വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ അഭ്യർഥന നിരസിക്കുന്നെങ്കിലോ?

എന്റെ അഭ്യർഥന നിരസിക്കുന്നെങ്കിലോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എന്റെ അഭ്യർഥന നിരസി​ക്കു​ന്നെ​ങ്കി​ലോ?

നിങ്ങൾ അദ്ദേഹത്തെ സുഹൃ​ത്താ​യാ​ണു കണ്ടിരു​ന്നത്‌. അങ്ങനെ​യി​രി​ക്കെ എങ്ങനെ​യോ അദ്ദേഹം നിങ്ങളു​ടെ ഹൃദയ​ത്തിൽ കയറി​ക്കൂ​ടി. ഒരുപക്ഷേ ആ നല്ല പെരു​മാ​റ്റ​രീ​തി​കൾ, സംഭാ​ഷ​ണ​ത്തി​നി​ട​യിൽ സമ്മാനിച്ച ഒരു പുഞ്ചിരി, ഒക്കെയാ​യി​രി​ക്കാം നിങ്ങളു​ടെ മനം കവർന്നത്‌. കാരണം എന്തുമാ​കട്ടെ, നാളുകൾ കഴിഞ്ഞി​ട്ടും മറുഭാ​ഗ​ത്തു​നിന്ന്‌ പ്രണയ​ത്തി​ന്റെ ഒരു നേരിയ ലാഞ്ചന​പോ​ലും കാണു​ന്നില്ല. വെറും സൗഹൃ​ദ​ത്തി​ന​പ്പു​റം ഒരു ഇഷ്ടമു​ണ്ടോ​യെന്ന്‌ ചോദി​ച്ച​റി​യാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്നു. പക്ഷേ നിങ്ങളു​ടെ മനസ്സിൽ നെടു​വീർപ്പു​ക​ളു​യർത്തി​ക്കൊണ്ട്‌ അദ്ദേഹം ആ അഭ്യർഥന ദയാപൂർവം നിരസി​ക്കു​ന്നു. *

സ്വാഭാ​വി​ക​മാ​യും, അതു നിങ്ങളെ നൊമ്പ​ര​പ്പെ​ടു​ത്തും. പക്ഷേ, അതി​നോട്‌ അമിത​മാ​യി പ്രതി​ക​രി​ക്ക​രുത്‌; കാര്യങ്ങൾ സംബന്ധിച്ച്‌ ശരിയായ കാഴ്‌ച​പ്പാട്‌ പുലർത്താൻ ശ്രമി​ക്കുക. നിങ്ങളു​മാ​യി ഒരു പ്രണയ​ബന്ധം ആഗ്രഹി​ക്കു​ന്നി​ല്ലെന്ന്‌ ഒരു യുവാവ്‌ ഇപ്പോൾ നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കു​ക​യാണ്‌. ഓർക്കുക, അദ്ദേഹ​ത്തി​ന്റെ തീരു​മാ​നം ഒരു വ്യക്തി​യെന്ന നിലയി​ലുള്ള നിങ്ങളു​ടെ വിലയി​ടി​ച്ചു​ക​ള​ഞ്ഞി​ട്ടില്ല, നിങ്ങളെ തുടർന്നും സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്ന​തിൽനി​ന്നു മറ്റുള്ള​വരെ അതു തടയാ​നും പോകു​ന്നില്ല. വാസ്‌ത​വ​ത്തിൽ തന്റെ ലക്ഷ്യങ്ങ​ളും മുൻഗ​ണ​ന​ക​ളും മുൻനി​റു​ത്തി ആയിരി​ക്കാം അദ്ദേഹം ആ തീരു​മാ​ന​മെ​ടു​ത്തത്‌, അല്ലാതെ നിങ്ങ​ളെ​ക്കു​റി​ച്ചു മോശ​മായ അഭി​പ്രാ​യം ഉള്ളതു​കൊ​ണ്ടാ​യി​രി​ക്കില്ല.

