വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഗ്ലൊ​ക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഒരു നിമി​ഷ​ത്തേക്ക്‌ ഈ വാചക​ത്തി​ന്റെ ഒടുവി​ലത്തെ വാക്കിൽ നിങ്ങളു​ടെ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കുക. അവി​ടെ​നി​ന്നു കണ്ണെടു​ക്കാ​തെ​തന്നെ നിങ്ങൾക്ക്‌ ഈ മാസി​ക​യു​ടെ മുകളി​ല​ത്തെ​യും താഴ​ത്തെ​യും വശങ്ങളി​ലെ​യും കുറച്ചു ഭാഗങ്ങൾ കാണാൻ കഴിയു​ന്നു​ണ്ടോ? കഴിയു​ന്നു​ണ്ടാ​യി​രി​ക്കും. പാർശ്വ​വീ​ക്ഷണം ഉള്ളതി​നാ​ലാ​ണു നിങ്ങൾക്ക്‌ അതു സാധി​ക്കു​ന്നത്‌. ഇതിന്‌ പലവിധ പ്രയോ​ജ​നങ്ങൾ ഉണ്ട്‌. ആരെങ്കി​ലും ഒരു വശത്തു​നിന്ന്‌ സംശയാ​സ്‌പ​ദ​മാ​യി നിങ്ങളെ സമീപി​ക്കു​ന്നെ​ങ്കിൽ ഉടനെ അതു തിരി​ച്ച​റി​യാൻ ഈ പ്രാപ്‌തി നിങ്ങളെ സഹായി​ക്കു​ന്നു. നിലത്തു​കി​ട​ക്കുന്ന സാധന​ങ്ങളെ ചവിട്ടാ​തെ ഒഴിഞ്ഞു​മാ​റി പോകു​ന്ന​തി​നും നടന്നു​പോ​കു​മ്പോൾ ഭിത്തി​യിൽ ഇടിക്കാ​തി​രി​ക്കു​ന്ന​തി​നും നിങ്ങളെ സഹായി​ക്കു​ന്ന​തും ഈ പ്രാപ്‌തി​തന്നെ. ഇനി, വാഹനം ഓടി​ച്ചു​പോ​കു​മ്പോൾ കാൽന​ട​യാ​ത്ര​ക്കാർ ആരെങ്കി​ലും ആകസ്‌മി​ക​മാ​യി നടപ്പാത വിട്ട്‌ റോഡി​ലേക്കു കടന്നാൽ ഉടനടി അതു തിരി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്ന​തും പാർശ്വ​വീ​ക്ഷണം ഉള്ളതി​നാ​ലാണ്‌.

എന്നാൽ, ഈ പേജിലെ വിവരങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​തന്നെ, നിങ്ങൾപോ​ലും അറിയാ​തെ നിങ്ങളു​ടെ പാർശ്വ​വീ​ക്ഷണം ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​കാം. ഗ്ലൊ​ക്കോമ എന്ന പേരിൽ അറിയ​പ്പെ​ടുന്ന നേത്ര​ത്ത​ക​രാറ്‌ ആണ്‌ അതിനു കാരണം. വാസ്‌ത​വ​ത്തിൽ ഗ്ലൊ​ക്കോമ എന്നു പറയു​ന്നത്‌ ഒരൊറ്റ രോഗമല്ല, മറിച്ച്‌ ഒരുകൂ​ട്ടം നേത്ര​രോ​ഗ​ങ്ങ​ളാണ്‌. ലോക​മൊ​ട്ടാ​കെ 6.6 കോടി ആളുകളെ അതു ബാധി​ച്ചി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. അതിൽ 50 ലക്ഷത്തി​ലേറെ പേർക്ക്‌ പൂർണ​മാ​യും കാഴ്‌ച നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. അങ്ങനെ, ഗ്ലൊ​ക്കോമ സ്ഥിരാ​ന്ധ​ത​യ്‌ക്കുള്ള മുഖ്യ കാരണ​ങ്ങ​ളിൽ മൂന്നാ​മ​ത്തേ​താ​യി മാറി​യി​രി​ക്കു​ന്നു. “എന്നാൽ ഗ്ലൊ​ക്കോ​മ​യെ​ക്കു​റി​ച്ചുള്ള പൊതു​ജന ബോധ​വ​ത്‌കരണ പരിപാ​ടി​കൾ മുറയ്‌ക്കു നടക്കുന്ന വികസിത രാജ്യ​ങ്ങ​ളിൽപ്പോ​ലും ഗ്ലൊ​ക്കോമ ബാധി​ച്ച​വ​രിൽ പകുതി​പ്പേ​രും ഒരിക്ക​ലും രോഗ​നിർണയം നടത്തി​യി​ട്ടില്ല,” ദ ലാൻസെറ്റ്‌ എന്ന മെഡിക്കൽ ജേർണൽ പറയുന്നു.

