വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?

ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?

ചെച്ചി​യ​യി​ലെ ധാന്യ​മി​ല്ലു​കൾ അവിടെ ജീവിതം എങ്ങനെ​യാ​യി​രു​ന്നു?

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ ഉണരുക! ലേഖകൻ

നൂറു​വർഷ​ങ്ങൾക്കു​മുമ്പ്‌, ധാന്യ​മി​ല്ലു​ക​ളി​ലെ പൽച്ച​ക്ര​ങ്ങ​ളു​ടെ താളാത്മക ശബ്ദം ചെച്ചി​യ​യി​ലെ​ങ്ങും മുഴങ്ങി​യി​രു​ന്നു. ശാന്തതയെ ഭഞ്‌ജി​ക്കു​ന്ന​തി​നു പകരം, അവിടത്തെ പ്രകൃ​തി​ര​മ​ണീ​യ​മായ നാട്ടിൻപു​റ​ങ്ങ​ളു​ടെ ഉൾത്തു​ടി​പ്പാ​യി​രു​ന്നു ആ ശബ്ദം. അതേ, ധാന്യ​മി​ല്ലു​കൾ ആ ജനതയു​ടെ ജീവി​ത​ത്തി​ന്റെ ഹൃദയ​താ​ള​മാ​യി​രു​ന്നു.

ആ കാലങ്ങ​ളിൽ, ധാന്യം പൊടി​ച്ച​യു​ട​നെ​യുള്ള മാവെ​ടുത്ത്‌ മില്ലറു​ടെ അഥവാ മില്ലു​ട​മ​സ്ഥന്റെ ഭാര്യ റൊട്ടി ഉണ്ടാക്കുക പതിവാ​യി​രു​ന്നു, അതിന്റെ ഹൃദ്യ​മായ ഗന്ധം അവിട​മെ​ങ്ങും നിറഞ്ഞി​രു​ന്നു. നോക്കൂ, മില്ലറു​ടെ ഭാര്യ ആവിപ​റ​ക്കുന്ന റൊട്ടി വലിയ തീൻമേ​ശ​യിൽ കൊണ്ടു​വെ​ച്ചു​ക​ഴി​ഞ്ഞു. എത്ര കൊതി​യൂ​റുന്ന ഗന്ധം! അതാ, മില്ലർ എത്തിക്ക​ഴി​ഞ്ഞു. മേലാകെ വെളുത്ത മാവു​പൊ​ടി​യാണ്‌, കാഴ്‌ച​യ്‌ക്ക്‌ കൗതു​ക​മു​ണർത്തുന്ന രൂപം! ഒരുമി​ച്ചു ഭക്ഷണം കഴിക്കാൻ അദ്ദേഹം വീട്ടി​ലു​ള്ള​വ​രെ​യെ​ല്ലാം വിളി​ക്കു​ക​യാണ്‌.

മില്ലുകൾ—ഒരു ചരിത്രം

ധാന്യം​പൊ​ടി​ക്ക​ലി​നു കൃഷി​യോ​ളം​തന്നെ പഴക്കമുണ്ട്‌. പുരാതന ഇസ്രാ​യേ​ലിൽ ധാന്യം​പൊ​ടി​ക്കു​ന്നത്‌ ഒരു പതിവു വീട്ടു​ജോ​ലി​യാ​യി​രു​ന്നു. മിക്ക​പ്പോ​ഴും സ്‌ത്രീ​ക​ളാണ്‌ ആ ജോലി ചെയ്‌തി​രു​ന്നത്‌, തിരി​ക​ല്ലും മറ്റും ഉപയോ​ഗിച്ച്‌ രണ്ടു സ്‌ത്രീ​കൾ ഒരുമി​ച്ചു പൊടി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. മൃഗങ്ങൾ തിരി​ക്കുന്ന വലിയ തിരി​ക​ല്ലു​ക​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.—മർക്കൊസ്‌ 9:42.

