വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചൈന​യി​ലെ വൻമതിൽ ഇടിയു​ന്നു

“ചൈന​യി​ലെ വൻമതി​ലി​ന്റെ മൂന്നിൽ രണ്ടുഭാ​ഗം വിനോ​ദ​സ​ഞ്ചാ​രി​ക​ളും വികസന പ്രവർത്ത​ക​രും പ്രകൃതി ശക്തിക​ളും ചേർന്ന്‌ നശിപ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ലണ്ടനിലെ വർത്തമാ​ന​പ്പ​ത്ര​മായ ദ ഗാർഡി​യൻ റിപ്പോർട്ടു​ചെ​യ്യു​ന്നു. “വേൾഡ്‌ ഹെറി​റ്റിജ്‌ സൈറ്റി​ന്റെ നിലനിൽപ്പ്‌ അപകട​ത്തിൽ ആയിരി​ക്കു​ന്നു . . . കുത്തി​വ​രച്ചു വൃത്തി​കേ​ടാ​ക്കി​യും പന്നിക്കൂ​ടു​ക​ളും മറ്റും ഉണ്ടാക്കാ​നും കൽക്കരി​ഖ​നി​ക​ളി​ലെ ഉപയോ​ഗ​ത്തി​നും വേണ്ടി പൊളി​ച്ചെ​ടു​ത്തും അതിന്റെ പല ഭാഗങ്ങ​ളും നശിപ്പി​ച്ചി​രി​ക്കു​ക​യാണ്‌.” “ഭൂമി​യി​ലെ ഏറ്റവും വലിയ സാംസ്‌കാ​രിക ദൃശ്യ​ങ്ങ​ളിൽ ഒന്ന്‌” എന്ന്‌ ഈ മതിലി​നെ വിശേ​ഷി​പ്പി​ച്ചി​ട്ടുള്ള ‘ലോക സ്‌മാരക ഫണ്ട്‌’ അടുത്ത​യി​ടെ അതിനെ ലോക​ത്തി​ലെ ഏറ്റവും അപകട​ഭീ​ഷ​ണി​യിൽ ആയിരി​ക്കുന്ന വാസ്‌തു​വി​ദ്യാ​സ്ഥാ​ന​ങ്ങ​ളു​ടെ പട്ടിക​യിൽ ഉൾപ്പെ​ടു​ത്തി. ഇതിന്റെ സംരക്ഷണ ചുമതല വഹിക്കു​ന്ന​വർപോ​ലും അതിന്റെ നാശത്തി​നു കൂട്ടു​നി​ന്നി​രി​ക്കു​ന്നു. ഒരു സന്ദർഭ​ത്തിൽ “വേണ്ടത്ര ധനശേ​ഖ​ര​മോ പരിശീ​ല​ന​മോ ഇല്ലാത്ത സംരക്ഷണ ഉദ്യോ​ഗസ്ഥർ,” ഈ മതിലി​ന്റെ 14 മീറ്റർ നീളമുള്ള ഒരു ഭാഗം—അതിന്‌ 600 വർഷത്തെ പഴക്കമു​ണ്ടാ​യി​രു​ന്നു—ഇടിച്ചു​ക​ള​യു​ന്ന​തിന്‌ ഒരു വികസന പ്രവർത്ത​കന്‌ അനുമതി നൽകി​യ​താ​യി കാണുന്നു. ഈ വമ്പൻ മതിലി​ന്റെ അപാര നീളം—ആരംഭ​ത്തിൽ അത്‌ ഏകദേശം 6,400 കിലോ​മീ​റ്റർ ആയിരു​ന്നു—അതിനെ വേണ്ട​പോ​ലെ സംരക്ഷി​ക്കു​ന്നത്‌ മിക്കവാ​റും അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. (g04 11/22)

