വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ

നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും മാനസിക തകരാ​റു​ണ്ടെ​ങ്കിൽ

ആ കുടും​ബത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്നെ​ത്തെ​യും പോലെ ഒരു സാധാരണ ദിവസ​മാ​യി​രു​ന്നു അത്‌. നാലു​പേ​രും രാവിലെ എഴു​ന്നേറ്റ്‌ അന്നത്തെ പ്രവർത്ത​ന​ങ്ങൾക്കാ​യി തയ്യാറാ​യി. ഗെയ്‌ൽ തന്റെ 14 വയസ്സുള്ള മകൻ മാറ്റിനെ, സ്‌കൂൾബസ്‌ വരാനുള്ള സമയമാ​യെന്ന്‌ ഓർമി​പ്പി​ച്ചു. a തുടർന്നു സംഭവി​ച്ചത്‌ സ്വപ്‌ന​ത്തിൽ പോലും വിചാ​രി​ക്കാത്ത കാര്യ​ങ്ങ​ളാ​യി​രു​ന്നു. അവൻ കിടക്ക​മു​റി​യു​ടെ ഭിത്തി​യിൽ പെയിന്റ്‌ കോരി​യൊ​ഴി​ച്ചു, ഗരാജി​നു തീവെ​ക്കാ​നൊ​രു​ങ്ങി, കൂടാതെ മുകളി​ലത്തെ മുറി​യിൽ കയറി തൂങ്ങി​മ​രി​ക്കാ​നും ശ്രമിച്ചു, അരമണി​ക്കൂ​റി​നു​ള്ളി​ലാ​യി​രു​ന്നു ഈ സംഭവ​ങ്ങ​ളെ​ല്ലാം നടന്നത്‌.

മാറ്റിനെ കൊണ്ടു​പോയ ആംബു​ലൻസി​നെ ഗെയ്‌ലും ഭർത്താവ്‌ ഫ്രാങ്കും അനുഗ​മി​ച്ചു. അപ്പോൾ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ഒരു വിഫല​ശ്രമം നടത്തു​ക​യാ​യി​രു​ന്നു ആ മാതാ​പി​താ​ക്കൾ. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, ഇത്‌ ഒരു തുടക്കം മാത്ര​മാ​യി​രു​ന്നു. പിന്നീട്‌ പലതവണ അവന്‌ ഇതു​പോ​ലെ മാനസിക വിഭ്രാ​ന്തി ഉണ്ടായി. മനോ​രോ​ഗ​ത്തി​ന്റെ ഇരുട്ട​റ​യി​ലേക്ക്‌ മാറ്റ്‌ വലി​ച്ചെ​റി​യ​പ്പെട്ടു. അഞ്ചുവർഷങ്ങൾ ഇങ്ങനെ കടന്നു​പോ​യി. ഇതിനി​ട​യിൽ പല തവണ അവൻ ആത്മഹത്യാ ശ്രമം നടത്തി, രണ്ടു പ്രാവ​ശ്യം അറസ്റ്റി​ലാ​യി, മാനസി​ക​രോഗ ആശുപ​ത്രി​ക​ളിൽ ഏഴുതവണ കിടന്നു, പല പല മാനസി​കാ​രോ​ഗ്യ വിദഗ്‌ധരെ പോയി​ക്കണ്ടു. എല്ലാം കണ്ടുനിന്ന ബന്ധുക്കൾക്കും സുഹൃ​ത്തു​ക്കൾക്കും പലപ്പോ​ഴും എന്തു പറയണ​മെ​ന്നോ ചെയ്യണ​മെ​ന്നോ ഒരെത്തും പിടി​യു​മി​ല്ലാ​യി​രു​ന്നു.

ലോക​ജ​ന​സം​ഖ്യ​യിൽ നാലു​പേ​രിൽ ഒരാൾക്കു വീതം ജീവി​ത​ത്തി​ന്റെ ഏതെങ്കി​ലും ഒരു ഘട്ടത്തിൽ മനസ്സിന്റെ താളം തെറ്റുന്നു എന്നു കണക്കുകൾ കാണി​ക്കു​ന്നു. അമ്പരപ്പി​ക്കുന്ന ഈ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കി​ന്റെ വെളി​ച്ച​ത്തിൽ നിങ്ങളു​ടെ മാതാ​വി​നോ പിതാ​വി​നോ കുട്ടി​ക്കോ കൂടപ്പി​റ​പ്പി​നോ സുഹൃ​ത്തി​നോ മസ്‌തിഷ്‌ക പ്രവർത്ത​ന​ത്തി​ലെ ഏതെങ്കി​ലും തരത്തി​ലുള്ള ഒരു ക്രമക്കേട്‌ b ഉണ്ടായി​രി​ക്കാ​നുള്ള സാധ്യ​ത​യുണ്ട്‌. നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരു​ടെ​യെ​ങ്കി​ലും കാര്യ​ത്തിൽ ഇത്തര​മൊ​രവസ്ഥ സംജാ​ത​മാ​കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