ഒരു ക്രിസ്‌ത്യാ​നി​യാ​ണു നിങ്ങ​ളെ​ങ്കിൽ പിൻവ​രുന്ന വാക്കുകൾ നിങ്ങൾ ഓർത്തേ​ക്കാം: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും വിശു​ദ്ധ​ന്മാ​രെ ശുശ്രൂ​ഷി​ച്ച​തി​നാ​ലും ശുശ്രൂ​ഷി​ക്കു​ന്ന​തി​നാ​ലും തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” (എബ്രായർ 6:10) സോണിയ * ഇങ്ങനെ പറയുന്നു: “നിങ്ങൾ ഇപ്പോ​ഴും വില​പ്പെ​ട്ട​വർത​ന്നെ​യാണ്‌. അവിവാ​ഹി​ത​യെന്ന നിലയിൽ നിങ്ങൾ യഹോ​വ​യ്‌ക്കൊ​രു മുതൽക്കൂ​ട്ടാണ്‌.” അത്യു​ന്ന​ത​നും മറ്റുള്ള​വ​രും നിങ്ങൾക്ക്‌ ഇത്ര​യേറെ മൂല്യം കൽപ്പി​ക്കു​മ്പോൾ പിന്നെ നിങ്ങൾക്കെ​ന്തിന്‌ ആത്മാഭി​മാ​ന​ക്കു​റവ്‌ തോന്നണം?

എങ്കിൽപ്പോ​ലും, ‘ഞാൻ ഒരു പരാജ​യ​മാണ്‌’ എന്ന തോന്ന​ലോ ‘ഞാൻ യോജിച്ച ഇണയാ​കാൻ പറ്റിയ​വളല്ല’ എന്ന ഭയമോ നിങ്ങളെ വേട്ടയാ​ടി​യേ​ക്കാം. ഈ ചെറു​പ്പ​ക്കാ​രന്‌ ഈ അവസര​ത്തിൽ നിങ്ങളെ ‘ബോധി​ച്ചി​ല്ലാ​യി​രി​ക്കാം’ എന്നതു​കൊണ്ട്‌ മറ്റാർക്കും നിങ്ങളെ ‘ബോധി​ക്കില്ല’ എന്ന്‌ അതിനർഥ​മില്ല. (ന്യായാ​ധി​പ​ന്മാർ 14:3) അതിനാൽ യോജിച്ച ഒരു വിവാഹ ഇണയെ കണ്ടെത്താ​നുള്ള നിങ്ങളു​ടെ അന്വേ​ഷ​ണത്തെ ഒരു പരാജ​യ​മാ​യി കാണാ​തി​രി​ക്കുക. ഏതായാ​ലും ഈ യുവാവ്‌ നിങ്ങൾക്കു പറ്റിയ ഇണയ​ല്ലെന്നു തെളി​ഞ്ഞ​ല്ലോ, അതു നിങ്ങളു​ടെ ശ്രമങ്ങ​ളു​ടെ ഒരു പ്രയോ​ജ​ന​മാ​ണെന്നു തിരി​ച്ച​റി​യുക. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

അദ്ദേഹം നിങ്ങൾക്കു പറ്റിയ​താ​യി​രു​ന്നോ?

ഭർത്താ​ക്ക​ന്മാർ “ഭാര്യ​മാ​രെ സ്വന്ത ശരീര​ങ്ങ​ളെ​പ്പോ​ലെ സ്‌നേ​ഹി​ക്കേ​ണ്ട​താ​കു​ന്നു” എന്നത്‌ ബൈബിൾ കൽപ്പന​യാണ്‌. (എഫെസ്യർ 5:28) കൂടാതെ ഭാര്യ​മാർക്കു ‘ബഹുമാ​നം കൊടു​പ്പിൻ” എന്നും അതു ഭർത്താ​ക്ക​ന്മാ​രോ​ടു കൽപ്പി​ക്കു​ന്നു. (1 പത്രൊസ്‌ 3:7) ഇനി, നാം ഇപ്പോൾ ചർച്ച ചെയ്യു​ന്ന​തരം സാഹച​ര്യ​ത്തെ​ക്കു​റി​ച്ചു പറയു​ക​യാ​ണെ​ങ്കിൽ നിങ്ങളെ ഒരു സുഹൃ​ത്തെന്ന നിലയിൽ കാണാൻ ഈ യുവാ​വിന്‌ യാതൊ​രു മടിയു​മി​ല്ലാ​യി​രി​ക്കാം. എന്നാൽ നിങ്ങ​ളോ​ടു മറിച്ചു പ്രതി​ക​രി​ച്ചത്‌ ഭാര്യ​യെ​ന്ന​നി​ല​യിൽ നിങ്ങളെ സ്‌നേ​ഹി​ക്കാ​നോ ബഹുമാ​നി​ക്കാ​നോ അദ്ദേഹം ഇപ്പോൾ സജ്ജനല്ലെന്ന കാരണം​കൊ​ണ്ടാണ്‌. ആ തീരു​മാ​നം എടുക്കാ​നുള്ള അവകാശം അദ്ദേഹ​ത്തി​നുണ്ട്‌. ഒന്നു ചിന്തി​ക്കുക: അദ്ദേഹ​ത്തിന്‌ അങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ അദ്ദേഹം നിങ്ങൾക്ക്‌ അനു​യോ​ജ്യ​നായ ഭർത്താവ്‌ ആയിരി​ക്കു​മോ? തിരു​വെ​ഴു​ത്തു​കൾ നിർദേ​ശി​ക്കു​ന്ന​പ്ര​കാ​രം നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യാത്ത ഒരാളു​ടെ ഭാര്യ​യാ​യി കഴിയു​ന്ന​തി​ന്റെ മനോ​വി​ഷമം ഒന്ന്‌ ഓർത്തു​നോ​ക്കൂ!

