വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊണ്ണത്തടി യഥാർഥത്തിൽ ഒരു പ്രശ്‌നമോ?

പൊണ്ണത്തടി യഥാർഥത്തിൽ ഒരു പ്രശ്‌നമോ?

പൊണ്ണ​ത്തടി യഥാർഥ​ത്തിൽ ഒരു പ്രശ്‌ന​മോ?

“കൗമാ​ര​ത്തി​ലെ പൊണ്ണ​ത്തടി ഒരു പകർച്ച​വ്യാ​ധി​പോ​ലെ ആയിരി​ക്കു​ന്നു.”—എസ്‌. കെ. വാംഗ്‌നൂ, സീനിയർ കൺസൾട്ടന്റ്‌ എൻഡോ​ക്രൈ​നോ​ള​ജിസ്റ്റ്‌, ഇന്ദ്രപ്രസ്ഥ അപ്പോ​ളോ ആശുപ​ത്രി, ഡൽഹി, ഇന്ത്യ.

മേലു​ദ്ധ​രിച്ച വാക്കുകൾ ഇന്ത്യയി​ലെ ഇടത്തരം കുടും​ബ​ങ്ങ​ളു​ടെ അപ്പാടെ മാറിയ ജീവി​ത​ശൈ​ലി​യു​ടെ ഒരു കറുത്ത ചിത്രം നൽകുന്നു. കൗമാ​ര​പ്രാ​യ​ത്തി​ലെ പൊണ്ണ​ത്തടി ഇപ്പോൾ ആശങ്കാ​ജ​ന​ക​മായ പ്രശ്‌ന​മാ​യി മാറി​യി​രി​ക്കു​ന്നു. വ്യായാ​മം വെട്ടി​ച്ചു​രു​ക്കു​ക​യും ‘ചവറു​ഭക്ഷണ’ത്തോടു കൂടുതൽ അഭിനി​വേശം കാണി​ക്കു​ക​യും ചെയ്യുന്ന ആളുക​ളു​ടെ എണ്ണം ഒന്നി​നൊ​ന്നു കൂടി​വ​രു​ക​യാണ്‌. അത്‌ ഈ പകർച്ച​വ്യാ​ധി​യെ അനവധി രാജ്യ​ങ്ങ​ളി​ലേക്ക്‌ അതി​വേഗം വ്യാപി​ക്കുന്ന ഒന്നാക്കി മാറ്റി​യി​രി​ക്കു​ന്നു. കൗമാര ആരോ​ഗ്യ​ശാ​സ്‌ത്ര​ത്തി​ന്റെ ഒരു കൺസൾട്ടന്റ്‌ ഇപ്രകാ​രം പറയുന്നു: “മാനവ ചരി​ത്ര​ത്തി​ലെ ഏറ്റവും പൊണ്ണ​ത്ത​ടി​യുള്ള മനുഷ്യർ . . . [ബ്രിട്ട​നി​ലെ] അടുത്ത തലമു​റ​യാ​യി​രി​ക്കും.” ഗാർഡി​യൻ വീക്ക്‌ലി ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഒരുകാ​ലത്ത്‌ പൊണ്ണ​ത്തടി മുതിർന്ന​വ​രു​ടെ​മാ​ത്രം തലവേ​ദ​ന​യാ​യി​രു​ന്നു. യുഎസ്‌-ൽ ആദ്യം തലപൊ​ക്കിയ ഈ പ്രശ്‌നം ഇന്ന്‌ ബ്രിട്ട​നി​ലെ യുവത​ല​മു​റയെ ഗ്രസി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഭക്ഷണ​ക്ര​മ​വും മെയ്യന​ങ്ങാ​തെ​യുള്ള ജീവി​ത​രീ​തി​യും ആണ്‌ കാരണം. ദീർഘ​കാ​ലം പൊണ്ണ​ത്ത​ടി​യു​ടെ പിടി​യി​ലാ​യി​രി​ക്കു​ന്നത്‌ അവരെ പ്രമേഹം, ഹൃ​ദ്രോ​ഗം, കാൻസർ എന്നിവ​യി​ലേക്കു തള്ളിവി​ടും.”

ഫുഡ്‌ ഫൈറ്റ്‌ എന്ന പുസ്‌ത​ക​ത്തി​ന്റെ രചയി​താ​ക്കൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഭക്ഷണ​ത്തോ​ടു ബന്ധപ്പെട്ട ആഗോള പ്രശ്‌ന​മെന്ന നിലയിൽ അമിത തീറ്റി​യും കുടി​യും, ഇന്ന്‌ വികല​പോ​ഷ​ണത്തെ കടത്തി​വെ​ട്ടി​യി​രി​ക്കു​ന്നു.” ദി അറ്റ്‌ലാ​ന്റിക്‌ മന്ത്‌ലി എന്ന മാസി​ക​യിൽ ഡോൺ പെക്ക്‌ ഇങ്ങനെ എഴുതി: “ഇപ്പോൾ ഏകദേശം 90 ലക്ഷം അമേരി​ക്ക​ക്കാർ തങ്ങളെ ‘രോഗാ​തു​ര​രാ​ക്കുന്ന പൊണ്ണ​ത്തടി’യുടെ പിടി​യി​ലാണ്‌, അവർക്ക്‌ 45 കിലോ​ഗ്രാ​മോ അതിൽ കൂടു​ത​ലോ തൂക്കക്കൂ​ടു​തൽ ഉണ്ടെന്നർഥം.” അമിത​തൂ​ക്ക​വു​മാ​യി ബന്ധപ്പെട്ട ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഐക്യ​നാ​ടു​ക​ളിൽ വർഷം​തോ​റും ഏകദേശം 3,00,000 അകാല​മ​ര​ണ​ങ്ങൾക്കു വഴി​തെ​ളി​ക്കു​ന്നു, “പുകവലി കഴിഞ്ഞാൽ അടുത്ത കൊല​യാ​ളി.” പെക്ക്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ലോക​ജ​ന​സം​ഖ്യ​യു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കുന്ന കാതലായ പ്രശ്‌ന​ങ്ങ​ളായ പട്ടിണി​യു​ടെ​യും സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ​യും സ്ഥാനം പെട്ടെ​ന്നു​തന്നെ പൊണ്ണ​ത്തടി കൈയ​ട​ക്കി​യേക്കം.” അതു​കൊണ്ട്‌ പൊണ്ണ​ത്ത​ടി​യു​ടെ ഭീഷണി കണ്ടി​ല്ലെന്നു നടിക്കാൻ ആർക്കാണു കഴിയുക? തിന്നുക, കുടി​ക്കുക, ആരോ​ഗ്യ​വാ​ന്മാ​രാ​യി​രി​ക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഡോ. വാൾട്ടർ സി. വില്ലെറ്റ്‌ എഴുതു​ന്നു: “നിങ്ങൾ പുകവ​ലി​ക്കു​മോ ഇല്ലയോ എന്നതു കഴിഞ്ഞാൽ നിങ്ങളു​ടെ ഭാവി ആരോ​ഗ്യം അളക്കാ​നുള്ള മാനദണ്ഡം നിങ്ങളു​ടെ ശരീര​ഭാ​രം എത്ര​യെ​ന്നു​ള്ളത്‌ ആയിരി​ക്കും.” ശ്രദ്ധി​ക്കുക, ഇവിടെ ഭാവി ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌.

പൊണ്ണ​ത്ത​ടി​യെ നിങ്ങൾ എങ്ങനെ നിർവ​ചി​ക്കും?

ഒരാൾക്കു പൊണ്ണ​ത്ത​ടി​യാണ്‌, അല്ലാതെ അൽപ്പം തൂക്കക്കൂ​ടു​തലല്ല ഉള്ളതെന്ന്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും? യു.എസ്‌.എ.-യിലുള്ള മിനെ​സൊ​ട്ട​യി​ലെ റോ​ച്ചെ​സ്റ്റ​റി​ലുള്ള മേയോ ക്ലിനിക്‌ ഇപ്രകാ​രം പറയുന്നു: “ലളിത​മാ​യി പറഞ്ഞാൽ, ശരീര​ത്തി​ലെ കൊഴു​പ്പി​ന്റെ ആധിക്യ​ത്താൽ ഉണ്ടാകുന്ന ഗുരു​ത​ര​മായ തൂക്കക്കൂ​ടു​ത​ലാണ്‌ പൊണ്ണ​ത്തടി.” എന്നാൽ ഓരോ വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം തൂക്കക്കൂ​ടു​തൽ ഉണ്ടോ​യെന്ന്‌ നിങ്ങൾ എങ്ങനെ തീരു​മാ​നി​ക്കും? ഉയരത്തിന്‌ ആനുപാ​തി​ക​മായ തൂക്കം എത്രയാ​ണെന്നു കാണി​ക്കുന്ന ചാർട്ടു​കൾ ഒരു ഏകദേശ കണക്കു കണ്ടുപി​ടി​ക്കാൻ നിങ്ങളെ സഹായി​ക്കും. ഒരാൾക്കു കേവലം തൂക്കക്കൂ​ടു​തൽ ഉണ്ടെ​ന്നേ​യു​ള്ളോ അതോ അയാൾ പൊണ്ണ​ത്ത​ടി​യു​ടെ അപകട​മേ​ഖ​ല​യി​ലേക്കു പ്രവേ​ശി​ച്ചോ​യെന്ന്‌ അതു നോക്കി​യാൽ നിങ്ങൾക്കു മനസ്സി​ലാ​ക്കാം. (5-ാം പേജിലെ ചാർട്ട്‌ കാണുക.) എന്നിരു​ന്നാ​ലും, ശരീര​ഘ​ട​ന​യി​ലെ ഏതു വിശേ​ഷ​ത​യാണ്‌ തൂക്കക്കൂ​ടു​ത​ലിന്‌ ഇടയാ​ക്കു​ന്ന​തെന്നു ചാർട്ട്‌ കാണി​ക്കു​ന്നില്ല. മേയോ ക്ലിനിക്‌ പറയുന്നു: “ശരീര​ത്തി​ന്റെ മൊത്തം ഭാരമല്ല മറിച്ച്‌ കൊഴു​പ്പി​ന്റെ അളവാണ്‌ ശാരീ​രിക ആരോ​ഗ്യ​ത്തി​ന്റെ മെച്ചപ്പെട്ട സൂചക​മാ​യി വർത്തി​ക്കു​ന്നത്‌.” ഉദാഹ​ര​ണ​ത്തിന്‌, ഒരു കായി​ക​താ​ര​ത്തിന്‌ മസ്സിലു​ക​ളും എല്ലുമു​ഴു​പ്പും ഒക്കെയു​ള്ള​തു​കൊണ്ട്‌ പൊതു​വേ കൂടുതൽ തൂക്കം ഉണ്ടായി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ, തൂക്കക്കൂ​ടു​ത​ലി​നും പൊണ്ണ​ത്ത​ടി​ക്കും കാരണ​മാ​കുന്ന അടിസ്ഥാന സംഗതി​കൾ എന്തൊ​ക്കെ​യാണ്‌? അടുത്ത ലേഖനം ഈ ചോദ്യം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. (g04 11/8)