ലക്ഷണങ്ങൾ തിരി​ച്ച​റി​യുക. ഒരു വ്യക്തിക്ക്‌ ഏതെങ്കി​ലും തരത്തി​ലുള്ള മാനസിക തകരാറ്‌ ഉണ്ടെങ്കിൽ ആരും അത്ര പെട്ടെന്ന്‌ അത്‌ തിരി​ച്ച​റി​ഞ്ഞെന്നു വരില്ല. കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും അത്തരം ലക്ഷണങ്ങൾ ഹോർമോൺ വ്യതി​യാ​ന​ങ്ങ​ളോ മറ്റെ​ന്തെ​ങ്കി​ലും രോഗ​ങ്ങ​ളോ വ്യക്തി​ത്വ​ത്തി​ന്റെ പോരാ​യ്‌മ​ക​ളോ ക്ലേശക​ര​മായ ജീവി​ത​സാ​ഹ​ച​ര്യ​ത്തി​ന്റെ പ്രതി​ഫ​ല​ന​മോ ഒക്കെ ആണെന്നു കരുതി​യേ​ക്കാം. മാറ്റിന്റെ അമ്മ അവന്റെ പ്രശ്‌ന​ത്തി​ന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ കണ്ടിരു​ന്ന​താണ്‌. പക്ഷേ അവന്റെ ഈ ഭാവമാ​റ്റങ്ങൾ യൗവനാ​രം​ഭ​ത്തി​ന്റെ ലക്ഷണങ്ങ​ളാ​ണെ​ന്നും അതു പെട്ടെ​ന്നു​തന്നെ അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ള്ളു​മെ​ന്നും മാതാ​പി​താ​ക്കൾ കരുതി. എന്നിരു​ന്നാ​ലും, ഉറക്കം, ഭക്ഷണരീ​തി​കൾ, പെരു​മാ​റ്റം എന്നിവ​യിൽ കാണുന്ന കാതലായ മാറ്റങ്ങളെ ലാഘവ​ത്തോ​ടെ എടുക്ക​രുത്‌. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ നിങ്ങളു​ടെ പ്രിയ​പ്പെട്ട വ്യക്തിയെ ഒരു മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​നെ​ക്കൊ​ണ്ടു പരി​ശോ​ധി​പ്പി​ക്കു​ന്നത്‌ അയാൾക്ക്‌ അല്ലെങ്കിൽ അവൾക്ക്‌ ഫലപ്ര​ദ​മായ ചികിത്സ നൽകു​ന്ന​തി​നും ആ വ്യക്തി​യു​ടെ ജീവി​ത​ത്തി​ന്റെ ഗുണനി​ല​വാ​രം വർധി​പ്പി​ക്കു​ന്ന​തി​നും വഴിതു​റ​ന്നേ​ക്കാം.

രോഗത്തെ അറിയുക. മാനസിക ക്രമ​ക്കേ​ടു​കൾ ഉള്ളവർക്ക്‌ സാധാ​ര​ണ​ഗ​തി​യിൽ തങ്ങളുടെ സ്വന്തം അവസ്ഥ സംബന്ധി​ച്ചു ഗവേഷണം നടത്താ​നുള്ള പ്രാപ്‌തി പരിമി​ത​മാ​യി​രി​ക്കും. അതു​കൊണ്ട്‌, ആനുകാ​ലി​ക​വും ആശ്രയ​യോ​ഗ്യ​വു​മായ ഉറവു​ക​ളിൽനിന്ന്‌ രോഗത്തെ കുറിച്ചു വിവരങ്ങൾ സമാഹ​രി​ക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​യാൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ അതു നിങ്ങളെ സഹായി​ക്കും. കൂടാതെ, ഈ രോഗത്തെ കുറിച്ച്‌ മറ്റുള്ള​വ​രോ​ടു കാര്യ​ജ്ഞാ​ന​ത്തോ​ടെ തുറന്നു സംസാ​രി​ക്കാ​നും അതു നിങ്ങളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഗെയ്‌ൽ, മാറ്റിന്റെ വല്യപ്പ​നും വല്യമ്മ​യ്‌ക്കും ഈ രോഗത്തെ കുറി​ച്ചുള്ള കുറെ വൈദ്യ​ശാ​സ്‌ത്ര ലഘു​ലേ​ഖകൾ നൽകി. അതു​കൊണ്ട്‌ ഈ അവസ്ഥയെ കുറിച്ചു കൂടുതൽ മനസ്സി​ലാ​ക്കാ​നും അവനെ സഹായി​ക്കു​ന്ന​തിൽ കൂടുതൽ ഉൾപ്പെ​ടാ​നും അവർക്കു കഴിഞ്ഞു.

