വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സർക്കസ്‌ കൂടാരത്തിലെ എന്റെ ജീവിതം

സർക്കസ്‌ കൂടാരത്തിലെ എന്റെ ജീവിതം

സർക്കസ്‌ കൂടാ​ര​ത്തി​ലെ എന്റെ ജീവിതം

ജോൺ സ്‌മോ​ളി പറഞ്ഞ പ്രകാരം

“മാന്യ​മ​ഹാ​ജ​ന​ങ്ങളേ . . . ലോക​ത്തി​ലെ ഏറ്റവും വലിയ സർക്കസ്‌ പ്രദർശ​ന​ത്തി​ലേക്ക്‌ നിങ്ങൾക്കേ​വർക്കും സ്വാഗതം!” കാണി​ക​ളിൽ അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം റിങ്‌ മാസ്റ്ററു​ടെ ആ വാക്കുകൾ, മൃഗങ്ങ​ളും കോമാ​ളി​ക​ളും കായി​കാ​ഭ്യാ​സി​ക​ളും എല്ലാം ഉൾപ്പെട്ട ആവേശ​ജ​ന​ക​മായ കാഴ്‌ച​ക​ളു​ടെ ആരംഭം കുറി​ക്കു​ന്ന​താ​യി​രു​ന്നു. എന്നാൽ എന്റെ കുടും​ബ​ത്തി​ന്റെ കാര്യ​ത്തിൽ അത്‌, ‘റിങ്‌ലിങ്‌ ബ്രദേ​ഴ്‌സ്‌-ബാർനം ആന്റ്‌ ബെയ്‌ലി സർക്കസ്‌ കമ്പനി’യുടെ കൂടാ​ര​ക്കീ​ഴി​ലെ മറ്റൊരു പ്രദർശ​ന​പ​രി​പാ​ടി​യു​ടെ തുടക്കത്തെ അർഥമാ​ക്കി.

ഞാൻ ജനിച്ചത്‌ 1951-ൽ ആയിരു​ന്നു. “കാലിൽ അറക്ക​പ്പൊ​ടി പറ്റിയ” അവസ്ഥയി​ലാ​ണു ഞാൻ പിറന്നു​വീ​ണത്‌ എന്ന്‌ വേണ​മെ​ങ്കിൽ പറയാം; ആ പ്രയോ​ഗം, വിശാ​ല​മായ സർക്കസ്‌ കൂടാ​ര​ങ്ങ​ളു​ടെ തറയി​ലി​ടുന്ന അറക്ക​പ്പൊ​ടി​യെ പരാമർശി​ക്കു​ന്നു. പിച്ച​വെച്ചു തുടങ്ങി​യതു മുതൽ ഞാനും എന്റെ സഹോ​ദ​ര​നും ചെറിയ തോതി​ലാ​യി​രു​ന്നെ​ങ്കി​ലും സർക്കസ്‌ ജീവി​ത​ത്തിൽ ഞങ്ങളു​ടേ​തായ പങ്കുവ​ഹി​ച്ചി​രു​ന്നു.

ഞാൻ ജനിക്കു​ന്ന​തി​നു മുമ്പെ എന്റെ മാതാ​പി​താ​ക്ക​ളായ ഹാരി​യും ബിയാ​ട്രി​സും, ക്ലൈഡ്‌ ബിറ്റി എന്ന സർക്കസിൽ ചേർന്നി​രു​ന്നു. ഒരു പാട്ടു​കാ​രി ആയിരുന്ന എന്റെ അമ്മ, സമ്പൂർണ​മായ പരമ്പരാ​ഗത മെക്‌സി​ക്കൻ വസ്‌ത്രാ​ല​ങ്കാ​ര​ത്തോ​ടെ സ്‌പാ​നീഷ്‌ ഗീതങ്ങൾ ആലപി​ച്ചി​രു​ന്നു. എന്റെ ഡാഡി​യാ​കട്ടെ, സംഗീ​ത​സം​ഘ​ത്തി​ന്റെ നായക​നും സംഗീത രചയി​താ​വു​മായ ജോൺ ഫിലിപ്പ്‌ സൂസ​യോ​ടൊ​പ്പം ഒന്നാം ലോക​യുദ്ധ കാലത്ത്‌ ഒരു സംഗീ​തജ്ഞൻ ആയി പ്രവർത്തി​ച്ചി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം തുടർന്ന്‌ 1950-കളിൽ, പ്രസി​ദ്ധി​കേട്ട റിങ്‌ലിങ്‌ ബ്രദേ​ഴ്‌സ്‌ സംഘം, റ്റ്യൂബ വായി​ക്കാൻ ഡാഡിയെ തിര​ഞ്ഞെ​ടു​ത്തത്‌.

കാല​പ്ര​വാ​ഹ​ത്തിൽ വിവിധ സർക്കസ്‌ കമ്പനി​ക​ളിൽ ഞങ്ങൾ വേല ചെയ്‌തു. ഒടുവിൽ, ഐക്യ​നാ​ടു​ക​ളിൽ വളരെ പ്രസി​ദ്ധി​യാർജി​ച്ചി​രുന്ന അൽ ജി. കെലി ആൻഡ്‌ മിലർ ബ്രദേ​ഴ്‌സ്‌ എന്ന കമ്പനി​യിൽ എത്തി​പ്പെട്ടു. ഈ സർക്കസിന്‌ മൂന്നു വലിയ കൂടാ​രങ്ങൾ ഉണ്ടായി​രു​ന്നു. അവയിൽ ഒന്നിൽ സിംഹം, കരടി, ആന, കഴുത​പ്പു​ലി എന്നിവയെ കൂടാതെ മറ്റു വിദേശ മൃഗങ്ങ​ളെ​യും പാർപ്പി​ച്ചി​രു​ന്നു.

രണ്ടാമത്തെ കൂടാരം ഞങ്ങളുടെ ഭാഷയിൽ ‘സൈഡ്‌ ഷോ’യ്‌ക്കു​ള്ളത്‌ ആയിരു​ന്നു. വാൾ വിഴു​ങ്ങുന്ന അഭ്യാസി, ‘ഹിജഡകൾ’, കുള്ളന്മാർ, മല്ലൻ എന്നിവരെ കൂടാതെ അസാധാ​ര​ണ​മായ ശാരീ​രിക സവി​ശേ​ഷ​ത​ക​ളുള്ള മറ്റു വ്യക്തി​ക​ളും ആയിരു​ന്നു സാധാ​ര​ണ​മാ​യി അവിടെ ഉണ്ടായി​രു​ന്നത്‌. അത്തരം വിഭിന്ന മനുഷ്യ​രോ​ടു കൂടെ​യുള്ള ജീവിതം കുട്ടി​ക​ളായ ഞങ്ങൾക്ക്‌ ഏറെ വിജ്ഞാ​ന​പ്രദം ആയിരു​ന്നു. ചിലർ നിർദ​യ​മാ​യി അവരെ വളരെ മോശ​മായ പേരുകൾ വിളി​ച്ചി​രു​ന്നെ​ങ്കി​ലും, അവർ ഞങ്ങൾക്കു കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ ആയിരു​ന്നു. വർഷത്തി​ന്റെ ഏറിയ പങ്കും ഞങ്ങൾ ഒന്നിച്ച്‌ വേല​യെ​ടു​ക്കു​ക​യും ഭക്ഷിക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ജീവിതം ചെലവ​ഴി​ച്ചു.

പ്രധാന സർക്കസ്‌ കൂടാരം മൂന്നാ​മ​ത്തേത്‌ ആയിരു​ന്നു, അവി​ടെ​യുള്ള മൂന്നു റിങ്ങു​ക​ളി​ലും ഒരേസ​മ​യത്ത്‌ പലതരം പ്രകട​നങ്ങൾ നടത്തി​യി​രു​ന്നു. ഏറ്റവും അപകട​ക​ര​മോ ആകർഷ​ക​മോ ആയ അഭ്യാ​സങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ മധ്യത്തി​ലുള്ള റിങ്ങി​ലാ​ണു നടത്തി​യി​രു​ന്നത്‌.

സർക്കസ്‌ ജീവി​ത​ത്തി​ലെ ഒരു ദിവസം

നന്നേ ചെറുപ്പം മുതലേ ഞാനും സഹോ​ദ​ര​നും കായി​കാ​ഭ്യാ​സി​കൾ ആയിരു​ന്നു. അമരി​ന്ത്യൻ കുട്ടി​ക​ളു​ടെ റോളിൽ അഭിന​യി​ച്ചു​കൊണ്ട്‌ വൈൽഡ്‌ വെസ്റ്റ്‌ (പടിഞ്ഞാ​റൻ അമേരി​ക്ക​യു​ടെ ഗതകാ​ല​വു​മാ​യി ബന്ധപ്പെട്ട) പരിപാ​ടി​ക​ളി​ലും ഞങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു. ഇതിൽ പങ്കെടു​ത്തി​രുന്ന ചോക്‌റ്റൊ എന്ന തദ്ദേശ അമേരി​ക്കൻ ഗോ​ത്ര​ത്തിൽപ്പെട്ട ഒരു കുടും​ബം, ഞങ്ങളെ അമരി​ന്ത്യൻ നൃത്തങ്ങൾ അഭ്യസി​പ്പി​ച്ചു.

ഞങ്ങളുടെ ദിവസം സാധാരണ രാവിലെ ആറു മണി​യോ​ടെ ആരംഭി​ക്കു​ന്നു. അപ്പോൾ, അടുത്ത പട്ടണത്തി​ലേക്കു തിരി​ക്കു​ന്ന​തി​നുള്ള ഒരുക്കങ്ങൾ തുടങ്ങു​ക​യാ​യി. കൂടാ​ര​സാ​മ​ഗ്രി​ക​ളും മറ്റും അഴി​ച്ചെ​ടു​ത്തു കൊണ്ടു​പോ​കു​ന്ന​തി​ലും പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​ലും കളിക്കാർ എല്ലാവ​രും പങ്കെടു​ക്കു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സംഗീ​ത​പ​രി​പാ​ടി​കൾ നടത്തു​ന്ന​തി​നു പുറമേ എന്റെ ഡാഡി, സർക്കസ്‌ കമ്പനി​യു​ടെ ഏഴ്‌ ആനകളെ കയറ്റി​ക്കൊ​ണ്ടു​പോ​കാ​റു​ണ്ടാ​യി​രുന്ന ഒരു വലിയ ട്രക്കും ഓടി​ച്ചി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ, ഞാനും സഹോ​ദ​ര​നും അമ്മയും ഡാഡി​യോ​ടൊ​പ്പം ആ ട്രക്കിൽ സഞ്ചരി​ച്ചി​രു​ന്നു.

മിക്കവാ​റും ദിവസ​ങ്ങ​ളിൽ ഞങ്ങൾ ഒരു പുതിയ സ്ഥലത്തേക്കു പോകു​ക​യും അവിടെ രണ്ടു പ്രദർശ​നങ്ങൾ നടത്തു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ ഞായറാഴ്‌ച, മാറ്റിനി മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. തന്നിമി​ത്തം വൈകു​ന്നേരം കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ കഴിഞ്ഞി​രു​ന്നു. ആ ദിവസം കുടും​ബ​സ​മേതം പ്രത്യേ​ക​മായ എന്തെങ്കി​ലും ചെയ്യുക എന്നത്‌ ഡാഡി​യു​ടെ പതിവ്‌ ആയിരു​ന്നു, ഒന്നുകിൽ ആഘോ​ഷ​മാ​യി പട്ടണത്തിൽ പോയി മിൽക്ക്‌ ഷേക്ക്‌ വാങ്ങും അല്ലെങ്കിൽ ഒരു ഡ്രൈവ്‌-ഇൻ-മൂവീ തിയേ​റ്റ​റിൽ കൊണ്ടു​പോ​യി സിനിമ കാണി​ക്കും.

സർക്കസ്‌ കൂടാരം ഉറപ്പി​ക്കു​ന്ന​തിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​രു​ന്നു. ഇക്കാര്യ​ത്തിൽ ആനകൾ പോലും സഹായി​ച്ചി​രു​ന്നു. എങ്ങനെ​യെ​ന്നോ? മൂന്നു കൂടാ​ര​ങ്ങൾക്കും വേണ്ടി​യുള്ള തൂണുകൾ നാട്ടാൻ അവയെ ആണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. തൂണിന്റെ ഒരറ്റം, കൂടാ​ര​ത്തു​ണി​യിൽ ഘടിപ്പി​ച്ചി​ട്ടുള്ള ഒരു വളയത്തിൽ കടത്തി​യി​ടു​ന്നു. തുടർന്ന്‌, ആനയെ ഉപയോ​ഗിച്ച്‌ തൂൺ പൊക്കി നേരെ നിറു​ത്തു​ന്നു. തൂണുകൾ എല്ലാം ഉറപ്പി​ക്കു​ക​യും പ്രകാ​ശ​ത്തി​നാ​യി ജനറേ​റ്റ​റു​കൾ സ്ഥാപി​ക്കു​ക​യും ചെയ്‌ത​തി​നു ശേഷം ഞങ്ങൾ ഉച്ചകഴി​ഞ്ഞത്തെ പ്രദർശ​ന​ത്തി​നുള്ള ഒരുക്കം തുടങ്ങും.

പുതിയ വിദ്യകൾ പഠിക്കു​ന്നു

സർക്കസ്‌ കമ്പനി​യി​ലെ നിരവധി വരുന്ന കുട്ടികൾ മലക്കം മറിയൽ, ഞാണി​ന്മേൽ നടത്തം, അമ്മാന​മാ​ട്ടം, ട്രപ്പീസ്‌ പ്രകട​നങ്ങൾ എന്നിവ​യെ​ല്ലാം അഭ്യസി​ച്ചി​രു​ന്നത്‌ ഉച്ചകഴി​ഞ്ഞും വൈകു​ന്നേ​ര​വും ഉള്ള പ്രദർശ​ന​ങ്ങൾക്ക്‌ ഇടയി​ലുള്ള സമയത്ത്‌ ആയിരു​ന്നു. പരമ്പരാ​ഗ​ത​മാ​യി സർക്കസ്‌ രംഗത്തു പ്രവർത്തി​ക്കുന്ന തലമൂത്ത സർക്കസു​കാ​രാണ്‌ ഞങ്ങളെ പരിശീ​ലി​പ്പി​ച്ചി​രു​ന്നത്‌. ആദ്യമാ​യി മലക്കം മറിയാൻ എന്നെ പഠിപ്പിച്ച ഇറ്റലി​ക്കാ​ര​നായ അഭ്യാ​സി​യെ ഞാൻ ഓർക്കു​ന്നു. അന്നെനിക്ക്‌ ഏകദേശം നാലു വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. ഞാൻ വീണു​പോ​കാ​തി​രി​ക്കാ​നാ​യി ആദ്യ​മൊ​ക്കെ ഒരു സേഫ്‌റ്റി​ബെൽറ്റ്‌ അദ്ദേഹം കെട്ടി​ത്ത​രു​മാ​യി​രു​ന്നു, പിന്നെ​പ്പി​ന്നെ എന്നെ താങ്ങാ​നാ​യി അദ്ദേഹം കൈകൾ മാത്രം ഉപയോ​ഗി​ക്കാൻ തുടങ്ങി, അപ്പോ​ഴൊ​ക്കെ ഞാൻ വീഴു​ന്നു​ണ്ടോ എന്നു നോക്കി അദ്ദേഹം എന്റെ അരികിൽത്തന്നെ ഉണ്ടാകും. ക്രമേണ അദ്ദേഹം കൈകൾ പിൻവ​ലി​ച്ചു, അങ്ങനെ ഞാൻ അത്‌ സ്വന്തമാ​യി ചെയ്യാ​റാ​യി.

പ്രധാന കൂടാ​ര​ത്തിൽ അശ്വാ​ഭ്യാ​സ​ങ്ങൾക്കു വേണ്ടി​യുള്ള ഗ്രൗണ്ടി​നു ചുറ്റു​മാ​യി നടത്തി​യി​രുന്ന ഗംഭീ​ര​മായ പരേഡി​ന്റെ സമയത്താ​യി​രു​ന്നു എനിക്ക്‌ ആകെക്കൂ​ടി ഒരു അപകടം നേരി​ട്ടത്‌. ഞാനും സഹോ​ദ​ര​നും ഒരു കോമാ​ളി​യു​ടെ പിമ്പി​ലും ഒരു ആനക്കൂ​ട്ട​ത്തി​ന്റെ മുമ്പി​ലു​മാ​യി നീങ്ങു​ക​യാ​യി​രു​ന്നു. നടക്കു​ന്ന​തി​നി​ട​യിൽ ഞാൻ കൈകൾ വീശി​ക്കൊ​ണ്ടി​രു​ന്നു. അതുകണ്ട്‌ ഭയന്നി​ട്ടാ​കാം കോമാ​ളി​യു​ടെ കൂടെ നടന്നി​രുന്ന കുരങ്ങു​ക​ളിൽ ഒന്ന്‌ എന്റെ കൈയ്യിൽ ചാടി​പ്പി​ടിച്ച്‌ ശക്തമായി കടിച്ചു. എങ്കിലും, മുറിവ്‌ പഴുക്കു​ക​യു​ണ്ടാ​യില്ല. വളരെ ഭംഗി​യു​ള്ള​തും ഇണക്കമു​ള്ള​തും ആണെന്നു തോന്നി​യാ​ലും വന്യമൃ​ഗ​ങ്ങ​ളോട്‌ ഇടപെ​ടു​ന്നതു സൂക്ഷി​ച്ചു​വേണം എന്നതി​നുള്ള ശക്തമായ ഒരു മുന്നറി​യിപ്പ്‌ എന്ന നിലയിൽ ഇടതു കൈയിൽ അതിന്റെ പാട്‌ ഇപ്പോ​ഴും മായാതെ കിടപ്പുണ്ട്‌.

ഞാൻ മൂല്യ​വ​ത്തായ പാഠങ്ങൾ പഠിച്ചു

സർക്കസ്‌ ജീവിതം ഞങ്ങളുടെ കുടുംബ ജീവി​തത്തെ മോശ​മാ​യി ബാധി​ച്ചി​രു​ന്നില്ല. മാതാ​പി​താ​ക്കൾ എല്ലായ്‌പോ​ഴും ഞങ്ങളെ വിശി​ഷ്ട​മായ തത്ത്വോ​പ​ദേ​ശ​ങ്ങ​ളും ധാർമിക മൂല്യ​ങ്ങ​ളും പഠിപ്പി​ക്കു​മാ​യി​രു​ന്നു. ഡാഡി എന്നെ മടിയിൽ ഇരുത്തി, മറ്റൊരു വർഗത്തി​ലോ പശ്ചാത്ത​ല​ത്തി​ലോ ഉള്ള ആളുക​ളോട്‌ മുൻവി​ധി പുലർത്ത​രുത്‌ എന്നു പറഞ്ഞു​ത​ന്നത്‌ ഞാൻ ഇന്നും ഓർക്കു​ന്നു. ഇത്‌ ഒരു വില​യേ​റിയ പാഠം തന്നെ ആയിരു​ന്നു. കാരണം, വ്യത്യസ്‌ത ശരീര ഘടന ഉള്ളവർ മാത്രമല്ല വ്യത്യസ്‌ത ദേശക്കാ​രാ​യ​വ​രും എന്നോ​ടൊ​പ്പം ജീവി​ച്ചി​രു​ന്നു.

അമ്മയും എന്നെ നല്ല രീതി​യിൽ സ്വാധീ​നി​ച്ചി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ സർക്കസ്‌ കാണാൻ കൂടാരം നിറയെ ആളുകൾ ഉണ്ടായി​രി​ക്കും, മറ്റു ചില​പ്പോ​ഴോ വളരെ​ക്കു​റ​ച്ചും. അമ്മ എപ്പോ​ഴും ഞങ്ങളോ​ടു പറയും: “പണം സമ്പാദി​ക്കു​കയല്ല, ആളുകളെ രസിപ്പി​ക്കു​ക​യാണ്‌ (ഇതു പറയു​മ്പോൾ അമ്മ കൈ​കൊ​ട്ടി കാണി​ക്കും) നമ്മുടെ ലക്ഷ്യം. കാണികൾ നൂറു​ക​ണ​ക്കിന്‌ ഉണ്ടായി​രു​ന്നാ​ലും അല്ലെങ്കിൽ അവരുടെ എണ്ണം തുലോം കുറവാ​യി​രു​ന്നാ​ലും, നിങ്ങളു​ടെ പ്രകടനം ഏറ്റവും മികച്ചത്‌ ആയിരി​ക്കണം.” ആ വാക്കുകൾ ഞാൻ ഒരിക്ക​ലും മറന്നില്ല. എത്ര പേർ ഉണ്ട്‌ എന്നതു ഗണ്യമാ​ക്കാ​തെ, വന്നിട്ടു​ള്ള​വ​രിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യം ഉണ്ടായി​രി​ക്കണം എന്നു പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു അമ്മ.

സർക്കസി​ലെ ഞങ്ങളുടെ പ്രകട​ന​ങ്ങൾക്കു പുറമേ ഞാനും സഹോ​ദ​ര​നും, പ്രദർശ​ന​ങ്ങൾക്കു ശേഷം ചപ്പുച​വ​റു​കൾ പെറു​ക്കി​ക്കൊണ്ട്‌ കൂടാരം വൃത്തി​യാ​ക്കാ​നും സഹായി​ച്ചി​രു​ന്നു. ഇതും ഞങ്ങൾക്കു നല്ല പരിശീ​ലനം ആയിരു​ന്നു.

ഏപ്രിൽ മുതൽ സെപ്‌റ്റം​ബർ വരെ സർക്കസ്‌ പുതിയ പുതിയ സ്ഥലങ്ങളി​ലേക്കു സഞ്ചരി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ ഞങ്ങൾക്കു മറ്റു കുട്ടി​ക​ളെ​പ്പോ​ലെ സ്‌കൂ​ളിൽ പോകാൻ കഴിഞ്ഞില്ല. ഒക്ലഹോ​മ​യി​ലെ ഹ്യൂ​ഗോ​യി​ലാ​ണു ഞങ്ങൾ ശൈത്യ​കാ​ലം ചെലവ​ഴി​ച്ചത്‌. ആ സമയത്ത്‌ അഞ്ചു മാസ​ത്തോ​ളം ഞങ്ങൾ സ്‌കൂ​ളിൽ പോയി. ശൈത്യ​കാ​ലത്ത്‌ മറ്റു സർക്കസു​കാ​രും അവിടെ എത്തിയി​രു​ന്ന​തി​നാൽ ഒരേ സാഹച​ര്യ​ങ്ങ​ളി​ലുള്ള അനേകം കുട്ടികൾ ഉണ്ടായി​രു​ന്നു. പട്ടണത്തി​ലുള്ള ആ സ്‌കൂൾ ഞങ്ങളുടെ പ്രത്യേക സാഹച​ര്യം കണക്കി​ലെ​ടുത്ത്‌ ആവശ്യ​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​തന്നു.

ഞങ്ങളുടെ ജീവി​തത്തെ മാറ്റി​മ​റിച്ച ദിവസം

1960 സെപ്‌റ്റം​ബർ 16-ാം തീയതി രാവിലെ അഞ്ചു മണി​യോ​ടെ ഡാഡി ഉറക്കമു​ണർന്ന്‌ യാത്ര​യ്‌ക്കാ​യി ഒരുങ്ങാൻ ഞങ്ങളെ സഹായി​ച്ചു​തു​ടങ്ങി. എന്നാൽ പതിവി​നു വിപരീ​ത​മാ​യി, ആനയെ കയറ്റിയ ട്രക്കിൽ ഡാഡി​യോ​ടൊ​പ്പം പോകാ​തെ ഞങ്ങൾ സർക്കസ്‌ കമ്പനി​യു​ടെ സാധാരണ യാത്രാ​വ​ണ്ടി​യിൽ പോയാൽ മതി എന്ന്‌ അമ്മ തീരു​മാ​നി​ച്ചു.

സർക്കസി​നു​ള്ള പുതിയ സ്ഥലത്ത്‌ എത്തി​ച്ചേർന്ന​ശേഷം ഞാനും സഹോ​ദ​ര​നും കൂടി പരിസ​ര​മെ​ല്ലാം വീക്ഷിച്ചു നടക്കു​ക​യാ​യി​രു​ന്നു. അപ്പോ​ഴാണ്‌ ആരോ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്ന​താ​യി ഞങ്ങൾ കേട്ടത്‌: “ട്രക്ക്‌ അപകട​ത്തിൽ പെട്ടു, സ്‌മോ​ളി​യും റിങ്‌ മാസ്റ്ററും മരിച്ചു​പോ​യി.” പക്ഷേ ഉടൻത​ന്നെ​യുള്ള എന്റെ പ്രതി​ക​രണം, ‘അത്‌ സത്യമല്ല, പറഞ്ഞ ആൾക്ക്‌ എന്തോ തെറ്റു​പ​റ്റി​യ​താണ്‌’ എന്നായി​രു​ന്നു. എന്നാൽ, അമ്മ അപകട​സ്ഥ​ല​ത്തേക്കു പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു എന്നു പിന്നീട്‌ ഞാൻ മനസ്സി​ലാ​ക്കി. കാലി​ഫോർണി​യ​യി​ലെ പ്ലാസർവി​ല്ലി​നു സമീപം ഒരു മലമ്പാ​ത​യി​ലൂ​ടെ ഇറങ്ങി​വ​രു​മ്പോ​ഴാണ്‌ അപകടം സംഭവി​ച്ചത്‌. ബ്രേക്ക്‌ പൊട്ടി​യ​താ​ണു കാരണം എന്നു തോന്നു​ന്നു. ആനകളു​ടെ ഭാരം നിമിത്തം ട്രെയ്‌ലർ ബാലൻസു തെറ്റി ഡ്രൈ​വ​റു​ടെ കാബി​ന്റെ​മേൽ ശക്തമായി വന്നിടി​ച്ചു. ശക്തമായ മർദം ഹേതു​വാ​യി വണ്ടിയു​ടെ ഇന്ധന ടാങ്ക്‌ പൊട്ടി​ത്തെ​റി​ക്കു​ക​യും ഡാഡി​യും ഒപ്പം ഉണ്ടായി​രുന്ന റിങ്‌ മാസ്റ്ററും തത്‌ക്ഷണം കൊല്ല​പ്പെ​ടു​ക​യും ചെയ്‌തു. ഞാൻ ആകെ തളർന്നു​പോ​യി. ഞാൻ എന്റെ ഡാഡിയെ അത്രയ്‌ക്കും സ്‌നേ​ഹി​ച്ചി​രു​ന്നു. ഞങ്ങൾ ശരിക്കും സുഹൃ​ത്തു​ക്കൾ ആയിരു​ന്നു.

മിസൗ​റി​യി​ലു​ള്ള സ്വന്തം പട്ടണമായ റിച്ച്‌ ഹില്ലിൽ ഡാഡിയെ അടക്കി​യ​ശേഷം ഞങ്ങൾ, ഒക്ലഹോ​മ​യി​ലെ ഹ്യൂ​ഗോ​യി​ലുള്ള ശൈത്യ​കാല വസതി​യി​ലേക്കു തിരി​ച്ചു​പോ​യി. അപ്പോൾ സർക്കസ്‌ സീസൺ ആയിരു​ന്ന​തി​നാൽ ഞങ്ങളുടെ കമ്പനി വ്യത്യസ്‌ത സ്ഥലങ്ങളി​ലാ​യി പ്രദർശനം നടത്തി​ക്കൊ​ണ്ടി​രു​ന്നു. അതേസ​മയം കുട്ടി​ക​ളായ ഞങ്ങൾ സാധാരണ സമയത്തു​തന്നെ പ്രവർത്തി​ക്കുന്ന ഒരു സ്‌കൂ​ളിൽ പോകാൻ തുടങ്ങി. അത്‌ ഒരു പുതിയ അനുഭവം ആയിരു​ന്നെ​ങ്കി​ലും, കെലി മിലർ കളിക്കാ​രോ​ടൊ​പ്പം ചുറ്റി​ക്ക​റ​ങ്ങാ​നുള്ള അടുത്ത സീസണു വേണ്ടി ഞങ്ങൾ ആകാം​ക്ഷ​യോ​ടെ കാത്തി​രു​ന്നു. എന്നാൽ ഞങ്ങളുടെ ജീവിതം ശ്രദ്ധേ​യ​മായ ഒരു വഴിത്തി​രി​വി​ന്റെ വക്കിൽ എത്തിയി​രു​ന്നു.

ബൈബിൾ ഞങ്ങളുടെ ജീവി​തത്തെ സ്വാധീ​നി​ക്കു​ന്നു

ഒരു ദിവസം സ്‌കൂ​ളിൽനി​ന്നു മടങ്ങി​യെ​ത്തി​യ​പ്പോൾ, ബൈബിൾ പഠിക്കു​ന്ന​തി​നു ഞങ്ങളെ സഹായി​ക്കാൻ വീട്ടിൽ വന്ന ഒരു സ്‌ത്രീ​യെ അമ്മ എനിക്കു പരിച​യ​പ്പെ​ടു​ത്തി. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിരു​ന്നു, പേര്‌ ജിമി ബ്രൗൺ. എനിക്കാ​ണെ​ങ്കിൽ ബൈബിൾ പഠിക്കുന്ന കാര്യ​ത്തിൽ ഒട്ടും താത്‌പ​ര്യം ഇല്ലായി​രു​ന്നു. എത്രയും പെട്ടെന്ന്‌ സർക്കസിൽ തിരി​ച്ചു​ചെന്ന്‌ ട്രപ്പീസ്‌ അഭ്യസി​ക്കുക എന്നതാ​യി​രു​ന്നു എന്റെ മുഴു ചിന്തയും ലക്ഷ്യവും. കാലങ്ങ​ളാ​യി ഞാൻ കൊണ്ടു​ന​ട​ന്നി​രുന്ന ഒരു മോഹ​മാണ്‌ അത്‌. ഒരു ഇടക്കാല ക്രമീ​ക​രണം എന്ന നിലയിൽ ഞാനും സഹോ​ദ​ര​നും ചേർന്ന്‌ രണ്ടു മരങ്ങൾക്കി​ട​യി​ലാ​യി ഒരു ട്രപ്പീസ്‌ കെട്ടു​ക​യും ചെയ്‌തി​രു​ന്നു. എന്നിരു​ന്നാ​ലും ഞങ്ങൾ എല്ലാവ​രും ബൈബിൾ പഠിക്കാ​നും, എട്ടു സാക്ഷികൾ മാത്ര​മുള്ള ഹ്യൂ​ഗോ​യി​ലെ ഒറ്റപ്പെട്ട ഒരു കൂട്ട​ത്തോ​ടൊ​പ്പം യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​നും തുടങ്ങി. ഏറെ താമസി​യാ​തെ, സർക്കസിൽനി​ന്നു വിരമി​ച്ചു​കൊണ്ട്‌ ബൈബിൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അമ്മ തീരു​മാ​നി​ച്ചു. നിറക​ണ്ണു​ക​ളോ​ടെ ഞാൻ അമ്മയുടെ തീരു​മാ​നത്തെ പിന്താങ്ങി. സർക്കസി​ലു​ള്ള​വ​രൊ​ക്കെ വന്ന്‌ എന്താണ്‌ അവരോ​ടൊ​പ്പം ചെല്ലാ​ത്തത്‌ എന്നു തിരക്കു​മ്പോ​ഴാ​യി​രു​ന്നു തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കാൻ ഞങ്ങൾക്കു കൂടുതൽ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടി​രു​ന്നത്‌.

സർക്കസ്‌ കൂടാ​തെ​യുള്ള ഒരു ജീവിതം എനിക്കു സങ്കൽപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. ഡാഡിയെ ഞങ്ങൾ മനഃപൂർവം മറക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ന്നു​പോ​ലും ഒരിക്കൽ ഞാൻ ചിന്തിച്ചു. അതേസ​മയം, ബൈബിൾ പഠിക്കാൻ എന്നെ പ്രേരി​പ്പി​ച്ച​തും അദ്ദേഹ​ത്തി​ന്റെ മരണം തന്നെ ആയിരു​ന്നു. കാരണം, എനിക്കു ശക്തമായ പ്രചോ​ദനം നൽകി​യി​രുന്ന കാര്യ​ങ്ങ​ളിൽ ഒന്നായി​രു​ന്നു പുനരു​ത്ഥാന പ്രത്യാശ. അത്‌ ഇന്നും എന്നിൽ സജീവ​മാ​യി നില​കൊ​ള്ളു​ന്നു. ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പറുദീ​സാ ഭൂമി​യി​ലേക്കു മടങ്ങി​വ​രുന്ന അദ്ദേഹത്തെ സ്വാഗതം ചെയ്യു​ന്ന​വ​രു​ടെ കൂട്ടത്തിൽ മുൻനി​ര​യിൽത്തന്നെ ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.—വെളി​പ്പാ​ടു 20:12-14.

യഹോ​വ​യു​ടെ സംഘടന ഒരു വലിയ കുടും​ബം പോ​ലെ​യാ​ണെന്നു തിരി​ച്ച​റി​യാൻ സാക്ഷി​ക​ളായ റിഡർ ദമ്പതികൾ ഞങ്ങളെ സഹായി​ച്ചു. അതെത്ര സത്യമാ​യി​രു​ന്നു! യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആ ചെറിയ കൂട്ടം, ആരാധ​ന​യിൽ ഏകീകൃ​ത​രായ അനേകം കുടും​ബങ്ങൾ ഉൾപ്പെട്ട ഒരു സഭ ആയിത്തീർന്നു. ദമ്പതി​ക​ളായ റോബർട്ട്‌ എങൽഹാർട്ടി​ന്റെ​യും ഭാര്യ കാരളി​ന്റെ​യും കാര്യ​വും എടുത്തു​പ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, തങ്ങളുടെ ആത്മീയ പുത്ര​നാ​യി അവർ എന്നെ ദത്തെടു​ത്തി​രു​ന്നു. ആ കൗമാര വർഷങ്ങ​ളിൽ അവർ എനിക്ക്‌ സ്‌നേ​ഹ​പൂർവ​ക​വും അതേസ​മയം സുദൃ​ഢ​വു​മായ ബുദ്ധി​യു​പ​ദേ​ശ​വും മാർഗ​നിർദേ​ശ​വും പ്രദാനം ചെയ്‌തു.

പക്വത​യു​ള്ള ക്രിസ്‌ത്യാ​നി​കൾ പ്രകടി​പ്പിച്ച ആ സ്‌നേഹം നഷ്ടബോ​ധം തരണം ചെയ്യാൻ ഞങ്ങളെ സഹായി​ച്ചു. ഒരു ക്രിസ്‌ത്യാ​നി എന്ന നിലയിൽ എന്റെ തുടർന്നുള്ള ജീവി​ത​ത്തി​ലും അതു സത്യമാ​യി​രു​ന്നു. ഒക്ലഹോ​മ​യി​ലും ടെക്‌സാ​സി​ലും ഞാൻ ഏറെക്കാ​ലം ജീവിച്ചു. അവി​ടെ​യുള്ള എല്ലാ സഭകളി​ലും സ്‌നേ​ഹ​നി​ധി​ക​ളായ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ഞാൻ കണ്ടുമു​ട്ടി. പ്രായ​മേ​റിയ ചില സഹോ​ദ​ര​ന്മാർ പിതൃ​തു​ല്യ​മായ മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും എനിക്കു നൽകി. യഥാർഥ​ത്തിൽ അവർ എന്റെ ആത്മീയ പിതാ​ക്ക​ന്മാർ ആയിരു​ന്നു.

യാത്ര തുടരു​ന്നു

ഏതാനും വർഷങ്ങൾക്കു മുമ്പ്‌ അമ്മയും മരണത്തിൽ നിദ്ര​പ്രാ​പി​ച്ചു. അന്നുവ​രെ​യും അവർ ശുഷ്‌കാ​ന്തി​യുള്ള ഒരു ബൈബിൾ പഠിതാ​വും ഒരു വിശ്വസ്‌ത ക്രിസ്‌ത്യാ​നി​യും ആയിരു​ന്നു. കല്ലറക​ളിൽനി​ന്നു ദൈവം തന്റെ വിശ്വ​സ്‌തരെ തിരികെ വരുത്തു​മ്പോൾ അക്കൂട്ട​ത്തിൽ എന്റെ അമ്മയും ഉണ്ടായി​രി​ക്കും. അമ്മയുടെ അപ്പോ​ഴത്തെ സന്തോഷം എനിക്കു ഭാവന​യിൽ കാണാൻ കഴിയു​ന്നു. ആ ദിവസ​ത്തി​നാ​യി കാത്തി​രി​ക്കവേ, യഹോ​വ​യു​ടെ സംഘടന പല വിധങ്ങ​ളി​ലും എനിക്കാ​യി ഒരു കുടും​ബത്തെ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു എന്ന വസ്‌തുത ആശ്വാസം പകരുന്നു.

ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽനിന്ന്‌ എഡ്‌നയെ ഭാര്യ​യാ​യി ലഭിച്ച​പ്പോൾ ഞാൻ പ്രത്യേ​കം അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​യി എനിക്കു തോന്നി. വിവാ​ഹ​ത്തി​നു ശേഷം, ബൈബിൾ വിദ്യാ​ഭ്യാ​സ വേലയിൽ മുഴു​സ​മയം പങ്കുപ​റ്റാ​നാ​യി ഞങ്ങൾ കാര്യാ​ദി​കൾ ക്രമീ​ക​രി​ച്ചു. ഞങ്ങളുടെ ഭൗതിക ആവശ്യങ്ങൾ നിറ​വേ​റ്റാ​നാ​യി ഞാൻ ഒരു അപ്രന്റിസ്‌ ടെലി​വി​ഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്‌തു. ആ മേഖല​യിൽ പരിച​യ​മോ പരിശീ​ല​ന​മോ എനിക്ക്‌ ഉണ്ടായി​രു​ന്നില്ല എങ്കിലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിൽനിന്ന്‌ ബൈബി​ള​ധ്യ​യനം നടത്തു​ന്ന​തി​നു ലഭിച്ച പരിശീ​ലനം ആ ജോലിക്ക്‌ എന്നെ യോഗ്യ​നാ​ക്കി. ഒടുവിൽ ഞാൻ ഒരു റേഡി​യോ നിലയ​ത്തി​ന്റെ ന്യൂസ്‌ ഡയറക്ടർ ആയിത്തീർന്നു. എന്നിരു​ന്നാ​ലും, മാധ്യമ മേഖല​യിൽ പേരു സമ്പാദി​ക്കുക എന്നത്‌ ആയിരു​ന്നില്ല എന്റെ ലക്ഷ്യം. പകരം, ആവശ്യ​മുള്ള എവി​ടെ​യും ബൈബിൾ സത്യം പഠിപ്പി​ക്കാ​നാ​യി ഞാനും എഡ്‌ന​യും ഞങ്ങളെ​ത്തന്നെ ലഭ്യമാ​ക്കി​ത്തീർത്തു.

1987-ൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ സന്ദർശി​ച്ചു​കൊണ്ട്‌ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി പ്രവർത്തി​ക്കാൻ എന്നെ ക്ഷണിക്കു​ക​യു​ണ്ടാ​യി. ഒരു സ്വമേധാ സഞ്ചാര മൂപ്പൻ എന്ന നിലയിൽ ഓരോ വാരവും ഞാൻ വ്യത്യസ്‌ത സഭകൾ സന്ദർശി​ക്കു​ക​യും എന്റെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ബൈബിൾ വിദ്യാ​ഭ്യാ​സ വേലയിൽ പ്രോ​ത്സാ​ഹ​ന​വും പരിശീ​ല​ന​വും നൽകു​ക​യും ചെയ്യുന്നു. ആത്മീയ അർഥത്തിൽ ഇന്ന്‌ എന്റെ കുടും​ബം ഏറെ വളർന്നി​രി​ക്കു​ന്നു. ഞങ്ങൾക്കു മക്കളി​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ സംഘട​ന​യിൽ ധാരാളം ആത്മീയ പുത്ര​ന്മാ​രും പുത്രി​മാ​രും ഞങ്ങൾക്കുണ്ട്‌.

ഒരു കണക്കിനു നോക്കി​യാൽ, അനേകം വർഷങ്ങൾക്കു ശേഷം ഇപ്പോ​ഴും ഞാൻ പട്ടണം തോറും സഞ്ചരി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എന്നത്‌ രസകര​മായ ഒരു സംഗതി​യാണ്‌, സർക്കസിൽനി​ന്നു സർക്കി​ട്ടി​ലേക്ക്‌! ട്രപ്പീസ്‌ അഭ്യാ​സി​യാ​കാൻ കഴിയു​മാ​യി​രു​ന്നോ, ഒറ്റ ചാട്ടത്തിൽ മൂന്നു പ്രാവ​ശ്യം മലക്കം മറിയു​ന്ന​തിൽ വൈദ​ഗ്‌ധ്യം നേടുക എന്ന എന്റെ ബാല്യ​കാല സ്വപ്‌നം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നോ എന്നൊക്കെ ഞാൻ അറിയാ​തെ ചിന്തി​ച്ചു​പോ​കാ​റുണ്ട്‌. എന്നാൽ, ഭൂമിയെ ഒരു പറുദീസ ആക്കു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നത്തെ കുറിച്ച്‌ ഓർക്കു​മ്പോൾ അത്തരം ചിന്തകൾ പെട്ടെന്നു തന്നെ മാഞ്ഞു​പോ​കു​ന്നു.—വെളി​പ്പാ​ടു 21:4, 5എ.

“കാലിൽ അറക്ക​പ്പൊ​ടി പറ്റിയ” അവസ്ഥയി​ലാ​ണു ഞാൻ പിറന്നു​വീ​ണത്‌ എന്നതു സത്യം തന്നെ. എന്നാൽ, “നന്മ സുവി​ശേ​ഷി​ക്കു​ന്ന​വ​രു​ടെ കാൽ എത്ര മനോ​ഹരം” എന്ന്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ ഞാൻ ഓർക്കു​ന്നു. (റോമർ 10:15) ദൈവത്തെ കുറിച്ച്‌ പഠിക്കാൻ ആളുകളെ സഹായി​ക്കുക എന്ന പദവി, ഒരു സർക്കസു​കാ​രൻ എന്ന നിലയിൽ എനിക്കു നേടാൻ കഴിയു​മാ​യി​രുന്ന എന്തി​നെ​ക്കാ​ളും ശ്രേഷ്‌ഠ​മാണ്‌. യഹോ​വ​യു​ടെ അനു​ഗ്രഹം എന്റെ ജീവി​തത്തെ ധന്യമാ​ക്കി​യി​രി​ക്കു​ന്നു! (g04 9/22)

[19-ാം പേജിലെ ചിത്രങ്ങൾ]

ഞങ്ങളുടെ സർക്കസ്‌ “കുടുംബ”ത്തിൽപ്പെട്ട ചിലർ; റ്റ്യൂബ​യു​മാ​യി നിൽക്കു​ന്നത്‌ ഡാഡി

[21-ാം പേജിലെ ചിത്രം]

ഭാര്യ എഡ്‌ന​യോ​ടൊ​പ്പം ഇന്ന്‌