കുറയുന്ന വിമാ​നാ​പ​ക​ട​ങ്ങൾ

1950-നു ശേഷം—വിമാ​നാ​പ​ക​ട​ങ്ങ​ളു​ടെ രേഖകൾ ശേഖരി​ക്കാൻ തുടങ്ങി​യത്‌ ഈ വർഷം മുതലാണ്‌—ലോകത്ത്‌ ഏറ്റവും കുറച്ചു വിമാ​നാ​പ​ക​ടങ്ങൾ ഉണ്ടായത്‌ 2003-ൽ ആണെന്ന്‌ ഫ്‌​ളൈറ്റ്‌ ഇന്റർനാ​ഷണൽ മാസിക റിപ്പോർട്ടു ചെയ്യുന്നു. 1990-നു ശേഷം വ്യോ​മ​ഗ​താ​ഗ​ത​ത്തിൽ 40 ശതമാനം വർധന ഉണ്ടായി​ട്ടും വെറും 702 പേർ മാത്ര​മാണ്‌ 2003-ൽ വിമാ​നാ​പ​കടം മൂലം മരണമ​ട​ഞ്ഞത്‌. ലണ്ടനിലെ ഡെയ്‌ലി ടെലി​ഗ്രാഫ പറയു​ന്നത്‌, “സുരക്ഷാ​ക്ര​മീ​ക​ര​ണ​ത്തിൽ ഉണ്ടായ ഒരു മുന്നേ​റ്റ​മാണ്‌” ഇതിനു കാരണം എന്നാണ്‌. “മുമ്പു കണക്കു​കൂ​ട്ട​ലു​ക​ളി​ലെ പിഴവു​കൾ നിമിത്തം വിമാ​നങ്ങൾ ഉയർന്ന പ്രതല​ങ്ങ​ളിൽ ചെന്നി​ടിച്ച്‌ തകരു​മാ​യി​രു​ന്നു.” എന്നാൽ ഇപ്പോൾ, “ഗ്രൗണ്ട്‌ അവേർനസ്‌ വാണിങ്‌ സിസ്റ്റം” എന്ന പുതി​യൊ​രു സംവി​ധാ​നം നിലവിൽ വന്നിരി​ക്കു​ന്നു. എങ്കിലും ‘പിഴവറ്റ ഒന്നായി’ ഈ സാങ്കേ​തി​ക​വി​ദ്യ​യെ വിശേ​ഷി​പ്പി​ക്കാ​നാ​വില്ല എന്നാണു പറയ​പ്പെ​ടു​ന്നത്‌. പല വിമാ​ന​ങ്ങ​ളി​ലും ഈ സംവി​ധാ​നം ഇല്ലതാ​നും. (g04 10/22)

ടെലി​വി​ഷ​നും കുഞ്ഞു​ങ്ങ​ളു​ടെ മാനസി​ക​വ​ളർച്ച​യും

ദീർഘ​നേരം ടെലി​വി​ഷൻ കാണുന്ന കുട്ടി​കൾക്ക്‌ ആശയവി​നി​മയം നടത്തു​ന്ന​തു​മാ​യി ബന്ധപ്പെട്ടു ബുദ്ധി​മു​ട്ടു​ണ്ടാ​കാൻ സാധ്യത കൂടു​ത​ലു​ള്ള​താ​യി ജപ്പാനി​ലെ ശിശു​രോ​ഗ​വി​ദ​ഗ്‌ധ​രു​ടെ സമിതി​യിൽപ്പെട്ട ഡോക്ടർമാർ അഭി​പ്രാ​യ​പ്പെ​ടു​ന്ന​താ​യി മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. വാക്കുകൾ ഓർത്തി​രി​ക്കാ​നും മാതാ​പി​താ​ക്ക​ളു​മാ​യി ദൃഷ്ടി​സ​മ്പർക്കം നിലനി​റു​ത്താ​നും മറ്റുള്ള​വ​രു​മാ​യി ബന്ധങ്ങൾ സ്ഥാപി​ക്കാ​നും ഉള്ള ബുദ്ധി​മുട്ട്‌ അത്തരം കുട്ടി​ക​ളു​ടെ പ്രശ്‌ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നു. “കുട്ടികൾ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം കളിക്കാ​നും പുറത്തു​പോ​യി കളിക്കാ​നും കുറച്ചു സമയമേ എടുക്കു​ന്നു​ള്ളു​വെ​ങ്കിൽ അത്‌ ആരോ​ഗ്യ​ക​ര​മായ മാനസിക വളർച്ച​യ്‌ക്കു തടസ്സം സൃഷ്ടി​ക്കാൻ സാധ്യ​ത​യുണ്ട്‌” എന്ന്‌ സമിതി അംഗമായ ഹിറോ​മി ഊറ്റ്‌സൂ​മി പറയുന്നു. “ഭക്ഷണ സമയങ്ങ​ളി​ലും മുലയൂ​ട്ടുന്ന സമയത്തും ടെലി​വി​ഷൻ ഓഫാ​ക്കാൻ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്ക​ണ​മെ​ന്നും അതു​പോ​ലെ കുട്ടി​ക​ളു​ടെ മുറി​യിൽ ടെലി​വി​ഷൻ, വീഡി​യോ​കൾ, കമ്പ്യൂട്ടർ എന്നിവ​യൊ​ന്നും വെക്കരു​തെ​ന്നും” സമിതി നിർദേ​ശി​ക്കു​ന്ന​താ​യി റിപ്പോർട്ട്‌ പറയുന്നു. “കുട്ടികൾ ടെലി​വി​ഷ​നും വീഡി​യോ​ക​ളും കാണു​ന്നതു വിലക്കാ​നുള്ള ഡോക്ടർമാ​രു​ടെ നിർദേശം മാതാ​പി​താ​ക്കൾ പിൻപ​റ്റി​യ​തി​നു​ശേഷം” ആശയവി​നി​മയം മെച്ച​പ്പെ​ട്ട​താ​യും അതു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (g04 11/8)

