വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവ വംശനാശഭീഷണിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അവ വംശനാശഭീഷണിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അവ വംശനാ​ശ​ഭീ​ഷ​ണി​യിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ഇന്ത്യയിൽ വംശനാ​ശം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ജീവി​ക​ളിൽ ചിലതു മാത്ര​മാണ്‌ ബംഗാൾ കടുവ, കാട്ടു​നാ​യ്‌ക്കൾ, സാരസ്‌ കൊക്കു​കൾ, കടലാമ, ഏഷ്യൻ ആന എന്നിവ. കരയിലെ ഏറ്റവും വലിയ സസ്‌ത​ന​മായ ആനയെ​ക്കു​റി​ച്ചു നോക്കാം.

ആനക്കൊ​മ്പിന്‌ വിപണി​യിൽ വലിയ ഡിമാ​ന്റാണ്‌. അതിന്റെ ഏറ്റവും വലിയ ഉപഭോ​ക്താ​ക്കൾ ജപ്പാൻകാ​രാണ്‌. അതു​പോ​ലെ​തന്നെ ചൈന​യിൽ ആനക്കൊ​മ്പിൽ തീർത്ത ചോപ്‌സ്റ്റി​ക്കു​കൾ വളരെ പ്രചാരം സിദ്ധി​ച്ച​വ​യാണ്‌. ആനക്കൊ​മ്പി​നോ​ടുള്ള ഈ പ്രിയം വിശേ​ഷി​ച്ചും ഏഷ്യൻ ആനകളെ എങ്ങനെ​യാ​ണു പ്രതി​കൂ​ല​മാ​യി ബാധി​ച്ചി​രി​ക്കു​ന്നത്‌?

കുറച്ചു നാൾ മുമ്പ്‌, ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ആഫ്രിക്കൻ ആനകളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ഏഷ്യൻ ആനകളിൽ, ആണാന​ക​ളിൽ തന്നെ ചിലതി​നു മാത്രമേ കൊമ്പു​കൾ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. അതു​കൊണ്ട്‌ വളർച്ച​യെ​ത്തിയ കൊമ്പ​നാ​ന​ക​ളാണ്‌ പ്രധാന ഇരകൾ. ഔദ്യോ​ഗിക രേഖകൾ അനുസ​രിച്ച്‌, ഓരോ വർഷവും ഏകദേശം നൂറ്‌ കൊമ്പ​നാ​നകൾ ഇന്ത്യയിൽ കൊല്ല​പ്പെ​ടു​ന്നു. ഇതാകട്ടെ, ആൺ-പെൺ അനുപാ​ത​ത്തിൽ അസന്തു​ലനം സൃഷ്ടി​ക്കു​ക​യും ചെയ്യുന്നു.” ഇത്തരം വേട്ടയാ​ടൽ ഈ വംശത്തി​ന്റെ നിലനിൽപ്പി​നു​തന്നെ ഭീഷണി ഉയർത്തി​യി​രി​ക്കു​ന്നു.

ഒരുപി​ടി രോമ​ത്തി​നു​വേണ്ടി

ഇനി, ഇന്ന്‌ കരയിൽ കാണ​പ്പെ​ടുന്ന രണ്ടാമത്തെ വലിയ സസ്‌ത​ന​മായ കാണ്ടാ​മൃ​ഗ​ത്തി​ന്റെ കാര്യ​മെ​ടു​ക്കുക. ഒറ്റക്കൊ​മ്പൻ കാണ്ടാ​മൃ​ഗത്തെ സംരക്ഷി​ക്കുന്ന വന്യജീ​വി​സ​ങ്കേ​തങ്ങൾ ഇപ്പോൾ ഉള്ളത്‌ ഇന്ത്യയി​ലും നേപ്പാ​ളി​ലും മാത്ര​മാണ്‌. എന്നാൽ, ഇന്ത്യയു​ടെ വടക്കു​കി​ഴക്കൻ സംസ്ഥാ​ന​മായ ആസ്സാമി​ലെ പോബി​റ്റൊ​റാ വന്യജീ​വി​സ​ങ്കേ​ത​ത്തിന്‌ ഏതാണ്ട്‌ 38 ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തൃ​തി​യേ ഉള്ളൂ. കാണ്ടാ​മൃ​ഗത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം അതിനു ചുറ്റി​സ​ഞ്ച​രി​ക്കാൻ ഈ സ്ഥലം വളരെ പരിമി​ത​മാണ്‌. അതു​കൊ​ണ്ടു​തന്നെ അവ തൊട്ട​ടു​ത്തുള്ള കൃഷി​യി​ട​ങ്ങ​ളി​ലേക്കു പോകു​ന്നു. അവിടെ ആളുകൾ അവയെ വിഷം കലർത്തിയ സാധനങ്ങൾ നൽകി​യോ വെടി​വെ​ച്ചോ കൊല്ലു​ന്നു.

