ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഓമനമൃഗങ്ങൾ “ഓമനമൃഗങ്ങൾ—നിങ്ങൾ അവയെ എങ്ങനെ വീക്ഷിക്കുന്നു?” (2004 മാർച്ച് 8) എന്ന ലേഖനപരമ്പരയ്ക്കു വളരെ നന്ദി. മൃഗങ്ങളോടു പരിഗണനയും സ്നേഹവും പ്രകടമാക്കിക്കൊണ്ടുള്ള ലേഖനങ്ങളുടെ അവതരണരീതി എനിക്കു നന്നേ ഇഷ്ടപ്പെട്ടു. മൃഗഡോക്ടർക്ക് ഈ മാസികയുടെ ഒരു പ്രതി നൽകാനിരിക്കുകയാണു ഞാൻ. ഇത്തരം ലേഖനങ്ങൾ മൃഗസ്നേഹികളായ ആളുകളെ യഹോവയോട് അടുത്തുചെല്ലാൻ പ്രേരിപ്പിച്ചേക്കാം.
ഒ. എം., ഇറ്റലി
അടുത്തകാലത്ത് ഞാൻ തനിയെ താമസം തുടങ്ങി, കൂട്ടിന് ഞാൻ രണ്ടു പൂച്ചക്കുട്ടികളെ വളർത്തുന്നുണ്ട്. അവയോടൊപ്പം ആയിരിക്കുന്നതു വളരെ ആസ്വാദ്യമാണ്. എന്നാൽ അവയെ മനുഷ്യനെപ്പോലെ കരുതരുതാത്തതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. ഓമനമൃഗങ്ങളുടെ കാര്യത്തിൽ ഒരു സമനിലയുള്ള വീക്ഷണം നിലനിറുത്തേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
കെ. ഒ., ജപ്പാൻ
എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല. എന്റെ 13 വയസ്സുണ്ടായിരുന്ന വളർത്തുനായ സുഖമില്ലാതെ കഷ്ടപ്പെടുന്നതു കണ്ട് മൂന്നാഴ്ചമുമ്പ് ഞാൻ അതിനെ കൊന്നുകളഞ്ഞു. എനിക്ക് എടുക്കേണ്ടിവന്നിട്ടുള്ളതിൽ ഏറ്റവും ദുഷ്കരമായ ഒരു തീരുമാനമായിരുന്നു അത്. ആ ദിവസം രാവിലെ ഞാൻ ഈ ലേഖനങ്ങൾ വീണ്ടും വായിച്ചു. അത് അനുകമ്പയും സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്നതും സഹായകവും ആയിരുന്നു.
എസ്. ജി., ഐക്യനാടുകൾ
ഓമനമൃഗങ്ങൾക്കുള്ള ആധുനിക ഭക്ഷ്യോത്പാദനരംഗത്ത് പ്രമുഖനായ ഒരാളുടെ കീഴിലാണ് ഞാൻ ജോലിനോക്കുന്നത്. ഓമനമൃഗങ്ങളെക്കുറിച്ചുള്ള ഈ മാസിക ഞാൻ എന്റെ ടൈപ്പിങ് സ്റ്റാൻഡിൽ വെച്ചിരിക്കുകയായിരുന്നു. ഞാൻ ഊണുകഴിക്കാൻ പോയപ്പോൾ അദ്ദേഹം മാസിക കണ്ട് എടുത്തുവായിച്ചു. അതു വളരെ ഇഷ്ടപ്പെട്ട അദ്ദേഹം ഉണരുക! പതിവായി വായിക്കാൻ ആഗ്രഹിക്കുന്നു.
എൽ. ഡബ്ലിയു., ഐക്യനാടുകൾ
ലേഖനങ്ങൾ ഉത്കൃഷ്ടമായിരുന്നു. എന്റെ ഓമനമൃഗങ്ങളോടുള്ള വികാരങ്ങളെ സമനിലയിൽ നിറുത്താൻ അത് എന്നെ സഹായിച്ചു. ഒരാൾ ഒരു പൂച്ചയെയോ പട്ടിയെയോ വളർത്താൻ കൊണ്ടുവരുമ്പോൾ അതിന്റെ അണ്ഡാശയങ്ങൾ നീക്കം ചെയ്യുകയോ വരിയുടയ്ക്കുകയോ ചെയ്യേണ്ടത് ആവശ്യമാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വർഷംതോറും ഇത്രയധികം നായ്ക്കളെയും പൂച്ചകളെയും കൊന്നുകളയുന്നതിന്റെ ഒരു കാരണം ഇവയെയെല്ലാം വളർത്താൻ ആവശ്യത്തിനു സൗകര്യമില്ലാത്തതിനാലാണ്.