“മില്ല്‌” എന്ന പദം കേൾക്കു​മ്പോൾ കാറ്റിന്റെ ശക്തി​കൊ​ണ്ടു പ്രവർത്തി​പ്പി​ക്കുന്ന വിൻഡ്‌മില്ല്‌ അഥവാ കാറ്റാ​ടി​മില്ല്‌ ആയിരി​ക്കാം പലരു​ടെ​യും മനസ്സി​ലേക്കു വരുന്നത്‌. എന്നിരു​ന്നാ​ലും, ചെക്ക്‌ നാട്ടിൻപു​റ​ങ്ങ​ളിൽ വെള്ളത്തി​ന്റെ ശക്തി​കൊ​ണ്ടു പ്രവർത്തി​പ്പി​ക്കുന്ന വാട്ടർമി​ല്ലു​ക​ളാ​യി​രു​ന്നു ഏറെ സാധാ​രണം. എന്തു​കൊണ്ട്‌? വെള്ളം ഉപയോ​ഗി​ച്ചു മില്ല്‌ പ്രവർത്തി​പ്പി​ക്കു​ന്ന​താണ്‌ ഏറ്റവും ആശ്രയ​യോ​ഗ്യ​വും ചെലവു​കു​റ​ഞ്ഞ​തു​മായ മാർഗ​മെന്ന്‌ ചെക്ക്‌ ജനതയ്‌ക്കു തോന്നി​യി​രി​ക്കണം.

മധ്യയൂ​റോ​പ്പി​ലെ മറ്റിട​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രു​ന്ന​തു​പോ​ലെ ചെച്ചി​യ​യി​ലും മില്ലുകൾ പ്രവർത്തി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ വെള്ള​മെ​ത്തി​ക്കു​ന്ന​തിന്‌ വലിയ കുളങ്ങൾ, കനാലു​കൾ, വെള്ളം തടഞ്ഞു​നി​റു​ത്താ​നും ആവശ്യ​മു​ള്ള​പ്പോൾ തുറന്നു​വി​ടാ​നു​മുള്ള ചീപ്പുകൾ തുടങ്ങി​യവ നിർമി​ച്ചി​രു​ന്നു. കുളങ്ങ​ളിൽ വെള്ളം സംഭരിച്ച്‌ കനാലു​കൾവഴി മില്ലി​ലേക്ക്‌ എത്തിച്ചി​രു​ന്നു, വെള്ളത്തി​ന്റെ ഒഴുക്കു നിയ​ന്ത്രി​ച്ചി​രു​ന്നത്‌ ചീപ്പു​ക​ളാണ്‌. ചില കനാലു​ക​ളു​ടെ നീളം 20 മീറ്ററി​ലും കുറവാ​യി​രു​ന്നു, എന്നാൽ മറ്റു ചിലതിന്‌ ഒരു കിലോ​മീ​റ്റ​റി​ല​ധി​കം നീളമു​ണ്ടാ​യി​രു​ന്നു, അതിന്റെ ഓരത്തുള്ള പല മില്ലുകൾ ഇതുമൂ​ലം പ്രവർത്തി​ച്ചി​രു​ന്നു.

മില്ലറും സഹായി​ക​ളും

ചെച്ചി​യ​യിൽ ഒരു നൂറു​വർഷ​ത്തി​നു​മുമ്പ്‌ മില്ലറും കുടും​ബ​വും മില്ലിൽത്ത​ന്നെ​യാ​ണു താമസി​ച്ചി​രു​ന്നത്‌. ധാന്യം പൊടി​ക്കുന്ന മുറി​യും മില്ലറു​ടെ താമസ​സൗ​ക​ര്യ​ങ്ങ​ളും ഒരേ മേൽക്കൂ​ര​യ്‌ക്കു കീഴി​ലാ​യി​രു​ന്നു, ഒരേ കൽച്ചു​മ​രു​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തിൽ. പട്ടണവാ​സി​കൾ അദ്ദേഹത്തെ വിളി​ച്ചി​രു​ന്നത്‌ “മാസ്റ്റർ ഫാദർ” എന്നാണ്‌. അദ്ദേഹത്തെ അനായാ​സം തിരി​ച്ച​റി​യാൻ കഴിഞ്ഞി​രു​ന്നു. വിളുമ്പ്‌ ചുരു​ട്ടി​വെച്ച ഒരു പ്രത്യേ​ക​തരം വെള്ള പാന്റ്‌സ്‌, ചെമ്മരി​യാ​ട്ടിൻതോൽകൊണ്ട്‌ തൊങ്ങൽപി​ടി​പ്പിച്ച തൊപ്പി, പിന്നെ സ്ലിപ്പർ, ഇതൊ​ക്കെ​യാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വേഷം.