നിങ്ങളു​ടെ പ്രണയാ​ഭി​ലാ​ഷം സഫലമാ​കാത്ത സ്ഥിതിക്ക്‌ ഈ ചെറു​പ്പ​ക്കാ​രന്റെ പ്രവൃ​ത്തി​കളെ ഒന്നുകൂ​ടെ വിലയി​രു​ത്താൻ ശ്രമി​ക്കു​ന്നത്‌ മനോ​വ്യഥ ദൂരീ​ക​രി​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കാം. മനസ്സിന്റെ എടുത്തു​ചാ​ട്ടം​കൊണ്ട്‌ മറ്റേയാ​ളു​ടെ വ്യക്തി​പ​ര​വും ആത്മീയ​വു​മായ പോരാ​യ്‌മകൾ ചില​പ്പോ​ഴൊ​ക്കെ നമുക്കു കാണാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല, എന്നാൽ മറ്റുള്ള​വർക്ക്‌ അതു ദൃശ്യ​മാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ​യു​ള്ളിൽ അദ്ദേഹ​ത്തോ​ടുള്ള പ്രണയം തളിർക്കു​ന്നത്‌ അദ്ദേഹം അറിഞ്ഞി​രു​ന്ന​തേ​യി​ല്ലേ, അതോ നിങ്ങളു​മാ​യി നിരന്തരം ഇടപഴ​കി​ക്കൊണ്ട്‌ മനപ്പൂർവം നിങ്ങളു​ടെ വികാ​ര​ങ്ങളെ തൊട്ടു​ണർത്തു​ക​യാ​യി​രു​ന്നോ? ഒടുവിൽ പറഞ്ഞതാ​ണു സത്യ​മെ​ങ്കിൽ, ഒരു ക്രിസ്‌തീയ ഭർത്താ​വെന്ന നിലയിൽ സമാനു​ഭാ​വ​വും പരിഗ​ണ​ന​യും പ്രകട​മാ​ക്കാൻ അദ്ദേഹം സജ്ജനല്ല എന്നല്ലേ അതു കാണി​ക്കു​ന്നത്‌? ആ സ്ഥിതിക്ക്‌, വേദനി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും യാഥാർഥ്യം മനസ്സി​ലാ​ക്കി​യതു നന്നായി​ല്ലേ?

മാർസ്യ​യു​ടെ കാര്യ​മെ​ടു​ക്കുക. ഒരു യുവാവ്‌ അവളോ​ടു പ്രത്യേക താത്‌പ​ര്യം കാണി​ക്കാൻ തുടങ്ങി​യ​പ്പോൾ അവളുടെ മനസ്സി​ളകി. തന്നോ​ടുള്ള വികാ​ര​മെ​ന്താ​ണെന്ന്‌ അവൾ അയാ​ളോ​ടു തുറന്നു ചോദി​ച്ചു. പക്ഷേ, അവളു​മാ​യി ഇപ്പോ​ഴു​ള്ള​തിൽക്ക​വി​ഞ്ഞൊ​രു ബന്ധത്തിനു താത്‌പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ആ യുവാ​വി​ന്റെ മറുപടി. ഈ മനോ​വ്യഥ ശമിപ്പി​ക്കാൻ അവളെ സഹായി​ച്ചത്‌ എന്തായി​രു​ന്നു? അവൾ പറയുന്നു: “വികാ​ര​ങ്ങൾക്ക്‌ അടിമ​പ്പെ​ടു​ന്ന​തി​നു പകരം ഞാൻ കാര്യങ്ങൾ ചിന്തിച്ചു വിലയി​രു​ത്താൻ ശ്രമിച്ചു, അത്‌ എന്നെ വളരെ​യ​ധി​കം സഹായി​ച്ചു.” ഭർത്താ​ക്ക​ന്മാ​രോട്‌ ബൈബിൾ അനുശാ​സി​ക്കുന്ന സംഗതി​കൾ ഓർമ​യി​ലേക്കു കൊണ്ടു​വ​ന്ന​പ്പോൾ അദ്ദേഹം അവ അനുവർത്തി​ക്കാൻ യോഗ്യത പ്രാപി​ച്ചി​ല്ലെ​ന്നു​തന്നെ അവൾ തിരി​ച്ച​റി​ഞ്ഞു. ഇത്‌ നൈരാ​ശ്യ​ത്തെ മറിക​ട​ക്കാൻ അവളെ സഹായി​ച്ചു.

ആൻഡ്രി​യ​യ്‌ക്കും ഒരു യുവാ​വിൽനിന്ന്‌ സമാന​മാ​യൊ​രു അനുഭ​വ​മു​ണ്ടാ​യി. അവളോ​ടുള്ള അദ്ദേഹ​ത്തി​ന്റെ പെരു​മാ​റ്റ​ത്തിൽ പക്വത​യി​ല്ലായ്‌മ പ്രകട​മാ​യി​രു​ന്നെന്ന്‌ പിന്നീട്‌ അവൾ തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം വിവാ​ഹി​ത​നാ​കാൻ തയ്യാറാ​യി​രു​ന്നി​ല്ലെന്ന്‌ അവൾക്കു മനസ്സി​ലാ​യി, യാഥാർഥ്യ​ത്തി​നു​നേരെ കണ്ണുതു​റ​ക്കാൻ യഹോവ സഹായി​ച്ച​തിൽ അവൾ നന്ദിയു​ള്ള​വ​ളാണ്‌. അവൾ പറയുന്നു: “നിങ്ങളെ വ്രണ​പ്പെ​ടു​ത്തുന്ന സാഹച​ര്യ​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്നു ഞാൻ വിശ്വ​സി​ക്കു​ന്നു. പക്ഷേ നിങ്ങൾക്ക്‌ അവനിൽ ആശ്രയം വേണം.” ആദരണീയ പെരു​മാ​റ്റ​ത്തിന്‌ ഉടമക​ളായ യുവാ​ക്ക​ളും ഇതു​പോ​ലുള്ള അഭ്യർഥന നിരസി​ച്ചി​ട്ടുണ്ട്‌. അതിന്‌ അത്രതന്നെ ഘനമുള്ള കാരണ​ങ്ങ​ളു​മുണ്ട്‌. എന്തായി​രു​ന്നാ​ലും തത്‌ഫ​ല​മാ​യി ഉണ്ടാകുന്ന, മനസ്സിനെ മഥിക്കുന്ന വികാ​ര​ങ്ങ​ളു​മാ​യി നിങ്ങൾക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാ​നാ​കും?

വികാ​ര​ങ്ങ​ളും നിങ്ങളും

അദ്ദേഹ​ത്തി​ന്റെ വിരുദ്ധ പ്രതി​ക​രണം ഉൾക്കൊ​ള്ളാൻ നിങ്ങളു​ടെ ഹൃദയ​ത്തി​നു സമയം വേണ്ടി​വ​ന്നേ​ക്കാം. നിങ്ങളു​ടെ മനസ്സിൽ അദ്ദേഹ​ത്തോ​ടുള്ള ഇഷ്ടം മൊട്ടി​ടാൻ സമയ​മെ​ടു​ത്ത​തു​പോ​ലെ, ആ വികാ​ര​ങ്ങളെ മനസ്സിൽനി​ന്നു നുള്ളി​ക്ക​ള​യാ​നും നിങ്ങൾക്കു സമയം ആവശ്യ​മാണ്‌. പ്രണയ​വി​കാ​രങ്ങൾ ഒരു വിളക്ക​ണ​യ്‌ക്കുന്ന ലാഘവ​ത്തോ​ടെ കെടു​ത്തി​ക്ക​ള​യാ​നാ​വില്ല. ചില​പ്പോ​ഴൊ​ക്കെ അവയെ​ല്ലാം​കൂ​ടി തിക്കി​ത്തി​ര​ക്കി​വന്ന്‌ നിങ്ങളെ വീർപ്പു​മു​ട്ടി​ച്ചേ​ക്കാം! അപ്പോ​ഴൊ​ക്കെ സംയമനം പാലി​ക്കുക. കാലം ആ മുറി​വു​ക​ളു​ണ​ക്കും. ആ വികാ​ര​ങ്ങളെ എത്രയും വേഗം കുടഞ്ഞു​ക​ള​യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ അതിനു വളമി​ട്ടു​കൊ​ടു​ക്കു​ന്ന​തരം ചിന്തകൾ ഒഴിവാ​ക്കുക.

