വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തലച്ചോ​റി​നും ജോലി​ഭാ​ര​മോ?

“ഒരുപാ​ടു കാര്യങ്ങൾ ഒരുമി​ച്ചു ചെയ്യു​ന്നതു തലച്ചോ​റി​നു താങ്ങാൻ പ്രയാ​സ​മാണ്‌” എന്നു ചില ഗവേഷകർ പറയു​ന്ന​താ​യി കാനഡ​യി​ലെ ദിനപ്പ​ത്ര​മായ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. പഠനങ്ങൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ അങ്ങനെ ചെയ്യു​ന്നത്‌, പ്രവർത്ത​ന​ശേഷി കുറയു​ന്ന​തി​നും തെറ്റുകൾ കടന്നു​കൂ​ടു​ന്ന​തി​നും രോഗങ്ങൾ ഉണ്ടാകു​ന്ന​തി​നു​പോ​ലും ഇടയാ​ക്കി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, അത്‌ “ഓർമ​ശക്തി കുറഞ്ഞു​പോ​കാ​നും ഫ്‌ളൂ എളുപ്പ​ത്തിൽ പിടി​പെ​ടാ​നും ഇടയാ​ക്കി​യേ​ക്കാം, പുറം​വേ​ദ​ന​യ്‌ക്കും ദഹനക്കു​റ​വി​നും കാരണ​മാ​യേ​ക്കാം. കൂടാതെ ദന്തരോ​ഗ​ങ്ങൾക്കും മോണ​രോ​ഗ​ങ്ങൾക്കും വഴി​തെ​ളി​ച്ചേ​ക്കാം.” ആളുകൾ ജോലി​കൾ ചെയ്യു​മ്പോൾ തലച്ചോ​റി​ന്റെ വ്യത്യസ്‌ത ഭാഗങ്ങൾ പ്രവർത്ത​ന​ക്ഷ​മ​മാ​കു​ന്നു എന്ന്‌ യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂ​ട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌ നടത്തിയ പഠനങ്ങൾ കാണി​ക്കു​ന്നു. എന്നാൽ, എമറി യൂണി​വേ​ഴ്‌സി​റ്റി​യി​ലെ നാഡീ​ശാ​സ്‌ത്ര​ജ്ഞ​നായ ജോൺ സ്ലാഡ്‌ക്കേ പറയു​ന്നത്‌ കാറോ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ സെല്ലു​ലാർ ഫോൺ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ, രണ്ടോ മൂന്നോ കാര്യങ്ങൾ ഒരുമി​ച്ചു ചെയ്യാൻ ശ്രമി​ക്കുന്ന അവസര​ങ്ങ​ളിൽ “തലച്ചോറ്‌ അതിന്റെ പ്രവർത്തനം നിറു​ത്താൻ തുടങ്ങും” എന്നാണ്‌. “ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ തലച്ചോറ്‌ വിസമ്മ​തി​ക്കു​ന്നു.” ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ, ആളുകൾ തങ്ങളുടെ പ്രവർത്ത​ന​ത്തി​ന്റെ വേഗം അൽപ്പ​മൊ​ന്നു കുറയ്‌ക്കേ​ണ്ടി​യി​രി​ക്കു​ന്നു, തങ്ങളുടെ തലച്ചോ​റി​നോട്‌ ആവശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം ചെയ്യാൻ അതിനു കഴിയി​ല്ലെന്ന വസ്‌തുത അവർ അംഗീ​ക​രി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. (g04 10/22)

