നിങ്ങളുടെ ഭാഗധേയം
നിങ്ങളുടെ ഭാഗധേയം
“ഒരു കുഞ്ഞിന്, അവൻ പൊന്നോമനയാണെന്നും ഊഷ്മളമായ കുടുംബബന്ധത്തിന്റെ അവിഭാജ്യഘടകമാണെന്നും ഉള്ള തോന്നൽ നൽകാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ, ആ കൊച്ചുജീവിതം ഉദ്ദേശ്യപൂർണമാക്കുന്നെങ്കിൽ, അവനെ അന്വേഷണ കുതുകിയാക്കി മാറ്റുന്നെങ്കിൽ, കുഞ്ഞിന്റെ മസ്തിഷ്കവികസനം നിശ്ചയമായും സാധ്യമാണ്” എന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പീറ്റർ ഗോർസ്കി പറയുന്നു. “മാതാപിതാക്കളെന്ന നിലയിലുള്ള നമ്മുടെ പങ്ക് മസ്തിഷ്കത്തിന്റെ പ്രവർത്തനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയല്ല, മറിച്ച് ആരോഗ്യവും വൈകാരിക സമനിലയുമുള്ള, സഹാനുഭൂതി പ്രകടമാക്കാൻ പ്രാപ്തരായ മനുഷ്യജീവികളെ വാർത്തെടുക്കുക എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവരോടു പരിഗണനയുള്ള, ധാർമിക നൈർമല്യം കാത്തുസൂക്ഷിക്കുന്ന, ഒരു വ്യക്തിയായി നിങ്ങളുടെ കുട്ടി വളർന്നുവരുന്നതു കാണുന്നത് മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക് എത്രമാത്രം ചാരിതാർഥ്യം നൽകും അല്ലേ! എന്നാൽ അത്തരമൊരു സത്ഫലം ലഭിക്കുന്നത് കുട്ടിക്ക് ഒരു മാതൃകയും സുഹൃത്തും അധ്യാപകനും ആയിരിക്കുകയും അവനോട് ആശയവിനിമയം നടത്തുകയും ചെയ്യാൻ നിങ്ങൾ എങ്ങനെ മുൻകൈ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സന്മാർഗം പിന്തുടരാനുള്ള ഒരു അടിസ്ഥാന പ്രാപ്തിയോടെയാണ് എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നതെങ്കിലും അവർ വളർന്നുവരുമ്പോൾ ക്രമാനുഗതമായി ധാർമിക മൂല്യങ്ങൾ അവരിൽ ഉൾനടേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നത് ആരാണ്?
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ കാതലായ സ്വാധീനം ചെലുത്തുന്നത് ആരാണെന്ന കാര്യത്തിൽ ഗവേഷകർക്കു ഭിന്നാഭിപ്രായമാണുള്ളത്. ഇതിൽ മുഖ്യപങ്ക് വഹിക്കുന്നത് സമപ്രായക്കാരായ അവരുടെ കൂട്ടുകാരാണെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ, ഒരു കുഞ്ഞിന്റെ ശൈശവദശയിൽ ആർദ്രപരിപാലനം
നൽകിക്കൊണ്ട് ഒരു മാതാവ് അല്ലെങ്കിൽ പിതാവ് വഹിക്കുന്ന ധർമവും അതിപ്രധാനമാണ് എന്ന് കുട്ടികളുടെ വ്യക്തിത്വവികസനത്തെക്കുറിച്ചു പഠനം നടത്തുന്ന ഡോ. റ്റി. ബെറി ബ്രാസെൽട്ടണും ഡോ. സ്റ്റാൻലി ഗ്രീൻസ്പാനും വിശ്വസിക്കുന്നു.അനുഭവപാഠങ്ങളുടെ ഭണ്ഡാരത്തിലേക്ക് കൂട്ടുകാരിൽനിന്നുള്ള സ്വാധീനവും കൂടെ ചേരുമ്പോൾ കുട്ടിയുടെ ആദ്യവർഷങ്ങളിലെ വ്യക്തിത്വവികാസം ഏതാണ്ടു പൂർണമാകുന്നു. ഗൃഹാന്തരീക്ഷത്തിൽ കുട്ടിയോടു മനസ്സലിവോടെ ഇടപെടുകയും അവനെ മനസ്സിലാക്കുന്നുണ്ടെന്നുള്ള തോന്നൽ നൽകുകയും വേണം. ഉള്ളിൽ നുരഞ്ഞുപൊന്തുന്ന വികാരങ്ങളെ പക്വമായ വിധത്തിൽ എങ്ങനെ നേരിടാമെന്നും അവരെ പഠിപ്പിച്ചുകൊടുക്കേണ്ടതാണ്. ഇത്തരം സഹായം ലഭിക്കുന്ന കുട്ടികൾ മറ്റുള്ളവരോടൊപ്പം ജോലിചെയ്യുമ്പോൾ സഹകരണമനോഭാവവും സമാനുഭാവവും മനസ്സലിവും കാണിക്കാൻ കൂടുതൽ സജ്ജരായിരിക്കും.