ഒരു മില്ലറു​ടെ ജോലി​ചെ​യ്യു​ന്ന​തിന്‌ അദ്ദേഹ​ത്തിന്‌ നല്ല കായി​ക​ബലം അനിവാ​ര്യ​മാ​യി​രു​ന്നു. ജീവി​ത​കാ​ലം മുഴു​വ​നും ഒരു മില്ലറാ​യി ജോലി​നോ​ക്കുന്ന അദ്ദേഹം എടുത്തു​പൊ​ക്കു​ക​യും ചുമന്നു​കൊ​ണ്ടു​പോ​കു​ക​യും ചെയ്യുന്ന ധാന്യ​ച്ചാ​ക്കു​കൾക്ക്‌ കയ്യും കണക്കു​മു​ണ്ടാ​യി​രു​ന്നില്ല! മില്ലറു​ടെ ജോലി ആദരണീ​യ​മായ ഒന്നായി​രു​ന്നു. സാധാരണ ഇത്‌ പിതാ​വിൽനിന്ന്‌ പുത്രനു കൈമാ​റി​ക്കി​ട്ടു​ന്ന​താ​യി​രു​ന്നു. പുത്രൻ ഈ ജോലി വീട്ടിൽവെച്ച്‌ തന്റെ പിതാ​വിൽനി​ന്നാ​ണു പഠിച്ചി​രു​ന്നത്‌. എന്നാൽ തന്റെ അനുഭവ ചക്രവാ​ളം വിപു​ല​പ്പെ​ടു​ത്താൻ അവനു കുറെ​ക്കാ​ലം പരിച​യ​സ​മ്പ​ന്ന​രായ മറ്റു മാസ്റ്റർ മില്ലർമാ​രു​ടെ കീഴി​ലും ജോലി​ചെ​യ്യാൻ കഴിയു​മാ​യി​രു​ന്നു.

മില്ലിലെ പണികൾ മുഴു​കു​ടും​ബ​ത്തെ​യും സദാ തിരക്കി​ലാ​ക്കി​യി​രു​ന്നു. പലപ്പോ​ഴും കുടും​ബാം​ഗ​ങ്ങ​ളെ​ക്കൊണ്ട്‌ ചെയ്‌തു​തീർക്കാൻ പറ്റാത്തത്ര പണിയു​ണ്ടാ​യി​രു​ന്ന​തി​നാൽ സ്ഥിരം ജോലി​ക്കാ​രെ​യോ നാടു​ചു​റ്റി​ന​ടന്ന്‌ പലയി​ട​ത്താ​യി ജോലി​നോ​ക്കുന്ന ജേർണി​മെൻ എന്നറി​യ​പ്പെ​ടു​ന്ന​വ​രെ​യോ സഹായ​ത്തി​നു നിറു​ത്തി​യി​രു​ന്നു. ഈ ‘സഞ്ചാരി​കൾ’ തൊഴിൽപ​രി​ച​യ​മു​ള്ള​വ​രാ​യി​രു​ന്നു. വർഷത്തി​ലെ ഏറ്റവും തിരക്കു​പി​ടിച്ച സമയങ്ങ​ളിൽ ഇവർ പല മില്ലു​ക​ളിൽ ജോലി​നോ​ക്കും. കൂലി​യാ​യി ഇവർക്ക്‌ താമസ​സൗ​ക​ര്യ​വും ഭക്ഷണവും നൽകു​മാ​യി​രു​ന്നു.

