വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ

കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ

കുട്ടി​കളെ വായി​ച്ചു​കേൾപ്പി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

പോളണ്ടിലെ ഉണരുക! ലേഖകൻ

“സമസ്‌ത പോള​ണ്ടും കുട്ടി​കളെ വായി​ച്ചു​കേൾപ്പി​ക്കു​ന്നു” എന്ന ഒരു വാർഷിക പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ സംഘാ​ടകർ പറയു​ന്നതു ശ്രദ്ധിക്കൂ: “അറിവും ബൗദ്ധി​ക​പ്രാ​പ്‌തി​യും നേടു​ന്ന​തി​നുള്ള താക്കോ​ലാണ്‌ വായന. . . . മനുഷ്യ​ചി​ന്ത​യു​ടെ​യും പരിജ്ഞാ​ന​ത്തി​ന്റെ​യും വിശാ​ല​ലോ​ക​ത്തി​ലേക്കു കടക്കു​ന്ന​തി​നുള്ള വാതാ​യ​ന​മാണ്‌ അത്‌.” ഇതു സത്യമാ​ണെ​ങ്കിൽ പിന്നെ നിരവധി മുതിർന്ന​വ​രും കുട്ടി​ക​ളും വായനയെ ഒരു തലവേ​ദ​ന​യാ​യി കാണു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ സംഘാ​ടകർ തുടരു​ന്നു: “പുസ്‌ത​ക​ങ്ങ​ളോ​ടുള്ള ഇഷ്ടവും വായനാ​ശീ​ല​വും കുട്ടി​ക്കാ​ല​ത്തു​തന്നെ വളർത്തി​യെ​ടു​ക്കേ​ണ്ട​താണ്‌.” മാതാ​പി​താ​ക്ക​ളോ​ടുള്ള അവരുടെ അഭ്യർഥന ഇതാണ്‌: “മക്കൾ സ്‌കൂ​ളി​ലും ജീവി​ത​ത്തി​ലും വിവേ​കി​ക​ളും വിജയി​ക​ളും ആയിത്തീ​രാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എങ്കിൽ ദിവസ​വും 20 മിനിട്ട്‌ അവരെ വായിച്ചു കേൾപ്പി​ക്കുക.”

കുട്ടി​ക​ളെ വായി​ച്ചു​കേൾപ്പി​ക്കു​ന്ന​തി​നു കാലവി​ളം​ബം വരുത്താ​തെ അതു “സാധ്യ​മാ​കു​ന്നത്ര നേരത്തേ തുടങ്ങാൻ” അവർ മാതാ​പി​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എത്ര നേരത്തേ? മാതാ​പി​താ​ക്കൾക്ക്‌ അവർ ഈ ആഹ്വാനം നൽകുന്നു: “ശൈശ​വ​ത്തിൽത്തന്നെ നമുക്ക്‌ അവനെ വായി​ച്ചു​കേൾപ്പി​ക്കാം, അവനെ നമ്മുടെ കരവല​യ​ത്തി​ലൊ​തു​ക്കി​പ്പി​ടിച്ച്‌, നമ്മുടെ കണ്ണുക​ളിൽ വാത്സല്യം നിറച്ച്‌, നമ്മുടെ ശബ്ദത്താൽ അവന്റെ കൊച്ചു​കൗ​തു​കത്തെ ഉണർത്തി, അതു ചെയ്യാം.” “ഇങ്ങനെ ചെയ്യവേ, സുരക്ഷി​ത​ത്വ​ബോ​ധം, ആഹ്ലാദം, ഉറ്റബന്ധം എന്നിവ​യു​ടെ ഊഷ്‌മ​ള​ത​യിൽ ദീർഘ​കാ​ലം നീണ്ടു​നിൽക്കുന്ന ഒരു ബന്ധം ഉടലെ​ടു​ക്കു​ന്നു. കൂടാതെ, അത്‌ കുഞ്ഞിന്റെ മാനസിക വളർച്ചയെ ഉദ്ദീപി​പ്പി​ക്കു​ക​യും ചെയ്യുന്നു.”