കുഞ്ഞുങ്ങളെ ശൈശവംമുതൽ പരിശീലിപ്പിക്കുക എന്നത് കഠിനാധ്വാനം തന്നെയാണ്. എന്നാൽ നിങ്ങൾ ഇതിൽ വിജയം വരിക്കണമെങ്കിൽ—പ്രത്യേകിച്ചും നിങ്ങൾ ആദ്യമായാണ് അച്ഛനും അമ്മയും ആയതെങ്കിൽ—മക്കളെ വളർത്തി പരിചയമുള്ളവരോടു മാർഗനിർദേശങ്ങൾ ആരായുന്നതും തുടർന്ന് ഒരു നിശ്ചിത പ്രവർത്തനരീതി പിൻപറ്റുന്നതും ജ്ഞാനമായിരിക്കും. കുട്ടികളുടെ വ്യക്തിത്വവികസനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന, വിദഗ്ധരുടേതായിട്ടുള്ള എണ്ണമറ്റ പുസ്തകങ്ങൾ ലഭ്യമാണ്. ഒട്ടുമിക്കപ്പോഴും അത്തരം ഉപദേശങ്ങളിൽ പ്രതിധ്വനിക്കുന്നത് ബൈബിളിന്റെ താളുകളിൽ കാണുന്ന ആശ്രയയോഗ്യമായ മാർഗനിർദേശങ്ങളാണ്. ദൈവവചനത്തിലെ ഘനമേറിയ തത്ത്വങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്തിയത് മക്കളെ വിജയപ്രദമായി വളർത്തിക്കൊണ്ടുവരാൻ അനേകം മാതാപിതാക്കൾക്കു തുണയായിട്ടുണ്ട്. പിൻവരുന്ന പ്രായോഗിക നിർദേശങ്ങൾ ശ്രദ്ധിക്കുക.
സ്നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക
സ്നേഹലാളനങ്ങളോടെ നിത്യം പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ തഴച്ചുവളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന ഇളം ചെടികൾപോലെയാണ് കുട്ടികൾ. സൂര്യപ്രകാശവും വെള്ളവും ഇളം ചെടികളെ പോഷിപ്പിക്കുകയും അവയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ദൃഢത നൽകുകയും ചെയ്യുന്നു. സമാനമായി, മാതാപിതാക്കൾ തങ്ങളുടെ വാത്സല്യം വാക്കുകളിലൂടെയും ആശ്ലേഷം പോലെയുള്ള സ്നേഹപ്രകടനങ്ങളിലൂടെയും കുട്ടികളുടെമേൽ ചൊരിയുമ്പോൾ മാനസികവും വൈകാരികവുമായ വളർച്ചയും ദൃഢതയും കൈവരിക്കാൻ അത് ഒരു പ്രേരകമായി വർത്തിക്കും.
