വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചിരി പിരി​മു​റു​ക്കം കുറയ്‌ക്കു​ന്ന​തി​ന്റെ കാരണം

ചിരി​ക്കു​മ്പോൾ നല്ല സുഖം തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇതു സംബന്ധിച്ച്‌ നടത്തിയ ചില പഠനങ്ങളെ കുറിച്ച്‌ ദ വാൻകൂ​വർ സൺ റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. അവയനു​സ​രിച്ച്‌ നർമം, ഭാഷ​യോ​ടും ഗ്രഹണ പ്രാപ്‌തി​യോ​ടും ബന്ധപ്പെട്ട തലച്ചോ​റി​ലെ ഭാഗങ്ങളെ മാത്രമല്ല, സന്തോഷം, അത്യാ​ഹ്ലാ​ദം എന്നിവ​യു​മാ​യി ബന്ധപ്പെട്ട ന്യൂക്ലി​യസ്‌ അക്യും​ബൻസ്‌ എന്നറി​യ​പ്പെ​ടുന്ന ഭാഗ​ത്തെ​യും പ്രവർത്ത​ന​ക്ഷ​മ​മാ​ക്കു​ന്നുണ്ട്‌. ഇത്‌ “മസ്‌തി​ഷ്‌ക​ത്തി​ലെ വളരെ ശക്തമായ ഒരു ഉപവ്യ​വ​സ്ഥ​യാണ്‌” എന്ന്‌ സ്റ്റാൻഫോർഡ്‌ സർവക​ലാ​ശാ​ല​യി​ലെ ഡോ. അലൻ റൈസ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. നർമത്തെ കുറി​ച്ചുള്ള പഠനം, ആളുക​ളു​ടെ സാമൂ​ഹിക പെരു​മാ​റ്റത്തെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ഡോക്ടർമാ​രെ സഹായി​ക്കു​മെന്ന്‌ അദ്ദേഹം വിശ്വ​സി​ക്കു​ന്നു. ഡോ. റൈസ്‌ പറയു​ന്ന​പ്ര​കാ​രം “ഒരു വ്യക്തിക്ക്‌ സൗഹൃ​ദ​ബ​ന്ധങ്ങൾ, നീണ്ടു​നിൽക്കുന്ന പ്രേമ​ബ​ന്ധങ്ങൾ പോലും ഉണ്ടോ, ഉണ്ടെങ്കിൽത്തന്നെ അത്‌ ആരുമാ​യി​ട്ടാണ്‌, എങ്ങനെ​യാണ്‌ അവ സ്ഥാപി​ക്കു​ന്നത്‌ തുടങ്ങിയ കാര്യ​ങ്ങ​ളി​ന്മേൽ പലപ്പോ​ഴും അവന്റെ നർമ​ബോ​ധ​ത്തി​നു സ്വാധീ​നം ചെലു​ത്താൻ കഴിയും. കൂടാതെ, [ആളുകൾ] നാനാ​തരം സമ്മർദ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ അവയെ വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാ​നുള്ള ഒരു മാർഗ​മാ​യി നർമത്തെ ലോക​മെ​ങ്ങും അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.” (g04 9/8)

