പരിഹാരം വിവാഹമോചനമോ?
ബൈബിളിന്റെ വീക്ഷണം
പരിഹാരം വിവാഹമോചനമോ?
ബ്രിട്ടനിൽ ഒരു വൈദികൻ, സന്നിഹിതരായിരിക്കുന്ന എല്ലാവരെയും പരിപാവനമായ ഒരു ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നു. ഉറ്റ സുഹൃത്തുക്കളുടെയും കുട്ടികളുടെയും അകമ്പടിയോടെ ഒരു ദമ്പതികൾ അദ്ദേഹത്തിന്റെ മുമ്പിലേക്കു കടന്നുവരുന്നു. ഒരു സന്തുഷ്ട വിവാഹത്തിന്റെ അനർഘ നിമിഷങ്ങളായിരുന്നോ അത്? അല്ലേ അല്ല! അവരുടെ ദാമ്പത്യബന്ധത്തെ മുറിച്ചുമാറ്റുന്ന ഒരു മതകർമം ആയിരുന്നു അത്. അതേ, വിവാഹമോചനം ഇന്ന് സർവസാധാരണം ആയിത്തീർന്നിരിക്കുന്നു. തന്നിമിത്തം, ചില സഭകൾ വിവാഹമോചന കർമങ്ങളും നടത്തിക്കൊടുക്കുന്നു.
വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? ആണെങ്കിൽ അത്തരം ഒരു നടപടി, കൂടുതൽ സന്തുഷ്ടമായ ഒരു ജീവിതത്തിലേക്കു നിങ്ങളെ നയിക്കുമെന്ന് ഉറപ്പാണോ? ഇണയോടൊപ്പം സന്തോഷമുള്ള ഒരു ജീവിതം നയിക്കാൻ കഴിയേണ്ടതിന് പ്രായോഗികമായി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?
“അവർ ഏകദേഹമായി തീരും”
ആദ്യ മാനുഷ ജോഡിയെ വിവാഹത്തിൽ ഒന്നിപ്പിക്കവേ, പുരുഷൻ “ഭാര്യയോടു പററിച്ചേരും; അവർ ഏകദേഹമായി തീരും” എന്ന് ദൈവം പ്രസ്താവിച്ചു. (ഉല്പത്തി 2:24) അതേ, വിവാഹം സ്ഥായിയായ ഒരു ബന്ധം ആയിരിക്കണമായിരുന്നു. പുനർവിവാഹത്തിന് അനുമതി നൽകുന്ന വിവാഹമോചനത്തിനുള്ള തിരുവെഴുത്തുപരമായ അടിസ്ഥാനം “പരസംഗം” മാത്രമാണെന്ന് പിൽക്കാലത്ത് യേശു പറഞ്ഞത് അതുകൊണ്ടായിരുന്നു.—മത്തായി 19:3-9. a
വിവാഹത്തിൽ പ്രതിബദ്ധതയ്ക്കുള്ള പ്രാധാന്യത്തിന് ഇത് അടിവരയിടുന്നു. എന്നാൽ നിങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ തികച്ചും ഗുരുതരം ആണെങ്കിലോ?
ജ്ഞാനപൂർവകമായ ഗതി വിവാഹമോചനമോ?
“ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു, നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള ഒരു തത്ത്വം പ്രദാനം ചെയ്തു. (മത്തായി 11:19) നിസ്സാര കാര്യങ്ങളെച്ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന ആധുനിക പ്രവണതയുടെ പരിണതഫലങ്ങൾ എന്താണു സൂചിപ്പിക്കുന്നത്?
