ദൈവത്തെ സ്നേഹിക്കാൻ ബാല്യംമുതൽ പഠിപ്പിക്കപ്പെട്ടു
ദൈവത്തെ സ്നേഹിക്കാൻ ബാല്യംമുതൽ പഠിപ്പിക്കപ്പെട്ടു
അനാറ്റൊലി മെൽനിക് പറഞ്ഞപ്രകാരം
പലരും എന്നെ വല്യപ്പച്ചൻ എന്നാണു വിളിക്കാറ്. സ്നേഹം തുളുമ്പുന്ന ആ വിളി എന്റെ ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്നു. കാരണം അത് എന്റെ സ്വന്തം വല്യപ്പനെക്കുറിച്ചുള്ള ഓർമകൾ എന്നിൽ നിറയ്ക്കുന്നു. അതേ, ഞാൻ അതിരറ്റു സ്നേഹിച്ച, ഞാൻ ഏറെ കടപ്പെട്ടിരിക്കുന്ന എന്റെ വല്യപ്പനെക്കുറിച്ചുള്ള സ്മരണകൾ. ഞാൻ അദ്ദേഹത്തെക്കുറിച്ചു നിങ്ങളോടു പറയട്ടെ, വല്യപ്പനും വല്യമ്മയും അവരുടെ കുടുംബാംഗങ്ങളുടെയും മറ്റ് അനേകരുടെയും ജീവിതത്തിൽ എങ്ങനെ പ്രഭാവം ചെലുത്തിയെന്നും ഞാൻ പറയാം.
ഇന്ന് മൊൾഡോവ എന്ന് അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുള്ള ക്ഹ്ലീനാ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. a 1920-കളിൽ, പിൽഗ്രിമുകൾ എന്നറിയപ്പെട്ടിരുന്ന സഞ്ചാര ശുശ്രൂഷകർ റൊമേനിയയുടെ അതിർത്തി കടന്ന് കുന്നും മലകളും നിറഞ്ഞ ഞങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തി. എന്റെ മമ്മിയുടെ മാതാപിതാക്കൾ ബൈബിളിൽനിന്ന് തങ്ങൾ കേട്ട സുവാർത്തയോടു സത്വരം പ്രതികരിച്ചു. 1927-ൽ അവർ ബൈബിൾ വിദ്യാർഥികളായി, യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴേക്കും ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ രൂപംകൊണ്ടു കഴിഞ്ഞിരുന്നു.
1936-ൽ, ഞാൻ ജനിച്ചപ്പോഴേക്കും എന്റെ കുടുംബത്തിൽ ഡാഡി ഒഴികെ എല്ലാവരും യഹോവയുടെ സാക്ഷികൾ ആയിത്തീർന്നിരുന്നു. ഡാഡി അപ്പോഴും ഓർത്തഡോക്സ് പള്ളിയിലാണു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ജീവിതത്തിന്റെ അർഥം സംബന്ധിച്ചു ഗൗരവമായി ചിന്തിക്കുകയും കാലാന്തരത്തിൽ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു സമർപ്പിച്ചു സ്നാപനമേൽക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തിന്റെ ആത്മീയ വളർച്ചയിൽ വല്യപ്പന് ഒരു വലിയ പങ്കുണ്ടായിരുന്നു. ബൈബിളിനോട് അഗാധമായ സ്നേഹം ഉണ്ടായിരുന്ന അദ്ദേഹത്തിന് നൂറുകണക്കിനു വാക്യങ്ങൾ മനഃപാഠമായിരുന്നു. ഏതൊരു സംഭാഷണവും ബൈബിളിലേക്കു തിരിച്ചുവിടാൻ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു.
ഞാൻ മിക്കപ്പോഴും വല്യപ്പന്റെ മടിയിലിരുന്ന് അദ്ദേഹം പറഞ്ഞുതരുന്ന ബൈബിൾ കഥകൾ ശ്രദ്ധിക്കുമായിരുന്നു. ദൈവത്തോടുള്ള സ്നേഹം അദ്ദേഹം എന്റെ കുരുന്നു
ഹൃദയത്തിൽ ഉൾനട്ടു. അതിന് ഞാൻ എത്ര നന്ദിയുള്ളവനാണെന്നോ! എനിക്ക് എട്ടു വയസ്സുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഞാൻ ആദ്യമായി വയൽശുശ്രൂഷയ്ക്കു പോയി. യഹോവ ആരാണെന്നും അവനോട് അടുക്കാൻ കഴിയുന്നത് എങ്ങനെയെന്നും ഗ്രാമവാസികൾക്കു ഞങ്ങൾ ബൈബിളിൽനിന്നു കാണിച്ചുകൊടുത്തു.കമ്മ്യൂണിസ്റ്റുകൾ അടിച്ചമർത്തുന്നു
കമ്മ്യൂണിസ്റ്റു നയത്തിന്റെ ഭാഗമായി 1947-ൽ, അധികാരികൾ മൊൾഡോവയിലെ യഹോവയുടെ സാക്ഷികൾക്കെതിരെ പീഡനം അഴിച്ചുവിട്ടു. ഇതിന് ഓർത്തഡോക്സ് സഭയുടെ ഒത്താശയും ഉണ്ടായിരുന്നു. കെജിബി ഏജന്റുമാർ എന്നു പിന്നീട് അറിയപ്പെട്ടവരും പ്രാദേശിക പോലീസും വീട്ടിൽവന്ന്, പ്രസംഗവേലയ്ക്ക് ആരാണു നേതൃത്വം എടുക്കുന്നത്, സാഹിത്യങ്ങൾ വരുന്നത് എവിടെനിന്നാണ്, ആരാധനയ്ക്കായി കൂടിവരുന്നത് എവിടെയാണ് എന്നൊക്കെ ഞങ്ങളോടു ചോദിക്കുമായിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിറുത്തലാക്കാൻ പോകുകയാണെന്ന് അവർ പറഞ്ഞു. “രാജ്യത്തു കമ്മ്യൂണിസം തഴയ്ക്കാൻ വിലങ്ങുതടിയായി നിൽക്കുന്നത്” യഹോവയുടെ സാക്ഷികളായിരുന്നത്രേ.