ആർക്കാണ്‌ ഗ്ലൊ​ക്കോമ പിടി​പെ​ടാൻ സാധ്യ​ത​യു​ള്ളത്‌? രോഗം എങ്ങനെ തിരി​ച്ച​റി​യും, ഇതിനുള്ള ചികിത്സ എന്താണ്‌?

എന്താണ്‌ ഗ്ലൊ​ക്കോമ?

ആദ്യം നമ്മുടെ കണ്ണി​നെ​ക്കു​റി​ച്ചു നമുക്കു ചില കാര്യങ്ങൾ മനസ്സി​ലാ​ക്കാം. ഓസ്‌​ട്രേ​ലി​യ​യു​ടെ ‘ഗ്ലൊ​ക്കോമ ഫൗണ്ടേഷൻ’ പുറത്തി​റ​ക്കിയ ഒരു ലഘുപ​ത്രിക ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “കണ്ണിന്‌ അതിന്റെ ആകൃതി ലഭിക്കു​ന്നതു മർദത്താ​ലാണ്‌. കണ്ണിലെ മൃദുല കലകൾ ഒരു ബലൂൺപോ​ലെ ‘വീർപ്പി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാണ്‌.’” കണ്ണിലെ സിലയ​റി​ബോ​ഡി എന്നറി​യ​പ്പെ​ടുന്ന ഒരു പമ്പ്‌ രക്തക്കു​ഴ​ലു​ക​ളിൽനിന്ന്‌ അക്വസ്‌ ഹ്യൂമർ എന്ന ദ്രാവകം കണ്ണി​ലേക്കു കടത്തി​വി​ടു​ന്നു. “കണ്ണിന്റെ ഉള്ളിൽ ആഴത്തിൽ പരിസ​ഞ്ച​രി​ക്കുന്ന അക്വസ്‌ ദ്രവം നേത്ര​ഭാ​ഗ​ങ്ങൾക്കെ​ല്ലാം പോഷണം നൽകി ട്രാ​ബെ​ക്കു​ലർ മെഷ്‌വർക്ക്‌ എന്ന, അരിപ്പ​പോ​ലുള്ള ഒരു ഘടനയിൽക്കൂ​ടി രക്തപര്യ​യന വ്യവസ്ഥ​യി​ലേക്കു തിരികെ ചേരുന്നു.”

അരിപ്പ​പോ​ലു​ള്ള ഈ ഭാഗം ഏതെങ്കി​ലും കാരണ​ത്താൽ അടഞ്ഞു​പോ​കു​ക​യോ ചുരു​ങ്ങു​ക​യോ ചെയ്‌താൽ നേത്രാ​ന്തർഭാ​ഗത്തെ മർദം വർധി​ക്കു​ന്നു. ഇത്‌, കണ്ണിന്റെ പിൻഭാ​ഗത്തെ ലോല​മായ നാഡീ​ത​ന്തു​ക്കൾക്കു ക്രമേണ ക്ഷതമേൽപ്പി​ക്കാൻ തുടങ്ങു​ന്നു. ഈ അവസ്ഥയ്‌ക്ക്‌ ഓപ്പൺ-ആംഗിൾ ഗ്ലൊ​ക്കോമ എന്നു പറയുന്നു. ഗ്ലൊ​ക്കോമ കേസു​ക​ളു​ടെ ഏതാണ്ടു 90 ശതമാ​ന​വും ഈ പ്രശ്‌ന​മാണ്‌.

നേത്രാ​ന്തർഭാ​ഗത്തെ മർദത്തെ, ഇൻട്രാ ഓക്കുലർ മർദം (ഐഒപി) എന്നു വിളി​ക്കു​ന്നു. ഇത്‌ ഓരോ മണിക്കൂ​റും വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നേ​ക്കാം, കൂടാതെ നിങ്ങളു​ടെ ഹൃദയ​മി​ടിപ്പ്‌, നിങ്ങൾ കുടി​ക്കുന്ന ദ്രാവ​ക​ത്തി​ന്റെ അളവ്‌, നിങ്ങളു​ടെ ശാരീ​രിക നില എന്നിവ ഉൾപ്പെടെ പല ഘടകങ്ങ​ളും അതിനെ സ്വാധീ​നി​ക്കു​ന്നു. മർദത്തിൽ ഉണ്ടാകുന്ന ഇത്തരം സ്വാഭാ​വിക ഏറ്റക്കു​റ​ച്ചി​ലു​കൾ നിങ്ങളു​ടെ കണ്ണിനു യാതൊ​രു ഹാനി​യും വരുത്തു​ന്നില്ല. ഈ മർദം കൂടു​ന്നത്‌ നിശ്ചയ​മാ​യും ഗ്ലൊ​ക്കോ​മ​യു​ടെ തെളി​വാ​ണെന്നു പറയാ​നാ​വില്ല, കാരണം കണ്ണിന്റെ “സാധാരണ” മർദത്തി​ന്റെ അളവ്‌ ഓരോ വ്യക്തി​ക​ളി​ലും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. എന്നിരു​ന്നാ​ലും ഉയർന്ന ഐഒപി ഗ്ലൊ​ക്കോ​മ​യു​ടെ സൂചന​ക​ളിൽ ഒന്നാണ്‌.