ഹൈജംപ്‌ ചാമ്പ്യൻ

“പ്രാണി​ലോ​ക​ത്തിൽ ഇതാ ഒരു പുതിയ ഹൈജംപ്‌ ചാമ്പ്യൻ.” ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഫ്രോഗ്‌ ഹോപ്പർ എന്ന ഈ കൊച്ചു​പ്രാ​ണിക്ക്‌ 70 സെന്റി​മീ​റ്റർ ഉയരത്തിൽ ചാടാൻ കഴിയും. 180 മീറ്റർ ഉയരമുള്ള കെട്ടി​ട​ത്തി​നു മുകളി​ലൂ​ടെ ഒരു മനുഷ്യൻ ചാടു​ന്ന​തി​നു തുല്യ​മാണ്‌ അത്‌! ഇംഗ്ലണ്ടി​ലെ, കേം​ബ്രി​ഡ്‌ജ്‌ സർവക​ലാ​ശാ​ല​യി​ലുള്ള പ്രൊ​ഫസർ മാൽക്കം ബെറോസ്‌, ഹൈ-സ്‌പീഡ്‌ ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ സഹായ​ത്താൽ അതിന്റ ചാട്ടം നിരീ​ക്ഷി​ക്കു​ക​യു​ണ്ടാ​യി. അതിന്റെ പിൻകാ​ലു​കൾ ഒരു വിക്ഷേ​പി​ണി​പോ​ലെ പ്രവർത്തി​ച്ചു​കൊണ്ട്‌ മുകളി​ലേക്കു കുതി​ച്ചു​പൊ​ങ്ങാൻ ആവശ്യ​മായ ഊർജം പുറന്ത​ള്ളു​ന്ന​താ​യി അദ്ദേഹം കണ്ടെത്തി. ഭൂമി​യു​ടെ ഗുരു​ത്വാ​കർഷണ ബലത്തെ 400-ലധികം മടങ്ങു പ്രതി​രോ​ധി​ച്ചു​കൊ​ണ്ടാണ്‌ ഫ്രോഗ്‌ ഹോപ്പർ ചാടു​ന്ന​തെന്നു ബെറോസ്‌ കണക്കാ​ക്കു​ന്നു. “ഒരു സ്‌പേസ്‌ ഷട്ടിൽ വിക്ഷേ​പി​ക്കു​മ്പോൾ അതിനു​ള്ളി​ലി​രി​ക്കു​ന്ന​വർക്ക്‌ അനുഭ​വ​പ്പെ​ടുന്ന ഗുരു​ത്വാ​കർഷണ ബലത്തെ​ക്കാൾ 130 മടങ്ങാണ്‌ അത്‌,” പത്രം പ്രസ്‌താ​വി​ക്കു​ന്നു. (g04 10/8)

യുവജ​ന​ങ്ങ​ളിൽ പലരു​ടെ​യും ഭാവി ഇരുളിൽ

“ലോക​ത്തി​ലെ ആളുക​ളിൽ പകുതി​യും 25 വയസ്സിൽ താഴെ​യു​ള്ള​വ​രാണ്‌—ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ യുവത​ല​മുറ,” യുഎൻ സ്റ്റേറ്റ്‌ ഓഫ്‌ ദ വേൾഡ്‌ പോപ്പു​ലേഷൻ റിപ്പോർട്ട്‌ 2003 പറയുന്നു. ഈ യുവജ​ന​ങ്ങൾക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌? “ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ യുവത​ല​മുറ എയ്‌ഡ്‌സ്‌ പോലുള്ള ലൈം​ഗിക രോഗങ്ങൾ, യുവ​പ്രാ​യ​ത്തി​ലുള്ള വിവാഹം, തുടർന്നുള്ള ഗർഭധാ​രണം, തകർന്ന കുടും​ബങ്ങൾ, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം, അക്രമം, ലൈം​ഗിക അടിമത്തം തുടങ്ങിയ അപകടങ്ങൾ അഭൂത​പൂർവ​മായ അളവിൽ അഭിമു​ഖീ​ക​രി​ക്കു​ക​യാ​ണെന്ന്‌ യുഎൻ പോപ്പു​ലേഷൻ ഫണ്ടിന്റെ ഡയറക്‌ട​റായ ഡോ. തൊ​റൈയാ ഓബേദ്‌ പറഞ്ഞതാ​യി” ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌ ഏറ്റവും അടുത്ത കാലത്ത്‌, എച്ച്‌ഐവി രോഗ​ബാധ ഉള്ളവരാ​യി കണ്ടെത്തി​യ​വ​രിൽ പകുതി​യും 15-നും 24-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രാ​യി​രു​ന്നു. കൗമാ​ര​പ്രാ​യ​ക്കാർക്കി​ട​യിൽ, ഓരോ 14 സെക്കൻഡി​ലും എച്ച്‌ഐവി രോഗി​ക​ളു​ടെ എണ്ണം വർധി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഗർഭകാ​ല​ത്തോ പ്രസവ​സ​മ​യ​ത്തോ മരണം ഉണ്ടാകാ​നുള്ള സാധ്യത മുതിർന്ന​വരെ അപേക്ഷിച്ച്‌ യുവ​പ്രാ​യ​ക്കാ​രിൽ രണ്ടിരട്ടി കൂടു​ത​ലാണ്‌. ഓരോ വർഷവും 40 ലക്ഷം യുവജ​നങ്ങൾ ലൈം​ഗിക വാണി​ഭ​ത്തിൽ ഉൾപ്പെ​ടു​ന്നു എന്നു കരുത​പ്പെ​ടു​ന്നു. (g04 10/8)

