ആദ്യവർഷങ്ങളിലെ പരിശീലനം എത്ര പ്രധാനമാണ്?
ആദ്യവർഷങ്ങളിലെ പരിശീലനം എത്ര പ്രധാനമാണ്?
ഫ്ളോറൻസ് ഒരു കുഞ്ഞിനുവേണ്ടി അതിയായി ആഗ്രഹിച്ചിരുന്നു. 40 വയസ്സുള്ളപ്പോൾ അവൾ ഗർഭിണിയായി. പക്ഷേ ജനിക്കുന്ന കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അവളുടെ ഡോക്ടർ മുന്നറിയിപ്പു നൽകി. എന്നാൽ അതിന്റെ പേരിൽ ഗർഭച്ഛിദ്രം നടത്താൻ അവൾ തയ്യാറായില്ല. ഒടുവിൽ അവൾ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.
തന്റെ കുഞ്ഞ്, സ്റ്റീഫൻ, ജനിച്ചുകഴിഞ്ഞ് താമസിയാതെതന്നെ ഫ്ളോറൻസ് അവനെ വായിച്ചുകേൾപ്പിക്കാനും ഒരു അവസരവും പാഴാക്കാതെ അവനോടു സംസാരിക്കാനും തുടങ്ങി. അവൻ വളർന്നുവരവേ, അവൾ അവനോടൊപ്പം പലതരം കളികളിൽ ഏർപ്പെട്ടു, പുറത്തൊക്കെ ചുറ്റിക്കറങ്ങാൻ പോയി, എണ്ണാൻ പരിശീലിച്ചു, പാട്ടുകൾ പാടി. “അവനെ കുളിപ്പിക്കുമ്പോൾപ്പോലും ഞാനും അവനും എന്തെങ്കിലും കളികളിൽ ഏർപ്പെടുമായിരുന്നു,” അവൾ ഓർക്കുന്നു. അവളുടെ ഈ പ്രയത്നങ്ങൾക്കെല്ലാം ഫലമുണ്ടായി.
പതിന്നാലു വയസ്സുള്ളപ്പോൾ സ്റ്റീഫൻ മിയാമി സർവകലാശാലയിൽനിന്ന് ഉയർന്ന റാങ്കോടെ വിജയം നേടി. രണ്ടു വർഷം കഴിഞ്ഞ്, 16-ാമത്തെ വയസ്സിൽ അവൻ നിയമ പഠനം പൂർത്തിയാക്കി, അവൻ പിന്നീട് ഐക്യനാടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിത്തീർന്നതായി അവന്റെ ജീവചരിത്രം കാണിക്കുന്നു. ഒരു മുൻ അധ്യാപികയും കൗൺസിലറും ആയിരുന്ന അവന്റെ അമ്മ ഡോ. ഫ്ളോറൻസ് ബാക്കസ്, കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യവർഷങ്ങളിൽത്തന്നെ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പഠിക്കാൻ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. തന്റെ മകന് ശൈശവംമുതൽ താൻ നൽകിപ്പോന്ന ശ്രദ്ധയും പ്രചോദനവുമാണ് അവന്റെ ഭാവിയെ മാറ്റിമറിച്ചത് എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
സഹജമോ ആർജിതമോ
അടുത്തകാലത്ത്, കുട്ടികളുടെ മനശ്ശാസ്ത്രത്തെ കുറിച്ചു പഠിക്കുന്നവർക്കിടയിൽ വലിയ തർക്കത്തിനു വഴിതെളിച്ചിരിക്കുന്ന ഒരു വിഷയമുണ്ട്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് അവനു ജന്മസിദ്ധമായി കിട്ടിയിട്ടുള്ള “സഹജ” ഘടകമാണോ അതോ വളർന്നുവരവേ അവനു കിട്ടുന്ന പരിപാലനവും പരിശീലനവും ഉൾപ്പെടുന്ന “ആർജിത” ഘടകമാണോ എന്നതാണ് അത്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തെ ഈ രണ്ടു ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട് എന്നു മിക്ക ഗവേഷകർക്കും ബോധ്യമായിരിക്കുന്നു.