ഈ രോഗ​ത്തി​ന്റെ വളരെ വിരള​മായ ഒരു രൂപമാണ്‌ അക്യൂട്ട്‌ ഗ്ലൊ​ക്കോമ അഥവാ ആംഗിൾ-ക്ലോഷർ ഗ്ലൊ​ക്കോമ. ഇതു ബാധി​ക്കു​മ്പോൾ ഓപ്പൺ-ആംഗിൾ ഗ്ലൊ​ക്കോ​മ​യിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, പൊടു​ന്നനെ കണ്ണിന്റെ മർദം വർധി​ക്കു​ന്നു. കണ്ണിൽ കടുത്ത വേദന, മങ്ങിയ കാഴ്‌ച, ഛർദ്ദി എന്നിവ ഇതിന്റെ ലക്ഷണങ്ങ​ളാണ്‌. ലക്ഷണങ്ങൾ കണ്ടുതു​ടങ്ങി മണിക്കൂ​റു​കൾക്കു​ള്ളിൽ ചികി​ത്സി​ച്ചി​ല്ലെ​ങ്കിൽ മിക്ക​പ്പോ​ഴും ഇത്‌ അന്ധതയിൽ കലാശി​ക്കും. മറ്റൊരു വിഭാ​ഗ​മാണ്‌ സെക്കൻഡറി ഗ്ലൊ​ക്കോമ. പേരു സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ കണ്ണിലെ ട്യൂമ​റു​കൾ, തിമിരം, മുറി​വു​കൾ തുടങ്ങിയ മറ്റു ചില അവസ്ഥകളെ തുടർന്ന്‌ ഉണ്ടാകു​ന്ന​താണ്‌ ഇത്‌. ഇനി വളരെ കുറച്ച്‌ ആളുകളെ ബാധി​ക്കുന്ന നാലാ​മത്തെ ഒരു രൂപമാണ്‌ കൺജെ​നി​റ്റൽ ഗ്ലൊ​ക്കോമ. ഇത്‌ ജന്മനാ ഉണ്ടാകു​ന്ന​താണ്‌, ചിലരി​ലാ​കട്ടെ ജനിച്ച​യു​ട​നെ​യും. കുഞ്ഞിന്റെ കണ്ണുകൾ വളരെ വലുതാ​യി​രി​ക്കു​ക​യോ, വെളി​ച്ചത്തു നോക്കാൻ അങ്ങേയറ്റം വിമുഖത കാണി​ക്കു​ക​യോ ചെയ്യു​ന്നത്‌ ഇതിന്റെ സൂചന​യാണ്‌.

കാഴ്‌ച “കവരുന്ന” വിധം

നിങ്ങൾ അറിയാ​തെ നിങ്ങളു​ടെ ഒരു കണ്ണിന്റെ ഏതാണ്ടു 90 ശതമാനം കാഴ്‌ച​യും അപഹരി​ക്കാൻ ഗ്ലൊ​ക്കോ​മ​യ്‌ക്കു കഴിയും. അതെങ്ങനെ? പ്രകൃ​ത്യാ​തന്നെ നമ്മുടെ ഓരോ കണ്ണി​ന്റെ​യും പിറകി​ലാ​യി അന്ധബിന്ദു എന്നു വിളി​ക്കുന്ന ഒരു ഭാഗമുണ്ട്‌. റെറ്റി​ന​യി​ലാണ്‌ ഈ ബിന്ദു ഉള്ളത്‌. കണ്ണിലെ നാഡീ​ത​ന്തു​ക്കൾ കൂടി​ച്ചേർന്ന്‌ നേത്ര​നാ​ഡി​യാ​യി രൂപ​പ്പെ​ടു​ന്നത്‌ ഇവി​ടെ​വെ​ച്ചാണ്‌. ഈ ബിന്ദു​വിൽ പ്രകാ​ശ​ഗ്രാ​ഹി​ക​ളായ കോശങ്ങൾ ഇല്ല. എന്നിരു​ന്നാ​ലും നിങ്ങൾ ഈ ബിന്ദു​വി​ന്റെ സാന്നി​ധ്യം അറിയു​ന്ന​തേ​യില്ല. കാരണം, നിങ്ങളു​ടെ കണ്ണിൽ പതിയുന്ന ചിത്ര​ത്തി​ന്റെ വിട്ടു​പോയ ഭാഗം “കൂട്ടി​ച്ചേർത്ത്‌” ആ പോരായ്‌മ നികത്താൻ നിങ്ങളു​ടെ മസ്‌തി​ഷ്‌ക​ത്തി​നു പ്രാപ്‌തി​യുണ്ട്‌. വൈരു​ദ്ധ്യ​മെന്നു പറയട്ടെ, മസ്‌തി​ഷ്‌ക​ത്തി​ന്റെ ഈ പ്രാപ്‌തി നിമി​ത്ത​മാണ്‌, ഗ്ലൊ​ക്കോമ എന്ന തസ്‌കരൻ പതുങ്ങി​വന്നു കാഴ്‌ച അപഹരി​ക്കു​ന്നത്‌ നാം അറിയാ​തെ പോകു​ന്നത്‌.

ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു പ്രശസ്‌ത നേത്ര​രോ​ഗ​വി​ദ​ഗ്‌ധ​നായ ഡോ. ഐവാൻ ഗോൾഡ്‌ബർഗ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “പാത്തും​പ​തു​ങ്ങി​യും വന്ന്‌ കാഴ്‌ച കവരുന്ന കള്ളൻ എന്നാണു ഗ്ലൊ​ക്കോ​മയെ വിളി​ക്കു​ന്നത്‌, കാരണം അതു നിങ്ങൾക്ക്‌ യാതൊ​രു സൂചന​ക​ളും നൽകു​ക​യില്ല. സാധാരണ കണ്ടുവ​രുന്ന ഗ്ലൊ​ക്കോമ സാവധാ​നം പിടി​പെട്ട്‌ ഒന്നി​നൊ​ന്നു വർധി​ച്ചു​കൊ​ണ്ടി​രി​ക്കും. മുന്നറി​യി​പ്പു​ക​ളൊ​ന്നും നൽകാതെ, കണ്ണിനെ മസ്‌തി​ഷ്‌ക​വു​മാ​യി ബന്ധിപ്പി​ക്കുന്ന നാഡീ​വ്യ​വ​സ്ഥ​യ്‌ക്ക്‌ ക്ഷതമേൽപ്പി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും നുഴഞ്ഞു​ക​യറ്റം. കണ്ണിൽ വെള്ളം നിറയു​ന്നു​ണ്ടോ ഇല്ലയോ കണ്ണു വരണ്ടി​രി​ക്കു​ന്നു​ണ്ടോ ഇല്ലയോ നന്നായി എഴുതാ​നും വായി​ക്കാ​നും കഴിയും വിധം വ്യക്തമാ​യി കാണാൻ പറ്റുന്നു​ണ്ടോ ഇല്ലയോ എന്നതി​നൊ​ന്നും ഗ്ലൊ​ക്കോ​മ​യു​മാ​യി യാതൊ​രു ബന്ധവു​മില്ല. നിങ്ങളു​ടെ കണ്ണിന്‌ എന്തെങ്കി​ലും തകരാറ്‌ ഉണ്ടെന്നു തോന്നു​ക​പോ​ലു​മില്ല. ഗുരു​ത​ര​മായ ഗ്ലൊ​ക്കോമ ബാധി​ച്ചി​രി​ക്കു​മ്പോൾത്തന്നെ നിങ്ങളു​ടെ കണ്ണ്‌ യാതൊ​രു കുഴപ്പ​വും ഇല്ലെന്ന വ്യാജേന അതിന്റെ ധർമം നിർവ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കും.”

തസ്‌ക​രനെ തിരി​ച്ച​റി​യൽ

നിങ്ങൾക്കു ഗ്ലൊ​ക്കോ​മ​യുണ്ട്‌ എന്ന്‌ ഒറ്റയടി​ക്കു തറപ്പി​ച്ചു​പ​റ​യാൻ ഉതകുന്ന വൈദ്യ​പ​രി​ശോ​ധന നിലവി​ലില്ല. ഗ്ലൊ​ക്കോമ ഉണ്ടോ എന്നു കണ്ടുപി​ടി​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി ഒരു നേത്ര​വി​ദ​ഗ്‌ധൻ ആദ്യം ചെയ്യുക, ടോ​ണോ​മീ​റ്റർ എന്ന ഒരു ഉപകര​ണ​ത്തി​ന്റെ സഹായ​ത്തോ​ടെ നിങ്ങളു​ടെ കണ്ണിലെ ദ്രവമർദം പരി​ശോ​ധി​ക്കു​ക​യാ​യി​രി​ക്കാം. അത്‌ ഉപയോ​ഗിച്ച്‌ അദ്ദേഹം കണ്ണിന്റെ മുൻഭാ​ഗ​ത്തുള്ള കോർണിയ മെല്ലെ അമർത്തു​ന്നു. ഈ പ്രക്രി​യ​യ്‌ക്ക്‌ ആവശ്യ​മാ​യി​വ​രുന്ന ബലത്തിന്റെ തോത്‌ കണക്കാക്കി നേത്രാ​ന്തർഭാ​ഗത്തെ മർദം അളക്കാൻ കഴിയും. ഇനി, ഗ്ലൊ​ക്കോ​മ​യു​ടെ ലക്ഷണമെന്ന നിലയിൽ, കണ്ണിനെ മസ്‌തി​ഷ്‌ക​വു​മാ​യി ബന്ധിപ്പി​ക്കുന്ന ഭാഗത്തുള്ള നാഡീ​വ്യ​വ​സ്ഥ​യി​ലെ കലകൾക്ക്‌ ക്ഷതം സംഭവി​ച്ചി​ട്ടു​ണ്ടോ എന്ന്‌ ചില ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ അദ്ദേഹം കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കും. ഡോ. ഗോൾഡ്‌ബർഗ്‌ ഇപ്രകാ​രം പറയുന്നു: “കണ്ണിന്റെ പിൻഭാ​ഗ​ത്തുള്ള നാഡീ​ത​ന്തു​ക്ക​ളു​ടെ അല്ലെങ്കിൽ രക്തവാ​ഹി​ക​ളു​ടെ ആകൃതിക്ക്‌ അസാധാ​ര​ണ​മായ മാറ്റം എന്തെങ്കി​ലും സംഭവി​ച്ചി​ട്ടു​ണ്ടോ എന്നു ഞങ്ങൾ പരി​ശോ​ധി​ക്കും. കാരണം അതു നാഡി​കൾക്കു ക്ഷതം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എന്നതിന്റെ ഒരു സൂചന​യാ​യി​രു​ന്നേ​ക്കാം.”

