വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ

കളിപ്പാട്ടങ്ങളില്ലാത്ത കിന്റർഗാർട്ടൻ

കളിപ്പാ​ട്ട​ങ്ങ​ളി​ല്ലാത്ത കിന്റർഗാർട്ടൻ

ജർമനിയിലെ ഉണരുക! ലേഖകൻ

ഒരു ദിവസം രാവിലെ കുട്ടികൾ നഴ്‌സ​റി​യിൽ ചെന്ന​പ്പോൾ ക്ലാസ്സ്‌ മുറി​ക​ളിൽ മേശയും കസേര​യും പോലുള്ള സാമ​ഗ്രി​ക​ളൊ​ഴി​കെ മറ്റൊ​ന്നും കാണാ​നാ​യില്ല. ആ കുരു​ന്നു​കൾ തങ്ങളുടെ പാവക്കു​ട്ടി​ക​ളെ​യും കളിപ്പാ​ട്ട​ങ്ങ​ളെ​യും അവിട​മാ​കെ തിരഞ്ഞു. പുസ്‌ത​ക​ങ്ങ​ളോ അടുക്കി​വെച്ചു കളിക്കാ​നുള്ള ചതുര​ക്ക​ട്ട​ക​ളോ ഒന്നും അവിടെ ഇല്ലായി​രു​ന്നു. പേപ്പറും കത്രി​ക​യും പോലും കാണാ​നില്ല. എന്താണു സംഭവി​ച്ചത്‌? അവി​ടെ​യു​ണ്ടാ​യി​രുന്ന കളിപ്പാ​ട്ട​ങ്ങ​ളെ​ല്ലാം മൂന്നു മാസ​ത്തേക്ക്‌ അവി​ടെ​നി​ന്നു മാറ്റി​യ​താ​യി​രു​ന്നു. കാരണം?

‘കളിപ്പാ​ട്ട​ങ്ങ​ളി​ല്ലാത്ത കിന്റർഗാർട്ടൻ’ എന്ന, സവി​ശേ​ഷ​വും നൂതന​വു​മായ ഒരു സംരം​ഭ​ത്തി​ന്റെ ഉത്‌പ​ന്ന​ങ്ങ​ളായ ഇത്തരം നഴ്‌സ​റി​സ്‌കൂ​ളു​കൾ ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽ വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കേട്ടാൽ വളരെ വിചി​ത്ര​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും, യൂറോ​പ്യൻ യൂണി​യന്റെ ആരോ​ഗ്യ​വി​ദ​ഗ്‌ധർ ഈ പദ്ധതിയെ വാനോ​ളം പുകഴ്‌ത്തു​ക​യു​ണ്ടാ​യി. എന്തു സംഗതി​ക​ളോ​ടു​മുള്ള ആസക്തി തടയുക എന്നതാണ്‌ ഈ പദ്ധതി​യു​ടെ പ്രഖ്യാ​പിത ലക്ഷ്യം. ആളുകൾ തങ്ങളുടെ ജീവി​ത​ത്തി​ന്റെ ആദ്യവർഷ​ങ്ങ​ളിൽ വ്യക്തി​ക​ളോ​ടും സമൂഹ​ത്തോ​ടും ഇടപഴകി ജീവി​ക്കാ​നുള്ള പ്രാപ്‌തി സ്വായ​ത്ത​മാ​ക്കു​ന്നെ​ങ്കിൽ ഏതെങ്കി​ലും തരത്തി​ലുള്ള ആസക്തിക്ക്‌ അടിമ​പ്പെ​ടാ​നുള്ള സാധ്യത കുറവാ​ണെന്ന്‌ സമീപ വർഷങ്ങ​ളിൽ ഗവേഷകർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഈ പ്രാപ്‌തി​യിൽ, “ഫലപ്ര​ദ​മാ​യി ആശയവി​നി​മയം നടത്താ​നും എളുപ്പം ബന്ധങ്ങൾ സ്ഥാപി​ച്ചെ​ടു​ക്കാ​നും ഉള്ള വൈദ​ഗ്‌ധ്യം, അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള പാടവം, സ്വന്തം പ്രവൃ​ത്തി​യു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാ​നുള്ള തന്റേടം, നിശ്ചിത ലക്ഷ്യങ്ങൾ വെക്കാ​നുള്ള കഴിവ്‌, പ്രശ്‌നങ്ങൾ തിരി​ച്ച​റിഞ്ഞ്‌ സഹായം തേടാ​നും പരിഹാ​രം കണ്ടെത്താ​നും ഉള്ള കഴിവ്‌” എന്നിവ ഉൾപ്പെ​ടു​ന്നു എന്ന്‌ ഒരു വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്‌തു. ഇത്തരം വൈദ​ഗ്‌ധ്യ​ങ്ങൾ നന്നേ ചെറു​പ്പ​ത്തിൽത്തന്നെ വികസി​പ്പി​ച്ചെ​ടു​ക്കേ​ണ്ട​താണ്‌ എന്നാണ്‌ ഈ പരിപാ​ടി​യു​ടെ പ്രയോ​ക്താ​ക്ക​ളു​ടെ അഭി​പ്രാ​യം. കൂട്ടിന്‌ കളിപ്പാ​ട്ട​ങ്ങ​ളി​ല്ലാ​തെ വരു​മ്പോൾ ഈ ഉദ്ദേശ്യം സാധി​ക്കും. കുട്ടി​ക​ളിൽ സർഗാ​ത്മ​ക​ത​യും ആത്മവി​ശ്വാ​സ​വും വളരും.