ഈ സമയമായപ്പോഴേക്കും, വിദ്യാസമ്പന്നനായിരുന്ന എന്റെ ഡാഡി ബൈബിൾ സത്യത്തെ ആഴമായി സ്നേഹിക്കാൻ തുടങ്ങി. ചോദ്യം ചെയ്യപ്പെടുമ്പോൾ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ അപകടപ്പെടുത്തിയേക്കാവുന്ന വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് മറുപടി നൽകുന്നതിൽ സമർഥരായിരുന്നു ഡാഡിയും വല്യപ്പനും. സഹവിശ്വാസികളുടെ ക്ഷേമത്തെക്കുറിച്ചു കരുതലുള്ള സ്നേഹധനരും ധൈര്യശാലികളുമായിരുന്നു രണ്ടുപേരും. അവരെപ്പോലെതന്നെ, എന്റെ മമ്മിയും എപ്പോഴും ശാന്തതയും സമചിത്തതയും കാത്തുകൊണ്ടു.
1948-ൽ ഡാഡിയെ അറസ്റ്റുചെയ്തു കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം എന്താണെന്ന് ഞങ്ങളെയാരെയും അറിയിച്ചതേയില്ല. കനത്ത സുരക്ഷാവലയമുള്ള ജയിലിൽ ഡാഡിക്ക് ഏഴുവർഷത്തെ തടവുശിക്ഷ വിധിച്ചു. കൂടാതെ രണ്ടുവർഷത്തേക്കു നാടുകടത്തപ്പെടുകയും ചെയ്തു. കാലാന്തരത്തിൽ, അദ്ദേഹത്തെ റഷ്യയുടെ വടക്കുകിഴക്കുള്ള മഗാഡാൻ പ്രദേശത്തേക്ക് അയച്ചു. ഞങ്ങളുടെ വീട്ടിൽനിന്ന് 7,000-ത്തിലധികം കിലോമീറ്റർ അകലെയായിരുന്നു ഇത്. ഒമ്പതു വർഷം കഴിഞ്ഞാണ് ഞങ്ങൾക്കു പരസ്പരം ഒരുനോക്കു കാണാൻ കഴിഞ്ഞത്. ഡാഡി ഇല്ലാതെയുള്ള ജീവിതം വളരെ ദുഷ്കരമായിരുന്നു. എന്നാൽ പിന്തുണയും ആശ്വാസവുമായി വല്യപ്പൻ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു.
നാടുകടത്തൽ
അങ്ങനെയിരിക്കെ, 1949 ജൂൺ 6-ാം തീയതി രാത്രി, രണ്ടു പട്ടാളക്കാരും ഒരു ഓഫീസറും ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറിവന്നു. രണ്ടു മണിക്കൂറുകൊണ്ട് വീടൊഴിഞ്ഞ് അവരുടെ വാഹനത്തിൽ കയറണമെന്ന് അവർ ഞങ്ങളോടു പറഞ്ഞു. ഞങ്ങളെ നാടുകടത്തുകയാണെന്നും ഇനിയൊരിക്കലും തിരികെവരാൻ കഴിയില്ലെന്നും മാത്രം ഞങ്ങളോടു പറഞ്ഞു, കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നില്ല. അങ്ങനെ, മമ്മി, വല്യപ്പൻ, വല്യമ്മ, സഹവിശ്വാസികൾ എന്നിവരെയും എന്നെയും സൈബീരിയയിലേക്ക് അയച്ചു. അന്ന് എനിക്ക് 13 വയസ്സായിരുന്നു. ഏതാനും ആഴ്ചകൾക്കു ശേഷം ഞങ്ങൾ ഒരു നിബിഡവനത്തിനകത്തുള്ള ഒരു ചതുപ്പുസ്ഥലത്ത് എത്തി. എന്റെ പ്രിയങ്കരമായ ഗ്രാമത്തിൽനിന്നും എത്രയോ വ്യത്യസ്തമായ ഒരു സ്ഥലമായിരുന്നു ഇത്! ചിലപ്പോഴൊക്കെ ഞങ്ങൾ കരയുമായിരുന്നു. എന്നിരുന്നാലും യഹോവ ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കയില്ല എന്ന ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്നു.
ഞങ്ങളെ കൊണ്ടുപോയ കൊച്ചുഗ്രാമത്തിൽ മരംകൊണ്ടു നിർമിച്ച പത്തു കുടിലുകൾ ഉണ്ടായിരുന്നു. മറ്റുസാക്ഷികളെ ആ വനപ്രദേശത്തുള്ള മറ്റു ഗ്രാമങ്ങളിലേക്കു വിട്ടു. നാട്ടുകാരിൽ സാക്ഷികളോടുള്ള ഭയവും മുൻവിധിയും ജനിപ്പിക്കാനായി അധികാരികൾ അവരോട് എന്താണു പറഞ്ഞതെന്നോ? സാക്ഷികൾ നരഭോജികളാണെന്ന്. എന്നിരുന്നാലും പെട്ടെന്നുതന്നെ നാട്ടുകാർക്കു കാര്യം മനസ്സിലായി. അധികാരികൾ പറഞ്ഞതു നുണയാണെന്നും ഞങ്ങളെ പേടിക്കേണ്ടതില്ലെന്നും അവർ തിരിച്ചറിഞ്ഞു.