ഭീമാ​കാ​ര​രായ പെരു​വ​ഴി​ക്കൊ​ള്ള​ക്കാർ

പെരു​വ​ഴി​യി​ലെ കൊള്ള​ക്കാർ മനുഷ്യർ മാത്രമല്ല. ബാങ്കോക്ക്‌ പോസ്റ്റി​ന്റെ അഭി​പ്രാ​യ​ത്തിൽ ആനകളും ആ പട്ടിക​യിൽ ഉൾപ്പെ​ടു​ന്നു. ബാങ്കോ​ക്കി​ന്റെ കിഴക്കു ഭാഗത്തുള്ള വനാന്ത​ര​ങ്ങ​ളി​ലെ ആനകൾ വിശപ്പു സഹിക്കാൻ വയ്യാതെ പുറത്തു​ക​ടന്ന്‌ വഴിയി​ലൂ​ടെ കരിമ്പു​മാ​യി പോകുന്ന ട്രക്കുകൾ തടഞ്ഞ്‌ അവയിലെ കരിമ്പ്‌ കൊള്ള​യ​ടി​ക്കു​ന്നു. സാധാ​ര​ണ​മാ​യി 130-ഓളം ആനകൾ നിവസി​ക്കുന്ന ആങ്‌ ലൂയെ നൈ വന്യജീ​വി സങ്കേത​ത്തിൽ, വരണ്ട കാലാവസ്ഥ മൂലം ആവശ്യ​ത്തിന്‌ ആഹാരം ലഭ്യമല്ല. അതിനാൽ, വിശന്നു​വ​ല​യുന്ന ആനകൾക്ക്‌ ആഹാരം തേടി വനത്തിന്‌ പുറ​ത്തേക്ക്‌ ഇറങ്ങേ​ണ്ടി​വ​രു​ന്നു. ചില ആനകൾ, അലിവു തോന്നുന്ന ട്രക്ക്‌ ഡ്രൈ​വർമാർ അവയ്‌ക്കാ​യി ഇട്ടു കൊടു​ക്കുന്ന കരിമ്പ്‌ എടുക്കു​മ്പോൾ, മറ്റു ചിലത്‌ കൃഷി​യി​ടങ്ങൾ ആക്രമി​ക്കാ​നും മടി കാണി​ക്കാ​ത്ത​താ​യി വന്യജീ​വി സങ്കേത​ത്തി​ന്റെ മുഖ്യ മേൽനോ​ട്ടം വഹിക്കുന്ന യൂ സെനാ​റ്റാം അറിയി​ച്ചു. (g04 9/22)

ആരോ​ഗ്യ​ദാ​യ​ക​മായ ഗ്രീക്ക്‌ ആഹാര​ക്ര​മം

“ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ​യും യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ ഏഥൻസ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ​യും ശാസ്‌ത്രജ്ഞർ 22,043 ഗ്രീക്കു​കാ​രു​ടെ ആഹാര ശീലങ്ങൾ നാലു വർഷ​ത്തോ​ളം നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. അതിൽ നിന്നും, മെഡി​റ്റ​റേ​നി​യൻ ആഹാര​രീ​തി കാൻസർ, ഹൃ​ദ്രോ​ഗം എന്നിവ കൊണ്ടു​ണ്ടാ​കുന്ന മരണസാ​ധ്യത 25 ശതമാ​ന​മോ അതില​ധി​ക​മോ കുറയ്‌ക്കു​ന്ന​താ​യി അവർ കണ്ടെത്തി,” എന്നു റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. “അണ്ടിപ്പ​രി​പ്പു​കൾ, പഴവർഗങ്ങൾ, പച്ചക്കറി​കൾ, പയറു​വർഗങ്ങൾ, ധാന്യങ്ങൾ, ഒലിവ്‌ എണ്ണ, മത്സ്യം എന്നിവ ഗ്രീക്കു​കാർ ധാരാ​ള​മാ​യി കഴിക്കു​ന്നു. ക്ഷീരോ​ത്‌പ​ന്നങ്ങൾ, മദ്യം, മാംസം എന്നിവ​യും അവർ മിതമായ തോതിൽ ആഹാര​ത്തിൽ ഉൾപ്പെ​ടു​ത്തു​ന്നു.” പരമ്പരാ​ഗത മെഡി​റ്റ​റേ​നി​യൻ ആഹാര​ക്ര​മ​ത്തി​ന്റെ ആരോ​ഗ്യ​പ​ര​മായ പ്രയോ​ജ​നങ്ങൾ പലപ്പോ​ഴും നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. (g04 8/22)

