ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പരിസ്ഥിതി “പരിസ്ഥിതിയെ രക്ഷിക്കാൻ നമുക്കാകുമോ?” എന്ന ലേഖന പരമ്പര എനിക്ക് വിശേഷാൽ ഇഷ്ടപ്പെട്ടു. (2003 ഡിസംബർ 8) യഹോവ മനോഹരമായ ഭൂമിയെ ശുദ്ധീകരിച്ച് അതിന്റെ ആദിമ അവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കുന്ന സമയത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മനുഷ്യർ നമ്മുടെ ഭവനത്തെ എത്രമാത്രം താറുമാറാക്കിയിരിക്കുന്നു എന്നു കാണുമ്പോൾ എനിക്കു സങ്കടം തോന്നുന്നു.
ഡി. എൽ., ബ്രിട്ടൻ (g04 9/8)
എനിക്ക് 15 വയസ്സുണ്ട്. ഉണരുക!യുടെ ചില ലക്കങ്ങൾ ഞാൻ വായിക്കാതെ വിടാറുണ്ടായിരുന്നു. എന്നാൽ ഈ ലേഖന പരമ്പര വായിച്ചതോടെ, ഇതു മുടങ്ങാതെ വായിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായി! നമ്മുടെ ഗ്രഹത്തെ കുറിച്ച് താത്പര്യജനകമായ അനേകം കാര്യങ്ങൾ ആ ലേഖനങ്ങളിൽനിന്ന് എനിക്കു പഠിക്കാൻ കഴിഞ്ഞു. പിന്നീട് ഞാൻ ആ വിവരങ്ങൾ സ്കൂളിൽ ഉപയോഗിച്ചു. നല്ല മാർക്കും ലഭിച്ചു.
എസ്. വി., യൂക്രെയിൻ (g04 9/8)
മൾട്ടിപ്പിൾ സ്ക്ലീറോസിസ് “മൾട്ടിപ്പിൾ സ്ക്ലീറോസിസുമായി പൊരുത്തപ്പെട്ടു ജീവിക്കൽ” എന്ന ലേഖനം എനിക്കു വളരെ ഇഷ്ടപ്പെട്ടു. (2003 ഡിസംബർ 8) ഹൃദയംഗമമായ നന്ദി. എനിക്ക് ആ രോഗം ഉണ്ടെന്നു കണ്ടുപിടിച്ചിട്ട് ഏതാണ്ട് ഒരു വർഷമായി. എന്റെ കൈകാലുകളുടെ ശേഷിയും ഇടതുകണ്ണിന്റെ കാഴ്ചയും നഷ്ടമായിരിക്കുകയാണ്. മുമ്പ് ഞാൻ പലപ്പോഴും നിഷേധാത്മകമായി ചിന്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ, നിങ്ങളുടെ ലേഖനം നിർദേശിച്ചതു പോലെ, എന്റെ നർമബോധം നിലനിറുത്താനും ക്രിയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രോത്സാഹജനകമായ ആ ലേഖനത്തിനു നന്ദി.
എം. എ., ജപ്പാൻ (g04 9/8)
ഈ ലേഖനം രോഗത്തെയും അതിന്റെ പടിപടിയായുള്ള വളർച്ചയെയും പരിണതഫലങ്ങളെയും വളരെ കൃത്യമായി പ്രതിപാദിച്ചു! വർഷങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരം ലഭിച്ചു. ഈ രോഗം പിടിപെട്ടുകഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ പലരും എന്നോടു പറഞ്ഞു.
എം. ഡബ്ലിയു., ജർമനി (g04 9/8)
ഞാൻ മൂന്നു മക്കളുള്ള ഒറ്റയ്ക്കുള്ള മാതാവാണ്. മൾട്ടിപ്പിൾ സ്ക്ലീറോസിസിന്റെ ലക്ഷണങ്ങൾ നാലാമത്തെ പ്രാവശ്യവും കണ്ടുതുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുമ്പോഴാണ് ഞാൻ ഈ ലേഖനം വായിക്കുന്നത്. അതെന്നെ ആഴത്തിൽ സ്പർശിച്ചു. വിചിത്രമായി തോന്നിയേക്കാം എങ്കിലും, ഈ മാറാരോഗം യഹോവയുമായുള്ള എന്റെ ബന്ധത്തെയും അവനിലുള്ള എന്റെ ആശ്രയത്തെയും വളരെയധികം ശക്തിപ്പെടുത്തിയിരിക്കുന്നു.