ചികിത്സ തേടുക. ചില മാനസിക തകരാ​റു​കൾ ദീർഘ​കാ​ല​ത്തേക്കു തുടരു​മെ​ങ്കി​ലും ശരിയായ ചികിത്സ ലഭിച്ചാൽ രോഗി​ക​ളിൽ അനേകർക്കും സ്ഥിരത​യുള്ള, കാര്യ​ക്ഷ​മ​മായ ജീവിതം നയിക്കാ​നാ​കും. എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, അനേക​രും വർഷങ്ങ​ളോ​ളം ചികിത്സ കിട്ടാത്ത അവസ്ഥയിൽ തുടരു​ന്നു. ഹൃദയ സംബന്ധ​മായ ഗുരുതര രോഗങ്ങൾ ചികി​ത്സി​ക്കാൻ ഒരു ഹൃ​ദ്രോ​ഗ​വി​ദ​ഗ്‌ധന്റെ സഹായം ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ മനോ​രോ​ഗ​മു​ള്ള​വർക്ക്‌ ആ മേഖല​യി​ലുള്ള ചികി​ത്സ​ക​രു​ടെ ശ്രദ്ധയും പരിച​ര​ണ​വും ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, തുടർച്ച​യാ​യി കഴിക്കു​ന്നെ​ങ്കിൽ വികാ​ര​വ്യ​തി​യാ​നങ്ങൾ നിയ​ന്ത്രി​ക്കു​ന്ന​തി​നും ഉത്‌കണ്‌ഠ കുറയ്‌ക്കു​ന്ന​തി​നും വികല ചിന്തകൾ നേരെ​യാ​ക്കു​ന്ന​തി​നും സഹായി​ക്കുന്ന മരുന്നു​കൾ നിർദേ​ശി​ക്കാൻ മനശ്ശാ​സ്‌ത്ര​ജ്ഞർക്കു കഴിയും. c

സഹായം സ്വീക​രി​ക്കാൻ രോഗി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. മാനസിക തകരാ​റു​കൾ ഉള്ളവർ തങ്ങൾക്കു സഹായം ആവശ്യ​മാ​ണെന്ന്‌ ഒരുപക്ഷേ തിരി​ച്ച​റി​ഞ്ഞെന്നു വരില്ല. അതു​കൊണ്ട്‌ ഒരു പ്രത്യേക ഡോക്ടറെ കാണാ​നോ പ്രയോ​ജ​ന​ക​ര​മായ ചില ലേഖനങ്ങൾ വായി​ക്കാ​നോ അല്ലെങ്കിൽ സമാന​മായ പ്രശ്‌നത്തെ വിജയ​ക​ര​മാ​യി തരണം ചെയ്‌ത ഒരു വ്യക്തി​യു​മാ​യി സംസാ​രി​ക്കാ​നോ നിങ്ങൾക്ക്‌ രോഗി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. എന്നാൽ അയാൾ അല്ലെങ്കിൽ അവൾ നിങ്ങളു​ടെ നിർദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കാ​തി​രു​ന്നേ​ക്കാം. എങ്കിൽപ്പോ​ലും, ആ വ്യക്തി സ്വയം ഹനിക്കാ​നോ മറ്റുള്ള​വരെ ഉപദ്ര​വി​ക്കാ​നോ സാധ്യത ഉണ്ടെന്നു തോന്നു​ന്നെ​ങ്കിൽ ഒട്ടും അമാന്തി​ക്കാ​തെ വേണ്ടതു ചെയ്യുക.