മിതമായ വ്യായാ​മം ശുപാർശ​ചെ​യ്യു​ന്നു

“ആഴ്‌ച​തോ​റും 20 കിലോ​മീ​റ്റർ നടക്കു​ന്നതു പോ​ലെ​യുള്ള, മിതമായ വ്യായാ​മം ആഹാരം സംബന്ധിച്ച്‌ പ്രത്യേക നിയ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും പാലി​ക്കാത്ത വ്യക്തി​ക​ളു​ടെ തൂക്കം വർധി​ക്കു​ന്നതു തടയാ​നും തൂക്കം കുറയ്‌ക്കാ​നും സഹായി​ച്ചേ​ക്കാം,” എഫ്‌ഡിഎ കൺസ്യൂ​മർ റിപ്പോർട്ടു​ചെ​യ്യു​ന്നു. “40 മുതൽ 65 വരെ വയസ്സുള്ള, കൂടുതൽ സമയവും ഇരുന്നു കഴിച്ചു​കൂ​ട്ടുന്ന അമിത​ഭാ​ര​ക്കാ​രായ 182 സ്‌ത്രീ​പു​രു​ഷ​ന്മാ​രെ” ഉൾപ്പെ​ടു​ത്തി 8 മാസം നടത്തിയ ഒരു പഠനത്തിൽ “ശാരീ​രിക പ്രവർത്ത​ന​ങ്ങ​ളു​ടെ തോതും തൂക്കം കുറയു​ന്ന​തി​ന്റെ തോതും തമ്മിൽ വ്യക്തമായ ബന്ധമു​ണ്ടെന്നു” തെളിഞ്ഞു. പങ്കെടു​ത്ത​വരെ നാലു ഗ്രൂപ്പു​ക​ളാ​യി തിരിച്ചു. എന്നാൽ അവർ തങ്ങളുടെ സാധാരണ ഭക്ഷണരീ​തി തന്നെ പിൻപറ്റി. അതിൽ മൂന്നു ഗ്രൂപ്പു​കൾ വിവിധ അളവി​ലുള്ള വ്യായാ​മ​ത്തിൽ ഏർപ്പെട്ടു. നാലാ​മത്തെ ഗ്രൂപ്പ്‌ വ്യായാ​മം ചെയ്‌തില്ല. ആ ലേഖനം പറയുന്നു: “വ്യായാ​മം ചെയ്യാ​തി​രുന്ന ഗ്രൂപ്പി​ലു​ള്ള​വ​രു​ടെ തൂക്കം പഠന കാലയ​ള​വിൽ വർധിച്ചു. എന്നാൽ ആ ഗ്രൂപ്പു​മാ​യുള്ള താരത​മ്യ​ത്തിൽ, വ്യായാ​മ​ത്തിൽ ഏർപ്പെട്ട എല്ലാ ഗ്രൂപ്പു​ക​ളി​ലു​മു​ള്ള​വർക്ക്‌ ഇടുപ്പി​ന്റെ​യും അരക്കെ​ട്ടി​ന്റെ​യും വണ്ണം ഗണ്യമാ​യി കുറഞ്ഞു.” മിതമായ വ്യായാ​മ​ത്തി​ലൂ​ടെ തൂക്കം മിക്ക​പ്പോ​ഴും നിയ​ന്ത്രി​ക്കാൻ കഴിയു​മെ​ന്നാണ്‌ ഈ പഠനം കാണി​ക്കു​ന്നത്‌. ദിവസ​വും അരമണി​ക്കൂർ നടക്കു​ന്നത്‌ അത്തരത്തി​ലുള്ള മിതമായ വ്യായാ​മ​ത്തിൽപ്പെ​ടു​ന്നു. (g04 11/22)