വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായമായവരോട്‌ നാം എങ്ങനെ പെരുമാറണം?

പ്രായമായവരോട്‌ നാം എങ്ങനെ പെരുമാറണം?

ബൈബി​ളി​ന്റെ വീക്ഷണം

പ്രായ​മാ​യ​വ​രോട്‌ നാം എങ്ങനെ പെരു​മാ​റണം?

രണ്ടായി​ര​ത്തി​മൂ​ന്നി​ലെ വേനൽക്കാ​ലത്ത്‌ യൂറോപ്പ്‌ ഭൂഖണ്ഡ​ത്തി​ലു​ട​നീ​ള​മാ​യി ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ മരണമ​ടഞ്ഞു. 60 വർഷത്തി​നി​ട​യിൽ ആ ഭൂഖണ്ഡ​ത്തിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ വേനലാ​യി​രു​ന്നു അത്‌. മരിച്ച​വ​രിൽ മിക്കവ​രും പ്രായ​മു​ള്ള​വ​രാ​യി​രു​ന്നു. അവധി​ക്കാ​ലം ചെലവ​ഴി​ക്കാ​നാ​യി പോയ ബന്ധുക്കൾ തനിച്ചാ​ക്കി​യ​വ​രാ​യി​രു​ന്നു അവരിൽ ചിലർ. മറ്റു ചിലരാ​കട്ടെ, അമിതാ​ധ്വാ​നം നിമിത്തം ക്ഷീണി​ത​രായ ആശുപ​ത്രി-ആതുരാ​ലയ ജീവന​ക്കാ​രാൽ അവഗണി​ക്ക​പ്പെട്ടു കഴിയു​ന്ന​വ​രും. ലേ പാരി​സ്യെൻ എന്ന ദിനപ്പ​ത്രം റിപ്പോർട്ടു ചെയ്‌ത​ത​നു​സ​രിച്ച്‌ പാരീ​സിൽ മാത്രം, ആരും ഏറ്റെടു​ക്കാ​നി​ല്ലാ​തെ 450 മൃതശ​രീ​രങ്ങൾ ഉണ്ടായി​രു​ന്നു. ഉറ്റവരോ ഉടയവ​രോ അടുത്തി​ല്ലാ​തെ മരിക്കാ​നി​ട​യാ​യി, അജ്ഞാത ജഡങ്ങളാ​യി മാറിയ വൃദ്ധജ​ന​ങ്ങ​ളു​ടെ സാഹച​ര്യ​ത്തെ വിശക​ലനം ചെയ്‌തു​കൊണ്ട്‌ പത്രം ചോദി​ക്കു​ന്നു: “മാതാ​പി​താ​ക്ക​ളെ​യും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രെ​യും മറന്നു​പോ​കത്തക്ക എന്തു സാഹച​ര്യ​മാണ്‌ നമുക്കു​ള്ളത്‌?”

65-നു മുകളിൽ പ്രായ​മു​ള്ള​വ​രു​ടെ എണ്ണം ലോക​മെ​മ്പാ​ടു​മാ​യി ഓരോ മാസവും 7,95,000 എന്ന നിരക്കിൽ വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇത്തര​മൊ​രു സ്ഥിതി​വി​ശേഷം മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ വൃദ്ധജ​ന​ങ്ങളെ പരിപാ​ലി​ക്കു​ന്നത്‌ ഇന്ന്‌ ഏറ്റവു​മ​ധി​കം ഉത്‌ക​ണ്‌ഠ​യ്‌ക്ക്‌ ഇടയാ​ക്കുന്ന ഒരു സംഗതി​യാ​യി മാറി​യി​രി​ക്കു​ന്നു. യു.എസ്‌. സെൻസസ്‌ ബ്യൂ​റോ​യു​ടെ ജനസം​ഖ്യാ പദ്ധതി​ക​ളു​ടെ അസോ​സി​യേറ്റ്‌ ഡയറക്‌ട​റായ നാൻസി ഗോർഡൻ പറയുന്നു: “ഗോള​വ്യാ​പ​ക​മാ​യി, മുമ്പെ​ങ്ങും ഉണ്ടായി​ട്ടി​ല്ലാത്ത വിധത്തിൽ വൃദ്ധരു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. ആ സാഹച​ര്യ​ങ്ങ​ളെ​യും അതിന്റെ വെല്ലു​വി​ളി​ക​ളെ​യും ഓരോ രാജ്യ​വും എങ്ങനെ കൈകാ​ര്യം​ചെ​യ്യു​ന്നു എന്നതിന്‌ നാം അടുത്ത ശ്രദ്ധ​കൊ​ടു​ക്കണം.”

നമ്മുടെ സ്രഷ്ടാ​വും പ്രായ​മാ​യ​വ​രിൽ താത്‌പ​ര്യ​മു​ള്ള​വ​നാണ്‌. വാസ്‌ത​വ​ത്തിൽ, അവരോട്‌ എങ്ങനെ പെരു​മാ​റണം എന്നതു സംബന്ധിച്ച മാർഗ​നിർദേശം അവന്റെ വചനമായ ബൈബിൾ നമുക്കു നൽകുന്നു.

പ്രായ​മാ​യ​വ​രോ​ടുള്ള ബഹുമാ​നം

മോ​ശെക്കു നൽകപ്പെട്ട ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം പ്രായ​മാ​യ​വരെ ബഹുമാ​നി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ‘നരച്ചവന്റെ മുമ്പാകെ എഴു​ന്നേ​ല്‌ക്ക​യും വൃദ്ധന്റെ മുഖം ബഹുമാ​നി​ക്ക​യും വേണം’ എന്ന്‌ അതു പ്രസ്‌താ​വി​ച്ചു. (ലേവ്യ​പു​സ്‌തകം 19:32) ദൈവ​ത്തി​ന്റെ അനുസ​ര​ണ​മുള്ള ആരാധകർ പ്രായ​മാ​യ​വ​രു​ടെ മുമ്പാകെ ‘എഴു​ന്നേ​ല്‌ക്കാൻ’ പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അങ്ങനെ ചെയ്യു​ന്നത്‌, (1) പ്രായ​മായ വ്യക്തി​യോ​ടുള്ള ബഹുമാന സൂചക​മാ​യും (2) ദൈവ​ത്തി​ന്റെ ആരാധ​കർക്ക്‌ അവനോ​ടുള്ള ഭയഭക്തി​യു​ടെ തെളി​വാ​യും കണക്കാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അതേ, പ്രായ​മാ​യ​വരെ ആദരി​ക്ക​ണ​മാ​യി​രു​ന്നു, അവരെ വില​യേ​റി​യ​വ​രാ​യി കണക്കാ​ക്ക​ണ​മാ​യി​രു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 16:31; 23:22.

ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ മോ​ശൈക നിയമ​ത്തിൻ കീഴിലല്ല. എന്നിരു​ന്നാ​ലും, അതിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വങ്ങൾ, യഹോ​വ​യു​ടെ ചിന്തക​ളെ​യും അവൻ പ്രാധാ​ന്യം നൽകുന്ന കാര്യ​ങ്ങ​ളെ​യും കുറിച്ചു വെളി​പ്പെ​ടു​ത്തു​ന്നു. അവൻ പ്രായ​മാ​യ​വർക്ക്‌ ഉയർന്ന മൂല്യം കൽപ്പി​ക്കു​ന്നു എന്ന വസ്‌തു​ത​യ്‌ക്ക്‌ അവ അടിവ​ര​യി​ടു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ, ക്രിസ്‌തീയ സഭയിൽ ഉണ്ടായി​രുന്ന അംഗങ്ങൾ അതു മനസ്സി​ലാ​ക്കി​യി​രു​ന്നു. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അതിനുള്ള തെളിവ്‌ കാണാം. അന്ന്‌ യെരൂ​ശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ സഹായം ആവശ്യ​മുള്ള ഏതാനും വിധവ​മാർ ഉണ്ടായി​രു​ന്നു. അവരിൽ ചിലർ പ്രായ​മേ​റി​യ​വ​രാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. ഈ സ്‌ത്രീ​കൾക്ക്‌ ദിവസ​വും ക്രമമാ​യി ആഹാരം ലഭിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി അപ്പൊ​സ്‌ത​ല​ന്മാർ “നല്ല സാക്ഷ്യ​മുള്ള” ഏഴു​പേരെ തിര​ഞ്ഞെ​ടുത്ത്‌ നിയമി​ച്ചു. ഇങ്ങനെ വിശേഷ കരുതൽ പ്രകട​മാ​ക്കു​ന്നത്‌ സഭ അവശ്യം നിർവ​ഹി​ക്കേണ്ട ഒരു “ചുമതല” (പി.ഒ.സി. ബൈബിൾ) ആയിട്ടാ​ണു വീക്ഷി​ക്ക​പ്പെ​ട്ടത്‌.—പ്രവൃ​ത്തി​കൾ 6:1-7.

‘നരച്ചവന്റെ മുമ്പാകെ എഴു​ന്നേ​ല്‌ക്കുക’ എന്ന കൽപ്പന​യി​ലെ തത്ത്വം അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ക്രിസ്‌തീയ സഭകൾക്കു ബാധക​മാ​ക്കി. യുവ​ക്രി​സ്‌തീയ മേൽവി​ചാ​ര​ക​നായ തിമൊ​ഥെ​യൊ​സി​നോട്‌ അവൻ പറഞ്ഞു: ‘മൂത്തവനെ [പ്രായ​മായ വ്യക്തിയെ] ഭർത്സി​ക്കാ​തെ അപ്പനെ​പ്പോ​ലെ​യും മൂത്ത സ്‌ത്രീ​കളെ [പ്രായ​മായ സ്‌ത്രീ​കളെ] അമ്മമാ​രെ​പ്പോ​ലെ​യും പ്രബോ​ധി​പ്പിക്ക.’ (1 തിമൊ​ഥെ​യൊസ്‌ 5:1, 2) പ്രായ​മായ ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ തിമൊ​ഥെ​യൊ​സിന്‌ ഒരു പരിധി​വരെ അധികാ​രം ഉണ്ടായി​രു​ന്നെ​ങ്കി​ലും, അവരെ അവമതി​ച്ചു സംസാ​രി​ക്ക​രു​തെന്ന്‌ അവനോ​ടു പറയു​ക​യു​ണ്ടാ​യി. മറിച്ച്‌, അപ്പനെ​യെന്ന പോലെ ബഹുമാ​ന​ത്തോ​ടെ ആ വ്യക്തിയെ പ്രബോ​ധി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. സമാന​മായ വിധത്തിൽ സഭയിലെ പ്രായ​മേ​റിയ സ്‌ത്രീ​ക​ളെ​യും ബഹുമാ​നി​ക്കേ​ണ്ടി​യി​രു​ന്നു. യഥാർഥ​ത്തിൽ, അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നെ—ഫലത്തിൽ ക്രിസ്‌തീയ സഭയിലെ എല്ലാ അംഗങ്ങ​ളെ​യും—‘നരച്ചവന്റെ മുമ്പാകെ എഴു​ന്നേ​ല്‌ക്കാൻ’ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തീർച്ച​യാ​യും, ദൈവ​ഭ​ക്ത​രായ ആളുകൾക്ക്‌ പ്രായ​മാ​യ​വ​രോ​ടു മാന്യ​ത​യോ​ടും ബഹുമാ​ന​ത്തോ​ടും കൂടെ പെരു​മാ​റാൻ നിയമ​ത്തി​ന്റെ ആവശ്യ​മില്ല. യോ​സേ​ഫി​ന്റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. 130 വയസ്സു​ണ്ടാ​യി​രുന്ന, തന്റെ പ്രായ​മായ പിതാവ്‌, യാക്കോ​ബി​നെ കടുത്ത ക്ഷാമത്തിൽനി​ന്നു രക്ഷിച്ച്‌ ഈജി​പ്‌തി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​നാ​യി വേണ്ട​തെ​ല്ലാം ചെയ്യാൻ യോ​സേഫ്‌ സന്നദ്ധനാ​യി​രു​ന്നു. ഇരുപ​തി​ല​ധി​കം വർഷത്തി​നു​ശേഷം പിതാ​വി​നെ വീണ്ടും കണ്ടപ്പോൾ യോ​സേഫ്‌ അവനെ “കെട്ടി​പ്പി​ടി​ച്ചു ഏറെ​നേരം കരഞ്ഞു.” (ഉല്‌പത്തി 46:29) പ്രായ​മാ​യ​വ​രോട്‌ അനുക​മ്പ​യോ​ടും ആഴമായ ബഹുമാ​ന​ത്തോ​ടും കൂടെ ഇടപെ​ടാ​നുള്ള നിയമം ഇസ്രാ​യേ​ല്യർക്ക്‌ ലഭിക്കു​ന്ന​തിന്‌ വളരെ നാൾ മുമ്പു​തന്നെ അപ്രകാ​രം ചെയ്‌തു​കൊണ്ട്‌ യോ​സേഫ്‌ ദൈവ​ത്തി​ന്റെ വീക്ഷണം പ്രതി​ഫ​ലി​പ്പി​ച്ചു.

തന്റെ ശുശ്രൂ​ഷ​യി​ലു​ട​നീ​ളം യേശു പ്രായ​മാ​യ​വ​രോ​ടു പരിഗണന കാണിച്ചു. മതപാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ പേരിൽ മാതാ​പി​താ​ക്കളെ അവഗണി​ക്കാൻ ന്യായങ്ങൾ കണ്ടെത്തി​യി​രുന്ന മതനേ​താ​ക്ക​ന്മാ​രെ അവൻ ശക്തമായി കുറ്റം വിധിച്ചു. (മത്തായി 15:3-9) യേശു സ്വന്തം മാതാ​വി​നോ​ടും സ്‌നേ​ഹ​പു​ര​സ്സ​ര​മായ പരിഗണന പ്രകട​മാ​ക്കി. ദണ്ഡനസ്‌തം​ഭ​ത്തി​ലെ കഠോ​ര​വേ​ദ​ന​യ്‌ക്കി​ട​യി​ലും, തന്റെ പ്രായ​മായ മാതാ​വി​ന്റെ സംരക്ഷ​ണ​ച്ചു​മതല പ്രിയ​പ്പെട്ട അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നെ അവൻ ഏൽപ്പിച്ചു.—യോഹ​ന്നാൻ 19:26, 27.

തന്റെ വിശ്വ​സ്‌തരെ ദൈവം ഉപേക്ഷി​ക്കു​ക​യി​ല്ല

സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പ്രാർഥി​ച്ചു: “വാർദ്ധ​ക്യ​കാ​ലത്തു നീ എന്നെ തള്ളിക്ക​ള​യ​രു​തേ; ബലം ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്ക​യു​മ​രു​തേ.” (സങ്കീർത്തനം 71:9) തങ്ങൾ ഉപയോ​ഗ​ശൂ​ന്യ​രാ​ണെന്ന്‌ അവർക്കു​തന്നെ തോന്നി​യാ​ലും ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കു​ക​യില്ല. യഹോ​വ​യാൽ ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യി സങ്കീർത്ത​ന​ക്കാ​രനു തോന്നി​യില്ല. മറിച്ച്‌, പ്രായ​മാ​യ​പ്പോൾ മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി സ്രഷ്ടാ​വിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത അവൻ തിരി​ച്ച​റി​ഞ്ഞു. അത്തരം വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു, അവരുടെ ജീവി​ത​കാ​ലം മുഴുവൻ സഹായി​ച്ചു​കൊണ്ട്‌ അവൻ അവരെ പിന്തു​ണ​യ്‌ക്കു​ന്നു. (സങ്കീർത്തനം 18:25) ചില സമയങ്ങ​ളിൽ, അത്തരം പിന്തുണ സഹക്രി​സ്‌ത്യാ​നി​ക​ളി​ലൂ​ടെ ലഭിക്കു​ന്നു.

മുകളിൽ കണ്ടതനു​സ​രിച്ച്‌, ദൈവത്തെ ആദരി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ പ്രായ​മാ​യ​വ​രെ​യും ബഹുമാ​നി​ക്കണം. നമ്മുടെ സ്രഷ്ടാ​വി​ന്റെ ദൃഷ്ടി​യിൽ അവർ തീർച്ച​യാ​യും വില​യേ​റി​യ​വ​രാണ്‌. അവന്റെ സാദൃ​ശ്യ​ത്തിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​രെന്ന നിലയിൽ നമുക്ക്‌, പ്രായ​മാ​യ​വ​രോ​ടുള്ള ബന്ധത്തിൽ ദൈവ​ത്തി​ന്റെ അതേ വീക്ഷണം പ്രകട​മാ​ക്കാം.—സങ്കീർത്തനം 71:18. (g04 10/8)

[17-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ പ്രായ​മാ​യ​വ​രോട്‌ ആദര​വോ​ടും ബഹുമാ​ന​ത്തോ​ടും കൂടെ പെരു​മാ​റു​ന്നു