കുറ്റ​പ്പെ​ടു​ത്ത​രുത്‌. ജനിത​ക​വും പാരി​സ്ഥി​തി​ക​വും സാമൂ​ഹി​ക​വു​മായ ഘടകങ്ങ​ളു​ടെ സങ്കീർണ​മായ പ്രതി​പ്ര​വർത്തനം മസ്‌തിഷ്‌ക പ്രവർത്ത​ന​ങ്ങ​ളു​ടെ താളം​തെ​റ്റു​ന്ന​തിന്‌ കാരണ​മാ​കു​ന്നുണ്ട്‌. എന്നാൽ അത്‌ അങ്ങനെ​ത​ന്നെ​യാ​ണെന്നു തറപ്പിച്ചു പറയാൻ ശാസ്‌ത്ര​ജ്ഞർക്ക്‌ ഇതുവ​രെ​യും കഴിഞ്ഞി​ട്ടില്ല. മസ്‌തിഷ്‌ക ക്ഷതം, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം, മദ്യപാ​നം, സമൂഹ​ത്തിൽനി​ന്നുള്ള സമ്മർദങ്ങൾ, ശരീര​ത്തി​ലു​ണ്ടാ​കുന്ന ജൈവ​രാസ പ്രവർത്ത​ന​ങ്ങ​ളി​ലെ അസന്തു​ലി​താ​വസ്ഥ, പാരമ്പ​ര്യ​മായ മാനസിക തകരാ​റു​കൾ തുടങ്ങിയ ഘടകങ്ങ​ളിൽ പലതും കൂടി​ച്ചേ​രു​മ്പോൾ അത്‌ മനസ്സിന്റെ താളം​തെ​റ്റാൻ ഇടയാ​ക്കു​ന്നു. വാസ്‌തവം ഇങ്ങനെ​യാ​ണെ​ന്നി​രി​ക്കെ ഇത്തരം രോഗി​ക​ളു​ടെ അവസ്ഥയ്‌ക്ക്‌ കാരണം അവരുടെ തന്നെ ചെയ്‌തി​ക​ളാ​ണെന്നു പറഞ്ഞ്‌ അവരെ കുറ്റ​പ്പെ​ടു​ത്തു​ന്നതു നിരർഥ​ക​മാണ്‌. അവരെ പിന്താ​ങ്ങാ​നും അവർക്കു പ്രോ​ത്സാ​ഹനം നൽകാ​നും ആയിരി​ക്കണം നിങ്ങൾ ശ്രമി​ക്കേ​ണ്ടത്‌.

ന്യായ​മായ പ്രതീ​ക്ഷകൾ മാത്രം വെക്കുക. മാനസിക പ്രശ്‌ന​മുള്ള ഒരു വ്യക്തി​യിൽനിന്ന്‌ അവനോ അവൾക്കോ നിറ​വേ​റ്റാൻ കഴിയാത്ത ചില കാര്യങ്ങൾ നിങ്ങൾ പ്രതീ​ക്ഷി​ച്ചാൽ അത്‌ ആ വ്യക്തിയെ നിരാ​ശ​യി​ലേക്കു തള്ളിവി​ടു​കയേ ഉള്ളൂ. ഇനി, രോഗി​യു​ടെ കഴിവു​കേ​ടു​കളെ കുറിച്ച്‌ വേണ്ടതി​ല​ധി​കം സംസാ​രി​ക്കു​ന്നെ​ങ്കി​ലോ? അത്‌ ആ വ്യക്തി​യിൽ ഒരുതരം നിസ്സഹാ​യ​താ​ബോ​ധം ഉടലെ​ടു​ക്കാൻ ഇടയാ​ക്കും. അതു​കൊണ്ട്‌, അവരെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ പ്രതീ​ക്ഷകൾ ന്യായ​മാ​യി​രി​ക്കണം. എന്നാൽ അവർ ചെയ്യുന്ന തെറ്റു​ക​ളെ​ല്ലാം വകവെ​ച്ചു​കൊ​ടു​ക്കണം എന്നല്ല അതിന്റെ അർഥം. മറ്റുള്ള​വ​രെ​പ്പോ​ലെ തന്നെ മാനസിക ക്രമ​ക്കേ​ടു​ള്ള​വർക്കും തങ്ങളുടെ പ്രവൃ​ത്തി​ക​ളു​ടെ പരിണ​ത​ഫ​ല​ത്തിൽനി​ന്നു പാഠം പഠിക്കാൻ കഴിയും. വ്യക്തി അക്രമാ​സ​ക്ത​നാ​കു​ന്നെ​ങ്കിൽ അയാളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും സംരക്ഷ​ണ​ത്തിന്‌ ചില​പ്പോൾ നിയമ​ന​ട​പടി സ്വീക​രി​ക്കു​ക​യോ മറ്റുള്ള​വ​രു​മാ​യി ഇടപഴ​കു​ന്ന​തിൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തു​ക​യോ ചെയ്യേണ്ടി വന്നേക്കാം.

