതു ശരീരത്തിൽ പടർന്നുപിടിക്കുന്നത്. എന്നാൽ വെള്ളപ്പാണ്ട് വേദനയുണ്ടാക്കുന്നതോ പകരുന്നതോ അല്ല.
എല്ലാ വെള്ളപ്പാണ്ടുകളും അത്ര ദൃശ്യമാകണമെന്നില്ല. സിബോങ്കിലിയുടേതുപോലെ ഇരുണ്ട നിറക്കാരിലാണ് അതു പെട്ടെന്ന് എടുത്തുകാണിക്കുന്നത്. വ്യത്യസ്ത അളവിൽ ആണെങ്കിലും ഇതു ബാധിച്ചിരിക്കുന്ന നിരവധി ആളുകളുണ്ട്. ജനസംഖ്യയിൽ ഒരു ശതമാനത്തിനും രണ്ടു ശതമാനത്തിനും ഇടയ്ക്ക് ആളുകളെ ഇതു ബാധിച്ചിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. വർഗ-ലിംഗ വ്യത്യാസമില്ലാതെ എല്ലാത്തരം ആളുകളെയും വെള്ളപ്പാണ്ട് ബാധിക്കുന്നു. വെള്ളപ്പാണ്ടിന് ഇടയാക്കുന്ന കോശനഷ്ടം സംഭവിക്കുന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
ഇതിനെ പൂർണമായി ഭേദമാക്കുന്ന ചികിത്സാവിധികൾ ഒന്നും ഇല്ലെങ്കിലും ഇതു ബാധിച്ചവർക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, വെളുത്ത നിറമുള്ളവർ വെയിൽ കൊള്ളുമ്പോൾ ചർമത്തിന്റെ രോഗം ബാധിക്കാത്ത ഭാഗങ്ങൾ കൂടുതൽ ഇരുണ്ടുപോകും, അപ്പോൾ പാടുകൾ എടുത്തുകാണിക്കും. അതുകൊണ്ട്, ഇങ്ങനെയുള്ളവർ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, അപ്പോൾ പാടുകൾ അത്ര പെട്ടെന്നു ദൃശ്യമായിരിക്കുകയില്ല. ഇനി ഇരുണ്ട നിറമുള്ളവരുടെ കാര്യത്തിൽ ത്വക്കിലെ നിറവ്യത്യാസം ശ്രദ്ധിക്കപ്പെടാതിരിക്കാനായി ഉപയോഗിക്കാൻ കഴിയുന്ന ചില പ്രത്യേക സൗന്ദര്യവർധക വസ്തുക്കളുണ്ട്. ചില രോഗികളിൽ റീപിഗ്മെന്റേഷൻ എന്ന ഒരു പ്രക്രിയ ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. മരുന്നുകളും പ്രത്യേക അൾട്രാവയലറ്റ് ഉപകരണങ്ങളും ഉപയോഗിച്ചുള്ള അനേകമാസത്തെ ചികിത്സയാണ് ഇതിൽ ഉൾപ്പെടുന്നത്. ചിലരുടെ കാര്യത്തിൽ ഈ ചികിത്സയിലൂടെ, രോഗം ബാധിച്ച ത്വക്കിന് സാധാരണ നിറം കൈവരുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇനി മറ്റു ചില രോഗികൾ ഡീപിഗ്മെന്റേഷൻ ചെയ്യുന്നു. ശരീരത്തിൽ അവശേഷിക്കുന്ന, ത്വക്കിനു നിറം നൽകുന്ന കോശങ്ങളെ മരുന്നുകളുടെ സഹായത്തോടെ നശിപ്പിച്ച് ത്വക്കിന്റെ നിറം ഒരുപോലെയാക്കുകയാണ് ഈ ചികിത്സയുടെ ലക്ഷ്യം.
വെള്ളപ്പാണ്ട് ഒരുവനെ വൈകാരികമായി തളർത്തിക്കളഞ്ഞേക്കാം. പ്രത്യേകിച്ച് അത് മുഖത്തേക്കു പടർന്നിട്ടുണ്ടെങ്കിൽ. സിബോങ്കിലി ഇപ്രകാരം പറയുന്നു: “അടുത്തകാലത്ത്, രണ്ടു കുട്ടികൾ എന്നെ തുറിച്ചുനോക്കിയിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടോടി. മറ്റു ചിലർ എന്നോടു സംസാരിക്കാൻ വൈമനസ്യം കാണിക്കുന്നു. എനിക്ക് ഒരു സാംക്രമികരോഗം ഉണ്ടെന്നോ ഞാൻ ശപിക്കപ്പെട്ടവളാണെന്നോ ഒക്കെയാണ് അവരുടെ വിചാരം. എന്നാൽ ഈ രോഗമുള്ളവരെ പേടിക്കേണ്ടതില്ലെന്ന് ആളുകളോടു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. സ്പർശനത്തിലൂടെയോ വായുവിലൂടെയോ വെള്ളപ്പാണ്ട് പകരുകയില്ല.”
തനിക്കു പ്രിയങ്കരമായ ബൈബിൾ പഠിപ്പിക്കൽ വേല നിർവഹിക്കുന്നതിൽനിന്നു തന്നെ തടയാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായ സിബോങ്കിലി ഈ അവസ്ഥയെ അനുവദിക്കുന്നില്ല. ഈ വേലയിൽ വീടുതോറും പോയി ആളുകളോടു മുഖാമുഖം സംസാരിക്കുന്നത് ഉൾപ്പെടുന്നു. അവൾ പറയുന്നു: “എന്റെ ഈ അവസ്ഥ ഉൾക്കൊള്ളാൻ ഞാൻ പഠിച്ചു. എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ തൃപ്തിയടയുന്നു. ഞാൻ പിറന്നുവീണപ്പോൾ എനിക്കുണ്ടായിരുന്ന സ്വാഭാവിക നിറം യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ഭൂമിയിലെ പറുദീസയിൽ എനിക്കു പൂർണമായും തിരികെക്കിട്ടുന്ന സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.”—വെളിപ്പാടു 21:3-5. (g04 9/22)
[12-ാം പേജിലെ ചിത്രം]
1967-ൽ, വെള്ളപ്പാണ്ട് ബാധിക്കുന്നതിനു മുമ്പ്