ഉദാഹ​ര​ണ​ത്തിന്‌, ആ ചെറു​പ്പ​ക്കാ​ര​നോ​ടു ഹൃദയം തുറന്ന​പ്പോൾ നിങ്ങൾ പറഞ്ഞ ഓരോ വാക്കും ആംഗ്യ​വും മനസ്സി​ലേക്കു കൊണ്ടു​വ​ന്നു​കൊണ്ട്‌ കഴിഞ്ഞു​പോ​യ​തി​ലേക്ക്‌ ഊളി​യി​ടാ​തി​രി​ക്കുക. അത്തരം ചിന്തകൾക്കു കടിഞ്ഞാ​ണി​ട്ടി​ല്ലെ​ങ്കിൽ എന്തു സംഭവി​ക്കും? അദ്ദേഹം അതു ശരിക്കും നിരസി​ക്കു​ക​യാ​യി​രു​ന്നില്ല, വേറൊ​രു രീതി​യിൽ സമീപി​ച്ചു​നോ​ക്കി​യാൽ ചില​പ്പോൾ സമ്മതി​ച്ചേ​ക്കും എന്നൊക്കെ നിങ്ങളു​ടെ മനസ്സു​പ​റ​യാൻ അതു വഴി​യൊ​രു​ക്കും. അദ്ദേഹ​ത്തി​ന്റെ തോന്ന​ലു​കൾക്കു മാറ്റം വരുത്താൻ നിങ്ങൾക്കാ​വി​ല്ലെന്ന യാഥാർഥ്യം മനസ്സിൽപ്പി​ടി​ക്കുക. നിങ്ങൾ എങ്ങനെ​യൊ​ക്കെ സമീപി​ച്ചി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യം അതുതന്നെ ആയിരി​ക്കാ​നാ​ണു സർവസാ​ധ്യ​ത​യും.

മറ്റൊരു കെണി​യാണ്‌ പകൽക്കി​നാ​വു​കൾ. ഇനിയ​ങ്ങോട്ട്‌ നിങ്ങൾ രണ്ടു​പേ​രും എന്നെന്നും സുഖമാ​യി ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ കിനാ​വു​കൾ കണ്ടിരി​ക്കാം. അവ അനുഭൂ​തി പകർന്നേ​ക്കാ​മെ​ങ്കി​ലും അയഥാർഥ​മാണ്‌. ആ കിനാ​വു​കൾക്കൊ​ടു​വിൽ നഷ്ടബോ​ധം വീണ്ടും തലപൊ​ക്കും, ഹൃദയം നീറി​പ്പി​ട​യും. സന്തോ​ഷ​വും ഉള്ളുക​ത്തുന്ന നൊമ്പ​ര​വും ഇടകലർന്ന ഈ മാനസി​കാ​വസ്ഥ നാളു​ക​ളോ​ളം നീണ്ടു​നി​ന്നേ​ക്കാം, നിങ്ങൾ അവയെ പടിയി​റ​ക്കി​വി​ടു​ന്ന​തു​വരെ.

പകൽക്കി​നാ​വു​കൾക്കു​നേരെ ഹൃദയം കൊട്ടി​യ​ട​യ്‌ക്കാൻ ശ്രമി​ക്കുക. അവയുടെ ആഗമനം അറിയു​മ്പോൾത്തന്നെ എഴു​ന്നേറ്റ്‌ എങ്ങോ​ട്ടെ​ങ്കി​ലും ഒന്നു നടക്കാൻ പോകുക. അല്ലെങ്കിൽ നിങ്ങളു​ടെ ചിന്തയെ വഴിതി​രി​ച്ചു​വി​ടുന്ന ഒരു കായി​കാ​ധ്വാ​നം ചെയ്യുക. നിങ്ങളെ ഇടിച്ചു​ക​ള​യുന്ന കാര്യ​ങ്ങൾക്കു വിലക്കു​കൽപ്പിച്ച്‌ കെട്ടു​പണി ചെയ്യു​ന്ന​വ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. (ഫിലി​പ്പി​യർ 4:8) ആദ്യ​മൊ​ക്കെ ഇത്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം, എന്നാൽ നാളുകൾ കഴിയു​മ്പോൾ നിങ്ങൾ ഈ പോരാ​ട്ട​ത്തിൽ വിജയി​ക്കും, മനസ്സിലെ കനലുകൾ കെട്ടട​ങ്ങും.

ഉറ്റസു​ഹൃ​ത്തു​ക്കൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. (സദൃശ​വാ​ക്യ​ങ്ങൾ 17:17) എന്നിരു​ന്നാ​ലും സോണിയ ഒരു മുന്നറി​യി​പ്പു നൽകുന്നു: “കൂട്ടു​കാ​രെ​ല്ലാം നിങ്ങളു​ടെ അതേ പ്രായ​ക്കാ​രാ​ണെ​ങ്കിൽ, അവിവാ​ഹി​ത​രും വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​മാ​ണെ​ങ്കിൽ അതു വലിയ ഗുണം ചെയ്യില്ല. നിങ്ങ​ളെ​ക്കാൾ പ്രായ​മു​ള്ള​വ​രു​ടെ സൗഹൃ​ദ​വും നിങ്ങൾക്ക്‌ ആവശ്യ​മാണ്‌. കാര്യ​ങ്ങളെ വസ്‌തു​നി​ഷ്‌ഠ​മാ​യി കാണാൻ അവർക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.” എന്നാൽ നിങ്ങളു​ടെ വേദനകൾ അലിയി​ക്കു​ന്ന​തിന്‌ ഇതിലു​മൊ​ക്കെ നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന ഒരാളു​ണ്ടെന്ന്‌ ഓർക്കുക.

യഹോവ—ഒരു സുഹൃ​ത്തും പിന്തു​ണ​യും

പുരാതന നാളിൽ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​നായ ഒരു മനുഷ്യൻ തനിക്കു നിരാശ തോന്നി​യ​പ്പോൾ യഹോ​വ​യോ​ടു സഹായ​ത്തി​നാ​യി അപേക്ഷി​ച്ചു. എന്തായി​രു​ന്നു ഫലം? അവൻ ഇപ്രകാ​രം എഴുതി: “എന്റെ ഹൃദയ​ത്തി​ന്റെ ആകുല​തകൾ വർധി​ക്കു​മ്പോൾ അങ്ങ്‌ നൽകുന്ന ആശ്വാസം എന്നെ ഉൻമേ​ഷ​വാ​നാ​ക്കു​ന്നു.” (സങ്കീർത്തനം 94:19, പി.ഒ.സി ബൈബിൾ.) വിശ്വാ​സ​ത്തോ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നെ​ങ്കിൽ അവൻ നിങ്ങൾക്കും സാന്ത്വ​ന​വും പിന്തു​ണ​യും നൽകും. ആൻഡ്രിയ ചെയ്‌തത്‌ അതാണ്‌. അവൾ പറയുന്നു: “വേദന​യിൽനി​ന്നു മുക്തി പ്രാപിച്ച്‌ വീണ്ടും സാധാ​ര​ണ​മ​ട്ടി​ലാ​കാൻ പ്രാർഥന അത്യന്തം പ്രധാ​ന​മാണ്‌.” പ്രാർഥ​ന​യെ​ക്കു​റിച്ച്‌ സോണി​യ​യ്‌ക്കും പറയാ​നുണ്ട്‌: “വിലയു​ള്ള​വ​രാ​ണെന്ന തോന്നൽ ഉണ്ടായി​രി​ക്കാൻ അതു നിങ്ങളെ സഹായി​ക്കു​ന്നു. മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെ​ടു​മോ തിരസ്‌ക​രി​ക്കു​മോ എന്നതിനെ ആശ്രയി​ച്ചല്ല നിങ്ങളു​ടെ മൂല്യം.”