ആശയവി​നി​മ​യ​ബന്ധം പുലർത്തുക. ഇങ്ങനെ​യു​ള്ള​വ​രു​മാ​യി ആശയവി​നി​മ​യ​ബന്ധം ഉണ്ടായി​രി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌, ചില​പ്പോ​ഴൊ​ക്കെ നിങ്ങളു​ടെ അഭി​പ്രാ​യ​ങ്ങ​ളോ നിർദേ​ശ​ങ്ങ​ളോ അവർ തെറ്റി​ദ്ധ​രി​ക്കു​ന്നെ​ങ്കിൽ പോലും. മാനസിക തകരാ​റുള്ള ഒരു വ്യക്തി എങ്ങനെ പ്രതി​ക​രി​ക്കും എന്ന്‌ മുൻകൂ​ട്ടി പറയാ​നാ​വില്ല. ചില​പ്പോൾ സാഹച​ര്യ​ത്തിന്‌ ഒട്ടും യോജി​ക്കാത്ത വിധത്തി​ലാ​യി​രി​ക്കാം അയാൾ പ്രതി​ക​രി​ക്കുക. എന്നിരു​ന്നാ​ലും, അതിന്‌ അയാളെ അല്ലെങ്കിൽ അവളെ കുറ്റ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ അത്‌ എരിതീ​യിൽ എണ്ണയൊ​ഴി​ക്കു​ന്നതു പോലെ ആയിരി​ക്കും. അത്‌ ആ വ്യക്തിയെ വിഷാ​ദ​ത്തി​ന്റെ പടുകു​ഴി​യി​ലേക്കു തള്ളിവി​ടു​കയേ ഉള്ളൂ. നിങ്ങൾ പറയു​ന്നത്‌ ആ വ്യക്തി ചെവി​ക്കൊ​ള്ളു​ന്നി​ല്ലെ​ങ്കിൽ ശാന്തരാ​യി​രുന്ന്‌ അയാൾ പറയു​ന്നതു ശ്രദ്ധി​ക്കുക. അയാളെ കുറ്റ​പ്പെ​ടു​ത്താ​തെ അയാളു​ടെ വികാ​ര​ങ്ങ​ളും ചിന്തക​ളും മനസ്സി​ലാ​ക്കുക. അപ്പോ​ഴൊ​ക്കെ നിങ്ങൾ ശാന്തത കൈ​വെ​ടി​യാ​തി​രി​ക്കാൻ ശ്രമി​ക്കണം. നിങ്ങൾ അയാൾക്കു​വേണ്ടി കരുതു​ന്നു​വെ​ന്നുള്ള ബോധ്യം എപ്പോ​ഴും ആ വ്യക്തിക്കു ലഭിക്കു​ന്നു​ണ്ടെ​ങ്കിൽത്തന്നെ അയാളും നിങ്ങളും അതിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കും. മാറ്റിന്റെ കാര്യ​ത്തിൽ ഇതു സത്യമാ​യി​രു​ന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, തന്നെ സഹായി​ച്ച​വരെ കുറിച്ച്‌ “ഞാൻ സഹായം സ്വീക​രി​ക്കാ​തി​രു​ന്ന​പ്പോൾ എന്നെ സഹായിച്ച”വർ എന്നു പറഞ്ഞ്‌ അവരോ​ടുള്ള നന്ദിയും വിലമ​തി​പ്പും അവൻ പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി.