വിഷ്വൽ ഫീൽഡ്‌ ടെസ്റ്റി​ങ്ങി​ലൂ​ടെ​യും ഗ്ലൊ​ക്കോ​മയെ തിരി​ച്ച​റി​യാം. ഡോ. ഗോൾഡ്‌ബർഗ്‌ അതിനെ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ധവള​പ്ര​കാ​ശ​മുള്ള, അകത്തേക്കു കുഴിഞ്ഞ കമാനാ​കൃ​തി​യി​ലുള്ള ഒരു ഉപകര​ണ​ത്തി​ലേക്കു നോക്കാൻ വ്യക്തി​യോട്‌ ആവശ്യ​പ്പെ​ടു​ന്നു, അതിൽ ഇടയ്‌ക്കി​ടെ കൂടുതൽ ശോഭ​യേ​റിയ ഒരു ധവള​പ്ര​കാ​ശ​കണം പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കും. അയാൾക്ക്‌ അതു തിരി​ച്ച​റി​യാൻ കഴിയു​ന്നെ​ങ്കിൽ പ്രതി​ക​ര​ണ​മാ​യി അയാൾ ഒരു ബട്ടൺ അമർത്തും.” എന്നാൽ ആ പ്രകാ​ശ​ബി​ന്ദു നിങ്ങളു​ടെ ദൃശ്യ​മണ്ഡല പരിധി​യു​ടെ അറ്റത്താ​യി​രി​ക്കു​മ്പോൾ അതു തിരി​ച്ച​റി​യാൻ കഴിയാ​തെ വരുന്നത്‌ നിങ്ങൾക്കു ഗ്ലൊ​ക്കോമ ഉണ്ടെന്നു​ള്ള​തി​ന്റെ സൂചന​യാ​യി​രു​ന്നേ​ക്കാം. എന്നിരു​ന്നാ​ലും, ഈ വിധത്തി​ലുള്ള പരീക്ഷണം ശ്രമക​ര​മായ ഒന്നാണ്‌. ഇതിനെ കുറെ​ക്കൂ​ടെ ലളിത​മാ​ക്കാ​നാ​യി പുതിയ പുതിയ ഉപകര​ണങ്ങൾ വികസി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ആർക്കാണ്‌ അപകട​സാ​ധ്യത?

40-കളിലുള്ള ആരോ​ഗ്യ​വാ​നായ ഒരു വ്യക്തി​യാണ്‌ പോൾ. അദ്ദേഹം പറയുന്നു: “ഒരു പുതിയ കണ്ണട വാങ്ങാ​നാ​യി ഞാൻ കണ്ണടവി​ദ​ഗ്‌ധനെ സമീപി​ച്ചു. കുടും​ബ​ത്തിൽ ആർക്കെ​ങ്കി​ലും ഗ്ലൊ​ക്കോ​മ​യു​ണ്ടോ എന്ന്‌, പരി​ശോ​ധ​ന​യ്‌ക്കി​ട​യിൽ അദ്ദേഹം ചോദി​ച്ചു. ഞാൻ ഒരു അന്വേ​ഷണം നടത്തി​യ​പ്പോൾ എന്റെ അമ്മയുടെ മൂത്ത ആങ്ങളയ്‌ക്കും സഹോ​ദ​രി​ക്കും ഗ്ലൊ​ക്കോമ ഉണ്ടായി​രു​ന്നെന്നു മനസ്സി​ലാ​യി. ഞാൻ ഒരു നേത്ര​രോ​ഗ​വി​ദ​ഗ്‌ധനെ കണ്ടു, എനിക്കു ഗ്ലൊ​ക്കോമ ഉണ്ടെന്ന്‌ അദ്ദേഹം സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്‌തു.” ഡോ. ഗോൾഡ്‌ബർഗ്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “നിങ്ങളു​ടെ മാതാ​വി​നോ പിതാ​വി​നോ ഗ്ലൊ​ക്കോമ ഉണ്ടെങ്കിൽ നിങ്ങൾക്കു പിടി​പെ​ടാ​നുള്ള സാധ്യത മൂന്നി​രട്ടി മുതൽ അഞ്ചിരട്ടി വരെയാണ്‌. ഇനി, നിങ്ങളു​ടെ കൂടപ്പി​റ​പ്പു​ക​ളിൽ ആർക്കെ​ങ്കി​ലും ഗ്ലൊ​ക്കോമ ഉണ്ടെങ്കിൽ നിങ്ങൾക്കു പിടി​പെ​ടാ​നുള്ള സാധ്യത അഞ്ചിരട്ടി മുതൽ ഏഴിരട്ടി വരെയാണ്‌.”