ഒരു മുഖ്യ മില്ലറാണ്‌ പലപ്പോ​ഴും മില്ലു നടത്തി​യി​രു​ന്നത്‌. വളരെ​യേറെ ആദരി​ക്ക​പ്പെ​ടുന്ന, വിദഗ്‌ധ​നായ ഒരു തൊഴി​ലാ​ളി​യാ​യി​രു​ന്നു അദ്ദേഹം. അയാളെ സഹായി​ക്കാൻ ഒരു കൈയാൾ ഉണ്ടായി​രു​ന്നു. മില്ലറു​ടെ തൊഴിൽ അഭ്യസിച്ച, മില്ലു​പ​ക​ര​ണങ്ങൾ പ്രവർത്തി​പ്പി​ക്കാൻ ചുമത​ല​പ്പെ​ടു​ത്ത​പ്പെട്ട ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു ഈ വ്യക്തി. ധാന്യ​പ്പൊ​ടി​യു​ടെ ഗുണമേന്മ കൈയാ​ളി​ന്റെ അറിവി​ന്റെ​യും കഴിവി​ന്റെ​യും അളവു​കോ​ലാ​യി​രു​ന്നു. ഇനി, അവിടെ തൊഴിൽപ​ഠി​ക്കാൻവന്ന ഒരു പയ്യനും ഉണ്ടായി​രി​ക്കും. അവൻ മുതിർന്ന, പരിച​യ​സ​മ്പ​ത്തു​ള്ള​വ​രു​ടെ പണിരീ​തി​കൾ സുസൂ​ക്ഷ്‌മം നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കും. തൊഴിൽ പഠിക്കു​ന്ന​തിൽനിന്ന്‌ അവന്റെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ച്ചി​രു​ന്നില്ല.

തിരി​ക​ല്ലു​കൾ

ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ ‘തിരി​ക​ല്ലി​ന്റെ അടിക്കല്ല്‌’ എന്നു പറഞ്ഞി​ട്ടുണ്ട്‌. (ഇയ്യോബ്‌ 41:24) തിരി​ക​ല്ലു​ക​ളു​ടെ പ്രവർത്തനം എങ്ങനെ​യാ​യി​രു​ന്നു എന്നതി​ലേക്ക്‌ ഈ പുരാതന പരാമർശം വെളി​ച്ചം​വീ​ശു​ന്നു. അതിന്‌ രണ്ടു കല്ലുകൾ വേണമാ​യി​രു​ന്നു, ഒന്നു മുകളി​ലും മറ്റൊന്നു താഴെ​യും. അടിയി​ലത്തെ കല്ല്‌ ഉറപ്പി​ച്ചു​വെ​ച്ചി​രു​ന്നു, മുകളി​ലത്തെ കല്ല്‌ ഈ രണ്ടു കല്ലുകൾക്കി​ട​യി​ലുള്ള ധാന്യം പൊടി​ക്കു​ന്ന​തി​നാ​യി വട്ടത്തിൽ കറക്കി​ക്കൊ​ണ്ടി​രി​ക്കും.

ആദ്യ​മൊ​ക്കെ കടുപ്പ​മുള്ള പാറയിൽ കൊത്തി​യെ​ടു​ത്ത​വ​യാ​യി​രു​ന്നു തിരി​ക​ല്ലു​കൾ. പിന്നീട്‌, പാറക്ക​ഷ​ണ​ങ്ങ​ളും മഗ്നീഷ്യം ക്ലോ​റൈ​ഡും ചേർത്തു കൃത്രിമ തിരി​ക​ല്ലു​കൾ ഉണ്ടാക്കാൻ തുടങ്ങി. പൽച്ച​ക്രങ്ങൾ ഉണ്ടാക്കു​ന്ന​തിന്‌ കടുപ്പ​മേ​റിയ തടിയാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. വിദഗ്‌ധ​നും പരിച​യ​സ​മ്പ​ന്ന​നു​മായ ഒരു പണിക്കാ​രന്റെ കരവി​രു​താ​യി​രു​ന്നു ഇത്‌. ഇതിന്റെ നിർമാ​ണം ഒരു ഭാരിച്ച പണിയാ​യി​രു​ന്നു. ചക്രങ്ങ​ളു​ടെ സങ്കീർണ​മായ രൂപവും പല്ലുകൾ തമ്മിൽ നന്നായി ചേർന്നു​വ​രുന്ന വിധത്തിൽ ഉണ്ടാക്ക​ണ​മെ​ന്ന​തും ഇതിന്റെ പണി ദുഷ്‌ക​ര​മാ​ക്കി. പൽച്ചക്ര ക്രമീ​ക​രണം മില്ലിന്റെ മറ്റ്‌ ഉപകര​ണ​ങ്ങ​ളു​ടെ കറക്കത്തി​ന്റെ വേഗം വർധി​പ്പി​ച്ചു. ഈ പൽച്ച​ക്ര​ങ്ങ​ളു​ടെ പടപട ശബ്ദമാണ്‌ മില്ലു​കൾക്കു തനതായ ഒരു താളാ​ത്മകത പകർന്നത്‌.

ചെക്ക്‌ നാടോ​ടി​ക്ക​ഥ​ക​ളി​ലെ മില്ലു​ട​മ​കൾ

ചില മില്ലു​ട​മകൾ സത്യസ​ന്ധ​രും ധർമി​ഷ്‌ഠ​രും ആയിരു​ന്നെ​ങ്കി​ലും മറ്റുചി​ലർ അത്യാ​ഗ്ര​ഹി​ക​ളും മേധാ​വി​ത്വ മനോ​ഭാ​വ​മു​ള്ള​വ​രും തങ്ങളുടെ ഇടപാ​ടു​കാ​രെ വഞ്ചിക്കു​ന്ന​വ​രും ആയിരു​ന്നു. അതു​കൊണ്ട്‌, ചില നാടോ​ടി​പ്പാ​ട്ടു​കൾ മില്ലു​ട​മ​ക​ളെ​യും കുടും​ബ​ങ്ങ​ളെ​യും പരിഹ​സി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. എന്നാൽ അവരെ പുകഴ്‌ത്തു​ക​യും അവരുടെ സഹായി​കൾ ഉത്തമഭർത്താ​ക്ക​ന്മാർ ആകാൻ പറ്റിയ​വ​രാ​ണെന്നു പ്രകീർത്തി​ക്കു​ക​യും ചെയ്യുന്ന പാട്ടു​ക​ളു​മുണ്ട്‌! ചില പാട്ടുകൾ മില്ലറു​ടെ​യും മില്ലി​ന്റെ​യും പേടി​സ്വ​പ്‌ന​മാ​യി​രുന്ന വെള്ള​പ്പൊ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌. അഗ്നിബാധ കഴിഞ്ഞാൽ പിന്നത്തെ ഭീഷണി ഇങ്ങനെ കൂടെ​ക്കൂ​ടെ ഉണ്ടാകുന്ന വെള്ള​പ്പൊ​ക്ക​ങ്ങ​ളാ​യി​രു​ന്നു.

ഓരോ പ്രദേ​ശ​മ​നു​സ​രി​ച്ചും കാലഘ​ട്ട​മ​നു​സ​രി​ച്ചും കഥകൾക്കു കുറെ​യൊ​ക്കെ നിറ​ഭേ​ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അതൊ​ഴി​ച്ചാൽ അവയുടെ ഇതിവൃ​ത്തം ചെച്ചി​യ​യി​ലെ​ങ്ങും ഒരു​പോ​ലെ​യാ​യി​രു​ന്നു. നാടെ​ങ്ങും ചുറ്റി​ക്ക​റ​ങ്ങുന്ന ‘സഞ്ചാരി’കളാണ്‌ ഇത്തരം കഥകൾ പ്രചരി​പ്പി​ച്ചി​രു​ന്ന​തും അവയ്‌ക്കു പൊടി​പ്പും​തൊ​ങ്ങ​ലും ചാർത്തി​യി​രു​ന്ന​തും. ഇതി​നോ​ടു ബന്ധപ്പെട്ട്‌ ഇന്നും ചെച്ചി​യ​യിൽ ഒരു ചൊല്ലുണ്ട്‌: “കഥകൾ മെനയു​ന്നു, വെള്ളം ഒഴുകി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” ഇവയെ​ക്കു​റി​ച്ചുള്ള ചില കഥകൾ ഊതി​പ്പെ​രു​പ്പി​ച്ച​വ​യാ​ണെ​ന്നാണ്‌ അവിടത്തെ ഈ ചൊല്ല്‌ ദ്യോ​തി​പ്പി​ക്കു​ന്നത്‌.

മില്ലുകൾ—ഇന്ന്‌

കാല​പ്ര​വാ​ഹ​ത്തിൽ മില്ലറു​ടെ ജോലി​ക്കു പ്രചാരം കുറഞ്ഞു​വന്നു. മില്ലു​കൾക്ക്‌ ആധുനിക പരി​വേഷം വന്നു, യന്ത്രോ​പ​ക​ര​ണ​ങ്ങൾക്കു ശക്തിപ​ക​രാൻ വെള്ളത്തി​നു പകരം വൈദ്യു​ത മോ​ട്ടോ​റു​കൾ രംഗ​ത്തെത്തി. മില്ല്‌ നടത്തു​ന്ന​വ​രിൽ ചിലർ എന്തു വില​കൊ​ടു​ത്തും തങ്ങളുടെ പരമ്പരാ​ഗത ജീവി​ത​രീ​തി നിലനി​റു​ത്താൻ ശ്രമിച്ചു. അതിനാൽ രണ്ടാം​ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷവും ചെച്ചി​യ​യിൽ ജലശക്തി​കൊ​ണ്ടുള്ള മില്ലുകൾ പ്രവർത്തി​ച്ചി​രു​ന്നു. എന്നാൽ 1948-ൽ, അതുവരെ പിടി​ച്ചു​നിന്ന മില്ലർക്കും തന്റെ ജീവി​ത​വൃ​ത്തി​ക്കു തിരശ്ശീ​ല​യി​ടേ​ണ്ടി​വന്നു. ആ വർഷം മില്ലുകൾ രാജ്യ​ത്തി​ന്റെ സ്വത്തായി, അവയിൽ മിക്കതി​ന്റെ​യും താളം നിലച്ചു, അവ ജീർണി​ക്കാൻ തുടങ്ങി.

വ്യാവ​സാ​യി​ക അടിസ്ഥാ​ന​ത്തിൽ പ്രവർത്തി​ക്കുന്ന ഇന്നത്തെ മില്ലു​കൾക്ക്‌ മനസ്സിനെ ഭാവസാ​ന്ദ്ര​മാ​ക്കുന്ന ആ പഴയ മില്ലു​ക​ളു​ടെ ഗ്രാമ്യ​നൈർമ​ല്യ​മില്ല. പലപ്പോ​ഴും കമ്പ്യൂ​ട്ട​റു​ക​ളു​ടെ ആജ്ഞാനു​വർത്തി​ക​ളായ ആധുനിക മെഷീ​നു​ക​ളാണ്‌ ഇവിടെ ധാന്യം പൊടി​ക്കു​ന്നത്‌. തിരി​ക​ല്ലു​ക​ളിൽ മിക്കവ​യെ​യും പിന്തള്ളി ഉരുക്കു റോള​റു​കൾ സ്ഥാനം​പി​ടി​ച്ചു. എന്നിരു​ന്നാ​ലും, ഓർമ​ക​ളിൽ ഗൃഹാ​തു​ര​ത​യു​ടെ ഈണം അവശേ​ഷി​പ്പി​ച്ചു നിൽക്കുന്ന ആ പഴയ രൂപങ്ങൾ രമണീയത മുറ്റി​നിൽക്കുന്ന ശാന്തമായ ചുറ്റു​പാ​ടു​കൾ പ്രിയ​പ്പെ​ടു​ന്ന​വരെ ഇന്നും ഇവി​ടേക്കു മാടി​വി​ളി​ക്കു​ന്നു, അതു​പോ​ലെ സംസ്‌കാ​ര​ത്തി​ന്റെ​യും ചരി​ത്ര​ത്തി​ന്റെ​യും വേരുകൾ തേടുന്ന വിനോ​ദ​സ​ഞ്ചാ​രി​ക​ളെ​യും.

ഇവയുടെ വശ്യത മൂലം ഇന്ന്‌ കുറെ മില്ലു​കളെ വിനോ​ദ​കേ​ന്ദ്ര​ങ്ങ​ളാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. പ്രാഗി​ലെ​ത്തുന്ന മിക്കവ​രും വൾട്ടാവ നദിയു​ടെ ഒരു ശാഖയായ, ചെർട്ടോ​വ്‌കാ​യി​ലുള്ള (“ചെകു​ത്താ​ന്റെ കുതിപ്പ്‌” എന്നാണ്‌ ഈ വാക്കിന്‌ അർഥം) ജലചക്രം സന്ദർശി​ക്കാൻ മറക്കാ​റില്ല. 1938-ലെ ഒരു തീപി​ടി​ത്ത​ത്തി​നു ശേഷം ആ മില്ലിന്റെ സ്‌പന്ദനം നിലച്ചു. എന്നാൽ ഇതിന്റെ 600-ലേറെ വർഷം പഴക്കം വരുന്ന, ഏഴു മീറ്റ​റോ​ളം ഉയരമുള്ള ജലചക്രം 1995-ൽ സാംസ്‌കാ​രിക സ്‌മര​ണി​ക​യാ​യി പുനഃ​സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി. ഗതകാല സ്‌മൃ​തി​ക​ളും​പേറി ആ ചക്രം ഇന്നും തിരി​യു​ന്നു.

ഇനി, ഭൂതകാ​ല​ത്തിൽനി​ന്നു പുനർജ​നിച്ച ഒരു മില്ലി​ലേക്ക്‌ നമു​ക്കൊ​ന്നു കയറി​ച്ചെ​ല്ലാം. ഒരു നൂറ്റാ​ണ്ടി​ന​പ്പു​റത്ത്‌ മില്ലർ തന്റെ ജോലി​യിൽ മുഴു​കു​ന്നതു വിഭാവന ചെയ്യാ​നാ​കു​ന്നി​ല്ലേ, മില്ലിന്റെ ജലചക്രം തിരി​യു​മ്പോൾ വെള്ളം ശക്തിയാ​യി തെറി​ക്കുന്ന ശബ്ദം കേൾക്കു​ന്നി​ല്ലേ? നാം നടന്നക​ലു​മ്പോൾ പിന്നിൽ മില്ല്‌ അങ്ങക​ലെ​യൊ​രു പുള്ളി​ക്കു​ത്തു​പോ​ലെ. എങ്കിലും പൽച്ച​ക്ര​ങ്ങ​ളു​ടെ കരഘോ​ഷം നമ്മുടെ കർണപ​ട​ങ്ങ​ളിൽ അലയടി​ക്കു​ക​യാണ്‌, ഏറെനാൾ നമ്മുടെ സ്‌മൃ​തി​പ​ഥ​ങ്ങ​ളിൽ മാറ്റൊ​ലി​കൊ​ള്ളുന്ന ഹൃദ്യ​മ​ധു​ര​മായ ഒരു ശബ്ദം.

[22-ാം പേജിലെ ചിത്രം]

തിരികല്ല്‌

[22, 23 പേജു​ക​ളി​ലെ ചിത്രങ്ങൾ]

1. ധാന്യം വൃത്തി​യാ​ക്കാൻ കൈ​കൊ​ണ്ടു പ്രവർത്തി​പ്പി ച്ചിരുന്ന പഴയ ഒരു ഉപകരണം

2. മില്ലു​ക​ളി​ലൊന്ന്‌

3. ജലച​ക്ര​ത്തിൽനി​ന്നു മില്ലി​ലേക്ക്‌ ഊർജം പ്രവഹി​പ്പി​ക്കുന്ന പ്രധാന ഷാഫ്‌റ്റ്‌

4. ചെർട്ടോ​വ്‌കാ​യി​ലെ ഏഴു മീറ്റ​റോ​ളം ഉയരമുള്ള ജലചക്രം, ഇതാണ്‌ മില്ലു പ്രവർത്തി​പ്പി​ച്ചി​രു​ന്നത്‌

[24-ാം പേജിലെ ചിത്രം]

ചെർട്ടോവ്‌കായിലെ ജലചക്രം