കുടും​ബ​ത്തി​ലെ മറ്റ്‌ അംഗങ്ങ​ളു​ടെ ആവശ്യ​ങ്ങ​ളെ​യും പരിഗ​ണി​ക്കുക. മനസ്സിന്റെ താളം തെറ്റിയ ഒരു കുടും​ബാം​ഗ​മു​ണ്ടെ​ങ്കിൽ പിന്നെ എല്ലാവ​രു​ടെ​യും ശ്രദ്ധ ആ വ്യക്തി​യിൽത്തന്നെ ആയിരി​ക്കും. മറ്റ്‌ അംഗങ്ങ​ളു​ടെ ആവശ്യങ്ങൾ അങ്ങനെ അവഗണി​ക്ക​പ്പെ​ട്ടേ​ക്കാം. കുറെ​ക്കാ​ല​ത്തേക്ക്‌ താൻ “ആങ്ങളയു​ടെ അസുഖം കാരണം അവഗണി​ക്ക​പ്പെട്ടു” എന്നാണ്‌ മാറ്റിന്റെ പെങ്ങൾ ആമിക്കു തോന്നി​യത്‌. തന്നി​ലേക്കു ശ്രദ്ധ തിരി​യാ​തി​രി​ക്കാൻ അവൾ തന്റെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും ഒക്കെ ഉപയോ​ഗി​ക്കു​ന്നത്‌ കുറച്ചു. എന്നാൽ, മാതാ​പി​താ​ക്കൾ അവളിൽനി​ന്നു കൂടുതൽ പ്രതീ​ക്ഷി​ച്ചി​രു​ന്നെന്നു തോന്നു​ന്നു. അസുഖ​മുള്ള മകന്‌ ചെയ്യാൻ കഴിയാ​തെ പോകുന്ന കാര്യ​ങ്ങൾകൂ​ടി ചെയ്‌ത്‌ ആ കുറവു നികത്താൻ അവർ ആമിയി​ലേക്കു നോക്കി. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അവഗണി​ക്ക​പ്പെ​ടുന്ന ചില കൂടപ്പി​റ​പ്പു​കൾ പിന്നീട്‌ എന്തെങ്കി​ലു​മൊ​ക്കെ കുഴപ്പങ്ങൾ സൃഷ്ടി​ച്ചു​കൊണ്ട്‌ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ശ്രമി​ക്കും. അതു​കൊണ്ട്‌ ഇങ്ങനെ​യുള്ള കുടും​ബ​ങ്ങൾക്ക്‌ ഇക്കാര്യ​ത്തിൽ സഹായം ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഫ്രാങ്കി​ന്റെ കുടും​ബം മാറ്റിന്റെ പ്രശ്‌ന​ങ്ങ​ളിൽ മുഴു​കി​പ്പോ​യ​പ്പോൾ ആമിക്ക്‌ കൂടുതൽ ശ്രദ്ധ നൽകാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക സഭയിലെ സുഹൃ​ത്തു​ക്കൾ മുന്നോ​ട്ടു​വ​ന്നത്‌ ആ കുടും​ബ​ത്തി​നു സഹായ​മാ​യി.

നല്ല മാനസി​കാ​രോ​ഗ്യ ശീലങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കുക. രോഗി​യു​ടെ ആഹാര​ക്രമം, വ്യായാ​മം, ഉറക്കം, സാമൂ​ഹിക പ്രവർത്ത​നങ്ങൾ എന്നീ കാര്യ​ങ്ങൾക്കു ശ്രദ്ധ നൽകുന്ന സമഗ്ര​മായ ഒരു മാനസി​കാ​രോ​ഗ്യ പദ്ധതി ഉണ്ടായി​രി​ക്കു​ന്നതു നല്ലതാണ്‌. സുഹൃ​ത്തു​ക്ക​ളു​ടെ ചെറിയ കൂട്ടങ്ങ​ളോ​ടൊ​പ്പ​മി​രുന്ന്‌ ലളിത​മായ വിനോ​ദ​ങ്ങ​ളി​ലോ മറ്റോ ഏർപ്പെ​ടാൻ രോഗിക്ക്‌ അത്ര ഭയമു​ണ്ടാ​യി​രി​ക്കില്ല. അതോ​ടൊ​പ്പം ഒന്നോർക്കുക: മദ്യം രോഗ​ല​ക്ഷ​ണങ്ങൾ രൂക്ഷമാ​കാൻ ഇടയാ​ക്കു​ക​യും കഴിച്ചു​കൊ​ണ്ടി​രി​ക്കുന്ന മരുന്നു​ക​ളു​മാ​യി ചേരാതെ വരുക​യും ചെയ്‌തേ​ക്കാം. ഫ്രാങ്കി​ന്റെ കുടും​ബം ഇപ്പോൾ മാനസി​കാ​രോ​ഗ്യ പരിപാ​ല​ന​ത്തി​നാ​യുള്ള ഒരു നല്ല ചര്യ പിൻപ​റ്റാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്നു, വിശേ​ഷാൽ അവരുടെ മകന്‌.

