ഭീകരാക്രമണം ആഘാതവുമായി പൊരുത്തപ്പെടുന്നു
ഭീകരാക്രമണം ആഘാതവുമായി പൊരുത്തപ്പെടുന്നു
സ്പെയിനിലെ ഉണരുക! ലേഖകൻ
അന്ന് 2004 മാർച്ച് 11 ആയിരുന്നു. മൂന്നു റെയിൽവേ സ്റ്റേഷനുകളെ കുരുതിക്കളമാക്കിയ പത്തു ബോംബ് സ്ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം സ്പെയിനിലെ മാഡ്രിഡ് നഗരത്തെ കിടിലംകൊള്ളിച്ചു. പതിവു യാത്രക്കാരുമായി പോകാറുള്ള നാലു ട്രെയിനുകളിൽ ഒരേസമയത്തായിരുന്നു ആക്രമണം നടന്നത്. ദുരന്തത്തിൽ ഏകദേശം 190 ജീവൻ പൊലിഞ്ഞു, 1,800-ഓളം പേർക്കു പരിക്കുപറ്റി.
രാവിലത്തെ തിരക്കേറിയ സമയമായിരുന്നതിനാൽ ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരുന്നു. അതുകൊണ്ട് സ്ഫോടനങ്ങൾ സൃഷ്ടിച്ച ദുരന്തം അതിഭീകരമായിരുന്നു. “ഒരു ട്രെയിൻ ബോഗി വായുവിലേക്ക് ഒരു മീറ്റർ കുതിച്ചുപൊങ്ങി, സ്ഫോടനത്തിന്റെ തീവ്രത അത്രയ്ക്കുണ്ടായിരുന്നു,” ഒരു ദൃക്സാക്ഷിയായ അറോവ പറഞ്ഞു. “ബോഗിയിൽനിന്ന് ഇറങ്ങിയപ്പോൾ ഞാൻ കണ്ടത് അവിടമെല്ലാം ഒരു യുദ്ധക്കളംപോലെ കിടക്കുന്നതാണ്. ഇത്തരം കൂട്ടക്കുരുതികൾ നേരിട്ടുകാണുന്നതു ശരിക്കും ഭയാനകമായ അനുഭവമാണ്.” നാലു ട്രെയിനുകളുടെ പത്തു ബോഗികളിലായി ഘോരമായ സ്ഫോടന പരമ്പരകൾ അരങ്ങേറി. ഭീകരർ, പുറത്തുതൂക്കിയിടുന്നതരം ബാഗുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ട്രെയിനുകളിൽ വെച്ചു, എന്നിട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് അതു പൊട്ടിത്തെറിക്കാൻ ഇടയാക്കി.
ചില യാത്രക്കാർക്ക് കടന്നുപോയ ദുരന്തരംഗങ്ങളെക്കുറിച്ചുള്ള ഓർമകൾ മനസ്സിലേക്കു കൊണ്ടുവരാതിരിക്കാൻ കഴിഞ്ഞു. പക്ഷേ, അറോവയെപ്പോലുള്ള നൂറുകണക്കിന് ആളുകൾക്ക് ആ സംഭവം ഏൽപ്പിച്ച ശാരീരികവും വൈകാരികവുമായ ആഘാതത്തിൽനിന്നു വിമുക്തരാകാനായിട്ടില്ല. “സ്ഫോടനം എന്റെ കേൾവിശക്തിയെ അപ്പാടെ തകരാറിലാക്കി,” അറോവ പറഞ്ഞു. “എന്നാൽ എന്റെ മനസ്സിലേക്ക് ഇഴഞ്ഞുവരുന്ന ഭീതിദമായ ദൃശ്യങ്ങളാണ് എന്നെ അതിലുമധികം ബാധിക്കുന്നത്.”
“യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയതിനാൽ എനിക്ക് ഒരുപാട് വൈകാരിക പിന്തുണ ലഭിക്കുകയുണ്ടായി, അതിനു ഞാൻ നന്ദിയുള്ളവളാണ്,” അറോവ കൂട്ടിച്ചേർത്തു. “ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും എന്നെത്തേടിയെത്തിയ ഫോൺ വിളികളും സന്ദേശങ്ങളും, നമ്മൾ ശരിക്കും ഒരു ആഗോള സഹോദരവർഗം തന്നെയാണെന്ന് എന്നെ ഓർമിപ്പിച്ചു. മാത്രമല്ല, ഇത്തരം ഘോരകൃത്യങ്ങൾ എന്തുകൊണ്ടു സംഭവിക്കുന്നെന്നു മനസ്സിലാക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. ‘അന്ത്യനാളുകളിൽ’ ആളുകൾ ഉഗ്രന്മാരും സ്വാഭാവിക പ്രിയം ഇല്ലാത്തവരും ആയിരിക്കുമെന്നു തിരുവെഴുത്തുകൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നത് ഞാൻ ചില സഹജോലിക്കാർക്കു വിശദീകരിച്ചുകൊടുത്തു. എന്റെ മുഴുസമയ ശുശ്രൂഷ ഈ അവസരത്തിൽ വേദന ശമിപ്പിക്കാനുള്ള അമൂല്യമായ ഔഷധമായി വർത്തിച്ചിരിക്കുന്നെന്നും എനിക്കു കാണാൻ കഴിഞ്ഞു.”—2 തിമൊഥെയൊസ് 3:1-3.
ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരിൽ ഒരുവനായിരുന്നു പേത്രോ. ബോഗിയിൽ ബോംബ് പൊട്ടിയപ്പോൾ അദ്ദേഹം ഏതാണ്ട് നാലു മീറ്റർ അകലെ നിൽക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തറയിലേക്കു തെറിച്ചുവീണ അദ്ദേഹത്തിന്റെ തലയ്ക്കു പരിക്കേൽക്കുകയും ഗുരുതരമായ ശ്വസനത്തകരാറുകൾ സംഭവിക്കുകയും ചെയ്തു. അഞ്ചു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞപ്പോൾ അവസ്ഥ മെല്ലെ മെച്ചപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്ഷേമം അറിയാൻ സഹസാക്ഷികളുടെ ഒരു പ്രവാഹംതന്നെ ഉണ്ടായി, അത് അദ്ദേഹത്തിനു പ്രോത്സാഹനമായി. അവിടത്തെ നഴ്സുമാരെ ഇത് അതിശയിപ്പിച്ചുകളഞ്ഞു. “കഴിഞ്ഞ 26 വർഷത്തിനിടയിൽ ഒരാളെ ഇത്രയധികം പേർ സന്ദർശിക്കുന്നതും ഇത്രയധികം സമ്മാനങ്ങൾ നൽകുന്നതും ഞാൻ കണ്ടിട്ടേയില്ല!” എന്ന് ഒരു നഴ്സ് അതിശയത്തോടെ പറഞ്ഞു. അതേസമയം പേത്രോയും ആശുപത്രി ജീവനക്കാരെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു. “അവർ വളരെ നല്ലവരായിരുന്നു,” അദ്ദേഹം പറഞ്ഞു. “ഞാൻ സുഖം പ്രാപിച്ചതിൽ അവർ വലിയ പങ്കു വഹിച്ചിട്ടുണ്ട്.”
ദുരന്തത്തിന് ഇരയായവരിൽ അനേകരും അടുത്തയിടെ സ്പെയിനിലേക്കു കുടിയേറിപ്പാർത്തവർ ആയിരുന്നു. ക്യൂബക്കാരനായ മാൻവെലിന് ആറ്റോച്ചോ സ്റ്റേഷനിൽവെച്ചുണ്ടായ ആദ്യത്തെ സ്ഫോടനത്തിൽ പരിക്കുപറ്റി. രണ്ടാമത്തെ സ്ഫോടനത്തോടെ അദ്ദേഹത്തിന്റെ ബോധവും നശിച്ചു. “സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വീണുകിടന്ന എന്നെ ചവിട്ടിമെതിച്ചുകൊണ്ട് പരിഭ്രാന്തിയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടി,” അദ്ദേഹം പറഞ്ഞു. “എനിക്കു ബോധം വീണ്ടുകിട്ടിയപ്പോഴേക്കും എന്റെ വാരിയെല്ലുകൾ രണ്ടെണ്ണം ഒടിയുകയും ഒരു കാലിനു പരുക്കേൽക്കുകയും ഒരു ചെവിയുടെ കേൾവിശക്തി പൂർണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു.”
“അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നവർ—പോലീസ്, ആംബുലൻസ് സേവനം നൽകുന്നവർ, അഗ്നിശമന ഉദ്യോഗസ്ഥർ തുടങ്ങിയവർ—നിമിഷങ്ങൾക്കുള്ളിൽ രംഗത്തെത്തി. അവർ ഞങ്ങളെ സാധ്യമാകുന്നത്ര നന്നായി സഹായിച്ചു,” മാൻവെൽ തുടർന്നു. “എന്തു ചെയ്യണമെന്നു കൃത്യമായി അവർക്ക് അറിയാമായിരുന്നു. അവരുടെ പ്രാഗത്ഭ്യവും കർമകുശലതയും പരിഭ്രാന്തി ഒട്ടൊന്നു കുറയ്ക്കാൻ സഹായിച്ചു. അതുപോലെ, എനിക്ക് ആവശ്യമുള്ള വൈദ്യസഹായം ലഭിച്ചെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവർ വളരെ ദയയോടും സഹാനുഭൂതിയോടും കൂടെ എന്നോട് ഇടപെട്ടു.”
ദുരന്തത്തെ തുടർന്നുള്ള ആഘാതം
അറോവയെപ്പോലെതന്നെ മാൻവെലിനും കനത്ത വൈകാരിക ക്ഷതമേറ്റു. “അടുത്തകാലത്ത് ഞാൻ ഒരു ട്രെയിനിൽ കയറിയപ്പോൾ പെട്ടെന്ന് എനിക്ക് വല്ലാത്ത പരിഭ്രാന്തിയുണ്ടായി,” അദ്ദേഹം തുറന്നു പറഞ്ഞു. “ഉടനടി എനിക്ക് ട്രെയിനിൽനിന്ന് ഇറങ്ങേണ്ടിവന്നു. പുറത്തു തൂക്കിയിടുന്ന ബാഗോ അതുപോലെയുള്ള എന്തെങ്കിലുമോ ചുമന്നുകൊണ്ട് പൊതുവാഹനങ്ങൾക്കകത്ത് ആരെയെങ്കിലും കാണുമ്പോഴൊക്കെ എനിക്കു സംശയമാണ് ഇപ്പോഴും. എന്റെ കുടുംബാംഗങ്ങൾ ആരും സ്പെയിനിൽ ഇല്ലെങ്കിലും എനിക്കു മറ്റുള്ളവരെക്കാൾ ഏറെ സഹായം ലഭിക്കുകയുണ്ടായി. നൂറുകണക്കിനു സാക്ഷികൾ എന്നെ ഫോൺവിളിച്ച് ക്ഷേമം തിരക്കി. ഏകാന്തത എന്നെ അലട്ടാതിരിക്കാൻ ഒരു സാക്ഷിക്കുടുംബം എന്നെ ഏതാനും ദിവസം അവരോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഇത്തരം വിലതീരാത്ത പിന്തുണ എന്റെ മനസ്സിലെ കനൽ അണയ്ക്കാൻ ഒട്ടേറെ സഹായിച്ചു.”