“വിവാഹമോചനത്തിന് ഇപ്പറഞ്ഞ പ്രയോജനങ്ങളൊന്നുമില്ല” എന്ന് അസന്തുഷ്ടമായ വിവാഹങ്ങളെ കുറിച്ച് പഠനം നടത്തിയ ഒരു വിദഗ്ധ സംഘത്തിനു നേതൃത്വം വഹിച്ച, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സാമൂഹികവിദഗ്ധ പ്രൊഫസർ ലിൻഡാ വെയ്റ്റ് പറയുന്നു. സമാനമായി, “വിവാഹമോചനം നടത്തിയവരോ വേർപെട്ടിരിക്കുന്നവരോ ആയിരുന്നു സമൂഹത്തിൽ ഏറ്റവും അസന്തുഷ്ടർ” എന്ന് ആയിരക്കണക്കിന് ആളുകളുടെ പ്രതികരണങ്ങളെ 11 വർഷം വിശകലനം ചെയ്തു പഠിച്ച ശേഷം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ മൈക്കിൾ ആർജൈൽ കണ്ടെത്തി. എന്തായിരിക്കാം അതിന്റെ കാരണം?
വിവാഹമോചനം ചില പ്രശ്നങ്ങൾ പരിഹരിച്ചേക്കാം എങ്കിലും അത് വേദനാജനകമായ പല അനന്തരഫലങ്ങൾക്കും ഇടയാക്കിയേക്കാം. നിങ്ങൾക്ക് അവയുടെമേൽ കാര്യമായ നിയന്ത്രണം ഉണ്ടായെന്നും വരില്ല. അതേ, സാധാരണഗതിയിൽ വിവാഹമോചനം, വിഷാദത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുകയോ വ്യക്തിയുടെ ആത്മാഭിമാനം ഉയർത്തുകയോ ചെയ്യുന്നില്ല എന്ന് ഗവേഷണങ്ങൾ പ്രകടമാക്കുന്നു.
നിങ്ങളുടേത് “എല്ലാംകൊണ്ടും തികഞ്ഞ” ഒരു ദാമ്പത്യമല്ലെങ്കിലും, അതിനോടു പറ്റിനിൽക്കുന്നെങ്കിൽ പ്രയോജനം ആസ്വദിക്കാൻ കഴിയും. അത്തരം ദൃഢനിശ്ചയം ഉള്ളവർ സന്തുഷ്ടരായി തുടരുന്നു. “അനേകം പ്രശ്നങ്ങളും കാലക്രമേണ പരിഹരിക്കപ്പെടുകയും ഇണകൾ കൂടുതൽ പ്രസന്നരായി കാണപ്പെടുകയും ചെയ്യുന്നു” എന്ന് പ്രൊഫസർ വെയ്റ്റ് പറയുന്നു. വാസ്തവത്തിൽ, ദാമ്പത്യ ജീവിതത്തിൽ “തികച്ചും അസന്തുഷ്ടർ” ആയിരുന്നിട്ടും ബന്ധം വേർപെടുത്താതിരുന്ന ഏതാണ്ട് 80 ശതമാനവും, 5 വർഷത്തിനു ശേഷം “സന്തുഷ്ട ദമ്പതികൾ” ആയി കാണപ്പെട്ടു എന്ന് ഒരു പഠനം പ്രകടമാക്കി. രൂക്ഷമായ പ്രശ്നങ്ങൾ നേരിടുമ്പോൾ പോലും ഇണകൾ തിടുക്കത്തിൽ വിവാഹമോചനം നടത്താതിരിക്കുന്നതാണ് അഭികാമ്യം.
പ്രായോഗിക മാർഗങ്ങൾ
വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ചു ചിന്തിക്കുന്നവർ, തങ്ങളുടെ ദാമ്പത്യ സങ്കൽപ്പങ്ങൾ വാസ്തവികമാണോ എന്നു സ്വയം ചോദിക്കേണ്ടതുണ്ട്. പ്രണയബദ്ധരായ കാമുകീകാമുകന്മാർ ആഡംബരമായ ഒരു വിവാഹത്തിൽ ഒന്നുചേരുകയും, സാങ്കൽപ്പിക കഥകളിൽ കാണുന്നതുപോലെ തുടർന്നങ്ങോട്ടു സുഖമായി ജീവിക്കുകയും ചെയ്യുന്നു എന്ന ധാരണയാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിരുകടന്ന മോഹങ്ങൾ വിവാഹത്തിനു ശേഷം മോഹഭംഗങ്ങളായി മാറുമ്പോൾ പരസ്പരവിരോധം ആളിക്കത്തിയേക്കാം. പിരിമുറുക്കം വർധിക്കുന്നതോടെ ഇണകളുടെ ഹൃദയങ്ങളിൽ വ്രണിതവികാരങ്ങൾ അധീശത്വം പുലർത്തുന്നു. സ്നേഹം വാടിക്കരിയുന്നു, കോപവും വിദ്വേഷവും മുളപൊട്ടി കരുത്താർജിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ഏക പോംവഴി വിവാഹമോചനം ആണെന്നു ചിലർ വിചാരിച്ചേക്കാം.—സദൃശവാക്യങ്ങൾ 13:12.
നിങ്ങളുടെ വീക്ഷണത്തെ വികലമാക്കാൻ നിഷേധാത്മക ചിന്തകളെ അനുവദിക്കുന്നതിനു പകരം, വിവാഹത്തോടു ശക്തമായ പ്രതിബദ്ധത പുലർത്തുന്നവരുമായി സഹവസിക്കുക. തങ്ങൾ “ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർദ്ധന വരുത്തിയും പോരുവിൻ” എന്ന് ക്രിസ്ത്യാനികൾ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (1 തെസ്സലൊനീക്യർ 5:11) നിശ്ചയമായും, ദാമ്പത്യ പ്രശ്നങ്ങളിൽ മുങ്ങിത്താഴുന്നവർക്ക് സഹവിശ്വാസികളിൽ നിന്നുള്ള പ്രോത്സാഹനം ആവശ്യമാണ്.
ദൈവിക ഗുണങ്ങളുടെ പ്രാധാന്യം
“മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു”കൊള്ളാൻ അപ്പൊസ്തലനായ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:12) പ്രക്ഷുബ്ധ സമയങ്ങളിൽ ദൈവികഗുണങ്ങൾ വിവാഹത്തെ കാത്തുരക്ഷിക്കുന്നു.
ഉദാഹരണത്തിന്, “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ” എന്ന് പൗലൊസ് എഴുതി. (കൊലൊസ്സ്യർ 3:13) “സന്തുഷ്ടിക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്ന ശക്തമായ ഒരു ഗുണമാണ് ക്ഷമ” എന്ന് മിഷിഗൺ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ പീറ്റർസൻ പറയുന്നു.
ദയയും ആർദ്രതയും ക്ഷമയും, “സമ്പൂർണ്ണതയുടെ ബന്ധമായ” സ്നേഹത്തെ ഊട്ടിവളർത്തുന്നു. (കൊലൊസ്സ്യർ 3:14) ഒരു സമയത്ത്, പരസ്പരമുള്ള സ്നേഹത്തിൽ നിങ്ങൾ സന്തോഷിച്ചിരുന്നു എന്നതിൽ സംശയമില്ല. ഒരിക്കൽ രുചിച്ചറിഞ്ഞ ആ സ്നേഹം വീണ്ടെടുക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ സാഹചര്യം എത്ര ദുഷ്കരം ആയിരുന്നാലും വിഷമിക്കാതിരിക്കുക. പ്രത്യാശയ്ക്കു വകയുണ്ട്. പരസ്പരം പറ്റിച്ചേർന്നുകൊണ്ട് ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ നിങ്ങൾ വിചാരിച്ചേക്കാവുന്നതിലും അധികം സന്തോഷം നിങ്ങളെ തേടിയെത്തും. ഇക്കാര്യത്തിലുള്ള നിങ്ങളുടെ പരിശ്രമം, വിവാഹത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തെ നിശ്ചയമായും സന്തോഷിപ്പിക്കും.—സദൃശവാക്യങ്ങൾ 15:20. (g04 9/8)
[അടിക്കുറിപ്പ്]
a വ്യഭിചാരത്തിൽ ഏർപ്പെട്ട ജീവിതപങ്കാളിയെ ഉപേക്ഷിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ നിരപരാധിയായ ഇണയ്ക്കുള്ള അവകാശത്തെ, യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭ ആദരിക്കുന്നു. 1999 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 5-9 പേജുകൾ കാണുക.