സി. ബി., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: ഈ വിവരം ഞങ്ങളുടെ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനു നന്ദി.
ദൈവത്തിന്റെ പുതിയലോകത്തിൽ ‘വളർത്തു മൃഗങ്ങളും കാട്ടുമൃഗങ്ങളും ഉൾപ്പെടെ എല്ലാ ജീവജന്തുക്കളും പരസ്പരം സമാധാനത്തിലായിരിക്കും’ എന്ന് നിങ്ങളുടെ ലേഖനത്തിലുണ്ടായിരുന്നു. ഇരപിടിയൻ മൃഗങ്ങൾ ഉണ്ടായിരിക്കില്ലെന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണോ?
ഡി. ബി., കാനഡ
“ഉണരുക!”യുടെ പ്രതികരണം: മനുഷ്യൻ പാപം ചെയ്തതോടെ നമ്മുടെ ഗ്രഹത്തിലെ അനേകം സംഗതികളുടെയും താളംതെറ്റി. പറുദീസയിൽ മൃഗങ്ങൾക്കിടയിലെ ഐക്യത്തെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ കൃത്യമായി എങ്ങനെ നിവൃത്തിയേറുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എങ്കിലും, നമ്മുടെ സ്രഷ്ടാവ് ദ്രോഹകരമായ സകലതിനെയും നമ്മുടെ ഗ്രഹത്തിൽനിന്നു നീക്കംചെയ്യുമെന്ന് പൂർണ ഉറപ്പുണ്ടായിരിക്കാനാകും.—സങ്കീർത്തനം 37:10, 11.
രക്തഗ്രൂപ്പ് “ബൈബിളിന്റെ വീക്ഷണം: രക്തഗ്രൂപ്പാണോ നിങ്ങളുടെ വ്യക്തിത്വം നിർണയിക്കുന്നത്?” (2004 മാർച്ച് 8) എന്ന ലേഖനത്തിനു നന്ദി. എനിക്ക് ഇക്കാര്യത്തിൽ അൽപ്പം ചിന്താക്കുഴപ്പം ഉണ്ടായിരുന്നു. രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ വ്യക്തിത്വം നിർണയിക്കാനാവില്ലെന്ന് സ്കൂളിൽവെച്ച് ഞാൻ പഠിച്ചിരുന്നു. ചില പുസ്തകങ്ങളിൽ, രക്തഗ്രൂപ്പു നോക്കി വ്യക്തിത്വം നിർണയിക്കുന്നതിനെ ആത്മവിദ്യയോടു ബന്ധപ്പെടുത്തിയിരിക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എങ്കിലും പലപ്പോഴും രക്തഗ്രൂപ്പുകളെക്കുറിച്ചു സംസാരിക്കുകയും മറ്റുള്ളവരെ ആ അടിസ്ഥാനത്തിൽ വിധിക്കുകയും ചെയ്യുന്നവരെ എനിക്കറിയാം. ഇതിന്റെ സത്യാവസ്ഥയെന്തെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തക്കസമയത്ത് ഈ ലേഖനം വന്നത്. ബൈബിളിന്റെ വീക്ഷണം വ്യക്തമായി മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു.
ആർ. കെ., ജപ്പാൻ
ലേഖനം എനിക്കു വളരെ ഇഷ്ടമായി. എ രക്തഗ്രൂപ്പിൽപ്പെട്ടവർ വളരെ സൂക്ഷ്മതയുള്ളവരും തൊട്ടാവാടികളുമാണെന്നും ബി ഗ്രൂപ്പിൽപ്പെട്ടവർ സൗമ്യപ്രകൃതമുള്ളവരാണെന്നും എന്റെ സ്കൂളിലെ കുട്ടികൾ പറയാറുണ്ട്. ‘ഞാൻ അങ്ങനെയാണോ?’ എന്നു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഓരോ വ്യക്തിക്കും തനതായ വ്യക്തിത്വമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ എനിക്ക് ആശ്വാസമായി. ദൈവാത്മാവിന്റെ സ്വാധീനത്തിനു കീഴ്പെടുന്നെങ്കിൽ നമ്മുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്താനാകുമെന്നു തിരിച്ചറിയാനും എനിക്കു കഴിഞ്ഞു.
എൻ. ഐ. ജപ്പാൻ