എയ്ഡ്സുമായുള്ള പോരാട്ടത്തിലെ മുന്നേറ്റങ്ങൾ
എയ്ഡ്സുമായുള്ള പോരാട്ടത്തിലെ മുന്നേറ്റങ്ങൾ
“മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഇത്ര സങ്കീർണമായൊരു മഹാവ്യാധിയെക്കുറിച്ച് ഇത്ര ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം പഠിക്കാൻ ഇടയായിട്ടില്ല,” ഡോ. ജെറാൾഡ് ജെ. സ്റ്റൈൻ, എയ്ഡ്സ് അപ്ഡേറ്റ് 2003 എന്ന തന്റെ പുസ്തകത്തിൽ എഴുതുന്നു. “എച്ച്ഐവി-യെ/എയ്ഡ്സിനെ കുറിച്ചുള്ള ഗവേഷണവിവരങ്ങൾ ഒരു മികച്ച ശാസ്ത്രീയനേട്ടമാണ്” എന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്തു നേട്ടമാണു കൈവരിച്ചിരിക്കുന്നത്?
ആധുനിക വൈദ്യശാസ്ത്ര പരിജ്ഞാനവും പ്രാവീണ്യവും എച്ച്ഐവി ബാധിതർക്ക് പുത്തൻ പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്ന ഔഷധസംയുക്തങ്ങൾ (drug combinations) തയ്യാറാക്കാൻ ഗവേഷകരെ പ്രാപ്തരാക്കിയിരിക്കുന്നു. കൂടാതെ, എയ്ഡ്സ് ബോധവത്കരണ പരിപാടികൾക്ക് പല രാജ്യങ്ങളിലും ഫലമുണ്ടായിരിക്കുന്നു. എന്നാൽ ഇത്തരം ഉദ്യമങ്ങളുടെ വിജയം മാരകമായ ഈ മഹാവ്യാധിക്ക് മരണമണി മുഴക്കുകയാണ് എന്നാണോ? ഇപ്പോഴത്തെ ശാസ്ത്രീയ ഉദ്യമങ്ങളും ബോധവത്കരണ പരിപാടികളും എയ്ഡ്സിന്റെ കുതിപ്പിനു കടിഞ്ഞാണിടാൻ മതിയായതാണോ? പിൻവരുന്നവ പരിചിന്തിക്കുക.
മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ
“എയ്ഡ്സുമായുള്ള പോരാട്ടത്തിൽ ഒരു ആശാകിരണം,” 1986 സെപ്റ്റംബർ 29-ലെ ടൈം മാസികയുടെ തലക്കെട്ട് അങ്ങനെയായിരുന്നു. അസിഡോതൈമിഡിൻ ഉപയോഗിച്ച് പരീക്ഷണാർഥം നടത്തിയ ഒരു വൈദ്യചികിത്സയുടെ ഫലമായിരുന്നു ഈ “ആശാകിരണം.” എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് റെട്രോവൈറസിന് എതിരെയുള്ളതാണ്. ശ്രദ്ധേയമെന്നു പറയട്ടെ, അസിഡോതൈമിഡിൻ കഴിച്ച എച്ച്ഐവി രോഗികൾ കൂടുതൽക്കാലം ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. അന്നുമുതൽ ആന്റിറെട്രോവൈറൽ ഔഷധങ്ങൾ (ARVs) ലക്ഷക്കണക്കിന് ആളുകളുടെ ആയുസ്സു നീട്ടിക്കൊടുത്തിട്ടുണ്ട്. (7-ാം പേജിലെ, “എന്താണ് ആന്റിറെട്രോവൈറൽ ഔഷധങ്ങൾ?” എന്ന ചതുരം കാണുക.) ഈ മരുന്നുകൾ എച്ച്ഐവി ബാധയുടെ ചികിത്സയിൽ എത്രത്തോളം വിജയപ്രദമായിരുന്നിട്ടുണ്ട്?
അസിഡോതൈമിഡിൻ ആദ്യം പുറത്തിറക്കിയപ്പോഴുണ്ടായ ആവേശഭരിതമായ അന്തരീക്ഷത്തിൽപ്പോലും എയ്ഡ്സ് ഗവേഷകർക്ക് “ഇത്, എയ്ഡ്സിനെതിരെയുള്ള അന്തിമപ്രഹരമല്ലെന്ന് ഉറപ്പുണ്ടായിരുന്നു,” ടൈം മാസിക റിപ്പോർട്ടു ചെയ്യുന്നു. അവർ പറഞ്ഞതു ശരിയായിരുന്നു. ചില രോഗികൾക്ക് അസിഡോതൈമിഡിന്റെ പാർശ്വഫലങ്ങൾ സഹിക്കാനായില്ല. അതുകൊണ്ട് ഗവേഷകർ മറ്റ് ആന്റിറെട്രോവൈറൽ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തു. എച്ച്ഐവി ബാധ മൂർച്ഛിച്ച അവസ്ഥയിലുള്ള രോഗികൾക്ക് ആന്റിറെട്രോവൈറൽ ഔഷധങ്ങളുടെ ഒരു സംയുക്തം നൽകുന്നതിന് പിന്നീട് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകുകയുണ്ടായി. ഇത്, മൂന്നോ അതിലധികമോ ആന്റിറെട്രോവൈറൽ മരുന്നുകൾ ആനുപാതികമായി ചേർത്തുള്ള ചികിത്സയാണ്. എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട മേഖലയിലെ ആരോഗ്യപ്രവർത്തകർ ഈ ചികിത്സാരീതിയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. എച്ച്ഐവി-യെ ശരീരത്തിൽനിന്നു നിർമാർജനം ചെയ്യാൻപോലും ഈ മരുന്നുകൾക്കു കഴിഞ്ഞേക്കുമെന്ന് 1996-ൽ നടന്ന എയ്ഡ്സ് അന്താരാഷ്ട്ര സമ്മേളനത്തിൽവെച്ച് ഒരു ഡോക്ടർ പ്രഖ്യാപിക്കുകയുണ്ടായി!