മറ്റൊരു യാത്രക്കാരനായിരുന്നു സെർഹ്യോ. അദ്ദേഹം പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. പക്ഷേ, അവിടെക്കണ്ട ദാരുണദൃശ്യങ്ങൾ ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു. അദ്ദേഹത്തിന്റെ മുന്നിലുള്ള ഒരു ബോഗിയിൽ സ്ഫോടനം ഉണ്ടായി. ഉടൻതന്നെ തൊട്ടുപിന്നിലുള്ള ബോഗിയിലും മറ്റൊരു ബോംബ് പൊട്ടി. മാൻവെലിനെപ്പോലെതന്നെ സെർഹ്യോയും തന്റെ കുടുംബത്തിന്റെയും സഹസാക്ഷികളുടെയും സ്നേഹപുരസ്സരമായ പിന്തുണയ്ക്ക് അകമഴിഞ്ഞ
നന്ദിയുള്ളവനാണ്. “അത്, ഞാൻ സ്നേഹിക്കപ്പെടുന്നുണ്ടെന്നുള്ള തോന്നൽ ഉളവാക്കുക മാത്രമല്ല, ഓരോ അംഗങ്ങളോടും കരുതൽ പ്രകടമാക്കുന്ന ഒത്തൊരുമയുള്ള ഒരു സഹോദരവർഗത്തിന്റെ ഭാഗമാണു ഞാനെന്ന് ഓർമിപ്പിക്കുകകൂടെ ചെയ്തു,” അദ്ദേഹം പറഞ്ഞു. “എല്ലാ ദിവസവും എനിക്ക് ഈ പിന്തുണ ലഭിച്ചു. എത്ര പേരാണ് എന്നെ ഫോണിൽ വിളിച്ചു ക്ഷേമം തിരക്കിയിരുന്നതെന്നോ! ആ ഫോൺവിളികൾ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എന്നെ പ്രാപ്തനാക്കി. സാധാരണ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എനിക്കത്.”ട്രെയിനിലെ ചില യാത്രക്കാർ മറ്റുതരത്തിലുള്ള മനഃക്ലേശങ്ങളാണ് അനുഭവിച്ചത്. ഡ്യേഗോ ഇരുന്നിരുന്നത് പൊട്ടിത്തെറിക്കാതെപോയ നാലു ബോംബുകളിൽ ഒന്നിന്റെ സമീപത്തായിരുന്നു. ട്രെയിനിൽനിന്ന് അപകടമൊന്നും കൂടാതെ പുറത്തിറങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു. “എന്നാൽ മുറിവേറ്റു കിടന്നവരെയൊന്നും സഹായിക്കാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുന്നു,” അദ്ദേഹം തുറന്നു പറഞ്ഞു. “ഞാൻ ആകെ പകച്ചുപോയി. പരിഭ്രാന്തരായി സ്റ്റേഷനു പുറത്തേക്കു ജീവനുംകൊണ്ടോടിയ നൂറുകണക്കിന് ആളുകളിൽ ഒരാളായിരുന്നു ഞാനും.”
ദുരന്ത പാതയിലെ മറ്റൊരാളായിരുന്നു റാമോൻ എന്ന ബ്രസീലിയൻ യുവാവ്. താൻ യാത്രചെയ്തിരുന്ന ട്രെയിനിലെ സ്ഫോടനത്തിന്റെ ആഘാതത്താൽ അദ്ദേഹം അനങ്ങാൻ പറ്റാത്ത സ്ഥിതിയിലായി. എന്നിരുന്നാലും, ആക്രമണത്തിനു രണ്ടു ദിവസത്തിനു ശേഷം ആളുകളോട് രാജ്യസുവാർത്ത പങ്കുവെക്കുന്ന പ്രസംഗവേലയിൽ ഏർപ്പെടാൻ റാമോൻ തീരുമാനിച്ചു. തന്റെ പ്രവർത്തനത്തിനിടയിൽ അദ്ദേഹം ഒരു പോർച്ചുഗീസുകാരനെ കണ്ടുമുട്ടി. താൻ സത്യമതം അന്വേഷിക്കുകയാണെന്ന് അയാൾ റാമോനോടു പറഞ്ഞു. റാമോൻ ഉടൻതന്നെ ആ വ്യക്തിയുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. അയാൾ പെട്ടെന്നുതന്നെ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. “മറ്റുള്ളവരെ ആത്മീയമായി സഹായിക്കുമ്പോൾ, നമുക്കുതന്നെ ഒരു സൗഖ്യം അനുഭവപ്പെടും,” റാമോൻ അഭിപ്രായപ്പെട്ടു.
തങ്ങൾ കടന്നുപോന്ന ഭീതിദമായ ദുരന്തരംഗങ്ങളുടെ വടുക്കൾ ശരീരത്തിൽനിന്നും മനസ്സിൽനിന്നും പൂർണമായും മായാൻ അതിന് ഇരയായവർക്ക് ഇനിയും സമയം വേണം. സങ്കടകരമെന്നു പറയട്ടെ, നാം ജീവിക്കുന്ന ഈ നാളുകളിൽ കിരാതമായ അക്രമങ്ങൾ എവിടെയും പൊട്ടിപ്പുറപ്പെടാം. മനസ്സിനേറ്റ മുറിവുകളുമായി പൊരുത്തപ്പെടാൻ ആത്മീയ മൂല്യങ്ങൾ സഹായിക്കുമെങ്കിലും ഈ ദുരന്തങ്ങളെ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ.—വെളിപ്പാടു 21:3-5. (g04 11/8)
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആഘാതവുമായി പൊരുത്തപ്പെടാൻ ആത്മീയ ശക്തി
മാൻവെൽ സ്വാറേസ്
“ഞെട്ടിത്തരിച്ച ഞാൻ ആശുപത്രിയിലേക്കു പോകാൻ കാത്തിരിക്കവേ, സദൃശവാക്യങ്ങൾ 18:10-ലെ പിൻവരുന്ന വാക്കുകൾ ഓർത്തുകൊണ്ടേയിരുന്നു: ‘യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.’ ഈ വാക്കുകൾ എനിക്കു ശക്തിപകർന്നു.”
അറോവ സാൻ ഹ്വാൻ
“ഇതുപോലെയുള്ള സംഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് അന്ത്യകാലമാണെന്നും ആത്മീയ മൂല്യങ്ങളിൽ മനസ്സു കേന്ദ്രീകരിക്കണമെന്നും മുമ്പെന്നത്തെക്കാളുമധികം നാം തിരിച്ചറിയും. ഈ ആഘാതത്തിൽനിന്നു മെല്ലെ കരകയറാൻ എന്നെ സഹായിക്കുന്നത് എന്റെ മുഴുസമയ ശുശ്രൂഷയാണ്.”
ഫെർമിൻ ഹേസുസ് മോസസ്
“എനിക്കു തലയ്ക്കു പരിക്കേറ്റിരുന്നെങ്കിലും, മുറിവേറ്റ സഹയാത്രികർക്ക് സഹായവും ഉറപ്പും നൽകാൻ എനിക്കു കഴിഞ്ഞു. ആ സന്ദർഭത്തിൽ ശാന്തത കൈവെടിയാതിരിക്കാൻ എന്നെ സഹായിച്ചത് പുനരുത്ഥാന പ്രത്യാശ ആണെന്നു ഞാൻ വിചാരിക്കുന്നു. തീർച്ചയായും, അത്തരം സന്ദർഭങ്ങളിൽ നമുക്ക് കരുത്തു പകരാൻ കഴിയുന്ന ഒരു പ്രത്യാശയാണത്.”
പേത്രോ കാരാസ്കിയ
“തീവ്രപരിചരണ വിഭാഗത്തിൽ നെഞ്ചുവേദനകൊണ്ടു പുളയുമ്പോൾ 1 തിമൊഥെയൊസ് 6:19-ലെ വാക്കുകൾ ഇടയ്ക്കിടെ എന്റെ മനസ്സിലേക്കു വന്നുകൊണ്ടിരുന്നു. സാക്ഷാലുള്ള ജീവന്റെമേൽ ദൃഢമായ ഒരു പിടി ഉണ്ടായിരിക്കുന്നതിന് ഭാവിക്കുവേണ്ടി നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളാൻ ആ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസയിലെ നിത്യജീവൻ എന്ന നമ്മുടെ പ്രത്യാശയെക്കുറിച്ച് ഈ വാക്യം എന്നെ ഓർമിപ്പിച്ചു. നാം എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യവും അതാണല്ലോ.”
[13-ാം പേജിലെ ചിത്രം]
മുകളിൽ: അറ്റോക്കാ സ്റ്റേഷന്റെ പുറത്തുള്ള റെയിൽവേ പാളത്തിൽ മുറിവേറ്റവരെയും മരണത്തോടു മല്ലിടുന്നവരെയും ശുശ്രൂഷിക്കുന്ന രക്ഷാപ്രവർത്തകർ
[കടപ്പാട്]
മുകളിൽ: CORDON PRESS
[13-ാം പേജിലെ ചിത്രം]
വലത്ത്: പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ഒരു സ്മാരകം