ഐക്യ​നാ​ടു​ക​ളി​ലെ ഗ്ലൊ​ക്കോമ ഫൗണ്ടേ​ഷ​നി​ലെ ഡോ. കെവിൻ ഗ്രീനിജ്‌ ഗ്ലൊ​ക്കോമ പിടി​മു​റു​ക്കാൻ വഴി​യൊ​രു​ക്കുന്ന മറ്റു ചില ഘടകങ്ങ​ളെ​ക്കു​റി​ച്ചു പറയുന്നു: “നിങ്ങൾ 45-നുമേൽ പ്രായ​മുള്ള ഒരു ആഫ്രിക്കൻ വംശജ​നാ​ണെ​ങ്കിൽ, അല്ലെങ്കിൽ കുടും​ബ​ത്തിൽ ആർക്കെ​ങ്കി​ലും ഗ്ലൊ​ക്കോമ ഉള്ളതിന്റെ ചരി​ത്ര​മു​ണ്ടെ​ങ്കിൽ, കൂടാതെ ഹ്രസ്വ​ദൃ​ഷ്ടി, പ്രമേഹം, കണ്ണിന്‌ ഏറ്റ ക്ഷതം, കോർട്ടി​സോൺ അഥവാ സ്റ്റീറോ​യ്‌ഡ്‌ ഉത്‌പ​ന്ന​ങ്ങ​ളു​ടെ പതിവാ​യുള്ള ഉപയോ​ഗം എന്നീ ഘടകങ്ങ​ളിൽ ഏതെങ്കി​ലും ഉണ്ടെങ്കിൽ നിങ്ങൾ വർഷം തോറും നേത്ര​പ​രി​ശോ​ധന നടത്തേ​ണ്ട​തുണ്ട്‌.” ഇനി മേൽപ്പറഞ്ഞ അപകട​സാ​ധ്യ​തകൾ ഒന്നും ഇല്ലാത്ത, 45-ൽ താഴെ പ്രായ​മുള്ള വ്യക്തി​യാ​ണു നിങ്ങൾ എങ്കിൽപ്പോ​ലും ഗ്ലൊ​ക്കോമ ഉണ്ടോ​യെന്ന്‌ ഓരോ നാലു​വർഷ​ത്തി​ലും പരി​ശോ​ധി​പ്പി​ക്കേ​ണ്ട​താ​ണെന്ന്‌ ഫൗണ്ടേഷൻ നിർദേ​ശി​ക്കു​ന്നു. നിങ്ങൾക്ക്‌ 45-നുമേൽ പ്രായ​മു​ണ്ടെ​ങ്കിൽ രണ്ടു വർഷം കൂടു​മ്പോൾ നേത്ര​പ​രി​ശോ​ധന നടത്തേ​ണ്ട​തുണ്ട്‌.