“സ്നേഹമോ, പടുത്തുയർത്തുന്നു” എന്ന ബൈബിളിന്റെ സരളമായ പ്രസ്താവന ശ്രദ്ധിക്കുക. (1 കൊരിന്ത്യർ 8:1, ഓശാന ബൈബിൾ) വാത്സല്യപ്രകടനങ്ങളിലൂടെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്നേഹം വാരിക്കോരി നൽകുന്ന മാതാപിതാക്കൾ ഫലത്തിൽ അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ അനുകരിക്കുകയാണു ചെയ്യുന്നത്. യേശു സ്നാപനമേറ്റ സന്ദർഭത്തിൽ, പിതാവിനു തന്നോടുള്ള സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ പിതാവിൽനിന്ന് അവൻ നേരിട്ടു കേൾക്കുകയുണ്ടായി. യേശു അപ്പോൾ ഒരു മുതിർന്ന വ്യക്തി ആയിരുന്നെങ്കിലും ആ സംഭവം അവനെ എത്രമാത്രം ധൈര്യപ്പെടുത്തിയിരിക്കണം!—ലൂക്കൊസ് 3:22.
നിങ്ങൾ കുഞ്ഞിനോടു കാണിക്കുന്ന വാത്സല്യം, ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങൾ അവനു വായിച്ചുകൊടുക്കുന്ന കഥകൾ, എന്തിന് നിങ്ങൾ അവനോടൊപ്പം ഏർപ്പെടുന്ന കളികൾപോലും അവന്റെ വ്യക്തിത്വവികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ഡോ. ജെ. ഫ്രേസർ മസ്റ്റാഡ് പറയുന്നു: ‘ഒരു കുഞ്ഞു ചെയ്യുന്ന ഓരോ സംഗതിയും തന്റെ ജീവിതാനുഭവങ്ങളുടെ ശൃംഖലയിൽ അവൻ കൂട്ടിച്ചേർക്കുന്ന കണ്ണികളാണ്. മുട്ടിലിഴയാൻ പഠിക്കുന്ന ഒരു കുഞ്ഞിന് നിങ്ങൾ എങ്ങനെ പ്രോത്സാഹനം നൽകും, എങ്ങനെ അതിനോടു പ്രതികരിക്കും എന്നതെല്ലാം പ്രധാനമാണ്.’ മാതാപിതാക്കളിൽനിന്നുള്ള സ്നേഹവും ശ്രദ്ധയും കുഞ്ഞിന്റെ വ്യക്തിത്വം വികസിക്കാനും, ഉത്തരവാദിത്വവും പക്വതയുമുള്ള ഒരു മുതിർന്ന വ്യക്തിയായി വളർന്നുവരാനും ഉറച്ച അടിത്തറ പാകുന്നു.
സുഹൃത്തായിരിക്കുക, ആശയവിനിമയം ചെയ്യുക
മക്കളോടൊത്തു സമയം ചെലവഴിക്കുമ്പോൾ നിങ്ങൾക്കിടയിൽ ഒരു ഗാഢബന്ധം ഇതൾവിരിയുന്നു. കൂടാതെ, അത് ആശയവിനിമയ പാടവം പരിപുഷ്ടിപ്പെടുത്തുന്നു. വീട്ടിലോ മറ്റെവിടെയോ ആയിരുന്നാലും ആവർത്തനപുസ്തകം 6:6, 7; 11:18-21.
ഏതു സമയത്തായിരുന്നാലും ഈ ഗാഢബന്ധം, തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.—മാതാപിതാക്കൾ കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയം, വിലകൂടിയ ഏതു കളിപ്പാട്ടങ്ങളെക്കാളും മാതാപിതാക്കൾ അവർക്കുവേണ്ടി തീരുമാനിക്കുന്ന ഏതു സവിശേഷ പ്രവർത്തനത്തെക്കാളും പതിന്മടങ്ങു പ്രധാനപ്പെട്ടതാണെന്ന് കുട്ടികളുടെ വ്യക്തിത്വവികസനത്തെക്കുറിച്ചു പഠിക്കുന്ന വിദഗ്ധർ സമ്മതിക്കുന്നു. ദൈനംദിന കാര്യാദികളോ ചെലവേതുമില്ലാത്ത മറ്റു പ്രവർത്തനങ്ങളോ ഒക്കെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള വേദിയാക്കി മാറ്റാൻ നിങ്ങൾക്കു കഴിയും. ഉദാഹരണത്തിന്, പ്രകൃതിയുമായി സല്ലപിക്കാൻ കുട്ടികളുമൊന്നിച്ച് എവിടെയെങ്കിലുമൊക്കെ പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക. മാതാപിതാക്കൾക്കു കുട്ടികളോട് അർഥവത്തായ ചോദ്യങ്ങൾ ചോദിക്കുന്നതിനും അങ്ങനെ ആശയവിനിമയത്തിലേക്കുള്ള വാതിൽ തുറക്കുന്നതിനും ഉള്ള ഒരു സുവർണാവസരമാണത്.