ആദ്യത്തെ രണ്ടുമാസം ഒരു പഴയ കുടിലിലാണ് ഞങ്ങൾ താമസിച്ചത്. വരാനിരിക്കുന്ന കൊടുംശൈത്യത്തെ നേരിടാൻ ഞങ്ങൾക്ക് കുറച്ചുകൂടി സൗകര്യമുള്ള ഒരു വീടു കെട്ടേണ്ടതുണ്ടായിരുന്നു. വല്യപ്പനും വല്യമ്മയും എന്നെയും മമ്മിയെയും ഇക്കാര്യത്തിൽ സഹായിച്ചു, അങ്ങനെ പകുതി ഭൂമിക്കടിയിലും പകുതി മുകളിലുമായി തലചായ്ക്കാനൊരിടം തട്ടിക്കൂട്ടാൻ ഞങ്ങൾക്കു കഴിഞ്ഞു. അവിടെ ഞങ്ങൾ മൂന്നു വർഷത്തിൽ അധികം താമസിച്ചു. അനുമതിയില്ലാതെ ഗ്രാമത്തിൽനിന്നു പുറത്തുപോകാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു, അനുമതി ഒരിക്കലും തന്നതുമില്ല.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് സ്കൂളിൽ പോയി പഠിക്കാനുള്ള അനുവാദം കിട്ടി. എന്റെ വിശ്വാസം മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നതിനാൽ സഹപാഠികളും അധ്യാപകരും എന്നോടു പലപ്പോഴും ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. നമ്മുടെ വിശ്വാസത്തെക്കുറിച്ചു സ്കൂളിൽ ഞാൻ വിശദീകരിച്ചത് എങ്ങനെയാണെന്നു വീട്ടിൽവന്നു വല്യപ്പനോടു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങുമായിരുന്നു.
കുറച്ചുകൂടെ സ്വാതന്ത്ര്യം
1953-ൽ, സ്വേച്ഛാധിപതി സ്റ്റാലിന്റെ മരണത്തോടെ ഞങ്ങളുടെ ജീവിതം അൽപ്പമൊന്നു മെച്ചപ്പെട്ടു. ഗ്രാമം വിട്ടുപോകാൻ ഞങ്ങൾക്ക് അനുമതി കിട്ടി. ഇത് സഹവിശ്വാസികളുമായി സഹവസിക്കുന്നതിനും നാടുകടത്തപ്പെട്ട സാക്ഷികൾ താമസിക്കുന്ന മറ്റു ഗ്രാമങ്ങളിലെ സഭായോഗങ്ങളിൽ സംബന്ധിക്കുന്നതിനും ഞങ്ങൾക്ക് അവസരമൊരുക്കി. ആരുടെയും ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ഞങ്ങൾ ചെറിയ കൂട്ടങ്ങളായാണു കൂടിവന്നത്. അവിടെ എത്തിച്ചേരുന്നതിന്, ഞങ്ങൾ 30 കിലോമീറ്ററോളം നടക്കുമായിരുന്നു, സങ്കീർത്തനം 122:1.
ചിലപ്പോൾ മുട്ടോളം മഞ്ഞിലൂടെ. ചിലസമയത്ത് താപനില പൂജ്യത്തിലും 40 ഡിഗ്രി താഴെയായിരുന്നു. സഭായോഗം കഴിഞ്ഞ് പിറ്റേന്നു ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര ആരംഭിക്കും. വഴിക്ക് ഞങ്ങളുടെ ഭക്ഷണം, വിനാഗിരിയിലിട്ടുവെച്ച ചെറിയ വെള്ളരിക്കയും ഏതാനും കൽക്കണ്ട കഷണങ്ങളും ആയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾ എത്ര സന്തുഷ്ടരായിരുന്നെന്നോ, പുരാതനകാലത്തെ ദാവീദിനെപ്പോലെ!—1955-ൽ, യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു. അതിനു തൊട്ടുമുമ്പ് അടുത്ത ഗ്രാമത്തിലെ ഒരു സഭായോഗത്തിൽവെച്ച് ഞാൻ ലിഡിയ എന്നൊരു പെൺകുട്ടിയെ കണ്ടിരുന്നു, കറുത്ത മുടിയുള്ള ശാലീനയായൊരു പെൺകുട്ടി. ഞങ്ങളെപ്പോലെ അവളും കുടുംബവും മൊൾഡോവയിൽനിന്ന് നാടുകടത്തപ്പെട്ട സാക്ഷികളായിരുന്നു. അവൾ ശ്രുതിമധുരമായി പാടുമായിരുന്നു, അന്നു ഞങ്ങൾ ഉപയോഗിച്ചിരുന്ന പാട്ടുപുസ്തകത്തിലെ 337 പാട്ടുകളിൽ എല്ലാംതന്നെ അവൾക്കു മനഃപാഠമായിരുന്നു. ഇതും എന്റെ മനം കവർന്നു, കാരണം നമ്മുടെ സംഗീതവും പാട്ടുകളും ഞാൻ ഏറെ പ്രിയപ്പെട്ടിരുന്നു. 1956-ൽ, ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.
ഡാഡിയെ മഗാഡാനിലേക്കാണു നാടുകടത്തിയിരിക്കുന്നതെന്ന് ഇതിനോടകം ഞങ്ങൾ അറിഞ്ഞിരുന്നു. അദ്ദേഹത്തിനു ഞാൻ ഒരു കത്തെഴുതി. ഡാഡിയുടെ ആശംസ കിട്ടിയിട്ടു മതി വിവാഹം എന്നു ഞങ്ങൾ തീരുമാനിച്ചു. അധികം താമസിയാതെ, അദ്ദേഹം മോചിതനായി, ഞങ്ങളോടൊപ്പം ചേർന്നു. തൊഴിൽപ്പാളയങ്ങളിൽ ഡാഡിയും സഹക്രിസ്ത്യാനികളും അഭിമുഖീകരിച്ച ഭീകരമായ അവസ്ഥകളെ യഹോവയുടെ സഹായത്തോടെ അതിജീവിച്ചത് എങ്ങനെയാണെന്നു ഡാഡി ഞങ്ങളോടു പറഞ്ഞു. അത്തരം വിവരണങ്ങൾ ഞങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.
ഡാഡി തിരിച്ചുവന്നിട്ട് അധികമായിരുന്നില്ല. ഒരുദിവസം മമ്മി പെയിന്റുകളിലും വാർണീഷുകളിലും ഞങ്ങൾ ഉപയോഗിക്കുന്ന എണ്ണ തയ്യാറാക്കുകയായിരുന്നു. അപ്പോൾ ഒരു ദുരന്തമുണ്ടായി. തിളച്ചുകൊണ്ടിരുന്ന ഒരുകലം എണ്ണ എങ്ങനെയോ മറിഞ്ഞ്, മമ്മിയുടെ ദേഹത്തു വീണു. ആശുപത്രിയിൽവെച്ചു മമ്മി മരിച്ചു. ഞങ്ങളുടെ ഹൃദയം തകർന്നുപോയി. കാലം കണ്ണീരുണക്കിയപ്പോൾ ഡാഡി റ്റാറ്റ്യാനായെ വിവാഹം കഴിച്ചു. അടുത്ത ഗ്രാമത്തിലെ ഒരു സാക്ഷിയായിരുന്നു അവർ.
ഞങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്തുന്നു
1958-ൽ ലിഡിയയും ഞാനും, ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന കിസാക്ക് എന്ന ഗ്രാമത്തിൽനിന്ന് കുറച്ചുകൂടി വലിയൊരു ഗ്രാമത്തിലേക്കു താമസം മാറി. അവിടെനിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയായിരുന്നു ലിബ്യിയെ എന്ന ഈ ഗ്രാമം. മറ്റു രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ വീടുതോറും പ്രസംഗിക്കുമെന്നു ഞങ്ങൾ വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങളുടെ പുതിയ പ്രദേശത്ത് അങ്ങനെ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ അപ്പോഴും വീക്ഷാഗോപുരം, ഉണരുക! മാസികകൾ നിരോധിച്ചിരിക്കുകയായിരുന്നു. എങ്കിലും മറ്റു സ്ഥലങ്ങളിൽനിന്ന് ഒളിച്ചുകടത്തിയ ചില പ്രതികൾ ഞങ്ങൾക്കു കിട്ടിയിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് റഷ്യൻ ഭാഷയിലുള്ള മാസികകൾ മാത്രമേ ഞങ്ങൾക്കു ലഭിക്കുകയുള്ളു എന്ന് അറിവു കിട്ടി. അതുവരെ, ഞങ്ങൾക്കു മൊൾഡേവിയൻ ഭാഷയിലും മാസികകൾ ലഭിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾ റഷ്യൻ ഭാഷ പഠിക്കാൻ തീവ്രശ്രമം ആരംഭിച്ചു. ആ മാസികകളുടെ തലക്കെട്ടു മാത്രമല്ല അവയിലെ ചില ആശയങ്ങൾ പോലും ഇന്നും എനിക്ക് ഓർമയുണ്ട്.
ഉപജീവനമാർഗം കണ്ടെത്തുന്നതിന് ഞാൻ വാഹനങ്ങളിൽനിന്നു തടി ഇറക്കുന്ന പണിചെയ്തു. ലിഡിയയാകട്ടെ ധാന്യം സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്തിരുന്ന ഒരു സ്ഥാപനത്തിൽ ജോലി നോക്കി. ജോലി വളരെ കഠിനമായിരുന്നു, വേതനമോ തുച്ഛവും. സാക്ഷികൾ മനസ്സാക്ഷിപൂർവം ജോലിചെയ്യും എന്ന പേരൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്കു മറ്റ് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥന്മാർ ഇപ്രകാരം തുറന്നടിക്കുമായിരുന്നു: “കമ്മ്യൂണിസ്റ്റു സമൂഹത്തിൽ യഹോവയുടെ സാക്ഷികൾക്ക് യാതൊരു സ്ഥാനവുമില്ല.” എന്നാലും, “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല” എന്ന് യേശു തന്റെ അനുഗാമികളെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഞങ്ങളുടെ കാര്യത്തിൽ സാർഥകമാകുന്നല്ലോ എന്നോർത്തപ്പോൾ ഞങ്ങളുടെ മനം നിറഞ്ഞു.—യോഹന്നാൻ 17:16.
പുതിയ വെല്ലുവിളികൾ
1959-ൽ ഞങ്ങളുടെ മകൾ വലെന്റിന പിറന്നു. താമസിയാതെ പീഡനത്തിന്റെ പുതിയ അലകൾ ആഞ്ഞടിക്കാൻ തുടങ്ങി. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “1959-64 കാലഘട്ടത്തിൽ പ്രധാനമന്ത്രി നികിതാ ക്രൂഷ്ചേവ് മതവിരോധത്തിന്റെ ഒരു നൂതനപ്രസ്ഥാനവുമായി രംഗത്തിറങ്ങി.” സോവിയറ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം എല്ലാ മതങ്ങളെയും, പ്രത്യേകിച്ച് യഹോവയുടെ സാക്ഷികളെ, ഉന്മൂലനം ചെയ്യുക എന്നതാണെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി അംഗങ്ങൾ ഞങ്ങളോടു പറഞ്ഞു.
വലെന്റിനയ്ക്ക് ഏതാണ്ട് ഒരു വയസ്സുള്ളപ്പോൾ എന്നെ സൈന്യത്തിലേക്കു വിളിച്ചു. ഞാൻ പോയില്ല, നിഷ്പക്ഷത പാലിച്ചതിന് എനിക്ക് അഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചു. ഒരിക്കൽ ലിഡിയ എന്നെ കാണാൻ വന്നപ്പോൾ ഒരു കെജിബി കേണൽ അവളോട് ഇങ്ങനെ പറഞ്ഞു: “രണ്ടു വർഷത്തിനകം യഹോവയുടെ സാക്ഷികളെ ഒന്നൊഴിയാതെ സോവിയറ്റ് യൂണിയനിൽനിന്നു നിർമൂലമാക്കിയിരിക്കണം എന്ന ഒരു അറിയിപ്പ് ക്രെംലിനിൽനിന്ന് [റഷ്യൻ ഭരണകൂടത്തിൽനിന്ന്] ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്.” എന്നിട്ട് അദ്ദേഹം അവൾക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “നീ നിന്റെ വിശ്വാസം തള്ളിപ്പറയണം, അല്ലാത്തപക്ഷം നിന്നെ ജയിലിൽ അടയ്ക്കും.” ഇത്തരം വിരട്ടുതന്ത്രങ്ങൾകൊണ്ട് സ്ത്രീകളെ ഭയപ്പെടുത്താമെന്നാണ് കേണൽ വിചാരിച്ചത്.
“പെണ്ണുങ്ങൾ വെറും ഭീരുക്കളല്ലേ” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ, സാക്ഷികളിൽപ്പെട്ട പുരുഷന്മാരെല്ലാം തടവറകളിലും തൊഴിൽപ്പാളയങ്ങളിലുമായി. എന്നിരുന്നാലും, ധൈര്യശാലികളായ ക്രിസ്തീയ വനിതകൾ പ്രസംഗപ്രവർത്തനവുമായി മുന്നോട്ടുപോയി. സ്വയം അപകടപ്പെടുത്തിക്കൊണ്ട് അവർ സാഹിത്യങ്ങൾ തടവറകളിലേക്കും തൊഴിൽപ്പാളയങ്ങളിലേക്കും ഒളിച്ചുകടത്തി. ലിഡിയയ്ക്കും അത്തരം പരിശോധനകൾ നേരിടേണ്ടിവന്നു. എന്റെ അഭാവത്തിൽ, അവസരം മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്ന പുരുഷന്മാരിൽനിന്ന് അനുചിത പെരുമാറ്റങ്ങൾ മിക്കപ്പോഴും അവൾക്കു സഹിക്കേണ്ടിവന്നു. എന്നെ ഒരിക്കലും മോചിപ്പിക്കയില്ലെന്നുവരെ അവളോടു പറഞ്ഞു. പക്ഷേ ഞാൻ മോചിതനാകുകതന്നെ ചെയ്തു!
മോചനവും കസാഖ്സ്ഥാനിലേക്കുള്ള മാറ്റവും
എന്റെ കേസ് 1963-ൽ പുനഃവിചാരണയ്ക്കെടുത്തു, മൂന്നു വർഷത്തെ ജയിൽവാസത്തിനു ശേഷം എന്നെ വിമുക്തനാക്കി. പക്ഷേ ഒരിടത്തും ഞങ്ങൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി കിട്ടിയില്ല, അതുകൊണ്ട് എനിക്കു ജോലി കണ്ടെത്താനും കഴിഞ്ഞില്ല. രാഷ്ട്രത്തിന്റെ നിയമം ഇങ്ങനെയായിരുന്നു: “സ്ഥിരതാമസക്കാരനല്ലെങ്കിൽ, ജോലിയില്ല.” സഹായത്തിനായി ഞങ്ങൾ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു, എന്നിട്ട് കസാഖ്സ്ഥാന്റെ വടക്കുള്ള പെട്രോപോവിലേക്കു താമസം മാറ്റാൻ തീരുമാനിച്ചു. പക്ഷേ, അവിടത്തെ പ്രാദേശിക അധികാരികൾക്ക് നേരത്തേതന്നെ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നു, അവിടെ താമസിക്കാനോ ജോലിചെയ്യാനോ അവർ ഞങ്ങളെ അനുവദിച്ചില്ല. ഈ നഗരത്തിലെ ഏകദേശം 50 സാക്ഷികൾ ഇത്തരം പീഡനം അനുഭവിച്ചു.
മറ്റൊരു സാക്ഷിദമ്പതികളോടൊപ്പം ഞങ്ങൾ അവിടെനിന്നു യാത്രയായി. തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചുപട്ടണമായ ഷ്ചൂചിൻസ്കിലേക്കാണു ഞങ്ങൾ പോയത്. അവിടെ സാക്ഷികൾ ആരും ഇല്ലാത്തതിനാൽ അധികാരികൾക്ക് നമ്മുടെ പ്രസംഗവേലയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാനും ഐവാനും—ഭർത്താക്കന്മാർ രണ്ടുപേരും—ജോലിതേടിയിറങ്ങും, ഭാര്യമാർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കും, അവിടെയാണു രാത്രി ഞങ്ങൾ ഉറങ്ങിയതും. ഒരാഴ്ച ഇങ്ങനെ കടന്നുപോയി. ഒടുവിൽ ഒരു ഗ്ലാസ്സ് ഫാക്ടറിയിൽ ഞങ്ങൾക്കു ജോലി കിട്ടി. രണ്ടു കുടുംബങ്ങൾക്കും കൂടെ കഴിയാൻ ഞങ്ങൾ ഒരു കൊച്ചുമുറി വാടകയ്ക്കെടുത്തു. രണ്ടു കിടക്കയിട്ടുകഴിഞ്ഞാൽ പിന്നെ ഇത്തിരി സ്ഥലമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എങ്കിലും ഞങ്ങൾ സംതൃപ്തരായിരുന്നു.
ഐവാനും ഞാനും ആത്മാർഥമായി ജോലിചെയ്തു, ഞങ്ങളുടെ തൊഴിലുടമകൾക്ക് ഞങ്ങളെ നന്നേ ഇഷ്ടപ്പെട്ടു. പക്ഷേ അപ്പോഴേക്ക്, എന്നെ വീണ്ടും സൈനിക സേവനത്തിനു വിളിച്ചു. എന്നാൽ സൈനിക സേവനം ചെയ്യാൻ ബൈബിൾ പരിശീലിത മനസ്സാക്ഷി എന്നെ അനുവദിക്കില്ലെന്ന് എന്റെ ഫാക്ടറി മാനേജർക്ക് അതിനോടകം മനസ്സിലായിരുന്നു. അതിശയമെന്നു പറയട്ടെ, അദ്ദേഹം സൈനിക മേധാവിയെ കണ്ട്, ഐവാനും ഞാനും സമർഥരായ തൊഴിലാളികൾ ആണെന്നും ഞങ്ങളില്ലാതെ ഫാക്ടറി ഓടിക്കാൻ കഴിയില്ലെന്നും പറഞ്ഞു. അങ്ങനെ അവിടെത്തന്നെ തുടരാൻ ഞങ്ങൾക്ക് അനുവാദം കിട്ടി.
കുട്ടികളെ വളർത്തുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്യുന്നു
1966-ൽ, ഞങ്ങളുടെ രണ്ടാമത്തെ മകൾ ലില്യ ജനിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ബ്യിലിയെ വോഡി എന്ന പട്ടണത്തിലേക്കു താമസം മാറി. ഉസ്ബക്കിസ്ഥാൻ അതിർത്തിക്കടുത്ത് കസാഖ്സ്ഥാന് തെക്കായിരുന്നു ആ പട്ടണം. അവിടെ യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ കൂട്ടം ഉണ്ടായിരുന്നു. വൈകാതെ, അവിടെ ഒരു സഭ രൂപീകൃതമായി, ഞാൻ അധ്യക്ഷമേൽവിചാരകനായി നിയമിതനായി. 1969-ൽ ഞങ്ങളുടെ മകൻ ഓല്യെക് പിറന്നു. രണ്ടുവർഷം കഴിഞ്ഞ് ഏറ്റവും ഇളയവൾ നടാഷയും. മക്കൾ യഹോവയിൽനിന്നുള്ള ഒരു അവകാശമാണെന്ന കാര്യം ലിഡിയയും ഞാനും ഒരിക്കലും മറന്നിരുന്നില്ല. (സങ്കീർത്തനം 127:3) യഹോവയെ സ്നേഹിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ ചെയ്യേണ്ടതെന്താണെന്ന് ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ചചെയ്തു.
1970-കളിൽപ്പോലും പുരുഷന്മാരായ സാക്ഷികൾ മിക്കവരും തൊഴിൽപ്പാളയങ്ങളിൽ ആയിരുന്നു. നിരവധി സഭകൾക്ക് പക്വതയാർന്ന മേൽനോട്ടവും മാർഗനിർദേശവും ആവശ്യമായിരുന്നു. അതുകൊണ്ട് കുട്ടികളെ വളർത്താനുള്ള ചുമതലയുടെ നല്ലൊരു പങ്കും ലിഡിയ ഏറ്റെടുത്തു, ചിലപ്പോഴൊക്കെ അവൾ ഡാഡിയും മമ്മിയുമായി, അങ്ങനെ എനിക്ക് സഞ്ചാര മേൽവിചാരകനായി സേവിക്കാൻ കഴിഞ്ഞു. ഞാൻ കസാഖ്സ്ഥാനിലെയും അയൽ സോവിയറ്റ് റിപ്പബ്ലിക്കുകളായ തജികിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിലെയും സഭകൾ സന്ദർശിച്ചു. അതോടൊപ്പം, കുടുംബത്തെ പോറ്റാൻ ഞാൻ ജോലിയും ചെയ്തിരുന്നു, ലിഡിയയും കുട്ടികളും എന്നോടു പൂർണമായി സഹകരിച്ചു.
ചിലപ്പോൾ വീട്ടിൽനിന്ന് ഏതാനും ആഴ്ചകൾ എനിക്ക് അകന്നിരിക്കേണ്ടിവരുമായിരുന്നു. എങ്കിലും പിതാവിന്റെ സ്നേഹം അവർക്കു നൽകാനും അവരുടെ ആത്മീയ വളർച്ചയിൽ സഹായിക്കാനും ഞാൻ ആവുന്നത്ര ശ്രമിച്ചു. ഞങ്ങളുടെ കുഞ്ഞുങ്ങളെ സഹായിക്കേണമേ എന്നു ഞാനും ലിഡിയയും മുട്ടിപ്പായി അപേക്ഷിച്ചിരുന്നു. മാത്രമല്ല, മാനുഷഭയം എങ്ങനെ ഒഴിവാക്കണമെന്നും ദൈവത്തോട് എങ്ങനെ അടുത്തബന്ധം വളർത്തിയെടുക്കാമെന്നും ഞങ്ങൾ കുട്ടികളോടൊത്തു ചർച്ചചെയ്യുകയും ചെയ്തിരുന്നു. പ്രിയങ്കരിയായ എന്റെ ജീവിതസഖിയുടെ അകമഴിഞ്ഞ പിന്തുണയില്ലായിരുന്നെങ്കിൽ, സഞ്ചാര മേൽവിചാരകൻ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങൾ എനിക്കു നിറവേറ്റാനാകുമായിരുന്നില്ല. ലിഡിയയും നമ്മുടെ മറ്റു സഹോദരിമാരും ആ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതുപോലെ “വെറും ഭീരുക്കൾ” ആയിരുന്നില്ല. അവർ അപാര ധൈര്യശാലികളും സാക്ഷാൽ ആത്മീയ അതികായരും ആയിരുന്നു!—ഫിലിപ്പിയർ 4:13.
ഞങ്ങളുടെ കുട്ടികളെല്ലാം വളർന്നു. അങ്ങനെ 1988-ൽ ഞാൻ പൂർണമായും സഞ്ചാരവേലയിലായി. എന്റെ സർക്കിട്ടിൽ മധ്യേഷ്യയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ഉൾപ്പെട്ടിരുന്നു. 1991-ൽ, യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല മുൻസോവിയറ്റു യൂണിയനിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു. തുടർന്ന് ആത്മീയ പക്വത നേടിയ പ്രാപ്തിയുള്ള പുരുഷന്മാർ, മുൻസോവിയറ്റു യൂണിയന്റെ ഏഷ്യൻ റിപ്പബ്ലിക്കുകളിൽ സേവിക്കാൻ തുടങ്ങി. ഇന്ന് ഈ രാജ്യങ്ങളിൽ
14 സർക്കിട്ടു മേൽവിചാരകന്മാർ ഉണ്ട്. ഇവിടെ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിന് 50,000-ത്തിലേറെ പേർ ഹാജരായി!അപ്രതീക്ഷിതമായ ഒരു ക്ഷണം
1998-ൽ, യഹോവയുടെ സാക്ഷികളുടെ റഷ്യ ബ്രാഞ്ചിൽനിന്ന് എനിക്ക് അപ്രതീക്ഷിതമായൊരു ഫോൺസന്ദേശം ലഭിച്ചു. “അനാറ്റൊലി, താങ്കളും ലിഡിയയും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?” എന്നായിരുന്നു അത്. ഉവ്വ്, ഞങ്ങളുടെ മക്കളെ അത്തരമൊരു പദവിയിൽ കാണാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിച്ചിരുന്നു. അപ്പോൾ ഞങ്ങളുടെ മകൻ ഓല്യെക്, ഏതാണ്ട് അഞ്ചു വർഷമായി റഷ്യ ബ്രാഞ്ചിൽ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഞങ്ങൾക്കു നീട്ടിത്തന്ന ഈ ക്ഷണത്തെക്കുറിച്ചു ഞാൻ ലിഡിയയുമായി സംസാരിച്ചപ്പോൾ അവൾ ചോദിച്ചു: “അപ്പോൾ നമ്മുടെ വീടും പൂന്തോട്ടവും സാധനസാമഗ്രികളും ഒക്കെ എന്തുചെയ്യും?” കാര്യങ്ങൾ നന്നായി ചർച്ചചെയ്യുകയും അതിനെക്കുറിച്ചു പ്രാർഥിക്കുകയും ചെയ്തതിനു ശേഷം ഞങ്ങൾ ഞങ്ങളുടെ സമ്മതം അറിയിക്കാൻ തീരുമാനിച്ചു. ഒടുവിൽ, കസാഖ്സ്ഥാനിലെ, ഇസിക്ക് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന യഹോവയുടെ സാക്ഷികളുടെ മതകേന്ദ്രത്തിൽ സേവിക്കാൻ ഞങ്ങളെ ക്ഷണിച്ചു. അൽമ-അറ്റ എന്ന വൻ നഗരത്തിനടുത്താണ് ഇത്. നമ്മുടെ ബൈബിൾ സാഹിത്യങ്ങൾ അവിടത്തെ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നത് ഇവിടെയാണ്.
ഞങ്ങളുടെ കുടുംബം ഇന്ന്
മക്കളെ ബൈബിൾ സത്യം പഠിപ്പിക്കാൻ ദൈവം ഞങ്ങളെ സഹായിച്ചതിന് ഞങ്ങൾ അവനോട് എത്ര നന്ദിയുള്ളവരാണെന്നോ! ഞങ്ങളുടെ മൂത്തമകൾ വലെന്റിന, വിവാഹിതയായി. 1993-ൽ, അവൾ ഭർത്താവിനോടൊപ്പം ജർമനിയിലെ ഇങ്ങൽഹൈമിലേക്കു പോയി. അവർക്ക് മൂന്നു കുട്ടികൾ ഉണ്ട്, അവരെല്ലാം സ്നാപനമേറ്റ സാക്ഷികളാണ്.
ഞങ്ങളുടെ രണ്ടാമത്തെ മകൾ ലില്യയും ഭർത്താവും കൂടി തങ്ങളുടെ രണ്ടു മക്കളെയും ദൈവത്തെ സ്നേഹിക്കുന്നവരായി വളർത്തിക്കൊണ്ടുവരുന്നു. അവളുടെ ഭർത്താവ്, ബ്യിലിയെ വോഡി സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഓല്യെക് മോസ്കോയിൽനിന്നുള്ള ഒരു ക്രിസ്തീയ സഹോദരിയായ നടാഷയെ വിവാഹം കഴിച്ചു. അവരിരുവരും സെന്റ് പീറ്റേഴ്സ്ബർഗിനടുത്തു സ്ഥിതിചെയ്യുന്ന റഷ്യ ബ്രാഞ്ചിൽ സേവിക്കുന്നു. 1995-ൽ ഞങ്ങളുടെ ഇളയമകൾ നടാഷ വിവാഹിതയായി. അവൾ ഭർത്താവിനൊപ്പം ജർമനിയിലുള്ള ഒരു റഷ്യൻ സഭയിൽ സേവിക്കുന്നു.
ഇടയ്ക്കൊക്കെ, ഞങ്ങളെല്ലാം ഒന്നിച്ചുകൂടാറുണ്ട്. ഞങ്ങളുടെ കുട്ടികൾ അവരുടെ കുട്ടികളോട് തങ്ങളുടെ “മമ്മ”യും “പപ്പ”യും യഹോവ പറഞ്ഞതിനു ചെവികൊടുത്തത് എങ്ങനെയെന്നും സത്യദൈവമായ യഹോവയെ സേവിക്കുന്നവരായി മക്കളെ വളർത്തിക്കൊണ്ടുവന്നത് എങ്ങനെയെന്നും പറയാറുണ്ട്. ഇത്തരം ചർച്ചകൾ ആത്മീയമായി വളരാൻ ഞങ്ങളുടെ കൊച്ചുമക്കളെ സഹായിച്ചിരിക്കുന്നതായി ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പേരക്കിടാങ്ങളിൽ ഏറ്റവും ഇളയവന് എന്റെ ഛായയാണ്, അവന്റെ പ്രായത്തിൽ ഞാനിരുന്നതുപോലെതന്നെ. ചിലപ്പോൾ അവൻ എന്റെ മടിയിൽ കയറിയിരുന്നിട്ട് ഒരു ബൈബിൾ കഥ പറഞ്ഞുതരാമോ എന്നു ചോദിക്കും. അപ്പോൾ എന്റെ ഓർമകൾ വർഷങ്ങൾക്കപ്പുറത്തേക്കു പോകും. ഞാൻ എന്റെ വല്യപ്പന്റെ മടിയിലിരുന്നതും നമ്മുടെ മഹാസ്രഷ്ടാവിനെ സ്നേഹിക്കാനും സേവിക്കാനും വല്യപ്പൻ എന്നെ പഠിപ്പിച്ചതുമൊക്കെ ഒന്നൊന്നായി മനസ്സിൽ തെളിഞ്ഞുവരും. ആ മധുരതരമായ ഓർമകൾ എന്റെ കണ്ണുകളെ ഈറനണിയിക്കും. (g04 10/22)
[അടിക്കുറിപ്പ്]
a രാജ്യത്തിന്റെ മുമ്പത്തെ പേരുകളായ മൊൾഡേവിയ എന്നോ മൊൾഡേവിയ സോവിയറ്റ് റിപ്പബ്ലിക്ക് എന്നോ അല്ല, ഇപ്പോഴത്തെ പേരായ മൊൾഡോവ എന്നായിരിക്കും ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത്.
[11-ാം പേജിലെ ചിത്രം]
മൊൾഡോവയിലെ ഞങ്ങളുടെ വീടിനു വെളിയിൽ എന്റെ മാതാപിതാക്കളോടൊത്ത്, ഡാഡിയെ തടവിലാക്കുന്നതിനു തൊട്ടുമുമ്പ്
[12-ാം പേജിലെ ചിത്രം]
നാടുകടത്തപ്പെട്ടിരിക്കു മ്പോൾ ലിഡിയ യോടൊത്ത്,1959-ൽ
[13-ാം പേജിലെ ചിത്രം]
ലിഡിയയും വലെന്റിനയും, അപ്പോൾ ഞാൻ ജയിലിൽ ആയിരുന്നു
[15-ാം പേജിലെ ചിത്രം]
ഞങ്ങളുടെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം, എല്ലാവരും യഹോവയെ സേവിക്കുന്നു!
[15-ാം പേജിലെ ചിത്രം]
ഇന്നു ലിഡിയയോടൊത്ത്