വൈദ്യ​സ​ഹാ​യം തേടുക, വരുതി​യി​ലാ​ക്കുക

ഗ്ലൊ​ക്കോ​മ​യ്‌ക്കുള്ള ചികി​ത്സ​യു​ടെ ഭാഗമാ​യി പോളിന്‌ ഒരു പ്രത്യേക തുള്ളി​മ​രുന്ന്‌ ദിവസ​വും കണ്ണിൽ ഒഴി​ക്കേ​ണ്ട​തുണ്ട്‌. അദ്ദേഹം പറയുന്നു: “ഞാൻ ഉപയോ​ഗി​ക്കുന്ന തുള്ളി​മ​രുന്ന്‌ നേത്ര​ഗോ​ള​ത്തി​നു​ള്ളി​ലെ അക്വസ്‌ ഹ്യൂമർ ദ്രവത്തി​ന്റെ ഉത്‌പാ​ദ​നത്തെ തടയുന്നു.” കൂടാതെ, പോളി​ന്റെ കണ്ണിന്റെ മുൻഭാ​ഗത്ത്‌ ലേസർ രശ്‌മി​കൾ ഉപയോ​ഗിച്ച്‌ തീരെ ചെറിയ പത്തു ദ്വാരങ്ങൾ “തുരന്ന്‌” ഉണ്ടാക്കി. ഇത്‌ ദ്രാവകം ഒഴുകി​പ്പോ​കാ​നാ​യി നേത്രാ​ന്തർഭാ​ഗത്തു സ്വാഭാ​വി​ക​മാ​യി കാണ​പ്പെ​ടുന്ന സുഷി​ര​ങ്ങൾക്ക്‌ അടുത്താ​യി​ട്ടാ​യി​രു​ന്നു. അദ്ദേഹം തുടരു​ന്നു: “എന്റെ ഒരു കണ്ണ്‌ ലേസർ രശ്‌മി ഉപയോ​ഗിച്ച്‌ ചികി​ത്സി​ച്ച​പ്പോൾ എനിക്ക്‌ ആകെ പരി​ഭ്ര​മ​വും പേടി​യും ഒക്കെയു​ണ്ടാ​യി​രു​ന്നു, ഇത്‌ എനിക്കു​ണ്ടാ​യി​രുന്ന അസ്വസ്ഥത ഒന്നുകൂ​ടെ വർധി​പ്പി​ച്ചു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞു മറ്റേ കണ്ണു ചികി​ത്സി​ച്ച​പ്പോൾ എന്തൊ​ക്കെ​യാ​ണു സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ എനിക്കു നല്ലവണ്ണം അറിയാ​മാ​യി​രു​ന്നു. എനിക്കു പേടി​യൊ​ന്നും തോന്നി​യില്ല. ഞാൻ തിരി​ച്ച​റി​യു​ന്ന​തി​നു മുമ്പു​തന്നേ ഡോക്ടർ ശസ്‌ത്ര​ക്രി​യ​യൊ​ക്കെ നടത്തി കഴിഞ്ഞി​രു​ന്നു.” ചികിത്സ തേടി​യത്‌ അദ്ദേഹ​ത്തി​ന്റെ കണ്ണിലെ മർദം സാധാ​ര​ണ​ഗ​തി​യി​ലാ​ക്കാൻ വളരെ​യ​ധി​കം സഹായി​ച്ചു.

ഇപ്പോൾ പോളിന്‌ ശുഭാ​പ്‌തി​വി​ശ്വാ​സ​മുണ്ട്‌. അദ്ദേഹം പറയുന്നു: “എന്റെ റെറ്റി​ന​കൾക്ക്‌ നേരിയ തകരാറേ സംഭവി​ച്ചി​ട്ടു​ള്ളൂ. ഏതായാ​ലും പാർശ്വ​വീ​ക്ഷണം മുഴു​വ​നാ​യി​ത്തന്നെ എനിക്കു​ള്ളത്‌ ആശ്വാ​സ​ക​ര​മാണ്‌. ഞാൻ തുള്ളി​മ​രുന്ന്‌ മുടങ്ങാ​തെ കണ്ണിൽ ഒഴിക്കു​ക​യാ​ണെ​ങ്കിൽ പാർശ്വ​വീ​ക്ഷണം അങ്ങനെ​തന്നെ നിലനിൽക്കും.”

“പാത്തും പതുങ്ങി​യും വന്നു കാഴ്‌ച കവരുന്ന കള്ളൻ” നിങ്ങളു​ടെ കാഴ്‌ച അപഹരി​ക്കു​ന്നു​ണ്ടോ? ഗ്ലൊ​ക്കോമ ഉണ്ടോ​യെന്നു കണ്ടുപി​ടി​ക്കാ​നാ​യി നിങ്ങൾ ഒരിക്കൽപ്പോ​ലും നേത്ര​പ​രി​ശോ​ധന നടത്തി​യി​ട്ടി​ല്ലെ​ങ്കിൽ—പ്രത്യേ​കിച്ച്‌ അപകട​സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പട്ടിക​യി​ലാ​ണു നിങ്ങ​ളെ​ങ്കിൽ—ഒരു ഗ്ലൊ​ക്കോമ പരി​ശോ​ധന നടത്തു​ന്ന​തി​നാ​യി നിങ്ങളു​ടെ ഡോക്ട​റോട്‌ അഭി​പ്രാ​യം ചോദി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും. ഡോ. ഗോൾഡ്‌ബർഗ്‌ പറയുന്നു: “ഗ്ലൊ​ക്കോമ നിമിത്തം ഉണ്ടാകുന്ന ക്ഷതങ്ങളിൽ അധിക​വും തുടക്ക​ത്തി​ലേ​യുള്ള ശരിയായ ചികി​ത്സ​കൊണ്ട്‌ തടയാ​വു​ന്ന​തേ​യു​ള്ളൂ.” അതേ, ഈ കാഴ്‌ച​ക്ക​ള്ളനെ നിങ്ങൾക്കു തുരത്തി​യോ​ടി​ക്കാൻ പറ്റും! (g04 10/8)

[20-ാം പേജിലെ ചതുരം/ചിത്രം]

