വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അൽപ്പം ഉള്ളി മാഹാത്മ്യം

അൽപ്പം ഉള്ളി മാഹാത്മ്യം

അൽപ്പം ഉള്ളി മാഹാ​ത്മ്യം

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

ഉള്ളിയി​ല്ലാത്ത ഒരു അടുക്ക​ള​യോ, ചിന്തി​ക്കാൻകൂ​ടി കഴിയില്ല അല്ലേ? പച്ചക്കറി​ക്കു​ടും​ബ​ത്തി​ലെ ബഹുമു​ഖോ​പ​യോ​ഗ​മുള്ള ഈ അംഗം സൂപ്പുകൾ, സാലഡു​കൾ, പ്രധാന ഭക്ഷ്യവി​ഭ​വങ്ങൾ, ഔഷധ​ക്കൂ​ട്ടു​കൾ എന്നിങ്ങനെ മിക്കവാ​റും എല്ലാ മേഖല​ക​ളി​ലും സ്ഥാനം പിടി​ച്ചി​ട്ടുണ്ട്‌. നമ്മെ അൽപ്പം കരയി​ക്കാ​നും ഉള്ളിക്കി​ഷ്ട​മാണ്‌.

ബന്ധുക്ക​ളാ​യ ഗോൾഡൻ ഒനിയൻ, ബ്രൈ​ഡ്‌സ്‌ ഒനിയൻ, ഓർണ​മെന്റൽ ഗാർളിക്‌, എന്നിവ​യെ​പ്പോ​ലെ നമ്മുടെ ഉള്ളിക്കും മനോ​ഹ​ര​മായ പൂക്കളുണ്ട്‌. എന്നാൽ ലോക​മെ​ങ്ങു​മുള്ള അടുക്ക​ള​യി​ലെ​ത്തു​ന്നത്‌ ഇതിന്റെ ശൽക്കക​ന്ദ​മാണ്‌ (bulb). വീർത്ത പോളകൾ ചേർന്ന്‌ മണ്ണിന​ടി​യി​ലു​ണ്ടാ​കുന്ന ഒരു മുകു​ള​മാ​ണിത്‌.

മനുഷ്യൻ ഏറ്റവും ആദ്യം കൃഷി​ചെ​യ്യാൻ തുടങ്ങിയ പച്ചക്കറി​ക​ളിൽ ഒന്നാണ്‌ ഉള്ളി. ഇതിന്റെ ഉപയോ​ഗം എത്ര വ്യാപ​ക​മാ​യി​രു​ന്നു​വെന്ന്‌ ബൈബിൾ രേഖ പരി​ശോ​ധി​ച്ചാൽ മനസ്സി​ലാ​ക്കാം. പൊതു​യു​ഗ​ത്തി​നു മുമ്പ്‌ ഏകദേശം 1513-ൽ, ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്ന​പ്പോൾ തങ്ങൾ ഭക്ഷിച്ചി​രുന്ന ഉള്ളി​യെ​ക്കു​റി​ച്ചോർത്ത ഇസ്രാ​യേ​ല്യർക്ക്‌ അതു തിന്നാൻ കൊതി തോന്നി​യ​തി​നെ​ക്കു​റി​ച്ചു ബൈബിൾ പറയുന്നു.—സംഖ്യാ​പു​സ്‌തകം 11:5.

ഉള്ളിയെ വിഭിന്ന സംസ്‌കാ​ര​ങ്ങ​ളി​ലെ ജനതകൾക്കു പ്രിയ​ങ്ക​ര​മാ​ക്കി​യത്‌ എന്താണ്‌? സംശയ​മെന്ത്‌, അതിൽ അടങ്ങി​യി​രി​ക്കുന്ന സൾഫർ സംയു​ക്തം​തന്നെ. ഇത്‌ ഉള്ളിക്ക്‌ ഒരു പ്രത്യേക വാസന​യും എരിവും നൽകുന്നു. അതിൽ അടങ്ങി​യി​ട്ടുള്ള സൾഫെ​നിക്‌ ആസിഡാണ്‌ മാലോ​കരെ കരയി​ക്കുന്ന വില്ലൻ.