നിങ്ങൾക്കു​തന്നെ ശ്രദ്ധ നൽകുക. മാനസിക തകരാ​റുള്ള ഒരാളു​ടെ കാര്യങ്ങൾ നോക്കി നടത്തു​മ്പോൾ ഉണ്ടാകുന്ന സമ്മർദം നിങ്ങളു​ടെ ആരോ​ഗ്യം തകരാ​റി​ലാ​ക്കി​യേ​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വു​മായ ആവശ്യ​ങ്ങൾക്കു ശ്രദ്ധ​കൊ​ടു​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. ഫ്രാങ്കി​ന്റെ കുടും​ബം യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. കുടും​ബ​ത്തിൽ സംഭവിച്ച ഈ ദുരവ​സ്ഥ​യു​മാ​യി ഒത്തു​പോ​കാൻ തന്റെ വിശ്വാ​സം തന്നെ വളരെ​യ​ധി​കം സഹായി​ച്ച​താ​യി ഗെയ്‌ൽ കരുതു​ന്നു. “ക്രിസ്‌തീയ യോഗങ്ങൾ സമ്മർദ സംഹാ​രി​ക​ളാണ്‌,” അവർ പറയുന്നു. “ആകുല​ത​ക​ളെ​ല്ലാം മനസ്സിൽനിന്ന്‌ ഇറക്കി​വെച്ച്‌ പ്രാധാ​ന്യ​മേ​റിയ കാര്യ​ങ്ങ​ളി​ലും മുന്നി​ലുള്ള പ്രത്യാ​ശ​യി​ലും മിഴി​യൂ​ന്നാ​നുള്ള ഒരു സമയമാ​ണത്‌. നിരവധി തവണ ഞാൻ ആശ്വാ​സ​ത്തി​നാ​യി മനം​നൊന്ത്‌ പ്രാർഥി​ച്ചി​ട്ടുണ്ട്‌. അപ്പോ​ഴെ​ല്ലാം എന്റെ വേദന ലഘൂക​രി​ക്കാൻ എന്തെങ്കി​ലു​മൊ​ന്നു സംഭവി​ക്കു​മാ​യി​രു​ന്നു. ഞങ്ങളു​ടേ​തു​പോ​ലുള്ള ഒരു സാഹച​ര്യ​ത്തിൽ ഉണ്ടാകാ​നി​ട​യി​ല്ലാത്ത മനസ്സമാ​ധാ​നം യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്കു​ണ്ടാ​യി​രു​ന്നു.”

മാറ്റ്‌ ഇന്ന്‌ ഒരു മുതിർന്ന യുവാ​വാണ്‌, അവന്‌ ജീവി​തത്തെ കുറിച്ച്‌ ഒരു പുതിയ കാഴ്‌ച​പ്പാ​ടുണ്ട്‌. “ഞാൻ കടന്നു​പോയ അനുഭ​വങ്ങൾ എന്നെ മെച്ചപ്പെട്ട ഒരു വ്യക്തി​യാ​ക്കി മാറ്റി​യ​താ​യി എനിക്കു തോന്നു​ന്നു,” അവൻ പറയുന്നു. ആ അനുഭ​വങ്ങൾ തനിക്കും പ്രയോ​ജനം ചെയ്‌തെന്ന്‌ മാറ്റിന്റെ പെങ്ങൾ ആമിക്കും തോന്നു​ന്നു. “മറ്റുള്ള​വ​രോ​ടുള്ള എന്റെ വിമർശന മനോ​ഭാ​വം കുറഞ്ഞി​ട്ടുണ്ട്‌” അവൾ പറയുന്നു. “ഒരു വ്യക്തി എന്തിലൂ​ടെ​യാ​ണു കടന്നു​പോ​കു​ന്നത്‌ എന്ന്‌ നമുക്ക്‌ അറിയില്ല. അതൊക്കെ യഹോ​വ​യ്‌ക്കു മാത്രമേ അറിയാ​വൂ.”

അതു​കൊണ്ട്‌ നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും മാനസിക തകരാറ്‌ ഉണ്ടെങ്കിൽ, ഓർക്കുക: അവർ പറയു​ന്നതു കേൾക്കാ​നുള്ള മനസ്സൊ​രു​ക്കം, ഒരു കൈത്താ​ങ്ങൽ, തുറന്ന മനസ്സോ​ടെ​യുള്ള സമീപനം എന്നിവ​യ്‌ക്ക്‌ ദുരവസ്ഥ നീന്തി​ക്ക​ട​ക്കാൻ ആ വ്യക്തിയെ സഹായി​ക്കാ​നാ​കും, ഒരുപക്ഷേ ആ ജീവിതം വീണ്ടും തളിരി​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. (g04 9/8)

[അടിക്കു​റി​പ്പു​കൾ]

a പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b “മസ്‌തിഷ്‌ക പ്രവർത്ത​ന​ത്തി​ലെ ക്രമ​ക്കേട്‌” എന്ന്‌ ഉപയോ​ഗി​ക്കാ​നാ​ണു ചിലർ താത്‌പ​ര്യ​പ്പെ​ടു​ന്നത്‌. കാരണം, നാഡീ​സം​ബ​ന്ധ​മായ കാരണ​ങ്ങ​ളാൽ ഉണ്ടാകുന്ന ആരോ​ഗ്യ​പ്ര​ശ്‌നം എന്ന ധ്വനി നൽകു​ന്ന​തു​കൊണ്ട്‌ അത്‌ അത്ര ജാള്യം ഉളവാ​ക്കുന്ന ഒരു പ്രയോ​ഗ​മ​ല്ലെന്ന്‌ അവർ കരുതു​ന്നു.