ഒരു മനുഷ്യ​നും നിങ്ങളു​ടെ അന്തർഗ​ത​ങ്ങളെ പൂർണ​മാ​യി ഉൾക്കൊ​ള്ളാൻ കഴിയില്ല, പക്ഷേ യഹോ​വ​യ്‌ക്കു കഴിയും. ഒരു ഇണയെ സ്‌നേ​ഹി​ക്കാ​നും ഇണയുടെ സ്‌നേഹം അനുഭ​വി​ക്കാ​നും ഉള്ള ആഗ്രഹ​ത്തോ​ടെ​യാണ്‌ അവൻ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. പ്രണയ​വി​കാ​ര​ങ്ങ​ളു​ടെ തീവ്രത അവനു നന്നായ​റി​യാം, അതു​പോ​ലെ അതിനെ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ എന്തു ചെയ്യാൻ കഴിയു​മെ​ന്നും. അതു​കൊണ്ട്‌ നിങ്ങളു​ടെ ഉള്ളിലെ കനലണ​യ്‌ക്കാൻ അവനു നിങ്ങളെ സഹായി​ക്കാ​നാ​കും. കാരണം “ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആകുന്നു​വെന്ന്‌ 1 യോഹ​ന്നാൻ 3:20 പറയുന്നു.

സമനില കാക്കുക

വിവാ​ഹ​ത്തിന്‌ സന്തുഷ്ടി​യു​ടെ ഒരു വലിയ ഉറവാ​യി​രി​ക്കാ​നാ​കും, പക്ഷേ അതുമാ​ത്രമല്ല സന്തുഷ്ടി​യു​ടെ ഉറവ്‌. ദൈവത്തെ സേവി​ക്കുന്ന എല്ലാവർക്കും അനുഭ​വി​ക്കാൻ കഴിയുന്ന ഒരു വികാ​ര​മാണ്‌ സന്തോഷം, അത്‌ വിവാ​ഹി​ത​രു​ടെ കുത്തകയല്ല. വാസ്‌ത​വ​ത്തിൽ, അവിവാ​ഹി​തർക്ക്‌ വിവാ​ഹി​തരെ അപേക്ഷി​ച്ചു കൂടു​ത​ലായ ചില പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കാൻപോ​ലും കഴിയു​ന്നു. അവർ 1 കൊരി​ന്ത്യർ 7:28 പറയുന്ന പ്രകാരം, “ജഡത്തിൽ കഷ്ടത” അനുഭ​വി​ക്കു​ന്നില്ല. ഈ കഷ്ടത സകല ദമ്പതി​ക​ളും അനുഭ​വി​ക്കുന്ന പിരി​മു​റു​ക്ക​ങ്ങ​ളെ​യും സമ്മർദ​ങ്ങ​ളെ​യും അർഥമാ​ക്കു​ന്നു. അവിവാ​ഹി​തർക്ക്‌ വ്യക്തി​പ​ര​മാ​യി കൂടുതൽ സ്വാത​ന്ത്ര്യ​മുണ്ട്‌, അതു​കൊ​ണ്ടു​തന്നെ അവർക്ക്‌ യഹോ​വ​യു​ടെ സേവന​ത്തിൽ തങ്ങളുടെ ജീവിതം ഉപയോ​ഗി​ക്കാൻ വളരെ എളുപ്പ​മാണ്‌. അതു​കൊണ്ട്‌, ബൈബി​ളി​ന്റെ പ്രബോ​ധനം ശ്രദ്ധി​ക്കുക: ‘ഒരുത്തൻ വിവാഹം കഴിക്കു​ന്നതു നന്ന്‌; വിവാഹം കഴിക്കാ​തി​രി​ക്കു​ന്നത്‌ ഏറെ നന്ന്‌.’ (1 കൊരി​ന്ത്യർ 7:38, NW) നിങ്ങൾക്കു വിവാഹം കഴിക്ക​ണ​മെ​ന്നുള്ള തീവ്രാ​ഭി​ലാ​ഷം ഉണ്ടെങ്കി​ലും മേൽപ്പറഞ്ഞ ബൈബിൾ പ്രബോ​ധ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തി​നാൽ നിങ്ങൾക്കു സമനില കാക്കു​ന്ന​തി​നും ഇപ്പോ​ഴത്തെ സാഹച​ര്യം പരമാ​വധി ആസ്വദി​ക്കു​ന്ന​തി​നും കഴിയും.