ലോക​ത്തി​ലെ ചേരികൾ വർധി​ക്കു​ന്നു

നിലവി​ലുള്ള നിരക്ക്‌ തുടരു​ക​യാ​ണെ​ങ്കിൽ, “30 വർഷത്തി​നു​ള്ളിൽ, ലോക​ത്തി​ലെ ഓരോ മൂന്നു​പേ​രി​ലും ഒരാൾ താമസി​ക്കു​ന്നത്‌ ഒരു ചേരി​പ്ര​ദേ​ശ​ത്താ​യി​രി​ക്കും” എന്ന്‌ ലണ്ടനിലെ ദ ഗാർഡി​യൻ, ഒരു യുഎൻ റിപ്പോർട്ടി​നെ പരാമർശി​ച്ചു​കൊ​ണ്ടു പ്രസ്‌താ​വി​ക്കു​ന്നു. ഖേദക​ര​മെന്നു പറയട്ടെ, “94 കോടി ജനങ്ങൾ—ലോക​ജ​ന​സം​ഖ്യ​യു​ടെ ഏതാണ്ട്‌ ആറി​ലൊന്ന്‌—ഇപ്പോൾത്തന്നെ ജീവി​ക്കു​ന്നത്‌ മാലി​ന്യം നിറഞ്ഞ, അനാ​രോ​ഗ്യ​ക​ര​മായ ചുറ്റു​പാ​ടു​ക​ളി​ലാണ്‌. വെള്ളമോ മാലിന്യ നിർമാർജന ഉപാധി​ക​ളോ പൊതു​ജ​ന​സേ​വ​ന​ങ്ങ​ളോ നിയമ​പ​ര​മായ സുരക്ഷ​യോ അവരിൽ മിക്കവർക്കും ലഭ്യമല്ല.” കെനി​യ​യി​ലെ നയ്‌റോ​ബി​യി​ലുള്ള കിബേറാ ജില്ലയിൽ 6,00,000-ത്തോളം ചേരി​നി​വാ​സി​ക​ളുണ്ട്‌. യുഎൻ ഹാബി​റ്റാറ്റ്‌ എന്നറി​യ​പ്പെ​ടുന്ന യുഎൻ മനുഷ്യ അധിവാസ പരിപാ​ടി​യു​ടെ ഡയറക്ട​റായ ആന്നാ റ്റി​ബൈ​യൂ​കാ പറയുന്നു “അങ്ങേയ​റ്റത്തെ അസമത്വ​വും തൊഴി​ലി​ല്ലാ​യ്‌മ​യും ആളുകളെ സാമൂ​ഹി​ക​വി​രുദ്ധ പ്രവർത്ത​ന​ങ്ങ​ളി​ലേക്കു നയിക്കു​ന്നു. എല്ലാത​ര​ത്തി​ലുള്ള അസന്മാർഗി​ക​ത​യും ഒത്തു​ചേ​രുന്ന ഇടങ്ങളാണ്‌ ചേരികൾ. സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കണ്ടെത്താൻ വളരെ ബുദ്ധി​മു​ട്ടു​ള്ള​തും യുവ​പ്രാ​യ​ക്കാർ സംരക്ഷി​ക്ക​പ്പെ​ടാൻ ഒരു സാധ്യ​ത​യു​മി​ല്ലാ​ത്ത​തു​മായ സ്ഥലങ്ങൾ കൂടി​യാണ്‌ അവ.” (g04 9/8)

അപകടം പതിയി​രി​ക്കുന്ന ജോലി​സ്ഥ​ല​മോ?

“വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രോ​ടൊ​ത്തുള്ള ജോലി നിങ്ങളു​ടെ ദാമ്പത്യ​ത്തി​നു ഭീഷണി​യാണ്‌,” ഒരു സ്വീഡിഷ്‌ പഠനത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ആ പഠനം നടത്തിയ ഇവോൻ ആബർഗ്‌ വിവാ​ഹ​മോ​ചനം, തൊഴിൽ എന്നിവയെ കുറി​ച്ചുള്ള ഗവൺമെ​ന്റി​ന്റെ രേഖകൾ പരി​ശോ​ധി​ച്ചു. “വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രോ​ടൊത്ത്‌ . . . ഒരു ഓഫീ​സിൽ ജോലി​ചെ​യ്യു​ന്നത്‌, ഒരേ ലിംഗ​വർഗ​ത്തിൽ പെട്ടവർ മാത്ര​മു​ള്ളി​ടത്ത്‌ ജോലി ചെയ്യു​ന്ന​തി​നോ​ടുള്ള താരത​മ്യ​ത്തിൽ, വിവാ​ഹ​മോ​ചന നിരക്ക്‌ ഞെട്ടി​ക്കും​വി​ധം, അതായത്‌ 70 ശതമാനം, വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്ന​താ​യി” അദ്ദേഹം കണ്ടെത്തി. സഹജോ​ലി​ക്കാർ വിവാ​ഹി​ത​രാ​ണോ അല്ലയോ എന്നത്‌ യാതൊ​രു വ്യത്യാ​സ​വും ഉണ്ടാക്കു​ന്നി​ല്ലെ​ന്നും അദ്ദേഹ​ത്തിന്‌ കണ്ടെത്താൻ കഴിഞ്ഞു. 1,500 ജോലി​സ്ഥ​ല​ങ്ങ​ളി​ലെ 37,000 ജോലി​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു നടത്തിയ ഏഴുവർഷത്തെ ഈ പഠനം വ്യക്തി​ക​ളിൽ നിന്നുള്ള റിപ്പോർട്ടു​ക​ളി​ലല്ല, പകരം സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളി​ലാണ്‌ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌. വ്യക്തി​ക​ളിൽനി​ന്നുള്ള റിപ്പോർട്ടു​കൾക്ക്‌ സാധാ​ര​ണ​ഗ​തി​യിൽ കൃത്യത കുറവാണ്‌. വിവാ​ഹ​മോ​ച​ന​ത്തി​നുള്ള സാധ്യത 50 ശതമാനം കുറയ്‌ക്കു​ന്ന​തി​നുള്ള ഒരു മാർഗം, ഒരേ ഓഫീ​സിൽ നിങ്ങളു​ടെ ഭാര്യ​യോ​ടൊത്ത്‌ അല്ലെങ്കിൽ ഭർത്താ​വി​നോ​ടൊത്ത്‌ ജോലി ചെയ്യു​ന്ന​താ​ണെന്ന്‌ ലേഖനം അഭി​പ്രാ​യ​പ്പെട്ടു. (g04 9/8)

അവിശ്വാ​സി​യായ മതപു​രോ​ഹി​തൻ

“സ്വർഗ​സ്ഥ​നായ ദൈവ​മില്ല, നിത്യ​ജീ​വ​നില്ല, പുനരു​ത്ഥാ​ന​വു​മില്ല” എന്ന പ്രസ്‌താ​വന നടത്തി​യ​തി​നെ തുടർന്ന്‌ ഒരു ലൂഥറൻ മതപു​രോ​ഹി​തൻ കഴിഞ്ഞ വർഷം വളരെ​യേറെ ശ്രദ്ധ പിടി​ച്ചു​പറ്റി. കുറച്ചു​നാ​ള​ത്തേക്കു സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ശേഷം അദ്ദേഹ​ത്തിന്‌ തന്റെ പദവി​യി​ലേക്കു തിരി​ച്ചു​വ​രാൻ അനുവാ​ദം ലഭിച്ച​താ​യി ബിബിസി ന്യൂസ്‌ റിപ്പോർട്ടു ചെയ്‌തു. കോ​പ്പെൻഹേ​ഗന്‌ അടുത്തുള്ള റ്റോ​ബെക്ക്‌ ഇടവക​യി​ലെ റ്റോക്കിൽ ഗ്രോ​സ്‌ബോൽ എന്ന ഈ പുരോ​ഹി​തൻ “തന്റെ പ്രസ്‌താ​വ​നയെ പ്രതി ക്ഷമാപണം നടത്തു​ക​യും” സഭയോ​ടുള്ള തന്റെ കടമകൾ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു​വെന്ന്‌ ഹെൽസിം​ഗർ രൂപത​യി​ലെ ബിഷപ്പായ ലിസെ-ലോട്ടെ റെബെൽ പറഞ്ഞു. എന്നിരു​ന്നാ​ലും, ഗ്രോ​സ്‌ബോൽ പ്രസംഗം പഴയതു​പോ​ലെ തന്നെ തുടർന്നു. ഗ്രോ​സ്‌ബോൽ രാജി​വെ​ക്കാൻ വിസമ്മ​തി​ക്കു​ക​യാ​ണെ​ങ്കിൽ, അദ്ദേഹ​ത്തിന്‌ ഒരു പുരോ​ഹി​ത​നാ​യി തുടരാൻ കഴിയു​മോ എന്ന്‌ വിചാരണ നടത്തി തീരു​മാ​നി​ക്കേണ്ടി വരും എന്ന്‌ 2004 ജൂണിൽ, ബിഷപ്പ്‌ പ്രസ്‌താ​വി​ച്ചു. (g04 9/8)