മൂന്നു മാസ​ത്തേക്ക്‌ കുട്ടി​കളെ കളിപ്പാ​ട്ട​ങ്ങ​ളിൽനിന്ന്‌ അകറ്റി​നി​റു​ത്താ​നുള്ള ഈ പരിപാ​ടി ശ്രദ്ധാ​പൂർവം ആസൂ​ത്രണം ചെയ്‌ത ഒന്നായി​രു​ന്നു. മാത്രമല്ല, മാതാ​പി​താ​ക്ക​ളു​മാ​യും കുട്ടി​ക​ളു​മാ​യും ഇക്കാര്യം ചർച്ച ചെയ്യു​ക​യും ചെയ്‌തി​രു​ന്നു. ആദ്യ​മൊ​ക്കെ, കളിപ്പാ​ട്ടങ്ങൾ ഇല്ലാത്ത​തി​നാൽ ചില കുട്ടി​കൾക്ക്‌ ഒരു ഉത്സാഹ​വും തോന്നി​യില്ല. “ആദ്യത്തെ നാലാഴ്‌ച കുട്ടികൾ കളിപ്പാ​ട്ട​ങ്ങ​ളി​ല്ലാ​തെ വിറളി​പി​ടി​ച്ചു നടന്ന നഴ്‌സ​റി​സ്‌കൂ​ളു​ക​ളുണ്ട്‌.” അത്തരം കേസുകൾ ഇതിന്റെ ആസൂ​ത്ര​കരെ വെള്ളം​കു​ടി​പ്പി​ച്ചെന്നു റിപ്പോർട്ടു പറയുന്നു. എന്നാൽ പുതിയ സാഹച​ര്യ​ത്തോ​ടു പൊരു​ത്ത​പ്പെ​ടാ​നും സർഗവാ​സന പ്രകട​മാ​ക്കാ​നും കുട്ടികൾ പഠിക്കു​ന്നു. കളിക്കാൻ കളിപ്പാ​ട്ടങ്ങൾ ഇല്ലാതെ വരു​മ്പോൾ, എന്താണു കളി​ക്കേ​ണ്ടത്‌ എന്ന്‌ കുട്ടികൾ തമ്മിൽ ചർച്ച​ചെ​യ്യു​ന്നു. എന്നിട്ട്‌ പതിവി​ലേറെ സമയം അവർ ഒന്നിച്ചു കളിക്കു​ന്നു. ഇത്‌ സാമൂ​ഹി​ക​വും ഭാഷാ​പ​ര​വു​മായ പ്രാപ്‌തി​കൾ വികസി​ക്കാൻ ഇടയാ​ക്കു​ന്നു. എന്നും കളിപ്പാ​ട്ട​ങ്ങൾക്കു പിന്നിൽ “പതുങ്ങി” ഇരിക്കാ​റു​ള്ള​വർപോ​ലും ഇപ്പോൾ കൂട്ടു​കാ​രെ സമ്പാദി​ച്ചു തുടങ്ങി. കുട്ടി​ക​ളിൽ വന്ന നല്ല മാറ്റം രക്ഷിതാ​ക്ക​ളു​ടെ​യും ശ്രദ്ധയിൽപ്പെ​ട്ടി​ട്ടുണ്ട്‌. കളിക​ളിൽ ഏർപ്പെ​ടു​മ്പോൾ കുട്ടികൾ ഇപ്പോൾ നല്ല രീതി​യിൽ പെരു​മാ​റു​ന്നു​ണ്ടെ​ന്നും മുമ്പ​ത്തെ​ക്കാൾ സർഗവാ​സന അവരിൽ ദൃശ്യ​മാ​ണെ​ന്നും മാതാ​പി​താ​ക്കൾ അഭി​പ്രാ​യ​പ്പെട്ടു. (g04 9/22)