പരാജയത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
പരാജയത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാനാകും?
“പ്രോഗ്രസ് കാർഡ് കിട്ടിയപ്പോൾ, വീണ്ടും ആ നാലു വിഷയങ്ങൾക്കുതന്നെ ഞാൻ തോറ്റിരിക്കുന്നു. നന്നായി ശ്രമിച്ചതായിരുന്നു, എന്നിട്ടും തോറ്റുപോയി.” —ലോറെൻ, 15 വയസ്സ്.
“പരാജയത്തെ നേരിടുക വലിയ പ്രയാസംതന്നെയാണ്. നിഷേധാത്മകമായി ചിന്തിച്ചു തുടങ്ങാൻ എളുപ്പമാണ്.” —ജെസ്സിക്ക, 19 വയസ്സ്.
പരാജയം. ആ വാക്കിനെക്കുറിച്ചു ചിന്തിക്കാൻപോലും നിങ്ങൾക്ക് ഇഷ്ടമില്ലായിരിക്കാം. എന്നാൽ നമുക്കെല്ലാം ഇടയ്ക്കൊക്കെ പരാജയത്തെ നേരിടേണ്ടിവരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഒരുപക്ഷേ പരീക്ഷയിൽ തോൽക്കുമ്പോൾ, മറ്റുള്ളവരുടെ മുമ്പിൽ നാം നാണംകെടുന്ന രീതിയിൽ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്യുമ്പോൾ അല്ലെങ്കിൽ നാം സ്നേഹിക്കുന്ന ആരെയെങ്കിലും നിരാശപ്പെടുത്തേണ്ടിവരുന്ന സന്ദർഭത്തിൽ, ധാർമികതയ്ക്കു നിരക്കാത്ത ഗുരുതരമായ ഒരു തെറ്റിൽ അകപ്പെട്ടുപോകുന്ന അവസരത്തിൽ ഒക്കെ പരാജയത്തിന്റെ കയ്പ് രുചിക്കാൻ നാം നിർബന്ധിതരാകുന്നു. അതിനു മാനസികമായി നമ്മെ തകർത്തുകളയാൻ കഴിയും.
തീർച്ചയായും, എല്ലാ മനുഷ്യർക്കും തെറ്റുകൾ അല്ലെങ്കിൽ വീഴ്ചകൾ സംഭവിക്കുന്നു. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 3:23) എന്നിരുന്നാലും, വീഴ്ചയുടെ ആഘാതത്തിൽനിന്നു കരകയറുന്നത് അത്ര എളുപ്പമുള്ള ഒന്നല്ലെന്നു നമ്മിൽ ചിലർ കണ്ടെത്തുന്നു. ജെയ്സൻ എന്ന ഒരു കൗമാരപ്രായക്കാരൻ ഇങ്ങനെ പറയുന്നു: “എന്റെ ഏറ്റവും വലിയ വിമർശകൻ ഞാൻ തന്നെയാണ്. ഞാൻ എന്തെങ്കിലും പിശകു വരുത്തുമ്പോൾ, ആളുകൾ ചിരിക്കുമായിരിക്കും. എന്നാൽ സാധാരണഗതിയിൽ ഉടനെതന്നെ അവർ അതു മറക്കുന്നു. എന്നാൽ ഞാനാകട്ടെ, അതിനെക്കുറിച്ച് ഓർത്തു വിഷമിച്ചുകൊണ്ടിരിക്കും.”
സ്വന്തം പരാജയത്തെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് അവശ്യം തെറ്റായ സംഗതിയല്ല, പ്രത്യേകിച്ചും പിന്നീട് കാര്യങ്ങൾ കൂടുതൽ മെച്ചമായി ചെയ്യാൻ അതു സഹായിക്കുമെങ്കിൽ. എന്നിരുന്നാലും, സ്വയം കഠിനമായി വിമർശിച്ചുകൊണ്ടേയിരിക്കുന്നത് ഹാനികരമാണ്. അതു വിപരീത ഫലങ്ങൾ ഉളവാക്കുകയും ചെയ്യും. “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു” എന്നു സദൃശവാക്യങ്ങൾ 12:25 പറയുന്നു.