ചതിക്കുന്ന ചെസ്സ്‌ കളിക്കാർ

“അനേകം ചെസ്സ്‌ കളിക്കാ​രും എല്ലായ്‌പോ​ഴും നിയമങ്ങൾ അത്ര ഗൗരവ​മാ​യി എടുക്കാ​റില്ല” ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ഒരിക്കൽ, വൈദ​ഗ്‌ധ്യ​മൊ​ന്നും സിദ്ധി​ക്കാത്ത ഒരു കളിക്കാ​രൻ ഒരു ഗ്രാൻഡ്‌ മാസ്റ്റർക്കെ​തി​രെ ജയം നേടി. എന്നാൽ, മറ്റൊരു മുറി​യിൽ കമ്പ്യൂ​ട്ട​റു​മാ​യി​രി​ക്കുന്ന ഒരു ചെസ്സ്‌ കളിക്കാ​ര​നു​മാ​യി ആശയവി​നി​മയം നടത്തത്ത​ക്ക​വി​ധം ആ വ്യക്തി​യു​ടെ നീണ്ട മുടി​ക്കു​ള്ളിൽ മൈ​ക്രോ​ഫോൺ, ഇയർഫോ​ണു​കൾ, ക്യാമറ എന്നിവ ഉണ്ടായി​രു​ന്ന​താ​യി പിന്നീട്‌ കണ്ടെത്തി. മറ്റു ചിലർ ടോയ്‌ലെ​റ്റി​ലേക്കു പോയി കതകട​ച്ചിട്ട്‌ കയ്യിൽ പിടി​ക്കാ​വുന്ന കമ്പ്യൂട്ടർ പുറ​ത്തെ​ടു​ക്കു​ക​യും അടുത്ത​നീ​ക്കങ്ങൾ കണക്കു​കൂ​ട്ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഓൺ ലൈൻ അഥവാ ഇന്റർനെറ്റ്‌ കളിക്കാർക്കും വഞ്ചന നടത്താൻ കഴിയും. ചിലർ ഓൺ ലൈൻ കളിക​ളിൽ ഏർപ്പെ​ടു​മ്പോൾ സ്വന്തം കമ്പ്യൂ​ട്ട​റിൽ ഒരു ചെസ്സ്‌ പ്രോ​ഗ്രാം പ്രവർത്തി​പ്പി​ക്കു​ന്നു. മറ്റു ചില കേസു​ക​ളിൽ, ഒരു വ്യക്തി രണ്ടു വ്യത്യസ്‌ത പേരുകൾ സ്വീക​രി​ച്ചിട്ട്‌ തമ്മിൽ ഏറ്റുമു​ട്ടു​ന്നു, അതിൽ ഒരാൾ മുൻനി​ര​യി​ലെ​ത്തു​ന്ന​തിന്‌ സഹായി​ച്ചു​കൊണ്ട്‌ മറ്റേയാൾ എല്ലായ്‌പോ​ഴും പരാജ​യ​പ്പെട്ടു കൊടു​ക്കു​ന്നു. “പലർക്കും സമ്മാന​ത്തുക വലിയ കാര്യ​മൊ​ന്നു​മല്ല,” പത്രം പ്രസ്‌താ​വി​ക്കു​ന്നു. “മിക്കവ​രു​ടെ​യും കാര്യ​ത്തിൽ പ്രേര​ക​ഘ​ടകം അത്യാ​ഗ്ര​ഹമല്ല, മറിച്ച്‌ ദുരഭി​മാ​ന​മാണ്‌.” (g04 9/22)

പഠിക്കാൻ കഴിയാ​ത്തത്ര പ്രായ​മോ?

“[കെനി​യ​യി​ലെ റിഫ്‌റ്റ്‌ വാലി പ്രവി​ശ്യ​യി​ലുള്ള ഒരു പ്രാഥ​മിക വിദ്യാ​ല​യ​ത്തിൽ] പഠിക്കുന്ന ആറു വയസ്സു​കാ​രു​ടെ കൂട്ടത്തിൽ, ബാക്കി​യെ​ല്ലാ​വ​രെ​ക്കാ​ളും പൊക്ക​വും വലുപ്പ​വു​മുള്ള ഒരു വിദ്യാർഥി​യുണ്ട്‌,” നയ്‌റോ​ബി​യി​ലെ പത്രമായ ഡെയ്‌ലി നേഷൻ റിപ്പോർട്ടു ചെയ്യുന്നു. “ബൈബിൾ വായി​ക്കാൻ പഠിക്കാ​നാ​യി” അടുത്ത​യി​ടെ ഒന്നാം ക്ലാസ്സിൽ ചേർന്ന 84 വയസ്സുള്ള ഒരു മനുഷ്യ​നാണ്‌ അത്‌. മുതിർന്ന ക്ലാസ്സു​ക​ളിൽ പഠിക്കുന്ന കൊച്ചു​മക്കൾ അദ്ദേഹ​ത്തിന്‌ ഉണ്ടെങ്കി​ലും അദ്ദേഹം ക്ലാസ്സിൽ ഹാജരാ​കു​ന്നു. “ആളുകൾ ബൈബി​ളി​ലെ കാര്യങ്ങൾ എന്നോടു പറഞ്ഞു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അവ സത്യമാ​ണോ എന്നെനി​ക്ക​റി​യില്ല. അതു​കൊണ്ട്‌ എനിക്ക്‌ ആ വിശുദ്ധ ഗ്രന്ഥം സ്വന്തമാ​യി വായിച്ച്‌ അവ കണ്ടെത്തണം,” ആ വ്യക്തി നേഷൻ പത്ര​ത്തോ​ടു പറഞ്ഞു. സ്‌കൂൾയൂ​ണി​ഫോ​മിട്ട്‌, പഠന ഉപകര​ണ​ങ്ങ​ളു​മാ​യി സ്‌കൂ​ളി​ലെ​ത്തുന്ന അദ്ദേഹം, സ്‌കൂ​ളി​ലെ കർശന​മായ നിയമങ്ങൾ പാലി​ക്കാൻ തന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. എന്നാൽ, ചില കാര്യ​ങ്ങ​ളിൽ അദ്ദേഹ​ത്തിന്‌ വ്യത്യ​സ്‌ത​നാ​യി​രി​ക്കാൻ അനുവാ​ദ​മുണ്ട്‌. സ്‌കൂ​ളി​ലെ മറ്റുകു​ട്ടി​കൾ വ്യായാ​മം ചെയ്യു​ക​യും ഓടി​ച്ചാ​ടി കളിക്കു​ക​യും ചെയ്യുന്ന സമയത്ത്‌, അദ്ദേഹം “പതു​ക്കെ​യൊ​ന്നു മൂരി നിവർത്തി​യാൽ മാത്രം മതിയാ​കും.” (g04 9/22)