എം. എച്ച്., ജർമനി (g04 9/8)
മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചിട്ടുള്ള ഞങ്ങളെപ്പോലെയുള്ള എല്ലാവർക്കും ഈ ലേഖനം സഹായകരമായിരിക്കും. ഞാനിപ്പോൾ വീൽച്ചെയറിലാണെങ്കിലും, മുഴുസമയ പ്രസംഗവേല ചെയ്യുന്നു. വീട്ടിലിരുന്ന് ഫോൺചെയ്തു കൊണ്ടാണ് ഞാൻ അതിൽ ഏറെയും നിർവഹിക്കുന്നത്. എന്റെ ശരീരം തളർന്നിരിക്കുന്നതു നിമിത്തം, ഒരു ക്രിസ്തീയ സഹോദരിയാണ് എനിക്കു വേണ്ടി ഈ കത്തെഴുതിയത്.
എം. ജി., ഫ്രാൻസ് (g04 9/8)
ഏതാണ്ട് 21 വർഷം മുമ്പാണ് എനിക്ക് ഈ രോഗം ഉള്ളതായി കണ്ടെത്തിയത്. ഞാനൊരു ക്രിസ്തീയ മൂപ്പനായി സേവിക്കുന്നു. എന്നിരുന്നാലും, രോഗം വഷളാകാതിരിക്കുന്നതിനായി, സഹോദരന്മാർ സ്നേഹപുരസ്സരം എന്റെ ജോലിഭാരം ലഘൂകരിച്ചിരിക്കുന്നു. യെശയ്യാവു 33:24-ൽ പറയുന്ന, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ആ കാലം എത്ര ആശ്ചര്യകരമായിരിക്കും!
ഇ. സി., ഐക്യനാടുകൾ (g04 9/8)
പ്രപഞ്ചത്തെ കാത്തിരിക്കുന്ന ഭാവി എന്ത്? “ശാസ്ത്രം ആയിരുന്നു എന്റെ മതം” എന്ന ലേഖനത്തിൽ (2003 ഒക്ടോബർ 8), കെന്നെത്ത് തനാകാ, പ്രപഞ്ചം എന്നേക്കും വികസിച്ചുകൊണ്ടിരിക്കും എന്ന ശാസ്ത്രകാരന്മാരുടെ വിശ്വാസത്തെ കുറിച്ച് അജ്ഞനാണെന്നു തോന്നുന്നു.
ആർ. ജി., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: പ്രപഞ്ചശാസ്ത്രജ്ഞന്മാരുടെ കാഴ്ചപ്പാടുകൾ പരസ്പരം യോജിപ്പിലല്ല. ഉദാഹരണത്തിന്, ചിലർ, വികസന പ്രക്രിയ ക്രമേണ മന്ദഗതിയിലായി നിലയ്ക്കുമെന്നും അതിനു ശേഷം നേർവിപരീതമായ പ്രക്രിയ തുടങ്ങി ഒടുവിൽ പ്രപഞ്ചം ഒന്നാകെ സങ്കോചിക്കുമെന്നും നിഗമനം ചെയ്യുന്നു. കെന്നെത്ത് തനാകായുടെ പ്രസ്താവന രണ്ടു സങ്കൽപ്പങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചു, അവയിൽ ഒന്നിനെയും പിന്തുണയ്ക്കാതെതന്നെ. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള ശാസ്ത്രത്തിന്റെ പരാജയത്തിന്റെ വെളിച്ചത്തിൽ, ജീവിതത്തിന്റെ അർഥത്തെ കുറിച്ചുള്ള തന്റെ അന്വേഷണം എടുത്തുകാണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം. (g04 9/22)