c ലഭിച്ചേക്കാവുന്ന പ്രയോ​ജ​ന​ങ്ങളെ കുറിച്ചു ചിന്തി​ക്കു​മ്പോൾത്തന്നെ ഉണ്ടാ​യേ​ക്കാ​വുന്ന പാർശ്വ​ഫ​ല​ങ്ങളെ കുറി​ച്ചും ചിന്തി​ക്കേ​ണ്ട​തുണ്ട്‌. ഉണരുക! ഏതെങ്കി​ലും പ്രത്യേക ചികി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല. തങ്ങൾ പിൻപ​റ്റുന്ന ഏതു ചികി​ത്സാ​രീ​തി​യും ബൈബിൾ തത്ത്വങ്ങ​ളു​ടെ ലംഘന​മാ​കു​ന്നില്ല എന്നു ക്രിസ്‌ത്യാ​നി​കൾ ഉറപ്പു​വ​രു​ത്തേ​ണ്ട​തുണ്ട്‌.

[25-ാം പേജിലെ ചതുരം]

മാനസിക തകരാ​റു​ക​ളു​ടെ ചില ലക്ഷണങ്ങൾ

നിങ്ങളു​ടെ പ്രിയ​പ്പെട്ട ആർക്കെ​ങ്കി​ലും താഴെ​പ്പ​റ​യുന്ന ഏതെങ്കി​ലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തിയെ ഒരു ഡോക്ട​റെ​യോ മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​നെ​യോ കാണി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം:

• നീണ്ടു​നിൽക്കുന്ന സങ്കടമോ അസഹ്യ​ത​യോ

• തന്നി​ലേക്ക്‌ ഒതുങ്ങി​ക്കൂ​ടൽ

• അങ്ങേയ​റ്റത്തെ ആഹ്ലാദ​വും കടുത്ത വിഷാ​ദ​വും​പോ​ലെ തീവ്ര​മായ വികാ​ര​വ്യ​തി​യാ​നങ്ങൾ

• കടുത്ത കോപം

• അക്രമാ​സക്ത പെരു​മാ​റ്റം

• മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം, മദ്യപാ​നം

• എന്തെന്നി​ല്ലാത്ത ഭയവും ആകുല​ത​ക​ളും ഉത്‌ക​ണ്‌ഠ​ക​ളും

• തൂക്കം കൂടു​ന്ന​തി​നോ​ടുള്ള വല്ലാത്ത ഭയം

• ആഹാര​ക്രമം, ഉറക്കം എന്നിവ​യിൽ പ്രകട​മായ മാറ്റങ്ങൾ

• തുടർക്ക​ഥ​യാ​കുന്ന പേടി​സ്വ​പ്‌ന​ങ്ങൾ

• കുഴഞ്ഞു​മ​റിഞ്ഞ ചിന്ത

• വിഭ്രാ​ന്തി അല്ലെങ്കിൽ മതി​ഭ്ര​മം

• മരണ​ത്തെ​യും ആത്മഹത്യ​യെ​യും കുറി​ച്ചുള്ള ചിന്തകൾ

• പ്രശ്‌ന​ങ്ങ​ളോ​ടും ദൈനം​ദിന പ്രവർത്ത​ന​ങ്ങ​ളോ​ടും പൊരു​ത്ത​പ്പെ​ടാ​നാ​വാത്ത അവസ്ഥ

• പ്രകട​മായ ലക്ഷണങ്ങൾ അംഗീ​ക​രി​ക്കാ​നുള്ള വൈമ​ന​സ്യം

• വിശദീ​ക​രി​ക്കാ​നാ​വാത്ത എണ്ണമറ്റ ശാരീ​രിക അസ്വാ​സ്ഥ്യ​ങ്ങൾ

[26-ാം പേജിലെ ചിത്രം]

നിങ്ങൾ പറയു​ന്നത്‌ രോഗി ചെവി​ക്കൊ​ള്ളു​ന്നി​ല്ലെ​ങ്കിൽ ശാന്തനാ​യി​രുന്ന്‌ അയാൾ പറയു​ന്നതു ശ്രദ്ധി​ക്കു​ക