പൊണ്ണത്തടി പരിഹാരമെന്ത്?
പൊണ്ണത്തടി പരിഹാരമെന്ത്?
ഉണരുക! ഒരു ഡയറ്റീഷ്യനായ ഡയനുമായും ഒരു രജിസ്റ്റേർഡ് നഴ്സായ എലെനുമായും അഭിമുഖം നടത്തുകയുണ്ടായി. തൂക്കക്കൂടുതലും പൊണ്ണത്തടിയും ഉള്ളവരെ ചികിത്സിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരായിരുന്നു ഇവർ. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ളതും മാംസംപോലുള്ള പ്രോട്ടീൻ അടങ്ങിയവ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ടുള്ളതുമായ ചില ആഹാരക്രമങ്ങൾ തൂക്കം കുറയ്ക്കാൻ സഹായകമാകും എന്നതിനോടു രണ്ടുപേരും യോജിച്ചു. എന്നിരുന്നാലും, കാലാന്തരത്തിൽ അതിനു വിപരീത ഫലങ്ങൾ ഉണ്ടാകുമെന്ന് അവർ പറയുന്നു. a ‘ആരോഗ്യകരമായ തൂക്കം നിലനിറുത്തുക’ എന്ന ഒരു മെഡിക്കൽ ചാർട്ട് ഈ സംഗതി ഉറപ്പുവരുത്തിയിട്ടുണ്ട്. അത് ഇങ്ങനെ പറയുന്നു: “തീരെ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരക്രമം പിൻപറ്റുന്നത്, വിശേഷിച്ച് അത് ഒരു ഡോക്ടറുടെ മേൽനോട്ടത്തിലല്ലെങ്കിൽ, അപകടകരമായിരുന്നേക്കാം.” അതു തുടരുന്നു: “[അത്തരത്തിലുള്ള ഒരു ഭക്ഷണക്രമം] പൊടുന്നനെ തൂക്കം കുറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്, ഇതാകട്ടെ (കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനങ്ങളുടെ ഒരു ഉപോത്പന്നമായ) കീറ്റോൺ വസ്തുക്കൾ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കും.” അതുകൊണ്ട്, നിങ്ങൾ കാർബോഹൈഡ്രേറ്റിന്റെ അളവു തീരെ കുറച്ചുകൊണ്ടുള്ള ആഹാരക്രമം പിൻപറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ ആദ്യംതന്നെ ഒരു ഡോക്ടറെ കാണുക.
എന്നാൽ തൂക്കം കുറയ്ക്കാൻ നിങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിൽ നിരാശപ്പെടേണ്ടതില്ല. “തൂക്കംകുറയ്ക്കൽ അസാധ്യമായ ഒന്നല്ല. അതിനു നിങ്ങൾ മനംമടുപ്പിക്കുന്നതും രുചികരമല്ലാത്തതും ആയ ഒരേ ഭക്ഷണക്രമം പിൻപറ്റണം എന്നുമില്ല,” ഡോ. വാൾട്ടർ സി. വില്ലെറ്റ് പറയുന്നു. “ബോധപൂർവം ശ്രമിച്ചുകൊണ്ടും വിദഗ്ധമായി കാര്യങ്ങൾ ചെയ്തുകൊണ്ടും മിക്കയാളുകൾക്കും തൂക്കം കുറയ്ക്കുന്നതിനും b—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
ദീർഘകാലത്തേക്ക് അതു നിലനിറുത്തുന്നതിനും കഴിയും. മിതമായ, എന്നാൽ ആസ്വാദ്യമായ ഭക്ഷണം കഴിച്ചുകൊണ്ടും ദിവസേനയെന്നവണ്ണം വ്യായാമം ചെയ്തുകൊണ്ടും അതു സാധിക്കും. ആയുരാരോഗ്യത്തോടെയുള്ള ജീവിതം ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്.”വ്യായാമം എത്ര പ്രധാനം?
ഡോ. വില്ലെറ്റ് പറയുന്നു: “ആരോഗ്യം ഉള്ളവരായിരിക്കാനും മാറാരോഗങ്ങളെ പടിക്കുപുറത്തു നിറുത്താനും ഏറ്റവും നല്ല ഒറ്റമൂലിയാണു വ്യായാമം, പുകവലിക്കാതിരിക്കുന്നതുപോലെതന്നെ.” എത്ര കൂടെക്കൂടെ വ്യായാമം ചെയ്യണം? കായിക പ്രവർത്തനങ്ങളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
നിത്യവും വ്യായാമം ചെയ്യുന്നത്, അതു വെറും 30 മിനിട്ടു മാത്രമാണെങ്കിൽപ്പോലും വളരെ പ്രയോജനകരമാണെന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. ഇനി, ആഴ്ചയിൽ മൂന്നുപ്രാവശ്യം വ്യായാമം ചെയ്യുന്നതുപോലും ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കാൻ നിങ്ങളെ സഹായിക്കും. വ്യായാമം ശരീരത്തിലെ കലോറി കത്തിച്ചുകളയുന്നു. അതുകൊണ്ട് തൂക്കം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്: ഓരോ ദിവസവും അകത്തേക്കെടുക്കുന്നതിനെക്കാൾ കൂടുതൽ കലോറി ഞാൻ ഉപയോഗിച്ചു തീർക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ തൂക്കം കൂടിക്കൊണ്ടിരിക്കും. അതുകൊണ്ട് വാഹനത്തിൽ പോകുന്നതിനു പകരം നടന്നോ സൈക്കിളിലോ പോകുക. ലിഫ്റ്റ് ഉപയോഗിക്കാതെ നടന്നുതന്നെ ഗോവണിപ്പടികൾ കയറുക. അതേ, വ്യായാമം ചെയ്യുക! കലോറി കത്തിച്ചുകളയുക!
ഡോ. വില്ലെറ്റ് ഇപ്രകാരം വിശദീകരിക്കുന്നു: “അനേകരെ സംബന്ധിച്ചും മറ്റു
കായിക പ്രവർത്തനങ്ങൾക്കു പകരം ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വ്യായാമമാണു നടപ്പ്. കാരണം അതിനു പ്രത്യേക ഉപകരണങ്ങളൊന്നും വേണ്ടതില്ല, ഏതുസമയത്തും ഏതുസ്ഥലത്തും ചെയ്യാവുന്നതേയുള്ളൂ, പൊതുവേ സുരക്ഷിതവുമാണ്.” വെറുതെ ഉലാത്തുന്നതിനെക്കുറിച്ചല്ല മറിച്ച്, നല്ല ചുറുചുറുക്കോടെ നടക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. സാധ്യമെങ്കിൽ നിത്യവും 30 മിനിട്ട് കായിക പ്രവർത്തനങ്ങൾ ചെയ്യാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.ഏറ്റവും നല്ല പരിഹാരം ശസ്ത്രക്രിയയോ?
വല്ലാതെ പൊണ്ണത്തടിയുള്ള ചിലർ തൂക്കം കുറയ്ക്കുന്നതിനും ഭാവിയിൽ തൂക്കം കൂടാതെയിരിക്കുന്നതിനും ചില ശസ്ത്രക്രിയകൾക്കു വിധേയരായിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ചികിത്സിക്കുന്ന വിദഗ്ധരുടെ ഉപദേശപ്രകാരമാണ് അവർ ഇതു ചെയ്തിരിക്കുന്നത്. എങ്ങനെയുള്ളവരിലായിരിക്കും ശസ്ത്രക്രിയ നടത്തുന്നത്? മേയോ ക്ലിനിക് ഓൺ ഹെൽതി വെയ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാർ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ ബോഡി മാസ്സ് ഇൻഡക്സ് 40-ൽ കൂടുതലാണെങ്കിൽ അത് ഗുരുതരാവസ്ഥയിലുള്ള പൊണ്ണത്തടി ഉണ്ടെന്നുള്ള സൂചനയാണ്. അപ്പോൾ ശസ്ത്രക്രിയയെപ്പറ്റി ഡോക്ടർ ചിന്തിച്ചേക്കാം.” (5-ാം പേജിലെ ചാർട്ട് കാണുക.) മേയോ ക്ലിനിക് ഹെൽത് ലെറ്റർ ഇങ്ങനെ നിർദേശിക്കുന്നു: “ബോഡി മാസ്സ് ഇൻഡക്സ് 40-നു മുകളിലുള്ള, 18-നും 65-നും ഇടയ്ക്കു പ്രായമുള്ളവർക്കാണ് സാധാരണഗതിയിൽ ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത്, അതും പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയിൽ എത്തിയെങ്കിൽ.”—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.
ഇത്തരം ശസ്ത്രക്രിയാ നടപടികളിൽ ചിലത് എന്തൊക്കെയാണ്? ചെറുകുടലിൽ ബൈപാസ് ശസ്ത്രക്രിയ ചെയ്യുക, ഗാസ്ട്രിക് പാർട്ടിഷനിങ്, ഗാസ്ട്രോപ്ലാസ്റ്റി, ഗാസ്ട്രിക് ബൈപാസ് തുടങ്ങിയവ ഇതിൽ പെടുന്നു. ഒടുവിൽ പറഞ്ഞ ഈ നടപടിയിൽ അര ഔൺസ് ഭക്ഷണം മാത്രം ഉൾക്കൊള്ളാൻ പറ്റിയ ഒരു ചെറിയ ഭാഗം മുകളിൽ ഒഴിച്ചിട്ടുകൊണ്ട് ആമാശയം കുറുകെ സ്റ്റാപ്പിൾ ചെയ്യുന്നു. എന്നിട്ട് ചെറുകുടലിനെ മുറിച്ച് ഈ മുകൾഭാഗവുമായി യോജിപ്പിക്കുന്നു. അങ്ങനെ, പക്വാശയം (duodenum) ഉൾപ്പെടെ ആമാശയത്തിന്റെ മിക്ക ഭാഗങ്ങളും ബൈപാസ് ചെയ്യപ്പെടുന്നു.
ഇനി, തങ്ങളുടെ അമിതതൂക്കം കുറയ്ക്കുന്നതിൽ വിജയിച്ചവരെക്കുറിച്ചെന്ത്? അത് തക്ക മൂല്യമുള്ളത് ആയിരുന്നോ? (g04 11/8)
[അടിക്കുറിപ്പുകൾ]
a രക്തത്തിൽ ഇരുമ്പിന്റെ അംശം ക്രമാതീതമാകുക, വൃക്കത്തകരാറുകൾ, മലബന്ധം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
b തങ്ങളുടെ ജീവിതം ദൈവത്തിന്റെ വിശുദ്ധസേവനത്തിൽ സ്വീകാര്യമായ രീതിയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സമർപ്പിതരായ ക്രിസ്ത്യാനികൾക്ക് തൂക്കംകുറച്ച് ആരോഗ്യമുള്ളവരായിരിക്കുന്നതിനു നല്ല കാരണമുണ്ട്. അകാലമരണം വരിക്കുന്നതിനെക്കാൾ ജീവിതത്തിന്റെ കൂടുതൽ വർഷങ്ങൾ അവർക്ക് അപ്പോൾ ദൈവസേവനത്തിൽ ഉപയോഗിക്കാൻ കഴിയും.—റോമർ 12:1.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആരോഗ്യകരമായ ഭക്ഷണ പിരമിഡ്
മധുരപദാർഥങ്ങൾ മധുരത്തിൽ കുതിർന്നിരിക്കുന്നതോ
പ്രൊസസ് ചെയ്തതോ ആയ മധുരപദാർഥങ്ങൾ
(വിരളമായി; ദിവസം 75 കലോറിവരെ)
കൊഴുപ്പ് ഒലിവെണ്ണ, നട്സ്, കനോലാ എണ്ണ,
അവക്കാഡോ പഴങ്ങൾ (ദിവസം 3-5 സേർവിങ്സ്;
ഒരു ടീസ്പൂൺ എണ്ണയോ 2 ടേബിൾസ്പൂൺ
നട്സോ ആണ് ഒരു സേർവിങ്)
മാംസ്യവും പാലും പാലുത്പന്നങ്ങളും ബീൻസുകൾ,
മത്സ്യം, കൊഴുപ്പില്ലാത്ത മാംസം, മുട്ട,
കൊഴുപ്പു കുറഞ്ഞ പാൽ, ചീസ്
(ദിവസം 3-7 സേർവിങ്സ്; പാകംചെയ്ത ഇറച്ചിയോ
മീനോ 85 ഗ്രാം; അതാണ് ഒരു സേർവിങ്)
കാർബോഹൈഡ്രേറ്റുകൾ പ്രത്യേകിച്ച് തവിടു കളയാത്ത
ധാന്യങ്ങൾ—പാസ്റ്റ, ബ്രെഡ്, ചോറ്, സിറീയലുകൾ
(ദിവസം 4-8 സേർവിങ്സ്; ഒരു കഷണം
ബ്രെഡ് ആണ് ഒരു സേർവിങ്)
പഴങ്ങളും പച്ചക്കറികളും പല തരത്തിലുള്ളവ ധാരാളം കഴിക്കുക (ദിവസം എത്ര സേർവിങ്സ് വേണമെങ്കിലും ആകാം, ഓരോന്നും കുറഞ്ഞത് 3 എണ്ണം വീതം)
തൂക്കം കുറയ്ക്കുന്നതിന് ഏതെങ്കിലും പ്രത്യേക നടപടികളോ ആഹാരക്രമമോ ഉണരുക! ശുപാർശ ചെയ്യുന്നില്ല. മറിച്ച് അത്, ലഭ്യമായ ചില വിവരങ്ങൾ അതിന്റെ വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. എന്തെങ്കിലും വ്യായാമ ചികിത്സയോ ആഹാരക്രമമോ പിൻപറ്റുന്നതിനുമുമ്പ് ഓരോ വ്യക്തികളും തങ്ങളുടെ ഡോക്ടറെ കാണേണ്ടതാണ്.
[കടപ്പാട്]
മേയോ ക്ലിനിക്കിന്റെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളത്
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
തൂക്കം കുറയ്ക്കാൻ ചിലർ പിൻപറ്റിയ നിർദേശങ്ങൾ:
1 നിങ്ങൾ കഴിക്കുന്ന ആഹാരപദാർഥങ്ങളിലും കുടിക്കുന്ന പാനീയങ്ങളിലും എത്രമാത്രം കലോറി ഉണ്ടെന്ന് അറിഞ്ഞിരിക്കുക. കുറിപ്പ്: പാനീയങ്ങൾ കലോറിയുടെ കലവറതന്നെ ആയിരിക്കാൻ കഴിയും, പ്രത്യേകിച്ച് മധുരമുള്ള ജ്യൂസുകൾ. ലഹരിപാനീയങ്ങളിലും ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. പരസ്യങ്ങൾ വാനോളം പുകഴ്ത്തുന്ന ശീതളപാനീയങ്ങളുടെ പിന്നാലെ പോകുമ്പോൾ സൂക്ഷിക്കുക. അവയുടെ ലേബലിൽ കൊടുത്തിരിക്കുന്ന, കലോറിയുടെ അളവു പരിശോധിച്ചാൽ നിങ്ങൾ ഒരുപക്ഷേ ഞെട്ടിപ്പോയേക്കാം.
2 പ്രലോഭനം ഒഴിവാക്കുക. ചിപ്സുകൾ, ബിസ്കറ്റുകൾ, ചോക്കലേറ്റ് എന്നിവ നിങ്ങളുടെ എത്തുപാടിലുണ്ടെങ്കിൽ നിങ്ങൾ അവ തിന്നുമെന്നതിനു സംശയമില്ല! ഇടഭക്ഷണമായി ആപ്പിൾ, കാരറ്റ്, ധാന്യംകൊണ്ട് ഉണ്ടാക്കിയ ബിസ്കറ്റ് എന്നിങ്ങനെ കലോറി കുറവുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുക.
3 പ്രധാനഭക്ഷണം കഴിക്കുന്നതിനുമുമ്പ് ലളിതമായ ഒരു ഇടഭക്ഷണമോ അപ്പിറ്റൈസറോ കഴിക്കുക. ഇത് വയറു വിശന്നു പൊരിയുന്നത് ഒഴിവാക്കും, തുടർന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാൻ ഇതു നിങ്ങളെ സഹായിച്ചേക്കാം.
4 മുന്നിൽ വിളമ്പിയിരിക്കുന്നതെല്ലാം അകത്താക്കാൻ ശ്രമിക്കരുത്. തിരഞ്ഞെടുത്തു കഴിക്കുക. വേണ്ടതിലധികം കലോറി അടങ്ങിയിട്ടുണ്ടെന്നു നിങ്ങൾക്ക് അറിയാവുന്നവ ഒഴിവാക്കുകതന്നെ ചെയ്യുക.
5 സാവധാനം ഭക്ഷണം കഴിക്കുക. എന്തിനാണു ധൃതിപിടിക്കുന്നത്? ആഹാരപദാർഥത്തിന്റെ നിറം, മണം, രുചി, വിഭവങ്ങൾ തമ്മിലുള്ള ചേർച്ച എന്നിവയൊക്കെ നോക്കിയും മനസ്സിലാക്കിയും ആസ്വദിച്ചു കഴിക്കുക. “വയറ് നിറഞ്ഞു, ഇനി ഒട്ടും വേണ്ട” എന്ന ശരീരത്തിന്റെ സൂചനകളെ അവഗണിക്കരുത്.
6 വയറ് നിറയുന്നതുവരെ ഭക്ഷിക്കുന്ന ശീലം ഒഴിവാക്കുക.
7 ചില രാജ്യങ്ങളിൽ ഇഷ്ടംപോലെ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളുണ്ട്. പാത്രത്തിൽ വിളമ്പിവെച്ചിരിക്കുന്നതിന്റെ പകുതിമാത്രം കഴിക്കുക, അല്ലെങ്കിൽ അത് മറ്റാരെങ്കിലുമായി പങ്കിടുക.
8 പ്രധാന ഭക്ഷണം കഴിഞ്ഞ് എപ്പോഴും മധുരപദാർഥങ്ങൾ കഴിക്കണമെന്നില്ല, പഴമോ കലോറി കുറഞ്ഞ എന്തെങ്കിലുമോ ആകാമല്ലോ.
9 ആഹാരസാധനങ്ങളുടെ ഉത്പാദകർ നിങ്ങളെ വല്ലാതെ തീറ്റിച്ചുകളയും. അതിനു പിന്നിൽ കച്ചവടക്കണ്ണാണ്. ഇക്കാര്യത്തിലുള്ള നിങ്ങളുടെ ബലഹീനതയെ അവർ മുതലെടുക്കും. അവരുടെ കൗശലംപൂണ്ട പരസ്യങ്ങൾക്കും മോഹിപ്പിക്കുന്ന ചിത്രങ്ങൾക്കും വശംവദരാകരുത്. വേണ്ട എന്നുതന്നെ പറയുക!
[കടപ്പാട്]
ഡോ. വാൾട്ടർ സി. വില്ലെറ്റിന്റെ, തിന്നുക, കുടിക്കുക, ആരോഗ്യവാന്മാരായിരിക്കുക എന്ന പുസ്തകത്തോടു ചേർച്ചയിലാണ് ഈ വിവരങ്ങൾ.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
വ്യായാമം ചെയ്യുക!