ബൈബിളിൽ പറഞ്ഞിരിക്കുന്ന എപ്പഫ്രൊദിത്തൊസ് എന്ന വ്യക്തിയെക്കുറിച്ചു ചിന്തിക്കുക. പൗലൊസ് അപ്പൊസ്തലനെ സഹായിക്കുന്നതിന് അവനെ റോമിലേക്ക് അയച്ചു. എന്നിരുന്നാലും, അവിടെവെച്ച് എപ്പഫ്രൊദിത്തൊസ് രോഗബാധിതനായിത്തീർന്നു. അതുകൊണ്ട് അവനു തന്റെ നിയമനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒടുവിൽ, പൗലൊസിന് അവനെ പരിചരിക്കേണ്ടതായിവന്നു. പൗലൊസ് അവനെ തിരിച്ച് അയയ്ക്കാനുള്ള ക്രമീകരണം ചെയ്തു. അതുകൂടാതെ, ഈ വിശ്വസ്ത മനുഷ്യൻ തീർത്തും ദുഃഖിതനാണെന്ന വിവരവും പൗലൊസ് പ്രാദേശിക സഭയെ അറിയിച്ചു. എന്തായിരുന്നു അവനെ അലട്ടിയിരുന്നത്? ‘[അവൻ] ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടാണ്’ എന്ന് പൗലൊസ് വിശദീകരിച്ചു. (ഫിലിപ്പിയർ 2:25, 26) തനിക്കു സുഖമില്ലെന്നും തന്നെ ഏൽപ്പിച്ച ജോലി ചെയ്യാൻ കഴിയുന്നില്ലെന്നുമുള്ള വിവരം മറ്റുള്ളവർ അറിഞ്ഞെന്ന് അവനു മനസ്സിലായി. ഈ സമയം താൻ ഒരു പരാജയമാണെന്ന് അവനു തോന്നിയിരിക്കാം. അവൻ നിരാശിതനായതിൽ ഒട്ടും അതിശയിക്കാനില്ല.
പരാജയത്തിന്റേതായ നൊമ്പരപ്പെടുത്തുന്ന വികാരങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
നിങ്ങളുടെ പരിമിതികൾ തിരിച്ചറിയുക
യാഥാർഥ്യബോധത്തോടെ, എളിയ ലക്ഷ്യങ്ങൾ വെക്കുന്നതാണ് പരാജയ സാധ്യത കുറയ്ക്കാനുള്ള ഒരു മാർഗം. “താഴ്മയുള്ളവരുടെ [“വിനയമുള്ളവരുടെ,” NW] പക്കലോ ജ്ഞാനമുണ്ട്” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 11:2; 16:18) വിനയം അഥവാ എളിമ ഉള്ള ഒരു വ്യക്തി തന്റെ പരിമിതികളെക്കുറിച്ചു ബോധവാൻ ആയിരിക്കും. നിങ്ങളുടെ കഴിവുകളും പ്രാപ്തികളും മെച്ചപ്പെടാൻ ഇടയാക്കുന്നവിധം നിങ്ങളെത്തന്നെ ഇടയ്ക്കൊക്കെ പരീക്ഷിക്കുന്നത് നല്ലതുതന്നെയാണ്. എങ്കിലും യാഥാർഥ്യബോധമുള്ളവർ ആയിരിക്കുക. ഒരുപക്ഷേ ഒരു ഗണിതശാസ്ത്ര വിദഗ്ധന്റെ പ്രാപ്തിയോ ഒരു കായികതാരത്തിന്റെ ചലനക്ഷമതയോ ഏകോപനശേഷിയോ നിങ്ങൾക്ക് ഉണ്ടായിരിക്കില്ല. യുവാവായ മൈക്കിൾ ഇങ്ങനെ സമ്മതിക്കുന്നു: “സ്പോർട്സിൽ ഞാൻ അത്ര മിടുക്കനല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ കളികളിലൊക്കെ പങ്കെടുക്കാറുണ്ടെങ്കിലും എന്റെ കഴിവിനതീതമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുകൊണ്ട് സ്വയം പരാജയം വരുത്തിവെക്കുന്നില്ല.” അവൻ വിശദീകരിക്കുന്നു: “നിങ്ങൾക്കു നേടിയെടുക്കാൻ കഴിയുന്ന വിധത്തിലുള്ള ലക്ഷ്യങ്ങൾ വേണം വെക്കാൻ.”
പതിന്നാലുകാരിയായ ഇവോന്റെ മനോഭാവം നോക്കുക. മസ്തിഷ്ക നാഡീസ്തംഭനവും സ്പൈന ബൈഫിഡാ എന്ന തകരാറും നിമിത്തം ദുരിതം അനുഭവിക്കുന്ന അവൾ പറയുന്നു: “മറ്റുള്ളവരെപ്പോലെ നടക്കാനോ ഓടാനോ നൃത്തംചെയ്യാനോ ഒന്നും എനിക്കു കഴിയില്ല, മറ്റാളുകൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ലല്ലോയെന്ന് ഓർക്കുമ്പോൾ എനിക്കു സങ്കടവും നിരാശയും തോന്നാറുണ്ട്. മിക്കവർക്കും അതു മനസ്സിലാക്കാൻ കഴിയാറില്ല. എങ്കിലും, എനിക്ക് അതിനെ തരണം ചെയ്യാൻ കഴിയുന്നുണ്ട്.” തന്നെപ്പോലെ നിരാശ അനുഭവിക്കുന്നവരോട് അവൾക്ക് എന്താണു പറയാനുള്ളത്? “നിങ്ങളുടെ ശ്രമം നിറുത്തിക്കളയരുത്. ശ്രമിച്ചുകൊണ്ടേയിരിക്കണം. പരാജയപ്പെട്ടാലും ശരിയാകുന്നില്ലെന്നു തോന്നിയാലും പിന്മാറാതിരിക്കുക. നിങ്ങൾക്ക് എത്രത്തോളം നന്നായി ചെയ്യാനാകുമോ അതു ചെയ്തുകൊണ്ടിരിക്കുക.”
അതേസമയം, നിങ്ങളെത്തന്നെ മറ്റുള്ളവരുമായി അന്യായമായി താരതമ്യം ചെയ്ത് സ്വയം പീഡിപ്പിക്കാതിരിക്കുക. 15 വയസ്സുള്ള ആൻഡ്രൂ പറയുന്നു: “മറ്റാരെങ്കിലുമായി സ്വയം താരതമ്യപ്പെടുത്തുന്നത് ഞാൻ ഒഴിവാക്കാൻ ശ്രമിക്കുന്നു. കാരണം, നമുക്കെല്ലാവർക്കും വ്യത്യസ്ത കഴിവുകളും പ്രാപ്തികളും ആണ് ഉള്ളത്.” ആൻഡ്രൂവിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത് ബൈബിളിൽ ഗലാത്യർ 6:4-ൽ (NW) കാണുന്ന ആശയമാണ്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നെക്കുറിച്ചുതന്നെ ആഹ്ലാദത്തിനു കാരണമുണ്ടായിരിക്കും, മറ്റേയാളിനോടുള്ള താരതമ്യത്തിലല്ല.”
മറ്റുള്ളവർ നിങ്ങളെക്കുറിച്ച് ഉയർന്ന പ്രതീക്ഷകൾ വെച്ചുപുലർത്തുമ്പോൾ
എന്നാൽ ചില അവസരങ്ങളിൽ, ഉയർന്ന പ്രതീക്ഷകൾ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. മാതാപിതാക്കളോ അധ്യാപകരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആയിരിക്കാം അങ്ങനെ ചെയ്യുന്നത്. അവരെ പ്രീതിപ്പെടുത്തുന്നവിധം അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ, എത്ര ശ്രമിച്ചിട്ടും നിങ്ങൾക്കു കഴിയാതെവന്നേക്കാം. നിങ്ങളെ അസ്വസ്ഥരാക്കുകയോ ഒരുപക്ഷേ, തകർത്തുകളയുക പോലുമോ ചെയ്യുന്ന വിധത്തിലുള്ള വാക്കുകളിലൂടെ അവർ തങ്ങളുടെ വിഷമം പ്രകടിപ്പിച്ചെന്നും വരാം, ഇതു കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും നിങ്ങളെ കൂടുതൽ നിരാശയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. (ഇയ്യോബ് 19:2) നിങ്ങൾ കണ്ടെത്തിയേക്കാവുന്നതുപോലെ, മാതാപിതാക്കളും മറ്റുള്ളവരും മനഃപൂർവം നിങ്ങളെ മുറിപ്പെടുത്താൻ ശ്രമിക്കുന്നില്ലായിരിക്കും. ജെസ്സിക്ക ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പലപ്പോഴും, അവരുടെ വാക്കുകൾ നമ്മളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് അവർ തിരിച്ചറിയുന്നുപോലുമില്ല. ചിലപ്പോൾ അതു വെറും ഒരു തെറ്റിദ്ധാരണ മാത്രമായിരിക്കും.”
നേരെമറിച്ച്, നിങ്ങൾ കാണാത്ത നിങ്ങളിലെ ചില നല്ല വശങ്ങൾ അവർ കാണുന്നുണ്ടായിരിക്കുമോ? ഉദാഹരണത്തിന്, ഒരുപക്ഷേ നിങ്ങളിൽത്തന്നെയുള്ള, എന്നാൽ നിങ്ങൾ വിലകുറച്ചുകാണുന്ന കഴിവുകൾ ഉണ്ടായിരിക്കും. അവരുടെ നിർദേശങ്ങൾ വെറുതെ തള്ളിക്കളയുന്നതിനു പകരം, ‘പ്രബോധനം കേൾക്കുവിൻ’ എന്ന ബുദ്ധിയുപദേശം പിൻപറ്റുന്നതു ജ്ഞാനമായിരിക്കും. (സദൃശവാക്യങ്ങൾ 8:33) മൈക്കിൾ വിശദീകരിക്കുന്നു: “അതു നിങ്ങളുടെതന്നെ നന്മയ്ക്കുവേണ്ടിയാണ്. നിങ്ങൾ മെച്ചപ്പെടാനും കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്തു കാണാനും അവർ ആഗ്രഹിക്കുന്നു. അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുക.”
എന്നാൽ, മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ തികച്ചും അന്യായമാണെന്നും, അതു നിങ്ങളെ പരാജയത്തിലേക്കു തള്ളിവിടുകയേയുള്ളുവെന്നും തോന്നുന്നെങ്കിലോ? ആദരവോടെ, അവരുമായി കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ജ്ഞാനമായിരിക്കും. നിങ്ങൾക്ക് അതിനെക്കുറിച്ച് എന്താണു തോന്നുന്നതെന്ന് അവരെ അറിയിക്കുക. നിങ്ങൾക്കും അവർക്കും ഒരുമിച്ചിരുന്ന് കൂടുതൽ പ്രായോഗികമായ ചില ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞേക്കും.
ആത്മീയ കാര്യങ്ങളിലെ “പരാജയം”
യഹോവയുടെ സാക്ഷികളുടെ ഇടയിലുള്ള യുവജനങ്ങൾക്ക് ദൈവശുശ്രൂഷകരെന്ന നിലയിൽ വെല്ലുവിളിനിറഞ്ഞ ഒരു നിയമനം നിർവഹിക്കാനുണ്ട്. (2 തിമൊഥെയൊസ് 4:5) നിങ്ങൾ ഒരു യുവ ക്രിസ്ത്യാനി ആണെങ്കിൽ, ചില സമയങ്ങളിൽ നിങ്ങൾക്കു കാര്യങ്ങൾ നന്നായി ചെയ്യാനുള്ള പ്രാപ്തി ഇല്ലെന്നു തോന്നിയേക്കാം. ഒരുപക്ഷേ യോഗങ്ങളിൽ അഭിപ്രായം പറയുന്നതിൽ കൂടുതൽ മെച്ചപ്പെടാനുണ്ടെന്നു തോന്നുകയോ അല്ലെങ്കിൽ ബൈബിൾ സന്ദേശം മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ പ്രയാസമുള്ളതായി കണ്ടെത്തുകയോ ചെയ്തേക്കാം. ഉദാഹരണത്തിന്, ജെസ്സിക്ക കൗമാരപ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയുമൊത്തു ബൈബിളധ്യയനം നടത്തിയിരുന്നു. കുറെ നാളുകൾ അവളുടെ ബൈബിൾ വിദ്യാർഥിനി നല്ല പുരോഗതി വരുത്തിക്കൊണ്ടിരുന്നു. എന്നാൽ പെട്ടെന്ന് ഒരിക്കൽ, ദൈവത്തെ സേവിക്കാനുള്ള തീരുമാനത്തിൽനിന്ന് അവൾ പിന്മാറി. ജെസ്സിക്ക ഓർമിക്കുന്നു, “[പഠിപ്പിക്കുന്ന കാര്യത്തിൽ] ഞാൻ തീർത്തും ഒരു പരാജയമാണെന്നു തോന്നിയ നിമിഷമായിരുന്നു അത്.”
ലൂക്കൊസ് 22:31-34, 60-62) പഠിപ്പിക്കാനുള്ള നിങ്ങളുടെ പ്രാപ്തികൾ മെച്ചപ്പെടേണ്ടതുണ്ടെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, അതിനായി കൂടുതൽ ശ്രമം ചെയ്യരുതോ? (1 തിമൊഥെയൊസ് 4:13) നിങ്ങളെ പഠിപ്പിക്കാനും നിങ്ങൾക്കു പരിശീലനം നൽകാനും പ്രാപ്തരായ, സഭയിലെ പക്വതയുള്ള വ്യക്തികളുടെ സഹായം പ്രയോജനപ്പെടുത്തുക.
അത്തരം വികാരങ്ങളെ ജെസ്സിക്ക എങ്ങനെയാണു തരണം ചെയ്തത്? ഒന്നാമതായി, തന്റെ വിദ്യാർഥിനി തന്നെയല്ല മറിച്ച് ദൈവത്തെയാണു തിരസ്കരിച്ചതെന്ന് അവൾ തിരിച്ചറിഞ്ഞു. ബൈബിളിലുള്ള പത്രൊസിന്റെ ദൃഷ്ടാന്തത്തെക്കുറിച്ചു ധ്യാനിച്ചതും അവൾക്കു സഹായമായി. ദൈവഭയമുള്ള, അതേസമയംതന്നെ ധാരാളം കുറവുകൾ ഉണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു പത്രൊസ്. അവൾ ഇങ്ങനെ വിശദീകരിക്കുന്നു, “ബൈബിൾ പറയുന്നതനുസരിച്ച്, പത്രൊസ് തന്റെ ബലഹീനതകളെ തരണംചെയ്തു. രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ യഹോവ അവനെ പല വിധത്തിൽ ഉപയോഗിക്കുകയും ചെയ്തു.” (ഒരുപക്ഷേ, വീടുതോറുമുള്ള പ്രവർത്തനം ആയിരിക്കാം നിങ്ങൾക്ക് പ്രത്യേകിച്ചും വെല്ലുവിളിയായി തോന്നുന്നത്. ജെയ്സൻ ഇങ്ങനെ സമ്മതിക്കുന്നു, “ആളുകൾ എന്റെ നേരെ വാതിൽ അടയ്ക്കുന്ന ഓരോ തവണയും അത് എന്റെ ഭാഗത്തെ ചെറിയ ഓരോ പരാജയം പോലെയാണ് എനിക്കു തോന്നുന്നത്.” അതിനെ അവൻ എങ്ങനെയാണു തരണം ചെയ്യുന്നത്? അവൻ പറയുന്നു: “യഥാർഥത്തിൽ ഞാൻ പരാജയപ്പെട്ടിട്ടില്ലെന്ന കാര്യം ഞാൻ ഓർമിക്കേണ്ടിയിരിക്കുന്നു.” അതേ, പ്രസംഗിക്കാനുള്ള ദൈവകൽപ്പന നിറവേറ്റുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു! ബൈബിൾ സന്ദേശത്തെ ആളുകൾ നിരസിക്കുന്നതു കാണുന്നത് നിരാശാജനകമാണെങ്കിലും, എല്ലാവരും അങ്ങനെ ചെയ്യുന്നില്ല. ജെയ്സൻ പറയുന്നു, “ശ്രദ്ധിക്കുന്ന ഒരാളെ കണ്ടെത്തുമ്പോൾ എന്റെ ശ്രമത്തിനെല്ലാം ഫലം ലഭിച്ചതായി തോന്നും.”
ഗുരുതരമായ തെറ്റുകൾ
ഗൗരവമായ ഒരു തെറ്റിൽ അല്ലെങ്കിൽ ഗുരുതരമായ ഒരു പാപത്തിൽത്തന്നെ അകപ്പെടുന്നെങ്കിൽ, നിങ്ങൾക്ക് എന്തുചെയ്യാനാകും? 19 വയസ്സുള്ള ആന്ന അത്തരത്തിലുള്ള ഒരു പിഴവു വരുത്തി. a അവൾ സമ്മതിക്കുന്നു, “എന്റെ സഭയിലുള്ളവരെയും കുടുംബത്തെയും ഏറ്റവും പ്രധാനമായി യഹോവയാം ദൈവത്തെയും ഞാൻ നിരാശപ്പെടുത്തി. അവരുടെ പ്രതീക്ഷയ്ക്കൊത്തു പ്രവർത്തിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.” ഗുരുതരമായ തെറ്റുകളിൽനിന്നു കരകയറാൻ നിങ്ങൾ അനുതാപം പ്രകടമാക്കുകയും സഭയിലെ ആത്മീയമായി പ്രായമുള്ള പുരുഷന്മാരുടെ അഥവാ മൂപ്പന്മാരുടെ സഹായം തേടുകയും ചെയ്യേണ്ടതാണ്. (യാക്കോബ് 5:14-16) ഒരു മൂപ്പൻ പറഞ്ഞ സഹായകമായ വാക്കുകൾ ആന്ന ഓർമിക്കുന്നു: “ദാവീദ് രാജാവ് പല തെറ്റുകൾ ചെയ്തിട്ടും അതെല്ലാം അവനോടു ക്ഷമിക്കാൻ യഹോവ സന്നദ്ധനായിരുന്നെന്നും ദാവീദിന് ഒടുവിൽ ആ അവസ്ഥയിൽനിന്നു കരകയറാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതെന്നെ വളരെയധികം സഹായിച്ചു.” (2 ശമൂവേൽ 12:9, 13; സങ്കീർത്തനം 32:5) കൂടാതെ ആത്മീയമായി നിങ്ങളെ ബലപ്പെടുത്തുന്ന കാര്യങ്ങളെല്ലാം നിങ്ങൾ ചെയ്യേണ്ടതാണ്. ആന്ന പറയുന്നു, “സങ്കീർത്തന പുസ്തകം ഞാൻ വീണ്ടും വീണ്ടും വായിച്ചു. അതോടൊപ്പം എനിക്കു പ്രോത്സാഹനം നൽകിയ തിരുവെഴുത്തുകൾ ഒരു പുസ്തകത്തിൽ എഴുതിവെക്കുകയും ചെയ്യുന്നു.” കാലക്രമത്തിൽ, ഒരാൾക്കു ഗുരുതരമായ ഒരു വീഴ്ചയിൽനിന്നുപോലും കരകയറാൻ കഴിയും. സദൃശവാക്യങ്ങൾ 24:16 പറയുന്നു: “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും.”