40-ാം വയസ്സിൽ അമ്മമാ​രാ​കു​ന്ന​വ​രു​ടെ എണ്ണം വർധി​ക്കു​ന്നു

ഇറ്റലി​യിൽ സ്‌ത്രീ​കൾ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകുന്ന ശരാശരി പ്രായം ഉയർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 1980-ൽ ഇറ്റലി​യിൽ, 20-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണത്തിന്റെ നിരക്ക്‌, ജനസം​ഖ്യ​യു​ടെ ആയിര​ത്തിൽ 74.3 ആയിരു​ന്നു. 2000 ആയപ്പോ​ഴേ​ക്കും അത്‌ 20.7 ആയി കുറഞ്ഞു. അതേ കാലയ​ള​വിൽ, 40-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവി​ക്കുന്ന സ്‌ത്രീ​ക​ളു​ടെ എണ്ണത്തിന്റെ നിരക്ക്‌ ആയിര​ത്തിൽ 12.2 എന്നതിൽനിന്ന്‌ 16.1 ആയി വർധിച്ചു. കോറി​യെറേ ഡെല്ലാ സെറാ പ്രസി​ദ്ധീ​ക​രിച്ച, ഇറ്റാലി​യൻ നാഷണൽ സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ നൽകിയ കണക്ക്‌, ആദ്യത്തെ കുട്ടി​ക്കാ​യി കൂടുതൽ വർഷം കാത്തി​രി​ക്കാ​നുള്ള പ്രവണ​തയെ എടുത്തു​കാ​ണി​ക്കു​ന്നു. ഈ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ അഭി​പ്രാ​യ​ത്തിൽ “തൊഴിൽ ഭദ്രമാ​ക്കാ​നും ജീവിതം ചിട്ട​പ്പെ​ടു​ത്താ​നും​വേണ്ടി മാത്രമല്ല ആളുകൾ കാത്തി​രി​ക്കു​ന്നത്‌, സ്വന്തം സ്വാത​ന്ത്ര്യം കൈവി​ട്ടു​പോ​കാ​തി​രി​ക്കാൻ കൂടി​യാണ്‌. ഒരു ബാധ്യ​ത​യും പ്രതി​ബ​ന്ധ​വു​മാ​യി​ട്ടാണ്‌ കുഞ്ഞുങ്ങൾ വീക്ഷി​ക്ക​പ്പെ​ടു​ന്നത്‌.” (g04 10/8)

ഗർഭകാ​ലത്ത അൾട്രാ​സൗണ്ട്‌ ഉപയോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മുന്നറി​യിപ്പ്‌