“കുട്ടി​കളെ വായി​ച്ചു​കേൾപ്പി​ക്കേ​ണ്ടത്‌ മുമ്പെ​ന്ന​ത്തേ​തി​ലും പ്രധാ​ന​മാണ്‌” എന്ന്‌ ഈ പ്രചാ​ര​ണ​പ​രി​പാ​ടി​യു​ടെ സംഘാ​ടകർ ഊന്നി​പ്പ​റ​യു​ന്നു. അവർ മറ്റു പ്രയോ​ജ​ന​ങ്ങ​ളി​ലേ​ക്കും വിരൽ ചൂണ്ടുന്നു. ഉറക്കെ വായി​ക്കു​ന്നത്‌ കുട്ടി​കളെ ചിന്തി​ക്കാൻ പഠിപ്പി​ക്കു​ന്നു, “മറ്റ്‌ ആളുക​ളെ​യും ലോക​ത്തെ​യും തങ്ങളെ​ത്ത​ന്നെ​യും മനസ്സി​ലാ​ക്കാൻ [അത്‌] അവരെ സഹായി​ക്കു​ന്നു, . . . [അത്‌] അവരുടെ അഭിരു​ചി​കളെ തൊട്ടു​ണർത്തു​ന്നു, ഭാവന​യ്‌ക്കു ചിറകു​കൾ നൽകുന്നു, വൈകാ​രിക വളർച്ചയെ ഉദ്ദീപി​പ്പി​ക്കു​ന്നു, അവരെ ധാർമിക മൂല്യങ്ങൾ അഭ്യസി​പ്പി​ക്കു​ന്നു, അവരിൽ മൃദു​ല​വി​കാ​ര​ങ്ങ​ളും സമാനു​ഭാ​വ​വും നട്ടുവ​ളർത്തു​ന്നു, . . . ആത്മാഭി​മാ​നം വളർത്തു​ന്നു.” നിസ്സം​ശ​യ​മാ​യും, ഇത്‌ “കുട്ടി​ക​ളു​ടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും കളങ്ക​പ്പെ​ടു​ത്തുന്ന അഭികാ​മ്യ​മ​ല്ലാത്ത സ്വാധീ​ന​ങ്ങൾക്കെ​തി​രെ​യുള്ള ഒരു മറുമ​രു​ന്നാണ്‌” എന്ന്‌ ഇതിന്റെ സാരഥി​കൾ കൂട്ടി​ച്ചേർക്കു​ന്നു.

ഇങ്ങനെ വായിച്ചു കൊടു​ക്കു​മ്പോൾ അതു വിശേ​ഷാൽ പ്രഭാവം ചെലു​ത്ത​ണ​മെ​ങ്കിൽ തങ്ങളുടെ സ്വർഗീയ പിതാ​വി​നോ​ടു കുട്ടി​കളെ അടുപ്പി​ക്കുന്ന തരത്തി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌. ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ നമ്മെ സഹായി​ക്കുന്ന ഏറ്റവും നല്ല പുസ്‌തകം ബൈബി​ളാണ്‌. യുവാ​വാ​യി​രുന്ന തിമൊ​ഥെ​യൊസ്‌ അവന്റെ ‘ശൈശവം മുതൽ’ (NW) “തിരു​വെ​ഴു​ത്തു​കളെ” കുറിച്ചു പഠിപ്പി​ക്ക​പ്പെട്ടു എന്ന്‌ ബൈബിൾ പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:14) കുട്ടി​കളെ ഉറക്കെ വായി​ച്ചു​കേൾപ്പി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കുന്ന മാതാ​പി​താ​ക്കൾക്ക്‌ എന്റെ ബൈബിൾ കഥാ പുസ്‌തകം, മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്നീ ബൈബിൾ അധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉൾപ്പെ​ടു​ത്താൻ കഴിയും. ഇവ യഹോ​വ​യു​ടെ സാക്ഷികൾ കൊച്ചു​കു​ട്ടി​കൾക്കു​വേണ്ടി പ്രത്യേ​കം തയ്യാർചെ​യ്‌തു പ്രസി​ദ്ധീ​ക​രി​ച്ച​വ​യാണ്‌. (g04 10/22)