പിൻവരുന്ന സംഗതി​കൾ ഗ്ലൊ​ക്കോമ പിടി​പെ​ടാ​നുള്ള കൂടുതൽ സാധ്യ​തയെ കുറി​ക്കു​ന്നു

● നിങ്ങൾ ഒരു ആഫ്രിക്കൻ വംശജ​നാ​ണെ​ങ്കിൽ

● കുടും​ബ​ത്തിൽ ആർക്കെ​ങ്കി​ലും ഗ്ലൊ​ക്കോമ ഉണ്ടെങ്കിൽ

● നിങ്ങൾക്കു പ്രമേ​ഹ​മു​ണ്ടെ​ങ്കിൽ

● ഹ്രസ്വ​ദൃ​ഷ്ടി​യു​ണ്ടെ​ങ്കിൽ

● കോർട്ടി​സോ​ണോ സ്റ്റീറോ​യ്‌ഡോ അടങ്ങിയ ഔഷധ ലേപന​ങ്ങ​ളോ ആസ്‌ത്‌മ​യ്‌ക്കുള്ള സ്‌​പ്രേ​ക​ളോ മറ്റോ നിങ്ങൾ ദീർഘ​നാ​ളാ​യി സ്ഥിരം ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കിൽ

● മുമ്പു കണ്ണിനു ക്ഷതമേ​റ്റി​ട്ടു​ണ്ടെ​ങ്കിൽ

● നിങ്ങൾക്കു 45-നുമേൽ പ്രായ​മു​ണ്ടെ​ങ്കിൽ

[ചിത്രം]

ക്രമമായുള്ള പരി​ശോ​ധ​ന​യി​ലൂ​ടെ ഗുരു​ത​ര​മായ കാഴ്‌ച​നഷ്ടം ഒഴിവാ​ക്കാൻ കഴിയും

[19-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഓപ്പൺ-ആംഗിൾ ഗ്ലൊ​ക്കോ​മ

കോർണിയ

ഐറിസ്‌

ലെൻസ 

റെറ്റിന

ഒപ്‌റ്റിക്‌ ഡിസ്‌ക്‌ അല്ലെങ്കിൽ “അന്ധബിന്ദു.” നാഡീ​ത​ന്തു​ക്കൾ ഒന്നിച്ചു​ചേർന്ന്‌ നേത്രനാ ഡി രൂപം കൊള്ളു​ന്നത്‌ ഇവി​ടെ​യാണ്‌

നേത്രനാഡി ദൃശ്യ ഉദ്ദീപ​ന​ങ്ങളെ മസ്‌തി​ഷ്‌ക​ത്തി​ലേക്ക്‌ എത്തിച്ചു​കൊ​ടു​ക്കു​ന്നു

സിലി​യ​റി​ബോ​ഡി, ദ്രവം രൂപം​കൊ​ള്ളുന്ന സ്ഥലം

1 അക്വസ്‌ ഹ്യൂമർ ഒരു നേർത്ത ദ്രവമാണ്‌. ഇത്‌ ലെൻസ്‌, ഐറിസ്‌, കോർണി​യ​യു​ടെ ഉൾവശം എന്നീ ഭാഗങ്ങളെ പോഷി​പ്പി​ക്കു​ന്നു. ഇത്‌ കണ്ണിന്റെ പുറ​മേ​യുള്ള ഭാഗം നനവു​ള്ള​താ​ക്കി നിറു​ത്തുന്ന കണ്ണുനീ​രു പോ​ലെ​യു​ള്ള​തല്ല

2 ട്രാ​ബെക്കു ലർ മെഷ്‌ വർക്ക്‌ ഈ ദ്രവത്തെ ഒഴുക്കി​ക്ക​ള​യു​ന്നു

3 അരിപ്പ​പോ​ലുള്ള ഈ ഭാഗം അടയു​ക​യോ ചുരു​ങ്ങു​ക​യോ ചെയ്‌താൽ കണ്ണിന​കത്തെ മർദം വർധി​ക്കു​ന്നു

4 മർദം വർധി​ക്കു​മ്പോൾ കണ്ണിനു പിൻഭാ​ഗ​ത്തുള്ള ലോല​മായ നാഡീ​ത​ന്തു​ക്കൾക്കു ക്ഷതമേൽക്കു​ന്നു, അത്‌ ഗ്ലൊ​ക്കോ​മ​യ്‌ക്ക്‌ അല്ലെങ്കിൽ കാഴ്‌ച മങ്ങുന്ന​തി​നു കാരണ​മാ​കു​ന്നു

[19-ാം പേജിലെ ചിത്രങ്ങൾ]

ഒപ്‌റ്റിക്‌ ഡിസ്‌ക്‌

നിങ്ങൾ കാണു​ന്നത്‌

സാധാരണ കാഴ്‌ച​ശ​ക്തി

ഗ്ലൊ​ക്കോ​മ​യു​ടെ പ്രാരം​ഭ​ഘ​ട്ടം

ഗ്ലൊ​ക്കോമ മൂർച്ഛി​ക്കു​മ്പോൾ

[കടപ്പാട്‌]

ഒപ്‌റ്റിക്‌ ഡിസ്‌ക്കു​ക​ളു​ടെ ചിത്രങ്ങൾ: Courtesy Atlas of Ophthalmology