“നൃത്തംചെയ്വാൻ [തുള്ളിച്ചാടി നടക്കാൻ] ഒരു കാലം” ഉണ്ടെന്ന് തിരുവെഴുത്തുകൾ പറയുന്നു. (സഭാപ്രസംഗി 3:1, 4) അതേ, കുട്ടിയുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ കഴിവുകളും പ്രാപ്തികളും വളർന്നു വികാസം പ്രാപിക്കാൻ അവൻ കളിച്ചുവളരേണ്ടതുണ്ട്. കളികൾ മൂല്യവത്താണെന്നു മാത്രമല്ല ഒഴിച്ചുകൂടാനാവാത്തതുമാണെന്ന് ഡോ. മസ്റ്റാഡ് പറയുന്നു. അദ്ദേഹം തുടരുന്നു: “കളികളിലൂടെയാണു മുഖ്യമായും കുട്ടികളുടെ മസ്തിഷ്കം അതിന്റെ നാനാവിധ ധർമങ്ങൾക്കുവേണ്ടിയുള്ള നാഡീബന്ധങ്ങൾ ഇഴചേർത്തെടുക്കുന്നത്.” കുട്ടികൾ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളികളിൽ ഏർപ്പെടുമ്പോൾ ഒരു കാർഡ്ബോർഡ് പെട്ടിപോലെ വളരെ ലളിതമായ കളിപ്പാട്ടങ്ങൾ മതിയാകും. വിലകൂടിയ, തിളങ്ങുന്ന കളിപ്പാട്ടങ്ങളേ കുട്ടികൾക്കു ഇഷ്ടമാകൂ എന്നില്ല. വീട്ടിലെ അപകടകരമല്ലാത്ത, സാധാരണ സാധനസാമഗ്രികളും കുഞ്ഞുങ്ങളിൽ വിസ്മയം ഉളവാക്കാൻ പോന്നവതന്നെയാണ്. a
കുട്ടികൾക്ക് ഇടംവലംതിരിയാൻ നേരമില്ലാത്തവിധം മാതാപിതാക്കൾ അവർക്കായി എണ്ണമറ്റ പരിപാടികൾ ആസൂത്രണം ചെയ്തുകൂട്ടുന്നെങ്കിൽ കുട്ടികളുടെ ഭാവനയെയും സർഗാത്മകതയെയും അവർ തല്ലിക്കെടുത്തുകയായിരിക്കും ചെയ്യുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാറ്റിനും ഒരു മിതത്വം നല്ലതാണ്, അതാണു വേണ്ടതും. കുട്ടിയെ അവന്റെ കൊച്ചുലോകത്തിലൂടെ തനിയെ സഞ്ചരിക്കാൻ വിടുക, അവന്റെ പ്രാഗത്ഭ്യവും കർമകുശലതയും അവൻതന്നെ പരീക്ഷിച്ചുനോക്കട്ടെ. മിക്കപ്പോഴും തനിക്കു രസിക്കത്തക്ക എന്തെങ്കിലുമൊക്കെ അവൻ സ്വയം കണ്ടുപിടിക്കും. അവനെ ശ്രദ്ധിക്കാതെ വിടണം എന്നല്ല അതിനർഥം. കളിക്കുന്ന സ്ഥലത്ത് അവന് അപകടമൊന്നും സംഭവിക്കാതിരിക്കേണ്ടതിന്, അവൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങളുടെ കണ്ണും കാതും പതിയണം.
പഠിപ്പിക്കാൻ സമയം മാറ്റിവെക്കുക
സാഹചര്യങ്ങളോടു നന്നായി പൊരുത്തപ്പെടാൻ കഴിയുന്നവരായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് അവരെ പഠിപ്പിക്കുക എന്നത്. കുട്ടികളെ ഉറക്കെ വായിച്ചുകേൾപ്പിക്കുന്നതിന് അനേകം മാതാപിതാക്കളും ഓരോ ദിവസവും ഏതെങ്കിലും ഒരു നിശ്ചിത സമയം ക്രമീകരിക്കുന്നു. മാന്യമായ പെരുമാറ്റത്തെയും നമ്മുടെ സ്രഷ്ടാവ് നമുക്കു നൽകിയിരിക്കുന്ന ധാർമിക മൂല്യങ്ങളെയും കുറിച്ച് അവരെ പഠിപ്പിച്ചുകൊടുക്കാൻ പറ്റിയ അവസരങ്ങളാണിവ. ഒരു വിശ്വസ്ത അധ്യാപകനും മിഷനറിയുമായിരുന്ന തിമൊഥെയൊസ് ‘തിരുവെഴുത്തുകളെ ബാല്യംമുതൽ അറിഞ്ഞിരുന്നു’ എന്ന് ബൈബിൾ പറയുന്നു.—2 തിമൊഥെയൊസ് 3:14.
കുഞ്ഞിന് ഉറക്കെ വായിച്ചുകൊടുക്കുന്നത് അവന്റെ മസ്തിഷ്കത്തിലെ സിനാപ്റ്റിക് ബന്ധങ്ങൾ ഉദ്ദീപിക്കാൻ ഇടയാക്കും. എന്നാൽ വായിച്ചുകൊടുക്കുന്ന വ്യക്തി കുഞ്ഞിനെ അതീവവാത്സല്യത്തോടെ പരിപാലിക്കുന്ന ഒരാൾ ആയിരിക്കണം എന്നതു സുപ്രധാന ഘടകമാണ്. എന്താണു വായിച്ചുകേൾപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രൊഫസറായ ലിൻഡ സീഗൽ പറയുന്നു: “അത് കുഞ്ഞുങ്ങൾ ആസ്വദിക്കുന്ന തരത്തിലുള്ളത് ആയിരിക്കണം.” കുട്ടിക്കു വായിച്ചുകൊടുക്കുന്നത് ക്രമമായി, ഒരേ സമയത്തുതന്നെ ചെയ്യാൻ ശ്രദ്ധിക്കുക.
അങ്ങനെയാകുമ്പോൾ അവൻ അതിനായി കാത്തിരിക്കാൻ തുടങ്ങും.പഠിപ്പിക്കലിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു സംഗതി ശിക്ഷണമാണ്. സ്നേഹപൂർവം ശിക്ഷണം നൽകുന്നത് കുഞ്ഞുങ്ങൾ മിടുക്കരായി വളരാൻ സഹായിക്കും. സദൃശവാക്യങ്ങൾ 13:1 പറയുന്നതു ശ്രദ്ധിക്കുക: “ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനാഫലം.” എന്നാൽ ഒന്നോർക്കുക, ശിക്ഷണത്തിൽ പല സംഗതികൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, വാക്കാലോ ചില പദവികൾ നൽകാതിരുന്നുകൊണ്ടോ മറ്റു തരത്തിലുള്ള ശിക്ഷാനടപടികൾ കൈക്കൊണ്ടുകൊണ്ടോ തെറ്റുതിരുത്തുന്നത് അതിൽ ഉൾപ്പെടുന്നു. മുമ്പു പരാമർശിച്ച ഡോ. ബ്രാസെൽട്ടൻ പറയുന്നത്, ശിക്ഷണം എന്നുവെച്ചാൽ “തന്റെ വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെയാണ് എന്നൊക്കെ കുട്ടിയെ പഠിപ്പിക്കലാണ്. തങ്ങൾക്കുമേൽ പരിധികളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കുമെന്നു കുട്ടികളെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാത്സല്യം കഴിഞ്ഞാൽ നിങ്ങൾ അവർക്കു നൽകേണ്ട സർവപ്രധാന ഘടകമാണ് ശിക്ഷണം.”
മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങളുടെ ശിക്ഷണം ഫലപ്രദമാണോ എന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? ഒരു സംഗതി, ശിക്ഷണം നൽകിയത് എന്തിനാണെന്ന് നിങ്ങളുടെ കുട്ടികൾക്കു മനസ്സിലാകണം. നിങ്ങൾ അവരുടെ തെറ്റു തിരുത്തുമ്പോൾ, സ്നേഹവും പിന്തുണയും നൽകുന്ന ഒരു മാതാവോ പിതാവോ ആണു നിങ്ങളെന്നു കുട്ടികൾ തിരിച്ചറിയുന്ന രീതിയിൽ വേണം അതു ചെയ്യാൻ.
വിജയപ്രദമെന്നു തെളിഞ്ഞ ഉദ്യമങ്ങൾ
എല്ലാ ദിവസവും തന്റെ കുഞ്ഞുമകൾ ഉറങ്ങുന്നതിനു മുമ്പ് ഫ്രെഡ് അവൾക്കു വായിച്ചുകൊടുക്കുമായിരുന്നു. അത് ദിനചര്യയുടെ ഭാഗമായി മാറി. കുറെക്കാലം കഴിഞ്ഞപ്പോൾ, അവൾ ആ കഥകളിൽ മിക്കതും മനപ്പാഠമാക്കിയിരുന്നതായും താൻ വായിക്കുന്നതിനൊപ്പം വാക്കുകളും വാക്കുകളെ വ്യത്യാസപ്പെടുത്തുന്ന ശബ്ദങ്ങളും തിരിച്ചറിഞ്ഞ് ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം മനസ്സിലാക്കി. തന്റെ കുട്ടികൾക്കുവേണ്ടി വായിച്ചുകൊടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന മറ്റൊരു പിതാവായിരുന്നു ക്രിസ്. അദ്ദേഹം അവരെ വ്യത്യസ്ത വിഷയങ്ങൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. അവർ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ അദ്ദേഹം എന്റെ ബൈബിൾ കഥാ പുസ്തകം പോലുള്ള പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് സന്മാർഗപാഠങ്ങൾ പഠിപ്പിക്കുകയും ദൈവത്തോടുള്ള ഭക്തിയെക്കുറിച്ച് അവർക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. b
മറ്റു ചില മാതാപിതാക്കൾ കുട്ടികൾക്കു വായിച്ചുകൊടുക്കുന്നതോടൊപ്പംതന്നെ അവർക്കുവേണ്ടി വൈവിധ്യമാർന്ന പരിപാടികൾ ക്രമീകരിച്ചുകൊണ്ട് എല്ലാം സമനിലയിൽ നിറുത്താൻ ഇഷ്ടപ്പെടുന്നു. അതിനായി അവർ ചിത്രരചന, പെയിന്റിങ്, സംഗീതം, കുടുംബം ഒന്നിച്ചുള്ള മൃഗശാല സന്ദർശനം, ക്യാമ്പിങ്ങിനു പോകുക തുടങ്ങിയ കാര്യാദികൾക്കും സമയം കണ്ടെത്തുന്നു. ഈ സന്ദർഭങ്ങളെ കുട്ടികളെ പലപല കാര്യങ്ങൾ പഠിപ്പിക്കാനും ഉദാത്തമായ ധാർമിക മൂല്യങ്ങളും സത്പെരുമാറ്റവും അവരുടെ കുരുന്നു മനസ്സിലും ഹൃദയത്തിലും ഉൾനടാനുമുള്ള സുവർണാവസരങ്ങളാക്കാൻ കഴിയും.
അതിരിക്കട്ടെ, ഇങ്ങനെയെല്ലാം ചെയ്യുന്നതിനു തക്ക മൂല്യമുണ്ടോ? ഉവ്വ്, സുരക്ഷിതത്വബോധവും പ്രശാന്തതയും കളിയാടുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ മേൽപ്പറഞ്ഞ പ്രായോഗിക മാർഗനിർദേശങ്ങൾ പിന്തുടരാൻ തങ്ങളാലാവതു ചെയ്യുന്ന മാതാപിതാക്കൾ അവരുടെ മക്കൾ ആത്മവിശ്വാസമുള്ളവരായി വളർന്നുവരുന്നത് കൺനിറയെ കണ്ടാനന്ദിക്കാനുള്ള വളരെയേറെ സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ നിങ്ങൾ അവരിൽ ബൗദ്ധിക പ്രാപ്തിയും ആശയവിനിമയ പാടവങ്ങളും നട്ടുവളർത്തുന്നെങ്കിൽ അവരുടെ ധാർമികവും ആത്മീയവുമായുള്ള സ്വഭാവരൂപീകരണത്തിൽ നിങ്ങൾ വലിയൊരു പങ്ക് നിർവഹിക്കുകയായിരിക്കും.
നൂറ്റാണ്ടുകൾക്കു മുമ്പ് ബൈബിൾ സദൃശവാക്യങ്ങൾ 22:6-ൽ ഇപ്രകാരം പറഞ്ഞു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾക്ക് അതിപ്രധാനമായ ഒരു ഭാഗധേയം നിവർത്തിക്കാനുണ്ട്. മക്കളോടുള്ള വാത്സല്യപ്രകടനങ്ങളിൽ പിശുക്കു കാണിക്കരുത്. അവരോടൊത്തു സമയം ചെലവിടുക, അവരെ പരിപാലിക്കുക, അവരെ പഠിപ്പിക്കുക. അത് നിങ്ങൾക്കും അവർക്കും ആനന്ദം പകരും.—സദൃശവാക്യങ്ങൾ 15:20. (g04 10/22)
[അടിക്കുറിപ്പുകൾ]
a ഈ മാസികയുടെ 1993 മാർച്ച് 22 ഇംഗ്ലീഷ് ലക്കത്തിലെ “ആഫ്രിക്കൻ കളിപ്പാട്ടങ്ങൾ സൗജന്യം” എന്ന ലേഖനം കാണുക.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. കൊച്ചുകുട്ടികളെ ഫലപ്രദമായി പഠിപ്പിക്കാൻ തക്കവണ്ണം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റൊരു ഉപകരണമാണ് മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം.
[7-ാം പേജിലെ ചതുരം]
നിങ്ങളുടെ കുഞ്ഞിനോടൊപ്പം കളിക്കുമ്പോൾ
◼ കൊച്ചുകുഞ്ഞുങ്ങൾക്ക് അൽപ്പനേരം മാത്രമേ എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധിച്ചിരിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് അവർ ആസ്വദിക്കും എന്നു തോന്നുന്ന സമയത്തു മാത്രം കളികളിൽ ഏർപ്പെടുക.
◼ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ സുരക്ഷിതവും കുഞ്ഞിന്റെ ഇന്ദ്രിയപ്രാപ്തികളെ ഉദ്ദീപിപ്പിക്കാൻ മതിയായതും ആണെന്ന് ഉറപ്പുവരുത്തുക.
◼ ഫലങ്ങൾ കാണാൻ കഴിയുന്നതരം കളികളിൽ ഏർപ്പെടുക. കുഞ്ഞുങ്ങൾക്കു നിങ്ങളെക്കൊണ്ട് ഒരുകാര്യം ആവർത്തിച്ചു ചെയ്യിക്കുന്നതു വലിയ ഇഷ്ടമാണ്, കളിപ്പാട്ടം താഴെയിട്ടിട്ട് നിങ്ങളെക്കൊണ്ടു വീണ്ടും വീണ്ടും എടുപ്പിക്കുന്നതുപോലെ.
[കടപ്പാട്]
ഉറവിടം: ക്ലിനിക്കൽ റഫറൻസ് സിസ്റ്റംസ്
[10-ാം പേജിലെ ചതുരം/ചിത്രം]
കുട്ടിക്കു വായിച്ചുകൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
◼ വ്യക്തമായി സംസാരിക്കുക, ശരിയായി ഉച്ചരിക്കുക. കുട്ടി ഭാഷ പഠിക്കുന്നത് മാതാപിതാക്കൾ സംസാരിക്കുന്നതു കേട്ടാണ്.
◼ പിഞ്ചുകുഞ്ഞുങ്ങൾക്ക് കഥപ്പുസ്തകങ്ങളിൽ കാണിച്ചിരിക്കുന്ന വസ്തുക്കളെയും ആളുകളെയും ചൂണ്ടിക്കാട്ടി, പേരുപറഞ്ഞു കൊടുക്കുക.
◼ കുട്ടി വളരുന്നതനുസരിച്ച് അവനു പ്രിയങ്കരമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
[കടപ്പാട്]
ഉറവിടം: പിഡിയാട്രിക്സ് ഫോർ പേരന്റ്സ്
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ആസ്വാദ്യമായ വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മക്കളോടൊത്തു സമയം ചെലവിടുക