സങ്കടകരമെന്നു പറയട്ടെ, മൂന്ന് ഔഷധങ്ങളുടെ
സംയുക്തം ഉപയോഗിച്ചുള്ള ഈ ചികിത്സ അണുവിടതെറ്റാതെ പിൻപറ്റിയാൽപ്പോലും എച്ച്ഐവിയെ ഉന്മൂലനം ചെയ്യാനാകില്ലെന്ന് ഒരു വർഷത്തിനകംതന്നെ വ്യക്തമായി. എന്നിരുന്നാലും, “സംയുക്ത ആന്റിറെട്രോവൈറൽ ചികിത്സ, എച്ച്ഐവി നെഗറ്റീവായിട്ടുള്ള ആളുകൾക്ക് ആയുസ്സു നീട്ടിക്കൊടുക്കുകയും ആരോഗ്യപ്രദമായ, കൂടുതൽ കാര്യക്ഷമമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു,” ഒരു യുഎൻഎയ്ഡ്സ് റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിലും യൂറോപ്പിലും ആന്റിറെട്രോവൈറൽ ഉപയോഗംമൂലം എയ്ഡ്സ് മരണനിരക്ക് 70 ശതമാനത്തിലേറെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുത്ത ആന്റിറെട്രോവൈറൽ ചികിത്സ അവലംബിക്കുകവഴി എച്ച്ഐവി ബാധിതയായ അമ്മയിൽനിന്ന് ഗർഭസ്ഥശിശുവിലേക്കു രോഗം പകരുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നു വിവിധ പഠനങ്ങൾ കാണിച്ചിരിക്കുന്നു.എന്നാൽ, ലക്ഷക്കണക്കിന് എച്ച്ഐവി രോഗികൾക്ക് ആന്റിറെട്രോവൈറൽ മരുന്നുകൾ എത്തുപാടിലല്ല. എന്തുകൊണ്ട്?
‘ദരിദ്രന്റെ രോഗം’
ആന്റിറെട്രോവൈറൽ ചികിത്സ വ്യാപകമായിരിക്കുന്നത് സമ്പന്ന രാജ്യങ്ങളിലാണ്. ചില വികസ്വര രാജ്യങ്ങളിൽ ഈ പ്രത്യേക ചികിത്സ ആവശ്യമായിരിക്കുന്നവരിൽ 5 ശതമാനത്തിനു മാത്രമേ ഇത് എത്തുപാടിലുള്ളുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഈ അസമത്വത്തെ “കടുത്ത അനീതി,” “ആധുനിക ലോകത്തിലെ അതിനീചമായ ഒരു അപരാധം” എന്നുപോലും വിശേഷിപ്പിച്ചിരിക്കുന്നു.
ഈ ചികിത്സ കൊക്കിലൊതുങ്ങാത്തവർ സമ്പന്ന രാഷ്ട്രങ്ങളിലും ഉണ്ടായിരുന്നേക്കാം. എയ്ഡ്സ് മൂലം മരിക്കുന്ന മൂന്ന് കാനഡക്കാരിൽ ഒരാൾക്കുവീതം ആന്റിറെട്രോവൈറൽ ചികിത്സ ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് ഗ്ലോബ് ആൻഡ് മെയ്ൽ റിപ്പോർട്ടു ചെയ്യുന്നു. ഈ മരുന്നുകൾ കാനഡയിൽ സൗജന്യമായി കിട്ടുമെങ്കിൽപ്പോലും സമൂഹത്തിലെ ചില കൂട്ടങ്ങൾ അവഗണിക്കപ്പെട്ടുപോകുന്നു. “ഈ ചികിത്സയുടെ അടിയന്തിരമായ ആവശ്യമുള്ളവർക്കാണ് അതു ലഭിക്കാതെ പോകുന്നത്: ആദിവാസികൾ, സ്ത്രീകൾ, ദരിദ്രർ എന്നിവർക്ക്,” ഗ്ലോബ് പറയുന്നു. ആഫ്രിക്കയിൽനിന്നുള്ള എച്ച്ഐവി പോസിറ്റീവ് ആയ ഒരു അമ്മയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ദ ഗാർഡിയൻ എഴുതി: “പുരുഷന്മാരുമായി ലൈംഗികവേഴ്ചയിലേർപ്പെടുന്ന ഈ വെള്ളക്കാർ [ചികിത്സകിട്ടി] ജീവിക്കുകയും എനിക്കു മരിക്കേണ്ടിവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? എനിക്കു മനസ്സിലാകുന്നില്ല.” മരുന്നുത്പാദനവും വിതരണവും ഉൾപ്പെടുന്ന സാമ്പത്തികവ്യവസ്ഥയാണ് ഈ സ്ത്രീയുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടത്.
ഐക്യനാടുകളിലും യൂറോപ്പിലും, മൂന്നു മരുന്നുകൾ ചേർന്ന ആന്റിറെട്രോവൈറൽ ചികിത്സയുടെ ഒരു വർഷത്തെ ശരാശരി ചെലവ് 4,80,000 രൂപയ്ക്കും 7,20,000 രൂപയ്ക്കും ഇടയ്ക്കാണ്. എന്നാൽ, ട്രേഡ് മാർക്ക് ഇല്ലാത്ത ഇതേ ഔഷധസംയുക്തം കുറഞ്ഞ ചെലവിൽ ഇപ്പോൾ ചില വികസ്വര രാജ്യങ്ങളിൽ നൽകിവരുന്നുണ്ട്. ഇതിന്റെ ഒരു വർഷത്തെ ചെലവ് 14,000 രൂപയോ അതിൽ കുറവോ ആണെങ്കിലും ഇതുപോലും എച്ച്ഐവി ബാധിതരും ആന്റിറെട്രോവൈറൽ ചികിത്സ അടിയന്തിരമായി കിട്ടേണ്ടവരും ആയ ആളുകൾക്കു താങ്ങാനാവുന്നില്ല. അതുകൊണ്ട് ഈ സാഹചര്യത്തെ ഡോ. സ്റ്റിൻ ഇപ്രകാരം സംക്ഷേപിക്കുന്നു: “എയ്ഡ്സ് ദരിദ്രന്റെ രോഗമാണ്.”
മരുന്നുത്പാദനമെന്ന വ്യാപാരം
നിർമാണ കുത്തക നേടിയിട്ടുള്ള മരുന്നുകൾ സ്വതന്ത്രമായി ഉത്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുക എന്നത് അത്ര എളുപ്പമായിരുന്നിട്ടില്ല. പല രാജ്യങ്ങളിലെയും കർശനമായ കുത്തക നിയമങ്ങൾ ബ്രാൻഡ്-നെയിമുള്ള മരുന്നുകൾ അനധികൃതമായി ഉത്പാദിപ്പിക്കുന്നതിനെ വിലക്കുന്നു. “ഇത് ഒരു സാമ്പത്തിക യുദ്ധമാണ്,” ഒരു വലിയ മരുന്നുകമ്പനിയുടെ മേധാവി പറയുന്നു. മരുന്നുകൾ ഇങ്ങനെ സ്വതന്ത്രമായി ഉണ്ടാക്കി ലാഭംമോഹിച്ച് വികസ്വര രാജ്യങ്ങൾക്കു വിൽക്കുന്നത് “ഈ മരുന്നു കണ്ടുപിടിച്ച മരുന്നുകമ്പനികൾക്കു ക്ഷീണമാണ്” എന്ന് അദ്ദേഹം പറയുന്നു. ലാഭം കുറയുന്നത് വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങൾക്കും വികസനപരിപാടികൾക്കും ആവശ്യമായ മൂലധനം വെട്ടിച്ചുരുക്കുമെന്ന് ബ്രാൻഡ്-നെയിമോടുകൂടിയ മരുന്നുകൾ ഉണ്ടാക്കുന്ന കമ്പനികൾ അഭിപ്രായപ്പെടുന്നു. ഇനി, വികസ്വര രാജ്യങ്ങൾക്കുവേണ്ടി ഉണ്ടാക്കുന്ന വിലകുറഞ്ഞ ആന്റിറെട്രോവൈറൽ മരുന്നുകൾ വികസിത രാജ്യങ്ങളിലെതന്നെ
കരിഞ്ചന്തയിൽ കുടുങ്ങിപ്പോയേക്കാമെന്നു മറ്റു ചിലർ ഉത്കണ്ഠപ്പെടുന്നു.എന്നിരുന്നാലും, മരുന്നുകമ്പനികൾ നിർദേശിക്കുന്നതിന്റെ 5 മുതൽ 10 വരെ ശതമാനം ചെലവിൽ പുതിയ മരുന്നുകൾ ഉത്പാദിപ്പിക്കാനാകുമെന്ന്, വിലക്കുറവിൽ നിർമിക്കുന്ന ആന്റിറെട്രോവൈറൽ മരുന്നുകളുടെ വക്താക്കൾ വാദിക്കുന്നു. സ്വകാര്യ മരുന്നുകമ്പനികളുടെ ഗവേഷണ-വികസന ഉദ്യമങ്ങൾക്ക് ദരിദ്ര രാജ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കണ്ടില്ലെന്നു നടിക്കാനുള്ള പ്രവണതയാണെന്നും അവർ പറയുന്നു. അതുകൊണ്ട്, ആക്സസ് റ്റു എസ്സെൻഷ്യൽ മെഡിസിൻസ് പ്രൊജക്റ്റിന്റെ കോ-ഓർഡിനേറ്റർ ഡാനിയൽ ബെർമാൻ ഇപ്രകാരം പറയുന്നു: “പുതിയ മരുന്നുകളുടെ കാര്യത്തിൽ, വികസ്വര രാജ്യങ്ങൾക്കു താങ്ങാവുന്ന വിലയ്ക്ക് അവ നിർമിക്കാൻ അന്താരാഷ്ട്ര പിന്തുണയുള്ള ഒരു ക്രമീകരണം ആവശ്യമാണ്.”
ആന്റിറെട്രോവൈറൽ ചികിത്സയുടെ ആഗോള ആവശ്യത്തോടുള്ള പ്രതികരണമായി, ലോകാരോഗ്യ സംഘടന എച്ച്ഐവി/എയ്ഡ്സ് പിടിപെട്ടിട്ടുള്ള 30 ലക്ഷം ആളുകൾക്ക് 2005-ന്റെ അവസാനത്തോടെ പ്രസ്തുത ചികിത്സ നൽകുകയെന്ന ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ട്. “ഇത് വെളിച്ചം കാണാതെപോയ മറ്റൊരു യുഎൻ പദ്ധതിയായി മാറരുത്,” മേഡസേൻ സാൻ ഫ്രോന്റ്യേർ എന്ന പ്രസ്ഥാനത്തിലെ നേഥൻ ഫോർഡ് മുന്നറിയിപ്പു നൽകുന്നു. “ഈ സംഖ്യ ഇന്ന് ചികിത്സ നൽകേണ്ടതായിട്ടുള്ള എച്ച്ഐവി/എയ്ഡ്സ് ബാധിതരുടെ പകുതിമാത്രമേ ആകുന്നുള്ളൂ, [2005-ഓടെ] ഇതു ഭീമമായ സംഖ്യയാകും.”
മറ്റു തടസ്സങ്ങൾ
വികസ്വര രാജ്യങ്ങളിൽ ആവശ്യത്തിന് ആന്റിറെട്രോവൈറൽ മരുന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞെന്നുതന്നെയിരിക്കട്ടെ, മറികടക്കേണ്ടതായിട്ടുള്ള തടസ്സങ്ങൾ വേറെയുമുണ്ട്. ചില മരുന്നുകൾ ഭക്ഷണം, ശുദ്ധജലം എന്നിവയോടൊപ്പം കഴിക്കേണ്ടതാണ്, പക്ഷേ ചില രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ രണ്ടുദിവസം കൂടുമ്പോഴാണ് എന്തെങ്കിലും കഴിക്കുന്നത്. ആന്റിറെട്രോവൈറൽ മരുന്നുകൾ (പലപ്പോഴും ദിവസേന 20-ഓ അതിൽ കൂടുതലോ ഗുളികകൾ) ദിവസവും നിശ്ചിത സമയത്തു കഴിക്കേണ്ടവയാണ്, പക്ഷേ രോഗികളിൽ മിക്കവർക്കും സമയം അറിയാൻ ഒരു വാച്ചോ ക്ലോക്കോ ഇല്ല. കൂടാതെ, ഔഷധസംയുക്തത്തിലെ ഘടകങ്ങളുടെ അനുപാതം രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചു ക്രമപ്പെടുത്തേണ്ടതുണ്ട്. അതിന് മിക്ക ദേശങ്ങളിലും ആവശ്യത്തിനു ഡോക്ടർമാരില്ല. അതേ, വികസ്വര രാജ്യങ്ങളിൽ പ്രസ്തുത ചികിത്സ ലഭ്യമാക്കുകയെന്നത് തികച്ചും ദുഷ്കരമായ ഒരു ദൗത്യമാണ്.
എന്നാൽ ഈ ചികിത്സയ്ക്കു വിധേയമാകുന്നതിന്റെ വെല്ലുവിളികൾ വികസിത രാജ്യങ്ങളിലെ രോഗികളും നേരിടുന്നുണ്ട്. കുറിച്ചുകൊടുത്ത മരുന്നുകൾ മുഴുവനും നിർദേശിച്ചപ്രകാരം സമയത്തിനു കഴിക്കാൻ പറ്റാതെ വരുന്നത് വളരെ സാധാരണമാണെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു. ഇത് മരുന്നിനോടു പ്രതിരോധശേഷി ആർജിച്ച എച്ച്ഐവി വൈറസ് ഇനങ്ങൾ രൂപംകൊള്ളാൻ ഇടയാക്കുന്നു. ഇത്തരം വൈറസ് ഇനങ്ങൾ മറ്റുള്ളവരിലേക്കും പകർന്നേക്കാം.
എച്ച്ഐവി രോഗികൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയെക്കുറിച്ച് ഡോ. സ്റ്റൈൻ പറയുന്നു. “ചികിത്സ ചിലപ്പോൾ രോഗത്തെക്കാൾ അസഹനീയമായി തോന്നുന്നുവെന്നത് എച്ച്ഐവി ചികിത്സയുടെ ഒരു വൈരുദ്ധ്യാത്മക വിശേഷതയാണ്, പ്രത്യേകിച്ചും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനു മുമ്പേ ചികിത്സ തുടങ്ങുമ്പോൾ.” ആന്റിറെട്രോവൈറൽ ചികിത്സയിലായിരിക്കുന്ന എച്ച്ഐവി രോഗികൾക്കു സാധാരണമായി പ്രമേഹം, വൈരൂപ്യം ഉളവാക്കുന്ന തരത്തിൽ ശരീരഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ, ഉയർന്ന കൊളസ്ട്രോൾ, എല്ലുകൾക്കു ബലക്കുറവ് എന്നീ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ചില പാർശ്വഫലങ്ങൾ ജീവനെ അപകടപ്പെടുത്തുന്നവപോലുമാണ്.
പ്രതിരോധ ഉദ്യമങ്ങൾ
എച്ച്ഐവി ബാധയ്ക്കിടയാക്കുന്ന അപകടകരമായ ജീവിതരീതികളിൽ മാറ്റംവരുത്താനും എയ്ഡ്സ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാനും ഉള്ള ശ്രമങ്ങൾ എത്രത്തോളം വിജയകരമായിരുന്നിട്ടുണ്ട്? 1990-കളിൽ ഉഗാണ്ടയിൽ വിപുലമായ എയ്ഡ്സ് ബോധവത്കരണ പരിപാടികൾ നടത്തപ്പെടുകയുണ്ടായി. ഇത്, ആ രാജ്യത്ത് എച്ച്ഐവി വ്യാപനനിരക്ക് 14 ശതമാനത്തിൽനിന്ന് 2000-ത്തിൽ ഏകദേശം 8 ശതമാനമായി കുറയ്ക്കുകയുണ്ടായി. സമാനമായി, സെനഗൾ അതിന്റെ പൗരന്മാരെ എച്ച്ഐവി രോഗബാധയുടെ അപകടങ്ങളെക്കുറിച്ചു ബോധവത്കരിച്ചതിനാൽ അവിടത്തെ പ്രായപൂർത്തിയായവരിൽ രോഗവ്യാപന നിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കിനിറുത്താൻ കഴിഞ്ഞിരിക്കുന്നു. അത്തരം ഫലങ്ങൾ പ്രോത്സാഹജനകമാണ്.
എന്നിരുന്നാലും, എയ്ഡ്സ് ബോധവത്കരണം മറ്റു രാജ്യങ്ങളിൽ അത്രത്തോളം വിജയപ്രദമായിരുന്നിട്ടില്ല. കാനഡക്കാരായ 11,000 യുവവ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് 2002-ൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്, ഇവരിൽ പകുതിപ്പേരും തങ്ങളുടെ ഹൈസ്കൂൾ പഠനത്തിന്റെ ആദ്യവർഷത്തിൽ വിശ്വസിച്ചിരുന്നത് എയ്ഡ്സ് ഭേദമാക്കാനാകും എന്നായിരുന്നു. അതേവർഷംതന്നെ നടത്തിയ ഒരു ബ്രിട്ടീഷ് പഠനം അനുസരിച്ച്, 10-നും 11-നും ഇടയ്ക്കു പ്രായമുള്ള ആൺകുട്ടികളിൽ 42 ശതമാനവും എച്ച്ഐവിയെയോ എയ്ഡ്സിനെയോ കുറിച്ച് കേട്ടിരുന്നേയില്ല. ഇനി, എച്ച്ഐവിയെയും എയ്ഡ്സിനെയും കുറിച്ചു കേട്ടിട്ടുള്ളവരും അതിനു പ്രതിവിധിയില്ലെന്ന് അറിയാവുന്നവരുമായ യുവജനങ്ങൾക്കുപോലും ഒരു തണുപ്പൻ മട്ടാണ്. “അനേകം യുവജനങ്ങൾക്കും, എച്ച്ഐവി പല ജീവിതപ്രശ്നങ്ങളിൽ ഒന്നുമാത്രമാണ്, നല്ല ഒരു ഭക്ഷണം കിട്ടുമോ, ആരുടെ കൂടെയാണു ജീവിക്കാൻ പോകുന്നത്, സ്കൂളിൽ പോകാൻ കഴിയുമോ എന്നിവപോലെ.”
അതുകൊണ്ട് “ഈ മഹാവ്യാധിയെ നേരിടാൻ ഫലപ്രദമായ മാർഗം, യുവജനങ്ങളിൽ ശ്രദ്ധപതിപ്പിക്കുക എന്നതാണെന്നു തോന്നുന്നു. പ്രത്യേകിച്ച് ഇതിന്റെ വ്യാപനനിരക്ക് ഉയർന്നതായിരിക്കുന്ന രാജ്യങ്ങളിൽ” എന്നു ലോകാരോഗ്യ സംഘടന പറഞ്ഞതിൽ അതിശയിക്കാനില്ല. എയ്ഡ്സിനെക്കുറിച്ചു കിട്ടിയിരിക്കുന്ന മുന്നറിയിപ്പുകൾ അനുസരിച്ചു പ്രവർത്തിക്കാൻ യുവജനങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? ഇതിന്റെ പ്രതിവിധിക്കുവേണ്ടി പ്രത്യാശിക്കുന്നത് ന്യായയുക്തമാണോ?
[6-ാം പേജിലെ ആകർഷക വാക്യം]
കഴിഞ്ഞവർഷം അമേരിക്കകളിൽ ആന്റിറെട്രോവൈറൽ ചികിത്സ ആവശ്യമാ യിരുന്നവരിൽ 84 ശതമാനം പേർക്ക് അതു ലഭിച്ചപ്പോൾ ആഫ്രിക്കയിൽ 2 ശതമാനത്തിനു മാത്രമാണ് അതു ലഭിച്ചത്
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
എന്താണ് ആന്റിറെട്രോവൈറൽ ഔഷധങ്ങൾ? *
ആരോഗ്യമുള്ള ഒരു വ്യക്തിയിൽ സഹായി റ്റി കോശങ്ങൾ രോഗാണുക്കളെ ആക്രമിച്ചു കീഴ്പെടുത്തുന്നതിനു പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്യുന്നു. ഈ സഹായി റ്റി കോശങ്ങളെയാണ് എച്ച്ഐവി ലക്ഷ്യമിടുന്നത്. വൈറസ് ഈ കോശങ്ങളെ ഉപയോഗിച്ചു പെരുകുന്നു. അങ്ങനെ പ്രതിരോധവ്യവസ്ഥ അടിയറവുപറയുന്നതുവരെ അത് സഹായി റ്റി കോശങ്ങളെ ക്ഷയിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ആന്റിറെട്രോവൈറൽ മരുന്നുകൾ ഈ പെരുകൽ പ്രക്രിയയ്ക്കു തടയിടുന്നു.
ഇന്ന്, പ്രധാനമായും നാലുതരം ആന്റിറെട്രോവൈറൽ മരുന്നുകളാണ് ഉപയോഗത്തിലുള്ളത്. ഇവയിൽ ന്യൂക്ലിയോസൈഡ് അനലോഗ്സ്, നോൺ-ന്യൂക്ലിയോസൈഡ് അനലോഗ്സ് എന്നിവ എച്ച്ഐവി ഒരു വ്യക്തിയുടെ ഡിഎൻഎ-യിൽ കടന്നുകൂടി പെരുകുന്നതു തടയുന്നു. എന്നാൽ പ്രൊട്ടീസ് ഇൻഹിബിറ്ററുകൾ രോഗബാധിത കോശങ്ങളിലുള്ള ഒരു പ്രത്യേകതരം പ്രൊട്ടീസ് എൻസൈമിനെ ഉപരോധിക്കുന്നു. ഇത് വൈറസിന്റെ പുനരുദ്ധാരണവും കൂടുതൽ എച്ച്ഐവി ഉത്പാദനവും തടയുന്നു. കോശങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നു എച്ച്ഐവിയെ തടയുന്നതാണ് ഫ്യൂഷൻ ഇൻഹിബിറ്ററുകൾ. ആന്റിറെട്രോവൈറൽ മരുന്നുകൾ എച്ച്ഐവി പെരുകുന്നത് അടിച്ചമർത്തുകയാണു ചെയ്യുന്നത്. അങ്ങനെ ഈ വൈറസ് അതിന്റെ മാരകമായ മൂർധന്യാവസ്ഥയായ എയ്ഡ്സായി മാറുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
[അടിക്കുറിപ്പ്]
^ എച്ച്ഐവി ബാധിതരായ എല്ലാവർക്കും ആന്റിറെട്രോവൈറൽ ചികിത്സ നിർദേശിക്കാറില്ല. എച്ച്ഐവി ഉണ്ടെന്ന് അറിയാവുന്നവരോ സംശയിക്കുന്നവരോ ആയവർ ഏതു ചികിത്സ പിൻപറ്റുന്നതിനു മുമ്പും ഒരു ഡോക്ടറെ കാണേണ്ടതാണ്. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല.
[ചിത്രം]
കെനിയ—ഒരു ഡോക്ടർ ഒരു എയ്ഡ്സ് രോഗിയെ ആന്റിറെട്രോവൈറൽ ചികിത്സയെപ്പറ്റി ബോധവത്കരിക്കുന്നു
[കടപ്പാട്]
© Sven Torfinn/Panos Pictures
[ചിത്രം]
കെനിയ—ഒരു എയ്ഡ്സ് രോഗി ആശുപത്രിയിൽവെച്ച് ആന്റിറെട്രോവൈറൽ ചികിത്സയ്ക്കുള്ള മരുന്നുവാങ്ങുന്നു
[കടപ്പാട്]
© Sven Torfinn/Panos Pictures
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സ്ത്രീകളും എയ്ഡ്സും
എച്ച്ഐവി/എയ്ഡ്സ് ബാധയുള്ള മുതിർന്നവരിൽ 50 ശതമാനം സ്ത്രീകളാണ്
1982-ൽ സ്ത്രീകളിൽ എയ്ഡ്സ് കണ്ടെത്തിയപ്പോൾ, അണുബാധയുള്ള സിറിഞ്ചുകളുടെ ഉപയോഗത്തിലൂടെ ആയിരിക്കാം അവർക്കു രോഗം പിടിപെട്ടത് എന്നാണു വിചാരിച്ചിരുന്നത്. എന്നാൽ, സ്വാഭാവിക ലൈംഗികബന്ധത്തിലൂടെ സ്ത്രീകൾക്ക് എയ്ഡ്സ് പിടിപെടാമെന്നും അതുകൊണ്ടുതന്നെ വിശേഷാൽ അവർ എച്ച്ഐവി ബാധയുടെ അപകടനിഴലിലാണ് എന്നും താമസിയാതെ മനസ്സിലാക്കി. ലോകവ്യാപകമായി, എച്ച്ഐവി/എയ്ഡ്സ് ബാധയുള്ള മുതിർന്നവരിൽ 50 ശതമാനം സ്ത്രീകളാണ്. “സാമൂഹികമായും സാംസ്കാരികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണത്തിന് ഇരയാകാൻ കൂടുതൽ ഇടയുള്ള സ്ത്രീകളെയും കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെയും ഈ പകർച്ചവ്യാധി ആനുപാതികമല്ലാത്തവിധം ബാധിക്കുന്നു. പ്രത്യേകിച്ച് രോഗികളെയും മരിക്കാറായവരെയും ശുശ്രൂഷിക്കുന്ന ചുമതലയും ഇത്തരക്കാരുടെ ചുമലിൽ വരുന്നതിനാൽ” എന്ന് യുഎൻഎയ്ഡ്സ് റിപ്പോർട്ടു ചെയ്യുന്നു.
സ്ത്രീകളിലെ എയ്ഡ്സ് ബാധ, എയ്ഡ്സ് ആരോഗ്യപ്രവർത്തകരെ വിശേഷാൽ ആശങ്കാകുലരാക്കുന്നത് എന്തുകൊണ്ടാണ്? എയ്ഡ്സ് ബാധിതരായ സ്ത്രീകൾ, പലപ്പോഴും പുരുഷന്മാരെക്കാൾ കൂടുതൽ വിവേചനത്തിനിരയാകുന്നു, വിശേഷിച്ച് ചില വികസ്വര രാജ്യങ്ങളിൽ. ഗർഭിണിയായിരിക്കുന്ന ഒരു എയ്ഡ്സ് ബാധിതയുടെ കുഞ്ഞും അപകടത്തിലാണ്. ഇനി അവൾക്ക് മറ്റു കുട്ടികൾ ഉണ്ടെങ്കിൽ അവരെ വളർത്തിക്കൊണ്ടുവരുന്നതും ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള ഒരു മാതാവിന്. ഇതിനുപുറമേ, എച്ച്ഐവി ബാധിച്ച സ്ത്രീകളിലുണ്ടാകുന്ന അസാധാരണ ശാരീരിക മാറ്റങ്ങളെയും അവർക്കു നൽകേണ്ട പരിചരണത്തെയും സംബന്ധിച്ച് ആരോഗ്യരംഗത്തു താരതമ്യേന പരിമിതമായ അറിവേയുള്ളൂ.
ചില സാംസ്കാരിക ഘടകങ്ങൾ സ്ത്രീകളുടെ സാഹചര്യത്തെ കൂടുതൽ അപകടത്തിലാക്കുന്നു. മിക്ക രാജ്യങ്ങളിലും സ്ത്രീകൾ ലൈംഗിക കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ പ്രതീക്ഷിക്കുന്നില്ല, ലൈംഗികബന്ധത്തിനു വിസമ്മതിച്ചാൽ അവർ ഉപദ്രവത്തിനിടയാകാൻ സാധ്യതയുണ്ട്. പുരുഷന്മാർക്ക് സാധാരണമായി അനേകം ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കും, അങ്ങനെ അറിയാതെ അവരെല്ലാം എച്ച്ഐവി ബാധിതരാകുന്നു. ആഫ്രിക്കയിലെ ചില പുരുഷന്മാർ എച്ച്ഐവി ബാധ ഒഴിവാക്കാൻ ചെറുപ്പക്കാരികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നു. അതുപോലെ കന്യകകളുമായി ബന്ധപ്പെടുന്നത് എയ്ഡ്സിനു മറുമരുന്നാണെന്ന അന്ധവിശ്വാസത്തിന്റെ പേരിൽ അങ്ങനെ ചെയ്യുന്നു. ഇത്തരുണത്തിൽ, ലോകാരോഗ്യ സംഘടനയുടെ പിൻവരുന്ന പ്രസ്താവന ശ്രദ്ധേയമാണ്: “സ്ത്രീകളെ സംരക്ഷിക്കണമെങ്കിൽ പുരുഷന്മാരെ (സ്ത്രീകളെയും) ബോധവത്കരിക്കേണ്ടതാണ്.”
[ചിത്രം]
പെറു—ഒരു എച്ച്ഐവി പോസിറ്റീവ് അമ്മയും എച്ച്ഐവി നെഗറ്റീവ് മകളും
[കടപ്പാട്]
© Annie Bungeroth/Panos Pictures
[ചിത്രം]
തായ്ലൻഡ്—വിദ്യാഭ്യാസത്തിന്റെ ഭാഗമായി എയ്ഡ്സ് രോഗിയെ സന്ദർശിക്കുന്ന വിദ്യാർഥിനികൾ
[കടപ്പാട്]
© Ian Teh/Panos Pictures
[ചിത്രം]
കെനിയ—‘എയ്ഡ്സുമായി ജീവിക്കുന്ന സ്ത്രീകൾ’ എന്ന സംഘടനയിലെ അംഗങ്ങളുമായുള്ള ഒരു യോഗം
[കടപ്പാട്]
© Sven Torfinn/Panos Pictures
[9-ാം പേജിലെ ചതുരം/ചിത്രം]
എയ്ഡ്സിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ
◼ എച്ച്ഐവി ബാധിതരായ ആളുകൾ ആകെ ക്ഷീണിതരായി കാണപ്പെടും. “എച്ച്ഐവി ബാധിതനായ ഒരാൾ എയ്ഡ്സ് രോഗിയായിത്തീരണമെങ്കിൽ ഏകദേശം 10 മുതൽ 12 വരെ വർഷം വേണ്ടിവരും” എന്ന് ഡോ. ജെറാൾഡ് ജെ. സ്റ്റൈൻ പറയുന്നു. “എച്ച്ഐവി ബാധിതനായ ആൾ ഈ കാലയളവിൽ, ഏതാനും ലക്ഷണങ്ങൾ കാണിച്ചെങ്കിലായി, ചിലപ്പോൾ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നുംവരാം. പക്ഷേ അവർക്ക് അപ്പോഴും മറ്റുള്ളവരിലേക്കു രോഗം പരത്താനാകും.”
◼ എയ്ഡ്സ് സ്വവർഗസംഭോഗികളുടെ മാത്രം രോഗമാണ്. 1980-കളുടെ ആരംഭത്തിൽ, എയ്ഡ്സ് സ്വവർഗസംഭോഗികളുടെ രോഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ഇന്ന്, സ്വാഭാവിക ലൈംഗികബന്ധത്തിലൂടെയാണ് ലോകത്തിൽ മിക്കയിടത്തും എച്ച്ഐവി ബാധ ഉണ്ടാകുന്നത്.
◼ അധരസംഭോഗം “സുരക്ഷിതമായ ലൈംഗികത” ആണ്. ‘രോഗനിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങ’ൾ പറയുന്ന പ്രകാരം, “അധരസംഭോഗത്തിന് എച്ച്ഐവിയും ലൈംഗികമായി പകരുന്ന മറ്റു രോഗങ്ങളും പരത്താൻ കഴിയുമെന്ന് എണ്ണമറ്റ പഠനങ്ങളിലൂടെ വ്യക്തമായിരിക്കുന്നു.” മറ്റുതരം ലൈംഗിക നടപടികളെ അപേക്ഷിച്ച് അധരസംഭോഗത്തിലൂടെ എച്ച്ഐവി ബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, ഈ രീതി വിപുലവ്യാപകമായതിനാൽ എച്ച്ഐവി പകരുന്നതിനുള്ള ഒരു മുഖ്യമാർഗമായി ഇതു മാറിയേക്കുമെന്ന് ചില ഡോക്ടർമാർ കരുതുന്നു.
◼ എയ്ഡ്സിനു പ്രതിവിധിയുണ്ട്. ആന്റിറെട്രോവൈറൽ ചികിത്സയ്ക്ക് ചില രോഗികളിൽ എച്ച്ഐവി-യിൽനിന്ന് എയ്ഡ്സിലേക്കുള്ള മാറ്റത്തിന്റെ വേഗം മന്ദീഭവിപ്പിക്കാൻ കഴിയുമെങ്കിലും ഇതുവരെ എയ്ഡ്സിന് യാതൊരു പ്രതിവിധിയും കണ്ടുപിടിച്ചിട്ടില്ല.
[ചിത്രം]
ചെക്ക് റിപ്പബ്ലിക്ക്—എയ്ഡ്സ് കണ്ടുപിടിക്കുന്നതിനുള്ള ഒരു രക്തപരിശോധന. എയ്ഡ്സിന് ഇന്നു ചികിത്സയുണ്ട്, പക്ഷേ സമ്പൂർണ പ്രതിവിധിയില്ല
[കടപ്പാട്]
© Liba Taylor/Panos Pictures
[6-ാം പേജിലെ ചിത്രം]
സാംബിയ—എച്ച്ഐവി പോസിറ്റീവ് ആയ രണ്ടു പെൺകുട്ടികൾ മരുന്നിനുവേണ്ടി കാത്തുനിൽക്കുന്നു
[കടപ്പാട്]
© Pep Bonet/Panos Pictures