അഭ്യു​ദ​യ​കാം​ക്ഷി​ക​ളായ ചില സുഹൃ​ത്തു​ക്കൾ നിങ്ങ​ളോട്‌ ഇങ്ങനെ പറഞ്ഞേ​ക്കാം, “വിഷമി​ക്കേ​ണ്ടന്നേ, ഒരു ദിവസം നിന​ക്കൊ​രു രാജകു​മാ​ര​നെ​ത്തന്നെ കിട്ടും.” ശരിയാണ്‌, നിങ്ങളു​ടെ ഒരു പ്രണയാ​ഭ്യർഥന നിരസി​ക്ക​പ്പെ​ട്ടെന്നു കരുതി ജീവി​ത​കാ​ലം മുഴുവൻ നിങ്ങൾ ഏകാകി​നി​യാ​യി കഴി​യേ​ണ്ടി​വ​രില്ല. എങ്കിൽപ്പോ​ലും, ഒരു ക്രിസ്‌തീയ യുവതി​യായ കാൻഡീ​സി​ന്റെ ന്യായ​വാ​ദം ശ്രദ്ധി​ക്കുക: “ഞാൻ യഹോ​വ​യിൽ ആശ്രയി​ക്കു​ക​തന്നെ ചെയ്യുന്നു. എന്നെ സന്തോ​ഷി​പ്പി​ക്കാൻ അവൻ എനി​ക്കൊ​രു ഭർത്താ​വി​നെ​ത്തന്നെ തരു​മെന്നു ഞാൻ പ്രതീ​ക്ഷി​ക്കു​ന്നില്ല. എന്നാൽ ആ ശൂന്യത നികത്താൻ എനിക്കാ​വ​ശ്യ​മാ​യത്‌ അവൻ നൽകു​മെന്ന്‌ എനിക്ക​റി​യാം.” ഇത്തരം ശുഭോ​തർക്ക​മായ ചിന്തകൾ പ്രണയ​നി​ര​സ​ന​ത്തി​ന്റെ നൈരാ​ശ്യ​ത്തിൽനി​ന്നു കരകയ​റാൻ അവളെ സഹായി​ച്ചി​രി​ക്കു​ന്നു.

ഈ ലോക​ത്തിൽ പ്രണയം പലപ്പോ​ഴും നീർക്കു​മി​ള​കൾപോ​ലെ​യാണ്‌. പല വിവാ​ഹ​ങ്ങ​ളും അങ്ങനെ​തന്നെ. എന്നാൽ നിങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും അവന്റെ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങളു​ടെ ആത്മനൊ​മ്പ​രങ്ങൾ ആനന്ദത്തി​നു വഴിമാ​റാൻ അവൻ ഇടയാ​ക്കും. ദാവീദ്‌ രാജാ​വി​നെ​പ്പോ​ലെ നിങ്ങൾക്കും ഇങ്ങനെ പറയാൻ കഴിയും: “കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കു​ന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞി​രി​ക്കു​ന്ന​തു​മില്ല. യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചി​രി​ക്കു​ന്നു; എന്റെ ദൈവ​മായ കർത്താവേ, നീ ഉത്തരം അരുളും.”—സങ്കീർത്തനം 38:9, 15.

[അടിക്കു​റി​പ്പു​കൾ]

^യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്കി​ഷ്ട​മാ​ണെന്ന്‌ ഞാൻ എങ്ങനെ പറയും?” (2004 നവംബർ 8) എന്ന ലേഖന​ത്തിൽ, ചില ദേശങ്ങ​ളിൽ ഒരു സ്‌ത്രീ പുരു​ഷനെ സമീപിച്ച്‌ തന്റെ ഇഷ്ടം വെളി​പ്പെ​ടു​ത്തു​ന്നത്‌ നാട്ടു​ന​ടപ്പ്‌ അല്ലായി​രി​ക്കാ​മെന്നു പറയു​ക​യു​ണ്ടാ​യി. ബൈബിൾ ഈ രീതിയെ കുറ്റം​വി​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും മറ്റുള്ള​വരെ ഇടറി​ക്കാ​തി​രി​ക്കാൻ അതു ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, ദൈവാ​നു​ഗ്രഹം നേടാൻ ആഗ്രഹി​ക്കു​ന്നവർ, മേൽപ്പ​റ​ഞ്ഞ​തു​പോ​ലുള്ള ഒരവസ്ഥയെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ബൈബി​ളി​ന്റെ ഈ ബുദ്ധി​യു​പ​ദേശം അടുത്തു പിൻപ​റ്റേ​ണ്ട​തുണ്ട്‌.—മത്തായി 18:6; റോമർ 14:13; 1 കൊരി​ന്ത്യർ 8:13.

^ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[14-ാം പേജിലെ ചിത്രങ്ങൾ]

ദൈവം പ്രദാനം ചെയ്യുന്ന സഹായ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക