എയ്ഡ്സിന് ഒരു പ്രതിവിധി അടിയന്തിരം!
എയ്ഡ്സിന് ഒരു പ്രതിവിധി അടിയന്തിരം!
മലാവിയിലെ ലിലോങ്വേയിലുള്ള പ്രമുഖ വ്യാപാരമേഖലയിൽ വിലപിടിപ്പുള്ളതരം ചെരിപ്പുകൾ വിൽക്കുന്നതാണ് ഗ്രേയ്സിന്റെ ജോലി. കാഴ്ചയ്ക്ക് വളരെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു സ്ത്രീ. എന്നാൽ അവളുടെ പുഞ്ചിരിയുടെ പിന്നിൽ ഒരു കദനകഥ ഒളിഞ്ഞിരിപ്പുണ്ട്.
1993-ൽ, ഗ്രേയ്സിന്റെയും ഭർത്താവിന്റെയും ജീവിതത്തെ ആഹ്ലാദപൂർണമാക്കിക്കൊണ്ട് അവർക്കൊരു മകൾ പിറന്നു. ടിയാഞ്ചനെ എന്ന് അവർ അവൾക്കു പേരിട്ടു. ആദ്യമൊക്കെ ടിയാഞ്ചനെ ആരോഗ്യമുള്ള ഒരു കുട്ടിയായി കാണപ്പെട്ടു. എന്നാൽ താമസിയാതെ, അവളുടെ തൂക്കം കൂടാതെയായി, ഒന്നിനുപുറകെ ഒന്നായി രോഗങ്ങൾ അവളെ ആക്രമിക്കാൻ തുടങ്ങി. മൂന്നാംവയസ്സിൽ ടിയാഞ്ചനെ മരിച്ചു, അവൾക്ക് എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോഡെഫിഷ്യൻസി സിൻഡ്രോം) ആയിരുന്നു.
ഏതാനും വർഷങ്ങൾക്കുശേഷം ഗ്രേയ്സിന്റെ ഭർത്താവിനെയും രോഗങ്ങൾ ഗ്രസിക്കാൻ തുടങ്ങി. ഒരു ദിവസം അദ്ദേഹം കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല. എട്ടുവർഷത്തെ ദാമ്പത്യത്തോടു വിടപറഞ്ഞ അദ്ദേഹത്തിന്റെ മരണകാരണവും എയ്ഡ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു.
ലിലോങ്വേയുടെ പ്രാന്തപ്രദേശത്ത് ഗ്രേയ്സ് ഇപ്പോൾ ഒരുമുറി മാത്രമുള്ള വീട്ടിൽ തനിച്ചാണു താമസം. അവൾക്കു 30 വയസ്സല്ലേ ഉള്ളൂ, പുതിയൊരു ജീവിതം തുടങ്ങാമല്ലോ എന്നൊക്കെ പലരും ചിന്തിച്ചേക്കാം. പക്ഷേ ഗ്രേയ്സ് പറയുന്നത് ഇതാണ്: “എനിക്ക് എച്ച്ഐവി പിടിപെട്ടിരിക്കുന്നു, ഇനി ഞാൻ വിവാഹം കഴിക്കുകയോ കുട്ടികൾക്കു ജന്മംനൽകുകയോ ചെയ്യില്ല.” *
സങ്കടകരമെന്നു പറയട്ടെ, ഇത്തരം അനുഭവങ്ങൾ മലാവിയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അവിടത്തെ ജനസംഖ്യയുടെ 15 ശതമാനം എച്ച്ഐവി ബാധിതരാണെന്നു കണക്കാക്കപ്പെടുന്നു. അവിടെ ഗ്രാമപ്രദേശത്തുള്ള ഒരു ആശുപത്രിയിലെ “രോഗികളുടെ എണ്ണം കിടക്കകളുടെ എണ്ണത്തെക്കാൾ 50 ശതമാനം കൂടുതലാണ്. അതോടൊപ്പം ആശുപത്രി ജോലിക്കാരിൽ 50 ശതമാനത്തിലധികം പേർക്ക് [എയ്ഡ്സ് മൂലം] ജോലിചെയ്യാൻ വയ്യാതെയും ആയിരിക്കുന്നു,” ഗ്ലോബ് ആൻഡ് മെയ്ൽ പത്രം റിപ്പോർട്ടു ചെയ്യുന്നു. സഹാറയ്ക്കു തെക്കുള്ള മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ എച്ച്ഐവി രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ‘എച്ച്ഐവി/എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പരിപാടി’യുടെ (യുഎൻഎയ്ഡ്സ്) 2002-ലെ റിപ്പോർട്ട് ഇങ്ങനെയായിരുന്നു: “സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ 47 വർഷമാണ്, എയ്ഡ്സ് ഇല്ലായിരുന്നെങ്കിൽ അത് 62 വർഷമായിരുന്നേനെ.”
എന്നിരുന്നാലും, എച്ച്ഐവി/എയ്ഡ്സ് മഹാമാരി ആഫ്രിക്കൻ ഭൂഖണ്ഡത്തിനപ്പുറത്തേക്കും വ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം 40 ലക്ഷം പേർ എച്ച്ഐവി ബാധിതരാണെന്ന് യുഎൻഎയ്ഡ്സ് കണക്കാക്കുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “രോഗബാധിതരായവരുടെ ഇപ്പോഴത്തെ എണ്ണമനുസരിച്ചു നോക്കിയാൽ ഈ ദശകത്തിൽ, പ്രായപൂർത്തിയായവരുടെ അന്തകനായി മുൻപന്തിയിൽ നിൽക്കുന്നത് എച്ച്ഐവി ബാധ ആയിരിക്കും.” മുൻ സോവിയറ്റു യൂണിയന്റെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ചേർന്നുണ്ടായ ഒരു ഫെഡറേഷനായ കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന രാജ്യങ്ങളിൽ ഈ പകർച്ചവ്യാധി ആളിപ്പടരുകയാണ്. ഉദാഹരണത്തിന്, ഉസ്ബക്കിസ്ഥാനിൽ “കഴിഞ്ഞ ഒരു ദശകത്തെ മുഴുവൻ എച്ച്ഐവി കേസുകളെക്കാൾ കൂടുതൽ 2002-ൽ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ടു” എന്ന് ഒരു റിപ്പോർട്ടു പറയുന്നു. ഐക്യനാടുകളിൽ 25-നും 44-നും ഇടയ്ക്കു പ്രായമുള്ളവരുടെ മരണകാരണമായി എച്ച്ഐവി ബാധ മുന്നിട്ടുനിൽക്കുന്നു.
1986-ൽ, ഉണരുക! എയ്ഡ്സിനെക്കുറിച്ചുള്ള ഒരു ലേഖനപരമ്പര ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ആ വർഷം, അപ്പോൾത്തന്നെ ഏകദേശം ഒരു കോടി ആളുകൾ എച്ച്ഐവി ബാധിതരായിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അന്നത്തെ ഡയറക്ടറായിരുന്ന ഡോ. എച്ച്. മാഹ്ലർ മുന്നറിയിപ്പു നൽകിയിരുന്നു. ഏകദേശം രണ്ടു ദശകത്തിനുശേഷം ലോകവ്യാപകമായി എച്ച്ഐവി ബാധിതരുടെ എണ്ണം ഏതാണ്ട് 4.2 കോടിയായി ഉയർന്നിരിക്കുന്നു. ജനസംഖ്യാ വർധനയുടെ പത്തിരട്ടി വേഗത്തിൽ ഇതു കുതിച്ചുപായുകയാണ്! ഭാവി ആപത്കരമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. “ഈ രോഗം ഏറ്റവുമധികം ഗ്രസിച്ചിരിക്കുന്ന 45 രാജ്യങ്ങളിൽ, 2000-ത്തിനും 2020-നും ഇടയ്ക്ക് 6.8 കോടി ആളുകൾ എയ്ഡ്സ് മൂലം അകാലചരമമടയുമെന്നു കണക്കാക്കപ്പെടുന്നതായി” യുഎൻഎയ്ഡ്സ് റിപ്പോർട്ടു ചെയ്യുന്നു.
രോഗബാധയുടെ കരിനിഴൽ ഭീതിദമാംവിധം വ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് എയ്ഡ്സിന് ഒരു പ്രതിവിധി ഉണ്ടായിരിക്കേണ്ടത് മുമ്പെന്നത്തേതിലും അടിയന്തിരമാണ്. അതുകൊണ്ട്, വൈദ്യശാസ്ത്രരംഗത്തെ ഗവേഷകർ എച്ച്ഐവിയെ നേരിടാൻ അശ്രാന്തപരിശ്രമം ചെയ്തിരിക്കുന്നു. ഈ മഹാമാരിക്കെതിരെ പോരാടുന്നതിൽ വൈദ്യശാസ്ത്രം എന്തു പുരോഗതിയാണു കൈവരിച്ചിരിക്കുന്നത്? എയ്ഡ്സിന്റെ തേർവാഴ്ച അവസാനിക്കുമെന്നു പ്രതീക്ഷിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?
[അടിക്കുറിപ്പ്]
^ എച്ച്ഐവി അഥവാ ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസാണ് എയ്ഡ്സ് രോഗത്തിനു നിദാനം എന്നാണു മനസ്സിലായിരിക്കുന്നത്.
[4-ാം പേജിലെ ആകർഷക വാക്യം]
ലോകവ്യാപകമായി 4.2 കോടി ആളുകൾക്ക് എച്ച്ഐവി/എയ്ഡ്സ് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, ഇതിൽ 25 ലക്ഷം കുട്ടികളാണ്
[4-ാം പേജിലെ ചിത്രം]
ഇന്ത്യ—ആരോഗ്യരംഗത്തെ സന്നദ്ധസേവകർക്ക് എയ്ഡ്സിനെക്കുറിച്ചുള്ള ബോധവത്കരണം ലഭിക്കുന്നു
[കടപ്പാട്]
© Peter Barker/Panos Pictures
[4-ാം പേജിലെ ചിത്രം]
ബ്രസീൽ—ഒരു സാമൂഹിക പ്രവർത്തക എയ്ഡ്സ് ബാധിതയായ ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്നു
[കടപ്പാട്]
© Sean Sprague/Panos Pictures
[4-ാം പേജിലെ ചിത്രം]
തായ്ലൻഡ്—ഒരു സന്നദ്ധസേവകൻ ജന്മനാ എച്ച്ഐവിയുള്ള കുഞ്ഞിനെ പരിപാലിക്കുന്നു
[കടപ്പാട്]
© Ian Teh/Panos Pictures