കാണ്ടാ​മൃ​ഗ​ത്തെ കൊല്ലു​ന്ന​തിന്‌ മനുഷ്യൻ അതിവി​ദ​ഗ്‌ധ​മായ ഒരു രീതി കണ്ടെത്തി​യി​ട്ടുണ്ട്‌. പോബി​റ്റൊ​റാ വന്യജീ​വി​സ​ങ്കേ​ത​ത്തി​നു മുകളി​ലൂ​ടെ ഉയർന്ന വോൾട്ടേ​ജുള്ള രണ്ടു വൈദ്യു​ത​ലൈ​നു​കൾ കടന്നു​പോ​കു​ന്നുണ്ട്‌. അനധി​കൃത വേട്ടക്കാർ ഒരു മുളയു​ടെ കമ്പ്‌ ഉപയോ​ഗിച്ച്‌ ഈ വൈദ്യു​ത​ലൈ​നിൽ നിലം​വരെ മുട്ടുന്ന ഒരു കമ്പി തൂക്കി​യി​ടു​ന്നു. ഒരു കാണ്ടാ​മൃ​ഗം ഈ കമ്പിയിൽ തട്ടി ചത്തതി​നെ​പ്പറ്റി വന്യജീ​വി ശാസ്‌ത്ര​ജ്ഞ​നായ വിവേക്‌ മേനോൻ വിശദീ​ക​രി​ക്കു​ന്നു: “ഉയർന്ന വോൾട്ടേ​ജുള്ള വൈദ്യു​തി ശരീര​ത്തി​ലൂ​ടെ കടന്നു​പോ​കവേ ശ്വാസം എടുക്കാ​നുള്ള ബദ്ധപ്പാ​ടിൽ അത്‌ രണ്ടു പ്രാവ​ശ്യം മുക്കു​റ​യി​ട്ടു, പിന്നെ പെട്ടെ​ന്നു​തന്നെ നിലത്തു പിടഞ്ഞു​വീ​ണു ചത്തു. . . . ഒറ്റ സെക്കൻഡി​നു​ള്ളിൽ എല്ലാം തീർന്നു.”

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ഒരു കിലോ​ഗ്രാം മാത്രം തൂക്കം വരുന്ന, അതിന്റെ ചെറിയ ഒരു കൊമ്പി​നു​വേ​ണ്ടി​യാണ്‌ ഈ കൂറ്റൻ മൃഗത്തെ കൊല്ലു​ന്നത്‌. രോമങ്ങൾ ചേർന്ന്‌ ഉണ്ടാകുന്ന ഈ കൊമ്പ്‌ ഏറെക്കു​റെ മനുഷ്യ​നഖം പോ​ലെ​യാണ്‌. അതിന്റെ വാണിജ്യ മൂല്യ​മാണ്‌ കാണ്ടാ​മൃ​ഗത്തെ അപകട​ത്തി​ലാ​ക്കു​ന്നത്‌.

ഷാത്തൂഷ്‌ ഷാളു​ക​ളോ​ടുള്ള പ്രിയം

ചിറൂ എന്നറി​യ​പ്പെ​ടുന്ന ടിബറ്റൻ കലമാന്റെ രോമം, ഒരുതരം ഷാൾ നിർമി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു. ഈ ഷാൾ ഒരു മോതി​ര​ത്തി​നു​ള്ളി​ലൂ​ടെ വലി​ച്ചെ​ടു​ക്കാൻ സാധി​ക്ക​ത്ത​ക്ക​വി​ധം അത്ര നേർത്ത​താണ്‌. ഷാത്തൂഷ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന രോമം​കൊ​ണ്ടു നിർമി​ക്കുന്ന ഈ ഷാളിന്‌ 7,20,000 രൂപവരെ വില വന്നേക്കാം. ഇത്‌ ലോക​ത്തി​ലെ ഏറ്റവും വിലകൂ​ടിയ ഷാളു​ക​ളിൽ ഒന്നാണ്‌. കമ്പിളി ഉത്‌പാ​ദി​പ്പി​ക്കുന്ന കലമാ​നു​കളെ ഇത്‌ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

ദി ഇൻഡ്യൻ എക്‌സ്‌പ്രസ്‌ പറയുന്നു: “ഒരു ഷാത്തൂഷ്‌ ഷാൾ നിർമി​ക്കാൻ കുറഞ്ഞത്‌ അഞ്ചു ചിറൂ​ക​ളു​ടെ​യെ​ങ്കി​ലും ജീവ​നെ​ടു​ക്കണം.” ഓരോ വർഷവും ടിബറ്റി​ലെ പീഠഭൂ​മി​ക​ളിൽ ഏകദേശം 20,000 ചിറൂ​കളെ വേട്ടയാ​ടു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. വംശനാശ ഭീഷണി നേരി​ടുന്ന മൃഗങ്ങ​ളു​ടെ സംരക്ഷ​ണാർഥം വിവിധ നിയമങ്ങൾ പ്രാബ​ല്യ​ത്തിൽ ഉണ്ടായി​രി​ക്കെ​യാണ്‌ ഇതെല്ലാം സംഭവി​ക്കു​ന്നത്‌. കൂടാതെ 1979-ൽ ഷാത്തൂഷ്‌ കമ്പിളി​യു​ടെ വ്യാപാ​രം നിരോ​ധി​ച്ചി​രു​ന്ന​താണ്‌. എന്നിട്ടും, ചിറൂ​ക​ളു​ടെ എണ്ണം കുറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു.

തുകലി​നും എല്ലുകൾക്കും വേണ്ടി

ഇന്ത്യയി​ലെ കടുവ​ക​ളു​ടെ​യും മാർജാ​ര​വം​ശ​ത്തി​ലുള്ള മറ്റ്‌ മൃഗങ്ങ​ളു​ടെ​യും നിലനിൽപ്പും അപകട​ത്തി​ലാണ്‌. മറ്റുചി​ല​യി​ട​ങ്ങ​ളിൽ, കടുവ​യു​ടെ ഉപവർഗ​ത്തിൽപ്പെട്ട കാസ്‌പി​യൻ കടുവ, ജാവൻ കടുവ, ബാലി തുടങ്ങി​യ​വ​യ്‌ക്ക്‌ വംശനാ​ശം സംഭവി​ച്ചു കഴി​ഞ്ഞെ​ന്നാ​ണു കരുത​പ്പെ​ടു​ന്നത്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ, ഇന്ത്യൻ വനങ്ങളിൽ ഏകദേശം 40,000 കടുവകൾ വിഹരി​ച്ചി​രു​ന്നു. വർഷങ്ങൾ കടന്നു​പോ​കു​ന്ന​തോ​ടെ അവയുടെ എണ്ണം കുറഞ്ഞു​വ​രി​ക​യാണ്‌. അവയുടെ ആവാസ​കേ​ന്ദ്രങ്ങൾ നശിപ്പി​ക്ക​പ്പെ​ടു​ന്ന​താണ്‌ അതിനുള്ള ഒരു കാരണം. കൂടാതെ തുകലി​നും എല്ലുകൾക്കും വേണ്ടി മനുഷ്യൻ അവയെ വേട്ടയാ​ടു​ക​യും ചെയ്യുന്നു. അവയുടെ ചില എല്ലുകൾക്ക്‌ രോഗങ്ങൾ സൗഖ്യ​മാ​ക്കാ​നുള്ള കഴിവു​ണ്ടെന്ന വിശ്വാ​സ​ത്തിൽ ചൈനീസ്‌ ഔഷധ​ങ്ങ​ളിൽ അവ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.

ശരിയായ ആവാസ​വ്യ​വസ്ഥ ലഭ്യമ​ല്ലാ​ത്തത്‌ കടുവ​കളെ എങ്ങനെ ബാധി​ക്കു​ന്നു എന്നതി​നെ​ക്കു​റിച്ച്‌ കടുവ​ക​ളു​ടെ സ്വകാ​ര്യ​ജീ​വി​തം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “കാടിന്റെ വിസ്‌തൃ​തി കൂടി​യാൽ മാത്രമേ കടുവകൾ പെരു​കു​ക​യു​ള്ളു. അതു സംഭവി​ക്കാ​ത്ത​പക്ഷം, ഭക്ഷണത്തി​നും വിഹരി​ക്കാ​നുള്ള സ്ഥലത്തി​നു​മാ​യി അവ പരസ്‌പരം ആക്രമണം നടത്തു​ക​യും പലതും ചത്തു​പോ​കു​ക​യും ചെയ്യുന്നു. അങ്ങനെ എണ്ണം പെരു​കാ​തി​രി​ക്കാൻ അവ സ്വയം ശ്രദ്ധി​ക്കു​ന്നു.

ഇന്ത്യയി​ലെ മാർജാ​ര​വം​ശ​ത്തിൽപ്പെട്ട മറ്റു മൃഗങ്ങളെ സംബന്ധി​ച്ചെന്ത്‌? മുമ്പ്‌, ഗുജറാ​ത്തി​ലെ ജുനഗ​ഡി​ലുള്ള ഒരു മൃഗശാ​ല​യിൽ ചെല്ലു​ന്ന​വർക്ക്‌, ഒഴിഞ്ഞു​കി​ട​ക്കുന്ന ഒരു കൂടിനു മുമ്പിൽ ഏഷ്യൻ ചീറ്റപ്പു​ലി​യു​ടെ ചിത്ര​മുള്ള ഒരു ബോർഡു വെച്ചി​രി​ക്കു​ന്നതു കാണാ​മാ​യി​രു​ന്നു. അതിൽ ഗുജറാ​ത്തി ഭാഷയിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “ഇന്ത്യയിൽ 1950-കളിൽ വംശനാ​ശം സംഭവിച്ച ചീറ്റ.”

ഇവയുടെ ഭാവി എന്തായി​രി​ക്കും?

ഇന്ത്യയി​ലെ വംശനാ​ശം നേരി​ടുന്ന ഈ മൃഗങ്ങ​ളു​ടെ ഭാവി ആശാവ​ഹമല്ല. സ്വാർഥ​താ​ത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി മനുഷ്യൻ ഭൂമി​യെ​യും അതിലെ വിശി​ഷ്ട​മായ ജന്തുജാ​ല​ങ്ങ​ളെ​യും നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എന്നതിനു തെളി​വു​കൾ ധാരാ​ള​മാണ്‌. എന്നാൽ എന്താണു സംഭവി​ക്കാൻ പോകു​ന്നത്‌? ദൈവ​ത്തിൽനി​ന്നുള്ള ആധികാ​രിക ഗ്രന്ഥമായ ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌ അനുസ​രിച്ച്‌ പിൻവ​രുന്ന പ്രവചനം നിവൃ​ത്തി​യേ​റാ​നുള്ള സമയം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു: ‘ജാതികൾ കോപി​ച്ചു: നിന്റെ [ദൈവ​ത്തി​ന്റെ] കോപ​വും വന്നു . . . ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാ​നും ഉള്ള കാലവും വന്നു.’—വെളി​പ്പാ​ടു 11:18

ഭൂമി​യെ​യും അതിലെ വിശിഷ്ട ജീവജാ​ല​ങ്ങ​ളെ​യും നശിപ്പി​ക്കു​ന്ന​വരെ തുടച്ചു​നീ​ക്കി ഭൂമിയെ ശുദ്ധീ​ക​രി​ച്ചു കഴിയു​മ്പോൾ എന്തായി​രി​ക്കും ഫലം? എത്ര അതിശ​യ​ക​ര​മായ ഒരു സമയമാ​യി​രി​ക്കും അത്‌! യാതൊ​രു മൃഗങ്ങ​ളെ​യും മനുഷ്യൻ മേലാൽ നശിപ്പി​ക്കു​ക​യില്ല. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാൻ യേശു​ക്രി​സ്‌തു ആളുകളെ പഠിപ്പി​ച്ചു. ആ ദൈവ​രാ​ജ്യ​ത്തിൻ കീഴി​ലാണ്‌ അതു സംഭവി​ക്കാൻ പോകു​ന്നത്‌.—യെശയ്യാ​വു 11:6-9; മത്തായി 6:10. (g04 10/22)

[26-ാം പേജിലെ ചിത്രങ്ങൾ]

ഇന്ത്യയിലെ വംശനാ​ശം സംഭവി​ച്ചു​കൊ​ണ്ടി​രി ക്കുന്ന ചില ജീവികൾ

സാരസ്‌ കൊക്കു​കൾ

ബംഗാൾ കടുവ

ഏഷ്യൻ ആന

ഒറ്റക്കൊമ്പൻ കാണ്ടാ​മൃ​ഗം

ടിബറ്റൻ കലമാൻ

[കടപ്പാട്‌]

കൊക്ക്‌: Cortesía del Zoo de la Casa de Campo, Madrid; കലമാൻ: © Xi Zhi Nong/naturepl.com