ഒരു വിശി​ഷ്ട​ഭോ​ജ്യ​ത്തെ​ക്കാൾ ഉപരി

ഉള്ളി മനുഷ്യ​വർഗ​ത്തി​ന്റെ ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തിന്‌ ഒരു മുതൽക്കൂ​ട്ടാണ്‌. അതിൽ കാൽസ്യം, ഫോസ്‌ഫ​റസ്‌, അസ്‌കോർബിക്‌ ആസിഡ്‌ അഥവാ ജീവകം സി എന്നീ പോഷ​കങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. വിശേ​ഷിച്ച്‌, പണ്ടുമു​തൽക്കേ ഉള്ളിയു​ടെ ഔഷധ​മൂ​ല്യം അതിയാ​യി വിലമ​തി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇന്നും ഇതു വൈദ്യ​ശാ​സ്‌ത്ര​ത്തി​ന്റെ അവിഭാ​ജ്യ​ഘ​ട​ക​മാണ്‌. ജലദോ​ഷം, തൊണ്ട​യ​ടപ്പ്‌, രക്തക്കു​ഴ​ലു​ക​ളു​ടെ ഉൾഭി​ത്തി​ക​ളിൽ കൊള​സ്‌​ട്രോൾ അടിഞ്ഞു​കൂ​ടി ഉണ്ടാകുന്ന ആതെ​റോ​സ്‌ക്ലെ​റോ​സിസ്‌ ഹൃദയ​ധ​മ​നീ​രോ​ഗം, പ്രമേഹം, ആസ്‌ത്‌മ തുടങ്ങി എണ്ണമറ്റ രോഗ​ങ്ങൾക്ക്‌ ഉള്ളി പ്രത്യൗ​ഷ​ധ​മാ​യി ഉപയോ​ഗി​ച്ചു​വ​രു​ന്നു. കൊള​സ്‌​ട്രോൾ കുറയ്‌ക്കാ​നും പഴുപ്പും വീക്കവും തടയു​ന്ന​തി​നും രക്തക്കു​ഴ​ലു​ക​ളിൽ രക്തം കട്ടപി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നും കാൻസ​റി​നെ ചെറു​ക്കാ​നും ശേഷി​യുള്ള ഒരു പ്രതി​വി​ധി​യെന്ന കീർത്തി​യും ഉള്ളിക്കുണ്ട്‌. ഒന്നാന്ത​ര​മൊ​രു അണുനാ​ശി​നി​കൂ​ടെ​യാണ്‌ ഇത്‌.

ഉള്ളി പല നിറങ്ങ​ളി​ലുണ്ട്‌. വെള്ള, മഞ്ഞ, തവിട്ട്‌, പച്ച, ചുവപ്പ്‌, നീലാ​രു​ണ​വർണം എന്നിങ്ങനെ. ഉള്ളി പച്ചയ്‌ക്കോ വേവി​ച്ചോ ഭക്ഷ്യ​യോ​ഗ്യ​മാ​ക്കി ടിന്നി​ല​ട​ച്ചു​വെ​ച്ചോ അച്ചാറി​ട്ടോ ഉണക്കി​സൂ​ക്ഷി​ച്ചോ പൊടി​ച്ചോ അരിഞ്ഞോ കഷണങ്ങ​ളാ​യി മുറി​ച്ചോ ഒക്കെ ഭക്ഷിക്കാം. അൽപ്പം കരയി​ച്ചാ​ലെന്താ, പച്ചക്കറി​ക്കു​ടും​ബ​ത്തി​ന്റെ കണ്ണിലു​ണ്ണി​യല്ലേ നമ്മുടെ ഉള്ളി! (g04 11/8)