കുട്ടികളുടെ വ്യക്തിത്വവികാസത്തെക്കുറിച്ചു പഠിക്കുന്ന വിദഗ്ധനായ ഡോ. ജെ. ഫ്രേസർ മസ്റ്റാഡ് ഇങ്ങനെ പറയുന്നു: “ഒരു കുട്ടിയുടെ ആദ്യവർഷങ്ങളിൽ അവന്റെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങൾ അവന്റെ മസ്തിഷ്കം വികസിക്കുന്ന വിധത്തെ സ്വാധീനിക്കും എന്ന് നിരീക്ഷണ പഠനത്തിൽനിന്നു ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു.” പ്രൊഫസർ സൂസൻ ഗ്രീൻഫീൽഡും ഈ അഭിപ്രായത്തോടു യോജിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “അതേ, ഉദാഹരണത്തിന്, വയലിൻ വായനക്കാരുടെ കാര്യത്തിൽ ഇടതുകൈവിരലുകളുടെ ചലനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് കൂടുതൽ വികാസംപ്രാപിച്ചിട്ടുണ്ടായിരിക്കും.”
ഏതുതരം പരിശീലനം നൽകണം?
ഇത്തരം ഗവേഷണഫലങ്ങൾ കണ്ട് പ്രചോദിതരായി അനേകം മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ഏറ്റവും മികച്ച ഡേ-കെയർ സെന്ററുകളിൽ ചേർക്കാൻ നെട്ടോട്ടമോടുകയാണ്. മാത്രമല്ല, അവരെ സർവകലാവല്ലഭരാക്കുക
എന്ന ഉദ്ദേശ്യത്തോടെ സംഗീതവും ചിത്രകലകളും മറ്റും അഭ്യസിപ്പിക്കാനായി പണം വാരിക്കോരി ചെലവഴിക്കുകയും ചെയ്യുന്നു. ചെറുപ്പത്തിലേതന്നെ കുട്ടി സകലതും ചെയ്തു പരിശീലിക്കുന്നെങ്കിൽ മുതിർന്നുവരുമ്പോൾ അവനു ചെയ്യാൻ കഴിയാത്തതായി യാതൊന്നും ഉണ്ടാവുകയില്ല എന്നാണു ചിലരുടെ വിശ്വാസം. പ്രത്യേക പഠനപരിപാടികളും പ്രീസ്കൂളുകളും കൂണുപോലെ മുളച്ചുപൊന്തുന്നത് ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. മറ്റു കുട്ടികൾക്കില്ലാത്ത നേട്ടങ്ങൾ തങ്ങളുടെ മക്കൾക്കു ലഭ്യമാക്കാൻ ഏതളവോളം പോകാനും ചില മാതാപിതാക്കൾ തയ്യാറാണ്.ഈ വിധത്തിൽ കുട്ടികൾക്കുവേണ്ടി പ്രകടമാക്കപ്പെടുന്ന അർപ്പണമനോഭാവത്തിന് പറയുന്നത്ര പ്രയോജനമുണ്ടോ? വളർന്നുവരുന്ന കുട്ടികൾക്കു മുന്നിൽ ഇവ അവസരങ്ങളുടെ കലവറതന്നെ തുറക്കുമെന്നു തോന്നിയേക്കാമെങ്കിലും പലപ്പോഴും ഈ കുട്ടികൾക്കു നഷ്ടമാകുന്ന ഒരു നിർണായക ഘടകമുണ്ട്; പട്ടാളച്ചിട്ടകളോ നിബന്ധനകളോ ഒന്നുമില്ലാതെ സ്വതന്ത്രമായ അവരുടെ കൊച്ചുലോകത്തിൽ ഉരുത്തിരിയുന്ന സഹജമായ കളികളിലൂടെ അവർ സ്വായത്തമാക്കുന്ന അനുഭവങ്ങളാണത്. അത്തരം സ്വതഃസിദ്ധമായ കളികൾ ഒരു കുട്ടിയുടെ സർഗാത്മകതയെ ഉണർത്തുകയും അവന്റെ സാമൂഹികവും മാനസികവും വൈകാരികവുമായ പ്രാപ്തികളെ വികസിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ വിചക്ഷണർ അഭിപ്രായപ്പെടുന്നു.
കുട്ടികൾക്ക് ഏതുതരം വിനോദങ്ങൾ വേണമെന്നു മാതാപിതാക്കൾ തീരുമാനിക്കുകയും അത്തരം കളികളിൽ മാത്രം ഏർപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നത് കുഴപ്പക്കാരായ കുട്ടികളുടെ ഒരു പുതിയ വിഭാഗത്തെ സൃഷ്ടിക്കുന്നുവെന്ന് കുട്ടികളുടെ വ്യക്തിത്വവികാസത്തെ കുറിച്ചു പഠിക്കുന്ന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ കുട്ടികളുടെ ജീവിതത്തിലെ ഓരോ ചലനവും നിയന്ത്രിക്കുന്നതു മാതാപിതാക്കളായിരിക്കും. തൊട്ടതിനും പിടിച്ചതിനും എല്ലാം അതിരുകവിഞ്ഞ ശ്രദ്ധ. അത് ഈ കുട്ടികളിൽ സമ്മർദവും വൈകാരിക അസ്ഥിരതയും ഉളവാക്കുന്നു, അവർക്ക് ഉറങ്ങാൻ പറ്റുകയില്ല, ശരീരത്തിൽ വേദനയും നൊമ്പരവും ഒക്കെയാണെന്ന് അവർ പരാതിപ്പെട്ടുകൊണ്ടിരിക്കും. ഇവരിൽ അനേകരും കൗമാരത്തിലെത്തുമ്പോൾ, പ്രശ്നങ്ങളുമായി പൊരുത്തപ്പെടാനുള്ള പ്രാപ്തികളൊന്നും വികസിപ്പിച്ചെടുത്തിട്ടുണ്ടായിരിക്കില്ല എന്ന് ഒരു മനശ്ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. “ശാരീരികമായും വൈകാരികമായും തളർന്ന് അവർ സാമൂഹികവിരുദ്ധരും മത്സരികളും ആയിമാറുന്നു.”
ഇത് അനേകം മാതാപിതാക്കളെയും വിഷമവൃത്തത്തിൽ ആക്കിയിരിക്കുകയാണ്. കുട്ടികളുടെ കഴിവുകൾ മുഴുവനും പുറത്തെടുക്കാൻ തങ്ങളാലാവതു ചെയ്യാൻ അവർ അതിയായി ആഗ്രഹിക്കുന്നു. അതോടൊപ്പം, കൊച്ചുകുഞ്ഞുങ്ങളെ അങ്ങനെ തത്രപ്പെടുത്തുകയും ഭാരിച്ച ചുമടു ചുമപ്പിക്കുകയും ചെയ്യുന്നതിന്റെ ഭോഷത്തം അവർക്കു കാണാനാകുന്നുമുണ്ട്. അങ്ങനെയെങ്കിൽ ന്യായമായ, സമനിലയോടെയുള്ള, ഒരു മാർഗം ഉണ്ടോ? കൊച്ചുകുട്ടികൾക്ക് തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കാൻ എത്രത്തോളം കഴിവുണ്ട്, അത് എങ്ങനെ പരിപോഷിപ്പിക്കാൻ കഴിയും? തങ്ങളുടെ കുട്ടികൾ മിടുക്കരായി വളർന്നുവരുന്നുവെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (g04 10/22)
[3-ാം പേജിലെ ചിത്രം]
ശൈശവത്തിലെ അനുഭവങ്ങൾക്ക് കുട്ടിയുടെ മസ്തിഷ്കം വികാസം പ്രാപിക്കുന്ന വിധത്തെ സ്വാധീനിക്കാൻ കഴിയും
[4-ാം പേജിലെ ചിത്രം]
കളികൾ കുട്ടിയുടെ സർഗാത്മകതയെ ഉദ്ദീപിപ്പിക്കുകയും വൈദഗ്ധ്യം വികസിപ്പിക്കുകയും ചെയ്യുന്നു