പരാജയത്തെ അതിജീവിക്കൽ
താരതമ്യേന ചെറിയ പരാജയങ്ങൾക്കുപോലും നിങ്ങളെ വിഷമിപ്പിക്കാൻ കഴിയും. എന്നാൽ അവയെ അതിജീവിക്കുന്നതിന് എന്തു നിങ്ങളെ സഹായിച്ചേക്കാം? ഒന്നാമതായി, നിങ്ങളുടെ തെറ്റിനെ യാഥാർഥ്യബോധത്തോടെ നേരിടുക. മൈക്കിൾ നിർദേശിക്കുന്നു: “നിങ്ങൾ ഒരു തികഞ്ഞ പരാജയമാണെന്നു ചിന്തിക്കുന്നതിനു പകരം എവിടെയാണു നിങ്ങൾക്കു പിഴച്ചതെന്നും എന്തായിരുന്നു അതിനു കാരണമെന്നും കൃത്യമായി കണ്ടെത്താൻ ശ്രമിക്കുക. അടുത്ത പ്രാവശ്യം കൂടുതൽ മെച്ചമായി കാര്യങ്ങൾ ചെയ്യാൻ അതു നിങ്ങളെ സഹായിക്കും.”
കൂടാതെ, നിങ്ങൾക്കുതന്നെ അമിത പ്രാധാന്യം കൽപ്പിക്കാതിരിക്കുക. “ചിരിപ്പാൻ ഒരു കാലം” ഉണ്ട്, അതിൽ നിങ്ങളുടെ പരാജയങ്ങളിൽ ചിരിക്കുന്നതും ഉൾപ്പെട്ടേക്കാം. (സഭാപ്രസംഗി 3:4) നിരുത്സാഹം തോന്നുന്നെങ്കിൽ, നിങ്ങൾക്കു നന്നായി ചെയ്യാൻ കഴിയുന്ന, ഹോബിയോ സ്പോർട്സോ പോലുള്ള എന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കുക. നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതുപോലുള്ള “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും.—1 തിമൊഥെയൊസ് 6:18.
അവസാനമായി, “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു . . . അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല” അല്ലെങ്കിൽ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുകയില്ല എന്ന കാര്യം ഓർമിക്കുക. (സങ്കീർത്തനം 103:8, 9) ജെസ്സിക്ക പറയുന്നു, “യഹോവയാം ദൈവത്തോട് ഞാൻ എത്രയധികം അടുത്തു ചെല്ലുന്നുവോ, കടന്നുപോകേണ്ടിവരുന്ന ഏതൊരു സാഹചര്യത്തിലും യഹോവ എന്നെ സഹായിക്കുമെന്നും അവന്റെ പിന്തുണ എനിക്ക് ഉണ്ടായിരിക്കുമെന്നുമുള്ള എന്റെ ബോധ്യം അത്രയധികം വർധിക്കുന്നു.” അതേ, നിങ്ങൾക്കു പരാജയങ്ങൾ സംഭവിക്കുമ്പോഴും, നിങ്ങളുടെ സ്വർഗീയ പിതാവ് നിങ്ങളെ വിലയുള്ളവരായി കാണുന്നുവെന്ന അറിവ് ആശ്വാസദായകമാണ്. (g04 11/22)
[അടിക്കുറിപ്പ്]
a പേരിനു മാറ്റം വരുത്തിയിരിക്കുന്നു.
[28-ാം പേജിലെ ചിത്രം]
മറ്റുള്ളവർ നിങ്ങളെക്കുറിച്ച് അമിതമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതായി തോന്നുന്നെങ്കിൽ, ആദരവോടെ അവരുമായി തുറന്നു സംസാരിക്കുക
[29-ാം പേജിലെ ചിത്രം]
നിങ്ങൾക്കു നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ മുഴുകുന്നത്, പരാജയത്തിന്റേതായ വികാരങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും