എയ്ഡ്സ് മോചനം എപ്പോൾ?
എയ്ഡ്സ് മോചനം എപ്പോൾ?
തീരെ ചെറുപ്പത്തിൽത്തന്നെ യുവജനങ്ങളുടെ മനസ്സിലേക്കു വഴിവിട്ട ലൈംഗികതയെ ശരിവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. സിരകളിലൂടെ മയക്കുമരുന്നുകൾക്കൊപ്പം എച്ച്ഐവിയും അനായാസം ഒഴുകിയെത്തുന്നു, ഇതാകട്ടെ വിപുലവ്യാപകമാണു താനും. പ്രത്യാഘാതങ്ങളെക്കുറിച്ചു യാതൊരു ചിന്തയുമില്ലാത്ത ഈ തലതിരിഞ്ഞ ലോകത്തിൽ എയ്ഡ്സ് എന്നെങ്കിലും ഒടുങ്ങുമോയെന്നു നിങ്ങൾ അതിശയിച്ചേക്കാം.
ജീവിതരീതികളിൽ വരുത്തേണ്ട മാറ്റമാണ് എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിലെ സുപ്രധാനമായ വിജയതന്ത്രമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘രോഗപ്രതിരോധ-നിവാരണ കേന്ദ്രങ്ങ’ളുടെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “യുവജനങ്ങളുടെ ഓരോ തലമുറയ്ക്കും ബോധവത്കരണം ആവശ്യമാണ്. ആരോഗ്യത്തെ സംബന്ധിക്കുന്ന സമഗ്രമായ വിവരങ്ങൾ അവർക്കു നിരന്തരം നൽകേണ്ടതുണ്ട്. അത് അവരെ എച്ച്ഐവി ബാധയിലേക്കു നയിച്ചേക്കാവുന്ന ജീവിതരീതികൾ ഒഴിവാക്കാൻ ജീവിതകാലം മുഴുവൻ സഹായിക്കും. അത്തരം വിപുലമായ പരിപാടികളിൽ മാതാപിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തേണ്ടതുണ്ട്.”
അതേ, കൂട്ടുകാരിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഉള്ള തെറ്റായ വിവരങ്ങൾ കുട്ടികളുടെ ഹൃദയത്തിൽ പതിയുന്നതിനുമുമ്പേ മാതാപിതാക്കൾ മക്കളെ ഈ അപകടങ്ങൾ സംബന്ധിച്ചു പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ഇത് എല്ലായ്പോഴും എളുപ്പമല്ല. എന്നാൽ ഇതിനു നിങ്ങളുടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനാകും. ലൈംഗികതയെയും മയക്കുമരുന്നുകളെയും കുറിച്ചു കുട്ടികളോടു പറയുന്നത് അവരുടെ നിഷ്കളങ്കത കവർന്നെടുക്കുകയില്ല. മറിച്ച് ആ നിഷ്കളങ്കത കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ അത് അവരെ സഹായിക്കുകയാണു ചെയ്യുന്നത്.
മാതാപിതാക്കൾ പരിശീലനം നൽകേണ്ടത് അതിപ്രധാനം
ലൈംഗിക കാര്യങ്ങളെയും ആരോഗ്യം സംരക്ഷിക്കേണ്ട വിധത്തെയും കുറിച്ചു പുരാതന ദൈവജനം തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടിയിരുന്നു. പുരാതന ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ അവരെ രോഗബാധയിൽനിന്നു സംരക്ഷിക്കാൻ ഉതകുന്ന വ്യക്തമായ ധാർമിക മാർഗനിർദേശവും പ്രായോഗിക നിയമങ്ങളും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 18:22, 23; 19:29; ആവർത്തനപുസ്തകം 23:12, 13) ഈ ന്യായപ്രമാണങ്ങൾ ജനത്തെ പഠിപ്പിക്കേണ്ടിയിരുന്നത് എങ്ങനെയാണ്? യഹോവയാം ദൈവം ഇസ്രായേല്യരോട് പറഞ്ഞു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” ഈ നിയമങ്ങൾ പിൻപറ്റുന്നതിന്റെ പ്രയോജനങ്ങളെയും അനുസരിക്കാൻ പരാജയപ്പെടുമ്പോൾ നേരിടേണ്ടിവരുന്ന പരിണതഫലങ്ങളെയും കുറിച്ച് ആദ്യം മാതാപിതാക്കൾതന്നെ മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾക്ക് ഈ ഉദ്ബോധനം ലഭിച്ചു: “നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:6, 7.
‘ഉപദേശിച്ചുകൊടുക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന് ‘ആവർത്തിക്കുക,’ ‘വീണ്ടും വീണ്ടും പറയുക,’ ‘ആഴത്തിൽ പതിപ്പിക്കുക’ എന്നെല്ലാം അർഥമുണ്ട്. അപ്പോൾ ഇതിനു സമയം ആവശ്യമാണെന്നു വ്യക്തം. ആൺമക്കളോടും പെൺമക്കളോടും മയക്കുമരുന്ന് ഉപയോഗത്തിന്റെയും അവിഹിത ലൈംഗികതയുടെയും അപകടങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കാൻ സമയമെടുക്കുന്ന മാതാപിതാക്കൾക്ക് നല്ല ഫലങ്ങൾ കാണാൻ കഴിയും. അവരുടെ മക്കൾ എച്ച്ഐവിയും മറ്റു രോഗങ്ങളും പിടിപെടാൻ വഴിയൊരുക്കുന്നതരം ജീവിതരീതികൾ ഒഴിവാക്കാൻ ഏറെ സാധ്യതയുണ്ട്. *
എച്ച്ഐവി/എയ്ഡ്സ് ബാധിതർക്ക് ആശ്വാസം
എച്ച്ഐവി/എയ്ഡ്സിന്റെ കരാളഹസ്തത്തിൽപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം, ഈ രോഗത്തെ തടയാൻ നടക്കുന്ന ശ്രമങ്ങൾ അധികമൊന്നും ആശ്വാസം നൽകുന്നില്ല. രോഗം വരുത്തുന്ന ശാരീരിക പ്രശ്നങ്ങൾ കൂടാതെ, ഇവർക്കു പലപ്പോഴും ആക്ഷേപവും ഭ്രഷ്ടും അനുഭവിക്കേണ്ടിവരുന്നു. എന്തുകൊണ്ട്? ഇവരുമായി ഏതു രീതിയിൽ സമ്പർക്കത്തിൽ വരുന്നതും രോഗം പകരാൻ ഇടയാക്കാമെന്ന അബദ്ധ ധാരണയാണ് പൊതുവേ ഇതിനു പിന്നിലെ കാരണം. എച്ച്ഐവി/എയ്ഡ്സ് ബാധിക്കുന്നതിനെക്കുറിച്ചുള്ള ഭയം മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം ഇത് പകരുന്നതും മാരകവുമായ രോഗമാണല്ലോ. എന്നാൽ ചിലർ ഈ രോഗത്തെ മാത്രമല്ല ഭയക്കുന്നത്, എയ്ഡ്സുള്ള ആളുകളെയും ഭീതിയോടെ വീക്ഷിക്കുന്നു. എയ്ഡ്സ് ബാധിതർക്കു ചികിത്സ നൽകാതിരുന്നിട്ടുണ്ട്, പള്ളിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്, അവരെ ആക്രമിച്ചിട്ടുപോലുമുണ്ട്.
ദുഷ്ടന്മാർക്ക് ദൈവം നൽകുന്ന ശാപമാണ് എയ്ഡ്സ് എന്നാണു ചിലരുടെ വാദം. ലൈംഗിക ധാർമികത, മയക്കുമരുന്നുപയോഗം, രക്തത്തിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ പിൻപറ്റിയിരുന്നെങ്കിൽ ഇന്നത്തെ രോഗബാധിതരിൽ മിക്കവർക്കും ഈ ദുരിതം പേറേണ്ടിവരില്ലായിരുന്നു എന്നതു ശരിതന്നെ. (പ്രവൃത്തികൾ 15:28, 29; 2 കൊരിന്ത്യർ 7:1) എന്നിരുന്നാലും, ഒരു പ്രത്യേക പാപത്തിന് ദൈവം നൽകുന്ന ശിക്ഷയുടെ തെളിവല്ല രോഗമെന്നു തിരുവെഴുത്തുകൾ കാണിക്കുന്നു. മറിച്ച്, ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1:13; യോഹന്നാൻ 9:1-3) തിരുവെഴുത്തു നിലവാരങ്ങൾ പിൻപറ്റാതിരുന്നതുമൂലം എച്ച്ഐവി-യോ എയ്ഡ്സോ പിടിപെട്ട ഒരാൾ തന്റെ ജീവിതരീതിക്കു മാറ്റം വരുത്തുന്നെങ്കിൽ ദൈവം തന്നെ ഉപേക്ഷിക്കില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
മാറാരോഗങ്ങൾ പിടിപെട്ടിരിക്കുന്നവരോടുള്ള ദൈവത്തിന്റെ സമാനുഭാവവും സ്നേഹവും അവന്റെ പുത്രനായ യേശു ഭൂമിയിൽ വന്നപ്പോൾ വ്യക്തമായി. യാത്രയ്ക്കിടയിൽ ഒരു കുഷ്ഠരോഗിയെ കണ്ടുമുട്ടിയപ്പോൾ യേശു “മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു.” തന്റെ അത്ഭുതകരമായ ശക്തി ഉപയോഗിച്ച് അവൻ അയാളെ സൗഖ്യമാക്കി. (മർക്കൊസ് 1:40-42) രോഗികളായവരെ യേശു അവജ്ഞയോടെ വീക്ഷിച്ചില്ല. അവൻ അവരോടു കാണിച്ച സ്നേഹം തന്റെ സ്വർഗീയപിതാവിന് അവരോടുള്ള സ്നേഹത്തിന്റെ സമ്പൂർണ പ്രതിഫലനമായിരുന്നു.—ലൂക്കൊസ് 10:22.
എയ്ഡ്സിന് ഒരു പ്രതിവിധി—ഉടൻ!
യേശുവിന്റെ അത്ഭുതകരമായ രോഗശാന്തി കേവലം, ദൈവത്തിന്റെ സ്നേഹം സംബന്ധിച്ച് നമുക്ക് ഉറപ്പുതരിക മാത്രമല്ല ചെയ്യുന്നത്. യേശുക്രിസ്തു ഇപ്പോൾ സ്വർഗീയ രാജാവായി ഭരിക്കുന്നുവെന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 11:15) മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്തുന്ന ഏതു വ്യാധിയും സൗഖ്യമാക്കാൻ തനിക്കു ശക്തിയും മനസ്സൊരുക്കവും ഉണ്ടെന്ന് യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്തു പ്രകടമാക്കുകയുണ്ടായി. അവൻ ചെയ്യാൻ പോകുന്നതും അതുതന്നെയാണ്.
‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ഒരു കാലം ഉടൻതന്നെ ആഗതമാകുമെന്നു ബൈബിൾ പ്രവചനം നമുക്ക് ഉറപ്പു നൽകുന്നു. (യെശയ്യാവു 33:24) എയ്ഡ്സിന്റെ കുതിപ്പിനു കടിഞ്ഞാണിടാനോ അതിന്റെ ഇരകളായ സകലർക്കും ഫലപ്രദമായ പ്രതിവിധി പ്രദാനം ചെയ്യാനോ മാനവരാശി അമ്പേ പരാജയപ്പെട്ടെങ്കിലും എയ്ഡ്സ് തുടച്ചുനീക്കപ്പെടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “എൻമനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു.”—സങ്കീർത്തനം 103:2, 3.
ഇതു സംഭവിക്കുന്നത് എപ്പോഴായിരിക്കും? ഇത്തരം അനുഗ്രഹങ്ങൾക്കായി പ്രത്യാശിക്കുന്നവരിൽനിന്ന് ദൈവം എന്താണ് ആവശ്യപ്പെടുന്നത്? ബൈബിളിന്റെ മഹത്തായ വാഗ്ദാനത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിന് യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[അടിക്കുറിപ്പ്]
^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം ലൈംഗികതയെയും അടിസ്ഥാന ധാർമിക തത്ത്വങ്ങളെയും കുറിച്ച് കൊച്ചുകുട്ടികളെ ക്രമാനുഗതമായി പഠിപ്പിക്കാൻ സഹായകമായ ഒന്നാണെന്ന് അനേകം മാതാപിതാക്കളും കണ്ടെത്തിയിരിക്കുന്നു.
[11-ാം പേജിലെ ആകർഷക വാക്യം]
‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ഒരു കാലം ഉടൻതന്നെ ആഗതമാകുമെന്നു ബൈബിൾ പ്രവചനം നമുക്ക് ഉറപ്പു നൽകുന്നു.
[10-ാം പേജിലെ ചിത്രം]
ലൈംഗികതയെയും മയക്കുമരുന്നുപയോഗത്തെയും കുറിച്ച് നിങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നത് അവർക്കു സംരക്ഷണമാണ്
[10-ാം പേജിലെ ചിത്രം]
രോഗികളെ സൗഖ്യമാക്കാനുള്ള യേശുവിന്റെ കഴിവും മനസ്സൊരുക്കവും അവൻ ഭാവിയിൽ ചെയ്യാൻ പോകുന്നതിലേക്കു വിരൽചൂണ്ടി