പിൽക്കാ​ല​ത്തേക്കു സൂക്ഷി​ച്ചു​വെ​ക്കാ​നാ​യി, ഹൈ-റെസെ​ലൂ​ഷൻ അൾട്രാ​സൗണ്ട്‌ സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്താൽ, ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ വീഡി​യോ​കൾ എടുക്കുന്ന അമ്മമാ​രു​ടെ എണ്ണം ഐക്യ​നാ​ടു​ക​ളിൽ വർധി​ച്ചു​വ​രു​ന്ന​താ​യി എഫ്‌ഡിഎ കൺസ്യൂ​മർ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഉയർന്ന ആവൃത്തി​യുള്ള ശബ്‌ദ​ത​രം​ഗങ്ങൾ ഉപയോ​ഗിച്ച്‌ കമ്പ്യൂ​ട്ട​റിൽ ആന്തരിക ഘടനക​ളു​ടെ പ്രതി​ച്ഛായ ഉളവാ​ക്കു​ന്ന​തി​നെ​യാണ്‌ അൾട്രാ​സൗണ്ട്‌ ഇമേജിങ്‌ (സോ​ണോ​ഗ്രാം) എന്നു പറയു​ന്നത്‌. ഈ പ്രതി​ച്ഛാ​യകൾ പിന്നീട്‌ ആവശ്യാ​നു​സ​രണം എടുത്ത്‌, സൂക്ഷി​ച്ചു​വെ​ക്കാ​നുള്ള വീഡി​യോ​ക​ളും ചിത്ര​ങ്ങ​ളും ആക്കിമാ​റ്റു​ന്നു. ഗർഭാ​വ​സ്ഥ​യി​ലുള്ള ശിശു​വി​ന്റെ ഇത്തരം ചിത്രങ്ങൾ എടുത്തു​കൊ​ടു​ക്കുന്ന കടകൾ രാജ്യ​ത്തെ​മ്പാ​ടു​മുള്ള ഷോപ്പിങ്‌ സെന്ററു​ക​ളി​ലും മറ്റും സ്ഥാനം​പി​ടി​ച്ചി​രി​ക്കു​ന്നു. അംഗീ​കൃത ക്ലിനി​ക്കു​ക​ളിൽ അൾട്രാ​സൗണ്ട്‌ സ്‌കാ​നിങ്‌ നടത്തുന്ന വ്യക്തി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി, ഒരുപക്ഷേ മേൽപ്പറഞ്ഞ കൂട്ടർ ആവശ്യ​മായ പരിശീ​ലനം ലഭിക്കാ​ത്ത​വ​രും ലൈസൻസ്‌ ഇല്ലാത്ത​വ​രും ആയിരു​ന്നേ​ക്കാം. അതു​കൊ​ണ്ടു​തന്നെ, വൈദ്യ​ശാ​സ്‌ത്ര നടപടി​ക്ര​മ​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ സ്‌കാ​നി​ങ്ങി​നു വിധേ​യ​മാ​കേണ്ടി വരു​മ്പോ​ഴ​ത്തേ​തി​നെ അപേക്ഷിച്ച്‌ വ്യക്തി​കൾക്ക്‌ കൂടുതൽ സമയം അൾട്രാ​സോ​ണിക്‌ തരംഗ​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരേണ്ടി​വ​രു​ന്നു. മാത്രമല്ല, തരംഗ​ങ്ങ​ളു​ടെ ഊർജ​നി​ല​യും കൂടു​ത​ലാ​യി​രി​ക്കാം. എഫ്‌ഡിഎ കൺസ്യൂ​മ​റി​ന്റെ അഭി​പ്രാ​യ​ത്തിൽ, ‘വൈദ്യ​ശാ​സ്‌ത്ര​പ​ര​മാ​യി ആവശ്യ​മി​ല്ലാ​ത്ത​പ്പോൾ, അജാത ശിശു​ക്ക​ളു​ടെ ചിത്ര​ങ്ങ​ളെ​ടു​ക്കു​ന്നത്‌ തികച്ചും അപകട​ക​ര​മാണ്‌.’ (g04 10/8)

ഗർഭി​ണി​ക​ളായ സ്‌ത്രീ​കളെ രക്ഷിക്കാൻ എപ്‌സം സോൾട്ട്‌

ഗർഭകാ​ലത്ത്‌ മരണത്തി​നു​തന്നെ ഇടയാ​ക്കി​യേ​ക്കാ​വുന്ന ഒരു സങ്കീർണ പ്രശ്‌നം പാതി പരിഹ​രി​ക്കാൻ ഹൈ​ഡ്രേ​റ്റഡ്‌ മഗ്നീഷ്യം സൾഫേറ്റ്‌ (എപ്‌സം സോൾട്ട്‌) ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ലളിത​മായ, പണച്ചെ​ല​വി​ല്ലാത്ത ഒരു ചികി​ത്സാ​രീ​തി​ക്കു കഴിയു​മെന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ വിശദീ​ക​രി​ക്കു​ന്നു. കോച്ചി​വ​ലി​ക്ക​ലും ഉയർന്ന രക്തസമ്മർദ​വും ഉണ്ടാകുന്ന അപകട​ക​ര​മായ ഒരവസ്ഥ​യാണ്‌ എക്ലാം​പ്‌സി​യാ. അത്‌ ലോക​മെ​മ്പാ​ടു​മാ​യി ഓരോ വർഷവും 50,000-ത്തിലധി​കം സ്‌ത്രീ​ക​ളെ​യും അവരുടെ അജാത ശിശു​ക്ക​ളെ​യും കൊല്ലു​ന്നു. പ്രീഎ​ക്ലാം​പ്‌സി​യാ​യു​ടെ—ചികി​ത്സി​ച്ചി​ല്ലെ​ങ്കിൽ ഇത്‌ എക്ലാം​പ്‌സി​യാ ആയി പരിണ​മി​ച്ചേ​ക്കാം—ചികി​ത്സ​യ്‌ക്ക്‌ വർഷങ്ങ​ളാ​യി ഐക്യ​നാ​ടു​ക​ളിൽ മഗ്നീഷ്യം സൾഫേറ്റ്‌ ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും മറ്റു മിക്ക രാജ്യ​ങ്ങ​ളി​ലും ഈ ചികി​ത്സാ​രീ​തി പ്രചാ​ര​ത്തിൽ വന്നിട്ടില്ല. അതു​കൊണ്ട്‌, ഇംഗ്ലണ്ടി​ലെ ഓക്‌സ്‌ഫോർഡിൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ ഹെൽത്ത്‌ സയൻസി​ലെ ഡോക്ടർമാ​രു​ടെ ഒരു അന്താരാ​ഷ്‌ട്ര സംഘം, “33 രാജ്യ​ങ്ങ​ളി​ലെ 10,000 സ്‌ത്രീ​ക​ളിൽ ഒരു പരീക്ഷ​ണ​മെന്ന നിലയിൽ ചികിത്സ നടത്തി​ക്കൊണ്ട്‌ ഈ എപ്‌സം സോൾട്ടി​ന്റെ പ്രയോ​ജ​നങ്ങൾ വിലയി​രു​ത്താൻ തീരു​മാ​നി​ച്ചു” എന്ന്‌ ദ ടൈംസ്‌ പറയുന്നു. “ചികിത്സ വളരെ ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞ​തി​നാൽ പരീക്ഷണം സമയത്തി​നു​മുമ്പ്‌ അതായത്‌, മൂന്നു വർഷം കഴിഞ്ഞ​പ്പോൾത്തന്നെ . . . നിറുത്തി. പ്രീഎ​ക്ലാം​പ്‌സി​യാ​യുള്ള സ്‌ത്രീ​ക​ളിൽ കോച്ചി​വ​ലി​ക്കൽ ഉണ്ടാകാ​നുള്ള സാധ്യത 58 ശതമാനം കുറയ്‌ക്കാൻ മഗ്നീഷ്യം സൾഫേറ്റ്‌ ഉപയോ​ഗ​ത്തി​നു കഴിഞ്ഞു, മരണസാ​ധ്യത 45 ശതമാനം കുറച്ചു.” ഈ ചികി​ത്സ​യ്‌ക്ക്‌ “ഒരാൾക്ക്‌ 220 രൂപ മാത്രമേ ചെലവു​ള്ളൂ, അതു​കൊ​ണ്ടു​തന്നെ . . . വികസ്വര രാജ്യ​ങ്ങ​ളി​ലെ സ്‌ത്രീ​ക​ളു​ടെ എത്തുപാ​ടി​ലാണ്‌ അത്‌.” (g04 10/22)

കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ആഹാര​ശീ​ല​ങ്ങൾ

ലണ്ടനിലെ ദ ഡെയ്‌ലി ടെലി​ഗ്രാഫ്‌ പറയുന്നു: “ഭക്ഷണം ഒഴിവാ​ക്കാൻ ശ്രമി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ സ്‌കൂൾ വിദ്യാർഥി​നി​ക​ളു​ടെ എണ്ണം ആശങ്കജ​ന​ക​മാം​വി​ധം വർധി​ച്ചു​വ​രു​ന്നു. തങ്ങളുടെ ആകാര​ത്തെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ​യും ഫാഷൻ മോഡ​ലു​ക​ളെ​യും പ്രശസ്‌ത താരങ്ങ​ളെ​യും അനുക​രി​ക്കാ​നുള്ള പ്രവണ​ത​യു​മാണ്‌ കാരണങ്ങൾ.” ബ്രിട്ട​നി​ലെ ‘സ്‌കൂൾസ്‌ ഹെൽത്ത്‌ എഡ്യൂ​ക്കേഷൻ യൂണിറ്റ്‌,’ 3,00,000 വിദ്യാർഥി​നി​ക​ളിൽ നടത്തിയ ഭക്ഷണശീ​ല​ത്തെ​ക്കു​റി​ച്ചുള്ള പഠനം, 14-ഉം 15-ഉം വയസ്സുള്ള 40 ശതമാ​ന​ത്തി​ല​ധി​കം പെൺകു​ട്ടി​കൾ “പ്രഭാ​ത​ഭ​ക്ഷണം കഴിക്കാ​തെ​യാണ്‌ സ്‌കൂ​ളിൽ പോകു​ന്നത്‌” എന്നു വെളി​പ്പെ​ടു​ത്തി. 1984-ൽ എടുത്ത കണക്കു​മാ​യി താരത​മ്യം ചെയ്‌താൽ, ഭക്ഷണം കഴിക്കാ​തെ വീട്ടിൽനി​ന്നു പുറത്തു​പോ​കു​ന്ന​വ​രു​ടെ എണ്ണം ഏതാണ്ട്‌ ഇരട്ടി​യാ​യി​രി​ക്കു​ന്നു.” ഉച്ചഭക്ഷണം ഒഴിവാ​ക്കു​ന്ന​വ​രു​ടെ എണ്ണം 1984-ലെ 2 ശതമാ​ന​ത്തിൽനിന്ന്‌ 2001-ൽ 18 ശതമാ​ന​മാ​യി വർധി​ച്ചി​രി​ക്കു​ന്നു. അപകട​ക​ര​മായ ഈ പ്രവണത, വിദ്യാർഥി​ക​ളിൽ അനോ​റെ​ക്‌സിയ, ബുളീ​മിയ തുടങ്ങിയ ഗുരു​ത​ര​മായ ആഹാര​ശീല വൈക​ല്യ​ങ്ങൾ ഉളവാ​ക്കും എന്നതി​നാൽ പെൺകു​ട്ടി​ക​ളു​ടെ സ്‌കൂ​ളു​ക​ളി​ലെ പ്രധാന അധ്യാ​പ​ക​രോട്‌ തങ്ങളുടെ സ്‌കൂ​ളു​ക​ളി​ലെ വിദ്യാർഥി​നി​ക​ളു​ടെ തൂക്കം ക്രമമാ​യി പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌. ആൺകു​ട്ടി​ക​ളും ഡയറ്റി​ങ്ങിൽ താത്‌പ​ര്യം കാണി​ക്കു​ന്നു. അവരുടെ ഇടയിൽ 12-13 വയസ്സു​കാ​രിൽ 31 ശതമാ​ന​വും, 14-15 വയസ്സു​കാ​രിൽ 25 ശതമാ​ന​വും തൂക്കം കുറയ്‌ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌. മുമ്പ്‌ അവ യഥാ​ക്രമം 26-ഉം 21-ഉം ശതമാ​ന​മാ​യി​രു​ന്നു. (g04 10/22)